അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 31 December 2009

    ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!





    ബുക്കാനന്‍ ആളൊരു മമ്മൂട്ടി ഫാനല്ല. ബെര്‍ളിയുടെ കിടിലന്‍ പ്രയോഗം കടമെടുത്താല്‍ എം ടി ഹരിഹരന്‍ ടീമിന്റെ വയോജകസംരംഭം കണ്ട പ്രേക്ഷകനുമല്ല. സാക്ഷാല്‍ പഴശ്ശിരാജാ ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിലൂടെ കടന്നുപോയ ഒരു ശത്രുപക്ഷക്കാരന്‍ സായിപ്പ് മാത്രം. ഫ്രാന്‍സിസ് ബുക്കാനന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. പ്രശസ്തനായ ഇംഗ്ലീഷ് ഭിഷഗ്വരന്‍. കുറേക്കാലം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ സേവനമനുഷ്ടിച്ചു. ഒരു ഡോക്റ്റര്‍ എന്നതിലുപരി ചരിത്രം, ജനതാവിജ്ഞാനം, സസ്യശാസ്ത്രം, പരിസ്ഥിതിപഠനം, വംശീയവിജ്ഞാനം തുടങ്ങി വിവിധ മേഖലകളില്‍ തികഞ്ഞ പണ്ഡിതന്‍. ഗവേഷകന്‍. നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവ്. 'A Journey from Madras through the countries of Mysore, Cananara and Malabar' എന്ന കൃതിയിലാണ്‌ ദക്ഷിണേന്‍ഡ്യക്കൊപ്പം കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തുന്നത്.ഇതിലെ ചില ഭാഗങ്ങള്‍ ബുക്കാനന്‍ കണ്ട കേരളം എന്നപേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക വ്യവസായ സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ്‌ ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. ടിപ്പുവിന്റെയും പഴശ്ശിയുടെയും സമരങ്ങളെ ക്കുറിച്ച് ഏറെ അറിവ്‌ തരുന്ന ആധാരഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ കൃതികള്‍ പരിഗണിച്ച് വരുന്നു.


    കേരളത്തിന്റെ കാര്‍ഷിക വ്യവസായിക സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ്‌ ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. തന്റെ മലബാര്‍ യാത്രയില്‍ 1800 ഡിസംബര്‍ 30, 31 തിയ്യതികളിലാണ്‌ അദ്ദേഹം പഴശ്ശി നാട്ടില്‍ എത്തുന്നത്. ബ്രിട്ടീഷുകാരന്റെ കൊളോണീയല്‍ ചരിത്രയുക്തിയാണ്‌ ഇന്‍ഡ്യാചരിത്രത്തെ തന്നെ ഹിന്ദു ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന ഭൂതകാലം, ഇസ്ലാമിക അധിനിവേശശക്തികള്‍ ആധിപത്യമുറപ്പിച്ച പില്‍ക്കാലം, യുറോപ്യന്‍ ആധുനിക അധിനിവേശകാലം എന്ന്‌ മൂന്നായി തിരിക്കുന്നത്. ഈ മൂന്ന് ശക്തികള്‍ തമ്മിലുള്ള വേഴ്ചയും ഇടര്‍ച്ചയും ഇടകലരുന്നതാണ്‌ ഇന്‍ഡ്യാചരിത്രം. ഇതില്‍ ഹിന്ദു നാട്ടു രാജാക്കന്മാര്‍ പലപ്പോഴും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്കോ സൈനിക ശക്തികള്‍ക്കോ എതിരെ ബ്രിട്ടീഷുകാരന്റെ കൂടെ അണിനിരക്കുന്നത് കാണാം. ഹിന്ദു നാട്ടുരാജ്യങ്ങളുടെ രക്ഷാപുരുഷസ്ഥാനത്ത് കമ്പനിയെ അവരോധിക്കാനുള്ള ശ്രമവും ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളില്‍ പ്രകടമാണ്‌. ഇസ്ലാമിക ഭരണകൂടങ്ങളെ അപരങ്ങളായി ചിത്രീകരിക്കുന്ന രീതി മറ്റു ചരിത്രകാരന്മാരെ പോലെ ബുക്കാനനുമുണ്ട്. കറകളഞ്ഞ കൊളോണിയല്‍ യുക്തികൊണ്ട് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മുസ്ലീങ്ങള്‍ക്കെതിരായി എങ്ങനെ ഉപയോഗിച്ചു എന്ന് ഈ വിവരണങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മുസ്ലീം സമൂഹത്തോട് ഒരു തരം അസഹിഷ്ണുത അദ്ദേഹം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ചരിത്രബോധത്തില്‍ മുസ്ലീമിനെ ഒരു അപരമായി സ്ഥാപിച്ചതില്‍ അക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്കും പാശ്ചാത്യ സഞ്ചാരികള്‍ക്കും വലിയ പങ്കുണ്ട്.


    മലബാറിലെ നാടുവാഴിത്തത്തിന്റെ മണ്ണ് ഉഴുതുമറിച്ച് വിപ്ലവത്തിന്റെ വിത്ത് പാകുന്നത് ടിപ്പുവിന്റെ ആക്രമണങ്ങളാണ്‌. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ ആധുനുകീകരണം ആരംഭിക്കുന്നത് അവിടെ നിന്നാണ്‌. ഭൂസുരന്മാരായ ബ്രാഹ്മണന്മാരും പ്രഭുക്കന്മാരും രാജാക്കന്മാരും പ്രാണരക്ഷാര്‍ത്ഥം തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്ന കാഴ്ച അവര്‍ണ്ണര്‍ക്കും ഇതരസമുദായങ്ങള്‍ക്കും നല്‍കിയ സ്വാതന്ത്ര്യവാഞ്ച അത്ര വലുതായിരുന്നു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ചവരുടെ കൂട്ടത്തില്‍ ഒരു നാട്ടു രാജാവായിരുന്നു പഴശ്ശിരാജാ എന്നറിയപ്പെട്ട കോട്ടയം കേരളവര്‍മ്മ. ഒരു പക്ഷേ ഈ മൂന്ന് ഘടങ്ങളും ഒരുപോലെ ഒത്തിണങ്ങിയ പ്രതിഭാസം. ബുക്കാനന്റെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്.
    രണ്ടാം പഴശ്ശികലാപത്തിന്റെ സമയത്താണ്‌ ബുക്കാനന്‍ ഒരു കാലത്ത് കൊട്ടിയോട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്ന കട്രോളി എന്ന് ബ്രിട്ടീഷുകാര്‍ പറയാറുള്ള കൊടുവള്ളിയില്‍ എത്തുന്നത്. ഡിസംബര്‍ മുപ്പതിഒന്നിന്‌. റോഡുകള്‍ സൈനിക നീക്കത്തിന്‌ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെങ്കിലും ചിലയിടങ്ങളില്‍ കുത്തനെയാണ്‌ എന്നദ്ദേഹം പറയുന്നു. മതിയായ ജീവിതമാര്‍ഗമില്ലാത്തതിനാല്‍ ബസാറിലെ കടകളൊക്കെ പൂട്ടിപ്പോയിരിക്കുന്നു. പഴശ്ശി രാജായെ ക്കുറിച്ച് ബെയ്‌ലി നല്‍കുന്ന റിപ്പോര്‍‍ട്ട് ഇതാണ്‌.

    "പഴശ്ശികുടുംബത്തില്‍ നാലു പുരുഷാംഗങ്ങളും രാജപദവി സ്വീകരിച്ചിട്ടുണ്ട്. മലബാറിലെ മറ്റ് രാജാക്കന്മാരെ പോലെ ഇവരില്‍ പ്രായം കൂടിയ മൂന്ന് രാജാക്കന്മാരും സുല്‍ത്താന്റെ ക്രൂരതയെ ഭയന്ന് രാജ്യം വിട്ടോടിപ്പോയി തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്നു. (മുസ്ലീം ആക്രമണത്തില്‍ നിന്ന് സവര്‍ണ്ണ സമൂഹങ്ങളെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജാവ് അങ്ങനെ ധര്‍മ്മരാജാവ് ആയി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരൊക്കെ കലാപകാരികളും!) എന്നാല്‍ നാലാമത്തെ ആള്‍ മുസ്ലീം സൈന്യത്തെ ധിക്കരിച്ചെതിര്‍ത്തുകൊണ്ട്, ചിലപ്പോളൊക്കെ കാട്ടിലേക്ക് പിന്‍ വാങ്ങി ഒളിച്ചിരുന്നും സൗകര്യം കിട്ടുമ്പോള്‍ നായര്‍ യോദ്ധാക്കളുമായി നാട്ടില്‍ കടന്ന് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി നികുതി പിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് സൈന്യത്തിന്റെ ആഗമനത്തോറ്റെ അദ്ദേഹം തന്റെ നായര്‍ പടയാളികളെ കമ്പനി സൈന്യത്തോട് സന്ധിച്ച് സുല്‍ത്താനെതിരായി പടപൊരുതി. കുടകിലെ രാജാവിനെപ്പോലെ പഴശ്ശിയെയും തന്റെ പൂര്‍വ സ്ഥാനത്ത് അവരോധിക്കുമെന്ന് ഇദ്ദേഹം ഒരു പക്ഷേ വിചാരിച്ചിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‌ നിരാശപ്പെടേണ്ടതായി വന്നു. സുല്‍ത്താന്‍ പരാജിതനായപ്പോള്‍ തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്ന മൂത്ത രാജാവ്‌ തര്‍ക്കങ്ങളില്‍ ഇടപെടേണ്ടാ എന്ന് കരുതി തിരുവിതാകൂറില് ‍തന്നെ കഴിഞ്ഞുകൂടാന്‍ തിരുമാനിച്ചു. ന്യായമായും കിരീടാവകാശികളായിരുന്ന മറ്റ് രണ്ടിളമുറ രാജാക്കന്മാരും മലബാറിലേക്ക് തിരിച്ച് വന്ന്‌ അവര്‍ക്ക് മറ്റ് രാജാക്കന്മാരെപ്പോലെ അവരുടെ പൂര്‍വ്വ രാജ്യത്തിന്റെ അധികാരം വേണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അവകാശവാദം ന്യായവുമായിരുന്നു.

    തന്മൂലം പ്രായോഗികമായി സാധ്യമായ രീതിയില്‍ താമരശ്ശേരി, കുറുമ്പ്രനാട് എന്നീസ്ഥലങ്ങളില്‍ അവരെ വാഴിക്കുകയും ആദായത്തിന്റെ അഞ്ചിലൊന്ന് അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിനെ നാലാം കൂര്‍ രാജാവായ പഴശ്ശിരാജാ എതിര്‍ത്തു. താന്‍ മാത്രമാണ്‌ ടിപ്പുവിനെതിരായി ധീരമായി യുദ്ധം ചെയ്തതെന്നും മറ്റുള്ളവര്‍ ഭയന്ന് നാട് വിട്ടവരാണെന്നും അതിനാല്‍ രാജ്യഭരണത്തില്‍ അവര്‍ക്കവകാശമില്ലെന്നും രാജ്യം മുഴുക്കെ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെനെല്ലാം ഉപരി അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും ഒരു സ്വതന്ത്ര രാജാവിന്റെ അധികാരപരിധിയും അവകാശവും കയ്യൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
    ഇപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും കമ്പനിയോട് തുറന്ന കലാപത്തിലാണ്‌ കഴിയുന്നത്. ടിപ്പുവിന്റെ കാലത്ത് അദ്ദേഹത്തിനെതിരായി പഴശ്ശിയും സൈന്യങ്ങളും അനുവര്‍ത്തിച്ച നയം തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹം കമ്പനിക്കെതിരാറ്റും തുടര്‍ന്നുപോരുന്നത്. ഇതിന്റെ ഫലമായി ഇപ്പോഴും സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. കമ്പനിസൈന്യത്തിന്‌ വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായതിന്‌ പുറമെ രാജ്യം തന്നെ വലിയ ഒരര‍ക്ഷിതാവസ്ഥയില്‍ കഴിയുകയാണ്‌.

    നീണ്ടുനിന്ന കലാപവും യുദ്ധവും കാരണം ഇരുകൂട്ടരും ഏറെ ക്ഷീണിച്ചിരിക്കയാണ്‌. കുറച്ച് മുമ്പ് തന്റെ പൂര്‍വികമായ രാജ്യത്ത് നിന്ന് ലഭിക്കുന്ന ആദായത്തിന്റെ അഞ്ചിലൊന്ന് കിട്ടാവുന്നത്രയും സ്ഥലം ഉള്‍പ്പെടുന്ന വയനാടന്‍ പ്രദേശത്ത് അദ്ദേഹത്തിന്‌ സ്വതന്ത്രാധികാരം സ്ഥാപിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കമ്പനിക്ക് നല്‍കാമെന്ന് നിര്‍ദ്ദേശം മുമ്പോട്ട് വെയ്ക്കുകയുണ്ടായി. അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന്‌ സഹായിക്കുന്ന വിധം സൈനിക നടപടികളുടെ ശക്തി കുറഞ്ഞിട്ടുമില്ല.

    ഇപ്പോള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും സാധ്യതയില്ലാത്ത വിധം ശത്രുതയും വര്‍ദ്ധിച്ചിരിക്കയാണ്‌. അതുകൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്‌. കാരണം മലയാളക്കരയിലുള്ള എല്ലാ നായ്നമാരും കലാപകാരികള്‍ ഉള്ളുകൊണ്ട് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരത്രെ!"


    ബൂക്കാനന്‍ കണ്ടറിഞ്ഞവതരിപ്പിക്കുന്ന പഴശ്ശിരാജായുടെ ചരിത്രാഖ്യാനത്തില്‍ കൊളോണിയല്‍ യുക്തികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ആദിവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും രാഷ്ട്രീയസമരത്തിലേക്കെത്തിക്കുകയും ചെയ്തു എന്നതാണ് പഴശ്ശിയില്‍ ഞാന്‍ കാണുന്ന പ്രാധാന്യം. എന്നാല്‍ ബുക്കാനന്‌ പഴശ്ശി ഒരു നായര്‍ പടത്തലവന്‍ മാത്രം!നാട്ടുകൂട്ടങ്ങളില്‍ കെട്ടുകഥയായും ഓര്‍മ്മയായും നിറഞ്ഞ് നില്‍ക്കുന്ന 'തന്റെ ശരീരം തൊട്ട് അയിത്തമാ'ക്കരുതെന്ന് വെള്ളക്കാരോട് പറഞ്ഞ് ആത്മഹത്യ ചെയ്ത പഴശ്ശിരാജായില്‍ മറ്റ് ചില യുക്തികളാണ്‌ നിലനില്‍ക്കുന്നത്. സിനിമയിലാകട്ടെ ചരിത്രത്തിന്‌ വിരുദ്ധമായി സേനാനായകന്റെയും മറ്റും മരണത്തിനൊടുവില്‍ ചരിത്രനായകന്‍ വെടിയേറ്റ് മരിക്കുന്നതില്‍ ആ മാധ്യമത്തിന്റെ യുക്തികളായിരിക്കും പ്രവര്‍ത്തിച്ചിരിക്കുക. അപ്പോള്‍ പിന്നെ വെള്ളക്കാരോട് സന്ധിയില്ലാതെ സമരം ചെയ്ത ടിപ്പുവിനേക്കാള്‍ രാജ്യസ്നേഹിയായി കാലു മാറുന്ന പഴശ്ശിയെ ചിത്രീകരിക്കുനതിലെ യുക്തിയെ ചോദ്യം ചെയ്ത ചരിത്രകാരന്മാരുടെ യുക്തിയോട് മാത്രം കലമ്പുന്നതെന്തിന്‌? ഒരു ചരിത്രസന്ദര്‍ഭം വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ സങ്കീര്‍ണ്ണമായ ഒരു വ്യവഹാരരൂപമായി മാറുന്നതും ആത്യന്തികമായ ശരികള്‍ മാഞ്ഞുപോകുന്നതും അങ്ങനെയാണ്‌. ടിപ്പുവിനെ മൈസൂര്‍ കടുവയും പഴശ്ശിയെ വീരകേരള സിംഹവുമാക്കിയതിലും എന്ത് കാട്ടു നീതിയാണ്‌ പ്രവര്‍ത്തിച്ചിട്ടുണ്ടാകുക?




    http://sngscollege.info/
    http://vijnanacintamani.org/

    Monday 28 December 2009

    ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.

    'മലയാളകവിത' എന്ന ബ്ലോഗില്‍ എഴുതുന്ന ആഴ്ചപ്പാട് എന്ന പ്രതിവാരപംക്തിയില്‍ ഈയാഴ്ച എഴുതിയത്: 'കവിതയുടെ നിക്ഷേപങ്ങള്‍'
    കഴിഞ്ഞയാഴ്ച ആനുകാലികങ്ങളിലും ബ്ലോഗിലുമായി പുലര്‍ന്ന കാവ്യാനുഭവങ്ങളിലൂടെ ഒരു യാത്ര. കവിതയിലെ പാരമ്പര്യങ്ങളെ വിഛേദങ്ങളേയും കുറിച്ചൊരന്വേഷണം. ഒപ്പം പി. നാരായണന്‍ എന്ന കവിയെപറ്റി ഒരോര്‍മ്മപ്പെടുത്തലും.

    ഇവിടെ വായിക്കാം.



    http://sngscollege.info
    http://vijnanacintamani.org

    Saturday 26 December 2009

    പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്രോസോഫ്റ്റ് പഠിക്കേണ്ടതും!


    ITFOK -ല്‍ അവതരിപ്പിച്ച കീത്ത് പിയേഴ്സണിന്റെ ഗിഥാ എന്ന നാടകത്തില്‍ ഒരു രംഗമുണ്ട്. അന്ധത അഭിനയിച്ച് പിച്ചയെടുക്കുന്നവര്‍ അവരുടെ പണം തട്ടിയെടുക്കുന്ന പെണ്‍കുട്ടിയെ "കള്ളീ.... " എന്നാക്ഷേപിക്കുമ്പോള്‍ കുട്ടി തിരിച്ച് ചോദിക്കുന്നു. "അപ്പോള്‍ നിങ്ങളോ?."

    സമാനമായ ഒരു ചോദ്യം ഈയടുത്ത് സോഫ്റ്റ് വെയര്‍ രംഗത്തെ ആഗോളഭീമന്മാരായ മൈക്രോസോഫ്റ്റും നേരിട്ടു. ലിനക്സ് അടക്കമുളള ഓപ്പണ്‍ സോഴ്സ് ആധാരമാക്കിയ സോഫ്റ്റ് വെയറുകളില്‍ തങ്ങള്‍ക്ക് മാത്രം അവകാശമുള്ള സോഴ്സ് കോഡുകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഓപ്പണ്‍ സോഴ്സ് കമ്യുണിറ്റിയെ തന്നെ കമ്പനി ആകാക്ഷയുടെ മുള്‍‍മുനയില്‍ നിര്‍ത്തിയത് ഓര്‍മ്മയില്ലേ? ഇപ്പോഴിതാ മൈക്രോസോഫ്റ്റിന്റെ പ്രെസ്റ്റീജിയസ് ഓഫീസ് പതിപ്പായ 'ഓഫീസ് 2007 '- ലെ വേഡ് പ്രോഗ്രാമില്‍, തങ്ങള്‍ക്ക് പേറ്റന്റുള്ള xml അടിസ്ഥാനമാക്കിയ ചില കോഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ടൊറന്റോ ആസ്ഥാനമായുള്ള i4i കമ്പനിയുടെ അവകാശവാദം കോടതി അംഗീകരിക്കുകയും വേഡ് പ്രോഗ്രാം വില്‍ക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ ജനുവരി മുതല്‍ വിലക്കുകയും ചെയ്തിരിക്കുന്നു. 'താന്‍ കുഴിച്ച കുഴിയില്‍ താന്‍' എന്നോ 'കടുവയെ കിടുവ പിടിച്ചു 'എന്നോ എന്താ പറയുക?

    മൂന്നാം ലോക രാജ്യങ്ങളിലെ പതിനായിരക്കണക്കിന്‌ പ്രോഗ്രാമര്‍മാരുടെ ബൗദ്ധികനേട്ടത്തെ സ്വന്തമാക്കി, വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയും ഈ ബൗദ്ധികസ്വത്തിനെ രഹസ്യസ്വത്താക്കി മാറ്റുകയും ചെയ്ത മൈക്രോസോഫ്റ്റിന്റെ കച്ചവടനയം എക്കാലത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. തങ്ങളുടെ ലൈസന്‍സ്ഡ് അല്ലാത്ത ഉല്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ ശിക്ഷിച്ചും അതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താത്ത ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും മൈക്രോസോഫ്റ്റ് ആഗോളകുത്തകയുടെ ഭാഷയിലാണ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമാറിയത്. ഈ ആക്രമണത്തിന്‌ ഏറ്റവും ഇരയായത് ചൈനയായിരുന്നു.

    ഉരുക്ക് ചൈന തങ്ങളുടെ ബ്ലാക്ക് മാര്‍ക്കറ്റ് ആണെന്നും വ്യാജമൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ ബ്ലാക്ക് ഔട്ട് ചെയ്യുമെന്നും കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയിരുന്ന കമ്പനി പിന്നീടതില്‍ നിന്ന് പിന്‍ മാറി. ഭീഷണി തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പിന്മാറ്റം. കൂടുതല്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കായിരുന്നു പിന്നീടുള്ള ശ്രമം.

    ദശകങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍‍ക്കൊടുവിലാണ്‌ ചൈനയില്‍ കാലുറപ്പിക്കാന്‍ മൈക്രോസോഫ്റ്റിനായത്. ഈ വര്‍ഷം വ്യാജമൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ചിലരെ ചൈന തടവിലിട്ടതിനെ നല്ല നീക്കം എന്ന് സ്വാഗതം ചെയ്യുകയുമുണ്ടായി. . തങ്ങളുടെ ഉല്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്തും ലിനക്സിനേക്കാള്‍ ലാഭകരമെന്ന് പരസ്യം ചെയ്തും തങ്ങളുടെ ഉല്പ്പന്നങ്ങളുടെ രഹസ്യകോഡുകളില്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്ലെന്ന് വിശ്വസിപ്പിച്ചും ചൈനീസ് അധികൃതരെ വെല്ലുവിളിക്കുന്നതിനു പകരം അവരോട് സൗഹാര്‍ദ്ദം ഉറപ്പിച്ചും പൈറേറ്റ് സോഫ്റ്റ്വെയറിന്റെ ലോകത്തെ ഉപഭോക്താക്കളെ ഭയപ്പെടുത്താതെയും ചൈനയില്‍‍ നിന്ന് മൈക്രൊസോഫ്റ്റ് പഠിച്ച പാഠം വലുതാണ്‌.

    ലോകമെങ്ങും പ്രത്യേകിച്ച് മൂന്നാം ലോകരാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് ഇന്നും മാര്‍ക്കറ്റിന്റെ മേജര്‍ ഷെയര്‍ പിടിച്ചടക്കിയതിന്‌ അവര്‍ നന്ദി പറയേണ്ടത് തങ്ങളുടെ ബിസിനസ്സ് ശൃഖലയിലെ പ്രഗല്‍ഭരായ ജോലിക്കാരോടല്ല, തങ്ങളുടെ വ്യാജന്മാരെ പ്രചരിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നവരോടാണ്‌. അവരാണ്‌ മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയവര്‍. താരതമ്യേന സ്റ്റെബിലിറ്റി കുറഞ്ഞതും സുരക്ഷാപാളിച്ചകളുള്ളതുമായ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളെവിട്ട് ലിനക്സിന്റെ പാതയിലേക്ക് സമൂഹം എത്തപ്പെടാത്തതിന്റെ പ്രധാന കാരണം പണം മുടക്കാതെ ഈ ഉല്പ്പന്നങ്ങള്‍ വ്യാജമാര്‍ക്കറ്റിലൂടെ ലഭിക്കുന്നു എന്നതല്ലേ? ഇന്ന് ഒരു ശരാശരി പി. സിയേക്കാള്‍ വില ഓ .എസ്സിനും ഓഫീസ് സ്യൂട്ടിനും ചേര്‍ന്നുണ്ട്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആയതും വിന്‍ഡോസിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഓപ്പണ്‍ സോര്‍സ് ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. അപ്പോള്‍ പിന്നെ വിന്‍ഡോസിന്‌ കണ്ണടച്ച് ചക്രം മുടക്കാന്‍ എത്ര പേര്‍ തയ്യാറാകും? ശരിക്കും വ്യാജ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങള്‍ മൈക്രോസോഫ്റ്റിന്റെ പ്രചാരത്തെയല്ല ലിനക്സിന്റെ പ്രചാരത്തെയാണ്‌ ബാധിക്കുന്നത്. ശീലം കൊണ്ടുള്ള ഒരു വിധേയത്വമാണ്‌ വിന്‍ഡോസിനോട് ഏവര്‍ക്കുമുള്ളത്. ഇവിടെ ഉപയോഗിക്കുന്ന പി. സി. കളില്‍ മുക്കാലേ മുണ്ടാണിയും ലൈസന്‍സ്ഡ് സോഫ്റ്റ്വെയറല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മൈക്രോസോഫ്റ്റിനുമറിയാം. എന്നാല്‍ വ്യാജന്മാരെ അന്ധമായി വേട്ടയാടിയാല്‍ തങ്ങളുടെ മാര്‍ക്കറ്റിനെ അത് ദോഷകരമായി ബാധിക്കും എന്നതിനാല്‍ അവര്‍ എന്‍ഡ് യൂസര്‍ക്ക് പകരം വിതരണക്കാരെയും വലിയ സ്ഥാപനങ്ങളെയുമാണ്‌ ഇന്ന് ലക്ഷ്യമിടുന്നത്. വ്യാജനെ ലൈസന്‍സ്ഡ് ആക്കാനുള്ള ലഘു ഉപാധികളും അവര്‍ ആവിഷ്കരിക്കുന്നു.

    വിഖ്യാതനായ നോവലിസ്റ്റ് പൗലോ കോയ്‌ലോ ഒരു പടികൂടി മുന്നോട്ട് പോയി. ലോകമെങ്ങും ആഘോഷിച്ച തന്റെ നോവലുകളുടെ റഷ്യന്‍ പരിഭാഷ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നതിന്റെ യുക്തികള്‍ അന്വേഷിച്ച് അദ്ദേഹം എത്തിയത് റഷ്യന്‍ പുസ്തകമാര്‍ക്കറ്റിന്റെ പരിമിതികളിലേക്കും അതിനപ്പുറം തന്റെ നോവലിന്റെ നിയമവിരുദ്ധമായ റഷ്യന്‍ വിവര്‍ത്തനം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു എന്ന വസ്തുതയിലേക്കുമാണ്‌. മൈക്രോസോഫ്റ്റിനെപ്പോലെ നിയമത്തിന്റെ വഴിയ്ക്കല്ല അദ്ദേഹം നീങ്ങിയത്. വേഡ്പ്രസ്സ് ബ്ലോഗില്‍ 'പൈറേറ്റ് കോയ്‌ലോ' എന്നൊരു ബ്ലോഗുണ്ടാക്കി ഈ വ്യാജനിലേക്ക് ഒരു ലിങ്ക് നല്‍കി അദ്ദേഹം. അത്ഭുതകരമായിരുന്നു ഫലം. വൈകാതെ വ്യാജന്‍ വലിയൊരു ഹിറ്റായി മാറി. കോയ്‌ലോയുടെ നോവലുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആളുകള്‍ മാര്‍ക്കറ്റില്‍ ഈ നോവലുകള്‍ തേടി അലയാന്‍ തുടങ്ങി ആദ്യവര്‍ഷം വെറും ആയിരം കോപ്പി വിറ്റിടത്ത് അതിനെ പതിന്‍‍മടങ്ങ് വില്പ്പനയുണ്ടായി. അദേഹത്തിന്റെ പരീക്ഷണം അവിടെയും നിന്നില്ല. അറുപത്തിയാറു ഭാഷകളിലായി ചിതറികിടക്കുന്ന തന്റെ നോവലിന്റെ പരിഭാഷകള്‍ പിയര്‍ ടു പിയര്‍ നെറ്റ്വര്‍ക്കിലൂടെയും മറ്റും പ്രചരിക്കുന്നത് അദ്ദേഹം തേടിപ്പിടിച്ചു. കോപ്പി റൈറ്റ് ഇല്ലാത്ത തന്റെ വ്യാജന്മാരെ മുഴുവന്‍ അദ്ദേഹം തന്റെ ബ്ലോഗില്‍ ലിങ്ക് നല്‍കി ആദരിച്ചു.

    പിന്നീട് തന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇതിനകം തന്നെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട പൈറേറ്റ് കോയ്‌ലോയെ ആവാഹിച്ച് കുടിയിരുത്തി. അദേഹത്തെ നിങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിചയപ്പെടാം. തന്റെ പ്രസാധകന്മാരാരും ഇതിനെ എതിര്‍ത്തില്ലെന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു. മറിച്ച് പുസ്തകവില്പ്പനയെ അത് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്. അസ്സല്‍ ഹാര്‍ഡ് കോപ്പികള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവുകുറഞ്ഞതുമാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. വ്യാജന്‍ ഒറിജിനലിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട് എന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു.

    തന്റെ അജ്ഞാതവിവര്‍ത്തകന്മാക്ക് കോപ്പി റൈറ്റ് ഉണ്ടെങ്കില്‍ അതും അദ്ദേഹം വകവെച്ച് കൊടുക്കുന്നുണ്ട്. "ജര്‍മ്മന്‍ തൊട്ട് മലയാളം വരെയൂള്ള വിവര്‍ത്തനങ്ങള്‍ ഇതില്പെടും" അദ്ദേഹം പറയുന്നു. (കണ്ടോ, മലയാളം ഇവിടെയും മോശമാക്കിയില്ല) അദ്ദേഹത്തിന്റെ നോവലുകളുടെ സൗജന്യ ഡൗണ്‍ ലോഡിന്‌ ഈ ലിങ്ക് സന്ദര്‍ശിക്കുക. നൂറു മില്ലിയണിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു നോവലിസ്റ്റിന്റെ വലിയ റിസ്കില്ലാത്ത പരീക്ഷണം എന്നതിനെ വിലകുറച്ച് കാണേണ്ടതില്ല. തന്നെ ജനപ്രിയനാക്കുന്നതില്‍ ഈ വ്യാജന്മാര്‍ക്കുള്ള പങ്ക് അദ്ദേഹം നല്‍കുന്നുണ്ട്. മ്യൂസിക്ക് ഇന്‍ഡസ്ട്രിയെപ്പോലെ ഫയല്‍ ഷെയറിങ്ങ് സംരംഭങ്ങളെ പുസ്തകപ്രസാധകരും എഴുത്തുകാരും ഭയക്കേണ്ടതില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം. 'വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന വ്യാജന്മാരുടെ പരിഭവത്തോട് ചേര്‍ന്ന് കൂടുതല്‍ മൂല്യവത്തായ മാനം ഈ നിയമവിരുദ്ധപകര്‍പ്പെടുപ്പിന്‌ അദ്ദേഹം നല്‍കുന്നു. അത് വലിയൊരു സാമൂഹ്യസേവനമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 'ഇന്റര്‍നെറ്റ് ബുക്സ് - ഹെല്പ് യുവര്‍ കമ്യുണിറ്റി ' എന്നാണ്‌ ട്വിറ്ററിലൂടെ അദ്ദേഹം ഷെയര്‍ ചെയ്ത തന്റെ ബ്ലോഗ് പേജിന്റെ തന്നെ തലവാചകം. എന്തുകൊണ്ട് ഫ്രീ കണ്ടന്റ് എന്ന് ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നു.
    ഈ സൗജന്യം പറ്റുന്നവരോട് മൂന്ന് ഉപാധികള്‍ അദ്ദേഹം വെയ്ക്കുന്നുണ്ട്. വ്യാജന്മാരുടെ എക്കാലത്തെയും മാനിഫെസ്റ്റോ എന്നതിനെ വിളിയ്ക്കാം.

    1. തന്റെ പുസ്തകങ്ങള്‍ വ്യാപകമായി വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വേണം, അതേതുരൂപത്തിലായാലും (വായനക്കാര്‍ തനിക്ക് പുല്ലാണ്‌ എന്ന് ചില മലയാളം എഴുത്തുകാരെപ്പോലെ അദ്ദേഹം അഹങ്കരിക്കുന്നില്ല)
    2. തന്റേതുപോലുള്ള പുസ്തകങ്ങള്‍, അതും ഡോളര്‍ കണ്‍വര്‍ഷന്‍ റേറ്റ് കണക്കാക്കുമ്പോള്‍, നാട്ടിന്‍പുറത്തെ കൊച്ച് ലൈബ്രറികള്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ ഫ്രീസോഫ്റ്റ് കോപ്പി ഉപയോഗിക്കുന്നവര്‍ അതിന്റെ ഒരു പ്രിന്റെടുത്ത് ബൈന്‍ഡ് ചെയ്ത് ഗ്രാമീണവായനശാലയില്‍ ഇന്റര്‍ നെറ്റ് സൗഭാഗ്യമില്ലാത്തവര്‍ക്ക് വായിക്കാനായി കഴിയുമെങ്കില്‍ സംഭാവന ചെയ്യണം.
    3. ധാരാളം ഒഴിവു സമയമുള്ള, ഒന്നും ചെയ്യാനില്ലാത്ത ജെയിലുകളിലേയും ആശുപത്രികളിലേയും അന്തേവാസികള്‍ക്ക് വായിക്കാനായി ഇതിന്റെ കോപ്പികള്‍ പ്രിന്റെടുത്ത് നല്‍കുന്നത് വലിയ പുണ്യമായിരിക്കും.
    ( ഈ സമയത്ത് ഞാന്‍ ഓര്‍ത്തത് മലയാളത്തില്‍ പുറത്തിറങ്ങിയ ചില അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളുടെ ട്യൂറ്റോറിയലുകളുടെ കാര്യമാണ്‌. വ്യാജനുണ്ടാക്കിയാല്‍ കൊന്ന് കളയും എന്ന് കവറില്‍ ഭീഷണി മുഴക്കി റൈറ്റ് പ്രൊട്ടക്റ്റഡ് ആക്കി പ്രോഗ്രാം ചെയ്ത് ഇറക്കിയ സി. ഡി.യില്‍ ഫോട്ടോഷോപ്പ് തുറന്ന് വരുമ്പോള്‍ കാണിക്കുന്ന ലൈസന്‍സ് വ്യാജ വിപണിയില്‍ ഏറ്റവും പ്രചരിക്കുന്ന സി.ഡീയുടേത്)
    കോയ്‌ലോയുടേത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ, പ്രസാധകന്മാരുടെ ചെലവില്‍ നടത്തുന്ന സന്നദ്ധസേവനമൊന്നുമല്ല. മറിച്ച് ഏത് ബിസ്സിനസ്സ് മാഗനറ്റിന്റെയും കണ്ണുതള്ളിക്കുന്ന ഒരു കച്ചവടതന്ത്രമാണ്‌. മൈക്രോസോഫ്റ്റ് വൈകി മനസ്സിലാക്കിയ ഒന്ന്.

    പൈറേറ്റ് കോയ്‌ലോമാര്‍ പൗലോ കോയ്‌ലോയെ പഠിപ്പിച്ച ഈ ബിസിനസ്സ് പാഠത്തില്‍ ചൈനയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രാഥമിക പാഠം കഴിഞ്ഞും മൈക്രോസോഫ്റ്റ് ഇനിയും മുന്നേറേണ്ടതുണ്ട്. വ്യാജന്മാരേക്കാള്‍ എന്തുകോണ്ടും കേമവും ആദായകരവും ഒറിജിനല്‍ ആണെന്ന് വ്യാജന്മാരെ ആദരിച്ച് തന്നെ കമ്പനിക്ക് തെളിയിക്കാവുന്നതാണ്‌. അതോടൊപ്പം തങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വ്യാജശിരോമണികള്‍ക്ക് ഒരഭിവാദ്യവും അര്‍പ്പിക്കാവുന്നതാണ്‌.
    കുഴിയില്‍ ചാടുമ്പോഴല്ലാതെ വന്ന വഴി എപ്പോഴാണ്‌ ഓര്‍മിക്കുക!

    പൗലോ കോയ്‌ലോയുടെ ഔദ്യോഗിക വെബ്സൈറ്റ്
    കോയ്‌ലോയില്‍ എത്തിച്ചതിന്‌ sebinaj യുടെ ട്വീറ്റിന്‌ നന്ദി!
    (ഇമേജുകള്‍ക്ക് കടപ്പാട്: മൈക്രോസോഫ്റ്റ്, പൗലോ കോയ്‌ലോ ഒഫീഴ്യല്‍ വെബ്സൈറ്റ്.)
    http://sngscollege.info/
    http://vijnanacintamani.org/

    Thursday 24 December 2009

    ഫെമിനിസ്റ്റ് മൗലവി!!



    കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പൂര്‍വ മാതൃകകളില്ലാത്ത ഒരു സമ്മേളനത്തിന്‌ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുകയാണ്‌. വനിതകള്‍ക്ക് മാത്രമായി ഒരു ബൃഹത് സമ്മേളനം ജനുവരി 24-ന്‌ കുറ്റിപ്പുറത്ത് ആരംഭിക്കും. ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ ശക്തിയായി മാറുകയും അടുത്തുവരുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം അധികരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ്‌ ജമാ അത്തെ ഇസ്ലാമിക്കുള്ളത് എന്ന് കേള്‍ക്കുന്നു. ആധുനികതയുടെ ഉദയത്തില്‍ ഹിന്ദുമത നവീകരണ പ്രസ്ഥാനങ്ങള്‍ക്കകത്ത് പ്രവര്‍ത്തിച്ച ചില യുക്തികള്‍ പുത്തന്‍ ഇസ്ലാമികപ്രസ്ഥാനങ്ങള്‍ക്കകത്ത്‌ കാണാം. ഇസ്ലാമിനെ പൊതു സമൂഹത്തില്‍ സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കാനുള്‍ല ശ്രമത്തിന്റെ ഭാഗമാകാം ഈ പ്രവര്‍ത്തനവും. ലക്ഷ്യം എന്തായാലും സുപ്രധാനമായ ചുവടുവെപ്പിന്‌ അതിന്റെ മാര്‍ഗത്തെ മുന്‍ നിര്‍ത്തി എല്ലാ ഭാവുകങ്ങളും നേരുന്നു.


    ലിംഗപദവിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള കടുത്ത വിവേചനത്തിന്റെ പേരിലാണ്‌ ഇസ്ലാമിനെ 'പരിഷ്കൃതസമൂഹം' എപ്പോഴും ഒരു പ്രാകൃത മതമൗലികവാദസംഘമായി മുദ്ര കുത്തുന്നത്. എല്ലാ സാംസ്കാരിക ആവിഷ്കാരങ്ങളിലും പര്‍ദയുടെ കറുപ്പ് അടിച്ചമര്‍ത്തലിന്റെ ഒരു പ്രത്യ്ക്ഷമായി അവതരിപ്പിക്കപ്പെടാറുമുണ്ട്. ഒരു സാമൂഹ്യ ഘടന എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭീമമായി പരിമിതപ്പെട്ടുപോകുന്നു എന്നത് പില്‍ക്കാല ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം തന്നെ ആണ്‌.എന്നാല്‍ ഇസ്ലാമിന്റെ അന്തസത്ത സ്ത്രീക്ക് എതിരാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മറ്റ് സെമിറ്റിക് മതങ്ങളേക്കാള്‍ പുരുഷാധിപത്യപരമാണോ ഇസ്ലാം?, അതോ അത് പാശ്ചാത്യ ആധുനിക ലോകവീക്ഷണം വ്യാപകമായി പ്രചരിപ്പിച്ച വികലസങ്കല്പമോ?

    ഇസ്ലാമിനെ കുറിച്ച് കേവല ധാരണകള്‍ മാത്രമുളള എന്നെപ്പോലുള്ള ഇസ്ലാമിന്‌ പുറത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ആധികാരികമായി ഒന്നും പറയാനാവില്ലെങ്കിലും പൊതു സമൂഹം ഇസ്ലാമിനെ എങ്ങനെനോക്കികാണുന്നു എന്നത് ഇസ്ലാമിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്‌.


    കമലാസുരയ്യയുടെ ഖബറടക്കത്തില്‍, കേരളത്തില്‍ മറ്റൊരു സ്ത്രീക്കും നാളിതുവരെ ലഭിക്കാത്ത ആദരവോടെ ഒരു പെണ്‍മൃതശരീരം തെരുവുകളിലൂടെ മതഘടനയ്ക്കകത്ത് നിന്ന് തന്നെ ആനയിക്കപ്പെട്ടത് (ഇ കെ നായനാര്‍ക്ക് ശേഷം കേരള കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നില്ലേ അത്?) എങ്ങനെ വ്യാഖ്യാനിക്കാനാവും എന്ന് എന്നെപ്പോലുള്ളവര്‍ കുഴങ്ങിയിട്ടുണ്ട്. അപ്പോഴാണ്‌ കേരളത്തില്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന, സ്ത്രീകളുടേത് മാത്രമായ ഒരു സമ്മേളനത്തിന്‌ അരങ്ങൊരുങ്ങുന്നത്. ഈ സമ്മേളനത്തിന്‌ കൃത്യം ഒരു മാസം മുമ്പ്, ഇന്ന് കാലത്ത് റീഡര്‍ലിസ്റ്റ് ഡൈജസ്റ്റിലൂടെ വന്ന ഒരു ഗ്രൂപ്പ് മെയില്‍ എന്നെ തികച്ചും ആഹ്ലാദത്തിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തരേന്‍ഡ്യയില്‍ ജീവിച്ചിരുന്ന മൗലവി മുംതാസ് അലിയെക്കുറിച്ച് അസ്ഗര്‍ അലി എഞ്ചിനീയര്‍ എഴുതിയ കുറിപ്പായിരുന്നു ഒരു ഫോര്‍വേഡ് രൂപത്തിലെത്തിയത്.


    സ്ത്രീ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പാശ്ചാത്യ ആധുനിക സ്ത്രീപക്ഷവാദികള്‍ രംഗത്ത് വരുന്നതിന്‌ എത്രയോ മുമ്പ് ശക്തമായി വാദിക്കുകയും പ്രവത്തിക്കുകയും ചെയ്ത പാരമ്പര്യ മത പണ്ഡിതന്‍ ആയിരുന്നു മൗലവി മുംതാസ് അലി.(1860-1935) ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ഒരു സാധാരണ സാമ്പ്രദായിക ആലിം ഉല്പ്പന്നം. ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഫത്‌വ ഇറക്കുന്നവര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഈ സ്ഥാപനം അതിന്റെ പല ഫത് വകളുടെയും പേരില്‍ അടുത്ത കാലത്ത് പോലും കുപ്രസിദ്ധി നേടിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് വന്ന ഈ മത പണ്ഡിതന്‍ ഇംഗ്ലീഷിന്റെ നാറ്റമേറ്റിട്ടിട്ടല്ല പരിഷ്കരണവാദിയായത്. ഇംഗ്ലീഷ്പരിജ്ഞാനമില്ലാത്ത ഒരു സാമ്പ്രദായിക പണ്ഡിതനായ ഇദ്ദേഹം ഖുര്‍ ആനെ മുന്‍ നിര്‍ത്തിയാണ്‌ സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ചത്. ഇസ്ലാമിലുള്ള പുരുഷ മേധാവിത്വം പില്‍ക്കാല ഇസ്ലാം വ്യാഖ്യാതാക്കളുടെ സൃഷ്ടിയാണെന്നും സ്ത്രീക്കെതിരായതൊന്നും ഇസ്ലാമിലില്ലെന്നും അദ്ദേഹം വിശുദ്ധ ഖുര്‍ ആനെ ഉദ്ധരിച്ച് തന്നെ സമര്‍ത്ഥിക്കുന്നു.സ്ത്രീക്ക് കല്പ്പിക്കപെട്ടിട്ടുള്ള അര സാക്ഷിത്വം, ബഹുഭാര്യാത്വം, എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരില്ല എന്ന ചോദ്യം ഇവയ്ക്കൊക്കെ വിശദമായ മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. ഇസ്ലാമില്‍ പുരുഷന്‌ സമഗ്രാധിപത്യം നല്‍കൂന്ന ആദിയില്‍ ആദമുണ്ടായി എന്ന വാദത്തെ പോലും സമര്‍ഥമായി അദ്ദേഹം ഖണ്ഡിക്കുന്നു.അത് ജൂത ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പുറത്ത് പില്‍ക്കല ഇസ്ലാമില്‍ പ്രചരിച്ച ഒരു മിത്താണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ഖുര്‍ ആന്‍ പുരുഷന്‍ ആദ്യമുണ്ടായി എന്ന വാദത്തെ സാധൂകരിക്കുന്നില്ല.


    ഉത്തരേന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് ആധുനികവിദ്യഭ്യാസം നല്‍കാന്‍ പ്രയത്നിച്ച സര്‍ സയ്യിദിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൗലവി. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യഭ്യാസപ്രവര്‍ത്തനത്തിനും മുന്‍കയ്യെടുത്ത അദ്ദേഹം രചിച്ച ഹുക്കുക്കുന്‍ നിസ്വാന്‍ എന്ന് കൃതി പാരമ്പര്യവാദികളുടെ എതിര്‍പ്പ് ഭയന്ന് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സയ്ദ് അദ്ദേഹത്തെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലീം സ്ത്രീകളുടെ അവകാശപ്രഖ്യാപനം എന്നാണ്‌ അസ്ഗര്‍ അലി ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് വിസ്മൃതിയിലേക്ക് പോയ ഈ അമൂല്യ കൃതി അസ്ഗര്‍ അലിയാണ്‌ തേടിപ്പിടിച്ച് പുനപ്രസാധനം ചെയ്തത്. കേവലം ഒരു പ്രഭാഷണമാത്രപരനായ സ്ത്രീവാദി ആയിരുന്നില്ല, മൗലവി. സ്വജീവിതത്തില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ച പ്രായോഗിക വാദികൂടി ആയിരുന്നു. നിരക്ഷരയായ തന്റെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിച്ച് പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയാക്കി. ഖുര്‍ ആനുണ്ടായ ആദ്യ സ്ത്രീപക്ഷവ്യാഖ്യാനം എന്നാണ്‌ അസ്ഗര്‍ അലി എഞ്ചിനീയര്‍ ഹുക്കുക്കുന്‍ നിസ്വാന്‍ (സ്ത്രീയുടെ അവകാശങ്ങള്‍) എന്ന കൃതിയെ വിശേഷിപ്പിക്കുന്നത്.


    ഈ കൃതിയുടെ ചില ഭാഗങ്ങളുടെ ഉറുദുവില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ മാത്രമാണ്‌ എനിക്ക് വായിക്കാനായത്. അത് ഇവിടെ വായിക്കാം.


    ഈ കൃതി പൂര്‍ണ്ണമായും ഡൗണ്‍ ലോഡ് ചെയ്യുന്നതിന്‌ ഈ ലിങ്ക് സന്ദര്‍ശിക്കാം.

    ഇസ്ലാമില്‍ നടക്കുന്ന വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടി എന്ന നിലയില്‍ ഈ മഹാപണ്ഡിതനെ ക്കുറിച്ചുള്ള അറിവ് ഇവിടെ സമര്‍പ്പിക്കുന്നു.

    ഇമേജ് ലിങ്ക്: http://farm3.static.flickr.com/2753/4166631543_19a2685151_o.jpg
    http://sngscollege.info/
    http://vijnanacintamani.org/

    Sunday 20 December 2009

    പുതിയൊരു പംക്തി, കവിതകളിലൂടെ.


    മലയാളകവിത എന്ന് ബ്ലോഗിനു്‌ വേണ്ടി സുനില്‍ പണിക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു പംക്തി ചെയ്യാനൊരു ശ്രമം (എത്രകാലം! ) 'ആഴ്ചപ്പാട്.' ഒരാഴ്ചത്തെ കാവ്യാനുഭവങ്ങളിലൂടെയൊരു സഞ്ചാരം.

    ആദ്യ കുറിപ്പ്: അപാരേ കാവ്യ സംസാരേ..
    ഈ ലിങ്കില്‍ വായിക്കാം.


    ആഴ്ചപ്പാട്: ഒന്ന്



    http://sngscollege.info
    http://vijnanacintamani.org