അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Friday, 31 July 2009

  എന്തു പറ്റി മാഷേ?

  എന്തു പറ്റി മാഷേ?
  നന്നേ കനം കുറഞ്ഞ ഒരു പേപ്പര്‍ വെയ്റ്റ് ആണ് ഇന്ന് മാഷ് എന്ന സംജ്ഞ. ട്രപ്പീസുകളിക്കാരന്റെ ചന്തത്തില്‍ കമ്പിയില്‍ ഊഞ്ഞാലാടി പോകുന്ന കണ്ടക്റ്റര്‍ക്ക് ആരെയും സൗകര്യത്തില്‍ മാറി മാറി സംബോധന ചെയ്യാവുന്ന ഒരു വിളിപ്പേര്. "മാഷേ, ഒന്നു മാറി നില്‍ക്കാമോ?"

  ഇസ്തിരി വടിവില്‍ മാറിനിന്ന് മാറി നിന്ന് നമ്മുടെ മാഷമ്മാരൊക്കെ ഒരരുക്കായിരിക്കുന്നു. സമൂഹത്തില്‍, ക്യാമ്പസ്സുകളില്‍, സ്കൂള്‍മുറ്റങ്ങളില്‍, സാഹിത്യ സാംസ്കാരിക ഇടങ്ങളില്‍ ഒക്കെയും അപ്രസക്തമായ ഒരു പാര്‍ശ്വസാന്നിധ്യം.

  കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യം വരെ മാഷ് നമ്മുടെ ഗ്രാമങ്ങളില്‍ ഒരു ഏകാംഗ സര്‍വകലാശാലയായിരുന്നു. അപേക്ഷകള്‍ എഴുതാന്‍, കമ്പി വായിക്കാന്‍, ഉപദേശങ്ങള്‍ തേടാന്‍, സംശയങ്ങള്‍ തീര്‍ക്കാന്‍, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍, വൃത്തിയും വെടുപ്പും ശീലിക്കാന്‍, സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരത്താണി. വിശ്വസ്തതയുടെ പൂര്‍ണതയുടെ, വിശുദ്ധിയുടെ, ലാളിത്യത്തിന്റെ, സര്‍വഗുണസമ്പന്നതയുടെ ഒരു അടയാളം. ആര്‍ക്കും മടക്കികുത്തിയ മുണ്ടഴിച്ചിടാന്‍ തോന്നുന്ന, ആരുടേയും തലകുനിഞ്ഞു പോകുന്ന ബഹുമാനത്തോടെ ഒന്നു മാറി നില്‍ക്കാന്‍ തോന്നിക്കുന്ന പ്രകാശസാന്നിധ്യം.
  പിന്നെ എപ്പോഴാണ്, എന്തുകൊണ്ടാണ് പ്രകാശം കുറഞ്ഞ് പോയത്? എപ്പോഴാണ് അധ്യാപകന്‍ ഒരു റോള്‍ മോഡല്‍ അല്ലാതായത്.?എപ്പോഴും കാരണങ്ങള്‍ പുറത്ത് തേടാനാണ് നമുക്ക് ഉല്‍സാഹം.അറിവിന്റെ ജനാധിപത്യവല്‍കരണം, വിജ്ഞാനവിതരണത്തില്‍ സ്രോതസ്സുകളുടെ അവിര്‍ഭാവം, വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം. മൂല്യവിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലധിഷ്ഠിതവിദ്യാഭ്യാസതിന്റെ വളര്‍ച്ച, സമൂഹത്തില്‍ പൊതുവെ സംഭവിച്ച മൂല്യശോഷണം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, വിദ്യാസമ്പന്നര്‍ക്ക് സാമൂഹ്യപദവിയിലുണ്ടായ ഇടിവ്, പുതിയ സാമ്പത്തിക ശക്തികളുടെ സ്വാധീനം അങ്ങനെ പല പല കാരണങ്ങള്‍.
  ഒന്ന് തിരിഞ്ഞുകുത്താന്‍ തന്റേടമുണ്ടെങ്കില്‍ നമുക്കകത്തും കാരണങ്ങള്‍ നിരവധി. അധ്യാപനം ഒരു സേവനം എന്നത് മാറി ഒരു ഉപജീവനമാര്‍ഗം മാത്രമായി പരിമിതപ്പെട്ടത്, സിലബസ്സിന്റെ ചുമരില്‍ തൂങ്ങിയാടുന്ന ഒരു വെറും കലണ്ടറായി അധ്യാപകന്റെ അറിവുകള്‍ ചുരുങ്ങിപ്പോയത്, വിദ്യാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും വിശ്വാസ്യത നേടിയെടുക്കുന്നതില്‍ പുലര്‍ത്തിയ അശ്രദ്ധ, ഒരു തൊഴില്‍ സമൂഹം എന്ന നിലയില്‍ നമുക്കു സംഭവിച്ച മൂല്യശോഷണം എന്നിങ്ങനെ നമ്മെ തിരിച്ചറിയാന്‍ സഹായിക്കുന്ന കുറേ സംഗതികള്‍!
  പേപ്പര്‍ലെസ്സ് ക്ലാസ്സുകളുടെ കാലമായിരിക്കുന്നു.ലോകത്തിലെ സകല ടെക്നോളജിയും മനുഷ്യശരീരത്തിന്റെ തന്നെ എക്സ്റ്റെന്‍ഷന്‍ ആണെന്ന് പറഞ്ഞത് മക് ലുഹനല്ലേ. ഈ സാങ്കേതികലോകം ഇന്ന് മനുഷ്യനെ തന്നെ നീക്കം ചെയ്യുമോ എന്ന് ആധി പിടിക്കുന്നവരുണ്ട്. അധ്യാപകരില്ലാത്ത ക്ലാസ്സ് മുറികളെക്കുറിച്ച് ഇന്ന് ലോകം സംസാരിച്ചുതുടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് മുന്നില്‍ ലോകം മുഴുവന്‍ ഒരു നെറ്റ്വര്‍ക്കായി വികസിക്കുന്ന (അതോ ചുരുങ്ങുകയോ?) ഒരു കാലത്ത് പുതിയ അധ്യാപനരീതികള്‍, മൂല്യനിര്‍ണ്ണയോപാധികള്‍, പ്രതീത സ്ഥലരാശികള്‍, ജീവനില്ലാത്ത അധ്യാപകര്‍ തുടങ്ങി പല ഉപാധികള്‍ രൂപപ്പെടുകയും അധ്യാപകന്റെ നില പരുങ്ങലിലായി തീരുകയും ചെയ്യും. സ്വയം പുറത്താകുന്നതിന് മുമ്പ് സ്വയം നവീകരിക്കുന്നതാണ് യുക്തി. അധ്യാപകന്‍ ജീവനില്ലാത്ത ഒരു സാന്നിധ്യമായി ക്ലാസ്സ് മുറികളില്‍ മാറുമ്പോഴാണ് കുട്ടിക്ക് അധ്യയനം യാന്ത്രികമായ ഒരു പ്രക്രിയയായി മാറുന്നത്.വൈകാതെ ഒരു ശല്യക്കാരനായ വ്യവഹാരിയായി മാറിയേക്കാവുന്ന ഈ അധ്യാപകനെ മാറ്റി ഒരു കമ്പ്യുട്ടറിനെ കുട്ടി പകരം വെച്ചാല്‍ അതിശയിക്കാനില്ല. ഇതിനെ ഒരു തൊഴില്‍ പ്രശ്നമായി ചുരുക്കി കാണാതെ ധൈഷണികമായ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ നാം തയ്യാറാണോ എന്നതാണ് പ്രശ്നം.
  ഇതാ പിന്‍ നിരയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് നിന്ന് വിളിച്ച് പറയുന്നു.
  "യൂ ആര്‍ ക്ലീന്‍ ഔട്ട് സാര്‍!!!!!!!!!"
  എന്താ ശരിയല്ലേ മാഷേ?
  (നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജഗിരികോളേജില്‍ ഒരു എന്‍.എസ്സ്.എസ്സ് കൂട്ടായ്മക്ക് വേണ്ടി എഴുതിയത്.)
  http://sngscollege.info/
  http://vijnanacintamani.org

  10 comments:

  1. പ്രസക്തമായ വിഷയം.
   അധ്യാപകന്റെ വിലയിടിച്ചത് അധ്യാപകന്‍ സുരക്ഷിതനാകാന്‍ കയറി നിന്ന സംഘടനാമുഷ്ടിയുടെ തണലുകള്‍ തന്നെയാണ്. അരക്ഷിതനു മാത്രമേ സ്വന്തം തല ഉപയോഗിക്കേണ്ടതുള്ളു. സുരക്ഷിതന് തന്റെ ഉടമ ആവശ്യപ്പെടുന്ന ചുമതലകള്‍ യാന്ത്രികമായി നിര്‍വ്വഹിച്ച് ഉച്ചക്ക് ഊണിന്റെ കൂടെ കഴിക്കേണ്ട ഓം ലെറ്റിനെക്കുറിച്ചോ, അടുത്ത ഡി എ വര്‍ദ്ദനയെക്കുറിച്ചോ മാത്രം ചര്‍ച്ച ചെയ്ത് സമയം കൊല്ലാം.സുരക്ഷിതത്വത്തിനു കീഴില്‍ വ്യഭിചരിക്കപ്പെട്ട മഹത്തായ ഒരു തൊഴിലിന്റെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് ഇനിയെന്തു പറയാന്‍ !
   ഇനി സമൂഹം മൊത്തം മാറുംബോള്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം.

   ReplyDelete
  2. അദ്ധ്യാപനം വെറും ഉപജീവനമാര്‍ഗ്ഗമായി മാറിയതു് തന്നെയാണ് പ്രധാനപ്പെട്ട ഒരു കാരണം. പലരും ലക്ഷങ്ങള്‍ മുടക്കി നേടിയെടുക്കുന്നതു്. അദ്ധ്യാപനത്തില്‍ താല്പര്യം ഉണ്ടായിട്ടല്ല, വെറും ഒരു തൊഴില്‍ എന്ന നിലക്കുള്ള സമീപനം മാത്രമേ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുള്ളൂ. ഇതൊക്കെ തന്നെയാണ് പണ്ട് മാഷ് അല്ലെ‍ങ്കില്‍ ടീച്ചറോട് തോന്നിയിരുന്ന ബഹുമാനത്തിനു് മാറ്റം വരുത്തിയതു്. എല്ലാവരേയുമല്ല പറയുന്നതു്. ഇന്നും എത്രയോ നല്ല അദ്ധ്യാപകര്‍ നമുക്കുണ്ട്.അവരേയൊക്കെ മനസ്സിലോര്‍ക്കുന്നതു് നന്ദിയോടെയും ബഹുമാനത്തോടേയും തന്നെയാണ്.

   ReplyDelete
  3. എടാ എന്ന വിളിപോലെയാണ് മാഷേ എന്ന വിളിയും. വിളിയുടെ ടോണ്‍ ആണ് നിര്‍ണ്ണായകം.

   ആദ്യമായാണ് ഇവിടെ. ഇതുവരെ ഈ ബ്ലോഗ് ശ്രദ്ധിക്കാഞ്ഞത് മോശമായി എന്ന തിരിച്ചറിവോടെ,

   ReplyDelete
  4. കള്ളപ്പണം തീര്‍ത്ത പുത്തന്‍ കൂറ്റുകാരുടെ ലോകമാണ് കഷ്ടിപിഷ്ടിക്കാരനായ മാഷെ ഒരരുക്കാക്കിയത്. നല്ല നിരീക്ഷണങ്ങള്‍.

   ReplyDelete
  5. സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവനെ/വളെ,അധ്യാപകരാക്കി,അവരുടെ കയ്യിൽ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികൾ.പോസ്റ്റിൽ പറഞ്ഞ ഗൃഹാതുരഭൂതകാലത്ത്,ഹൃദയനൈർമല്യവും അതോടൊപ്പം പ്രതിഭയും ഒത്തു ചേർന്ന അദ്ധ്യാപകരെ കണ്ടു കിട്ടാൽ പ്രയാസമുണ്ടായിരുന്നില്ല.എല്ലാ നാട്ടിലും അത്തരക്കാരെ കാണാമായിരുന്നു.ഇന്ന് മരുന്നിനു പോലും കിട്ടാതായി.പണം അങ്ങോട്ടു കൊടുത്ത് ജോലി വാങ്ങുന്ന സ്റ്റുപ്പിഡിറ്റി ഉണ്ടാക്കിയതോടെ തീർന്നു.
   നല്ല പോസ്റ്റ്,സംവാദങ്ങളെ ആവ് അവശ്യപ്പെടുന്നത്.ആശംസകൾ.

   ReplyDelete
  6. അറിവും അറിവിന്റെ വിതരണവും കൂടുതല്‍ വ്യാപകമാവുകയാണ്. ജനകീയമാവുകയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിയന്ത്രണങ്ങളും, വളച്ചൊടിക്കലുകളുമൊക്കെ നടക്കുന്നുണ്ടായിരിക്കാം. എങ്കിലും ജ്ഞാനസമ്പാദനം കൂടുതല്‍ ജനകീയമാവുകതന്നെയാണ്. അപ്പോള്‍ അദ്ധ്യാപകര്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും. വി.ശി പറഞ്ഞ, ഗൃഹാതുരഭൂതകാലത്തെ ഹൃദയനൈര്‍മ്മല്യവും പ്രതിഭയുമുള്ള അദ്ധ്യാപകര്‍ക്കുപകരം,തോളില്‍ കയ്യിട്ടു നടക്കുകയും, പരിമിതികളൊന്നുമില്ലാതെ സംവദിക്കുകയും ചെയ്യുന്ന, യാഥാസ്ഥിതികമല്ലാത്ത അദ്ധ്യാപന(ക)രീതികള്‍ ക്ലാസ്സുമുറികളിലേക്കു വരട്ടെ. യന്ത്രമായാലും മനുഷ്യരായാലും.

   എന്തായാലും പ്രസക്തമായ പോസ്റ്റ്. കൂടുതല്‍ സംവാദങ്ങള്‍ ആവശ്യവുമാണ്.

   അഭിവാദ്യങ്ങളോടെ

   ReplyDelete
  7. അറിവിന്റെ ജനകീയവല്‍ക്കരണം എന്നത് തന്നെയാവും പ്രധാന കാരണം.എല്ലാം ‘അറിയുന്ന‘ ഗുരുവില്‍ ഒരു ഏകാധിപതി ഒളിച്ചിരിപ്പുണ്ട്.

   ReplyDelete
  8. പ്രൊഡ്യൂസേഴ്‌സിന്റെ മടിക്കുത്തിന്റെ ബലത്തില്‍ മാഷമ്മാരും ടീച്ചറുമാരും ആയവര്‍ നിസ്വാര്‍ത്ഥപ്രരിശ്രമം നടത്തിയതിന്റെ ഫലമാണ്‌ 'മാഷ്‌' വിളിക്ക്‌ ഈയൊരു നവീന അര്‍ത്ഥം കൈവന്നിട്ടുള്ളത്‌. ഒരു പദത്തിന്‌ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കൈവരുന്നത്‌ സാഹചര്യത്തോട്‌ കൂട്ടിവായിക്കുമ്പോഴാണ്‌. അപ്പോള്‍ മാഷ്‌ എന്നതിന്‌ വിവരംകെട്ടവന്‍, ഒന്നിനും കൊള്ളാത്തവന്‍ ആദിയായ നാനാര്‍ത്ഥങ്ങള്‍ പകര്‍ന്നുകിട്ടും. നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം പടവലം പോലെ വളര്‍ന്ന്‌ ഇപ്പോള്‍ താഴോട്ട്‌ വളരാനിടമില്ലാതെ വളഞ്ഞുകുത്തി നില്‌ക്കുന്നതിന്റെ 90 ശതമാനം ഉത്തരവാദിത്വം കനമുള്ള മടിയും ആരുംതോല്‌ക്കാത്ത പരീക്ഷയും വഴി മാഷന്‍മാരായവരുടേതാണ്‌, അവരെ കെട്ടിയാടിച്ച്‌ കോടികള്‍ പിടുങ്ങാനായിമാത്രം കെട്ടിപ്പൊക്കിയ എയ്‌ഡഡ്‌ സ്‌കൂളുകളുടേതുമാണ്‌.

   ReplyDelete
  9. ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പരീക്ഷ . ആ അധികാരം എങ്ങനെ വിട്ടു കൊടുക്കും. മാഷ് മാഷല്ലാതായത് നമ്മുടെ സംസ്ഥാനത്ത് മാത്രമാണല്ലോ. കൊള്ളാം.പഴയ മാഷന്മാര്‍ തന്നെ പഴയ പാര്‍ട്ടിയെപ്പോലെയും, പഴയ പാട്ടുകാരെപ്പോലെയും, പഴയ അടിമകളെപ്പോലെയും നല്ലത്. പുതിയതില്‍ ഏതെങ്കിലും വിഭാഗത്തില്‍ പഴയതിനേക്കാള്‍ മെച്ചം എന്ന് പറയാവുന്നവ ഉണ്ടോ ആവോ? വിമര്‍ശകരിലും പഴയവര്‍ തന്നെ നല്ലതാവണമല്ലോ. അപ്പോള്‍ ഇന്ന് എന്തിനെയെങ്കിലും നൊസ്റ്റാള്‍ജിക്ക് ആയി വിമര്‍ശിക്കുന്നവരും മനസ്സില്‍ ഓര്‍ക്കണം.പഴയ വിമര്‍ശകരായിരുന്നു വിമര്‍ശകര്‍.

   ReplyDelete
  10. Nicely explained. It's indeed an art to stop new visitors with your attractive writing style. Truly impressive and nice information. Thanks for sharing.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക