അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 30 June 2009

    ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

    ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

    പ്രമുഖ ദ്രാവിഡ ഭാഷാപണ്ഡിതന്‍ ഡോ. വി ഐ. സുബ്രഹ്മണ്യം അന്തരിച്ചു. കേരളസര്‍വകലാശാല തമിഴ് -ഭാഷാശാസ്ത്ര വിഭാഗങ്ങളുടെ മേധാവിയായും തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫോര്‍ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെ സ്ഥാപകനാണ്.ദ്രാവിഡഭാഷാപഠനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത് സുബ്രഹ്മണിയത്തോടു കൂടിയാണ്.

    വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് :
    മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനും ജീവിതം സമര്‍പ്പിച്ച പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞന്‍ ഡോ. വി.ഐ. സുബ്രഹ്മണ്യം (84) അന്തരിച്ചു. തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ദ്രവീഡിയന്‍ ലിങ്‌ഗ്വിസ്റ്റിക്‌സിന്റെ സ്ഥാപകനായ പ്രൊഫസര്‍ സുബ്രഹ്മണ്യം കേരള സര്‍വകലാശാലയിലെ തമിഴ്‌, ഭാഷാ ശാസ്‌ത്രവകുപ്പുകളുടെ മുന്‍ മേധാവിയാണ്‌. തഞ്ചാവൂരിലെ തമിഴ്‌ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറായും ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരളത്തില്‍ ആദ്യമായി ഭാഷാഭേദ സര്‍വേ നടത്തിയത്‌ ഡോ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ്‌. മൂന്നു വാല്യങ്ങളിലായി 'ദ്രാവിഡ സര്‍വവിജ്ഞാനകോശ'വും സുബ്രഹ്മണ്യം തയ്യാറാക്കിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഏറെ നാളത്തെ ശ്രമഫലമായാണ്‌ ദ്രാവിഡ ഭാഷാപഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്തെ മേനംകുളത്ത്‌ ഭാഷാശാസ്‌ത്രവിഭാഗം സ്ഥാപിതമായത്‌. ജാഫ്‌ന, തഞ്ചാവൂര്‍, വിശ്വഭാരതി, കുപ്പം, ഡെക്കാണ്‍, മധുര, മദ്രാസ്‌ സര്‍വകലാശാലകള്‍ ഡി-ലിറ്റ്‌ ബിരുദം നല്‌കി ആദരിച്ചിട്ടുണ്ട്‌. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ സുബ്രഹ്മണ്യം രചിച്ചിട്ടുണ്ട്‌. മൂന്ന്‌ വാല്യങ്ങളുള്ള 'ഭാഷയും പഠനവും', 'മലയാളം ഡയലക്ട്‌ സര്‍വേ' (ഈഴവ, തിയ) 'ഡയലക്ട്‌ സര്‍വേ' (നായര്‍) എന്നിവയാണ്‌ പ്രധാന പുസ്‌തകങ്ങള്‍. മുന്നൂറോളം വിദേശ മാഗസിനുകളിലും സുബ്രഹ്മണ്യത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാഗര്‍കോവില്‍ വടശ്ശേരിയില്‍ ജനിച്ച സുബ്രഹ്മണ്യം അമേരിക്കയിലെ ഇന്ത്യാനാ സര്‍വകലാശാലയില്‍ നിന്നാണ്‌ പിഎച്ച്‌.ഡി നേടിയത്‌. 1971 മുതല്‍ ഡോ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഭാഷാ ശാസ്‌ത്രസമ്മേളനവും മുടങ്ങാതെ നടത്തിയിരുന്നു. കരമന പുത്തന്‍കോട്ടയിലെ എം.ആര്‍. ഹില്‍സിലായിരുന്നു താമസം. ഭാര്യ: രത്തിനം. മക്കള്‍ പരേതനായ എസ്‌.ഐ. പെരുമാള്‍, പരേതയായ തങ്കം, ഡോ. അരുണ്‍ (യു.എസ്‌), ജയാ ഹരിഹരന്‍ (ബാംഗ്ലൂര്‍). സുബ്രഹ്മണ്യത്തിന്റെ അഭിലാഷപ്രകാരം മൃതദേഹം തിങ്കളാഴ്‌ച മേനംകുളത്തെ സ്‌കൂള്‍ ഓഫ്‌ ദ്രവീഡിയന്‍ ലിങ്‌ഗ്വിസ്റ്റിക്‌സ്‌ കാമ്പസില്‍ സംസ്‌കരിച്ചു.

    ഒരു ഭാഷാകുടുംബം എന്ന നിലയില്‍ പരസ്പരം അവമതിച്ചും അവഗണിച്ചും ചിതറി നിന്നിരുന്ന ദ്രാവിഡഭാഷകള്‍ക്കിടയില്‍ അന്യോന്യം മനസ്സിലാക്കാനും അതു വഴി അതതു ഭാഷയുടെ സ്വത്വബോധത്തെ തിരിച്ചറിയാനുമുള്ളൊരു ശ്രമം എന്ന നിലയിലാണ് അധിനിവേശാനന്തര കാലത്ത് ദ്രാവിഡഭാഷാപഠനം പ്രസക്തമാകുന്നത്. ഈ നിലയില്‍ വിശ്വസ്തവും തുറന്നതുമായ ഒരു പാലം എന്ന നിലയില്‍ ദ്രാവിഡപഠനങ്ങളെ ഏകോപിപ്പിക്കാനുള്ള സംരംഭം ആയിരുന്നു ഈ സ്ഥാപനം.

    ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസ്സോസിയേഷന്‍ ആണ് 1971-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ കൂടെ ശ്രമത്തില്‍ 1977-ല്‍ ഐ.എസ്സ്.ഡി എല്‍ ആയി പരിണമിച്ചത്. മേനംകുളത്ത് വൈകാതെ മികച്ച ഒരു കാമ്പസ്സ് സ്ഥാപിക്കാന്‍ സാധിച്ചു. സുബ്രഹ്മണ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍പ്പണവുമായിരുന്നു ഈ സംരംഭത്തിന്റെ ശക്തി. മരിക്കുന്നതു വരെ അദ്ദേഹം ഐ എസ് ഡി എല്‍-ന്റെ ഓണററി ഡയറകറ്റര്‍ ആയിരുന്നു. ദ്രാവിഡഭാഷാപണഡിതരുടെ ദേശീയ വാര്‍ഷിക കോണ്‍ഫറന്‍സുകളും ഐ.ജെ ഡി.എല്‍ ജേര്‍ണലും ദ്രവീഡിയന്‍ എന്‍സൈക്ലോപ്പീഡിയ അടക്കം ദ്രാവിഡഭാഷാസംബന്ധിയായ അറുപതോളം പുസ്തകങ്ങളും നിരവധി ഗവേഷണ സം രംഭങ്ങളും ഈ സ്ഥാപനത്തിന്റെ ഈ മേഖലയിലുള്ള സജീവമായ ഇടപെടലുകളുടെ സാക്ഷ്യങ്ങളാണ്.
    എല്ലം ഒരു പുരുഷായുസ്സിന്റെ പ്രയത്നഫലം. ഇവുടത്തെ വെളുത്ത മണ്ണില്‍ നരച്ചുനില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കൊക്കെ ഈ മനുഷ്യന്റെ ശ്വാസം അത്രമേല്‍ പരിചിതം.

    അക്കാദമികമായ നിഷ്ഠകളും അന്തസ്സും അതിന്റെ ഭാഗമായി വരണ്ട ഒരു കാര്‍ക്കശ്യവും പുലര്‍ത്തിയിരുന്ന സുബ്രഹ്മണ്യം ഒരു തരം കോമ്പ്രമൈസുകള്‍ക്കും വഴങ്ങാത്ത വ്യ്ക്തിയായിരുന്നു. ചെത്തികളയാന്‍ വെള്ളയില്ലാത്ത തനിക്കാതല്‍. സാക്ഷാല്‍ എം ജി ആറിനു പോലും ആ കടുമ്പിടുത്തത്തിന്റെ രുചി അറിയേണ്ടി വന്നിട്ടുണ്ട്. തന്റെ സ്ഥാപനത്തില്‍ ശരിക്കും ഒരു ഡിക്റ്റേറ്റര്‍ ആയിരുന്നു അദ്ദേഹം. അക്കാദമികമായ ഒരു തട്ടിപ്പും അവിടെ ചിലവാവില്ല. ചിട്ടകളില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു സെമിനാര്‍ സെഷന്‍ തുടങ്ങേണ്ട സമയത്ത് അദ്ദേഹം തുടങ്ങിയിരിക്കും.ആരും വന്നിട്ടില്ലെങ്കിലും . ഇത്ര കാര്‍ക്കശ്യമാകാമോ എന്ന് പലര്‍ക്കും തോന്നാം. തന്റെ ജീവിതം കൊണ്ട്, തന്റെ ജീവിതം കൊടുത്ത് താന്‍ വളര്‍ത്തിയ സ്ഥാപനം കൊണ്ട് അദ്ദേഹം അതിന് മറുപടി പറഞ്ഞു.

    മലയാളത്തിലെ ഭാഷാഭേദങ്ങളില്‍ ആദ്യ സമഗ്രപഠനം നടത്തുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഡയലക്റ്റ് സര്‍വേ ഓഫ് മലയാളം(1974 Edi. V.I.Subrahmaniam) എന്ന ഗ്രന്ഥം ഈഴവരുടെ ഭാഷകളെ കേന്ദ്രീകരിച്ച് കേരള സര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം നടത്തിയ പ്രാദേശികഭാഷാ പഠനത്തിന്റെ മികച്ച ഫലമാണ്. പിന്നീട് അതിന് തുടര്‍ച്ചകളുണ്ടായില്ല. ദ്രാവിഡഭാഷകളിലെ ഏറ്റവും മഹത്തായ സംഭവം എന്നാണ് എമിനോവ് ഈ പുസ്തകത്തെ ക്കുറിച്ച് അഭിപ്രായപ്പെട്ടത്.
    മലയാളികള്‍ നിരന്തരം തങ്ങളുടെ ഭാഷയില്‍ കുറ്റകരമായ അശ്രദ്ധയും അവഗണനയും കാട്ടി 'ഈ സന്തതി തന്റേതല്ലെന്ന' മട്ടില്‍ മലയാളത്തെയും മലയാളപഠനത്തെയും പരമാവധി അകലത്തില്‍ നിര്‍ത്തി മേനിനടിച്ച് കഴിയുമ്പോള്‍‍ മലയാളത്തിന് വേണ്ടി ഉയിരുകൊടുത്ത് മലയാള പഠനത്തിന് സ്വയം സമര്‍പ്പിച്ച് മലയാളഭാഷയെ കൂറിച്ച് മറ്റുള്ളവര്‍ക്കു മുമ്പില്‍ പറഞ്ഞു നില്‍ക്കാവുന്ന പഠനങ്ങള്‍ നടത്തിയത് ഉള്ളില്‍ നാം എന്നും പുഛം പുലര്‍ത്തിപ്പോരുന്ന കുറച്ച് പരദേശികള്‍ ആണ് എന്നോര്‍ക്കണം. ഉള്ളൂരും എല്‍.വി.രാമസ്വമി അയ്യരും വി.ഐ സുബ്രഹ്മണ്യവും ഇതില്‍ പ്രഥമ ഗണനീയരാണ്.

    ആചാരവെടികളില്ലാതെ, ബഹുമതികളുടെയും അനുശോചനങ്ങളുടെയും ആരവങ്ങളില്ലാതെ അദ്ദേഹത്തെ നാം നന്ദികാണിക്കാത്ത ഈ മണ്ണില്‍ അടക്കി. പക്ഷേ അദ്ദേഹം അവിടെ അടങ്ങി കിടക്കില്ല. അതദ്ദേഹത്തിന്റെ ശീലമായിരുന്നില്ലല്ലോ.

    http://sngscollege.info
    http://vijnanacintamani.org

    Sunday 28 June 2009

    കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

    (ഈ കുറിപ്പിന് പ്രചോദനം കൂതറ അവലോകനത്തിലും സന്തോഷങ്ങള്‍ എന്ന ബ്ലോഗിലും കവിതാ സംബന്ധിയായി വന്ന പോസ്റ്റുകളും ശ്രീ രാജേന്ദ്രന്‍ എടത്തുംകര എഴുതിയ അപ്രകാശിത ലേഖനവുമാണ്.)
    തൊണ്ണൂറുകളിലാണ്. പുതിയ കവിതയെ, കവിയെ അടുത്തറിയാന്‍ ഓരോ മാസവും ഓരോ കവിയുടെ പുതിയ കാവ്യ സമാഹാരം കവി തന്നെ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ചര്‍ച്ചയോഗം സംക്രമണം എന്ന പേരില്‍ തിരുവനന്തപുരത്ത് ഹിന്ദി പ്രചാരസഭാഹാളില്‍ രൂപപ്പെടുകയുണ്ടായി. അയ്യപ്പപണിക്കര്‍ സാറായിരുന്നു സ്ഥിരം അദ്ധ്യക്ഷന്‍. ദേശമംഗലം, കളര്‍കൊട്, സി.ആര്‍. പ്രസാദ്, ശാന്തന്‍ തുടങ്ങി ഞങ്ങള്‍ വളരെ കുറച്ച് പേര്‍ സ്ഥിരം ഉത്‍സാഹകമ്മിറ്റി.ക്ഷണിക്കപ്പെട്ട കവിയും അയാളുടെ/അവളുടെ വേണ്ടപ്പെട്ടവരും ചേര്‍ന്ന് എല്ലാം കൂടി പലപ്പോഴും വിരലിലൊതുങ്ങാവുന്ന ഒരു സംഘം.പണിക്കര്‍ സാറിന്റെ കാലം കഴിയും വരെ ദേശമംഗലം സാറിന്റെ ഉത്‍സാഹത്തില്‍ സംഗതി നടന്ന് വന്നു.
    കുഞ്ഞുണ്ണി മാഷ് തൊട്ട് ഏറ്റവും പുതിയ കവി വരെ വലിപ്പ ചെറുപ്പമില്ലാതെ ആ കൂട്ടായ്മയില്‍ വന്ന് കവിത ചൊല്ലി, നിശിത വിമര്‍ശനങ്ങളും തിരുത്തലുകളും ആര്‍പ്പുവിളികളും ഏറ്റുവാങ്ങി. പുതിയ കവിതയിലേക്കാണ് ഏവരും ഉറ്റു നോക്കിയിരുന്നത്, ആധുനികതക്ക് ശേഷം എന്ത് എന്ന് ഉത്കണ്ഠയോടെ . എന്‍.എസ്.മാധവനും മേതിലുമൊക്കെക്കൂടി കഥയില്‍ പുതിയ മഴവില്ലുകള്‍ ചമയ്ക്കുന്ന കാലം. ആധുനികാനന്തരം എന്ന വാക്ക് കവിതയില്‍ ഉത്ഘാടനം ചെയ്ത് വര്‍ഷങ്ങളേ ആയിരുന്നുള്ളൂ. കവിത സാഹിത്യത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നതിന്റെ ആകുലതകള്‍ എല്ലാവരിലും ഉണ്ടായിരുന്നു. അപ്പോഴും പുതിയ കവിതയിലേക്ക് തുളഞ്ഞു കയറുന്ന നോട്ടവുമായി അധികമൊന്നും പറയാതെ, ഞങ്ങളെപ്പോലുള്ള ആസ്ഥാന വിമര്‍ശകരുടെ ഘോരഘോര വിമര്‍ശനങ്ങളും പുതിയ കാവ്യ പ്രമാണങ്ങളും പുതിയ കവികളുടെ എഴുത്തു സിദ്ധാന്തങ്ങളും ടി.പി.രാജീവന്റെ പണിക്കര്‍ കാക്ക കവിതയുമൊക്കെ കേട്ട് ചിലപ്പോളൊക്കെ ചെറുചിരി ഉതിര്‍ത്ത് ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്ന അയ്യപ്പപണിക്കര്‍ സാറിനെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം കനം വെയ്ക്കുന്നു.
    ഈ കൂട്ടത്തില്‍ പലപ്പോഴും പ്രത്യക്ഷമായിരുന്ന മറ്റൊരു തൂവെള്ള സാന്നിധ്യമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. പുറപ്പെടാശാന്തി വിവാദകാലത്തും അക്ഷോഭ്യനായി കവിതയെക്കുറിച്ച് മാത്രം സംസാരിച്ചു. ഞങ്ങളെ ഒട്ടും പ്രലോഭിപ്പിക്കാത്ത ചില തേഞ്ഞ കവിതകള്‍ ചൊല്ലി.തന്റെ കവിതയെ കുറിച്ചുള്ള ചെറുപ്പക്കാരുടെ വിമര്‍ശനങ്ങള്‍ സാകൂതം കേട്ടു.
    സംക്രമണം പോലെ പണിക്കര്‍ നടത്തി പോന്ന മറ്റൊരനുഷ്ഠാനമായിരുന്നു കേരളകവിത. എഡിറ്ററുടെ കരസ്പര്‍ശമില്ലാത്ത, നൂറുകണക്കിന് കവികളും കവിതകളും പന്തിഭോജനത്തിനെന്ന പോലെ ഇലയിട്ടിരിക്കുന്ന ഒരു സര്‍ വാണി സദ്യ. പുതിയ കവികള്‍ക്ക് നാണിക്കാതെ കവിത എഴുതാനുള്ള ഒരിടം. മലയാളത്തിലെ ആധുനിക കവിതയുടെ ഈറ്റില്ലം കൂടി ആയിരുന്നു കേരള കവിത. പില്‍ക്കാല പുതുകവിതയുടെ ആസ്ഥാനകവീന്ദ്രനായ രാമന്‍ ഇത്രയും പൊട്ടക്കവിതകളോ ഇതെന്തിന് എന്ന് ശണ്ഠ കൂടിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പുറത്താകുന്ന ഈ കേരളകവിതകളുടെ പ്രകാശനച്ചടങ്ങ് പല സ്ഥലങ്ങളിലായിരിക്കും. കവിതാ വായനയും ചര്‍ച്ചയും കാവാലത്തിന്റെ നാടകം കളിയുമായി ഒരു ദിവസത്തെ ആഘോഷം. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് ഒരു ചെറു സംഘം പണിക്കര്‍ സാറിന്റെയും ദേശമംഗലത്തിന്റെയും പിറകെ അങ്ങോട്ട് നേരത്തെ വെച്ചുപിടിക്കും. ഇന്നും ട്രെയിനിലെ യാത്ര ആ നല്ല യാത്രകളെ, പണിക്കരുടെ തിരിഞ്ഞു കുത്തുന്ന ചിരികളെ, ദേശമംഗലത്തിന്റെ സ്നേഹത്തെ നഷ്ടബോധത്തോടെ ഓര്‍മ്മിപ്പിക്കാറുണ്ട്.
    കാസറകോടു നടന്ന ഒരു പ്രകാശനച്ചടങ്ങിന് പരശുരാമനില്‍ പുലര്‍ച്ചെ കയറിക്കൂടി രാത്രി അവിടെ എത്തിച്ചേര്‍ന്ന അത്തരം ഒരു യാത്രയില്‍ പുതുകവിതയായിരുന്നു ചര്‍ച്ചയുടെ വിഷയം. പിറ്റേ ദിവസം സം വാദത്തില്‍ ആധുനികോത്തരം എന്നൊക്കെ തെറ്റായി വിളിക്കപ്പെട്ട പുതു കവിതയെ പറ്റി അത്ര സുഖകരമല്ലാത്ത ചില നിരീക്ഷണങ്ങള്‍ ആണ് ഞാന്‍ അവതരിപ്പിച്ചത്. ആ കാലത്ത് പുതുമൊഴി വഴികള്‍ എന്ന വിലാസത്തില്‍ ഒരു കവി സംഘം തൃശ്ശൂര്‍ കേന്ദ്രമാക്കി കെ സി നാരായണന്റെ ഉല്‍സാഹത്തില്‍, ആറ്റൂരിന്റെ ആചാര്യസ്ഥാനത്തില്‍ , തമിഴനായ ജയമോഹന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടിരുന്നു. കര്‍ശനമായ ചില അരിപ്പകളിലൂടെ ആണ് ഈ വഴികളിലേക്ക് കടത്തി വിട്ടിരുന്നത്. ചില ഉള്‍പ്പോരുകളുമുണ്ടായിരുന്നു. തങ്ങളല്ലാത്ത പഴകവികളോ പുതുകവികളോ ഇനി നിലനില്‍ക്കില്ലെന്ന് അവര്‍ ഉറച്ച് പറഞ്ഞിരുന്നു. പാരമ്പര്യത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി തങ്ങളുടെ കവിത വിടുതല്‍ നേടിയിരിക്കുന്നു എന്നും ലഘുതയാണ് തങ്ങളുടെ ആദര്‍ശമെന്നും പഴയതൊന്നും പുതുകവിതയിലില്ലെന്നും അറുപതുകളില്‍ ഉണ്ടായ ആധുനിക കവിതയാണ് മലയാളത്തിലെ ഏറ്റവും വലിയ ദുരിതമെന്നും ഇനി പൂര്‍വഭാരങ്ങളൊന്നുമില്ലെന്നും അവര്‍ കവിതയിലും അല്ലാതെയുമായി കൂട്ടം കൂട്ടമായി പറഞ്ഞു നടന്നു. പരസപരം കവിത ഏറ്റി നടന്നു. അക്കാലത്താണ് സംഭവം. 'പുതുമൊഴിവഴികളു'ണ്ടായി 'കവിതക്കൊരിട'മുണ്ടാകുന്നതിന് മുമ്പ്. കേരളകവിത സ്കൂളുകാര്‍ മിക്കവരും പുതുമൊഴിയില്‍ പ്രവേശനം കിട്ടാത്തവരായിരുന്നു. മറ്റേ വഴിക്കു കിട്ടിയ മീഡിയാ അറ്റന്‍ഷനില്‍ ചെറുതല്ലാത്ത ചൊരുക്കുള്ളവര്‍. എന്താണീ രാമന്‍ എന്നൊക്കെ അന്ന് സ്വകാര്യമായി വന്ന് പലരും കയര്‍ക്കാറുണ്ടായിരുന്നു. (എത്രയോ വര്‍ഷങ്ങളായി രാമന്റെയും മറ്റും കവിത വായിക്കുന്നത് കൊണ്ട് ഞാനാ ചൂണ്ടയില്‍ കൊത്താതെ ഒരു വിധം കഴിച്ചു കൂട്ടി.) ആ ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ ഇതായിരുന്നു.
    1. പുതിയ കവിത (ഞാനതിനെ ആധുനികേതരം എന്നു മാത്രം വിളിക്കും) നന്നേ ലഘുപ്രായമാണ്. രൂപത്തിലും ഉള്ളടക്കത്തിലും ചരിത്രത്തിലും. ബൃഹത് ലക്ഷ്യങ്ങളൊന്നും അതിനില്ല.
    2. കവികളുടെ ഈ സംഘം ചേരല്‍ ഒരു തരം മാര്‍ക്കറ്റിങ്ങ് മാത്രമാണ്. മുന്‍ കാലത്ത് കവിസംഘങ്ങള്‍ക്കും കവിയരങ്ങുകള്‍ക്കും ചില ലക്ഷ്യങ്ങളും (പലപ്പോഴും അതു കാവ്യേതരമാകാമെങ്കിലും)അതിനു പിറകില്‍ ചില മൂല്യങ്ങളും ഉണ്ടായിരുന്നു. പുതിയ കവി സംഘങ്ങള്‍ക്ക് പിറകില്‍ പ്രഖ്യാപിത മൂല്യങ്ങളില്ല.
    3. പാരമ്പര്യത്തിന്റെ മഹാഭാരങ്ങളൊക്കെ അഴിച്ചു വെച്ചു എന്ന് പറയാനും കേള്‍ക്കാനും രസമുണ്ട്. ഭാഷയില്‍ അതങ്ങനെ സാധ്യമല്ല. പാരമ്പര്യത്തിന്റെ പേപ്പര്‍ വെയിറ്റിനടിയിലേ ഏത് കവിതയും ഇരിക്കൂ.
    4. പുതിയ കവിത എന്ന ലേബലില്‍ ചില പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനു പ്രസ്ഥാനപരതയില്ല. അതങ്ങനെ ആയി തീരാനും സാധ്യതയില്ല.കവിതയില്‍ ഇതൊരു മാറ്റത്തിന്റെ കാലമാണ്. പുതിയ കവിത ഈ മാറ്റത്തിന്റെ കവിതയാകണമെന്നില്ല. അതിനിടയിലുള്ള ഒരു അന്തരാളഘട്ടത്തിന്റെ നിലയുറക്കാത്ത ചില പ്രവണതകള്‍ മാത്രമാകാം.
    5. മലയാളത്തില്‍ ഇതിനു സമാനമായ ഘട്ടം വെണ്മണി -ഒറ്റശ്ലോകങ്ങളുടെ കാലമാണ്. എന്തിനെ കുറിച്ചും എഴുതുക, എങ്ങനെയും എഴുതുക, കവിത സാമാന്യ ഭാഷയാകുക, നിരീക്ഷണങ്ങള്‍ മാത്രമാവുക, ലഘുപ്രായമാകുക, മൂല്യങ്ങളില്ലായ്മ, സാധാരണത്വം തുടങ്നി വികൃതിത്തരങ്ങളുടെ ഒരു കാലം. പുതിയ വെണ്മണിക്കാലമാണിത്.
    വര്‍ഷം കുറേയായി. ഈയടുത്തകാലത്ത് മാതൃഭൂമി രാമന്റെ ഒരു കവിത പ്രസിദ്ധീകരിച്ചത് ഏറെ ക്കാലത്തിനു ശേഷം രാമന്‍ എഴുതിയ കവിത എന്നാണ്. അതെ രാമനും ചരിത്രത്തിന്റെ ഭാഗമായി. ഒരു വിളവെടുപ്പിനുള്ള കാലമായിരിക്കുന്നു. പുതിയ കവിത കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലം എന്തായിരിക്കുന്നു. എത്ര നല്ല കവികള്‍ കവിതകള്‍ ബാക്കിയായി? പാരമ്പര്യത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഈ കവിത സ്വയം ഒരു പാരമ്പര്യമായോ? പുതിയ ഒരു ഭാവുകത്വം ഭാഷ അത് നിര്‍മ്മിച്ചുവോ?
    വീണ്ടും നമ്മെ വായിപ്പിക്കുന്ന കുറേ കവിതകള്‍ ഉണ്ടായിട്ടുണ്ട്. കുറച്ച് കവികളും. പി.പി.രാമചന്ദ്രന്‍, ടി.പി.രാജീവന്‍, രാമന്‍, അന്‍ വര്‍ അലി, അനിത, ജോസഫ്, മോഹനക്രിഷ്ണന്‍ അങ്ങനെ ചിലര്‍. അവരില്‍ പലരുടേയും അവശേഷിക്കുന്ന നല്ല കവിതകളില്‍ ഞാന്‍ കാണുന്ന ശക്തി പാരമ്പര്യത്തിന്റേതാണ് . രാമചന്ദ്രനില്‍ കടുപ്പം കുറഞ്ഞ ഒരു ചായ പോലെ വൈലോപ്പിള്ളി ഉണ്ട്. അതാണ് രാമചന്ദ്രനിലെ കവിതയും.
    ഈ കവിതകള്‍ക്ക് പ്രായപൂര്‍ത്തിയായി എന്നതിന്റെ മറ്റൊരു ലക്ഷണം ഇവയില്‍ പലതും പാഠപുസ്തകങ്ങളായിരിക്കുന്നു എന്നതാണ്. ഒന്നു തൊടുമ്പോഴേക്കും മാഞ്ഞു പോകുന്ന പുതിയ കവിതയെക്കൊണ്ട് ക്ലാസ്സില്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പല സാഹിത്യാദ്ധ്യാപകരും. ആ കവിത  മോളിലേക്കും താഴേക്കും മാറ്റി  മാറ്റി വായിക്കയല്ലാതെ എന്തു ചെയ്യാന്‍!
    ഇന്ന് കൊട്ടക്കണക്കിന് കവികള്‍ - കവിതകള്‍. കവിതയുടെ പ്രധന ഇടം ബ്ലോഗ് ആയിരിക്കുന്നു. ഒരിക്കലെങ്കിലും വായിക്കാന്‍ തോന്നാത്ത അഥവാ വായിച്ചാല്‍ തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന രചനകള്‍. വാരികകളിലെ സ്ഥിതി അതിലും കടുപ്പം. നല്ലതില്ലെന്നല്ല. കള നിറഞ്ഞ് കണ്ടം കെട്ടുപോയിരിക്കുന്നു.
    മലയാളത്തില്‍ ബുദ്ധിയും ഭാവനയുമുള്ളവര്‍ നന്നെ കുറവ് എന്ന് മുന്‍ ധാരണയുള്ള മലയാളം അത്ര പിടിയില്ലാത്ത ജയമോഹന്‍ എന്നൊരാളാണ് പുതുകവിതകളുടെ അന്തിക്രിസ്തു.കെ. സി. നാരായണന്റെ ഇറക്കുമതിയാണ്. തരക്കേടില്ലാത്ത ചില ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളത്തിലെ പുതുകവികളെ കൊണ്ട് തമിഴില്‍ 'ക്ഷ' വരപ്പിക്കലാണ് മുപ്പരുടെ പ്രധാന പണി. അയാളുടെ കൂടെ കുറെ തമിഴ് യുവകവികളുണ്ട്. തമിഴകത്ത് അവരുടെ കവിതകള്‍ക്ക് നല്ല വിളവില്ല. പക്ഷേ അതാണ് തമിഴു കവിതയുടെ പുതു മുഖം എന്നാണ് പ്രഖ്യാപനം. മലയാളത്താന്മാരും അതേ പോലെ എഴുതി ശീലിക്കാന്‍ പല കളരികളും ടിയാന്‍ ഏര്‍പ്പാടാക്കാറുണ്ട്. തമിഴുമലയാള കവികളുടെ സംഗമത്തിലേക്ക് ചിലരെ വാഴ്ത്തപ്പെട്ടവരായി അദ്ദേഹം തിരഞ്ഞെടുത്തു വിളിക്കാറുണ്ട്. അയാളുടെ തിരഞ്ഞെടുപ്പു രീതികളോടും രുചികളോടും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു തന്നെ വലിയ മതിപ്പില്ല. അവിടെ തമിഴ് പയ്യന്മാര്‍ ഈ മലയാളം റിക്രൂട്ടുകളെ തങ്ങളുടെ കവിത വായിച്ച് വിരട്ടുന്ന ഒരേര്‍പ്പാട്.
    അവിടെ ഏറ്റവും അവസാനം നടന്ന ഒരു കവിക്കൂട്ടത്തില്‍ പങ്കെടുത്ത ഒരു പെണ്‍ കവിയുടെ പുതിയ ഒരു കവിതയെ ഞാന്‍ ഈ പുതു മൊഴി വഴികളുടെ ഇന്നത്തെ മുഖമായി പരിഗണിക്കട്ടെ.ബിന്ദു കൃഷ്ണന്‍ ആണ് ആ കവി. അവരുടെ ഒരു കവിത മാതൃഭൂമിയില്‍ വന്നത് പകര്‍ത്തട്ടെ.
    ജീവനാംശം
    തിരിച്ചുവേണമെന്നോ
    നിനക്കു സ്വാതന്ത്ര്യം?
    തരാം പകരം തരൂ ആദ്യരാവില്‍ നീ
    കശക്കിയ പൂക്കളുടെ പുതുമ
    കലക്കിയ അരുവികളുടെ തെളിമ
    തിരിച്ചു തരൂ ഇടിഞ്ഞ മുലകളുടെ
    പഴയ സൗന്ദര്യം.
    ആലിലപ്പഴമ ആധി കൊഴിച്ച
    മുടിയുടെ പഴങ്കനം.
    മായ്ച്ചു കളയൂ
    കണ്‍കള്‍ക്കടിയിലെ കാളിമ
    അടിവയറ്റിലെ രേഖകള് ‍
    എങ്കില്‍ അഴിച്ചു വിടാം ഞാനീ
    താലിക്കയര്
    ‍ചവിട്ടിപ്പുറത്താക്കാം നിന്നെ ആ നിമിഷം
    എന്റെ പ്രണയകൂടില്‍ നിന്നും
    മഹാതുറസ്സിലേക്ക്.
    ഈ കവിതയെ ക്കുറിച്ച് എന്ത് തോന്നുന്നു. പ്രണയത്തിനും ദാമ്പത്യത്തിനുമിടയില്‍ നഷ്ടപ്പെട്ടതെന്താണ്? എല്ലാ കണക്കെടുപ്പും ശരീരപരം, എല്ലാ ബന്ധങ്ങളും ലൈംഗികം. (സദാചാരപരമായ കാപട്യം എന്നൊന്നും കയര്‍ക്കല്ലേ! ഈ കവിത മുന്നോട്ട് വെക്കുന്ന ഒരു മൂല്യപ്രശ്നം അതല്ല.) ഇനി അതിനപ്പുറം എന്തനുഭവം! വീണ്ടുമൊന്നു വായിക്കാവുന്ന എന്ത്?  മണിപ്രവാളകാരന്റെ രതി വര്‍ണനയില്‍ നിന്നി ഈ പെണ്ണെഴുത്തിന്‍ എന്തകലം? ഈ വരികള്‍ നീളത്തില്‍ എഴുതിയാല്‍ അത് നിലവാരം കുറഞ്ഞ ഒരു ഡൈവോഴ്സ് നോട്ടീസു പോലുമാകില്ലല്ലോ! വരിയുടച്ചാല്‍ എന്തും ഗബിദയാകുമെന്ന് കൂതറ തിരുമേണി പറഞ്ഞത് വെറുതെ അല്ല.

    വിഷ്ണു നാരായണന്‍ നമ്പൂതിരിയെ കുറിച്ച് തുടക്കത്തില്‍ പറഞ്ഞുവല്ലോ? വര്‍ഷങ്ങളായി ഒരു നല്ല കവിത അദ്ദേഹം എഴുതിയിട്ട്. റിട്ടയര്‍ ചെയ്ത കവി എന്ന് ദശാബ്ദങ്ങളായി അദ്ദേഹം അറിയപ്പെട്ടു വരുന്നു. എന്നാല്‍ ഏറെ ക്കാലത്തിന് ശേഷം മലയാളത്തില്‍ അദ്ദേഹം എഴുതിയ കവിത 'ശംകരന്റെ സപ്തതി' എന്നെ ശരിക്കും ഞെട്ടിച്ചു. പല നഷ്ടങ്ങളെ ഓര്‍മ്മിപ്പിച്ചു. വല്ലാതെ വിഷാദിപ്പിച്ചു.ഒടുക്കം ഒരു നിശബ്ദതയില്‍ കൊണ്ടെത്തിച്ചു. ചില വരികള്‍:
    കിതച്ചും ഇളവേറ്റും,
    പങ്കിട്ടും വെടിവട്ടം
    പൊലിച്ചും പോന്നോര്‍, നമു-
    ക്കുറ്റവര്‍, എവിടെപ്പോയ്?
    കാലിടറുമ്പോള്‍ പിടി-
    വള്ളിയായ്, നട്ടപ്പാതി-
    രാവിലും സൂര്യജ്വാല-
    യായ കൃഷ്ണവാരിയര്‍?
    എല്ലുന്തിച്ചടച്ച തന്‍
    കവിതപയ്യെക്കറ-
    ന്നന്തിയില്‍ പാലാഴി തീര്-
    ‍ക്കുന്ന ഗോവിന്ദന്‍ നായര്‍?
    മൊഴിമുത്തിനാല്‍ തന്റെ
    ചുറ്റിലും കാന്തദ്യുതി
    പൊഴിക്കും പുലാക്കാട്ടു
    രവീന്ദ്രന്‍? അനുഗ്രഹം
    കൊണ്ടഭിഷേകം ചെയ്തും
    ശണ്ഠയാല്‍ ശരം പെയ്തും
    വിണ്ടലത്തോളം നേരിന്‍
    ചിറകിലുര്ത്തുന്നോന്‍
    വാക്കിന്റെ പുരുഷാവ-
    താരമാം വൈലോപ്പിള്ളി-
    മാസ്റ്റര്‍? 'മാനസ ഗംഗോ-
    ത്രി'യിലെ പൂമുറ്റത്തില്‍
    ഇടറിച്ചുമച്ചുകൊണ്ടര്‍ദ്ധരാത്രിയില്‍ നാവു
    കുഴയും വരെ കാവ്യ-
    ചര്‍ച്ച ചെയ്യും കക്കാടും?
    ഒന്നൊന്നായ് വിളക്കുകള്‍
    കെടുന്നു! പിന്നെപ്പിന്നെ
    ഒന്നല്ലീനാമെല്ലാമെ-
    ന്നുണ്മയില്‍ തെളിയുന്നു.
    കവിത എങ്ങും പോയിട്ടില്ല ഇവിടെ എവിടെയൊക്കെയോ ഉണ്ട്. വലിയ അവകാശവാദങ്ങളോ ചിന്നം വിളികളോ ഇല്ലാതെ. പതുക്കെ വളരെ പതുക്കെ ഒരു നീര്‍ച്ചാലുപോലെ പഴയതും പുതിയതുമായ പല വഴികളില്‍ നിരൂപകഭാരങ്ങളില്ലാതെ മേനി പറച്ചിലില്ലാതെ അത് നേര്‍ത്തെങ്കിലും ഒഴുകികൊണ്ടിരിക്കട്ടെ. അതില്‍ കലക്കേണ്ട കരിയും കളഭവും!


    http://sngscollege.info
    http://vijnanacintamani.org

    Tuesday 23 June 2009

    അക്ഷരം പിഴയ്ക്കുന്നത് ആര്‍ക്കാണ്?

    വിദ്യാഭ്യാസം ഒരു പ്രധാന പരിഗണനയായി നിലനില്‍ക്കുന്ന കേരളം പോലുള്ള സമൂഹത്തില്‍ വിദ്യാഭ്യാസസംബന്ധമായ പ്രശ്നങ്ങള്‍ ഏതായാലും, പാഠ്യപദ്ധതിയും പാഠപുസ്തകവും അടക്കം എന്തും വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത് സ്വാഭാവികം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം, ദര്‍ശനം, സാമൂഹ്യനീതി, ബോധന - മൂല്യനിര്‍ണ്ണയപദ്ധതി തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ക്ക് പകരം താരതമ്യേന അപ്രസക്തവും നിക്ഷിപ്ത താല്പര്യങ്ങള്‍ നിലനിര്‍ത്തുന്നതുമായ മേഖലകളില്‍ ആണ് വിവാദങ്ങള്‍ കൊഴുക്കുക പതിവ്. വിദ്യാഭ്യാസത്തെ സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകളിലേക്കല്ല, വിദ്യാഭ്യാസം തന്നെ മുടക്കുന്ന സംഘര്‍ഷങ്ങളിലേക്കാണ് അവ ചെന്നെത്തുക. ജീവനില്ലാത്ത മതവും സ്വാശ്രയ നിയമവുമൊക്കെ ആയി കഴിഞ്ഞ അധ്യയന വര്‍ഷം ബഹളമയമായിരുന്നു. പുതിയ വര്‍ഷവും വ്യത്യസ്ത ചിത്രമല്ല നല്‍കുന്നത്. പാഠപുസ്തകങ്ങളിലെ തെറ്റുകളിലും ദുസ്സുചനകളിലും ഒക്കെ തന്നെയാണ് അത് കറങ്ങി തിരിയുന്നത്. അത്ര ലാഘവത്തോടെയും ഉത്തരവാദിത്തമില്ലാതെയും ആണ് പാഠ്യപദ്ധതിയും പാഠപുസ്തകവും തയ്യാറാക്കുന്നത് എന്നു വരുമോ? ഇനി മുതല്‍ പുസ്തകം തയ്യാറാക്കുന്നവരുടെ പേരുവിവരം പുസ്തകത്തില്‍ തന്നെ അച്ചടിക്കുമത്രെ. തല്ലാനും കൊല്ലാനുമൊക്കെ ഇനി അഡ്രെസ്സ് നോക്കി പോയാല്‍ മതി. തെറ്റായ പാഠത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച്ച ചില അധ്യാപകരുടെ പണി പോയി. പുസ്തകം അംഗീകരിച്ച് ഉറപ്പിച്ച എസ് സി ആര്‍.ടി തമ്പുരാക്കന്മാര്‍ക്ക് ഒന്നും സംഭവിച്ചതുമില്ല. ഇനി പാഠ പുസ്തകം തെറ്റില്ലാതെ ഇറക്കാന്‍ ഒരു കമ്മീഷന്‍ തന്നെ രൂപികരിക്കാന്‍ പോകുന്നു എന്ന് മന്ത്രിയും പ്രസ്താവിച്ചു കഴിഞ്ഞു. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഉള്ളടക്കത്തെ പറ്റിയുള്ള ഗൗരവഭാവത്തിലുള്ള ഒരു അന്വേഷണവും എവിടെയും കണ്ടില്ല.
    വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഓരോ വെണ്ടക്ക പ്രതീക്ഷിച്ചാണ് എന്നും പത്രം തുറക്കുന്നത്. ഇന്നും പ്രതീക്ഷ തെറ്റിയില്ല, ഇതേ മാതൃഭൂമിയില്‍ കിടക്കുന്നു ഒരൊന്നൊന്നര വാര്‍ത്ത. വള്ളി പുള്ളി വിടാതെ അത് താഴെ കൊടുക്കുന്നു

    അഞ്ചാംക്ലാസ്സിലെ പുസ്‌തകത്തില്‍ ഒരു പേജില്‍ 25 തെറ്റുകള്‍

    പെരുമ്പാവൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രസിദ്ധീകരിച്ച്‌ വിതരണംചെയ്‌ത അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്‌ത്രം പാഠപുസ്‌തകത്തില്‍ നിറയെ അക്ഷത്തെറ്റുകള്‍. പുസ്‌തകത്തിന്റെ 16-ാം പേജില്‍ 'മഴയുണ്ടാകുന്നത്‌' എന്ന തലക്കെട്ടില്‍ മാത്രമാണ്‌ തെറ്റില്ലാത്തത്‌. മഴയുണ്ടാകുന്നതിനെക്കുറിച്ച്‌ ചിത്രീകരണസഹിതമാണ്‌ പേജില്‍ വിവരിച്ചിരിക്കുന്നത്‌. ചിത്രം കൂടാതെ ആകെ ഏഴ്‌ വരികളുള്ളതില്‍ 25 തെറ്റുകള്‍. തിങ്കളാഴ്‌ചയാണ്‌ സ്‌കൂളുകളില്‍ പുസ്‌തകം വിതരണത്തിനെത്തിയത്‌.

    അമ്പമ്പോ! ഇത്രയും തെറ്റുകള്‍ മനുഷ്യ സാധ്യമോ എന്ന് അത്ഭുതപ്പെട്ട് തെറ്റുകളുടെ ആ മഹാസ്മാരകം ഒന്നു കണ്ടു കണ്‍ കുളിര്‍ക്കാന്‍ പുസ്തകം സംഘടിപ്പിച്ച് ആര്‍ത്തിയോടെ പതിനാറാം പേജു തുറന്നപ്പോളാണ് ശരിക്കും വണ്ടറടിച്ചത്. ഇന്നസെന്റ് പറഞ്ഞ ഡയലോഗു പോലെ ആ പഞ്ചായത്തിലെ അരി മുഴുവന്‍ പെറുക്കി നോക്കിയിട്ടും അക്ഷരപിഴവുകള്‍ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ഇതെന്തു മറിമായം! ഇനി പെരുമ്പാവൂരില്‍ മാത്രം അങ്ങനെ ഒരു പൊത്തകം ഇറങ്ങി കാണുമോ? ഡി.ടി.പി.ഒന്നിച്ച് ചെയ്തതു കൊണ്ട് അങ്ങനെ വരാന്‍ സാധ്യത ഇല്ലല്ലോ?സത്യത്തില്‍ പിഴച്ചതാര്‍ക്കാണ്? വാര്‍ത്ത വീണ്ടും വായിച്ചപ്പോള്‍ അതില്‍ അക്ഷത്തെറ്റുകള്‍ പോലെ ചില മുഴുത്ത അക്ഷര പിഴവുകള്‍ കാണുകയും ചെയ്തു.
    അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തിടുക്കം? അതോ പാഠപുസ്തകം തയ്യാറാക്കുന്നതു പോലെ തികഞ്ഞ അശ്രദ്ധ? അതോ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള എന്തെങ്കിലും അജണ്ട? ഭരണപ്പുരയുടെ ചുറ്റും മണ്ടി നടന്നു കുരക്കുന്ന വല്ല വീരന്മാര്‍ക്കും വേണ്‍ടിയുള്ള ഒരു കള്ളക്കളി ?
    പണ്ട് തുറക്കുന്ന അരവണപ്പാത്രത്തിലൊക്കെ എലിവാലു മുളപ്പിച്ച ഒരു ചരിത്രം ഉള്ളത് മറന്നിട്ടില്ല.
    എനിക്കൊന്നുമറിഞ്ഞുകൂട ശിവനേ!
    ഇനി അങ്ങനെയൊന്നുമല്ല സംഗതിയെങ്കില്‍ ഇതെന്റെ പിഴ ഇതെന്റെ പിഴ എന്ന് 'ചൊവ്വാദോഷം ' മുന്‍നിര്‍ത്തി മുന്‍ കൂറായി ഒരു ജാമ്യവും ഉണ്ടേ!
    N.B.വാര്‍ത്തക്കൊപ്പം അക്ഷരപ്പിഴയോടു കൂടിയ പുസ്തകപ്പേജിന്റെ ചിത്രമില്ലാത്തതുകൊണ്ട് പിഴവില്ലാത്ത പേജ് ഞാന്‍ സ്കാന്‍ ചെയ്ത് നല്‍കുന്നില്ല. വേണമെങ്കില്‍ പിന്നീട് ചേര്‍ക്കാം.
    http://sngscollege.info
    http://vijnanacintamani.org

    Monday 22 June 2009

    ബ്ളോഗ് ശില്പശാല

    ബ്ളോഗ് ശില്പശാല
    ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളെജ്
    പട്ടാമ്പി


    ബ്ളോഗ്
    എഴുത്തിന്റെയും വായനയുടെയും പുതിയ മുഖം.
    വായനാവാരത്തോടനുബന്ധിച്ച്
    മലയാളം വകുപ്പും
    മള്‍ട്ടിമീഡിയ സെന്ററും ചേര്‍ന്നു നടത്തുന്നു.


    ബ്ളോഗ് ശില്പശാല
    ബ്ലോഗ് വായന, ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങള്‍ - പരിശീലനം. മലയാളം ബ്ലോഗെഴുത്ത്.
    ജൂണ്‍ 26 വെള്ളി
    രാവിലെ 10- 30 ന്
    സെമിനാര്‍ ഹാള്‍


    ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളെജ്
    പട്ടാമ്പി
    ഏവര്‍ക്കും സ്വാഗതം.
    http://sngscollege.info
    http://vijnanacintamani.org/
    Phone: 9447651899,9446293963, 9947113641

    Sunday 21 June 2009

    വിജ്ഞാനചിന്താമണി പുതിയ ലക്കം പുറത്തിറങ്ങി.

    പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പന്ത്രണ്ടാം ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍‍ തയ്യാറാക്കുന്നത്.
    പുതിയ ലക്കം ഇവിടെ വായിക്കുക:
    http://vijnanacintamani.org
    ഈ ലക്കത്തിന്റെ ഉള്ളടക്കം :

    PUNNASSERI TALKS 2009

    പീഡാകാലത്തെ പൊട്ടിച്ചിരി : കേശവന്‍ വെളുത്താട്ട്.
    Biodiversity of India - An overview : Dr.G.Pradeep Kumar
    Kerala state development in themillennium: Trends, Challenge and Prospects : Dr. Mani K.P

    SEMINAR PAPERS
    Fuel Cells : M. Neerghat
    Aggregation in dendrimers: How does it affect the properties? : Edamanna Prasad

    Chemical strategies to design mesoporous materials : Ambili. V.K.

    Surface properties and catalytic activity of highsurface area materials : Soumini. C

    RESEARCH PAPERS
    ശരീരപരത മണിപ്രവാളത്തില്‍ :ഡോ. കെ.വി.ദിലീപ് കുമാര്‍
    Phylogenetic Analysis of selected Monocot Family reprsentatives by using rbcL, atpB &18S rRNA :Sajitha S & Subramanian.S
    പൊറാട്ടുനാടകം- അരങ്ങും കഥാപാത്രങ്ങളും :അനുരാധ. ആര്‍

    പുതിയ ലക്കം ഇവിടെ വായിക്കുക:
    http://vijnanacintamani.org
    http://sngscollege.info

    Wednesday 17 June 2009

    കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!

    കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
    (ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കോസിനു ഈ കുറിപ്പില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ 2007-ല്‍ ഇറങ്ങിയ മൈക്‌ നിവെലിന്റെ സിനിമയില്‍ അഫോന്‍സോ ബിയാറ്റോ ഒരുക്കിയ കളര്‍ ടോണ്‍ പശ്ചാത്തലവര്‍ണമായി നിലനിന്നോട്ടെ.)
    വര്‍ഷക്കാലം ഏതാണ്ട്‌ അയല കൊണ്ടുപോയ മട്ടാണ്. എന്നാല്‍ പുതിയ അധ്യയനവര്‍ഷം തുടക്കം മോശമാക്കില്ലെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. പൂര്‍ണമായും കടലെടുത്ത സ്വാശ്രയ നിയമവും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ അയവും ഈ മേഖലയില്‍ ഇനി എന്തുമാവാം എന്ന അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്‌. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് വേണ്ടാ, ആര്‍ക്കും പ്രവേശനമാകാമെന്ന് മറ്റൊരു സഹായം കൂടി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഇതിനിടെ ചെയ്തുകൊടുത്തു. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് വേണ്ടാ, ആര്‍ക്കും പ്രവേശനമാകാമെന്ന് മറ്റൊരു സഹായം കൂടി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ട്. കച്ചവടം മോശമാകാനിടയില്ലാത്ത സാഹചര്യത്തില്‍ രണ്ടാം വിമോചനസമരം തത്കാലം കട്ടപ്പുറത്ത് വെക്കാന്‍ തിരുസഭകള്‍ തിരുമാനിച്ചതുമായും അറിയുന്നു.
    അപ്പോഴാണ് പുതിയൊരു പുകിലുണ്ടാകുന്നത്.മുന്‍ വര്‍ഷങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ ചിലര്‍ അടിസ്ഥാന യോഗ്യതപോലുമില്ലാത്തവരാണെന്നും അതിനാല്‍ മെഡിക്കല്‍ കൗണ്‍സില്‍ അവരെ തുടരാന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞതുമാണ്പുതിയ വിവാദം. സ്വാശ്രയ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തിയ പരീക്ഷ പാസ്സായി വന്ന മിടുമിടുക്കന്മാരാണ് കക്ഷികള്‍. എന്നാല്‍ സ്വകാര്യ സ്വാശ്രയ മുതലാളിയും ഈ കുട്ടികളുടെ രക്ഷിതാക്കളും പറയുന്നത്‌ അതൊരു ചെറിയ നോട്ടക്കുറവാണെന്നും സുപ്രീം കോടതി പഴയൊരു കേസില്‍ ചെയ്തതുപോലെ മാനുഷിക പരിഗണന വെച്ച്‌ ഇവരെ ഡോക്റ്റര്‍മാരാവാന്‍ അനുവദീക്കണമെന്നുമാണ്. മാത്രവുമല്ല അത് മുഹമ്മെദ് കമ്മിറ്റി അന്നേ പരിശോധിക്കണമായിരുന്നു എന്നും അവര്‍ പറയുന്നു. ഇതിനിടയില്‍ മാനേജ്മെന്റിന്റെ മറ്റൊരു വാദം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം അയോഗ്യര്‍ ഏതാണ്ടെല്ലാ കോളേജിലുമുണ്ട് പിന്നെ ഞങ്ങളെ മാത്രം എന്തിന് ക്രൂശിക്കുന്നു എന്നാണവരുടെ ചോദ്യം.
    ഇതിനോട് ഡോ.ബി ഇക്ബാല്‍ പ്രതികരിച്ചത് മാനുഷികപരിഗണന വെച്ചല്ല ഡോക്റ്റര്‍മാരെ തിരഞ്ഞെടു ക്കേണ്ടത് എന്നാണ്. രക്ഷിതാക്കള്‍ പറഞ്ഞ ലക്ഷങ്ങളുടെ കണക്കുകള്‍ കേട്ട് ശരിക്കും അമ്പരന്നുപോയി. മലയാളിയെപ്പോലെ എം.ബി.ബി.എസ്സ് ജ്വരം ബാധിച്ച മറ്റൊരു സമൂഹമുണ്ടോ? സംശയമാണ്. കഷ്ടി ഡോക്റ്റര്‍മാര്‍ പലരും ചെറുകിട ഹോസ്പിറ്റലുകളീല്‍ നൈറ്റ് ഡ്യൂട്ടിയും ഗുമസ്തപണിയുമായി നിരങ്ങുമ്പോളും നമ്മുടെ ഈ ജ്വരം ഇറങ്ങാത്തതെന്തുകൊണ്ട്? എന്ന് മുതലാണ് മലയാളി ഡോക്റ്റര്‍പ്പനി പിടിച്ച് ഇനിയൊരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്തവനായത്?
    മരുന്നുപെട്ടി സ്വയം ചുമന്ന് രോഗിയെത്തേടി വീടുവീടാന്തരം കയറിയിറങ്ങിയിരുന്ന, മരിച്ചാലും തൂശീചികില്‍സ ചെയ്യില്ലെന്ന ശാഠ്യത്തിനു മുന്നില്‍ സൗജന്യ ചികില്‍സ നല്‍കി ഒരുവിധം പിടിച്ചു നില്‍ക്കാന്‍ പണിപ്പെട്ടിരുന്ന ആ പഴയ അപ്പോത്തിക്കിരിയെ ചരിത്രത്തിന്റെ അധികം പിന്നിലല്ലാത്ത വളവില്‍ നമുക്കു കാണാം. ചികില്‍സാരംഗത്തെ സാര്‍വഭൗമന്മാരായിരുന്ന അഷ്ടവൈദ്യന്മാരൊക്കെ കോമാളികളും ഇംഗ്ലീഷ് വൈദ്യന്‍ രാജാപാര്‍ട്ടുകാരനുമായത് എത്ര പെട്ടെന്നാണ്.
    പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അലോപ്പതി ചികില്‍സ എന്ന് വിളിക്കപ്പെട്ട ആധുനിക വൈദ്യം ഇവിടെ ക്ലച്ച് പിടിക്കുന്നത്. അലോപ്പതി എന്ന പേര് അത്ര ബഹുമാനത്തോടെയല്ല ഉപയോഗിച്ചിരുന്നത്. ഈ ചികില്‍സ അവിടെ ആധിപത്യം സ്ഥാപിച്ചതിന് കേരളത്തിലുടനീളം പടര്‍ന്നുപിടിച്ച കോളറ, മന്ത്, വസൂരി, തലേത്തട്ടി, കുഷ്ടം തുടങ്ങിയ മഹാമാരികള്‍ക്കാണ് നമ്മുടെ ഇംഗ്ലീഷുഡോക്റ്റര്‍മാര്‍ നന്ദി പറയേണ്ടത്. 1811- ല്‍ റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലത്താണ് തിരുവിതാംകൂറീല്‍ യൂറോപ്യന്‍ ചികില്‍സ തുടങ്ങുന്നത്. 1819-ല്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഒരു യൂറോപ്യന്‍ ഡോക്റ്ററെ നിയമിക്കുകയുണ്ടായി. ഢാക്കൂത്തര്‍ എന്നാണ് ഇതു സംബന്ധിച്ച നീട്ടില്‍ കാണുന്നത്.
    1813-ല്‍ മണ്‍റോയുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് അന്ന് റസിഡന്‍സി ഡോക്റ്റര്‍ ആയിരുന്ന പ്രോവന്‍ എന്ന ഭിഷഗ്വരന്റെ നേത്രുത്വത്തില്‍ ഗോവസൂരി പ്രയോഗത്തിനുള്ള ഒരു ചെറു വകുപ്പ് രാജാവ് രൂപീകരിച്ചു. ഇതാണ് വ്യവസ്ഥപ്പെടുത്തിയ പാശ്ചാത്യചികില്‍സയുടെ ആദ്യരൂപം.സ്വാതിതിരുനാളിന്റെ കാലത്താണ് പാശ്ചാത്യ ചികില്‍സ വ്യാപിക്കുന്നത്. 1837-ലാണ് ആദ്യ ധര്‍മാശുപത്രി സ്ഥാപിക്കപ്പെടുന്നത്. 1040-ആം ആണ്ടില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു യുവാവിനെ വൈദ്യം അഭ്യസിപ്പിക്കാന്‍ മദിരാശി കോളേജിലേക്ക് അയക്കുന്നതോടെയാണ് നമ്മുടെഎം.ബി.ബി.എസ് വൈദ്യവിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്.ഈ ആധുനിക ചികില്‍സയോട് ഒരു താല്പര്യവും വിശ്വാസവും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. പട്ടിണി കൂടാതെ കിടക്കാമെന്നതുകൊണ്ടും മരിച്ചാല്‍ സംസ്കാരവും മറ്റും സര്‍ക്കാര്‍ ചെലവില്‍ നടന്നുകൊള്ളുമെന്നതുകൊണ്ടും മാത്രമാണ് ആളുകള്‍ ഈ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നത്.
    കൊച്ചിയിലേയും മലബാറിലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മിഷണറിമാരിലൂടെ തുടങ്ങി ബ്രിട്ടീഷ് ആധിപത്യത്തില്‍ മെല്ലെ പടര്‍ന്ന ഒന്നായിരുന്നു യൂറോപ്യന്‍ വൈദ്യം.അലോപ്പതി മരുന്നുകള്‍ ആദ്യം വിതരണം ചെയ്തത് മിഷണറിമാരാണ്. എന്നാല്‍ അവര്‍ ചികില്‍സാശാസ്ത്ര വിദഗ്ദന്മാരായിരുന്നില്ല. 1728-ല്‍ മഹാരോഗികളെ കിടത്തി ചികില്‍സിപ്പിക്കാന്‍ ഒരു ആശുപത്രി പള്ളിപ്പുറത്ത് സ്ഥാപിക്കുന്നുണ്ട്.എന്നാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കുത്തിവെപ്പിന് ജനം സഹകരിച്ചിരുന്നില്ല. പ്രത്യേകിച്ച് വസൂരി കുത്തിവെപ്പിനോട്. വസൂരിയമ്മ കോപിക്കുമെന്നായിരുന്നു ഭയം. 1844-ല്‍ ആണ് കോഴിക്കോട് ഒരു ആശുപത്രി സ്ഥാപിക്കുന്നത്.
    1820-ല്‍ ആലപ്പുഴയില്‍ കോളറ പടര്‍ന്ന് പിടിച്ചപ്പോല്‍ റവ. നോര്‍ട്ടന്‍ ഒരു ഫണ്ട് സ്വരൂപിച്ച് ഷെഡ്ഡുണ്ടാക്കി രോഗികളെ ശുശ്രൂഷിച്ചു. ഒരു ഡോക്റ്ററെയും നിയമിക്കുകയുണ്ടായി.1870- ല്‍ കുന്നംകുളം, മാവേലിക്കര,മരാമണ്‍ എന്നിവിടങ്ങളില്‍ ഡിസ്പന്‍സറികള്‍ സ്ഥാപിച്ചതോടെയാണ് അലോപ്പതി ചികില്‍സ പടരുന്നത്. താഴ്ന്ന ജാതിക്കാരും അന്യമതസ്ഥരും ഡിസ്പന്‍സറികളെ ആശ്രയിച്ചിരുന്നെങ്കിലും (മരുന്നിനേക്കാള്‍ ഭക്ഷ്ണമായിരുന്നു അവരുടെ ഉന്നം. ജാതിഭേദം ഇല്ലെന്നതും ആകര്‍ഷകമായിരുന്നു.) സവര്‍ണ്ണര്‍ ഒരിക്കലും ഈ പൊതു ചികില്‍സാ പദ്ധതിയോട് മമത കാണിച്ചിരുന്നില്ല. 1870- ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മരുന്നു വാങ്ങിയ ആയിരത്തോല്ളം പേരില്‍ ഒരു മേനോണും ഒമ്പത് ബ്രാഹ്മണരും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. (വിവരങ്ങള്‍ക്ക് പലതിനും എല്‍.എ രവിവര്‍മ, പി.ഭാസ്കരനുണ്ണി എന്നിവരുടെ പുസ്തകങ്ങള്‍ക്ക് കടപ്പാട്.)ഒരു നൂറ്റണ്ടിനിപ്പുറത്ത് ഹോസ്പിറ്റല്‍ അറ്റാച്ഡ് അല്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഡോക്റ്ററില്‍ കുറഞ്ഞതൊന്നും തന്റെ സന്താനം ആകേണ്ടാ എന്ന ചിന്തയിലേക്ക് മലയാളി എത്തപ്പെട്ടിരിക്കുന്നു. മൂന്നു നാലു വര്‍ഷം മുമ്പ് ഹോസ്പിറ്റലില്‍ അല്ലാത്ത ഒരു സ്വാഭാവിക പ്രസവം ഒരു വാരാന്ത്പതിപ്പില്‍ മഹാത്ഭുതമെന്നവണ്ണം കവര്‍ സ്റ്റോറിയായാണ് പ്രത്യക്ഷപ്പെട്ടത്. ഞെട്ടിത്തരിച്ച് എത്രപേരാണ് ഈ മഹാപാതകത്തിനെതിരെ പ്രതികരിച്ചത്!
    അലോപ്പതിയെ ചികില്‍സയുടെ അവസാന വാക്കാക്കി മാറ്റിയതില്‍ ഏറ്റവും വലിയ പങ്ക് കോളറയ്ക്കാണ്. മറ്റു പകര്‍ച്ചവ്യാധികളൊക്കെ വിദേശിയാണെങ്കില്‍ കോളറ മെയ്ഡ് ഇന്‍ ഇന്‍ഡ്യയാണ്. 1815-25 കാലത്താണ് കോളറ ഇന്‍ഡ്യയില്‍ നടമാടിയത്. ബംഗാളില്‍ മാത്രം പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കി. കേരളവും പ്രത്യേകിച്ച് മധ്യതിരുവിതാംകൂറും മറ്റും കോളറ ഒരുപാട് ജീവനെടുത്തു.
    "നാട്ടാരെല്ലാം വിഷൂചിലഹളയിലുതിരുംകാലമദ്ദീനമായ്തന്‍ കൂട്ടാളയ്യോ പിരിഞ്ഞീടിന......... "എന്ന് വി സി. ബാലകൃഷ്ണപണിക്കര്‍ വിലാപത്തില്‍ ആ കെട്ടകാലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.
    രസകരമായ മറ്റൊരു കാര്യം വിദേശവൈദ്യം കൊണ്ടുമാത്രമല്ല വിദേശമദ്യം കൊണ്ടും കോളറയെ മെരുക്കാന്‍ ജനം ചില പണികള്‍ ചെയ്തിരുന്നു എന്നതാണ്. വിദേശമദ്യം എന്നാല്‍ മലയാളിക്ക് പണ്ടും ബ്രാണ്ടിയാണ്. വിദേശമദ്യഷോപ്പുകള്‍ മറ്റെല്ലായിടത്തും വൈന്‍ ഷോപ്പായിരിക്കെ ഇവിടെ മാത്രം അത് ബ്രാണ്ടി ഷാപ്പാണ് (തമിഴില്‍ എഴുതുക പിരാന്തിക്കടൈ എന്ന്). വീഞ്ഞിനെ വെള്ളമാക്കുന്ന എത്ര പ്രസംഗം നമ്മുടെ അച്ചന്‍മാര്‍ നടത്തിയിട്ടും വീഞ്ഞിനോട് മലയാളിക്ക് തികഞ്ഞ പുഛം. അടിക്കുന്നെങ്കില്‍ അത് ആണായി പിറന്ന ബ്രാണ്ടിയെ തന്നെ വേണം. ഏതളവായാലും. ശ്രീനിവാസന്‍ ആദ്യമായി ബാറില്‍ കേറി ചോദിക്കുന്നത് ഒരു ഗ്ലാസ്സ് ബ്രാണ്ടി എന്നാണ്. കക്ഷിയുടെ ജന്മദേശം സ്പെയിന്‍ ആണ്. കൂടുതല്‍ കയറ്റി അയയ്ക്കാന്‍ വേണ്ടി വീഞ്ഞു വാറ്റിയപ്പോള്‍ സംഭവിച്ച ജന്മമാണിത്. ശരിക്കും അസുരന്‍. ആല്‍ക്കഹോള്‍ അംശം 40% കടക്കും. സായിപ്പന്മാരുടെ ഇഷ്ട ബ്രാന്റ് ആയതിനാലോ നമ്മുടെ വാറ്റിന് കിടപിടിക്കുന്നതുകൊണ്ടോ എന്നറിയില്ല പണ്ടുമുതലേ വിദേശിക്ക് പര്യായം ബ്രാണ്ടിയാണ്. മദ്യമായി മാത്രമല്ല മരുന്നായും ഇവനെ സേവിച്ചിരുന്നു. (മരുന്നിന് കഴിച്ചാല്‍ മതി അര്‍മാദിക്കരുതെന്ന് സാരം.) പ്രസവരക്ഷക്ക് മിലിട്ടറി ആശുപത്രികളില്‍ സ്പൂണ്‍ കണക്കില്‍ ബ്രാണ്ടി കൊടുത്തിരുന്നു. കേരളം മുഴുവന്‍ കോളറ നടമാടിയപ്പോള്‍ ബ്രാണ്ടി ബെയ്സ് ആയ പല മരുന്നുകള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു കുറിപ്പടി ഇതാ:(കുട്ടനാട്ടില്‍ വീണ്ടും കോളറ പടരുന്ന ഈ കാലത്ത് ആര്‍ക്കെങ്കിലും പരീക്ഷിക്കാം.)
    വിഷൂചികക്കൊരൗഷധം
    ചുക്ക്, കറയാമ്പൂ, കറുവാത്തൊലി, ജാതിക്ക, ഏറ്റവും കാരമുള്ള കപ്പല്‍മുളക് എന്നിവ ഓരോന്ന് ഒന്നേക്കാള്‍ ഉറുപ്പിക തൂക്കം എടുത്ത് (൧/൨ ഔണ്‍സ്) എടുത്ത് എല്ലാം പൊടിച്ച് സശേഷം ഒരു കുപ്പി ബ്രാണ്ടിയില്‍ ഇട്ട് ഒരു മണിക്കൂറോളം കൂടെ കൂടെ കുലുക്കുക. അതില്‍ പിന്നെ ൧൨ മണിക്കൂറ് കഴിഞ്നിട്ടു മാത്രമേ ഉപയോഗിക്കാവൂ.പ്രയോഗം: ഒരു തംബ്ലര്‍ പകുതിയോളം ചൂടുവെള്ളം പകര്‍ന്ന് മൂന്നു നാല് കരണ്ടി പഞ്ചസാരയും ഇട്ട് മേല്പറഞ്ഞ കൂട്ടില്‍ നിന്ന് ഒരു കരണ്ടി കുപ്പി കുലുക്കാതെ എടുത്ത് തംബ്ലറില്‍ പകര്‍ന്ന് കഴിയുന്നേടത്തോളം ചൂടോടെ കുടിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് ഭേദം കാണുന്നില്ലെങ്കില്‍ വീണ്ടും ഒരു മാത്ര കൊടുക്കേണം. എന്നാല്‍ അത് അത്യാവശ്യമായിത്തീരുന്നത് ദുര്‍ലഭമായിരിക്കും. രോഗിയെ ചൂടുള്ള കംബിളി കൊണ്ട് പുതക്കേണം. കൂടെ കൂടെ കഞ്ഞി വെള്ളം കുടിക്കയും വേണം.(ഫ്രോണ്‍ മേയറുടെ A PROGRESSIVE GRAMMAR OF THE MALAYALAM LANGUAGE - ല്‍ ഉദ്ധരിച്ചത്.)
    വാറ്റില്‍ നാലു കുരുമുളകു മണിയിട്ട് സകല അസ്കിതയും ഒറ്റവലിക്ക് കളയുന്ന ഞങ്ങളോടാണോ മാഷിന്റെ ഈ ചികില്‍സോപദേശം എന്ന് പിറകില്‍ നിന്ന് പറഞ്ഞതാരാണ്? ആരാണ്?
    http://sngscollege.info
    http://vijnanacintamani.org

    Monday 15 June 2009

    സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.

    (അഴീക്കോട് വിവാദത്തില്‍ വീണ്ടും ഹാജരായതില്‍ ക്ഷമിക്കണം. ഇതൊരു അനുബന്ധം മാത്രം.)
    വി.എസ്സില്‍ നിന്നൊരു വിളി മതി, ഒരു വാക്കു മതി എല്ലാ പ്രശ്നവും തീരും എന്ന് പ്രൊഫസ്സര്‍ നിലവിളിച്ചു പറഞ്ഞിട്ടും എന്തോ ആ ഒടുക്കത്തെ വിളി വന്നില്ല. അപ്പോഴതാ പിന്നില്‍ നിന്നൊരു കൂക്കി വിളി. അഴീക്കോട് തിരിഞ്ഞു നോക്കി. സംശയമില്ല മുകുന്ദന്‍ തന്നെ.
    കുറച്ച്‌ നാള്‍ മുമ്പ്‌ വി എസ്സിനെ വിമര്‍ശിച്ച്‌ ചിലത്‌ പറഞ്ഞതിന്റെ പേരില്‍ തന്റെ കോലങ്ങള്‍ തെരുവില്‍ കത്തുന്നതു കണ്ട്‌ പേടിച്ച്‌ സമസ്താപരാധം പറഞ്ഞ്‌ മാതൃഭൂമി വാരികയില്‍ 'നിന്ന് മുള്ളിയവനാ'ണ്‌ കക്ഷി. തന്റെ അത്ര മയിലേജ്‌ ഇല്ലാത്തവന്‍. എന്ത്‌ ചെയ്യാം മറ്റൊരു കൂട്ടുജീവിയും കൂട്ടിനില്ല ( പട്ടി എന്ന് വിളിച്ചെന്ന് തെറ്റിദ്ധരിക്കല്ലേ)
    ഈ.എം എസ്സിനു ശേഷം മലയാളികള്‍ക്ക്‌ വിശ്വസിച്ചു പിന്തുടരാവുന്ന ഒരാളേ ഭൂമുഖത്തുള്ളൂ അത്‌ സുകുമാര്‍ അഴീക്കോട്‌ ആണ്‌ എന്നും അദ്ദേഹം സി.പി യെമ്മിന്റെ മാത്രമല്ല എല്ലാ മലയാളികളുടെയും സുപ്പീരിയര്‍ അഡ്വൈസര്‍ ആണെന്നുമാണ്‍ മുകുന്ദോക്തി. 'അദ്ദേഹത്തിന്റെ കാലശേഷം ഞാനും' എന്ന് വിനയം കൊണ്ടാണെന്നു തോന്നുന്നു, മുകുന്ദന്‍ പറഞ്ഞില്ല. ഇ. എം.എസ്സ്‌ അനുസ്മരണ പരിപാടിയില്‍ അഴീക്കോടിനെയും എം എ.ബേബിയെയും സാക്ഷി നിര്‍ത്തിയായിരുന്നു മുകുന്ദന്റെ ഈ പുറം ചൊറിയല്‍.
    രണ്ട്‌ പഴയ കമ്മ്യുണിസ്റ്റ്‌ വിരുദ്ധരുംചേര്‍ന്ന് തങ്ങളെ ഒരരുക്കാക്കി കളയുമോ എന്ന ഭയമുള്ളതു കൊണ്ടോ ഇപ്പോഴത്തെ നേതാക്കന്മാരൊക്കെ വിക്കുള്ളവരാണെന്ന അഴീക്കോടിന്റെ വീക്ക്‌ അത്ര സുഖിക്കാത്തതുകൊണ്ടോ എന്നറിയില്ല, എം.എ.ബേബി ഇതിനോട്‌ വിയോജിച്ച്‌ 'അങ്ങനെ ഒരു അപ്രമാദിത്വം ആര്‍ക്കുമില്ലെന്ന് ' തുറന്നടിച്ചു.വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇതാ:
    "തൃശ്ശൂര്‍: ഇ.എം.എസ്സിനുശേഷം ആര്‌ എന്നു ചോദിച്ചാല്‍ ആര്‍ക്കും അപ്രമാദിത്വം ഇല്ലെന്ന മറുപടിയാണ്‌ നല്ലെതെന്ന്‌ മന്ത്രി എം.എ. ബേബി പറഞ്ഞു. ഇ.എം.എസ്സിന്റെ അഭാവത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിനൊപ്പം നില്‍ക്കാമെന്ന സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം. മുകുന്ദന്റെ പ്രസ്‌താവനയോട്‌ വിയോജിച്ചുകൊണ്ടാണ്‌ ബേബി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. കോസ്റ്റ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 'ഇ.എം.എസ്സിന്റെ സാംസ്‌കാരിക രംഗത്തെ സാന്നിധ്യം' സംബന്ധിച്ച സെമിനാറിലായിരുന്നു ഇത്‌. എല്ലാ മലയാളികളുടെയും സുപ്പീരിയര്‍ അഡൈ്വസറാണ്‌ അഴീക്കോടെന്ന്‌ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പിന്നീട്‌ സംസാരിച്ച മന്ത്രി ബേബി, അഴീക്കോട്‌ ബഹുമാന്യനായിരിക്കുമ്പോള്‍ത്തന്നെ അപ്രമാദിത്വം ആര്‍ക്കും വേണ്ടെന്ന മറുപടി നല്‌കി. ആര്‍ക്കൊപ്പം നില്‍ക്കണമെന്നു ചോദിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കണം എന്നുപറയാം. മറ്റുള്ളവരുടെ കാലില്‍ ചവിട്ടുകയുമരുത്‌. വിമര്‍ശത്തോളം സ്വയംവിമര്‍ശവും വേണം. ഇ.എം.എസ്‌. അത്‌ നടത്തിയിട്ടുണ്ട്‌. സങ്കീര്‍ണമായ രാഷ്ട്രീയസാഹചര്യങ്ങളെ സംസ്‌കാരസമ്പന്നമായി ഇ.എം.എസ്‌. നേരിട്ടു. എഴുതുമ്പോഴും ക്ലാസെടുക്കുമ്പോഴും ആ സംസ്‌കാരം ഉണ്ടായിരുന്നു- ബേബി പറഞ്ഞു. എല്ലാ എതിര്‍പ്പുകളെയും വാക്കും ചിന്തകളും കൊണ്ടാണ്‌ ഇ.എം.എസ്‌. നേരിട്ടതെന്ന്‌ മുഖ്യപ്രഭാഷണത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. ഇന്നത്തെ നേതാക്കള്‍ക്ക്‌ നഷ്ടമായ സിദ്ധിയാണത്‌. ഏതു സംഭവത്തിലും അപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ ഇ.എം.എസ്സിനു കഴിയുമായിരുന്നു. ആ അര്‍ത്ഥത്തില്‍ വിക്കില്ലാത്ത നേതാവാണ്‌ അദ്ദേഹം. പിന്നീടുള്ള എല്ലാ നേതാക്കള്‍ക്കും വിക്കുണ്ടുതാനും. ഇ.എം.എസ്സിനെ ദേശീയ മുഖ്യധാരയില്‍നിന്ന്‌ മാറ്റിക്കൊണ്ടുപോവുകയെന്നത്‌ ചില പണ്ഡിതരുടെ സാമര്‍ത്ഥ്യമാണ്‌. ഗാന്ധിജിയെപ്പോലെ രാഷ്ട്രീയത്തിനുമപ്പുറത്തേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ച ദേശീയ നേതാവാണ്‌ അദ്ദേഹം- അഴീക്കോട്‌ പറഞ്ഞു"
    മാതൃഭൂമിയോട്‌ വാര്‍ത്തക്ക്‌ കടപ്പാട്‌.
    രാഷ്ട്രീയം എല്ലാ വൃത്തികേടുകളുടേയും അവസാന വാക്കാണെന്ന് പറഞ്ഞ ആ വിശ്വസാഹിത്യകാരന്‍ കുഴിമാടത്തില്‍ കിടന്ന് തന്റെ ആ വചനം തിരുത്തി രാഷ്ട്രീയം എന്നതിനു പകരം തന്റെ വര്‍ഗത്തിന്റെ പണിയായ സാഹിത്യം എന്ന് എഴുതിചേര്‍ക്കുമ്പോള്‍ സ്വയം ശപിക്കുന്നതിനിടെ 'മുകുണ്ടന്‍, അഴീക്കോറ്റ്‌ ' എന്നൊക്കെ ഉച്ചാരണം തെറ്റി പിറുപിറുക്കുന്നതും തൊട്ടടുത്തു കിടന്ന് കൃഷ്ണന്‍ നായര്‍ സാര്‍ ശരിയായ ഉച്ചാരണം പഠിപ്പിക്കുന്നതും കേട്ടെന്ന് മറ്റേ ലോകത്തു നിന്ന് ആരുടെയും സ്വന്തമല്ലാത്ത ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
    http://sngscollege.info
    http://vijnanacintamani.org

    Saturday 6 June 2009

    മലയാളി ഓര്‍‍ക്കുന്നുണ്ടോ?

    മലയാളി ഓര്‍‍ക്കുന്നുണ്ടോ?
    April -29 ശങ്കരാചാര്യജയന്തി. തത്വജ്ഞാനി ദിനം.എല്ലാവര്‍ക്കും ഒരു ദിനം എന്ന പോലെ തത്വചിന്തകന്മാര്‍ക്കും ഒരു ദിവസം. ശങ്കരാചാര്യരുടെ നാടായതിനാലാണ് കാലടിയില്‍ ജാതിക്ക് ഏറ്റവും വിളവുള്ളത് എന്നത് ഒരു പഴയ തമാശയാണ്.
    April -30സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പിറന്നാള്‍. ലോകത്തു മറ്റെവിടെയെങ്കിലും ഇങ്ങിനെയൊന്നു കേട്ടിട്ടുണ്ടോ?
    May-1തൊഴിലാളികള്‍ കടമ മറക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞതിന് പിറകെ ലോക തൊഴിലാളി ദിനം . മാര്‍ക്സിയന്‍ നിര്‍വചനപ്രകാരം ഞാനടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലാളികള്‍ അല്ലെന്നു ലോകതൊഴിലാളി നേതാവ് കെ. വേണു.
    May -3തൃശ്ശൂര്‍ പുരം. ആനയുടെ എണ്ണത്തിലും കമ്പക്കെട്ടിലുമൊക്കെ വേറെ പൂരങ്ങള്‍ മുന്നിലാണെങ്കിലും തൃശ്ശൂരെ പൂരമാണ് പൂരം. പൂരങ്ങളില്‍ പൂമാന്‍. ആറാട്ടുപുഴപ്പൂരത്തിന് പേമാരി പെയ്ത് തൃശ്ശുര്‍ ദേശക്കാര്‍ക്ക് പോകാന്‍ കഴിയാത്തതിന്റെ അരിശം തീര്‍ക്കാന്‍ ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പൂരമാണത്രേ ഇത്. ഇന്നും നാം സകല അരിശവും തീര്‍ക്കുന്നത് പുരത്തിനാണ്. പൂരപ്പറമ്പില്‍ തീര്‍ത്തുതരാം എന്നാണ് ഏത് അടപിടിക്കും ഒടുവിലുള്ള വെല്ലുവിളി.മോളേങ്കാവിലെ പൂരോംകഴിഞ്ഞുചേപ്പന്റെ ഷാപ്പിലെ കള്ളും കഴിഞ്ഞുപിന്നെന്താടി കോച്ചിപ്പെണ്ണേനമ്മളുതമ്മില് മിണ്ട്യാല്-എന്നൊരു ചെറുമക്കളിപ്പാട്ട്.
    May- 5കുഞ്ചന്‍ ദിനം.മെയ് അഞ്ചും കുഞ്ചനും തമ്മില്‍ ഒരു ഇഞ്ചബന്ധമല്ലാതെ മറ്റെന്തുണ്‍ട്? മലയാളത്തിലെ മഹാകവികളെ നേരിട്ടു കേട്ടത് കുട്ടിക്കാലത്ത് ഈ ദിനത്തിനാണ്. വൈലോപ്പിള്ളിയേക്കാള്‍ കേമന്‍ ചെമ്മനം ചാക്കോയാണെന്ന് അന്ന് തോന്നിയിരുന്നു!
    May-6 1967-ല്‍ ഡോ സാക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ പ്രഥമ മുസ്ലീം പ്രസിഡെന്റ് ആയി തിര്‍ഞ്ഞെടുക്കപ്പെട്ടു.
    May-11വൈലോപ്പിള്ളിയെ ഓര്‍ക്കാന്‍ ഈ ദിനം.
    May -15നിത്യചൈതന്യ യതി ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍ മലയാളിയുടെ ചിന്താദാരിദ്ര്യം തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എഴുതിയത് ഇ.എം.എസ്സോ യതിയോ എന്നത് ഗവേഷണകാലത്തെ ഒരു തര്‍ക്കമായിരുന്നു. വല്ല വീരനും ആ സ്ഥാനം പിടിച്ചടക്കുമോ എന്നത് ഇന്നത്തെ ഭയവും.
    May- 19സി.വി.രാമന്‍പിള്ളയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തിന്റെ അവസാനം ഇന്ന്.തിരകളിളകാത്ത കടലിനെ സങ്കല്പ്പിക്കാണ്‍ കഴിഞ്ഞ മഹാശീല്പ്പി. "ആണുങ്ങളില്ലാത്ത കുറ വലിയ കുറ" എന്ന് ഘനഗംഭീരമായ ശബ്ദം ഇന്നും ചെവിയില്‍ മുഴങ്ങുന്നു.
    May - 20വാസ്കൊഡെ ഗാമ കോഴിക്കോട് കാപ്പോറ്റെക്ക് (കാപ്പാട്) കപ്പലിറങ്ങിയ ദിനം. അധിനിവേശത്തിനെ ഒരു യുഗം ആരംഭിക്കുന്നു. വാസ്കോദെ ഗാമ സാമൂതിരിയെ കാണാന്‍ വന്ന വേഷം നല്ല ഒരു അഴകിയ രാവണന്റേതായിരുന്നു. "കണങ്കാല്‍ വരെ എത്തൂന്ന കപില വര്‍ണത്തിലുള്ള സാറ്റിന്‍ തുണിയുടെ കസവുകരകളിട്ട നീണ്ട മേലങ്കി, അതിനിടയില്‍ സാറ്റിന്‍ തുണിയുടെ കുപ്പായം, കഴുത്തില്‍ വെളുത്ത ഉറുമാല്‍, തലയില്‍ നീല സാറ്റിന്‍ കിന്നരി വെച്ച തൊപ്പി, പളപളാ മിന്നുന്ന മഡലുകള്‍ക്ക് മുകളില്‍ ഒരു വെളുത്ത തൂവല്‍, തോളത്ത് വില പിടിച്ച എനാമല്‍ കൊണ്ടുള്ള കോളര്‍, മനോഹരമായ ഒരു കഠാര തൂക്കിയിട്ട അരപ്പട്ട." (ലോഗന്റെ മലബാര്‍ മാനുവലില്‍ നിന്ന് )ഇന്നെന്തെല്ലാം തരം അധിനിവേശ്ത്തിന്റെ പുതിയ വേഷങ്ങള്‍, , ഏതെല്ലാം തരം ഗാമമാര്‍, ശീമകള്‍!
    http://sngscollege.info
    http://vijnanacintamani.org

    Thursday 4 June 2009

    സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍!

    (ക്ഷമിക്കണം, ചമല്‍ക്കാരഭാഷ മനസിലാവത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്. വായിച്ചാലും തല്ലിന് വരരുത്.)
    നിര്‍ഭാഗ്യവശാല്‍ അഴീക്കോടിലേക്ക്‌ വീണ്ടും തിരിച്ചെത്തേണ്ടിയിരിക്കുന്നു. വാടകവീടുകളിലെ ഇടിഞ്ഞുപൊളിഞ്ഞ ടോയ് ലെറ്റുകളിലേക്ക് പോകുമ്പോള്‍ നമുക്കനുഭവപ്പെടാറുള്ള അനിവര്യമായ ആ മടുപ്പില്ലേ. അങ്ങനെ കരുതിയാലും മതി. ഇടക്കിടെ ആവര്‍ത്തിക്കേണ്ടിവരുന്ന മടുപ്പിക്കുന്ന ഇത്തരം മടക്കങ്ങളാണു നമ്മുടെ ജീവിതങ്ങളില്‍ പന്മനമാഷന്മാര്‍ക്കു പെട്ടെന്നു തിരുത്താവുന്ന വ്യാകരണതെറ്റുകള്‍ ഉണ്ടാക്കുന്നതെന്നു തോന്നുന്നു. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പു പരാജയങ്ങളുമായി ബന്ധപ്പെട്ട് അഴീക്കോടിന്റെ ഒരു പ്രസ്താവനയെ പറ്റി എഴുതേണ്ടിവന്നു. അഴീക്കോട്‌ സി.പി.എമ്മിന്റെ രാജഗുരുവാകാന്‍ ശ്രമിക്കുകയാണോ എന്നും അദ്ദേഹം സി പി. എമ്മിലെ തര്‍ക്കങ്ങളില്‍ വലിഞ്ഞു കയറി ചോര നക്കുന്നതെന്തിനാണു? അഴീക്കോടിനു ഉപദേശിക്കാവുന്ന നിലയിലേക്ക്‌ ആ പാര്‍ട്ടി എത്തപ്പെട്ടുവോ എന്നുമൊക്കെയായിരുന്നു എന്റെ ചോദ്യം. കേരളം പൊതുവെ വഞ്ചനയുടെ ചിരിയെ പറ്റിയുള്ള ആ സാംസ്കാരിക നായകന്റെ പ്രസ്താവനയോട്‌ പുഛം പുലര്‍ത്തി എന്നാണു എന്റെ തോന്നല്‍. അതില്‍ ഒരു ആഗ്രഹഘടകം ഉണര്‍ന്നിരിക്കുന്നുണ്ടെങ്കിലും ) കാശിനു പ്രസംഗിക്കുന്നവനാണു അഴീക്കോട്‌ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ കമന്റ്‌. അഴീക്കോടിന്റെ നിലവാരത്തിനു പറ്റിയ ഈ പ്രതിയോഗി പണ്ടും ഈ കാര്യം പറഞ്ഞപ്പോള്‍ മാഷ്‌ വികാരവിവശനായി താന്‍ ഒരിക്കലും കൂലിക്ക്‌ പ്രസംഗിച്ചിട്ടില്ലെന്ന് ആണയിടുകയുണ്ടായി. സംഗതി ശരിയാ.കഴിഞ്ഞ ലക്കം ടോപ്പ്‌ ഗിയര്‍ മാസികയിലാണെന്നു തോന്നുന്നു. പണക്കാര്‍ക്ക്‌ മാത്രം കണ്ടിട്ടുള്ള തന്റെ വലിയ ആ കാറിന്റെ മഹത്വം വിളംബരം ചെയ്യുന്ന അഴീക്കോടിനെ കാണാം. അഴീക്കോട്‌ കാറിലേ സഞ്ചരിക്കൂ.പ്രസംഗിക്കാനും വരൂ. എന്നു കരുതി നിങ്ങളാരും ടാക്സി കൊണ്ടോ ആരാധന മൂത്ത്‌ സ്വന്തം കാറു കോണ്ടോ ചെന്നേക്കരുത്‌. വിവരമറിയും. ഇന്നസെന്റ്‌ പറയുന്നതു പോലെ ഞാനെന്റെ സ്വന്തം കാറില്‍ വരും. കിലോമീറ്റര്‍ ചാര്‍ജ്ജ്‌ കുറച്ചു കൂടും എന്ന് മാത്രം ഡീലിങ്ങ്സൊക്കെ ഡ്രൈവറുമായിട്ടാണു . ഏതു?
    ഇപ്പോഴിതാ ചില തുടര്‍പ്രസ്താവനകളിലൂടെ അദ്ദേഹം വീണ്ടും കൂലിത്തല്ലിനു ഇറങ്ങിയിരിക്കുന്നു. താന്‍ പറയാന്‍ ഉദ്ദേശിച്ചത്‌ വഞ്ചനയുടെ ചിരി എന്നല്ല അശ്ലീലച്ചിരി എന്നായിരുന്നു എന്നാണ് ഒന്നാമത്തെ വെളിപ്പെടുത്തല്‍. അതെന്തു ചിരി എന്നറിയാന്‍ ഈ അഭിമുഖം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറില്‍ പിണറായിക്കും വി എസ്സിനുമിടയില്‍ ഇരിക്കുന്ന അഴീക്കോടിന്റെ മുഖത്തേക്ക്‌ നോക്കിയാല്‍ മതി.
    ഈ അഭിമുഖത്തില്‍ അണ്ഡകടാഹത്തെ മുഴുവന്‍ വിറപ്പിക്കുന്ന ചില ഉഗ്രന്‍ വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരിക്കുന്നു. 'ഞാനൊരു ഇടതുപക്ഷ സഹയാത്രികനല്ല. ഞാനവരുടെ ദൈനംദിന കാര്യങ്ങളിലൊന്നും ഇടപെടാറില്ല. വാസ്‌തവത്തില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസറാണ്‌ ഞാന്‍. പാവങ്ങളുടെ ക്ലേശം പരിഹരിക്കാന്‍ ഏത്‌ പാര്‍ട്ടിയാണോ ശ്രമിക്കുന്നത്‌ അവരോടൊപ്പം നില്‍ക്കുകയാണ്‌ എന്റെ പൊളിറ്റിക്‌സ്‌ ' എന്നൊക്കെയാണ് അത്. സംഗതി തിരിഞ്ഞോ? പാര്‍ടിയുടെ ആസ്ഥാന ഉപദേശകന്‍. സീനിയര്‍ നമ്പര്‍ വണ്‍! സംസ്ഥാന അടിസ്ഥാനത്തിലാണോ അതോ അഖിലേന്‍ഡ്യാ തലത്തിലോ പോസ്റ്റിങ്ങ് എന്ന് വ്യക്തമല്ല. പാര്ട്ടി ഭരണഘടന പ്രകാരം അങിനെ ഒരു തസ്തികയുണ്ടോ എന്നുമറിഞ്ഞു കൂടാ. ഇല്ലെന്നാണ് മറ്റൊരു ചേട്ടന്‍ വി.എസ്സ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ആ ചേട്ടന്‍ വി എസ്സ്.കൂട്ടില്‍ കാഷ്ഠിക്കുന്നവനാണ് എന്ന് മറ്റൊരു മഹദ് വചനവുമുണ്ട്..(നെരത്തേ വലിയേട്ടന്‍ എന്നാണ് വി എസ്സിനെ ബഹുമാനിച്ചത് എന്ന് ഓര്‍മ്മയുണ്ടല്ലോ, അപ്പോള്‍ കൂടെ കിടക്കുന്നവനല്ലേ രാപ്പനിയറിയൂ) . അതിനെ പട്ടി എന്ന് പച്ച മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു മനസ്സിലാക്കി മുഖ്യമന്ത്രി മറുപടി പറഞ്ഞത് ആളുകളെ പട്ടി എന്നു വിളിക്കുന്ന ആ സംസ്കാരത്തിന് മറുപടി പറയാന്‍ ഞാനില്ല എന്നാണ്.
    ''മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ മുന്‍ പേജില്‍ തന്നെ അഴീക്കോട്‌ പറഞ്ഞ കാര്യം ഞാന്‍ കണ്ടു. അവനവന്‍ ഇരിക്കുന്ന കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന സ്വഭാവമാണ്‌ എനിക്കുള്ളതെന്നാണ്‌ അതില്‍ പറയുന്നത്‌. അങ്ങനെ ചെയ്യുന്നത്‌ പട്ടികളാണല്ലോ. അപ്പോള്‍ അദ്ദേഹം അങ്ങിനെയാണ്‌ തന്നെ ചിത്രീകരിച്ചിരിക്കുന്നത്‌. തന്നെ പട്ടിയെന്ന്‌ വിളിച്ചതിന്‌ അദ്ദേഹം ഒരു ആധികാരികതയും പറയുന്നുണ്ട്‌. അദ്ദേഹം പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസര്‍ ആണെന്നാണ്‌. അങ്ങനെ ആരാണാവോ അദ്ദേഹത്തെ ഇങ്ങനെയൊരു ഓഫീസറായി നിയമിച്ചതെന്ന്‌ എനിക്ക്‌ ഇതേ വരെ പിടികിട്ടിയിട്ടില്ല''.
    "അതിന്‌ മറുപടി പറയാന്‍ നല്ല വാചകം കിട്ടുന്നില്ല- എന്റെ സംസ്‌കാരത്തിന്‌ പറ്റുന്ന തരത്തില്‍. സംസ്‌കാരമുള്ളവര്‍ക്ക്‌ ചേര്‍ന്ന പരാമര്‍ശമല്ല അഴീക്കോട്‌ നടത്തിയത്‌. ഒരോരുത്തരും അവരുടെ കള്‍ച്ചര്‍ അനുസരിച്ച്‌ അഭിപ്രായങ്ങള്‍ പറയാറുണ്ട്‌. എനിക്കെതിരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ച്‌ പണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്‌. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്‍ഡ്യയിലെയും ലോകത്തെയും കേരളത്തിലെയും എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്‌.
    പക്ഷേ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ അവരവരുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ അവപ്രകടിപ്പിക്കും എന്ന്‌ മാത്രം. അത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാനും കഴിയും. " (മാതൃഭൂമിയോട് കടപ്പാട്. വീരേന്ദ്രകുമാറിനോടല്ല കേട്ടോ)
    ഹമ്പോ! പട്ടിയുടെ നിലവാരം പോലുമില്ലാത്ത, എത്ര സംസ്കാരശൂന്യമായ മറുപടി! ഇതിനുള്ള അഴീക്കോടിന്റെ മറുമറുപടി അതിനേക്കാള്‍ കലക്കി. ചമല്‍ക്കാര ഘടിതമായ തന്റെ അലങ്കാര ഭാഷ വി എസ്സിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല,പട്ടിയെയല്ല പക്ഷിയെയാണ് താന്‍ ഉദ്ദേശിച്ചത്, മനുഷ്യന്‍ എന്നുമാവാം. (നമ്മളൊക്കെ ശരീരമാകുന്ന പഞ്ജരത്തില്‍ കുടുങ്ങി കിടക്കുന്ന മനസ്സില്‍ കാഷ്ഠിക്കുന്ന വെറും ആത്മാക്കളല്ലേ, തത്വമസി വായിച്ചിട്ടില്ലാത്തവന്റെയൊക്കെ ജന്മം നിഷ്ഫലം!) വിമര്‍ശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ചില ഹിംസ്ര ജന്തുക്കളുടേതു പോലെയാണ് എന്നൊക്കെയണ് ആ പരിദേവനം. (അലങ്കാര ശാസ്ത്രം പഠിക്കാത്തവനൊക്കെ മുഖ്യ മന്ത്രിയായാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും, മാഷേ)
    കണ്ടോ? ഇനി കൊഞ്ഞാണനും കുരങ്ങനുമൊക്കെ സൈദ്ധാന്തിക സാംസ്കാരിക വിശകലനം നടത്തിയ മറ്റു ചേട്ടന്‍ന്മാര്‍ക്കു പണിയായി. കൂട്ടില്‍ കാഷ്ഠിക്കുന്ന ആ വിശിഷ്ട ജീവി 'വൈല്‍ഡ് ആനിമല്‍' ആരെന്ന് വിശദീകരിക്കുന്ന ആളുകള്‍ക്ക് പിടികൊടുക്കാത്ത ഫാഷയില്‍ ലേഖനമെഴുതണമല്ലോ.
    പിന്നെ പാര്‍ടി സെക്രട്ടറീക്കോ? ഇനിയും മിണ്ടാതിരുന്ന് കളി ആസ്വദിച്ചാല്‍ മതിയോ? പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ, പോളിറ്റ് ബുറോ മെമ്പര്‍ക്കെതിരെ ഇത്ര മോശം പരാമര്‍ശം നടത്തിയ അഴീക്കോടിനെതിരെ ഒരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കണ്ടേ. ദേശാഭിമാനിയിലെ കോളമെഴുത്തു പരിപാടി അവസാനിപ്പിക്കാന്‍ പറയണ്ടേ? ഏറ്റവും ചുരുങ്ങിയത് 'ഇത് പാര്‍ടി വേറെയാണ്. നിങ്ങള്‍ക്കൊരു ചുക്കുമറിഞ്ഞുകൂടാ ആസ്ഥാന ഉപദേശകന്‍ എന്നൊരു പോസ്റ്റ് ഇവിടെയില്ല' എന്നെങ്കിലും നാലാളോട് പറയേണ്ട ബാധ്യതയില്ലേ?
    അല്ല, വെറുതെ ചോദിച്ചുവെന്നു മാത്രം.

    http://sngscollege.info
    http://vijnanacintamani.org/

    Monday 1 June 2009

    മാധവിക്കുട്ടിക്ക് ഞങ്ങളുടെ അന്ത്യാഞ്ജലി

    മാധവിക്കുട്ടി (1934-2009)
    അബദ്ധങ്ങളുടെ മഹാറാണിയാണ് ഞാന്‍.................
    എന്നെ വേദനപ്പിച്ചവരെയും വേദനയെയും ഞാനിന്ന് നന്ദിയോടെ മാത്രം ഓര്‍ക്കുന്നു.
    രഹസ്യങ്ങള്‍ ഒരു ചുമടായി മാറും, എന്നെപ്പോലുള്ള ഒരു യാത്രികയ്ക്ക്.
    ഭാരമില്ലാത്തവളായി ഞാന്‍ യാത്രയ്ക്കൊരുങ്ങുന്നു...
    ആദരാഞ്ജലികളോടെ,
    മലയാളവിഭാഗം,
    ഗവ. കോളേജ്,
    പട്ടാമ്പി .
    (രേഖാചിത്രം- ശ്രീലക്ഷ്മി, മൂന്നാം വര്‍ഷ ബി എ. മലയാളം)