അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Friday, 31 July 2009

  എന്തു പറ്റി മാഷേ?

  എന്തു പറ്റി മാഷേ?
  നന്നേ കനം കുറഞ്ഞ ഒരു പേപ്പര്‍ വെയ്റ്റ് ആണ് ഇന്ന് മാഷ് എന്ന സംജ്ഞ. ട്രപ്പീസുകളിക്കാരന്റെ ചന്തത്തില്‍ കമ്പിയില്‍ ഊഞ്ഞാലാടി പോകുന്ന കണ്ടക്റ്റര്‍ക്ക് ആരെയും സൗകര്യത്തില്‍ മാറി മാറി സംബോധന ചെയ്യാവുന്ന ഒരു വിളിപ്പേര്. "മാഷേ, ഒന്നു മാറി നില്‍ക്കാമോ?"

  ഇസ്തിരി വടിവില്‍ മാറിനിന്ന് മാറി നിന്ന് നമ്മുടെ മാഷമ്മാരൊക്കെ ഒരരുക്കായിരിക്കുന്നു. സമൂഹത്തില്‍, ക്യാമ്പസ്സുകളില്‍, സ്കൂള്‍മുറ്റങ്ങളില്‍, സാഹിത്യ സാംസ്കാരിക ഇടങ്ങളില്‍ ഒക്കെയും അപ്രസക്തമായ ഒരു പാര്‍ശ്വസാന്നിധ്യം.

  കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യം വരെ മാഷ് നമ്മുടെ ഗ്രാമങ്ങളില്‍ ഒരു ഏകാംഗ സര്‍വകലാശാലയായിരുന്നു. അപേക്ഷകള്‍ എഴുതാന്‍, കമ്പി വായിക്കാന്‍, ഉപദേശങ്ങള്‍ തേടാന്‍, സംശയങ്ങള്‍ തീര്‍ക്കാന്‍, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍, വൃത്തിയും വെടുപ്പും ശീലിക്കാന്‍, സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരത്താണി. വിശ്വസ്തതയുടെ പൂര്‍ണതയുടെ, വിശുദ്ധിയുടെ, ലാളിത്യത്തിന്റെ, സര്‍വഗുണസമ്പന്നതയുടെ ഒരു അടയാളം. ആര്‍ക്കും മടക്കികുത്തിയ മുണ്ടഴിച്ചിടാന്‍ തോന്നുന്ന, ആരുടേയും തലകുനിഞ്ഞു പോകുന്ന ബഹുമാനത്തോടെ ഒന്നു മാറി നില്‍ക്കാന്‍ തോന്നിക്കുന്ന പ്രകാശസാന്നിധ്യം.
  പിന്നെ എപ്പോഴാണ്, എന്തുകൊണ്ടാണ് പ്രകാശം കുറഞ്ഞ് പോയത്? എപ്പോഴാണ് അധ്യാപകന്‍ ഒരു റോള്‍ മോഡല്‍ അല്ലാതായത്.?എപ്പോഴും കാരണങ്ങള്‍ പുറത്ത് തേടാനാണ് നമുക്ക് ഉല്‍സാഹം.അറിവിന്റെ ജനാധിപത്യവല്‍കരണം, വിജ്ഞാനവിതരണത്തില്‍ സ്രോതസ്സുകളുടെ അവിര്‍ഭാവം, വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം. മൂല്യവിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലധിഷ്ഠിതവിദ്യാഭ്യാസതിന്റെ വളര്‍ച്ച, സമൂഹത്തില്‍ പൊതുവെ സംഭവിച്ച മൂല്യശോഷണം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, വിദ്യാസമ്പന്നര്‍ക്ക് സാമൂഹ്യപദവിയിലുണ്ടായ ഇടിവ്, പുതിയ സാമ്പത്തിക ശക്തികളുടെ സ്വാധീനം അങ്ങനെ പല പല കാരണങ്ങള്‍.
  ഒന്ന് തിരിഞ്ഞുകുത്താന്‍ തന്റേടമുണ്ടെങ്കില്‍ നമുക്കകത്തും കാരണങ്ങള്‍ നിരവധി. അധ്യാപനം ഒരു സേവനം എന്നത് മാറി ഒരു ഉപജീവനമാര്‍ഗം മാത്രമായി പരിമിതപ്പെട്ടത്, സിലബസ്സിന്റെ ചുമരില്‍ തൂങ്ങിയാടുന്ന ഒരു വെറും കലണ്ടറായി അധ്യാപകന്റെ അറിവുകള്‍ ചുരുങ്ങിപ്പോയത്, വിദ്യാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും വിശ്വാസ്യത നേടിയെടുക്കുന്നതില്‍ പുലര്‍ത്തിയ അശ്രദ്ധ, ഒരു തൊഴില്‍ സമൂഹം എന്ന നിലയില്‍ നമുക്കു സംഭവിച്ച മൂല്യശോഷണം എന്നിങ്ങനെ നമ്മെ തിരിച്ചറിയാന്‍ സഹായിക്കുന്ന കുറേ സംഗതികള്‍!
  പേപ്പര്‍ലെസ്സ് ക്ലാസ്സുകളുടെ കാലമായിരിക്കുന്നു.ലോകത്തിലെ സകല ടെക്നോളജിയും മനുഷ്യശരീരത്തിന്റെ തന്നെ എക്സ്റ്റെന്‍ഷന്‍ ആണെന്ന് പറഞ്ഞത് മക് ലുഹനല്ലേ. ഈ സാങ്കേതികലോകം ഇന്ന് മനുഷ്യനെ തന്നെ നീക്കം ചെയ്യുമോ എന്ന് ആധി പിടിക്കുന്നവരുണ്ട്. അധ്യാപകരില്ലാത്ത ക്ലാസ്സ് മുറികളെക്കുറിച്ച് ഇന്ന് ലോകം സംസാരിച്ചുതുടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് മുന്നില്‍ ലോകം മുഴുവന്‍ ഒരു നെറ്റ്വര്‍ക്കായി വികസിക്കുന്ന (അതോ ചുരുങ്ങുകയോ?) ഒരു കാലത്ത് പുതിയ അധ്യാപനരീതികള്‍, മൂല്യനിര്‍ണ്ണയോപാധികള്‍, പ്രതീത സ്ഥലരാശികള്‍, ജീവനില്ലാത്ത അധ്യാപകര്‍ തുടങ്ങി പല ഉപാധികള്‍ രൂപപ്പെടുകയും അധ്യാപകന്റെ നില പരുങ്ങലിലായി തീരുകയും ചെയ്യും. സ്വയം പുറത്താകുന്നതിന് മുമ്പ് സ്വയം നവീകരിക്കുന്നതാണ് യുക്തി. അധ്യാപകന്‍ ജീവനില്ലാത്ത ഒരു സാന്നിധ്യമായി ക്ലാസ്സ് മുറികളില്‍ മാറുമ്പോഴാണ് കുട്ടിക്ക് അധ്യയനം യാന്ത്രികമായ ഒരു പ്രക്രിയയായി മാറുന്നത്.വൈകാതെ ഒരു ശല്യക്കാരനായ വ്യവഹാരിയായി മാറിയേക്കാവുന്ന ഈ അധ്യാപകനെ മാറ്റി ഒരു കമ്പ്യുട്ടറിനെ കുട്ടി പകരം വെച്ചാല്‍ അതിശയിക്കാനില്ല. ഇതിനെ ഒരു തൊഴില്‍ പ്രശ്നമായി ചുരുക്കി കാണാതെ ധൈഷണികമായ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ നാം തയ്യാറാണോ എന്നതാണ് പ്രശ്നം.
  ഇതാ പിന്‍ നിരയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് നിന്ന് വിളിച്ച് പറയുന്നു.
  "യൂ ആര്‍ ക്ലീന്‍ ഔട്ട് സാര്‍!!!!!!!!!"
  എന്താ ശരിയല്ലേ മാഷേ?
  (നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജഗിരികോളേജില്‍ ഒരു എന്‍.എസ്സ്.എസ്സ് കൂട്ടായ്മക്ക് വേണ്ടി എഴുതിയത്.)
  http://sngscollege.info/
  http://vijnanacintamani.org

  Monday, 13 July 2009

  പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.

  പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മാ പട്ടാമ്പിയില്‍ നിന്ന് ഏറെ കാലം പ്രസിദ്ധീകരിച്ചിരുന്ന 'വിജ്ഞാനചിന്താമണി' മാസിക ഇപ്പോള്‍ പട്ടാമ്പി ശ്രീ നീലകണ്ഠാ സംസ്കൃത കോളേജില്‍ നിന്ന് അതെ പേരില്‍ തന്നെ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള ഇ- ജേര്‍ണലായി മൂന്നു മാസത്തിലൊരിക്കല്‍ പുറത്തിറക്കുന്നുണ്ട്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീമീഡീയാ സെന്ററിനാണ് പ്രസാധന ചുമതല. വിജ്ഞാനചിന്താമണിയുടെ ഒമ്പതാം ലക്കം ജൂലായ് അവസാനവാരം പ്രകാശനം ചെയ്യണമെന്ന് കരുതുന്നു. ഈ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് ഗവേഷണ സ്വഭാവമുള്ള അക്കാദമിക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രബന്ധങ്ങള്‍ ജൂലായ് 24-ന് മുമ്പായി ഇ മെയില്‍ ചെയ്യുകയോ തപാലില്‍ അയച്ചുതരികയോ വേണം. എം.എ, എം.ഫില്‍,പി എച്ച്.ഡി പ്രബന്ധങ്ങള്‍ പൂര്‍ണമായോ സംഗ്രഹരൂപത്തിലോ അയക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, അറബിക് എന്നീ ഭാഷകളിലൊന്നിലായിരിക്കണം പ്രബന്ധം എഴുതേണ്ടത്. തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക പതിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്.
  ഇ മെയില്‍ വിലാസം: sngscollege@gmail.com ,editor@vijnanacintamani.org
  തപാലില്‍:
  H.K.Santhosh
  Convener,
  Multimedia Centre,
  SNGS College,
  Pattambi
  http://sngscollege.info/
  http://vijnanacintamani.org

  Wednesday, 8 July 2009

  ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?

  ഈ ഗൂഗിളിതെന്തു വിചാരിച്ചാണ്? 1997-ല്‍ ഗൂഗിള്‍ എന്ന് തങ്ങളുടെ സംരംഭത്തിന് ആ ചെറുപ്പക്കാര്‍ ചന്തത്തിന് പേരുവിളിച്ചതല്ല എന്നും, അറിവ് മാത്രമല്ല അതിന്റെ പ്രയോഗസാധ്യതയും അനന്തമാണ് എന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തെ കോണ്ട് അവര്‍ പറയിച്ചിരിക്കുന്നു ഒരു സര്‍ച്ച് എഞ്ചിനില്‍ നിന്ന് ഏറ്റവും മികച്ച ഇ മെയിലിലേക്ക്, ചാറ്റിലേക്ക്, ബ്ലോഗ് സേവനത്തിലേക്ക്, ഗൂഗിള്‍ എര്‍ത്തിലേക്ക്, യൂ ട്യൂബ് പോലുള്ള മറ്റനവധി വെബ് അപ്ലിക്കേഷനുകളിലേക്ക് ഏറ്റവും ഒടുവില്‍ ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് ഗൂഗിള്‍ ക്രോം എന്ന ബ്രൗസറിലേക്ക് അങ്ങനെ അങ്ങനെ ഗൂഗിളിന്റെ വളര്‍ച്ചക്ക് ചന്തമുള്ള ഒരു ഗതിവേഗമുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ രണ്ടും കല്പിച്ച് വി കെ എന്‍ ശൈലിയില്‍ പറഞ്ഞാല്‍ പോരാത്തതിന് മൂന്നും കല്പിച്ച് ഇറങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രധാന ഉല്പന്നങ്ങളിലെ സ്ഥിരം ചാര്‍ത്തായ ബീറ്റാ എന്ന വിശേഷണം ഒഴിവാക്കി എന്നതാണ് ഒന്നാമത്തെ ചുവട്.എന്നും പതിനാറ് എന്ന് പറയുന്നതുപോലെ എത്ര കാലം കഴിഞ്ഞാലും ഗൂഗിളുണ്ടാക്കിയ പല പ്രോഡക്റ്റും ബീറ്റാ എന്ന ലേബലില്‍ തന്നെയാണ് നിലനിന്നത്. നിരന്തരപരീക്ഷണങ്ങളിലൂടെ തികവിന്റെ പൂര്‍ണ്ണതയിലെത്തുക എന്ന തങ്ങളുടെ നയ സമീപനമൊന്നും പല മാന്യ ഉപഭോക്താക്കള്‍ക്കും മനസ്സിലായില്ല എന്നുമാത്രമല്ല സംഗതി എന്തോ പരീക്ഷണ വസ്തുവാണെന്ന സംശയവും ഉണ്ടാക്കുന്നുണ്ടോ എന്ന തോന്നനില്‍ നിന്നാണ് ബീറ്റാ വേര്‍ഷന്‍ എന്ന വിശേഷണം എടുത്തുമാറ്റാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ജീ മെയില്‍ അടക്കം പല അപ്ലിക്കേഷനും ഇന്ന് മുതല്‍ ബീറ്റായല്ല.
  വലിയ കമ്പനികള്‍ക്കായി കൂടുതല്‍ അപ്ലിക്കേഷനുകളും സേവനങ്ങളും ഗൂഗിള്‍ ഇതോടൊപ്പം പ്രഖ്യാപിച്ചു എന്നതാണ് രണ്ടാം ചുവട്.


  എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാന സംഗതി ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ സംബന്ധിച്ച പ്രഖ്യാപനമാണ്. കുറച്ചുകാലമായി പറഞ്ഞുകേള്‍ക്കുന്ന ഗൂഗിളിന്റെ സ്വന്തം ഒ.എസ്സ് യാഥാര്‍ത്ഥ്യമാകുന്നു. ക്രോം വരുന്നതിന് എത്രയോ മുമ്പ് തന്നെ ഏറ്റവും ചുരുങ്ങിയത് നാലു വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും വെബ് അധിഷ്ഠിതമായ ഒരു ഗൂഗിള്‍ ഓപറേറ്റിങ്ങ് സിസ്റ്റത്തെ കുറിച്ച് റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മൂര്‍ത്ത രൂപം കൈവരിക്കുന്നത് അടുത്തകാലത്താണ്. ഇടക്ക് ഒന്നു ചോദിക്കട്ടെ. ഈ ക്രോം ഒരു ബ്രൗസര്‍ എന്ന നിലയില്‍ അത്ര വലിയ ഹിറ്റായോ? സഫാരിയോളമോ ഓപ്പറയോളമോ തന്നെ ആരാധകര്‍ ക്രോമിന് ഉണ്ടോ എന്നു സംശയമാണ്. തീക്കുറുക്കന്‍ തന്നെ രാജാവ്.

  മിനിമം ഫീച്ചറുകളുമായി ഒരു ലൈറ്റ് വെയ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയിട്ടാണ് ക്രോമിന്റെ വരവ്. അതും മാക് ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത നെറ്റ്ബുക്കുകളില്‍ നിന്നാണ് തുടക്കം. അടുത്ത വര്‍ഷം പകുതിയോടെ ലാപ് ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലുമായി ഉപഭോക്താക്കളിലേക്ക് ഒരു മുഴുത്ത ഓ.എസ്സായി വികസിപ്പിച്ച് എത്തിക്കാനാണത്രെ ഗൂഗിളിന്റെ പരിപാടി. ഈ തലതിരിഞ്ഞ ഡെവലപ്മെന്റ് രീതിയിലും ഒരു ഗൂഗിള്‍ ടച്ച് കാണാം. മറ്റൊരു പ്രധാന സവിശേഷത ഒരു ഓപ്പണ്‍ സോര്‍സ് ഓപറേറ്റിങ്ങ് സിസ്റ്റമായാണ് ക്രോം നിലനില്‍ക്കുക എന്നതാണ്.പൂര്‍ണമായും വെബ് അധിഷ്ടിതമായ ഒരു ഒ. എസ്സ് ഇതാദ്യമായിരിക്കും. ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കിയാണ് ക്രോം രൂപകല്പന ചെയ്തിരിക്കുന്നത് എന്നതാണ് മറ്റൊരു ഗൂഗ്ലി. അതുകൊണ്ടു തന്നെ 'അതിവേഗം' 'അതീവസുരക്ഷിതം' എന്ന ഗൂഗിളിന്റെ അവകാശവാദം ശരിയാകാനാണ് സാധ്യത. എന്നാല്‍ 'അതീവ ലളിതം' എന്ന ക്ലെയിം സാക്ഷാത്കരിക്കാനാകുമോ എന്നാണ് സംശയം. ക്രോമിന്റെ വിജയം ഇതിനെ ആശ്രയിച്ചിരിക്കും.

  ഏതായാലും സ്വതേ ദുര്‍ബ്ബലയായ വിന്‍ഡോസിന്റെ കാര്യം പരുങ്ങലിലാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. സോഫ്റ്റ്വെയറ് ഭീമന് ഉള്ള വിന്‍ഡോസും പൂട്ടി അസ്തലവിസ്ത പറഞ്ഞു മുങ്ങേണ്ടിവരുമോ ആവോ? അതെ, ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  http://sngscollege.info/
  http://vijnanacintamani.org

  Sunday, 5 July 2009

  സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?

  റിച്ചാര്‍ഡ് ഡോക്കിന്‍സ് പറയുന്നതുപോലെ ദൈവം സാഡോമസോക്കിറ്റും മെഗലോമാനിയാക്കും ഹോമോഫോബിക്കുമാണോ എന്നറിഞ്ഞുകൂടാ. പക്ഷേ ദൈവദാസന്മാര്‍ തീര്‍ച്ചയായും അങ്ങനെ തന്നെ.

  സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കോടതിവിധി വന്നിരിക്കുന്നു. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമായി കണ്ട് കടുത്ത ശിക്ഷ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 377 വകുപ്പ് എടുത്തുകളയേണ്ടതാണെന്നും അത് പൗരാവകാശലംഘനമാണെന്നുമാണ് ഡെല്‍ഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്. മെക്കാളെയുടെ കാലത്തു നടപ്പില്‍ വന്ന ഒരു ലിംഗവിവേചനത്തില്‍ ഊന്നിയ ഒരു കരിനിയമം ഇല്ലാതാകുമെന്നും കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഗവര്‍മെന്റ് സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്ന, ആണും പെണ്ണുമായല്ലാതെ ജീവിക്കുന്ന ലിംഗന്യൂനപക്ഷങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കുന്ന ഭേദഗതി കൊണ്ടുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിനും പൗര‍ബോധത്തിനും സിവിലിയന്‍ സാമൂഹ്യവ്യവസ്ഥക്കും പ്രായപൂര്‍ത്തിയായിരിക്കുന്നു എന്നാണ് ഈ വിധി വിളംബരം ചെയ്യുന്നത്. വൈദേശീക കൊളോണിയല്‍ കാലത്ത് നിയമമായി മാറിയ ഒരു ലിംഗവിവേചനത്തിനും മനു‍ഷ്യാവകാശധ്വംസനത്തിനും അറുതിയായിരിക്കുന്നു.

  സ്വാഭാവികമായും സാമ്പ്രദായിക യാഥാസ്ഥിതിക സമൂഹങ്ങള്‍ക്കും മതാധികാരകേന്ദ്രങ്ങള്‍ക്കും രുചിക്കുന്ന ഒന്നാകില്ല ഈ വിധി. തങ്ങള്‍ രൂപകല്പന ചെയ്ത അധികാരശ്രേണികളേയും ലോകവീക്ഷണത്തെയും ഉലയ്ക്കുന്ന എന്തിനോടും തീവ്രമായി പ്രതികരിക്കുക അവരുടെ ശീലമാണ്. ഇവിടെയും അത് തെറ്റിയില്ല. എന്നാള്‍ മറ്റൊരു ശ്രദ്ധേയമായ സംഗതി അതിനകത്ത് പ്രവര്‍ത്തിച്ചു. ഭൂരിപക്ഷ ഹൈന്ദവ സമൂഹമോ ഫാസിസ്റ്റ് - വര്‍ഗീയ വാദികള്‍ എന്ന് മുദ്രകുത്തപ്പെട്ട ഹിന്ദുത്വസംഘടനകളോ ഈ വിധിയെ അനുകൂലിക്കുകയോ ഏതാണ്ട് അവഗണിക്കുകയോ ചെയ്തു.എന്നാല്‍ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും, അതിന്റെ നേട്ടങ്ങള്‍ കൊയ്യുകയും, ഭൂരിപക്ഷ ഫാസിസ്റ്റ് പീഢനങ്ങളെക്കുറിച്ച് നിരന്തരം അലമുറയിടുകയും ചെയ്യുന്ന സംഘടിത ന്യൂനപക്ഷങ്ങള്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയും ഈ വിധി നിയമമാക്കുന്നതിനെതിരെ കലാപ ഭീഷണി മുഴക്കുകയും ചെയ്തു.

  കാന്തപുരത്തിന്റെ സുന്നി വിഭാഗം അനുയായികളും കെ സി ബി സി യുമാണ് ഇതില്‍ മുന്‍പന്തിയില്‍ നിന്നത്. വിവിധ വേദികളില്‍ അവര്‍ ഈ വിധിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളുടെ കാതലെന്താണ്? പരിശോധിച്ചു നോക്കാം.

  1.ഈ വിധി ഭാരതീയ സാംസ്കാരിക പൈതൃകത്തിന് മൂല്യവ്യവസ്ഥക്കും എ‍തിരാണ്.
  2. അത് കുടുംബ സങ്കല്പത്തിനും ഭദ്രതക്കും കുഴപ്പമുണ്ടാക്കും.
  3. ഇത്തരം പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ ധാര്‍മികതക്കെതിരാണ്.
  4. സ്വവര്‍ഗരതിയെ പ്രോല്‍സാഹിപ്പിക്കുന്നത് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ പടരുന്നതിന് ഇടയാക്കും.
  5. ആണും പെണ്ണുമല്ലാത്ത ജൈവാവസ്ഥയും സാമൂഹ്യാവസ്ഥയും ജനതികമോ മാനസികമോ ആയ വൈകല്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഒരു രോഗവൈകല്യമാണ്. അവരെ ചികില്‍സിച്ച് ആണോ പെണ്ണോ ആക്കലാണ് ശരിയായ വഴി.
  6. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. അതിനെ നിയമവിധേയമാക്കിയാല്‍ ജന്മനാ കുറ്റവാളികളും അക്രമാസക്തരുമായ ആളുകള്‍ ചെയ്യുന്ന കൊലപാതകവും ബലാല്‍സംഘവുമടക്കമുള്ള കുറ്റക്രുത്യങ്ങളെ സാധുവായി കണ്ട് അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും.
  7. അവസാനമായി ഇത് തങ്ങളുടെ മത നിയമങ്ങള്‍ക്ക് എതിരാണ്. അത് മത വിശ്വാസത്തിന്റെ പ്രശ്നമാണ്.

  ഇതില്‍ അവസാന യുക്തിയൊഴികെ മറ്റെല്ലാം ഒന്നാമത്തെ ആലോചനയില്‍ തന്നെ റദ്ദാകുന്ന മുടന്തന്‍ ന്യായങ്ങളാണ്. അവസാനത്തേതാകട്ടെ വളരെ അപകടകരമായ ഒരു മതമൗലികവാദത്തിന്റെ ബഹിര്‍സ്ഫുരണവുമാണ്. അത് അവസാനത്തേക്ക് മാറ്റി വെച്ച് മറ്റു സുന്ദരമായ വാദമുഖങ്ങളില്‍ സ്വയം മറഞ്ഞു നില്‍ക്കുന്നത് അവരുടെ ഹിഡണ്‍ അജണ്ടയുടെ തെളിവാണ്.
  ഇന്‍ഡ്യന്‍ സംസ്കാരവും സമൂഹവും സ്വവര്‍ഗരതിക്കും ആണും പെണ്ണുമല്ലാത്ത മൂന്നാം ലിംഗത്തിനും എതിരായിരുന്നു എനതിന് തെളിവുകളൊന്നുമില്ല. മറിച്ച് അതൊരു ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു എന്നും അതിനെ സ്വാഭാവികമായി ആ സംസ്കാരം( ഹൈന്ദവ സമൂഹം എന്ന് പറയുന്നില്ല) ഉള്‍കൊണ്ടിരുന്നു എന്നുമാണ് കരുതേണ്ടത്.മോഹിനീ രൂപവും അയ്യപ്പചരിതവും ബൃഹന്നളയും ഒക്കെ നിലനില്‍ക്കുന്ന ഹിന്ദു പുരാണങ്ങളും മറ്റും ഇത്നു തെളിവാണ്. നാഗരിക ജീവിതത്തില്‍ സവിശേഷ അവകാശങ്ങള്‍ ഹിജഡകളും മറ്റും അനുഭവിച്ചിരുന്നു. ഉത്തരേന്ത്യയിലും തമിഴകത്തും ഒക്കെ ഇന്നും ആ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. പല വിശേഷാവസരങ്ങളിലും ഇവരുടെ സാന്നിധ്യം മംഗളകരമായാണ് കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദു സമുദായം പൊതുവേയും ഹൈന്ദവ സംഘടനകള്‍ പ്രത്യേകിച്ചും ഈ വിധിക്കെതിരെ പ്രതികരിക്കാതിരുന്നത് എന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് ഈ സാസ്കാരിക പശ്ചാത്തലത്തിലാണ്.
  ഇന്ത്യന്‍ സാംസ്കാരിക പൈതൃകം എന്ന പരികല്പന പോലും അശ്രദ്ധമായി ഉപയോഗിക്കേണ്ടതല്ല. അങ്ങനെ ഏകശിലാരൂപമായ ഒരു സംസ്കാരത്തിനെ പിന്‍പറ്റുന്ന, 'ഏകമുഖവും പിരമിഡിക് അധികാരഘടനയുള്ളതുമായ സംഘടിതമത'മായി ബഹുമുഖവും വ്യത്യസ്ത ധാരകള്‍ നിലനില്‍ക്കുന്നതും അതിനാല്‍ തന്നെ അത്യന്തം സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ ജീവിതത്തെ ചുരുക്കികെട്ടുന്നത് ഏത് മതരാഷ്ട്രീയാധികാരത്തിന്റെ യുക്തിയിലാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിതാരായി എന്നും ഉപയോഗിച്ചുപോരുന്ന ഒരു യുക്തിയെ ഇക്കാര്യത്തില്‍ മറയാക്കി അവര്‍ തന്നെ പ്രയോഗിക്കുന്നു എന്നതാണ് വിചിത്രം. അതങ്ങനെ തന്നെ എന്നാണെങ്കില്‍ സെമിറ്റിക് മതവിശ്വാസങ്ങള്‍ ഈ പൈത്രുകത്തിന് എതിരല്ലേ എന്നു ന്യായമായും ചോദിക്കാവുന്നതാണ്. ഇന്ത്യന്‍ സാസ്കാരിക പൈതൃകത്തിന് എതിരാണ് എന്ന കാരണത്താല്‍ ഗോവധം നിരോധിക്കാമോ എന്ന ചോദ്യത്തിന് ഇവര്‍ എന്തു മറുപടി പറയും.
  ഇന്ത്യന്‍ സംസ്കാരം എന്നത് ഹിന്ദുസംസ്കാരം മാത്രമല്ല തങ്ങളും ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ് അതുകൊണ്ട് തങ്ങളുടെ സംസ്കാരവും അതിന്റെ ഭാഗമാണ് എന്നാണ് കെ.സി. ബി. സി വക്താവിന്റെ വാദം.അതേ നാവു കൊണ്ടു തന്നെ ലോകത്താകമാനം ഉള്ള ക്രൈസ്തവര്‍ക്ക് ഒരു പൊതു സംസ്കാരമാണുള്ളതെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. അപ്പോള്‍ ലോകമാകമാനം ക്രൈസ്തവസഭ പിന്തുടരുന്നത് ഇന്ത്യന്‍ സംസ്കാരമാണോ എന്ന മറൂചോദ്യം ന്യായമാണ്.യഥാര്‍ത്ഥത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും മത-ജാതി വര്‍ഗ വംശഭേദമില്ലാതെ ജീവിക്കാന്‍ അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയുടെ ഫേഡറല്‍- മതേതര ജനാധിപത്യ മൂല്യത്തെയാണ് ഇവര്‍ തമസ്കരിക്കുന്നത്. ഈ മൂല്യത്തിന്റെ അന്തസത്തയില്‍ നിന്നാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന സവിശേഷ വ്യവസ്ഥകള്‍ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചും നിലനിന്നു പോരുന്നത്. ആ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് വിദ്യാഭ്യാസ കച്ചവടമടക്കമുള്ള നിക്ഷിപ്തതാല്പര്യങ്ങള്‍ ന്യൂനപക്ഷലേബലില്‍ ഒരു മറയുമില്ലാതെ ഇവര്‍ സംരക്ഷിച്ചുപോരുന്നതും. എന്നാല്‍ മറ്റുതരം ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം സവിശേഷാവകാശങ്ങള്‍ നല്‍കിക്കൂടാ എന്നു മാത്രമല്ല അവരെ ജീവിക്കാന്‍ പോലും അനുവദിച്ചുകൂടാ എന്നുപറയുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്?
  വൈദേശിക ഭരണകാലത്ത് മെക്കാളെ ഉണ്ടാക്കിയ നിയമം എങ്ങനെ ഇന്ത്യന്‍ സംസ്കാരത്തിന്റെ നിയമമാകും?

  കുടുംബബന്ധത്തെ സംബന്ധിച്ച വാദം അതിലും വിചിത്രമാണ്. വിവാഹം എതിര്‍ ലിംഗങ്ങള്‍ തമ്മിലേ ആകാവൂ എന്നും അത് സന്തതികളെ ഉല്പാദിപ്പിക്കാനാണെന്നുമാണ് യുക്തി. ലൈംഗികാവശ്യങ്ങള്‍ക്കു മാത്രമാണ് കുടുംബ വിവാഹബന്ധങ്ങള്‍ എന്നാണോ? അങ്ങനെ എന്ന മട്ടിലാണ് മാസങ്ങള്‍ക്ക് മുമ്പ് കാന്തപുരം പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമുള്ളതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി പുരുഷന് നാലു വരെ വിവാഹം ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. പുരുഷനെന്താ എന്നും ലൈംഗിക തൃഷ്ണയോടെ പരക്കം പായുന്ന വിത്തുകാളയാണോ? പുരുഷന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിന് വേണ്ടിയാണോ കുടുംബ വ്യവസ്ഥ? അപ്പോള്‍ സാമ്പ്രദായിക കുടുംബത്തില്‍ ലിംഗനീതി സ്ത്രീക്കു പോലും ലഭിക്കുന്നില്ല എന്നതല്ലേ ശരി? ഈ മതങ്ങള്‍ പുരുഷനു വേണ്ടി മാത്രം സംസാരിക്കുന്നു എന്ന് പറഞ്ഞാല്‍ അതും ശരിയാകില്ലേ?സന്തതികള്‍ ഇല്ലാത്ത കുടുംബ ബന്ധങ്ങള്‍ ഒക്കെ പാഴാണ് എന്നു പറയാമോ? ഇണകളായി ജീവിക്കാനും സ്നേഹിക്കാനും പര‍സ്പരം പങ്കുവെക്കാനും മനുഷ്യനുള്ള വാസനയാണ് കുടുബത്തെ നിലനിര്‍ത്തുന്നത്. അത് അവന്/ അവള്‍ക്ക് വൈകാരികമായ സുരക്ഷിതത്വം നല്‍കുന്ന ഒരു അഭയ സ്ഥാനമാണ്. തീര്‍ത്തും വ്യക്തിപരമായ ഈ ബന്ധത്തില്‍ മതങ്ങള്‍ക്കൊന്നും ചെയ്യാനില്ല.അത്തരം ഒന്നിച്ചുള്ള ജീവിതം കേവലം ലൈംഗികാവശ്യങ്ങള്‍ക്ക് മാത്രമല്ലാത്തതിനാല്‍ ആണിനും പെണ്ണിനും എന്നതുപോലെ ആണിനും ആണിനും അല്ലെങ്കില്‍ പെണ്ണിനും പെണ്ണിനും ഒന്നിച്ച് സാധ്യമാണ്. തീര്‍ത്തും വ്യക്തി സ്വാതന്ത്യത്തിന്റെ പ്രശ്നമാണത്. മതങ്ങള്‍ക്കോ ഭരണാകൂടത്തിനോ അതില്‍ ഇടപെടേണ്ട ആവശ്യമില്ല.
  ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശകാര്യത്തില്‍ ഈ സംഘടനകള്‍ എടുത്ത നിലപാട് എന്തായിരുന്നു. കുടുംബത്തിനകത്ത് സ്ത്രീക്ക് തുല്യനീതി നല്‍കാത്ത അവരാണോ കുടുംബ ഭദ്രതയെയും മൂല്യങ്ങളെയും കുറിച്ച് വാചാലരാവുന്നത്. പുരോഹിതര്‍ക്ക് ഈ മൂല്യവത്തായ കുടുംബബന്ധത്തിന്റെ അവകാശം നിഷേധിക്കുന്നതെന്തുകൊണ്ടാണ്?
  ധാര്‍മികത കേവലതയില്‍ നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. ആപേക്ഷികമാണത്. ഒരു ജനതയുടെ, അവര്‍ എത്ര ചെറിയ ന്യൂനപക്ഷമായാലും ജിവിക്കാനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഏത് ധാര്‍മികനീതിയാലാണ്? ധര്‍മം വ്യക്തിതലത്തിലും സാമൂഹ്യബന്ധങ്ങളിലുമാണ് നിര്വചിക്കപ്പെടേണ്ടത്.

  സ്വവര്‍ഗലൈംഗികത എയ്ഡ്സ് പടരുന്നതിന് ഇടയാക്കും എന്ന വാദം ഏതെങ്കിലും തരത്തില്‍ തെളിയിക്കപ്പെട്ട ഒന്നല്ല. സ്വവര്‍ഗലൈംഗിക ബന്ധം കര്‍ശനമായി വിലക്കിയിട്ടും എയ്ഡ്സ് രോഗികളുടെ എണ്ണത്തിന്റെ പട്ടികയില്‍ ഇന്‍ഡ്യ മുന്‍പന്തിയില്‍ എത്തി എന്നത് തന്നെ ഈ വാദത്തെ പൊളിക്കുന്നുണ്ട്. ഈ വിധി എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങളെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അണെയ്ഡ്സ് എന്ന സംഘടനയും അഭിഭാഷകനായ ആനന്ദ് ഗ്രോവറും പറയുന്നത്.
  ഇത് ജനിതക വൈകല്യമോ മാനസികരോഗമോ ആണെന്നും ചികില്‍സിച്ചു മാറ്റേണ്ടതാണെന്നുമുള്ള വാദം പൂര്‍ണ്ണമനുഷ്യര്‍ എന്ന അഹംബോധത്തിന്റെഉല്പ്പന്നമാണ്. കൊളോണിയലിസത്തിന്റെ സാംസ്കാരിക യുക്തിയും അതായിരുന്നു. പ്രാക്രുതരെ സാംസ്കാരികസമ്പന്നന്മാരാക്കുക എന്ന പരിഷകരണ യുക്തി. ശുശ്രൂഷ ചെയ്ത് ഇവരെ മാറ്റിയെടുക്കാമോ എന്നാണ് ചോദ്യം. ശരീരവൈകല്യം സംഭവിച്ചവരോട് കാണിക്കുന്നതരം അനുകമ്പയാണിവര്‍ അര്‍ഹിക്കുന്നത് എന്നാണവരുടെ താല്പര്യം. തങ്ങള്‍ക്കൊരു കുഴപ്പവുമില്ല തങ്ങള്‍ക്കാരുടേയും ശുശ്രൂഷയോ പരിരക്ഷയോ അനുകമ്പയോ ആവശ്യമില്ല എന്നവര്‍ ഉറച്ചു പറയുന്നു. മറിച്ച് തങ്ങള്‍ക്കു വേണ്ടത് ചില മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള സ്വാതന്ത്ര്യവുമാണ്.അത് നല്‍കുമോ എന്നതാണ് ചോദ്യം. ജനിതകമായി കുഴപ്പമില്ലാത്ത ശാരീരിക മാനസിക വൈകല്യങ്ങളില്ലാത്ത പൂര്‍ണ്ണമനുഷ്യരുടെ ലോകം എന്തു മറുപടി പറയും?
  ഇതില്‍ ഏറ്റവും നീചം സ്വവര്‍ഗ്ഗരതിക്കാരെയും ആണും പെണ്ണുമല്ലാത്ത മനുഷ്യജീവികളെയും കൊലപാതകികളുടെയും ബലാല്‍സംഘക്കാരുടെയും മറ്റു ക്രിമിനല്‍ ഗണത്തിലുള്ളവരുടെയും പട്ടികയില്‍ പെടുത്തി പറയുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യം നല്‍കാമോ എന്ന ചോദ്യമാണ്. ഉഭയസമ്മതപ്രകാരമുള്ള സാമ്പത്തികലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ലാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ തീര്‍ത്തും സ്വകാര്യതയില്‍ നടത്തുന്ന ലൈംഗികബന്ധം എങ്ങനെ ക്രിമിനല്‍ കുറ്റമാകും. ഒരാള്‍ ചോദിച്ചതു പോലെ പുരുഷനും സ്ത്രീയും തമ്മില്‍ സ്വാഭാവിക പ്രക്രുതി രീതിയിലല്ലാതെ ലൈംഗികവേഴ്ച നടത്തുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കാനുള്ള അവകാശവും ഭരണകൂടത്തിനില്ലേ? ബ്രിട്ടീഷുകാരുടെ കരിനിയമങ്ങളില്‍ മുന്തിയതായിരുന്നു കുറ്റവാളി ഗോത്രങ്ങളെ സംബന്ധിച്ചത്. അതു പോലെ ഒരു വിഭാഗത്തെ യാതൊരു കാരണവും കൂടാതെ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടു എന്നതിന്റെ പേരില്‍ ശികങ്ക്കുന്ന വ്യവസ്ഥയെ എങ്ങനെയാണ് ജനാധിപത്യം എന്ന് വിളിക്കുകഅപ്പോള്‍ യുക്തി ഒന്നേയുള്ളൂ. തങ്ങളുടെ മതഘടനക്കും നിയമങ്ങള്‍ക്കും എതിരാണ് ഇത് എന്ന ഒടുക്കത്തെ യുക്തി. അതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ എതിര്‍പ്പുമായി വരുന്ന ഇസ്ലാമിക ക്രൈസ്തവ സംഘടനകള്‍ അവരുടെ സമുദായത്തിലും പൗരോഹിത്യമേഖലയിലും നടക്കുന്ന സ്വവര്‍ഗാനുരാഗത്തെയും പ്രക്രുതി വിരുദ്ധലൈംഗികതയെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ പൊതു മൂഹത്തിന് അവകാശമില്ലേ? നിഷേധിക്കാന്‍ കഴിയാത്ത ആ സത്യത്തിനുമുന്നില്‍ എത്ര കാലം ചൂളി നില്‍ക്കാന്‍ കഴിയും. അതിന്റെ പേരില്‍ ആരെയെങ്കിലും സഭയില്‍ നിന്ന് പുറത്താക്കിയതായി പറയാമോ?കുണ്ടന്‍ എന്ന വാക്ക് മലബാറില്‍ ഒരു ടാബു ആയതെങ്ങനെ? പുരുഷന് ലൈംഗികമായി എന്തുമാവാംഎന്ന് കരുതുന്നവര്‍ സ്ത്രീയൊ മറ്റുള്ളവരോ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ വിറളിയെടുക്കുന്നതെന്തിന്??
  പഴയ മതഗ്രന്ഥങ്ങള്‍ വിലക്കിയതൊന്നും തങ്ങളുടെ ഇടയില്‍ ഇല്ല എന്ന് ഇവര്‍ക്ക് ഊറ്റം കൊള്ളാനാവുമോ? ഫോട്ടോയും വീഡിയോയും എടുക്കുന്നതിനും സിനിമയും ടി.വി.യും കാണുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും വരെ ഇസ്ലാമിക സംഘടനകള്‍ എതിരായിരുന്നു. ഇന്ന് പുരുഷന്റെ പടമാകാം സ്ത്രീയുടെ പടം പാടില്ല എന്ന നിലയിലേക്ക് അവരുടെ വിവാഹ പരസ്യങ്ങള്‍ എത്തിയിരിക്കുന്നു. കല്യാണത്തിന് പലയിടത്തും പള്ളി വീഡിയോ വിലക്കുന്നുണ്ട്. പഴയ മതപണ്ഡിതര്‍ ഉച്ചഭാഷിണി വിലക്കിയിരുന്നു. റസൂലിന്റെ കാലത്ത് അതൊന്നും ഇല്ല എന്നായിരുന്നു. യുക്തി. ഇന്ന് വൈകുന്നേരങ്ങളില്‍ കാക്കത്തൊള്ളായിരം ഇസ്ലാമിക സംഘടനകളൂം മാലയായി കിലോമീറ്ററുകളോളം കെട്ടിയ ഉച്ചഭാഷിണികളും എല്‍ സി ഡീ പ്രദര്‍ശ്നവുമായി അന്യോന്യം പുലഭ്യം പറായുന്ന ഏര്‍പ്പാട് ചുരുങ്ങിയ പക്ഷം ഒരു ശബ്ദമലിനീകരണപ്രശ്നമെങ്കിലും ആയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന ഇസ്ലാമിക നിയമം നടപ്പാക്കിയാല്‍ സുന്നി, മുജാഹിദ്, ജമാ അത്ത് തര്‍ക്കങ്ങള്‍ തന്നെ ഇല്ലാതാകുമെന്നാണ് തോന്നുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മതനിയമങ്ങളില്‍ പരിഷ്കാരമാകാം എന്നല്ലേ അതിന്റെ യുക്തി?

  എന്നാല്‍ പ്രധാന പ്രശ്നം അതല്ല. മൊത്തം ജനസംഖ്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ മതയുക്തികളും നിയമങ്ങളും മറ്റെല്ലാവരിലും അടിച്ചേല്പ്പിക്കണമെന്നു പറയുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ എല്ലാവര്‍ക്കും അവരുടെ മത സ്വാതന്ത്ര്യം അനുവദിച്ചു തരുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളീല്‍ അടിച്ചേല്പ്പിക്കുന്നതു പോലും അതിന്റെ അന്തസത്തക്കെതിരാണ്. പൊതു സിവില്‍ കോഡും മറ്റും അങ്ങനെയാണ് സംഭവിക്കാത്തത്. ഒരു മതത്തിന്റെ അഭ്യന്തര വിഷയങ്ങളിലും സ്വാതന്ത്ര്യത്തിലും പൊതുവെ ഭരണകൂടം ഇടപെടാറീല്ല.ജനാധിപത്യത്തിന്റെ മഹത്തായ ആ അന്തരീക്ഷത്തില്‍ വളര്‍ന്നാണ് ഈ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കുന്നതും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷാവകാശം പോയിട്ട് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നതും.

  ന്യൂനപക്ഷത്തിന്റെ ഫാസിസം എന്നല്ലാതെ എന്താണ് അതിനെ വിളിക്കേണ്ടത്?ഭൂരിപക്ഷ ഫാസിസ്റ്റ് മൂവ്മെന്റുകള്‍ക്ക് വളം വെക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇവരല്ലേ?

  http://sngscollege.info
  http://vijnanacintamani.org

  Wednesday, 1 July 2009

  പ്ലസ്സ് വണ്‍ ഇംപ്രൂവ്മെന്റ് വിവാദം

  പ്ലസ്സ് വണ്‍ ഇംപ്രൂവ്മെന്റ് വിവാദം
  പ്രീഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ്സ്, എഞ്ചിനീയറിങ്ങ് പഠനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്ന പഴയ പതിവ് മാറി പണ്ട് എണ്ട്രന്‍സ് പരീക്ഷ എന്ന ഏര്‍പ്പാട് വന്നത് മാര്‍ക്ക് തിരുത്തലടക്കം നിരവധി അഴിമതികള്‍ പെരുകിയപ്പോളാണ് . അത് പ്രീ ഡിഗ്രീ കോഴ്സിനേയും പിന്നീട് വന്ന പ്ലസ് ടുവിനെയും വിഴുങ്ങി ഒരു ഭൂലോക ഏര്‍പ്പാടായി മാറി. പ്ലസ് ടു ക്ലാസ്സുകള്‍ ശല്യക്കാരനായ വ്യവഹാരിയായി. നമ്മുടെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളായി തീര്‍ന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസവിചക്ഷണന്‍ പി.സി തോമസ്സും വിദ്യാഭ്യാസ തലസ്ഥാനം തൃശ്ശൂരുമായി. അവിടുത്തെ ഹയര്‍ സെക്കണ്‍റ്ററി സ്കൂളുകളില്‍ ഒരു അഡ്മിഷന്‍ ഏതൊരു മലയാളി രക്ഷിതാവിന്റെയും ജീവിതാഭിലാഷങ്ങളിലൊന്നായി. നേരം വണ്ണം ഒന്ന് ഉറങ്ങാനും വെളിക്കിരിക്കാനും വരെ സ്വൈര്യമില്ലാതെ പാവം കുട്ടികള്‍ എന്‍ട്രന്‍സ് കൂട്ടിലെ ഇറച്ചിക്കോഴികളായി. അങ്ങനെ കോടികളുടെ ഉല്‍സവം പൊടിപൊടിക്കവെയാണ് ഇനി മുതല്‍ മെഡീക്കല്‍-എഞ്ചിനീയറിങ്ങ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ് ടു മാര്‍ക്കും പരിഗണിക്കുമെന്ന പുതിയ പരിഷ്കാരം പ്രഖ്യാപിക്കപ്പെട്ടത്. അതോടൊപ്പം പ്ലസ് ടു മാര്‍ക്ക് മാത്രം സ്വീകരിക്കുന്ന രീതി മാറ്റി പ്ലസ് വണ്‍ മാര്‍ക്കും കൂട്ടിച്ചേര്‍ക്കുന്ന മറ്റൊരു ഭേദഗതിയും വന്നു. സ്റ്റേറ്റ് സിലബസ്സും സി ബി എസ് ഇ അടക്കമുള്ള മറ്റു സിലബസ്സുകളും മാര്‍ക്കിന്റെ കാര്യത്തില്‍ വലിയ അന്തരം കാണിക്കാറുണ്ട്. ആ അനോമിലി പരിഹരിക്കാനും ചില ഫോര്‍മുലകള്‍ ഉണ്ടായി. അങ്ങനെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞപ്പോള്‍ പ്ലസ് ടു വീണ്ടും പുലിയായി. മാര്‍ക്കിന്മേല്‍ കടിപിടിക്ക് വീണ്ടും അവസരമൊരുങ്ങി. വഴിയില്‍ ഉപേക്ഷിക്കുന്ന പ്ലസ് വണ്‍ മാര്‍ക്ക് വിലപ്പെട്ട നിധിയായി മാറിയപ്പോള്‍ പ്ലസ് വണ്ണിനും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയവും ബഹളങ്ങളും ബാധകമാക്കി. അതോടെ പ്ലസ് വണ്‍ പരീക്ഷക്ക് ഇമ്പ്രൂവ്മെന്റും ആകാം എന്ന വ്യവസ്ഥ വന്നു.
  തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ലുണ്ടല്ലോ. വിദ്യാഭ്യാസവകുപ്പില്‍ ഇപ്പോള്‍ തൊട്ടതൊക്കെ വിവാദവും പിടിച്ചതൊക്കെ പുലിവാലുമാണ്. ഇവിടെയും അത് തെറ്റിച്ചില്ല.
  പ്ലസ് വണ്‍ ഇംപ്രൂവ്മെന്റിനുള്ള നോട്ടിഫിക്കേഷന്‍ ആണിത്.
  പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്ത് 22 മുതല്
  ‍തിരു: ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. 2009 മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവിഷയത്തിനുവരെ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന വിഷയത്തിന് മാര്‍ച്ചില്‍ നടത്തിയ പരീക്ഷയ്ക്ക് ലഭിച്ച സ്കോര്‍ റദ്ദാവും. സിബിഎസ്ഇ, ഐഎസ്ഇ തുടങ്ങിയ മറ്റു ബോര്‍ഡുകളില്‍ ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കിയശേഷം രണ്ടാംവര്‍ഷത്തിന് ഹയര്‍സെക്കന്‍ഡറി കോഴ്സിന് ചേര്‍ന്നു പഠിക്കുന്നവരും 2008ന് മുമ്പ് ഹയര്‍സെക്കന്‍ഡറി കോഴ്സിന് ഗ്രേഡിങ് സമ്പ്രദായത്തില്‍ പ്രവേശനം നേടി ഈ വര്‍ഷം (2009-10) രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സിന് റീ അഡ്മിഷന്‍ എടുത്തു പഠിക്കുന്നവരും, 2009-10 വര്‍ഷത്തില്‍ ഓപ്പ സ്കൂള്‍ മുഖാന്തരം രണ്ടാം വര്‍ഷത്തിന് അഡ്മിഷന്‍ എടുത്തു പഠിക്കുന്നവരും ഈ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും അപേക്ഷിച്ച് പരീക്ഷ എഴുതണം. 2009 മാര്‍ച്ചിലെ ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിച്ചവരും പരീക്ഷ എഴുതാന്‍ യോഗ്യത നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് മതിയായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവരും ഈ പരീക്ഷയ്ക്ക് അപേക്ഷിച്ച് പരീക്ഷ എഴുതേണ്ടതാണ്. അവരുടെ അപേക്ഷയുടെ പകര്‍പ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രത്യേക അനുമതിക്കുവേണ്ടിയുള്ള അപേക്ഷയും ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതാണ്. 2008-09 അധ്യയനവര്‍ഷത്തിനുമുമ്പ് ഗ്രേഡിങ് രീതിയില്‍ ഒന്നാംവര്‍ഷത്തിന് പഠിച്ച് ഒന്നാംവര്‍ഷ പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവരും എല്ലാ വിഷയത്തിനും പരീക്ഷ എഴുതണം. എല്ലാ വിഷയത്തിനും പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ നിരന്തര മൂല്യനിര്‍ണയത്തിന് ആഗസ്ത് 14നകം വിധേയരാവേണ്ടതും അവരുടെ സിഇ സ്കോറുകള്‍ പ്രിന്‍സിപ്പല്‍മാര്‍ ആഗസ്ത് 20നകം ഡയറക്ടറേറ്റില്‍ എത്തിക്കേണ്ടതുമാണ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ 2010 മാര്‍ച്ചിലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാന്‍ യോഗ്യതയുള്ളൂ. പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ജൂലൈ 17നകം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. സ്കൂള്‍മാറ്റം അനുവദിക്കപ്പെട്ട് മറ്റു സ്കൂളില്‍ പഠിക്കുന്നവരും തങ്ങള്‍ ആദ്യം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ചില്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ (ഒന്നാംവര്‍ഷത്തിന് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍) അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രണ്ടാംവര്‍ഷത്തേക്ക് ഓപ്പ സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നവര്‍ അവര്‍ക്കനുവദിക്കപ്പെട്ട സെന്ററുകളിലാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ ഫീസ് പേപ്പറൊന്നിന് 125 രൂപയാണ്. ഇതിനുപുറമെ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം.
  ഇവിടെ വിവാദമായത് ഇം പ്രൂവ് ചെയ്താല്‍ പഴയ മാര്‍ക്ക് പോകും എന്ന വിചിത്രമായ വ്യവസ്ഥയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആകെ അങ്കലാപ്പിലായിരിക്കുന്നു. പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകുന്നതുകൊണ്ടും പുതിയ അന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ അമ്പരപ്പുമൊക്കെ കൊണ്ട് പൊതുവെ കുട്ടികള്‍ക്ക് പ്ലസ് വണിന് മാര്‍ക്ക് കുറയുക സ്വാഭാവികം. കോഴ്സ് കാലയളവില്‍ തന്നെ അത് ഇംപ്രൂവ് ചെയ്യാന്‍ അവസരം നല്‍കുന്നത് അതിനാല്‍ ഉചിതമായ തിരുമാനമാണ്. എന്നാല്‍ രണ്ടാമതെഴുതിയാല്‍ ആദ്യത്തെ മാര്‍ക്ക് അപ്രത്യക്ഷമാകും എന്ന കടുമ്പിടുത്തമെന്തിനാണ്. സാധാരണ യൂണിവേഴ്സിറ്റി പരീക്ഷകളിലും മറ്റും ഇംപ്രൂവ് ചെയ്താല്‍ ഏത് മാര്‍ക്കാണോ കൂടുതല്‍ അതാണ് സ്വീകരിക്കപ്പെടുക.നമ്മുടെ പരീക്ഷകള്‍ ഓര്‍മ്മപരീക്ഷകള്‍ മാത്രമാകയാല്‍ പലപ്പോഴും കുട്ടികളുടെ പെര്‍ഫോമന്‍സ് അതെഴുതുന്ന സമയത്തെ മനോനിലയെ ആശ്രയിച്ചിരിക്കും എന്നതിനാലാണ് നന്നാക്കുവാന്‍ ഒരവസരം കൂടി കൊടുക്കുന്നത്. രണ്ടാമതെഴുതുമ്പോള്‍ മാര്‍ക്കു കൂടും എന്നാര്‍ക്കും ഉറപ്പിച്ചു പറയാനാവാത്തതുകൊണ്ട് വലിയ റിസ്ക് എടുത്തു മാത്രമേ ഈ സംവിധാനത്തില്‍ ഇം പ്രൂവ്മെന്റിന് തല വെച്ചു കൊടുക്കാനാവൂ. അങ്ങനെ ചെയ്താല്‍ തന്നെ റിസള്‍ട്ട് വരുന്നതു വരെ ആ കുട്ടി അനുഭവിക്കുന്ന ടെന്‍ഷന്‍ ഊഹിക്കാവുന്നതേയുള്ളൂ. അനാവശ്യമായ പരീക്ഷാഭീതികള്‍ ഒഴിവാക്കാന്‍ പല പരിഷ്കാരങ്ങളും കൊണ്ടു വരുന്നതിനിടക്കാണ് ഈ ടെന്‍ഷന്‍ പരീക്ഷണം. 'കോന്‍ ബനേഗാ ക്രോര്‍ പതി'യിലും മറ്റുമാണ് ഈ രീതി കണ്ടിട്ടുള്ളത്. ഉത്തരം പറഞ്ഞാല്‍ കോടി തെറ്റിയാല്‍ കിട്ടിയ ലക്ഷങ്ങള്‍ തോട്ടില്‍. ഇത്തരൊമൊരു ഭാഗ്യപരീക്ഷണത്തിന് ഒരു തലമുറയെ വിടുന്നതിന്റെ യുക്തി എന്താണ്? വീണ്ടും അപ്പിയര്‍ ചെയ്താല്‍ പഴയത് റദ്ദാകുമെന്ന ഏര്‍പ്പാടിന് 'ഇംപ്രൂവ്മെന്റ്' എന്നെങ്ങനെ പറയാനാകും? അത് കാന്‍സല്‍ ചെയ്തുള്ള 'റീ അപ്പിയറന്‍സ് 'അല്ലേ? എന്താണ് ഇതുകൊണ്ട് ഹയര്‍ സെക്കണ്ടറി വകൂപ്പ് ഉദ്ദേശിക്കുന്നത്?വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമല്ല ഭരണപക്ഷ വിദ്യാര്‍ഥി അധ്യാപക സംഘടനകള്‍ വരെ ഈ തിരുമാനത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു.
  സ്വസ്ഥതയും ആരോഗ്യവും നശിച്ച്, മല്‍സരത്തിന്റെ സംഘര്‍ഷഭൂമികളാക്കി വിദ്യാര്‍ത്ഥി മനസ്സുകളെ മാറ്റണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം?
  http://sngscollege.info/
  http://vijnanacintamani.org/

  ടി.പി.സുകുമാരന്‍ അനുസ്മരണം

  ടി.പി.സുകുമാരന്‍ അനുസ്മരണം
  പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.പി.സുകുമാരന്‍ മാഷെ ജൂലായ് ഏഴിന് പട്ടാമ്പി കോളേജില്‍ അനുസ്മരിക്കുന്നു. ഫോക് ലോറ് ഫെലോസ് ഓഫ് മലബാറും (ട്രസ്റ്റ്) ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളെജ് മലയാളവിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലായ് ഏഴിന് കാലത്ത് പത്തു മണിക്ക് സെമിനാര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ടി.പി. സുകുമാരന്‍ അനുസ്മരണ പ്രഭാഷണം ശ്രീ. രാഘവന്‍ പയ്യനാട് നിര്‍വഹിക്കും. അധിനേവേശാനന്തര സമൂഹവും ഫോക് ലോറും എന്നതാണ് പ്രഭാഷണ വിഷയം. ശ്രീ. വി.ടി.മുരളി അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് 'ഫോക് ലോര്‍ നിലനില്‍ക്കേണ്ടതെങ്ങനെ?' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഇ,കെ ഗോവിന്ദവര്‍മരാജ, കെ എം.ഭരതന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. എഛ്.കെ സന്തോഷ് മോഡറേറ്റര്‍ ആയിരിക്കും.
  ഉച്ചക്ക് ശേഷം ശ്രീ. വിടി. മുരളിയുടെ സംഗീതാസ്വാദന സോദാഹരണ ക്ലാസ്സും 'ഫോക് ലോറീന്റെ വഴികള്‍' ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.
  ഏവര്‍ക്കും സ്വാഗതം.
  ടി.പി.സുകുമാരന്‍
  നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമര്‍ശനം തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു ശ്രീ ടി.പി.സുകുമാരന്‍. നിര്‍മ്മലഗിരി കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. നല്ലവനായ കാട്ടാളന്‍, പരിസ്ഥിതി സൌന്ദര്യശാസ്ത്രത്തിനൊരു മുഖവുര, ആയഞ്ചേരി വല്യെശമാന്‍, നാടകം കണ്ണിന്റെ കല, പ്രതിഭാനപഥം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

  http://sngscollege.info
  http://vijnanacintamani.org