അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday, 27 September 2009

    കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?

    സന്തോഷ് പല്ലശ്ശനയുടെ ബ്ലോഗില്‍ ഒരു കവിതാചര്‍ച്ച തളിര്‍ക്കുന്നുണ്ടായിരുന്നു. പുതിയ കവികളെ (അങ്ങനെ ഒന്നുണ്ടോ, കവിതകളല്ലാതെ) ക്കുറിച്ചുള്ള എന്റെ ചില വിചാരങ്ങള്‍ നേരത്തെ പോസ്റ്റിയത് അവിടെ ലിങ്കായി ഓര്‍മ്മപ്പെടുത്തി..
    കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
    'പുതുകവിതയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുന്നത്‌ ഒരേ ഇടത്തിലേക്കാണ്‌ എന്നു പറയേണ്ടി വരുന്നു. ഇവിടെ താങ്കള്‍ പറഞ്ഞപോലെ ഭാഷാ അദ്ധ്യാപകര്‍ പുതിയ തലമുറക്കുമുന്‍പില്‍ നിന്നു വെള്ളം കുടിക്കുകയാണ്‌ ഐസുകട്ട പോലെ ഉരുകി പോകുന്ന ഈ കവിതകളെ കൈലെടുക്കാന്‍ പോലുമാകാതെ....ആധുനികാനന്തരകവിതയില്‍ പുതു പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടില്ലാത്തതുകോണ്ടാവാം ഇത്തരം ഐസുകട്ട കവിതകള്‍ ഉണ്ടാകുന്നത്‌ എന്നെനിക്കു തോന്നുന്നു. സച്ചിദാനന്ദനും. കെ. ജി. യും എഴുതുന്ന ഒരു ഒരു കനം പുതു തലമുറയില്‍ കാണുന്നില്ല. ' എന്ന്‌ സന്തോഷ് മറുപടി നല്‍കുകയും ചെയ്തു. പിന്നെ വി. മോഹകൃഷ്ണന്റെ കവിതകളില്‍ ഒന്ന്‌ സമാധിയായപ്പോഴാണ്‌ എന്റെ ഇന്‍ബോക്സിലേക്ക് രണ്ടുമൂന്ന് 'ബൂലോക കവിതകള്‍' പറന്നു വന്നിരുന്നത്. ആ കവിതകളില്‍ ഒന്ന് തൊട്ടപ്പോളാണ്‌ ജഗദീഷ് സിനിമയില്‍ പറഞ്ഞപോലെ 'കാക്ക തൂറീ...ന്നാ തോന്നണേ' എന്നായത്. എന്നെ ത്രസിപ്പിച്ച മികച്ച കുറേ രചനകള്‍ വന്ന 'ബൂലോകകവിത'യെ ഓര്‍ക്കുമ്പോള്‍ 'കാക്കക്കറിയാം അതിന്റെ കക്കൂസ് എവിടെയാണെന്ന്' ആ സിനിമയിലെ അടുത്ത ഡയലോഗ്ഗു പറയാനും തോന്നിയില്ല.
    സ്വന്തം കൂട് വൃത്തികേടാക്കരുതെന്ന് അഴീക്കോടിന്റെ തിരുവചനമുള്ളതുകൊണ്ട് ആ കവിതകളുടെ ലിങ്കു മാത്രം നല്‍കുന്നു.
    http://boolokakavitha.blogspot.com/2009/09/blog-post_162.html
    http://boolokakavitha.blogspot.com/2009/09/blog-post_8182.html

    പുതിയ കവിത ഇങനെയാണോ നമ്മെ ഞെട്ടിക്കുന്നത് എന്ന് എനിക്കറിഞ്ഞു കൂടാ. ലൈംഗികസദാചാരബോധത്തെ ഡീമിത്തിഫൈ ചെയ്യലും ശ്ലീലാശ്ലീലവിവേചനങ്ങളെ നിര്‍ഭയം മറികടക്കലും ആധുനികത തൊട്ടേ നാം പരിചയിച്ച കലാപങ്ങളാണ്‌. അന്നതിനെക്കുറിച്ചെഴുതിയ അഴീക്കോട് തൊലിപ്പുറത്ത് മാത്രം സ്പര്‍ശിച്ച് ഒരു വായനാസുഖം നല്‍കി അവസാനിക്കുന്ന അത്തരം സാഹിത്യം 'ചൊറിച്ചില്‍ സാഹിത്യം' എന്ന്‌ വിളിക്കാവുന്ന അശ്ലീല സാഹിത്യം ആണെന്ന്‌ പറയുകയുണ്ടായി. എന്നാല്‍ എഴുപതുകളുടെ രണ്ടാം പകുതിയിലെ രാഷ്ട്രീയമായ ആധുനികത അത്തരം ഒരു സാഹിത്യഭാഷയെ രാഷ്ട്രീയമായി ഇപയോഗിക്കുകയാണുണ്ടായത് എന്ന്‌ പറയുന്നതാണ്‌ ശരി. ധാരാളം കള്ളനാണയങ്ങള്‍ ആ ചെലവില്‍ സാഹിത്യം എന്ന പേരില്‍ ചൊറിഞ്ഞു തീര്‍ത്തെങ്കിലും. ഒരു ഉയര്‍ന്ന മൂല്യബോധത്തിന്റെ കനം അവയ്ക്കവകാശപ്പെടാം. ഇന്നിപ്പോള്‍ കനം വേണ്ടാ ഒന്നിനും എന്നാണല്ലോ. അപ്പോള്‍ പിന്നെ ചൊറിച്ചിലുണ്ടാക്കുന്ന പബ്ലിക് ടോയ് ലെറ്റുകളാക്കി കവിതയെ മാറ്റുന്നതില്‍ എന്തു യുക്തി?

    ഭാഷയിലെയും സാഹിത്യത്തിലെയും എന്നല്ല സാമൂഹ്യബോധത്തിലെ അശ്ലീലസങ്കല്പം തന്നെ അല്പം കുഴഞ്ഞ പ്രശ്നമാണ്‌. പെയ്ന്റടിച്ച മൂത്രപ്പുരകളായി മുണ്ടശ്ശേരിയും മറ്റും മുദ്ര കുത്തിയ മണിപ്രവാളകവിതയിലെ അശ്ലീലത്തിന്റെ സാമൂഹ്യശാസ്ത്രപരമായ യുക്തിയെ പില്‍ക്കാലത്ത് നാം തിരിച്ചറിയുകയുണ്ടായി. എണ്‍പതുകളില്‍ ധര്‍മ്മപുരാണം പാഠപുസ്തകമായതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായല്ലോ. ആയിടക്ക് പട്ടാമ്പി കോളേജില്‍‍ ഒരു സംവാദത്തിന്‌ ഒ.വി. വിജയന്‍ വരികയുണ്ടായി. താങ്കള്‍ എന്തുകൊണ്ട് അശ്ലീലഭാഷ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന്‌ 'അശ്ലീല ഭാഷ എന്നല്ല അക്രമാസക്തമായ ഭാഷ എന്ന് പറയുന്നതാണ്‌ ശരി' എന്നായിരുന്നു പ്രതികരണം. അത്രമാത്രം അശ്ലീലമയമായ ഒരു രാഷ്ട്രീയാവസ്ഥയെ കുറിച്ചെഴുതുമ്പോള്‍ മറ്റെന്തു തരം ഭാഷ എന്നതാണതിന്റെ യുക്തി.

    കൗശലം നിറഞ്ഞ ചില പറച്ചിലുകളായി ചുരുങ്ങിപ്പോയ പുതുകാലകവിതകള്‍ അത്തരം സാമൂഹ്യലക്ഷ്യങ്ങളൊന്നും സ്വയം ഏറ്റിനടക്കുന്നില്ല എന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ ഈ അശ്ലീലമെഴുത്തിന്റെ അപ്പുറത്തെക്കുള്ള മുന എന്താണ്‌? ഒരു ചൊറിച്ചില്‍ സുഖമല്ലാതെ? പണ്ട് ഒളപ്പമണ്ണ തെങ്ങോലകള്‍ക്കിടയിലൂടെ വരുന്ന വെയിലൊളിയെ പട്ടുകോണകമായി കണ്ട് ഒരു കവിത എഴുതിയിരുന്നു. ഒരു നിരീക്ഷണ കൗതുകം മാത്രം, അതിനപ്പുറത്തേക്ക് മറ്റു വെളിച്ചമൊന്നുമില്ലാത്ത കവിത. അന്ന് അതിനെ പറ്റി എം കൃഷ്ണന്‍ നായര്‍ എഴുതി 'എല്ലാവരും രാവിലെയായാല്‍ അരയില്‍ തിരുകുന്നത് മഹാകവി എടുത്ത് കവിതയില്‍ തിരുകി' എന്ന്. പുതുമൊഴിവഴികള്‍ക്ക് കൗതുകം കോണകത്തിനുള്ളിലേക്കും കടന്നിരിക്കുന്നു. വടിച്ചുകളയേണ്ടതും സ്ഖലിച്ചു പോകേണ്ടതുമെല്ലാം കവിതയില്‍ തൂവിയാല്‍ എന്തു പറയാന്‍്?
    ഇനി അതല്ല, ഈ കവിതകളില്‍ എന്നെപ്പോലുള്ള ഒരു മിനിമം വായനക്കാരനു കാണാന്‍ കഴിയാത്ത കവിതയുടെ നിഗൂഢ രഹസ്യസ്ഥലികള്‍ വല്ലതുമുണ്ടെങ്കില്‍ ഈ കേസ് ചെലവു സഹിതം എഴുതി തള്ളി ഇത്തവണത്തേക്ക് മാപ്പാക്ക്!
    'ചൊറിയെ ചൊറിഞ്ഞാല്‍ ചൊറിയും ചൊറിയും
    ഏറെ ചൊറിഞ്ഞാല്‍ ചോര പൊടിയും' എന്നതിനാല്‍ അധികം ചൊറിയുന്നില്ല.

    http://sngscollege.info/
    http://vijnanacintamani.org/

    Friday, 25 September 2009

    ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!

    (2009- september 26, സ്വദേശാഭിമാനിയുടെ നാടുകടത്തലിന്‌ ശേഷമുള്ള നൂറു വര്‍ഷങ്ങളിലൂടെ ഒരോര്‍മ്മ.)

    ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ ഭരണകൂടത്തിന്റെ പത്രമാരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇന്‍ഡ്യയിലെ ആദ്യ പത്രമായ 'ഹിക്കീസ് ഗസറ്റി'ന്റെ പത്രാധിപര്‍ തന്നെ അതിന്‌ ഇരയായി. എന്നാല്‍ ഇന്‍ഡ്യന്‍ പത്രമാരണ പ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആദ്യ അധ്യായം സ്വദേശാഭിമാനി പത്രത്തിന്റെ കണ്ടുകെട്ടലും പത്രാധിപരായിരുന്ന കെ രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലമാണ്‌.
    ദിവാന്‍ പി. രാജഗോപാലാചാരിയുടെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്തകളും അഭിപ്രായങ്ങളും പ്രസിദ്ധപ്പെടുത്തിയതിനാണ്‌ 1910 സെപ്റ്റമ്പര്‍ 26 -ന്‌ സ്വദേശാഭിമാനി പത്രം കണ്ട് കെട്ടുകയും പത്രാധിപരായ രാമകൃഷ്ണപ്പിള്ളയെ തിരുവിതാംകൂറീല്‍ നിന്ന്‌ നാടു കടത്തുകയും ചെയ്തത്. ഭരണരംഗത്തെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ആയിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. രാജത്വമോ അധികാരമോ ദൈവദത്തമായ ഒന്നല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
    1905-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി സ്വന്തം നാടായ അഞ്ചുതെങ്ങില്‍ നിന്ന് ആരംഭിച്ച പത്രമായിരുന്നു 'സ്വദേശാഭിമാനി'. ആദ്യകാലത്ത് പത്രാധിപര്‍ സി.പി.ഗോവിന്ദ പിള്ളയായിരുന്നു. 1906 ലാണ്‌ കെ.രാമകൃഷ്ണപിള്ള പത്രാധിപരാകുന്നത്.ധീരമായ പത്രാധിപത്യത്തിന്‌ കീഴില്‍ അഭിവൃദ്ധി പ്രാപിച്ച പത്രം 1907 ല്‍ തിരുവനന്തപുരത്തേക്ക് മാറ്റി.
    'ഭയ കൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന്‌ തിരിച്ചറിഞ്ഞ രാമകൃഷ്ണപ്പിള്ള ചിന്തയിലും പ്രവര്‍ത്തനത്തിലും എന്നും അപകട മേഖലയിലെ സഞ്ചാരിയായിരുന്നു. 1878 - നെയ്യാറ്റിങ്കരയിലാണ്‌ ജനനം. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ആയിരുന്നു ഉപരി പഠനം.സയന്‍സിന്‌ പകരം അദ്ദേഹം തിരഞ്ഞെടുത്തത് ബി എ. മലയാളമായിരുന്നു. അക്കാലത്തു തന്നെ പത്രപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. 1900- മുതല്‍ 'കേരളദര്‍പ്പണ'ത്തിന്റെയും പിന്നീട് കേരളപഞ്ചിക, മലയാളി, കേരളന്‍ എന്നി പത്രങ്ങളുടെയും ചുമതലക്കാരനായിട്ടുണ്ട്.രാജ്യകാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ ശരിയായ ഒരറിവുണ്ടാക്കുകയും ഗവര്‍മെണ്റ്റിനെ ധരിപ്പിക്കേണ്ട സങ്കടങ്ങളെയും ആവശ്യങ്ങളെയും യഥാപേക്ഷം അറിയിക്കുകയും ഗവര്‍മെണ്റ്റിണ്റ്റെയും പ്രജകളെയും തമ്മില്‍ അജ്ഞാത വസ്തുക്കളായി വയ്ക്കുന്നതിനു പകരം അധികമധികം പരിചയപ്പെടുത്തുകയും ചെയ്യുന്നതിനു്‌ യത്നിക്കുകയാണ്‌ കേരളണ്റ്റെ ലക്ഷ്യം എന്ന്‌ ആദ്യലക്കത്തില്‍ തന്നെ അദ്ദേഹം പ്രസ്താവിച്ചിരുന്നു. 'കേരളന്‍' നിലച്ചപ്പോളാണ്‌ സ്വദേശാഭിമാനിയിലേക്ക്‌ വരുന്നത്.
    സ്വദേശാഭിമാനിയുടേ നാടുകടത്തല്‍ കേരളത്തിലെ നവോത്ഥാന ചരിത്രത്തെ ഏറെ മുന്നോട്ട് കൊണ്ടു പോയ നിര്‍ണ്ണായകമായ സംഭവമാണ്‌. നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പില്‍ക്കാലം മലബാറില്‍ പലയിടങ്ങളിലായി കഴിച്ചുകൂട്ടി അവസാനം കണ്ണൂരില്‍ സ്ഥിരതാമസമായി. ടിപ്പുവിന്റെ കാലം തൊട്ട് യാഥാസ്ഥിതിക സാമൂഹ്യഘടനകള്‍ക്കിളക്കം തട്ടി ആകെ ഉഴുതുമറിച്ചിട്ട മലബാറിന്റെ കലാപാഭിമുഖ്യമുള്ള മണ്ണ് അദ്ദേഹത്തിനിണങ്ങുന്നതായിരുന്നു.
    മികച്ച എഴുത്തുകാരനായിരുന്ന രാമകൃഷ്ണപ്പിള്ള ഗദ്യ സാഹിത്യത്തിനു നല്‍കിയ സംഭാവനയും വിലപ്പെട്ടതാണ്. ഇന്‍ഡ്യന്‍ ഭാഷകളില്‍ ആദ്യമായി മാര്‍ക്സിനെ ക്കുറിച്ച് ഗ്രന്ഥമെഴുതുന്നത് അദ്ദേഹമാണ്‌. 'വൃത്താന്തപത്രപ്രവര്‍ത്തനം' എന്ന കൃതിയാകട്ടെ ജേര്‍ണലിസവുമായി ബന്ധപ്പെട്ട ആദ്യ ഇന്‍ഡ്യന്‍ പുസ്തകവുമാണ്‌. പത്രധര്‍മം ആണ്‌ മറ്റൊരു കൃതി. തന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച 'എന്റെ നാടുകടത്തലും' ശ്രദ്ധേയമായ രചനയാണ്‌. സോക്രട്ടീസ്, മഹാത്മാഗാന്ധി, ബെഞ്ചമിന്‍ ഫ്രങ്ക്ലിന്‍ തുടങ്ങിയവരെ പ്രത്യേക പുസ്തകങ്ങളിലൂടെ പരിചയപ്പെടുത്തിയതിനു പിറകിലും അദ്ദേഹത്തിന്റെ വീക്ഷണം കാണാം.
    നിര്‍ഭയനായ ആ സാഹസിക സഞ്ചാരിയെ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ക്കുമ്പോള്‍ പിന്നീട് കേരളത്തിന്‌ എന്തു സംഭവിച്ചു? പൗരാധിപത്യ ഭരണം അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുതിയ മാനങ്ങള്‍ നല്‍കി. പത്രമാരണബില്ലുകളും പത്രങ്ങള്‍ക്കെതിരായ ഭരണകൂടപ്രസ്താവനകളും നടപടികളും നാമെത്ര കണ്ടു!ഭരണകൂട സമീപനങ്ങള്‍ ഒന്നും മാറിയിട്ടില്ല. എന്നാല്‍ മാറിയതൊന്നുണ്ട്. പത്രധര്‍മ്മവും പ്രവര്‍ത്തനവും. ദേശീയവാദികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന പത്രപ്രവര്‍ത്തനം അവര്‍ക്ക് അന്ന് ജീവിതമായിരുന്നു. നമുക്കിന്ന് ‌ഉപജീവനവും. വാര്‍ത്തകള്‍ക്കു പകരം അന്ന് ഉറച്ച ജനപക്ഷ നിലപാടുകളാണുണ്ടായിരുന്നത്. ഇന്ന് ഒളിപ്പിച്ചുവെച്ച നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മെനയുന്നു. എല്ലാ പത്രങ്ങളും കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴിലായി. പത്ര സ്വാതന്ത്ര്യം പത്രമുതലാളിയുടെ സ്വാതന്ത്ര്യമായി. വാര്‍ത്തകള്‍ ആഘോഷങ്ങളായി. എല്ലാറ്റിനെയും വെള്ള പൂശീ പ്രൊഫഷണലിസമെന്ന ന്യായം പൊന്തിവന്നു. മുന്‍ ഗണന പരസ്യങ്ങള്‍ക്കും സര്‍ക്കുലേഷനുമായി. രണ്ടു മാസങ്ങള്‍ക്കും മുമ്പ്, ഒരു പക്ഷെ മലയാള പത്രചരിത്രത്തില്‍ ആദ്യമായാണെന്ന് തോന്നുന്നു ഒരു വസ്ത്രക്കടയുടെ പരസ്യം മാത്രമുള്ള മുന്‍പേജുമായി നമ്മുടെ പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങി. തുണിക്കടകളും സ്വര്‍ണ്ണക്കടകളും തുടങ്ങിയതല്ലാതെ മറ്റെന്തു പ്രധാന വാര്‍ത്ത മലയാളിക്ക്, അല്ലേ?
    'ഈ ലോകത്തേക്ക് തുറക്കുന്ന ജാലകത്തെ ഒരു വര്‍ത്തമാനപത്രം കൊണ്ട് മൂടാമെന്ന്' പറഞ്ഞതാരാണ്?ആരാണ്‌?

    http://sngscollege.info
    http://vijnanacintamani.org/

    Thursday, 24 September 2009

    രണ്ടായ്‌ മുറിച്ചത്! **

    (സുദേവന്റെ മൂന്ന് ഹ്രസ്വചിത്രങ്ങളെ പറ്റി)

    കല അസാധാരണത്വമാണെന്നും കലാകാരന്‍ അസാധാരണനാണെന്നുമുള്ള മിത്ത്‌ ആഴത്തില്‍ ഉറപ്പിച്ചത്‌ ആധുനികരാണ്‌. ജീവിതത്തെ ദ്വന്ദങ്ങളുടെ ഭാഷയായി വായിച്ചെടുത്തതും അവര്‍ തന്നെ. ദ്വന്ദങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ ഭ്രമാത്മകാവസ്ഥയെ ഏറെ വിശ്വസനീയമായി അവതരിപ്പിച്ചാണ്‌ 'സംത്രാസം' എന്ന്‌ ആധുനികര്‍ അനുഭവത്തില്‍ സൃഷ്ടിച്ചെടുത്ത അവസ്ഥ വായനയിലും കാഴ്ചയിലും ആധുനികതയുടെ തന്നെ അവസ്ഥ ആയി മാറുന്നത്‌. വിപരീതങ്ങള്‍ അലിഞ്ഞില്ലാതാകുന്നതോടെ ആധുനികതയും ചരമമടഞ്ഞു. ആധുനികത ഉറപ്പിച്ചു നിര്‍ത്തിയ വിപരീത ദ്വന്ദങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളില്‍ സംശയം ഉയര്‍ന്നപ്പോളാണ്‌ ഉത്തരാധുനികത ഉണ്ടാകുന്നതും.


    മെറ്റമോര്‍ഫസിസ്‌ എന്ന കഥയുടെ വിജയം അസ്വാഭാവികമായി തോന്നിയേക്കാവുന്ന ഒന്നിനെ ഏറെ വിശ്വസനീയമായി അവതരിപ്പിച്ച അതിന്റെ ആഖ്യാനശൈലിയിലാണ്‌. കാക്കനാടനും മുകുന്ദനും സക്കറിയയും ആ ആഖ്യാനതന്ത്രത്തിലൂടെ ഒരേ കഥ തന്നെ പലതായി പറഞ്ഞപ്പോളും ഏറ്റവും സ്വാഭാവികമായ വേറെ വേറെ അനുഭവങ്ങളായി നമുക്കു തോന്നിയില്ലേ?. സക്കറിയയുടെ 'ലാസ്റ്റ്‌ ഷോ' എന്ന കഥ അല്‍പം വ്യത്യസ്ത മാണെന്നു പറയാം.



    ആധുനികതയുടെ ഉച്ചയില്‍ ഉണ്ടായ കൃതികള്‍ ഇന്ന്‌ വീണ്ടും വായിക്കുമ്പോള്‍ എങ്ങനെ ഇരിക്കും? പലതും ഹാസ്യരചനകളായി തോന്നാനാണ്‌ സാധ്യത. പൗരുഷാവതാരമായ ജയന്‍ പില്‍ക്കാലത്ത്‌ മിമിക്രിയിലെ കോമിക്‌ ഐറ്റമായ പോലെ. ഇന്നും അറുപതുകളില്‍ തങ്ങിനില്‍ക്കുന്ന കുറേ പേരെ നമുക്കറിയാം. 'ജീവിക്കുന്ന ആത്മഹത്യകള്‍' എന്ന്‌ പണ്ട്‌ സഞ്ജയന്‍ വിളിപ്പേരിട്ടത്‌ ഇവര്‍ക്കു വേണ്ടിയാണോ? തന്റെ കഥകള്‍ കുറേ ചെറുപ്പക്കാരുടെ ജീവിതം കുളമാക്കി എന്ന് മുകുന്ദന്‍ തന്നെ ഏറ്റുപറഞ്ഞിരുന്നല്ലോ.പ്രമേയപരമായ ആധുനികത ഇന്ന് ഏതായാലും ഹാസ്യം ജനിപ്പിക്കുന്ന ഒരു സംഭവമായിട്ടുണ്ട്‌. ബുദ്ധിജിവിസിനിമക്കാര്‍ അവകാശപ്പെട്ടിരുന്നത്‌ ഓടുന്ന സിനിമയെടുക്കാന്‍ അധികം ബുദ്ധി വേണ്ടാ എന്നായിരുന്നു. എന്നാല്‍ പ്രിയദര്‍ശനടക്കം അവാര്‍ഡ്‌ സിനിമയെടുക്കാമെന്ന്‌ തെളിയിച്ചിട്ടും നമ്മുടെ ബുദ്ധിജീവി സിനിമക്കാര്‍ക്ക്‌ പത്താളെ കൂട്ടുന്ന് ഒരു സിനിമയെടുത്ത്‌ ഇക്കാര്യം പ്രൂവ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവാര്‍ഡിനു വേണ്ടി കോമ്പ്രമൈസ്‌ ചെയ്യുന്ന കള്‍ട്ട്‌ സിനിമയുടെ പുഷ്കല കാലത്തെ ഒന്ന്‌ ഓര്‍ത്തു നോക്കൂ. ആ സിനിമകളുടെ മാത്രം ഒരു പ്രദര്‍ശനപരമ്പര ഇന്ന് നടത്തുന്നതിനെക്കുറിച്ചൊന്ന് ആലോചിക്കുക. പ്രേംനസീര്‍ സിനിമകള്‍ ഇന്ന് ടി.വിയില്‍ കാണുന്നതിനേക്കാള്‍ അസഹനീയമായിരിക്കയില്ലേ അത്‌?



    ആധുനികത നിരന്തരം ആവര്‍ത്തിച്ചിരുന്ന ഒരു പ്രമേയത്തെ കൂട്ടുപിടിച്ച്‌ ഇന്ന് ഒരു ഹ്രസ്വചിത്രം ചെയ്യാനുറച്ച ഒരു ചെറുപ്പക്കാരനെ അപ്പോള്‍ നാം ഒന്നു കരുതലോടെ സമീപിക്കണം. അതും ഒന്നല്ല, തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ഒരേ ത്രെഡില്‍ നിന്ന്‌! സുദേവന്‍ എന്ന എന്റെ അയല്‍പക്കത്തെ ചെറുപ്പക്കാരനെ ഞാന്‍ നമിക്കുന്നത്‌ അതുകൊണ്ടാണ്‌. ദല്‌ഹി നഗരത്തില്‍ തന്റെ സ്വപ്നചിത്രങ്ങള്‍ ഉപേക്ഷിച്ച്‌ പോയ മുകുന്ദന്റെ ചിത്രകാരനല്ല സുദേവന്‍, ഇങ്ങ്‌ പെരിങ്ങോട്‌ ഒരു കുഗ്രാമത്തില്‍ പെയ്ന്റുപണിക്കാരനും പെയ്ന്ററുമായി ജീവിതം തള്ളിനീക്കുന്ന ഔപചാരിക സിനിമാവിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ചെറുപ്പക്കാരന്‍, ചെറുപണികള്‍ ചെയ്ത്‌ ജീവിക്കുന്ന തന്റെ സുഹൃത്തുക്കളോടൊത്ത്‌ ഒരു സാധാരണ ഹാന്റി ക്യാമറയില്‍ സാങ്കേതിക വിദ്യയുടെ കൂടിയ സഹായമൊന്നുമില്ലാതെ വളരെ അമേച്വര്‍ എന്നു തോന്നിപ്പിക്കുന്ന ഈ മൂന്നു ചിത്രങ്ങളിലൂടെ സാധിച്ചെടുത്തത്‌ ആധുനികതയില്‍ കുടുങ്ങിക്കിടന്ന ആ പ്രമേയത്തിന്റെ എക്കാലത്തെയും തുറന്ന സാധ്യതയെ സ്ഥാപിക്കലാണ്‌ .


    ആധുനികത ഉപയോഗിച്ച്‌ പഴകിയ ഒരു കഥാതന്തുവില്‍ നിന്ന് മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ട തുടര്‍ പരാജയത്തില്‍ നിന്ന് ഈ ചെറുപ്പക്കാരനെ രക്ഷിച്ചതെന്താണ്‌? ഞങ്ങളുടെ കോളേജിലെ പുതു തലമുറ മൂന്നാം തവണയും പ്ലാനിങ്ങ് കാണാന്‍ തിക്കി തിരക്കിയതിന്റെ ഗുട്ടന്‍സ് എന്താണ്?‌ അവാങ് ഗാര്‍ദ് സിനിമകളൊന്നും തന്നെ അര മണിക്കൂര്‍ സമയം സ്വസ്ഥമായിരുന്നു കാണാനുള്ള സൗമനസ്യം അവര്‍ ഒരിക്കലും കാണിക്കാറില്ല എന്നോര്‍ക്കണം.


    ഇവിടെയാണ്‌ മീഡിയത്തോടുള്ള സത്യസന്ധത പ്രധാന പരിഗണനയായി വരുന്നത്. അത്രയേറെ സ്വാഭാവികവും ആയാസരഹിതവും ആയ ഒഴുക്ക്‌ സുദേവന്റെ ആഖ്യാന ശൈലിക്കുണ്ട്‌. പ്രൊഫഷണല്‍ ആയ ഒരു പൂര്‍ണ്ണതയുടെ ഗരിമയോടെ അല്ല ആ ചിത്രങ്ങള്‍ പ്രേക്ഷകനില്‍ എത്തുന്നത്. ഒരു തച്ച് ബാക്കിയുണ്ട് എന്ന നാടന്‍ പണിയുടെ ഒഴുക്കന്‍ വിനയത്തോടെയാണ്‌. ഈ ചിത്രങ്ങള്‍ കൈവേലയാണ്‌, യന്ത്രനിര്‍മ്മിതിയല്ല എന്ന്‌ തോന്നിപ്പിച്ചതിലാണതിന്റെ വിജയം എന്ന്‌ ഞാന്‍ കരുതുന്നു. കൃതിമമായ വെളിച്ചസംവിധാനങ്ങളോ (പുതിയ പരീക്ഷണ നാടകങ്ങള്‍ പലതും കാണുമ്പോള്‍ വെളിച്ച സംവിധായകനാണ്‌ താരം) എന്ന്‌ തോന്നാറുണ്ട്. നമ്മെ അമ്പരപ്പിക്കുന്ന ക്യാമറാ ആംഗിളുകളോ ഫ്രൈമിന്റെ രൂപക്രമമോ ആഴത്തില്‍ നമ്മെ നിശബ്ദനാക്കാന്‍ പോന്ന ദാര്‍ശനിക ഭാരം പേറിയ ഡയലോഗുകളോ വലിഞ്ഞു മുറുകിയ മുഖഭാവങ്ങളോ ഈ ചിത്രങ്ങളില്‍ കാണാനാവില്ല. കേരളീയ ഗ്രാമത്തിന്റെ സ്വാഭാവികതയുണ്ടാക്കാന്‍ മണ്ണട്ടയുടെയും ചീവീടിന്റെയും ശബ്ദം കാതടപ്പിക്കുന്ന രീതിയില്‍ നിരന്തരം ആവര്‍ത്തിച്ച് ആകെ അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദസംവിധാനശൈലിയുമില്ല. ഇക്കണോമിക്സ് ക്ലാസ്സില്‍ നിന്നിറങ്ങി ഛര്‍ദ്ദിക്കുന്ന, സാര്‍ത്രും മാവോ സേതുങും ലോര്‍ക്കയുമൊക്കെ വായില്‍ തിരുകിയ ബുദ്ധിജീവി കഥാപാത്രങ്ങളൊന്നും സുദേവന്റെ സിനിമകളിലില്ല. നാടന്‍ കള്ളന്മാരും കിണറു പണിക്കാരുമൊക്കെയേ ഉള്ളൂ.


    മുന്നു ചിത്രങ്ങളിലും രണ്ട് കഥാപാത്രങ്ങളാണുള്ളത്. ആദ്യ ചിത്രമായ പ്ലാനിങ്ങ് രണ്ട് കള്ളന്മാരുടെ കഥ യാണ്‌.


    രാത്രിയുടെ നിഗൂഢതയില്‍ അതിവിദഗ്ദമായി, പഴുതുകളടച്ച് നടത്തുന്ന ഒരു കവര്‍ച്ചയുടെ ആസൂത്രണം പകല്‍ വെളിച്ചത്തില്‍ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച് പോളിഞ്ഞുപോകുന്നതും കവര്‍ച്ച നടത്താന്‍ കയറിയ വീട്ടില്‍ ഒരു മുറിയില്‍ കുടുങ്ങിപോകുന്നതുമാണ്‌ കഥ. നിരവധി വൈരുധ്യങ്ങള്‍ ദ്വന്ദ്വ ഭാവത്തില്‍ പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തി ഇതിനിടയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീട്ടുടമസ്ഥനായ ബ്ലേഡ് കമ്പനിക്കാരന്‍ എല്ലാം പൊളിഞ്ഞു പാളീസ്സായി അത്മഹത്യ ചെയ്യാന്‍ കുടുംബസമേതം ഉപേക്ഷിച്ചുപോയ വീട്ടിലാണ്‌ കവര്ച്ചാ‍ശ്രമം. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ബ്ലേഡ് കമ്പനികള്‍ പൊട്ടിപ്പോയ കുന്നംകുളത്തിനടുത്താണ്‌ കഥ നടക്കുന്നത്. മോഷ്ടാക്കള്‍ക്ക്‌ ലഭിക്കുന്നത് കുറച്ചു പണവും ഒരു ആത്മഹത്യാക്കുറിപ്പും മാത്രം. ഇതിനിടയില്‍ പണിസഞ്ചി താഴത്തെ നിലയില്‍ അറിയാതെ വെച്ച് മുകളിലത്തെ ഒരു മുറി പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ചാരിയ വാതില്‍ ലോക്ക് ആകുകയും ഒരു കെണിയിലെന്ന പോലെ മോഷ്ടാക്കള്‍ അകപ്പെടുകയും ചെയ്യുന്നു. പതിയെ തങ്ങളുടെ വിധി ഉള്‍ക്കൊണ്ട് ജനലിലൂടെ ഒച്ച് വെച്ച് പുറത്ത് നിന്ന്‌ നാട്ടുകാരെ വിളിച്ചു വരുത്താന്‍ ശ്രമിക്കുന്ന കള്ളന്മാരുടെ തത്രപ്പാടിലാണ്‌ ചിത്രം അവസാനിക്കുന്നത്. മോഷ്ടാക്കളിലൊരാള്‍ പറയുന്നുണ്ട്. "ഇതുപ്പോ ഒരൊന്നൊരക്കനം വാതിലിന്റെ മീത്യേ ഈ നിക്കണതേ, അതിനപ്പുറം ഒന്നൂല്ല്യെ!" ഇത്ര അനായാസം അതെങ്ങനെ ആവിഷ്കരിക്കാനാവും?


    ആധുനികതയുടെ ഹാങ് ഓവറില്‍ തറഞ്ഞു നില്‍ക്കുന്ന 'വരൂ' പ്ലാനിങ്ങ് പോലെ അത്ര സമര്‍ത്ഥമായ രചനയല്ല. അപരിചിതമായ ഒരു നാട്ടിന്‍പുറത്ത് വഴി ചോദിച്ചെത്തുന്ന സെയില്‍സ് എക്സിക്യുട്ടീവിന്റെ ലുക്കുള്ള ഒരു ചെറുപ്പക്കാരന്‍ അല്പം ഉന്മാദിയെന്നു തോന്നുന്ന ഒരു വഴികാട്ടിയുടെ കെയ്യില്‍ അകപ്പെടുന്നതും വഴി തിരിഞ്ഞ് തിരിഞ്ഞ് സ്ഥലകാലങ്ങളുടെ നിശ്ചിതത്വത്തിനപ്പുറത്തേക്കെത്തുന്നതും സ്വബോധത്തിന്റെയും ഭ്രാന്തിന്റെയും വെളുമ്പില്‍ നിന്ന് ഭയചകിതനായീ ഓടി രക്ഷപ്പെടുന്നതമാണ്‌ പ്രമേയം.യുവാവിന്റെ ഉദ്വേഗങ്ങളിലൂടെയാണ്‌ സംഭാഷണങ്ങള്‍ വികസിക്കുന്നത്. സംഭാഷണമല്ല, എല്ലാം ആത്മഭാഷണങ്ങള്‍ മാത്രം!
    ഋഷിതുല്യമായ സ്ഥൈര്യവും നിശബ്ദതയുമാണ്‌ അലസ വേഷധാരിയായ വഴികാട്ടിയുടേത്. വളരെ സ്വാഭാവികമായി നീങ്ങുന്ന ആ യാത്ര ഒരു വളവു തിരിയുമ്പോള്‍ ആകെ അസ്വസ്ഥ ജനകമാകുന്നു. ക്രമേണ സെയില്‍സ് എക്സിക്യുട്ടീവിന്റെ വേഷഭൂഷകളും ചതുരവടിവുകളും അഴിഞ്ഞു പോകുന്നു. പകലിന്റെ വെള്ളിവെളിച്ചം നീളമുള്ള നിഴലുകള്‍ക്ക് വഴിമാറുന്നു. പൊട്ടിതിരിച്ചതുപോലുള്ള നടത്തിനിടയില്‍ വന്യമായ വഴികളിലൊന്നില്‍ തളര്‍ന്നിരിക്കുന്ന ചെറുപ്പക്കാരന്‍ നിരാലംബനായി ഇടക്ക് ചോദിക്കുന്നുണ്ട്. "എതാ ഈ സ്ഥലം? എന്തിനായിട്ടാടോ ഞാനീ നടക്കുന്നത്? ആരെ കാണാനാ? എടോ എന്റെ വീട്ടിലുള്ളവരെന്താ വിചാരിക്കാ? എതെവിടേച്ച്ട്ടാ? വയ്യ, ആരോടാ പറയാ? ആരോടാ ചോദിക്കാ? ഏതാ ഈ സ്ഥലം? ഈ ജന്മത്തിലിത് ഇന്നാ കണ്ട്. വാച്ചും നിന്നു." കനിവോടെ ആശ്വസിപ്പിക്കുന്ന ജ്ഞാനി യാത്ര അവസാനിപ്പിക്കുന്നത് വിജനമായ ഉന്മാദത്തിന്റെ കുന്നിന്‍പുറത്താണ്‌. ഒരു നിമിഷം ബോധം വീണ്ടെടുത്ത ചെറുപ്പക്കാരന്‍ ദൂരെ കാണുന്ന ടെലഫോണ്‍ പോസ്റ്റും കമ്പിക്കാലും അതിരിട്ട നാട്ടു ചെമ്മണ്‍ പാതയിലേക്ക് ഓടി രക്ഷപ്പെടുന്നു.

    കാണികളില്‍ ഉടനീളം തുടരുന്ന അമര്‍ത്തിപ്പിടിച്ച ചിരി ഒരു നിശബ്ദതയില്‍ അവസാനിക്കുന്ന നിമിഷമാണിത്. രായിരനെല്ലൂരിലെ നാറാണത്ത് ഭ്രാന്തനെ അവരറിയാതെ തൊടുന്ന ഒരു നിമിഷം. കാക്കനാടനും മറ്റും ഈ പ്രമേയം നിരവധി തവണ ആവര്‍ത്തിച്ചിട്ടും ആ രചനകളില്‍ ഒന്നും കാണാത്ത ഒരു അനായാസതയും ലാളിത്യവും സ്വാഭാവികതയും പതിനഞ്ചു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള 'വരൂ' വിന്‌ ഉണ്ട്.ഈ പ്രസാദാത്മകത അരവിന്ദന്റെ ഒരിടത്തിന്‌ മാത്രമേ കണ്ടിട്ടുള്ളൂ.
    സുദേവന്റെ പുതിയ ചിത്രമായ 'രണ്ട്' സങ്കീര്‍ണ്ണമായ മറ്റൊരു ഘടനയില്‍ അധിഷ്ഠിതമാണ്‌. രണ്ടു കിണറൂ പണിക്കാരുടെ ഒരു പകലറുതി വരെയുള്ള ജീവിതത്തിന്റെ ആഖ്യാനമാണത്. ഏറെ വിശദവും സൂക്ഷ്മവുമാണ്‌ ഇതിന്റെ ചിത്രണം. നാറാണത്ത് ഭ്രാന്തന്റെ കഥ പോലെ നാട്ടിന്‍ പുറങ്ങളില്‍ ഏറെ വേരുള്ളതാണ്‌ കിണറു കുഴിക്കുമ്പോള്‍ നിധി കിട്ടി സമ്പന്നരായ തറവാടുകളെ പറ്റിയുള്ള അടക്കിപ്പിടിച്ച കഥനങ്ങള്‍.
    ഈ ചിത്രത്തിന്റെ ത്രെഡും അത്തരം ഒരു സാധ്യതയെ സംബന്ധിച്ച അബോധാത്മകമായ ആഗ്രഹത്തില്‍നിന്നാണ്‌. കിണറുപണിക്കിടെ കൈമാറുന്ന നിസ്സാരമായ ആവലാതികളും അടക്കം പറച്ചിലുകളും സന്തോഷങ്ങളും കുറ്റപ്പെടുത്തലുകളും സങ്കടങ്ങളും ഒക്കെ ഇടകലര്‍ന്ന സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ ഈ രണ്ടുപേര്‍ക്കുമിടയിലെ ആത്മബന്ധത്തിന്റെ നീര്‍ച്ചാല്‍ സൂക്ഷ്മത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. ചുമകലര്‍ന്ന പനിക്കോളിന്റെ കനമുള്ള ഉച്ചമയക്കത്തില്‍ അതിലൊരാളുടെ സ്വപ്നത്തിലെ കിണറില്‍ ഒരു നിധി കണ്ടെത്തുന്നതോടെ കഥയുടെ ഗതി മാറൂന്നു. വെയില്‍ കനക്കുന്നു. നിധിക്കു വേണ്ടിയുള്ള മല്പ്പിടുത്തവും സംഘട്ടനവും ഒടുവില്‍ കൊലപാതകവും സംഭവിക്കുന്നു. മരിച്ചുകിടക്കുന്ന കാരണവരുടെ പോക്കറ്റില്‍ നിന്ന് അവസാന നാണയവും പിന്നെ ഒരു ബീഡിക്കുറ്റിയും എടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നിമിഷം നെറ്റിയില്‍ ചോര പടരുന്ന ആ സ്വപ്നത്തില്‍ നിന്നയാള്‍ എണീക്കുന്നു. ജാഗ്രത്തിനും സ്വപ്നത്തിനുമിടയിലുള്ള അതിര്‍ വരമ്പുടഞ്ഞ് ആകെ കുഴഞ്ഞു നില്‍ക്കുന്ന അയാള്‍ താന്‍ ‍'കൊന്നയാളെ' നിര്‍ജ്ജീവമായി പിന്തുടര്‍ന്ന് പിന്നെയും പണി തുടരുന്നു. ആകെ കുഴഞ്ഞു മറഞ്ഞു കിടക്കുന്ന അയാളില്‍, അയാള്‍ നിഷ്കരുണം കൊന്നയാളുടെ രക്ഷാകര്‍തൃത്വത്തിന്റെ വാല്‍സല്യം മഴവില്ലു പോലെ വളഞ്ഞു തൊടുന്നു. ആ നനവില്‍ ആകെ കുതിര്‍ന്ന അയാള്‍ മെല്ലെ രണ്ടാമനെ തൊട്ട് ഒരു ബീഡീ വാങ്ങി വലിച്ച് പണി തുടര്‍ന്ന്‌ പോകെ ക്യാമറ കിണറില്‍ നിന്നകന്നകന്ന് പോയി ചിത്രം അവസാനിക്കുന്നു.
    വെളിച്ചത്തിന്റെയും നിഴലിന്റെയും സൂക്ഷ്മമായ മിശ്രണം ചിലയിടത്തൊക്കെ ഒരു എപിക് മാനം ചില ഫ്രൈയിമുകള്‍ക്ക് നല്‍കുന്നുണ്ട്. സാധാരണമായ ഒരു അല‍സഗമനത്തിലായിരുന്ന ചിത്രം ഏതു വളവിലാണ്‌ സംഘര്‍ഷഭരിതമായ വലിഞ്ഞു മുറക്കത്തിലേക്കും തിരിച്ച് ഒരു ചാറ്റല്‍ മഴപോലെയും മാറി വരുന്നത് എന്ന്‌ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ ഈ ചിത്രത്തിന്റെ വിജയം. പച്ചമണ്ണും ചോരയും വിയര്‍പ്പും പുരണ്ട ഓരോ ദൃശ്യവും തെളിഞ്ഞ വെയിലും കനത്ത ആകാശവുമടങ്ങുന്ന പശ്ചാത്തലവുമൊക്കെ സ്വാഭാവികമായി തന്നെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ഇത്രയേറെ ഡീറ്റെയിലില്‍ ശ്രദ്ധിച്ചിട്ടുള്ള ഷോട് ഫിലിമുകള്‍ അധികമില്ല. കുടത്തിലേക്കു വീഴുന്ന മൊന്തയുടെ ചലനം ഒപ്പിയെടുത്തത്‌ ഒരു ഉദാഹരണം. അഭിനേതാക്കളുടെ ഒരോ ചലനങ്ങളും ഇത്ര തികവില്‍ മറ്റധികമിടങ്ങളില്‍ കണ്ടിട്ടുമില്ല.ഈ ചിത്രത്തിന്റെ ചിത്രീകരണം പകര്‍ത്തിയ ഒരു ഭാഗവും സി ഡിയോടൊപ്പമുണ്ട്. സിനിമക്കായി ഒരു കിണര്‍ കുഴിക്കുന്നതിന്റെ വിശദാംശങ്ങള്‍ ആണിതില്‍. യഥാര്‍ത്ഥത്തില്‍ കിണറുകുഴിച്ച ആ രണ്ടു പണിക്കാരും അവരുടെ ചലനങ്ങള്‍ ഭക്ഷണം കഴിക്കുന്ന രീതി ഇതൊക്കെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിക്ഷനേത് ഡോക്യുമെന്ററി ഏത് എന്ന അങ്കലാപ്പ് നമുക്കുണ്ടാകും. ചലച്ചിത്രനിര്‍മ്മാണത്തെ ഒരു വേലയായാണ്‌ സുദേവനും അച്യുതാനന്ദനുമൊക്കെ കാണുന്നത്. ഒരു പരമ്പരാഗത കൈവേല പോലെ. ആ സത്യസന്ധതയുടെ ഊര്‍ജ്ജമാണ് ഈ ചിത്രങ്ങള്‍ പ്രസരിപ്പിക്കുന്നതും. ഏറെ ചിലവു വന്ന അവസാന ചിത്രത്തില്‍ ചിലവിന്റെ സിംഹഭാഗവും അതിനായി കിണറു കുഴിച്ചതിന്റെ പണചിലവായിരുന്നു എന്ന കാര്യം തന്നെ ഇത്‌ തെളിയിക്കുന്നു.
    ബുദ്ധിജീവി ജാഡകള്‍ എന്ന് മറ്റുള്ളവര്‍ക്ക് വിളിക്കാന്‍ സൗകര്യമായ തരത്തില്‍ അത്യന്താധുനിക കാലം എല്ലാ രൂപങ്ങളിലും ദുര്‍ഗ്രഹമായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് വശം കെടുത്തിയ ഒരാശയത്തെ അസ്ഥി തുളക്കുന്ന സത്യസന്ധതയോടെ, സ്വാഭാവികതയോടെ ആധുനികതക്കിപ്പുറവും ആവിഷ്കരിക്കാന്‍ ഈ ചെറുപ്പക്കാരനെ പ്രാപ്തനാക്കിയതെന്താണ്‌? ഒന്ന്‌ പരന്നു നോക്കുമ്പോള്‍ അധികം അകലെയല്ലാതെ മറ്റൊരാള്‍ നില്‍ക്കുന്നത് കാണാം. ആധുനികതയുടെ ഉച്ചയില്‍തന്നെ അത്തരം പ്രമേയങ്ങളെ നാട്ടിന്‍ പുറത്ത് വെള്ളരിനാടകത്തിലൂടെ ആവിഷരിച്ച ഒരാള്‍, തുപ്പേട്ടന്‍. ദ്വന്ദ്വഭാവനയുടെ സംഘര്‍ഷം ഇത്ര സമര്‍ത്ഥമായി ആവിഷ്കരിച്ച നാടകത്തിന്റെ ആ നാട്ടുമൂപ്പന്‍ രചിച്ച 'ഡബിളാക്റ്റ്' എന്ന നാടകത്തില്‍ പപ്പടം ചുടണോ, അതോ കാച്ചണോ എന്ന സ്വത്വപ്രതിസന്ധിയില്‍ പെട്ട് പൊട്ടിതകരുന്ന കഥാപാത്രമുണ്ട്. അത്ര ലളിതം, അനായാസം സുദേവന്റെയും ആഖ്യാനം.
    തുപ്പേട്ടന്റെ നാടകങ്ങള്‍ക്ക് ആറ്റൂര്‍ എഴുതിയ ഒരു ആമുഖക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. "ചില നീര്‍ച്ചാട്ടങ്ങളുണ്ട്. കാട്ടില്‍ അധികമാരും കാണാതെ. ഒരിക്കല്‍ അത് ചില കുതുകികള്‍ കണ്ടെത്തുന്നു...... "
    "ഇത് നാടന്‍ വിളവ്. രാസവളമിട്ടതല്ല. അധികമില്ല. കമ്പോളത്തിലുള്ളതുമല്ല."
    സുദേവന്റെ സിനിമകള്‍ ഓര്‍ത്ത് ആറ്റൂരിന്റെ വരികള്‍ക്ക് താഴെ ഞാനും ഒരു കൈയൊപ്പിടുന്നു.
    (അടിക്കുറിപ്പ്: സുദേവന്‍ ഇനി ഒരു ചിത്രമെടുക്കുമോ എന്ന സംശയം എനിക്കില്ല. കാരണം അതയാളുടെ വേലയാണ്. മൂന്നാമത്തെ ചിത്രം ഏല്പ്പിച്ച സാമ്പത്തികാഘാതം മറികടക്കാനുള്ള വഴികള്‍ അന്വേഷിക്കയാണ്‌ ഇപ്പോള്‍ ആ നാട്ടുകൂട്ടായ്മ. ഈ മൂന്ന് ചിത്രങ്ങളും അടങ്ങിയ ഡി.വി ഡി താല്പര്യമുള്ളവര്‍ക്ക് സംവിധായകനില്‍ നിന്നും വാങ്ങിക്കാവുന്നതാണ്‌.)

    ** പി.പി. രാമചന്ദ്രന്റെ കവിത.
    http://sngscollege.info
    http://vijnanacintamani.org

    Sunday, 20 September 2009

    പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?

    (ബെര്‍ളിയും മരമാക്രിയും അപ്രസക്തരായ ബൂലോകത്തെ ആ നശിച്ച കഴിഞ്ഞയാഴ്ചയെക്കുറിച്ച്‌)
    ബൂലോകത്ത്‌ (അതെന്ത്‌ ലോകം?) കഴിഞ്ഞയാഴ്ചയുണ്ടായ രണ്ട്‌ ബൂലോക സംഭവങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗെഴുത്തും സിയാബ്‌ എന്നൊരു ബ്ലോഗറുടെ കഴുത്തുപിടുത്തവുമായിരുന്നു. ആധുനികതയുടെ ഇറക്കത്തിനും നക്സലിസത്തിന്റെ തളര്‍ച്ചക്കും ശേഷമുണ്ടായ നിരാശയുടെ നീണ്ട കാലത്ത്‌, മലയാളത്തിന്റെ ക്ഷുഭിത യൗവ്വനം സ്വയം അടയാളപ്പെട്ടത്‌ ബാലചന്ദ്രന്റെ പതിനെട്ട്‌ കവിതകളിലാണ്‌. കാമ്പസ്സിന്റെ പ്രണയവും കലാപവും ആത്മനിന്ദയുമൊക്കെ ആ കവിതകള്‍ ഉറക്കെ ചൊല്ലി സ്വയം ആവിഷ്കരിക്കുകയായിരുന്നു, എന്റെ കോളേജ്‌ കാലത്ത്‌. പതിനെട്ട്‌ കവിതകള്‍ക്ക്‌ ശേഷം സഹശയനവും എവിടെ ജോണുമൊക്കെ പ്രസിദ്ധീകരിച്ചിരുന്ന കാലം. മധുസൂദനനന്‍ നായരുടെ കാസറ്റ്‌ കവിതക്കാലത്തേക്ക്‌ അതില്‍ നിന്നേറെ ദൂരമുണ്ട്‌.
    അന്നൊരിക്കല്‍ പട്ടാമ്പി നേര്‍ച്ചയുടെ പിറ്റേന്ന് പട്ടാമ്പികോളേജില്‍ നടന്ന ഒരു കവിയരങ്ങില്‍, അന്ന് അത്ര അറിയപ്പെടാതിരുന്ന മധുസൂദനനന്‍ നായര്‍ 'നാറാണത്ത് ഭ്രാന്തന്‍' കവിത സംഗീതാത്മകമായി ചൊല്ലുമ്പോള്‍ ഉത്സവരാത്രിയുടെ ഉറക്കച്ചടവില്‍ ആകേ ഉലഞ്ഞിരുന്ന ചുള്ളിക്കാടിന്റെ വിരലുകള്‍ മേശപ്പുറത്ത്‌ താളം പിടിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സില്‍ കിടന്ന ഒരു ഫ്രെയിമാണ്‌. കാലമെത്ര വേഗം കടന്നു പോയി. ഇന്ന് സ്ക്കൂളുകള്‍ക്കും ക്യാമ്പസ്സുകള്‍ക്കും കവിതയുടെ പര്യായം മധുസൂദനന്‍ നായരാണ്‌ അല്ലെങ്കില്‍ മുരുകന്‍ കാട്ടാക്കട.
    ചുള്ളിക്കാട്‌ നിശബ്ദതയിലായി. കവിതയില്‍ പുതുമൊഴിവഴികളുണ്ടായി. ഇടക്ക്‌ ചില വിവാദങ്ങളില്‍ ധീരമായി ഇടപെട്ട്‌ ചുള്ളിക്കാട്‌ തന്റെ നിലനില്‍പ്പ്‌ അറിയിച്ചിരുന്നു. അഴീക്കോടുമായി ബന്ധപ്പെട്ടും റോസ്‌ മേരിയുടെ 'വയസ്സറിയിക്കു'ന്നതുമായി ബന്ധപ്പെട്ടും പിന്നെ മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട്‌ സ്വയം മതം മാറിയും കുഞ്ഞിരാമന്‍ നായര്‍ കവിത തുറന്ന് വായിച്ചുമൊക്കെ സര്‍ഗാത്മകമായ ആ ധിക്കാരത്തിന്റെ ഉര്‍ജ്ജം മലയാളിയിലേക്ക്‌ പ്രവഹിപ്പിച്ച്‌. ചിദംബരസ്മരണ തൊട്ടപ്പോഴും നാം ആ ചുള്ളിക്കാടിനെ തന്നെ വീണ്ടും അനുഭവിച്ചു. തികഞ്ഞ ആധികാരികതയും ആത്മാവു തൊടുന്ന സത്യസന്ധതയും ആയിരുന്നു ഈ ഇടപെടലുകളിലെ കൈമുതല്‍. റോസ്‌ മേരിയുടെ വയസ്സ്‌ ചോദിച്ചത്‌ നടിയും നര്‍ത്തകിയുമായ ശോഭന സ്വയം വയസ്സ്‌ പ്രസിദ്ധപ്പെടുത്തിയ കാര്യം ഓര്‍മപ്പെടുത്തിയായിരുന്നു. കുവ്വം നദിയെ പറ്റിയുള്ള വില കുറഞ്ഞ ഒരു കമന്റില്‍ തന്റെ വയസ്സൊളിപ്പികുകയാണ്‌ റോസ്‌ മേരി ചെയ്തത്‌.

    ധീരന്‍ എന്ന് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചുള്ളിക്കാടിനെ വിളിക്കാന്‍ എന്നെ എന്ന്നും പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇതൊന്നുമല്ല. ശ്രീനിവാസന്റെ വരിയൊന്ന്‌ മാറ്റി പറഞ്ഞാല്‍ അദ്ദേഹം എഴുതാതെ മാറ്റി വെച്ച കവിതകളെ പ്രതിയാണ്‌. എവിടെ എഴുത്ത്‌ നിര്‍ത്തണം എന്ന് തിരിച്ചറിഞ്ഞ കുറച്ച്‌ കവികളെ നമുക്കുള്ളൂ. കഥയില്‍ ഒരാള്‍ മാത്രം. മേതില്‍ രാധാകൃഷ്ണന്‍. പണ്ടെഴുതിയ ചില രചനകളുടെ ബോണസ്സില്‍ ശിഷ്ടകാലം സാംസ്കാരിക നായകന്മാരായി മാധ്യമങ്ങളില്‍ ചാരുകസേരയില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചില്ല എന്നതാണ്‌ രണ്ടുപേരുടേയും മേന്മ.
    പിന്നീട്‌ ചുള്ളിക്കാടിന്‌ എന്തു സംഭവിച്ചു? അദ്ദേഹം ഒരു ചെറുനടനായി ടി.വി.യിലും സിനിമയിലും പ്രത്യക്ഷപ്പെട്ടു. വി.ആര്‍ സുധീഷ്‌ വിശേഷിപ്പിക്കുന്നരീതിയില്‍ എക്സ്ട്രാ നടന്‍. ഈ മാസം അദ്ദേഹം ഒരു ബ്ലോഗറായി പ്രത്യക്ഷപ്പെട്ടു. സ്വയം ഒരു അഭിനയ തൊഴിലാളി എന്ന് പ്രൊഫൈലില്‍ എഴുതി, ചുള്ളിക്കാടില്‍ സ്വാഭാവികമല്ല എന്ന്‌ വിമര്‍ശകര്‍ പറയുന്നത്‌ പോലെ പൂര്‍ണ്ണ വിനയവും അടക്കവും നിഷ്കളങ്കതയും കാട്ടി ഒരു കുട്ടിയെപ്പോലുള്ള നിലയാണ്‌ ബ്ലോഗില്‍ കാണുന്നത്‌. സ്വാഭാവികമായും അദ്ദേഹത്തിലെ ധിക്കാരിയുടെ കാതല്‍ കണ്ട, അതിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഓര്‍മ്മിക്കുന്നവര്‍ക്ക്‌ പൊരുത്തപ്പെടാനാവാത്ത ഒരു പോസ്‌. കവികള്‍ തിങ്ങി വിങ്ങിയ ബൂലോകത്തിലെ കാവ്യോപജീവികള്‍ക്കും അദ്ദേഹം കവി എന്ന നിലയിലല്ലാതെ 'അഭിനയ തൊഴിലാളി' എന്ന് സ്വയം പരിചയപ്പെടുത്തിയത്‌ സഹിച്ചില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകളും അങ്ങനെ തന്നെ ആയിരുന്നു. കവി എന്ന നിലയില്‍ താന്‍ തികഞ്ഞ ഒരു പരാജയമാണെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്ന ഒരു പുസ്തകം രചിക്കാന്‍ തന്റെ കവിതയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ തേടിപ്പിടിക്കാനുള്ള അപേക്ഷയായിരുന്നു ആദ്യത്തേത്‌. ഒരു കഥാകൃത്ത്‌ തന്നെ അര്‍ദ്ധരാത്രി വിളിച്ച്‌ എക്സ്ട്രാ നടനല്ലേ എന്ന് പരിഹസിച്ചതിനെ പറ്റിയായിരുന്നു അടുത്തത്‌. കമന്റുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു രണ്ടിനും. ഇതിനിടയില്‍ ബൂലോകത്തെ നിയമങ്ങളും ചട്ടവട്ടങ്ങളും ചുള്ളിക്കാടിനെ ഓര്‍മപ്പെടുത്തി ചില ബൂലോക പോലീസുമെത്തി. ഇവിടെ തറവാടക പിരിക്കാന്‍ ഇവരെയൊക്കെ ആരാണ്‌ ഏല്‍പ്പിച്ചത്‌? ചുള്ളിക്കാട്‌ അവരോട് 'ഇവിടുത്തെ നാട്ടുനടപ്പറിയില്ലെന്ന് ക്ഷമ പറഞ്ഞത് 'ശരിയായില്ലെന്ന് പറഞ്ഞ്‌ വേറെ ചില ബ്ലോഗ്‌ പുലികളും രംഗത്തെത്തി. ചുള്ളിക്കാട്‌ തലയൂരിയതിനാല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ലിനു സ്കോപ്പുണ്ടായില്ല.
    കൂട്ടത്തില്‍ പറയട്ടെ. ഒരു കൂട്ടം ബ്ലോഗെഴുത്തുകാര്‍ ഇങ്ങനെ സംഘടിച്ച്‌ ബൂലോകത്തെ ഭരണം കൊണ്ടു നടത്തുന്ന പതിവ്‌ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? പഴയ പാഠപുസ്തകങ്ങളില്‍ കാണുന്നതുപോലെ 'ഇവറ്റകള്‍ കൂട്ടം കൂട്ടമായേ കാണപ്പെടാറുള്ളൂ' എന്ന് മലയാള ബ്ലോഗേര്‍സിനെക്കുറിച്ച്‌ ഭാവിയില്‍ പരാമര്‍ശിക്കപ്പെടുമോ എന്തോ? ഇതാണോ നമ്മുടെ അഗ്രിഗേറ്റര്‍ രീതി ?
    ഒരു മോട്ടോര്‍ മെക്കാനിക്കും എഴുത്തുകാരനും തമ്മില്‍ അത്ര ഭേദമില്ലെന്ന് തന്റേടത്തോടെ പറഞ്ഞത് മേതിലാണ്‌. തന്റെ ഇപ്പോഴത്തെ തൊഴില്‍ കവിതയെഴുത്തല്ല, അഭിനയമാണെന്ന് ചുള്ളിക്കാട് പറഞ്ഞാല്‍ പിന്നെ ആ ചര്‍ച്ചക്ക് അധികദൂരം സഞ്ചരിക്കാനാവില്ല. കവിയേയും അഭിനേതാവിനേയും താരതമ്യം ചെയ്ത് അഭിനയം മതിയാക്കി കവിതയെഴുത്ത് തുടര്‌ എന്ന് പറയേണ്ടതുമില്ല. ഒരു കാര്യം സത്യമാണ്‌. മലയാള സിനിമക്കോ സീരിയലിനോ ചുള്ളിക്കാട് തന്നെ വേണമെന്നില്ല. മികച്ച നടന്മാര്‍ വേറെയുണ്ട്. താന്‍ ചെറിയ നടന്‍ മാത്രം എന്നദ്ദേഹം അടിവരയിടുന്നുമൂണ്ട്. മുണ്ടൂരിന്റെയും മുല്ലനേഴിയുടെയും മാടമ്പിന്റെയും അഭിനയം ഇഷ്ടമുള്ള എനിക്ക് ചുള്ളിക്കാടിന്റെ അഭിനയം ഇഷ്ടപ്പെടാറില്ല. എന്നാല്‍ ആ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഒരാളുടെ അഭിനയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നില്ല. മോശം അധ്യാപനം നടത്തുന്ന, എന്നാല്‍ നന്നായി എഴുതുന്ന എഴുത്തുകാരായ കുറേ അധ്യാപകരെ എനിക്കറിയാം. നാം അവരോടൊന്നും ഇനി നിങ്ങള്‍ എഴുതിയാള്‍ മതി ക്ലാസ്സില്‍ പോകരുതെന്നു പറയുമോ? തിരിച്ച് മോശം രചനകള്‍ നടത്തുന്നവരോടും ഇനി ആ പണി ചെയ്യരുത് പഠിപ്പിച്ചാല്‍ മതി എന്നും പറയില്ലല്ലോ? പിന്നെന്തിന്‌ ചുള്ളിക്കാടിനോട് മാത്രം ഈ നിലപാട്?
    എക്സ്ട്രാ നടനെപ്പോലെ ചെറിയ റോളുകളില്‍ മാത്രം കാണുന്നു എന്നതാണോ പ്രശ്നം? യു ജി.സി പ്രൊഫസ്സറായ എന്റെ അധ്യാപകന്‍ അലിയാര് കുഞ്ഞ് എത്ര ദശകങ്ങളായി അപ്രധാനറോളുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊരു മോശം സംഗതിയാണെന്ന് അദ്ദേഹത്തിനോ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കോ ഒരിക്കലും തോന്നിയിട്ടില്ല.
    ഒരാള്‍ ജീവിക്കേണ്ടത് വര്‍ത്തമാനത്തിലാണ്‌. പണ്ടെഴുതിയ കവിതകളുടെ പേരിലല്ല, ഇപ്പോള്‍ നടത്തുന്ന അഭിനയത്തൊഴിലിലാണ്‌ ഒരാള്‍ സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അയാളെ അതിനനുവദിക്കുക എന്നത് നാം പാലിക്കേണ്ട ചെറിയ ഒരു മര്യാദമാത്രമാണ്‌. സ്വന്തം പ്രൊഫൈല്‍ സ്വയം എഴുതാന്‍ ഒരാളെ ദയവായി ‍അനുവദിക്കുക.
    പ്രൊഫൈലില്‍ എന്തെഴുതാം എന്നത് ഓരോ ബ്ലോഗറുടെയും സ്വാതന്ത്ര്യമാണ്‌. എന്റെ പ്രൊഫൈല്‍ സാങ്കേതികമായി ശരിയായിരിക്കാം. എന്നാല്‍ ഞാന്‍ 'ശരിക്കും' ഒരു അധ്യാപകനാണോ പ്രൊഫൈലില്‍ പറയാത്ത മറ്റെന്തെങ്കിലും ഏര്‍പ്പാടുകളുണ്ടോ എന്നന്വേഷിക്കുന്നത് മലയാളിയുടെ മാത്രം ഒളിഞ്ഞുനോട്ട ശീലമാണ്. എനിക്കിഷ്ടപ്പെട്ട രണ്ടു പ്രൊഫൈലുകള്‍ മരമാക്രിയുടെയും ബെര്‍ളിയുടെയുമാണ്. എന്നാല്‍ ബെര്‍ളി സ്ഥിരമായി വഷളനാണോ, മരമാക്രിയുടെ നേഴ്സ്ഭാര്യക്ക് പദ്മപ്രിയയെപ്പോലെ ഗ്ലാമറില്ലേ എന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
    ഉള്ളതെഴുതാതെ വേണ്ടത്രയില്ലാത്തത് പ്രൊഫൈലില്‍ കാണിച്ചു എന്നതാണ്‌ ചുള്ളിക്കാട് ചെയ്ത കുറ്റം എങ്കില്‍ സിയാബ് എന്നൊരു ബ്ലോഗര്‍ ഇല്ലാത്ത ഒരു യോഗ്യത പ്രൊഫൈലില്‍ കാണിച്ചു എന്നതാണ്‌ ബൂലോകത്തെ വിറപ്പിച്ച രണ്ടാമത്തെ പ്രശ്നം. പുതിയ ട്രെന്റായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ശൈലിയില്‍ (പാപ്പരാസി ജേര്‍ണലിസമെന്നല്ലേ പറയേണ്ടത്) ഒരു ബൂലോക പത്രമാണ്‌ (എന്തൊക്കെ ഏര്‍പ്പാടുകള്‍) ഇതു കണ്ടെത്തിയത്. ഇഞ്ചിപിടുത്തവും മാക്രിപിടുത്തവുമായിരുന്നു ഇതിനു മുന്‍പുണ്ടായ സമാനാനുഭവം. പക്ഷേ ആ തമാശയൊന്നും പുതിയ സംഭവത്തിനില്ല. സിയാബിനെതിരെ എന്തൊക്കെ നിയമനടപടികളാവാമെന്നതാണ്‌ പിന്നെ ചര്‍ച്ച. 'ബൂലോകത്ത് നിന്ന് കെട്ടുകെട്ടിക്കുമെന്ന് കട്ടായം, ഈ സമത്വസുന്ദര ബ്ലാവേലിനാട്ടില്‍ തിരുട്ടുപയലുകളോ, വിടമാട്ടേന്‍' എന്ന മട്ടിലാണ്‌ ചില നിയമപാലകസംഘങ്ങള്‍. അവനെ തൊട്ടാല്‍ വിവരമറിയമെന്ന്‌ അവന്‌ ജെയ് വിളിച്ചൊരു എതിര്‍ സംഘം. തല്‍ക്കാലം വിട്ടേരെ എന്നൊരു കോമ്പ്രമൈസ് പാര്‍ട്ടി കൂടിയായപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. ഇതിനിടയിലാണ്‌ പോള്‍ വധത്തില്‍ പോലീസുപറയുന്ന കഥയെ വെല്ലുന്ന ഒരു ടേണില്‍ അയാള്‍ക്ക് മാരകമായ രോഗത്തിന്‌ അടിമയാണെന്ന വെളിപ്പെടല്‍ ഉണ്ടാകുന്നത്. പിന്നെ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ കഥ പറയുന്ന പോലെ അവിടെ മാപ്പുപറയല്‍, ഇവിടെ കരച്ചില്‍, അവിടെ ചികില്‍സക്ക് പണമന്വേഷിക്കല്‍ വേറെ എവിടെയോ സര്‍ട്ടിഫിക്കറ്റന്വേഷിക്കല്‍ തുടങ്ങിയ കലാപരിപാടികളായി. ഇടക്ക് നിന്ന് ചില രസികന്മാര്‍ പറ്റിയ തക്കത്തിന്‌ ആരുടെയൊക്കെയോ പെരടിക്ക് പൂശി അടുത്ത വണ്ടിക്ക് കയറി സ്ഥലം വിട്ടു.ബൂലോകത്ത് ഇനി റസീറ്റു കുറ്റിയുമായി നടക്കാനാവില്ലല്ലോ എന്നാണ്‌ ചില സുമനസുകളുടെ സങ്കടം. അയാള്‍ രോഗത്തിന്റെ പേരില്‍ ചില ബൂലോകവാസികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടത്രെ. ആ പണം കിട്ടാതെ അതര്‍ഹിക്കുന്നവര്‍ പുറത്ത് ക്യൂ നില്‍ക്കുന്നതിലാണ്‌ അവര്‍ക്ക് സങ്കടം. വേദനിക്കുന്ന കോടീശ്വരന്‍!

    തീര്‍ത്തും വ്യക്തിപരമായ സ്വകാര്യക്കുറിപ്പുകള്‍ എന്ന നില വിട്ട് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കായി, ഒരു ബദല്‍ മാധ്യമമായി ബ്ലോഗുകള്‍ മാറിയിട്ട് ഏറെ ആയില്ല. അത് എത്ര കാലം എങ്ങനെ നിലനില്‍ക്കുമെന്ന്‌ പറയാനാവില്ല. ഗൂഗിളിന്റെ പുറമ്പോക്കിലും മറ്റും ചേക്കേറീ അവിടെ ചിലര്‍ ചേര്‍ന്ന് ഭരണകൂടമുണ്ടാക്കുന്നതും കോടതിയും പോലീസുമൊക്കെ ഏര്‍പെടുത്തുന്നതും ക്രമസമാധാനം പാലിക്കുന്നതുമൊക്കെ കാണുമ്പോള്‍ എന്തു പറയാന്‍! എല്ലാ നല്ല ഭരണകൂടങ്ങളും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട് എന്ന് പാഠപുസ്തകങ്ങളില്‍ പഠിച്ചതിനാലോ എന്നറിയില്ല, ആലംബഹീനന്മാര്‍ക്ക് സഹായമെത്തിക്കാനും അത്‌ മോണിറ്റര്‍ ചെയ്യാനും മറ്റൊരു കൂട്ടരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.
    ഈ ഭൂമിമലയാളത്തിലല്ലാതെ, മറ്റെവിടെയെങ്കിലും ഇങ്ങനെ ബ്ലോഗുസംസ്കാരമുണ്ടോ? അറിയില്ല.
    വിക്കീപീഡിയയില്‍ കാണുന്നതു പോലും സത്യമല്ലെന്ന് നമുക്കറിയാം. മലയാളത്തില്‍ നിന്ന് തന്നെ ഉദാഹരണം തരാം. അപ്പോള്‍ ഒരാള്‍ ബ്ലോഗിലൂടെ തന്നെ പറ്റി പറയുന്നതെല്ലാം സത്യം സത്യമായിരിക്കണമെന്ന് ശഠിക്കുന്നതെന്തിന്‌?
    ഈ സിയാബിന്റെ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല. കടവല്ലൂരെന്നും പി ജി സെന്ററെന്നുമൊക്കെ അയാള്‍ ഇടക്കിടക്ക് പറയുന്നതായി കണ്ടു. എനിക്ക് പരിചയമുള്ള സ്ഥലങ്ങള്‍ എന്ന്‌ കരുതി ടാക്സി വിളിയെടാ എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതെഴുതിയതിന്റെ പേരില്‍ ഏതെങ്കിലും ഗുണ്ടാസംഘങ്ങള്‍ ടെമ്പോ വിളിച്ച് ശിക്ഷിക്കാനോ രക്ഷിക്കാനോ വരുന്നതിന്‌ മുന്‍പ് ഞാന്‍ സ്വയം ഒന്ന് രക്ഷപ്പെട്ടോട്ടേ, പ്ലീസ്!
    http://sngscollege.info
    http://vijnanacintamani.org

    Saturday, 19 September 2009

    സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം!

    സെപ്റ്റംബര്‍ 19. ശനി
    ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്വയര്‍ സ്നേഹികള്‍ സെപ്റ്റംബര്‍ 19 , 2009 ലോക സ്വതന്ത്ര സോഫ്റ്റ്വെയര്‍ദിനമായി കൊണ്ടാടുന്നു.Software Freedom Day (SFD) എന്ന പേരില്‍ സെപ്റ്റമ്പറില്‍ മൂന്നാം ശനിയാഴ്ചകളിലാണ് ഫ്രീ അന്‍ഡ് ഓപെണ്‍ സോര്‍സ് സോഫ്റ്റ്വെയര്‍ സംഘത്തിന്റെ (Software Freedom International) ആഭിമുഖ്യത്തില്‍ ഈ ദിനം ആചരിക്കുന്നത്. 2004-ല്‍ നിലവില്‍ വന്ന ഈ ആഘോഷത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് ലിനക്സ് ഡിസ്ട്രോകളില്‍ ലാളിത്യം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉബുണ്ടുവിന്റെ സ്രഷ്ടാക്കളായ കാനോണിക്കല്‍ കമ്പനിയാണ്.സ്വതന്ത്രവും ഓപ്പണ്‍ സോര്‍സോടു കൂടിയതുമായ സൊഫ്റ്റ്വെയറുകളെ ഉണ്ടാക്കാന്‍, ഉപയോഗിക്കാന്‍, പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
    ഫ്രീ എന്നതിനര്‍ത്ഥം കാശു വേണ്ടാത്തത് എന്നല്ലല്ലോ, പല സ്വതന്ത്ര സോഫ്റ്റ്വെയറുകളും അങ്ങനെ ആണെങ്കിലും. സോര്‍സുകോഡുകള്‍ അറിയാനും അവയില്‍ വേണ്ട മാറ്റം വരുത്താനും അവ വിതരണാം ചെയ്യാനും എഫ് എസ് എഫ് നല്‍കുന്ന വിപുലമായ സ്വാതന്ത്ര്യത്തെയാണ് ഫ്രീ എന്നതുവഴി ഉദ്ദേശിക്കുന്നത്. എന്‍ഡ് യൂസറെ കേവലം ഉപഭോക്താവെന്ന നിലയില്‍ പരിമിതപ്പെടുത്തി സോര്‍സ് കോഡുകള്‍ മറച്ച് വെച്ച് അവയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ആരെയും അനുവദിക്കാത്ത സോഫ്റ്റ്വെയര്‍ കുത്തകകളുടെ നിലപാടിനെയാണ് എഫ്.എസ്.എഫ് ചോദ്യം ചെയ്യുന്നത്. അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിലാണ് ഊന്നല്‍.
    ഫ്രീ സോഫ്റ്റ്വെയര്‍ ദിനം ആഘോഷിക്കാനുള്ള വഴികളെ ക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ വായിക്കാം.
    കേരളത്തില്‍ സംസ്ഥാന ഐ.ടി നിഷന്‍ ആണ് ദിനാചരണാത്തിന്‌ നേതൃത്വം നല്‍കുന്നത്. നമ്മുടെ ബ്ലോഗര്‍ സ്മൂഹത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചരിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ കൊടുക്കുന്നത് കേരളാ ഫാര്‍മര്‍ ആണ്‌. അദ്ദേഹത്തിന്‌ നമോവാകം.
    സ്വതന്ത്രവും സുതാര്യവുമായ അറിവിന്റെ ലോകത്തിനായി നമുക്കും ഈ ദിനാചരണത്തില്‍‍ പങ്കു ചേരാം.എല്ലവര്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാശംസകള്‍!

    http://sngscollege.info/
    http://vijnanacintamani.org/

    Friday, 18 September 2009

    പോളാണ് വിഷയം!!!!!!!!!!!!!

    പോളാണല്ലോ ഇപ്പോള്‍ എവിടത്തെയും വിഷയം. അപ്പോള്‍ ഇവിടെ ഞാനും ഒരു പോള്‍ പാതകം നടത്തിയേക്കാമെന്നു വെച്ചു. സമകാലിക സാമൂഹ്യ സാസ്കാരികവിഷയങ്ങളില്‍ ബൂലോക മലയാളികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ഒരു വഴി. വോട്ടിടുന്നതൊപ്പം ആ വിഷയത്തില്‍ വിസ്തരിച്ച് കമന്റാനും അവസരമുണ്ട്. അതുകോണ്ട് വോട്ട് അസാധുവാകില്ല. സംഗതി സമ്മാനിക്കുന്നത് പോള്‍ ഡാഡി. ഡാഡിയാരാ മോന്‍!
    ആദ്യചോദ്യം ജെ.സി ഡാനിയേലിന്റെ ഓര്‍മയില്‍ സമര്‍പ്പിക്കുന്നു. ഈ ചോദ്യം സ്പോണ്‍സര്‍ ചെയ്തത് ടി. വി. ചന്ദ്രന്‍.



    അപ്പോള്‍ കൃഷ്ണവാരിയര്‍ ശൈലിയില്‍ ചോദിച്ചാല്‍ നിങ്ങളും ഒന്ന് പോളുമല്ലോ അല്ലേ?

    http://sngscollege.info/
    http://vijnanacintamani.org/

    Thursday, 17 September 2009

    പോത്തിനെ കൊല്ലേണ്ടതെങ്ങനെ?

    (ശതമന്യുവിനും വെള്ളെഴുത്തിനും ഇടയിലൂടൊരു സഞ്ചാരഗതി!)

    മലയാള ദൃശ്യ മാധ്യമരംഗത്തെ അദ്യത്തെ ഞെട്ടിപ്പിക്കുന്ന അനുഭവം കണ്ണാടിയില്‍ എസ്‌.ബിജു തയ്യാറാക്കിയ ഒരു മാടറവിന്റെ സമ്പൂര്‍ണ്ണചിത്രണമായിരുന്നു. 'ഗര്‍ഭിണികളും കുട്ടികളും മാനോബലമില്ലാത്തവരും ഈ ദൃശ്യങ്ങള്‍ കാണരുത്‌ 'എന്ന മുന്നറിയിപ്പോടുകൂടി തിരുവനന്തപുരത്തെ ഒരു അറവു ശാലയില്‍ എത്ര പ്രാകൃതമായാണ്‌ മൃഗങ്ങളെ ഇറച്ചിക്കായി കശാപ്പ്‌ ചെയ്യുന്നത്‌ എന്ന് ബോധ്യപ്പെടുത്താന്‍ അരമണിക്കൂര്‍ കൊണ്ട്‌ ഒരു അറവിന്റെ സമ്പൂര്‍ണ്ണ സംപ്രേഷണം നടത്തി ഗോപകുമാറും സംഘവും നമ്മുടെ വീട്ടിനുള്ളിലെ ടെലിവിഷന്‍ സ്ക്രിനില്‍ ചിതറി തെറിപ്പിച്ച രക്തപ്രവാഹം ഓര്‍മ്മയുണ്ടോ? ഫോര്‍ത്ത്‌ എസ്റ്റേറ്റില്‍ സംഭവിക്കാനിരിക്കുന്ന റിയല്‍ ഷോകളുടെയും റിയാലിറ്റി ഷോകളുടെയും കര്‍ടന്‍ റെയ്സര്‍ ആയിരുന്നുവോ അത്‌? അഭയകേസുകളിലെ നാര്‍കോ ടെയ്പ്പുകള്‍ അതിന്റെ മുഴുവന്‍ വിശദാംശത്തോടെയും സംപ്രേഷണം ചെയ്ത്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒരു മാസത്തിനുള്ളില്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസത്തില്‍ രണ്ടു വന്‍ കുതിപ്പുകള്‍ (എസ്സ് കത്തിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ ബഹളം തീര്‍ന്നിട്ടില്ലല്ലോ) നടത്തിയ ഈ രണ്ടാഴ്ചക്കാലം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്‌.

    അന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍ കുട്ടി കലാകൗമുദിയില്‍ 'പോത്തിനെ കൊല്ലേണ്ടതെങ്ങനെ' എന്ന പേരില്‍ ഒരു കുറിപ്പ്‌ എഴുതുകയുണ്ടായി. പ്രാകൃതമായി പശുക്കളെ അറക്കുന്നതിന്റെ പ്രശ്നമാണ്‌ ബിജു ഉയര്‍ത്തിപ്പിടിച്ചതെങ്കില്‍ അത്‌ പ്രേക്ഷകര്‍ക്ക്‌ എത്തിക്കാന്‍ അതിന്റെ പച്ചക്കുള്ള ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും സപ്രേഷണം ചെയ്തതിലെ നൈതികതയുടെ പ്രശ്നമാണ്‌ ഗോവിന്ദന്‍ കുട്ടി ഉയര്‍ത്തിപ്പിടിച്ചത്‌.


    തുടര്‍ന്ന് പത്മതീര്‍ത്ഥക്കുളത്തില്‍ ജീവനക്കാരനെ മാനസികരോഗി അടിച്ചുകൊല്ലുന്ന സംഭവം (അത് ലൈവ് ടെലികാസ്റ്റ് ആയിരുന്നുവോ? അല്ലെന്നാണ് ഓര്‍മ്മ) ടെലിവിഷന്‍ വാര്‍ത്തയില്‍ ആവര്‍ത്തിച്ച് കാണിച്ച് സൂര്യാ ടി വിയും മല്‍സരിച്ചു. അസാധാരണമായ പ്രൊഫഷനിലിസം എന്ന മട്ടിലാണ് മാധ്യമവിമര്‍ശകരും ആ സംപ്രേഷണത്തെ കണ്ടത്.


    അഴിമതിയെ സംബന്ധിച്ച തെഹെല്‍ക്ക ടേപ്പുകളും ഒളിക്യാമറ ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനവും ഇന്‍ഡ്യയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും ആയിടക്കാണ്. പത്രപ്രവര്‍ത്തനത്തിലെയും ജുഡീഷ്യല്‍ മേഖലയിലേയും ആക്റ്റിവിസങ്ങള്‍ ഈ ഘട്ടത്തിലൊക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. കോടതി തന്നെ ഇത്തരം പത്രപ്രവര്‍ത്തനരീതിയെ തുറന്ന് വിമര്‍ശിക്കുകയുണ്ടായി.


    സെന്‍സേഷണിലിസമെത്രത്തോളം എപ്രകാരം എന്നതു സംബന്ധിച്ച തര്‍ക്കങ്ങളും സ്വാഭാവികമായുമുണ്ടായി. വാര്‍ത്തയുടെ തീവ്രത നിലനിര്‍‍ത്താന്‍ ക്യാമറക്കു മുന്‍പില്‍ ആളുകളെ കഴിയുമെങ്കില്‍ കരയിക്കണമെന്ന് അന്ന് നീലന്‍ അഭിപ്രായപ്പെടുകയുണ്ടായി. മുഖ്യധാരാമാധ്യമങ്ങള്‍ ഒഴിവാക്കിയിരുന്ന ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് ദൃശ്യമാധ്യമങ്ങള്‍ സധൈര്യം കടന്നു ചെന്ന തരിപ്പന്‍ അനുഭവങ്ങളും അക്കാലത്തുണ്ടായി എന്നു പറയാതെ വയ്യ. ജയചന്ദ്രനും നീലനുമൊക്കെ ഏഷ്യാനെറ്റിന് ഒരു ബദല്‍ മാധ്യമത്തിന്റെ പരിവേഷം നല്‍കിയത് അങ്ങനെയാണ്.കള്ളചാരായം കാച്ചുന്നവന്റെ ജീവിതവും ഗുണ്ടകളുടെ താവളങ്ങളും അന്ന് മികച്ച സ്റ്റോറികളായി. തിരുവനന്തപുരത്ത് ഗുണ്ടകളുടെ ജീവിതം (പുതിയ ഭാഷയില്‍ ക്വട്ടേഷന്‍ സംഘം) പകര്‍ത്തിയ ഒരു ഫീച്ചര്‍ ഓര്‍മ്മ വരുന്നു. ഇരുണ്ട വഴികളില്‍ സ്വാഭാവികമായും നടന്നുനീങ്ങുന്ന ചെറുപ്പങ്ങളുടെ കൈകളില്‍ അലസമായി തൂങ്ങികളിക്കുന്ന വാള്‍തലപ്പുകള്‍ സ്ക്രീനില്‍ തങ്ങിനിന്നിരുന്ന തീക്ഷ്ണമായ ദൃശ്യാനുഭവം ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒളിത്താവളം ചിത്രീകരിക്കുന്നെങ്കില്‍ അത് വളരെ തീയറ്ററിക്കലായ ഒരു ചോരക്കളി തന്നെ ആവിഷ്കരിച്ചായിരിക്കില്ലേ? ഇവിടെയാണ് മാധ്യമബോധത്തിന്റെയും നൈതികതയുടെയുമൊക്കെ അഭാവം ചോദ്യമാകുന്നത്.


    അച്ചടി മഷിപുരണ്ടതെല്ലാം സത്യമാണ് എന്ന ധാരണ നമുക്കു പണ്ടേയുണ്ട്.അഴിമതി, സ്ത്രീപീഢനം, രാജ്യദ്രോഹം തുടങ്ങി സെന്‍സേഷനലായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഈ വിശ്വാസ്യത പത്രങ്ങള്‍ എന്നും മുതലെടുത്തിരിന്നു. കുപ്രസിദ്ധമായ ഐ.എസ് ആര്‍.ഓ ചാരക്കേസുനോക്കൂ. ഭരണമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആ വാര്‍ത്താവ്യവസായം എത്ര ജീവിതങ്ങളെയാണ് തകര്‍ത്തത്. ഇത്തരം കേസുകളില്‍ കുറ്റാരോപിതരോ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരോ ആയ സകലരേയും പ്രതികള്‍ എന്ന മട്ടില്‍ കൈകാര്യം ചെയ്യുന്ന രീതി ഇവിടെ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ വഴികളിലൂടെ കടന്നുപോയി അത് തെളിയിക്കപ്പെടാനുള്ള സാവകാശം നാം നല്‍കാറില്ല. (ഇന്‍ഡ്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥപ്രകാരം ഒരായുസ്സിന്റെ ദൈര്‍ഘ്യമാണ്‌ പല വിചാരണകള്‍ക്കും.) മാധ്യമങ്ങളുടെ ഈ മനുഷ്യാവകാശലംഘത്തിനെതിരെ സക്കറിയയെപ്പോലുള്ള ചിലരേ സധൈര്യം പ്രതികരിച്ചിട്ടുള്ളൂ.തങ്ങളടക്കം തകര്‍ത്ത നമ്പിനാരായണന്റെ ദുരന്ത ജീവിതത്തെ ഫീച്ചറാക്കി മലയാള മനോരമ ഈയടുത്ത കാലത്ത് വീണ്ടും കാശുണ്ടാക്കിയത് കണ്ടിരുന്നില്ലേ?. അന്ന് അദ്ദേഹത്തിന് പറയാനുള്ളതും കേട്ടിരുന്നെങ്കില്‍ എന്ന കുറ്റസമ്മതം ഒരു മാധ്യമമുഖത്തില്‍ നിന്നും എന്തുകൊണ്ട് ഉണ്ടായില്ല?


    പ്രിന്റ് മീഡിയയുടെ 'സത്യവചന'ത്തെ സംബന്ധിച്ച നമ്മുടെ മുന്‍ ധാരണ തിരുത്തി ടെലിവിഷന്‍ ദൃശ്യങ്ങള്‍ കള്ളം പറയില്ല എന്ന പുതിയ മിഥ്യ ഇടക്കാലത്ത് രൂപം കൊള്ളുന്നതായി കാണാം. ഇ.കെ നായനാര്‍ തിരഞ്ഞെടുപ്പു ബൂത്തില്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാണിച്ചു എന്ന മനോരമ ഫോട്ടോ സഹിതം 'സൃഷ്ടിച്ച ' വാര്‍ത്ത തെറ്റാണ് എന്ന് ചലിക്കുന്ന ദൃശ്യങ്ങളിലൂടെ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ നമ്മെ ബോധ്യപ്പെടുത്തി. അന്ന് ടെലിവിഷന്‍ നിരൂപകനായ ഷാജി ജേക്കബ് എഴുതിയത് ടി.വിയില്‍ കാണുന്ന ദൃശ്യങ്ങള്‍ എന്നും യാഥാര്‍ത്ഥ്യ്മായിരിക്കും, ക്യാമറ കള്ളം പറയില്ല എന്നാണ്. അപക്വമാണ് ആ നിരീക്ഷണം എന്നു ടീ വി തന്നെ വൈകാതെ തെളിയിച്ചു. കരുണാനിധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സണ്‍ ടി.വി കാണിച്ച രാജ്യത്തെ പിടിച്ചു കുലുക്കിയ ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ 'യഥാര്‍ത്ഥ' ദൃശ്യങ്ങളിലൂടെ തെളിയിച്ചു.


    വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയാണ്‌ എന്ന് നമുക്കറിയാം ഏറെ സംവിധാനഭദ്രതയോടെ ചമ്യ്ക്കുന്ന പല വാര്‍ത്തകളും അത്ര ഉള്ളുറപ്പില്ലാത്തതായിരിക്കും. വാര്‍ത്തകള്‍ക്കു ശേഷം ആ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കാറില്ല. പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്രമുതലാളിയുടെ സ്വാതന്ത്ര്യം മാത്രം പരിരക്ഷിക്കപ്പെടുകയും ചെയ്യും. അന്യസംസ്ഥാനത്തൊരു യൂണിവേര്‍സിറ്റിയില്‍ ഒരു പത്രമുതലാളിയുടെ പുസ്തകം ഉപപാഠമായിരുന്നത് മാറിയപ്പോള്‍ (ടെക്സ്റ്റ് ബുക്കുകളില്‍ ഇത്തരം മാറ്റം സ്വാഭാവികമാണല്ലോ ) അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായല്ലേ അവതരിപ്പിക്കപ്പെട്ടത്? ആഴ്ചകള്‍ നീണ്ട ദിവസേനയുള്ള നാലു കോളം വാര്‍ത്താപരമ്പരക്കും ഓരോ പഞ്ചായത്തിലേയും അവസാനത്തെ സാംസ്കാരിക പ്രവര്‍ത്തകന്റെയും പ്രസ്താവനക്കും ശേഷമാണ് ആ വാര്‍ത്ത അടങ്ങിയത്. പണ്ടൊരു രസികന്‍ 'പട്ടിക്കൂട്ടിയും ജേര്‍ണലിസ്റ്റും തമ്മിലുള്ള വ്യത്യാസം പട്ടിക്കൂട്ടി രണ്ട്മൂന്നാഴ്ചക്കുള്ളില്‍ മോങ്ങല്‍ നിര്‍ത്തുമെന്നതാണ്' എന്നു പറഞ്ഞത് ഇത്തരം ജേര്‍ണലിസം മുന്നില്‍ കണ്ടല്ലേ?

    പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ സംഭവിച്ചത് എന്താണ്? പോലീസ് തെളിവുകള്‍ സൃഷ്ടിക്കുകയാണ് എന്ന് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ തെളിവുകള്‍ സൃഷ്ടിച്ച് സ്വയം കേസ് അന്വേഷിക്കുകയാണ് എന്ന് മന്ത്രി. അന്വേഷണത്തിലിരിക്കുന്ന കേസില്‍ ഇത്ര മാധ്യമവിചാരണ വേണ്ടാ എന്ന് കോടതി. തങ്ങള്‍ വിമര്‍ശനാതിതരാണെന്ന് ഒരോരുത്തരും കരുതുന്നു. ഭരണകൂടങ്ങളും അതിന്റെ സംവിധാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും മിക്ക തൊഴില്‍ സമൂഹങ്ങളും കോടതിയും ഒക്കെ അഴിമതിക്ക് വിധേയരാണെന്ന് മാധ്യമങ്ങള്‍ പറയാറുണ്ട്. എന്നാല്‍ തങ്ങള്‍ മാത്രം അഴിമതി മുക്തമായ വിശുദ്ധരൂപികളാണെന്ന് അവര്‍ നടിക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ്? ധാര്‍മികമൂല്യങ്ങളെ പ്രതി ഇങ്ങനെ വ്യാജ്യമായി ഊറ്റം കൊള്ളുന്ന മറ്റൊരു തൊഴില്‍ സമൂഹമുണ്ടോ? ഇല്ലെന്നാണെന്റെ പക്ഷം.


    പോളിന്റെ വധത്തിന്‌ പിറകില്‍ വേട്ടപ്പട്ടികളെപ്പോലെ പായുന്നതില്‍ ഒന്നുകില്‍ മാനേജ്മെന്റ് താല്പര്യം, അല്ലെങ്കില്‍ കാശിനുവില്‍ക്കാവുന്ന എരിവും പുളിയുമൊക്കെയുള്ള സംഭവം എന്നതിനപ്പുറം മറ്റു പത്രധര്‍മ്മമൊന്നുമില്ലെന്നു പറയാനുള്ള ചങ്കൂറ്റം നേരറിയിക്കുന്നുവെന്നു പറയുന്ന ഏത് മാധ്യമത്തിനുണ്ട്. തങ്ങള്‍ ചെയ്യുന്നത് കച്ചവടമാണ് എന്ന് തുറന്നു പറയാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ സങ്കോചം കാണിക്കാറില്ല. ജനാധിപത്യത്തിന്റെ കാവല്‍ക്കാരനാണെന്ന നാട്യമൊന്നും വേണ്ട കച്ചവടക്കാരന്റെ സത്യസന്ധതയും ധാര്‍മികതയുമെങ്കിലും കാണിക്കണം എന്ന് ഇവരെ പറഞ്ഞുബോധ്യപ്പെടുത്തേണ്ടതല്ലേ?
    കുറച്ചു നാള്‍ക്കുമുമ്പ് രേഷ്മ എന്ന നടിയെ വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു പോലീസുകാരന്‍ തന്നെ പകര്‍ത്തി പിന്നീട് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവം ആയിരുന്നുവല്ലോ. ഇവിടെ തന്റെ തൊഴിലിനെ അയാളും വ്യഭിചരിക്കുകയായിരുന്നില്ലേ? വ്യഭിചാരം ചെയ്യാമോ?, കുറ്റമാണെങ്കില്‍ തന്നെ ഇങ്ങനെയൊക്കെ ചോദ്യം ചെയ്യാമോ?, ഇനി അത് ചെയ്താല്‍ തന്നെ അത് പകര്‍ത്തി പുറത്തുവിടാമോ? തുടങ്ങിയ ഓരോ ചോദ്യങ്ങളുടെയും യുക്തി വേറെയാണ്. അവ പരസ്പരം കുത്തി വീഴ്ത്തുന്നില്ല. വ്യക്തികളുടെ സ്വകാര്യ ജീവിതാവസ്ഥകള്‍ അവരുടെ അനുവാദമില്ലാതെ പബ്ലിഷ് ചെയ്യുന്നവനില്‍ പ്രവര്‍ത്തിക്കുന്നത് കുളിമുറിക്കുള്ളില്‍ ഒളിക്യാമറ പ്രവര്‍ത്തിപ്പിക്കുന്നവന്റെ മനസ്സാണ്.

    അമാന്യമായ ആ മനസ്സാണ്‌ സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഏറ്റവും രഹസ്യാത്മകവും, അതില്‍ ചോദ്യം ചെയ്യലിന്‌ വിധേയമായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പീഡാകരവുമായ സ്വകാര്യാവസ്ഥകള്‍ നിറഞ്ഞതുമായ നാര്‍ക്കോ അനാലിസിസ് ടേപ്പുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത മാധ്യമത്തിനു പിറകിലും പ്രവര്‍ത്തിച്ചത്.

    പോത്തിനെ കൊല്ലേണ്ടതെങ്ങനെ എന്ന പ്രശ്നം ഉയര്‍ത്തുന്ന പല ചോദ്യങ്ങളുണ്ട്. പോത്തുകളെ കൊല്ലാന്‍ നമുക്കെന്തധികാരം എന്ന ചോദ്യം, കൊല്ലുന്നെങ്കില്‍ കുറേക്കൂടി മനുഷ്യത്വത്തോടെ കൊന്നുകൂടെ എന്ന ചോദ്യം, എങ്ങനെ കൊന്നാലും അത് അതേപടി ദൃശ്യവിരുന്നാക്കാമോ എന്ന ചോദ്യം. ഓരോ ചോദ്യത്തിന് പിറകിലുമുള്ള നൈതികബോധം വേറെയാണ്. ഒരു തെറ്റ് മറ്റൊന്നിനെ ശരി വെക്കുന്നില്ല. ഒന്ന് മറ്റൊന്നിന്റെ യുക്തി ആകരുത്. അതിര്‍ വരമ്പുകള്‍ ഇടിയരുത്.


    http://vijnanacintamani.org/

    Saturday, 12 September 2009

    9/11

    സെപറ്റംബര്‍ 11- ചരിത്രത്തില്‍ നിലനില്‍ക്കുന്നത് എങ്ങനെ ആയിരിക്കും? പാശ്ചാത്യ മുതലാളിത്തശക്തികളും ഇസ്ലാമികശക്തികളും തമ്മിലുള്ള പുതിയ കുരിശുയുദ്ധം എന്ന പേരിലാണോ, (സെപ്റ്റംബര്‍ പതിനൊന്ന് സംബന്ധിച്ച് യൂട്യൂബിലും മറ്റും പ്രചരിക്കുന്ന സ്മരണാഞ്ജലി ആല്‍ബങ്ങളിലൊന്നില്‍ ഡബ്ലിയു.ടി.സി അവശിഷ്ടങ്ങള്‍ മാലചാര്‍ത്തിയ കുരിശുരൂപത്തില്‍ കിടക്കുന്നതു കാണാം.) ശീതയുദ്ധത്തിനു ശേഷം, ഈ ആഗോളവല്‍കരണ സാഹചര്യത്തില്‍‍ രാഷ്ട്രാതിര്‍ത്തികള്‍ അപ്രസക്തമായ പുതിയ ലോകയുദ്ധത്തിന്റെ ആദ്യപതിപ്പ് എന്ന നിലയിലോ, അമേരിക്ക കേന്ദ്രമായ ഒരു പുതിയലോകക്രമത്തിന്റെ രൂപീകരണത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ല് എന്നോ, സാമ്രാജ്യവിരുദ്ധസമരങ്ങളുടെ പുതിയ ഘട്ടത്തിന്റെ പ്രാരംഭസൂചി എന്ന മട്ടിലോ അതോ, അന്താരാഷ്ട്ര തീവ്രവാദം എന്ന ലോകവിപത്തിന്റെ ഭീകരത ലോകത്തിന് കാണിച്ചു കൊടുത്ത ആദ്യ സംഭവം എന്ന നിലയ്ക്കോ?
    അതെന്തായാലും രാഷ്ട്രീയ മത രാഷ്ട്രീയപരമായ അഭിപ്രായഭേദങ്ങള്‍ക്കപ്പുറത്ത് ട്രാന്‍സ് നാഷന്‍ എന്ന പുതിയ സാഹചര്യത്തിന്റെ അനശ്വരമായ പരസ്യപ്പലക എന്ന നിലയിലായിരിക്കുമെന്ന കാര്യത്തില്‍ എന്തായാലും തര്‍ക്കമുണ്ടാകാനിടായില്ല. ഈ ഇരുനിലകെട്ടിടം തകര്‍ന്നു വീണത് ഒരു 'ആഗോളഗ്രാമ'ത്തിലേക്കാണ്. പത്തൊമ്പത് 'ഭീകരവാദി'കള്‍ അടക്കം മരിച്ച രണ്ടായിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റിമൂന്നു പേര്‍ ഏതൊക്കെ ദേശക്കാര്‍ എന്ന ചോദ്യം അപ്രസകതമായത് അങ്ങനെയാണ്. സര്‍വശക്തമായ ഒരു രാഷ്ട്രത്തിന്റെ പ്രതിരോധനമന്ത്രാലയത്തിന്റെ ആസ്ഥാനം ആക്രമിക്കപ്പെട്ടത് വാര്‍ത്തയല്ലാതായതും അതുകൊണ്ടാണ്. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ എന്ന തകര്‍ക്കപ്പെട്ട ബഹുനിലമന്ദിരത്തിന്റെ പേരു പോലും ഈ രൂപകത്തിന്റെ ഔചിത്യകാന്തി നിലനിര്‍ത്തുന്നു.
    ഈ അന്താരാഷ്ട്രഭീകരാക്രമണത്തിന്റെ മുനയൊടിക്കുന്ന ചില ദേശീയവാദങ്ങള്‍ അമേരിക്കയില്‍ തന്നെ രൂപപ്പെട്ടിരുന്നല്ലോ. ഈ ആകാശഗോപുരങ്ങള്‍ കേവലം ഒരു വിമാനം തട്ടി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതല്ല എന്നും തീര്‍ത്തും ഭരണകൂടത്തിന് പങ്കാളിത്തമുള്ള നിയന്ത്രിതവും ആസൂത്രിതവുമായ സ്ഫോടനത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചത് എന്നും വാദിച്ചുറപ്പിക്കുന്ന വിശ്വസനീയതയുള്ള പത്രഫീച്ചറുകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളൂം ഡോക്യുമെന്ററികളും ധാരാളംപുറത്തിറങ്ങുകയുണ്ടായി എങ്കിലും അവയൊന്നും തന്നെ അമേരി‍ക്കയ്ക്ക് പുറത്ത് പ്രചരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചോംസ്കിയടക്കമുള്ള ചില ബുദ്ധിജീവികളുടെ അല്പം ഇടഞ്ഞ പ്രതികരണങ്ങളോട് പോലും അത്ര സഹിഷ്ണുതയോടെയല്ല ലോകം പ്രതികരിച്ചത്. എന്തു കൊണ്ട്? അഫ്ഗാനില്‍ തുടങ്ങി പാക്കിസ്താനിലും ഇറാനിലും വരെ എത്തിനില്‍ക്കുന്ന അമേരിക്കന്‍ സഖ്യശക്തികളുടെ ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ യുക്തിയും രൂപപ്പെടുന്നത് ഒരു ആഗോളദേശീയബോധത്തില്‍ നിന്നാണ്, അമേരിക്കന്‍ ദേശീയബോധത്തില്‍ നിന്നല്ല.
    ദേശാതിര്‍ത്തിക്കുള്ളില്‍ മാത്രം അര്‍ത്ഥപ്രകാശനശേഷിയുള്ള ഭീകരവാദി (നമ്മുടെ ഭീകരവാദി ശത്രുരാഷ്ട്രത്തിലെ ധീരദേശാഭിമാനി ആകുമല്ലോ) എന്ന വാക്കിന് അന്താരാഷ്ട്രമാനം കൈവരുന്നതും (അമേരിക്കയുടെ ഓണര്‍ഷിപ്പ്, ഇന്‍ഡ്യയുടെ ഡിസൈനിങ്ങ്, ചൈനയുടെ മാനുഫാകചറിങ്ങ് എന്നതിന്റെ പാരഡിയോ?) ഭീകരവാദം അതീവ കേന്ദ്രിതമായ ഒരു അധോലോക ഫ്ലോട്ടിങ്ങ് സംഘത്തിന്റെ ആഗോളവ്യാപനസ്വഭാവമുള്ള പ്രവൃത്തി ആയി മാറിയതും സെപ്റ്റംബര്‍ പതിനൊന്നോട് കൂടിയാണ്.
    അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ചില വേഷങ്ങള്‍, പേരുകള്‍, രൂപങ്ങള്‍ നോട്ടപ്പുള്ളിയായതും അങ്ങനെ തന്നെ. കഴിഞ്ഞ ദശകങ്ങളില്‍ അന്യ ഗ്രഹ ജീവികളെയും ഭീകര സത്വങ്ങളെയും അമേരിക്കന്‍ വീരനായകര്‍ കീഴടക്കുന്ന പ്രമേയമുള്ള ഹോളിവുഡ് സിനിമകള്‍ക്കായിരുന്നു കയ്യടിയെങ്കില്‍ ആഗോളഭീകരതെക്കിതിരെ യുദ്ധം ചെയ്യുന്ന അന്താരാഷ്ട്രമാനമുള്ള ചിത്രങ്ങളാണിന്ന് മാര്‍ക്കറ്റില്‍ മുന്‍പന്തിയില്‍.
    സെപ്റ്റംബര്‍ 11 സാംസ്കാരികരംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ക്കും ഈ അന്താരാഷ്ട്ര ഭാവം കാണാം. സെപ്റ്റെമ്പര്‍ 11 എന്ന ചിത്രം തന്നെ ഉത്തമോദാഹരണം. സമീറ മക് മല്‍ബഫ്ഫും അമോസ്ഗിദ്വായിയും മീരാനായരുമടങ്ങുന്ന പതിനൊന്നംഗ അന്താരാഷ്ട്ര സംവിധായകസംഘം (അവയില്‍ പത്തും അമേരിക്കക്കാരല്ലാത്ത സംവിധായകരടേതായിരുന്നു. നിര്‍മ്മിച്ചത് ഫ്രഞ്ചുകാരനും.) വെവ്വേറെചെയ്ത, വിഭിന്ന ഭാവത്തിലുള്ള പതിനൊന്ന് ഹ്രസ്വ ചിത്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ഒരാഗോള സിനിമയായി അതിനെ നിലനിര്‍ത്തുന്നത് ദേശാതിര്‍ത്തികള്‍ക്കപുറത്തുള്ള ചില ഉല്‍കണ്ഠകളാണ്, അല്ലാതെ സാമാന്യം മോശമായ അതിലെ ഖണ്ഡങ്ങളുടെ വെവ്വേറെയായ ആഖ്യാന ചാരുതിയല്ല. സമീറയുടെ ആഖ്യാനത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ ലോകത്തെ പിടിച്ചു കുലുക്കിയ ഞെട്ടിപ്പിക്കുന്ന അനുഭവം അടുത്ത് രണ്ടുപേര്‍ കിണറ്റില്‍ വീണ സംഭവമാണ്.
    നമ്മുടെ ബ്ലോഗ് സമൂഹത്തിന്റെ കാര്യം തന്നെ നോക്കൂ. കേവലം വ്യക്തിപരവും സ്വകാര്യവും ആയ ഒരു വമന പ്രക്രിയ എന്ന നില വിട്ട് ദേശഭാഷാതിര്‍ത്തികള്‍ അപ്രസക്തമായ അന്താരാഷ്ട്രഭാവമുള്ള ഒരു 'ബ്ലോഗ് സമൂഹ'ത്തെ, അത്തരം എഴുത്തിന്റെയും വായനയുടെയും സംസ്കാരത്തിന്റെയും സൃഷ്ടിക്കു പിറകിലും സെപ്റ്റെംബര്‍ 11 തന്നെയല്ലേ ? ബ്ലോഗില്‍ ഐ. പി വിലാസത്തിന് പിറകില്‍ ജീവിക്കുന്ന മലയാളി ഒരാഗോള മലയാളിയല്ലേ? അതുകൊണ്ടാണല്ലോ 'ചിത്രകാരനെ'തിരെ ബ്ലോഗെഴുത്തിന്റെ പേരില്‍ കേസുണ്ടായപ്പോള്‍ ഏതു രാജ്യത്തെ നിയമപ്രകാരം എന്ന ചോദ്യം ഉണ്ടായത്!

    അനുബന്ധം: ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ നാട്ടില്‍ തിയ്യതി പന്ത്രണ്ടാണ്. ഡെസ്ക്ടോപ്പില്‍ കാണുന്ന ബ്ലോഗ് സ്പോട്ടില്‍ എന്റെ തിയ്യതി പതിനൊന്നും. തൊട്ടപ്പുറത്ത് കിടക്കുന്ന പന്ത്രണ്ടാം തിയ്യതി കാണിച്ച പത്രത്തില്‍ ഒരു വാര്‍ത്ത. "തൃശ്ശൂരില്‍ ഒബാമ നടത്തിയ ഇഫ്ത്താര്‍ വിരുന്നിനെതിരെ സി.പി.ഐ. എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു!"
    http://sngscollege.info
    http://vijnanacintamani.org

    Monday, 7 September 2009

    ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍!

    സെപ്റ്റംബര്‍ - 7
    ഒന്നു നിരങ്ങാന്‍ തിണ്ണ തരുന്നവനോട് ഇത്തിരി സ്നേഹം കാണിക്കണമല്ലോ. ബ്ലോഗ്ഗ് സ്പോട്ട് പതിച്ചു തരുന്ന ഗൂഗിളിന്റെ പതിനൊന്നാം ജന്മദിനമാണിന്ന്. സ്റ്റാന്‍ഫോര്‍ഡ് സര്‍ വകലാശാലയിലെ രണ്ടു ചെറുപ്പക്കാരുടെ പി എച്ച് ഡി ഗവേഷണവിഷയം എങ്ങനെ വിവരസാങ്കേതികതയുടെ ലോകത്തെ മാറ്റി മറിച്ചു എന്നത് എഴുതപ്പെട്ട ചരിത്രമാണ്. അതാവര്‍ത്തിക്കേണ്ടതില്ല. ഒരക്ഷരപിശകില്‍ നിന്നു തുടങ്ങിയ ഗൂഗിളിന് പക്ഷേ വളര്‍ച്ചയില്‍ പിഴച്ചില്ല. എന്തായാലും കേവലം ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന് മാറി ഈ വര്‍ഷം സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതോടെ വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ മേഖലയില്‍ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി ഗൂഗിള്‍ മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2004-ല്‍ പുറത്തിറങ്ങിയ നാഷണല്‍ ട്രഷര്‍ എന്ന ചിത്രത്തില്‍ നല്ലവരൊക്കെ ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ ചീത്തയാളുകള്‍ യാഹൂ ഉപയോഗിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത് എന്ന് എവിടെയോ വായിച്ചു. ചിത്രം കണ്ടിട്ടില്ല. ഇന്ന് യാഹൂ സെര്‍ച്ച് എഞ്ചിനില്‍ തന്നെ കടിച്ചു തൂങ്ങുന്ന എത്ര പേരുണ്ട്? അറിയില്ല.

    ഗൂഗിളിന് പിറന്നാള്‍ ആശംസകള്‍!
    അനുബന്ധം:
    കഴിഞ്ഞയാഴ്ച്ച എന്റെ സെന്ററില്‍ ഒരു പി എച്ച് ഡി പ്രബന്ധത്തിന്റെ വൈവയില്‍ പങ്കെടുക്കേണ്ടതായി വന്നു. കടിക്കുന്ന ചീത്ത പാമ്പുകളും കടിക്കാത്ത നല്ല പാമ്പുകളും ഉണ്ട് എന്നും പാമ്പുകളിലും ബ്രാഹ്മണ ശൂദ്രജാതി വെത്യാസം ഉണ്ടെന്നുമായിരുന്നു ഗവേഷണത്തില്‍ കണ്ടുപിടിച്ചത്!


    http://sngscollege.info
    http://vijnanacintamani.org

    Sunday, 6 September 2009

    ജെയ് ഹോ! ഭാര്യമാര്‍ വില്പനക്ക്!

    രാഷ്ട്രീയക്കാരും ന്യായാധിപന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തണോ എന്ന ചര്‍ച്ച രാജ്യത്തെ മാധ്യമങ്ങളില്‍ ചൂടുപിടിക്കുമ്പോഴാണ് സ്വത്തൊന്നുമില്ലാത്തവരുടെ ഇടയില്‍നിന്നൊരു വെളിപ്പെടുത്തല്‍ ഉണ്ടായത്. വാര്‍ത്ത യു.പി. യില്‍ നിന്നാണ്. അതെ, ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന ആ സുവര്‍ണ്ണഭൂമിയില്‍ നിന്നുതന്നെ. അയോധ്യയില്‍ നിന്ന് തുടങ്ങി 'ഇന്‍ഡ്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം വരെ നീണ്ട ബി ജെ.പിയുടെ പടയോട്ടം കണ്ട യു.പി, എസ്.പിയും ബി.എസ്.പിയും ദളിത രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കിയ യു. പി, കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട യു.പി. ഇപ്പോള്‍ യു.പി യില്‍ യുവരാജാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജെയ് ഹോ പാടി കോണ്‍ഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണ്. ആ യു.പി യില്‍ നിന്ന് രാഹുലിന്റെ തട്ടകത്തിനടുത്തുനിന്ന്, ദളിത് പുത്രി മായാവതിയുടെ സുവര്‍ണ്ണഭരണത്തിന്റെ കീഴില്‍ നിന്ന് ഒരു വാര്‍ത്ത.
    വരള്‍ച്ച കൊണ്ട് ജീവിതം നിശ്ചലമായ യു.പിയിലെ കര്‍ഷകര്‍ തങ്ങളുടെ ഭാര്യമാരെ വില്‍ക്കുന്നു എന്ന ദാരുണ വാര്‍ത്ത. നിസ്സാര വിലക്ക് നിയമതടസ്സങ്ങളൊഴിവാക്കാന്‍ മുദ്രപത്രമൊക്കെ തയ്യാറാക്കിയാണ് ഡീല്‍. പത്തു രൂപയുടെ മുദ്രപേപ്പറില്‍ ഭാര്യാഭര്‍ത്താക്കാന്‍മാര്‍ ഒപ്പിട്ടുനല്‍കുന്ന സമ്മതപത്രവുമായാണ് 50 രൂപ മുതല്‍ 1500 വരെ നിരക്കില്‍ ഭാര്യമാരെ വില്‍ക്കുന്നത്. പുനര്‍വിവാഹം എന്ന വ്യാജേനയാണത്രെ വില്‍പ്പന. സ്ത്രീകളും മറ്റു വഴിയില്ലാതെ ശരീരം വില്പനക്ക് വെച്ചിരിക്കയാണത്രെ. " 1000 കോടി രൂപയുടെ പ്രതിമാനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി മായാവതിയുടേയും ആദിവാസിക്കുടിലുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും മണ്ഡലങ്ങള്‍ക്കടുത്താണ് ഈ കച്ചവടം നടക്കുന്നത്. " എന്നാണ് മാതൃഭൂമിയുടെ പരാമര്‍ശം. വാര്‍ത്ത ഇവിടെ.
    http://www.mathrubhumi.com/story.php?id=53683
    ഇതത്ര പുതിയ കാര്യമാണോ എന്നാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും നിലപാട്.ശരിയാണ്. കേരളീയര്‍ക്ക് പോലും ഇത് പുതിയ വാര്‍ത്തയല്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലമ്പൂരിലെ ആരുവാക്കോട് കോളണിയില്‍ നിന്നും സമാനവാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. മണ്‍പാത്രങ്ങളുടെ വിപണി അവസാനിച്ചപ്പോഴാണ് ആ പരമ്പരാഗത തൊഴിലാളികള്‍ മറ്റു മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞത്. അന്ന് ആഗ്രാമത്തെ രക്ഷിച്ചത് ഏതെങ്കിലും രാഷ്ട്രീയക്കാരായിരുന്നില്ല. വാര്‍ത്തയറിഞ്ഞെത്തിയ ചില എന്‍ ജി.ഓ കള്‍ ആയിരുന്നു എന്നുമോര്‍ക്കണം.ഈ വാര്‍ത്ത കൊട്ടാരജീവികളായ രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മക്കുമേല്‍ മാത്രമല്ല ചെന്നു വീഴുന്നത്. നാം കൊണ്ടു നടക്കുന്ന ചില സാംസ്കാരിക പൈതൃക ഡംഭുകളുടെ പൊള്ളത്തരത്തിനു മേലുമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ അലിഞ്ഞില്ലാതാകുന്നതാണ് നമ്മുടെ സദാചാരവും കുടുംബസങ്കല്പവും ആര്‍ഷഭാരത നാരീപൂജാമന്ത്രവും എന്ന് ഈ സംഭവങ്ങള്‍ നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ചെറിയൊരു മലവെള്ളപ്പാച്ചിലില്‍ നമ്മുടെ നഗരങ്ങള്‍ അതിന്റെ ഗരിമയൊക്കെ വിട്ട് കുഗ്രാമങ്ങളാകുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ എടുപ്പുകള്‍ എത്ര പെട്ടെന്നാണ് ഒലിച്ചുപോകുന്നത്!
    അത്രെത്ര സത്യം എന്ന മട്ടില്‍ നമ്മുടെ ലൈഗിക സദാചാരത്തിന്റെ പൊള്ളത്തരത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അടങ്ങാത്ത ലൈംഗിക തൃഷ്ണകളെ തുറന്നു കാട്ടുന്ന മരമാക്രിയുടെ പോസ്റ്റും ആ നേരത്തു തന്നെ എന്റെ ഡാഷ്ബോര്‍ഡില്‍ വന്നു വീണു.
    http://maramaakri.blogspot.com/2009/09/blog-post_05.html

    http://sngscollege.info
    http://vijnanacintamani.org

    Tuesday, 1 September 2009

    ഗണപതിക്ക് കുറിച്ചത്!

    ഈയടുത്ത് നമ്മുടെ നഗരങ്ങളില്‍ നടന്ന ഗണേശോല്‍സവം പലരിലും ഗൗരവമുള്ള വിചാരങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഇത് സംബന്ധിച്ച മികച്ച ഒരു പോസ്റ്റ് വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ഉണ്ട്. എന്റെ നാട്ടിന്‍പുറത്തും ദരിദ്രമായ ഒരു ഘോഷം അത്ര തികവില്ലാത്ത ഒരു ഗണപതിരൂപത്തെ പെട്ടി ഓട്ടൊയില്‍ പ്രതിഷ്ഠിച്ച് വഴിമുടക്കി റോഡിലൂടെ നിങ്ങുന്നത് കണ്ടു. ആദ്യമായാണത്. അതുകൊണ്ടുതന്നെ പലരും പകച്ചു നോക്കുന്നുണ്ടായിരുന്നു. ചിലരില്‍ കൗതുകവും കണ്ടു. ചെയ്യുന്നതിനെ സംബന്ധിച്ച് അത്ര പരിചയം ഘോഷയാത്രയിലുള്ളവര്‍ക്കും ഉണ്ടായിരുന്നില്ല. ആ തെരുവുകാഴ്ചയില്‍ ചാടിമറിഞ്ഞോ, മാറിനിന്ന് കണ്ടൊ ഉണ്ടായിരുന്ന ആരുടേയും ആത്മാവിഷ്കാരമല്ല അതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. 

    എനിക്കോര്‍മ്മ വന്നത് ഞങ്ങളുടെ കോളേജുകാലത്ത് നാട്ടില്‍ ആദ്യമായി നടത്തിയ ക്രിസ്മസ് കരോളാണ്. മരുന്നിനുപോലും ഒരു ക്രിസ്ത്യാനിയില്ലാത്ത എന്റെ നാട്ടിലെ അന്നത്തെ സര്‍ക്കീട്ട് കമ്പനിയുടെ ഒരു കുന്നായ്മത്തരമായിരുന്നു ആ കലാപരിപാടി. ഞങ്ങള്‍ക്കു പരിചയമുള്ള ചോഴികെട്ടിന്റെ പരുവത്തിലാണ് സാന്റാക്ലോസ് വേഷം കെട്ടിയത്. പാട്ടയിലടിച്ച് പാട്ടിന് നേതൃത്വം നല്‍കിയത് സൈനുദ്ദീനായിരുന്നു. അന്ന് സൂപ്പര്‍ഹിറ്റായിരുന്ന നോക്കെത്താദൂരത്ത് കണ്ണും നട്ടിലെ ഒരു കരോള്‍ പാട്ടിന്റെ വരികള്‍ തെറ്റായി ആവര്‍ത്തിച്ചതായിരുന്നു ആ ആലാപനം. തിരുവാതിരക്ക് കരുതിവെച്ച മൈസൂര്‍ പഴങ്ങളായിരുന്നു വീടുകളില്‍ നിന്ന് കിട്ടിയത്. ചിലയിടത്തു നിന്ന് പുളിച്ച ആട്ടും. പുതു തലമുറ കഴിഞ്ഞാണ്ടു വരെ ഇതേറ്റെടുത്ത് നടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. 

    ഞങ്ങളുടെ നാട്ടില്‍ പതിവുള്ള ഉല്‍സവഘോഷയാത്രകള്‍ തേര്‍പൂജയ്ക്കും പൂരത്തിനുമുള്ള എഴുന്നെള്ളിപ്പുകളും നേര്‍ച്ചയ്ക്കുള്ള പെട്ടിവരവും മാത്രമായിരുന്നു. രണ്ടിലും പങ്കെടുക്കുന്ന പുരുഷാരം ഒന്നു തന്നെ ആയിരുന്നു. അതിനാല്‍ അവയൊന്നും അത്ര മതപരമായിരുന്നില്ല. മതപരമായ യാത്രകള്‍ പിന്നെ രണ്ടെണ്ണം വന്നു. ആദ്യം നബിദിന ഘോഷയാത്രയും പിന്നെ ശ്രീകൃഷ്ണ ജയന്തിക്ക് ശോഭായാത്രയും. മൗലവിമാരും ഉസ്താദുമാരും ഒരു കൂട്ടര്‍ക്ക് മുന്നില്‍ നടന്നപ്പോള്‍ കാവിവസ്ത്രവും കട്ടിക്കുറിയുമായി ഒരു വിഭാഗം മറ്റേ കൂട്ടര്‍ക്കും നേതൃത്വം നല്‍കി. കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് വൈകാതെയാണ്. ബാബറി മസ്ജിദ് പൊളിച്ചടുക്കിയതോടെയാകാം.നാട്ടിലെ മുസ്ലീം സമൂഹത്തില്‍ ചില വേഷപകര്‍ച്ചകള്‍ കണ്ടു തുടങ്ങി. ചെറുബാല്യങ്ങള്‍ക്കൊക്കെ തലയില്‍ വട്ടത്തൊപ്പി. ചെരു വാല്യക്കാര്‍ക്കൊക്കെ വട്ടത്താടി. കാല്പാദമെത്താത്ത വെള്ളമുണ്ട്. നീണ്ട് ജുബ്ബകള്‍. പെണ്ണുങ്ങള്‍ക്ക് മക്കനക്കു പകരം അറബിത്തരത്തില്‍ പര്‍ദ്ദകള്‍! ആകപ്പാടെ ദേശകാലങ്ങള്‍ മറിച്ചിടുന്ന ഒരു ഫാന്‍സി ഡ്രസ്സ്! മതപരമായ ജാതകള്‍ക്ക് നീളം വെച്ചു. ആവൃത്തി കൂടി. നാട്ടിലെ അമ്പലങ്ങള്‍ക്ക് ചുറ്റുമതിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡും വന്നു. ചേകനൂരിനെ കാണാതായി. പട്ടാമ്പി നേര്‍ച്ചകമ്മറ്റിയില്‍ നിന്ന് ഉദയവര്‍മ്മനും വീരമണിയുമൊക്കെ പുറത്തായി. കാളകമ്മറ്റിയില്‍ സൈനുദ്ദീനില്ലാതായി. ഇതോടൊപ്പം പുതു ഉല്‍സവങ്ങളൂം പരിചയപ്പെട്ടിരുന്നു. കോളേജുകളില്‍ രക്ഷാബന്ധന്‍, യൂണിവേര്‍സിറ്റി യിലെത്തിയപ്പോഴേക്കും ഹോളി. ഉറിയടി ഞാന്‍ ആദ്യം കാണുന്നത് തിരുവനന്തപുരത്ത് നഗരവീഥിയിലാണ്. വൈകാതെ ഹോളി കളി ടി.വി. കൊണ്ടു വന്ന വാലന്റൈന്‍സ് ഡേയ്ക്ക് വഴി മാറി. നേര്‍ച്ചയും പെട്ടിവരവും നിലച്ചു. 

    ഇതിനു നേർ വിപരീതദിശയിൽ മറ്റൊന്ന് സംഭവിക്കുന്നുണ്ട്. മതസാമൂഹ്യസ്ഥാപനങ്ങൾ അധികാരശേഷി വിനിയോഗിച്ച് പ്രബല ഏകശിലാത്മക പാഠങ്ങൾ മതസദാചാരയുക്തിയോടെ നിർമ്മിച്ചെടുക്കുമ്പോൾ ബഹുജനസഞ്ചയം അതിനു പുറത്ത് തങ്ങളുടെ സ്വതാവിഷ്കാരങ്ങളും ബഹുസ്വരപാരമ്പര്യവും പ്രതിരോധസ്വരത്തിൽ ബദലായി ആവിഷ്കരിക്കുന്നുമുണ്ട്. ഇത് പഴയ ഉത്സവാഘോഷങ്ങളുടെ കാർണിവൽ സംസ്കാരത്തെ ഒട്ടൊക്കെ നിലനിർത്താൻ സഹായിക്കുന്നു.ഉദാഹരണമായി മലബാറിൽ പ്രധാനമായ നേർച്ചകൾ  മുസ്ലീം വിശുദ്ധന്മാരെ ആദരിക്കുന്ന പാരമ്പര്യ ഉത്സവം എന്ന നിലവിട്ട് പ്രാദേശികനഗരോത്സവങ്ങളായി പൊതു ഉത്സവ കലണ്ടറിലേക്ക് മാറിയിട്ട് കാലം കുറേയായല്ലോ. തങ്ങൾ ജാറങ്ങളേയോ പള്ളികളേയോ കേന്ദ്രീകരിച്ച് ആന്തരഘടനയിൽ അതിന്റെ ആചാരനിർവഹണം നടക്കുമ്പോൾത്തന്നെ അതിനു പുറത്ത് അങ്ങാടിയെ കേന്ദ്രീകരിച്ച്  ജനസഞ്ചയത്തിന്റെ വിപണിയുത്സവവും ആവിഷ്കാരങ്ങളും അർമാദങ്ങളും യാതൊരു മത സാമൂഹ്യ ചട്ടക്കൂടുമില്ലാതെ തിമിർത്തു പെയ്യുന്നു. എൺപതുകളുടെ ഒടുവിൽ പക്ഷേ നവ ഇസ്ലാമിക മൂവ്മെന്റുകളും മതശുദ്ധീകരണപ്രക്രിയകളും  ഇസ്ലാമികപരിഷ്കരണ വേലിയേറ്റങ്ങൾ സൃഷ്ടിച്ചപ്പോൾ നേർച്ച അനിസ്ലാമികമാക്കപ്പെട്ടു. പലയിടത്തും അതിന്റെ അനുഷ്ഠാനപാഠം ഒറ്റതിരിഞ്ഞു നടന്നുപോന്നു. പക്ഷേ അങ്ങാടിയിലെ കാർണിവലുകൾ ഒടുങ്ങി. എന്നാൽ ഈ ശുദ്ധീകരണം അധികകാലം നിന്നില്ല. മതാധികാരത്തെ മറികടന്ന് ആൾക്കൂട്ടം തങ്ങളുടെ നേർച്ചയെ തിരിച്ചുപിടിച്ചു. നേർച്ചകളെ ദേശീയോത്സവം എന്ന് പുനർനാമകരണം ചെയ്താണ് അവർ ഭംഗിയായി ഈ പ്രതിരോധം സാധിച്ചത്. അതാകട്ടെ ഇരുതലയുള്ള ഒരു വാളായിരുന്നുതാനും. ഒരു ഭാഗത്ത് ഇസ്ലാമിക മതമൗലികവാദത്തെയും സദാചാരത്തെയും പ്രതിരോധിച്ചപ്പോൾ തന്നെ ഈ റീ ബ്രാൻഡിങ്ങിൽ അവർ കേരളസംസ്കാരമെന്നും കേരളീയത എന്നും മധ്യകാലനാടുവാഴിത്തകാലം മുതൽ ഉറപ്പിക്കപ്പെട്ട സവർണ ഹൈന്ദവ സാംസ്കാരികമേൽപ്പുരയ്ക്ക് മേൽ കൂടി കല്ലെറിഞ്ഞു. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന്പാഠപുസ്തകത്തിലൂടെ പാടിപ്പഠിച്ച പ്രബലപാഠത്തെ അട്ടിമറിച്ചുകൊണ്ട് തങ്ങൾക്ക് തങ്ങളുടേതായ മറ്റ് ദേശീയോത്സവങ്ങളുണ്ട് എന്ന് അവർ ചുവരെഴുതി. സംസ്കാരത്തിന്റെ ബഹുത്വത്തെയാണ് ജനപ്രിയ സംസ്കാരരൂപം എന്ന് ഇന്നത്തെ നിലയ്ക്ക് വിളിക്കാവുന്ന ഈ നേർച്ച കം ദേശീയോത്സവം സ്ഥാപിച്ചത്. ഇത്നു സമാന്തരമായി ഓണത്തെ വാമനാഘോഷം എന്ന ഹൈന്ദവപാഠം മാത്രമാഇ ചുരുക്കിക്കെട്ടാനുള്ള ഹിന്ദുത്വ അജണ്ടയും സജീവമാകുന്നുണ്ട്.

    ഈയിടെ വലന്റൈന്‍സ് ഡെയ്ക്കെതിതിരെ ചില ഹിന്ദുത്വ സംഘടനകള്‍ അക്രമാസക്തമായി തന്നെ രംഗത്ത് വന്നിരുന്നു. ഭാരതീയ സംസ്കാരത്തിനു തന്നെ എതിരാണെന്നതാണത്രെ ഈ പ്രതിഷേധത്തിന്റെ യുക്തി. എന്നാല്‍ ഇവര്‍ വടക്കേ ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുതു ഉല്‍സവങ്ങളുടെ യുക്തി എന്താണ്? ഏതു സാംസ്കാരികപശ്ചാത്തലത്തിലാണ് ഇവ അരങ്ങേറൂന്നത്? ഏതു കാലത്തെ, സ്ഥലത്തെ ചരിത്രയുക്തിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? മുസ്ലീം സമൂഹത്തിന്റെ പ്രഛന്നവേഷങ്ങള്‍ക്കുള്ള ഒരു മറുപടി മാത്രമല്ലേ ഇത്? മതപരം എന്നതിനേക്കാള്‍ മതരാഷ്ട്രീയപരം ആണ് ഇത്തരം തെരുവു കെട്ടിക്കാഴ്ചകള്‍ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?സ്ഥലകാലങ്ങള്‍ തെറ്റി പിറക്കുന്ന ഫോക് ലോറുകളെ ഫോക് ലോറിസമെന്നു പറയാറുണ്ട്. ഇന്ന് ഏതാണ്ടെല്ലാ ഫോക് ലോറുകളും ഫോക് ലോറിസമായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ആവിഷ്കാരങ്ങളുടെ മാനം അതിനുമപ്പുറത്താണ്. പണ്ട് ഞാന്‍ പങ്കെടുത്ത ക്രിസ്മസ് കരോളില്‍ നിന്ന് ഏറെ ഭിന്നം! ഭീതിദായകം! ഒന്നിച്ചു കഴിഞ്ഞ ഒരു ജനത പരസ്പരം അപരന്മാരായി വേഷം മറിഞ്ഞ് സ്വയം നഷ്ടപ്പെടുത്തിയത് എന്തിനാണ്? തെരുവിലെ ശുഷ്കമെങ്കിലും വീറുകൂടിയ ഗണേശോല്‍സവത്തില്‍ കാവിക്കൂട്ടത്തിനിടയില്‍ വെറുതെ കള്ളിത്തുണിയുടുത്ത സൈനുദ്ദീനെ ഒന്ന് പരതുമ്പോള്‍ അങ്ങനെ പല ചോദ്യങ്ങളും പൊന്തി വന്നുവോ? http://sngscollege.info/ http://vijnanacintamani.org/