
എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.**
ബുദ്ധി ഉറയ്ക്കുന്ന കാലത്ത് ഏകലോകഭാവനയുടെ ചുവന്നുതുടുത്ത ആകാശത്തിലേക്ക് മിനാരങ്ങള്‍ പോലെ കൈയ്യുയര്‍ത്തി നില്‍ക്കുന്ന ഒരു വിശ്വമാനവനെ കണ്ടതോര്‍മ്മയില്ലേ? നവോത്ഥാനത്തിന്റെ സന്തതിയെ? ഈ മനുഷ്യനോടാണ് പരിഷത്തിന്റെ പാണന്മാര്‍ പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ എന്ന് പാടിക്കളിച്ച് പറഞ്ഞിരുന്നത്. തൊട്ടടുത്ത പ്രഭാതത്തില്‍ പൂവിടുമെന്നു കരുതിയ ആ വസന്തസ്വപ്നത്തില്‍ ഇടിമുഴക്കമായി ആഫ്രിക്കയുടെ ചങ്ങലക്കിലുക്കവുമുണ്ടായിരുന്നു. വര്‍ണവെറിയന്‍ ഭരണകൂടത്തില്‍ നിന്ന് കൊടിയ മര്‍ദ്ദനം നേരിടുന്ന അവിടുത്തെ സ്വാതന്ത്ര്യ സമരപ്പോരാളികളും തൂക്കിലേറ്റപ്പെട്ട കവികളും ആ സമരത്തിന്റെ ആത്മാവായ നെല്‍സന്‍ മണ്ടേലയും ഊര്‍ജ്ജസ്വലയായ സുന്ദരി വിന്നി മണ്ടേലയുമൊക്കെ 'വീ ഷാല്‍ ഓവര്‍ക്കം വണ്‍ ഡേ' എന്ന ത്രസിപ്പിക്കുന്ന സംഘഗാനത്തില്‍ മിന്നലോളിയായി ഏവരുടെയും മനസ്സില്‍ വന്നുപോകുന്ന കാലം.' ആഫ്രിക്ക' എന്നൊരു കവിത കൊണ്ട് എന്‍ വി കൃഷ്ണവാരിയര്‍ ഈ സമരപ്രസ്ഥാനത്തില്‍ അമരനായി. ചതഞ്ഞ മണിപ്രവാളം ഭേദിച്ച് ആ കവിത നാട്ടിലൊക്കെ കൂടുവെച്ച കാലത്താണ് അറുപതു മൈല്‍ അകലം അധികം പോയിട്ടില്ലാത്ത എന്റെ ഒരു ബന്ധു ചെക്കന് പേരിട്ടത് നെല്‍സണ്‍ മണ്ടേല എന്നാണ്. വിഷ്ണുവിന്റെ പര്യായങ്ങള്‍ മാത്രമേ പേരായി പൊതുവെ ഉപയോഗിച്ചിരുന്നുള്ളൂ. മരുമകള്‍ക്ക് വോള്‍ഗാ എന്ന പേരിടണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ നടക്കാതെ പോയ പല വിപ്ലവങ്ങളില്‍ ഒന്നായി.

ലോകമാകെ മേല്‍ കീഴ്മറിയുന്നത് തൊണ്ണൂറുകളിലാണ്. അപ്പാര്‍ത്തിഡീന്റെ കാലം കഴിഞ്ഞ് കറുത്ത സൂര്യന്‍ ആഫ്രിക്കയില്‍ ഉദിച്ച സമയം. നെല്‍സണ്‍ മണ്ടേല ഇന്‍ഡ്യയില്‍ വന്നപ്പോള്‍ മുഴങ്ങിയ 'വിവാ മണ്ടേല ' വിളിയും നിരോധനം കഴിഞ്ഞ് ആദ്യമായി ഇന്‍ഡ്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്ന ദക്ഷിണാഫ്രിക്കന്‍ ടീമുമൊക്കെ എന്റെ ദൂരദര്‍ശന്‍ കാഴ്ചകളില്‍ മായാതെ ഉണ്ട്. പല സ്വപ്നങ്ങളും അന്നേക്ക് നരച്ചു തുടങ്ങിയിരുന്നു. സോഷ്യലിസത്തിന്റെ ദ്വീപുകള്‍ മുങ്ങിപ്പോയിരുന്നു. ഏകലോകത്തിന്റെ ആകാശവൂം വിശ്വമാനവനുമൊക്കെ മാഞ്ഞുപോയിരുന്നു. മണ്ടേല വിവാഹന്മോചനം നേടിയെന്നും വിന്നി ഒരു കൊലപാതകക്കേസിലോ മറ്റോ പ്രതിയായെന്നും കേട്ടു. മണ്ടേല അരങ്ങൊഴിഞ്ഞ് പുതിയ ഏ.എന്‍ സി ഭരണാധികാരികള്‍ രംഗത്തെത്തി.
എത്ര പെട്ടെന്നാണ് കാലം കടന്നുപോകുന്നത്! ദക്ഷിണ ആഫ്രിക്ക ഇന്ന് എത്രയോ ദൂരെ!
ലോകമെങ്ങും ഭരണകൂട പ്രത്യയശാസ്ത്രഭേദമില്ലാതെ കൊണ്ടുനടക്കുന്ന, ഒരേ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വികസന അജണ്ടകള്‍ പുറത്താക്കിയ, വീടും കൂടും നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍, വാസ്തുഹാരകള്‍ -വസ്തുക്കള്‍ ഹരിക്കപ്പെട്ടവര്‍- ലോകത്തെല്ലായിടത്തുമെന്ന പോലെ ഇന്‍ഡ്യയിലും നര്‍മദയില്‍, സിംഗൂരില്‍, മുത്തങ്ങയില്‍, ചെങ്ങറയില്‍, കഞ്ചിക്കോട് ഒക്കെ ഭൂമിക്ക് വേണ്ടി നിലവിളികള്‍ ഉയര്‍ത്തുന്ന ഈ കാലത്ത് അങ്ങാഫ്രിക്കയില്‍ നിന്ന് ഒരു തേങ്ങല്‍ ഉയരുന്നത്, ഒരു ജനത ഉണരുന്നത് കേട്ടുവോ, ആരെങ്കിലും?

Abahlali Base Mjondolo (A.B.M) എന്ന ദക്ഷിണാഫ്രിക്കയിലെ ചേരിനിവാസികളുടെയും ഭൂരഹിതരുടെയും സംഘടന വര്‍ഷങ്ങളായി അവിടെ ഭൂമിക്കും വാസസ്ഥലത്തിനും വേണ്ടിയുള്ള സമരത്തിലാണ്. 2005-ല്‍ ഡര്‍ബനില്‍ പ്രവര്‍ത്തനമാരംഭിച്ച' സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദരിദ്രനാരായണന്മാരുടെ ഈ സംഘടന അതിന്റെ സമരം ആരംഭിക്കുന്നത് കെന്നെഡി റോഡ് ഉപരോധിച്ചുകൊണ്ടാണ്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥലം ഒരു പ്രാദേശിക വ്യവസായിക്ക് മറിച്ചു വിറ്റതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പിന്നീടിങ്ങോട്ട് നിരവധി സഹന സമരങ്ങള്‍, കൈയേറ്റങ്ങള്‍, തിരഞ്ഞെടുപ്പു ബഹിഷ്കരണങ്ങള്‍. ഇടക്ക് ചില ഒത്തുതീര്‍പ്പുകള്‍, താത്കാലിക വിജയങ്ങള്‍ അങ്ങനെ സംഘടന വളരുകയായിരുന്നു. തങ്ങളുടേത് വര്‍ണ്ണവെറിയന്മാരില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേറിട്ട ഒരു മൂന്നാം ചേരിയാണെന്ന് പറയാവുന്നിടത്തോളം. ഭരണകൂടഭീഷണികള്‍, പോലീസിന്റെ മര്‍ദ്ദനങ്ങള്‍, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ആക്രമണങ്ങള്‍, സമ്പന്ന- വ്യവസായ ലോബിയുടെ അടിച്ചമര്‍ത്തലുകള്‍ എല്ലാം അതിജീവിച്ചായിരുന്നു യാത്ര.
സംഘടന ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് എ. എന്‍. സി പ്രവര്‍ത്തകരില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. വികസനത്തിന്റെ വക്താക്കളായ ഈ കറുത്ത ഗാന്ധിശിഷ്യന്മാര്‍ പറയുന്നത് ഏ.ബി.എമ്മുകാര് വികസന വിരോധികളായ സാമൂഹ്യദ്രോഹികളാണെന്നാണ്. കഴിഞ്ഞ സെപ്റ്റമ്പര്‍ ഇരുപത്തിയാറിനാണ് ഏറ്റവും മൃഗീയമായ അക്രമമുണ്ടായത്. ഏ.ബി.എമ്മിന്റെ കെന്നെഡി റോഡ് സെറ്റില്‍മെന്റില്‍ അതിക്രമിച്ചു കയറി അവരുടെ കൂരകള്‍ തകര്‍ത്ത് സ്ഥലം വെട്ടിപ്പിടിച്ചും നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലും ചെറുത്തുനില്പ്പിലുമായി രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെയായിരുന്നു ഈ ആക്രമണം. ലോകവ്യാപകമായ പ്രതിഷേധം ഈ ആക്രമണം വിളിച്ചു വരുത്തുകയുണ്ടായി. ഏ എന്‍ സി അഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി അഭ്യര്‍ഥനകള്‍ നല്‍കിയതുപോലെ ഇതാ ഒരു തുണ്ടുഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന് പിന്തുണ തേടി ആഫ്രിക്കയില്‍ നിന്ന് ഏ.ബി.എമ്മിന്റെ ഗ്രൂപ്പ് മെയിലുകള്‍ പ്രവഹിക്കുകയാണ്.
റിസ്സീവര്‍ എന്‍ഡില്‍ ആ വിശ്വമാനവനെവിടെ?
എന്റെ ബന്ധു പാര്‍ട്ടിയില്‍ നിന്നകന്നു എന്നു കേട്ടു. അയാളുടെ മകന്‍ തന്റെ ഭാരിച്ച പേരും ചുമന്ന് ഏതോ നഗരത്തില്‍ ജോലി തേടുകയാവാം!
പിന്നെ, ഏതു ബലികുടീരത്തില്‍ നിന്നാണ് ആഫ്രിക്കയിലെ വരികള്‍ ഇടിമുഴക്കമായി ഉയര്‍ന്ന് കേള്‍ക്കുന്നത്?
"നീയണയാവൂ, വസുധേ, നിന്നുടെ
മക്കള്‍ വെളിച്ചത്തെ പുണരാവൂ
ഭൂമിസുഖത്തില്‍ വഴിതെളിയാവൂ
ഭൂമധ്യത്തിലെ രേഖയില്‍ നെടുകെ. "
...................................................
...................................................
"എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പ്പാന്‍ പിടയും മാനുഷ
നവിടെജ്ജീവിച്ചീടുന്നു ഞാന്‍
ഇന്നാഫ്രിക്കയിതെന്‍ നാടവളുടെ
ദുഖത്താലേ ഞാന്‍ കരയുന്നു.
മുങ്ങീകരയും കാടും നാടും
കണ്ണുകളകലെക്കാണാതായ്; തിര
പൊങ്ങിപ്പിന്വാങ്ങുകയാണെന്നാല്
ഹൃദയം സ്വസ്ഥം ശാന്ത ബലിഷ്ഠം.
ഉയരാനക്രമനീതിക്കെതിരായ്-
പ്പൊരുതാനൊരുവനുയിര്‍ക്കുമ്പോള്‍ ഞാ
നപരാജിതനാണെന്നുടെ ജന്മം
സാര്‍ത്ഥകമാണവനാകുന്നൂ ഞാന്‍!"
ഏ ബി എമ്മിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
http://www.abahlali.org/
***സി.വി.ശ്രീരാമന്റെ വാസ്തുഹാര എന്ന കഥയ്ക്ക് അരവിന്ദന്‍ തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ വാചകം . ഈ ലക്കം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്.
http://sngscollege.info
http://vijnanacintamani.org
വസ്തുഹാര!
ReplyDeleteഎല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.**
രാമന്‍ വാണാലും രാവണന്‍ വാണാലും.....
ReplyDelete"എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ReplyDeleteലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതന്റെ പുറത്താകുന്നു.
കുറെ കാലം തേടി നടന്നിരുന്നു..ഇതാരുടെ വരികളാണെന്ന്.കവിയേയും കവിതയും പരിചയപ്പെടുത്തിയതിനു പ്രത്യേക നന്ദി.
വസ്തുഹാര!
എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.**
പൂര്‍ണ്ണമായും യോജിക്കുന്നു.
മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള മനുഷ്യന്‍റെ സമരം അവസാനിക്കുന്നതേയില്ല....
ReplyDelete