അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Wednesday, 17 June 2009

  കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!

  കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  (ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കോസിനു ഈ കുറിപ്പില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ 2007-ല്‍ ഇറങ്ങിയ മൈക്‌ നിവെലിന്റെ സിനിമയില്‍ അഫോന്‍സോ ബിയാറ്റോ ഒരുക്കിയ കളര്‍ ടോണ്‍ പശ്ചാത്തലവര്‍ണമായി നിലനിന്നോട്ടെ.)
  വര്‍ഷക്കാലം ഏതാണ്ട്‌ അയല കൊണ്ടുപോയ മട്ടാണ്. എന്നാല്‍ പുതിയ അധ്യയനവര്‍ഷം തുടക്കം മോശമാക്കില്ലെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. പൂര്‍ണമായും കടലെടുത്ത സ്വാശ്രയ നിയമവും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ അയവും ഈ മേഖലയില്‍ ഇനി എന്തുമാവാം എന്ന അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്‌. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് വേണ്ടാ, ആര്‍ക്കും പ്രവേശനമാകാമെന്ന് മറ്റൊരു സഹായം കൂടി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഇതിനിടെ ചെയ്തുകൊടുത്തു. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് വേണ്ടാ, ആര്‍ക്കും പ്രവേശനമാകാമെന്ന് മറ്റൊരു സഹായം കൂടി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ട്. കച്ചവടം മോശമാകാനിടയില്ലാത്ത സാഹചര്യത്തില്‍ രണ്ടാം വിമോചനസമരം തത്കാലം കട്ടപ്പുറത്ത് വെക്കാന്‍ തിരുസഭകള്‍ തിരുമാനിച്ചതുമായും അറിയുന്നു.
  അപ്പോഴാണ് പുതിയൊരു പുകിലുണ്ടാകുന്നത്.മുന്‍ വര്‍ഷങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ ചിലര്‍ അടിസ്ഥാന യോഗ്യതപോലുമില്ലാത്തവരാണെന്നും അതിനാല്‍ മെഡിക്കല്‍ കൗണ്‍സില്‍ അവരെ തുടരാന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞതുമാണ്പുതിയ വിവാദം. സ്വാശ്രയ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തിയ പരീക്ഷ പാസ്സായി വന്ന മിടുമിടുക്കന്മാരാണ് കക്ഷികള്‍. എന്നാല്‍ സ്വകാര്യ സ്വാശ്രയ മുതലാളിയും ഈ കുട്ടികളുടെ രക്ഷിതാക്കളും പറയുന്നത്‌ അതൊരു ചെറിയ നോട്ടക്കുറവാണെന്നും സുപ്രീം കോടതി പഴയൊരു കേസില്‍ ചെയ്തതുപോലെ മാനുഷിക പരിഗണന വെച്ച്‌ ഇവരെ ഡോക്റ്റര്‍മാരാവാന്‍ അനുവദീക്കണമെന്നുമാണ്. മാത്രവുമല്ല അത് മുഹമ്മെദ് കമ്മിറ്റി അന്നേ പരിശോധിക്കണമായിരുന്നു എന്നും അവര്‍ പറയുന്നു. ഇതിനിടയില്‍ മാനേജ്മെന്റിന്റെ മറ്റൊരു വാദം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം അയോഗ്യര്‍ ഏതാണ്ടെല്ലാ കോളേജിലുമുണ്ട് പിന്നെ ഞങ്ങളെ മാത്രം എന്തിന് ക്രൂശിക്കുന്നു എന്നാണവരുടെ ചോദ്യം.
  ഇതിനോട് ഡോ.ബി ഇക്ബാല്‍ പ്രതികരിച്ചത് മാനുഷികപരിഗണന വെച്ചല്ല ഡോക്റ്റര്‍മാരെ തിരഞ്ഞെടു ക്കേണ്ടത് എന്നാണ്. രക്ഷിതാക്കള്‍ പറഞ്ഞ ലക്ഷങ്ങളുടെ കണക്കുകള്‍ കേട്ട് ശരിക്കും അമ്പരന്നുപോയി. മലയാളിയെപ്പോലെ എം.ബി.ബി.എസ്സ് ജ്വരം ബാധിച്ച മറ്റൊരു സമൂഹമുണ്ടോ? സംശയമാണ്. കഷ്ടി ഡോക്റ്റര്‍മാര്‍ പലരും ചെറുകിട ഹോസ്പിറ്റലുകളീല്‍ നൈറ്റ് ഡ്യൂട്ടിയും ഗുമസ്തപണിയുമായി നിരങ്ങുമ്പോളും നമ്മുടെ ഈ ജ്വരം ഇറങ്ങാത്തതെന്തുകൊണ്ട്? എന്ന് മുതലാണ് മലയാളി ഡോക്റ്റര്‍പ്പനി പിടിച്ച് ഇനിയൊരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്തവനായത്?
  മരുന്നുപെട്ടി സ്വയം ചുമന്ന് രോഗിയെത്തേടി വീടുവീടാന്തരം കയറിയിറങ്ങിയിരുന്ന, മരിച്ചാലും തൂശീചികില്‍സ ചെയ്യില്ലെന്ന ശാഠ്യത്തിനു മുന്നില്‍ സൗജന്യ ചികില്‍സ നല്‍കി ഒരുവിധം പിടിച്ചു നില്‍ക്കാന്‍ പണിപ്പെട്ടിരുന്ന ആ പഴയ അപ്പോത്തിക്കിരിയെ ചരിത്രത്തിന്റെ അധികം പിന്നിലല്ലാത്ത വളവില്‍ നമുക്കു കാണാം. ചികില്‍സാരംഗത്തെ സാര്‍വഭൗമന്മാരായിരുന്ന അഷ്ടവൈദ്യന്മാരൊക്കെ കോമാളികളും ഇംഗ്ലീഷ് വൈദ്യന്‍ രാജാപാര്‍ട്ടുകാരനുമായത് എത്ര പെട്ടെന്നാണ്.
  പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അലോപ്പതി ചികില്‍സ എന്ന് വിളിക്കപ്പെട്ട ആധുനിക വൈദ്യം ഇവിടെ ക്ലച്ച് പിടിക്കുന്നത്. അലോപ്പതി എന്ന പേര് അത്ര ബഹുമാനത്തോടെയല്ല ഉപയോഗിച്ചിരുന്നത്. ഈ ചികില്‍സ അവിടെ ആധിപത്യം സ്ഥാപിച്ചതിന് കേരളത്തിലുടനീളം പടര്‍ന്നുപിടിച്ച കോളറ, മന്ത്, വസൂരി, തലേത്തട്ടി, കുഷ്ടം തുടങ്ങിയ മഹാമാരികള്‍ക്കാണ് നമ്മുടെ ഇംഗ്ലീഷുഡോക്റ്റര്‍മാര്‍ നന്ദി പറയേണ്ടത്. 1811- ല്‍ റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലത്താണ് തിരുവിതാംകൂറീല്‍ യൂറോപ്യന്‍ ചികില്‍സ തുടങ്ങുന്നത്. 1819-ല്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഒരു യൂറോപ്യന്‍ ഡോക്റ്ററെ നിയമിക്കുകയുണ്ടായി. ഢാക്കൂത്തര്‍ എന്നാണ് ഇതു സംബന്ധിച്ച നീട്ടില്‍ കാണുന്നത്.
  1813-ല്‍ മണ്‍റോയുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് അന്ന് റസിഡന്‍സി ഡോക്റ്റര്‍ ആയിരുന്ന പ്രോവന്‍ എന്ന ഭിഷഗ്വരന്റെ നേത്രുത്വത്തില്‍ ഗോവസൂരി പ്രയോഗത്തിനുള്ള ഒരു ചെറു വകുപ്പ് രാജാവ് രൂപീകരിച്ചു. ഇതാണ് വ്യവസ്ഥപ്പെടുത്തിയ പാശ്ചാത്യചികില്‍സയുടെ ആദ്യരൂപം.സ്വാതിതിരുനാളിന്റെ കാലത്താണ് പാശ്ചാത്യ ചികില്‍സ വ്യാപിക്കുന്നത്. 1837-ലാണ് ആദ്യ ധര്‍മാശുപത്രി സ്ഥാപിക്കപ്പെടുന്നത്. 1040-ആം ആണ്ടില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു യുവാവിനെ വൈദ്യം അഭ്യസിപ്പിക്കാന്‍ മദിരാശി കോളേജിലേക്ക് അയക്കുന്നതോടെയാണ് നമ്മുടെഎം.ബി.ബി.എസ് വൈദ്യവിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്.ഈ ആധുനിക ചികില്‍സയോട് ഒരു താല്പര്യവും വിശ്വാസവും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. പട്ടിണി കൂടാതെ കിടക്കാമെന്നതുകൊണ്ടും മരിച്ചാല്‍ സംസ്കാരവും മറ്റും സര്‍ക്കാര്‍ ചെലവില്‍ നടന്നുകൊള്ളുമെന്നതുകൊണ്ടും മാത്രമാണ് ആളുകള്‍ ഈ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നത്.
  കൊച്ചിയിലേയും മലബാറിലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മിഷണറിമാരിലൂടെ തുടങ്ങി ബ്രിട്ടീഷ് ആധിപത്യത്തില്‍ മെല്ലെ പടര്‍ന്ന ഒന്നായിരുന്നു യൂറോപ്യന്‍ വൈദ്യം.അലോപ്പതി മരുന്നുകള്‍ ആദ്യം വിതരണം ചെയ്തത് മിഷണറിമാരാണ്. എന്നാല്‍ അവര്‍ ചികില്‍സാശാസ്ത്ര വിദഗ്ദന്മാരായിരുന്നില്ല. 1728-ല്‍ മഹാരോഗികളെ കിടത്തി ചികില്‍സിപ്പിക്കാന്‍ ഒരു ആശുപത്രി പള്ളിപ്പുറത്ത് സ്ഥാപിക്കുന്നുണ്ട്.എന്നാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കുത്തിവെപ്പിന് ജനം സഹകരിച്ചിരുന്നില്ല. പ്രത്യേകിച്ച് വസൂരി കുത്തിവെപ്പിനോട്. വസൂരിയമ്മ കോപിക്കുമെന്നായിരുന്നു ഭയം. 1844-ല്‍ ആണ് കോഴിക്കോട് ഒരു ആശുപത്രി സ്ഥാപിക്കുന്നത്.
  1820-ല്‍ ആലപ്പുഴയില്‍ കോളറ പടര്‍ന്ന് പിടിച്ചപ്പോല്‍ റവ. നോര്‍ട്ടന്‍ ഒരു ഫണ്ട് സ്വരൂപിച്ച് ഷെഡ്ഡുണ്ടാക്കി രോഗികളെ ശുശ്രൂഷിച്ചു. ഒരു ഡോക്റ്ററെയും നിയമിക്കുകയുണ്ടായി.1870- ല്‍ കുന്നംകുളം, മാവേലിക്കര,മരാമണ്‍ എന്നിവിടങ്ങളില്‍ ഡിസ്പന്‍സറികള്‍ സ്ഥാപിച്ചതോടെയാണ് അലോപ്പതി ചികില്‍സ പടരുന്നത്. താഴ്ന്ന ജാതിക്കാരും അന്യമതസ്ഥരും ഡിസ്പന്‍സറികളെ ആശ്രയിച്ചിരുന്നെങ്കിലും (മരുന്നിനേക്കാള്‍ ഭക്ഷ്ണമായിരുന്നു അവരുടെ ഉന്നം. ജാതിഭേദം ഇല്ലെന്നതും ആകര്‍ഷകമായിരുന്നു.) സവര്‍ണ്ണര്‍ ഒരിക്കലും ഈ പൊതു ചികില്‍സാ പദ്ധതിയോട് മമത കാണിച്ചിരുന്നില്ല. 1870- ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മരുന്നു വാങ്ങിയ ആയിരത്തോല്ളം പേരില്‍ ഒരു മേനോണും ഒമ്പത് ബ്രാഹ്മണരും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. (വിവരങ്ങള്‍ക്ക് പലതിനും എല്‍.എ രവിവര്‍മ, പി.ഭാസ്കരനുണ്ണി എന്നിവരുടെ പുസ്തകങ്ങള്‍ക്ക് കടപ്പാട്.)ഒരു നൂറ്റണ്ടിനിപ്പുറത്ത് ഹോസ്പിറ്റല്‍ അറ്റാച്ഡ് അല്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഡോക്റ്ററില്‍ കുറഞ്ഞതൊന്നും തന്റെ സന്താനം ആകേണ്ടാ എന്ന ചിന്തയിലേക്ക് മലയാളി എത്തപ്പെട്ടിരിക്കുന്നു. മൂന്നു നാലു വര്‍ഷം മുമ്പ് ഹോസ്പിറ്റലില്‍ അല്ലാത്ത ഒരു സ്വാഭാവിക പ്രസവം ഒരു വാരാന്ത്പതിപ്പില്‍ മഹാത്ഭുതമെന്നവണ്ണം കവര്‍ സ്റ്റോറിയായാണ് പ്രത്യക്ഷപ്പെട്ടത്. ഞെട്ടിത്തരിച്ച് എത്രപേരാണ് ഈ മഹാപാതകത്തിനെതിരെ പ്രതികരിച്ചത്!
  അലോപ്പതിയെ ചികില്‍സയുടെ അവസാന വാക്കാക്കി മാറ്റിയതില്‍ ഏറ്റവും വലിയ പങ്ക് കോളറയ്ക്കാണ്. മറ്റു പകര്‍ച്ചവ്യാധികളൊക്കെ വിദേശിയാണെങ്കില്‍ കോളറ മെയ്ഡ് ഇന്‍ ഇന്‍ഡ്യയാണ്. 1815-25 കാലത്താണ് കോളറ ഇന്‍ഡ്യയില്‍ നടമാടിയത്. ബംഗാളില്‍ മാത്രം പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കി. കേരളവും പ്രത്യേകിച്ച് മധ്യതിരുവിതാംകൂറും മറ്റും കോളറ ഒരുപാട് ജീവനെടുത്തു.
  "നാട്ടാരെല്ലാം വിഷൂചിലഹളയിലുതിരുംകാലമദ്ദീനമായ്തന്‍ കൂട്ടാളയ്യോ പിരിഞ്ഞീടിന......... "എന്ന് വി സി. ബാലകൃഷ്ണപണിക്കര്‍ വിലാപത്തില്‍ ആ കെട്ടകാലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.
  രസകരമായ മറ്റൊരു കാര്യം വിദേശവൈദ്യം കൊണ്ടുമാത്രമല്ല വിദേശമദ്യം കൊണ്ടും കോളറയെ മെരുക്കാന്‍ ജനം ചില പണികള്‍ ചെയ്തിരുന്നു എന്നതാണ്. വിദേശമദ്യം എന്നാല്‍ മലയാളിക്ക് പണ്ടും ബ്രാണ്ടിയാണ്. വിദേശമദ്യഷോപ്പുകള്‍ മറ്റെല്ലായിടത്തും വൈന്‍ ഷോപ്പായിരിക്കെ ഇവിടെ മാത്രം അത് ബ്രാണ്ടി ഷാപ്പാണ് (തമിഴില്‍ എഴുതുക പിരാന്തിക്കടൈ എന്ന്). വീഞ്ഞിനെ വെള്ളമാക്കുന്ന എത്ര പ്രസംഗം നമ്മുടെ അച്ചന്‍മാര്‍ നടത്തിയിട്ടും വീഞ്ഞിനോട് മലയാളിക്ക് തികഞ്ഞ പുഛം. അടിക്കുന്നെങ്കില്‍ അത് ആണായി പിറന്ന ബ്രാണ്ടിയെ തന്നെ വേണം. ഏതളവായാലും. ശ്രീനിവാസന്‍ ആദ്യമായി ബാറില്‍ കേറി ചോദിക്കുന്നത് ഒരു ഗ്ലാസ്സ് ബ്രാണ്ടി എന്നാണ്. കക്ഷിയുടെ ജന്മദേശം സ്പെയിന്‍ ആണ്. കൂടുതല്‍ കയറ്റി അയയ്ക്കാന്‍ വേണ്ടി വീഞ്ഞു വാറ്റിയപ്പോള്‍ സംഭവിച്ച ജന്മമാണിത്. ശരിക്കും അസുരന്‍. ആല്‍ക്കഹോള്‍ അംശം 40% കടക്കും. സായിപ്പന്മാരുടെ ഇഷ്ട ബ്രാന്റ് ആയതിനാലോ നമ്മുടെ വാറ്റിന് കിടപിടിക്കുന്നതുകൊണ്ടോ എന്നറിയില്ല പണ്ടുമുതലേ വിദേശിക്ക് പര്യായം ബ്രാണ്ടിയാണ്. മദ്യമായി മാത്രമല്ല മരുന്നായും ഇവനെ സേവിച്ചിരുന്നു. (മരുന്നിന് കഴിച്ചാല്‍ മതി അര്‍മാദിക്കരുതെന്ന് സാരം.) പ്രസവരക്ഷക്ക് മിലിട്ടറി ആശുപത്രികളില്‍ സ്പൂണ്‍ കണക്കില്‍ ബ്രാണ്ടി കൊടുത്തിരുന്നു. കേരളം മുഴുവന്‍ കോളറ നടമാടിയപ്പോള്‍ ബ്രാണ്ടി ബെയ്സ് ആയ പല മരുന്നുകള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു കുറിപ്പടി ഇതാ:(കുട്ടനാട്ടില്‍ വീണ്ടും കോളറ പടരുന്ന ഈ കാലത്ത് ആര്‍ക്കെങ്കിലും പരീക്ഷിക്കാം.)
  വിഷൂചികക്കൊരൗഷധം
  ചുക്ക്, കറയാമ്പൂ, കറുവാത്തൊലി, ജാതിക്ക, ഏറ്റവും കാരമുള്ള കപ്പല്‍മുളക് എന്നിവ ഓരോന്ന് ഒന്നേക്കാള്‍ ഉറുപ്പിക തൂക്കം എടുത്ത് (൧/൨ ഔണ്‍സ്) എടുത്ത് എല്ലാം പൊടിച്ച് സശേഷം ഒരു കുപ്പി ബ്രാണ്ടിയില്‍ ഇട്ട് ഒരു മണിക്കൂറോളം കൂടെ കൂടെ കുലുക്കുക. അതില്‍ പിന്നെ ൧൨ മണിക്കൂറ് കഴിഞ്നിട്ടു മാത്രമേ ഉപയോഗിക്കാവൂ.പ്രയോഗം: ഒരു തംബ്ലര്‍ പകുതിയോളം ചൂടുവെള്ളം പകര്‍ന്ന് മൂന്നു നാല് കരണ്ടി പഞ്ചസാരയും ഇട്ട് മേല്പറഞ്ഞ കൂട്ടില്‍ നിന്ന് ഒരു കരണ്ടി കുപ്പി കുലുക്കാതെ എടുത്ത് തംബ്ലറില്‍ പകര്‍ന്ന് കഴിയുന്നേടത്തോളം ചൂടോടെ കുടിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് ഭേദം കാണുന്നില്ലെങ്കില്‍ വീണ്ടും ഒരു മാത്ര കൊടുക്കേണം. എന്നാല്‍ അത് അത്യാവശ്യമായിത്തീരുന്നത് ദുര്‍ലഭമായിരിക്കും. രോഗിയെ ചൂടുള്ള കംബിളി കൊണ്ട് പുതക്കേണം. കൂടെ കൂടെ കഞ്ഞി വെള്ളം കുടിക്കയും വേണം.(ഫ്രോണ്‍ മേയറുടെ A PROGRESSIVE GRAMMAR OF THE MALAYALAM LANGUAGE - ല്‍ ഉദ്ധരിച്ചത്.)
  വാറ്റില്‍ നാലു കുരുമുളകു മണിയിട്ട് സകല അസ്കിതയും ഒറ്റവലിക്ക് കളയുന്ന ഞങ്ങളോടാണോ മാഷിന്റെ ഈ ചികില്‍സോപദേശം എന്ന് പിറകില്‍ നിന്ന് പറഞ്ഞതാരാണ്? ആരാണ്?
  http://sngscollege.info
  http://vijnanacintamani.org

  2 comments:

  1. very good blog , nice writing ,

   best wishes

   arunkumar

   ReplyDelete
  2. ഡോക്ട്ര്മാരും ആശൂപത്രികളും കൂടുമ്പോഴും രോഗങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നു. രോഗം വിതയ്ക്കുന്നത് ഇന്ന് ഈ ആശുപത്രികള്‍ തന്നെ.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക