അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 9 April 2009

    ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും


    ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
    - എച്ച്.കെ.സന്തോഷ് (2002)
    ചരിത്രാത്മക ഭാഷാശാസ്ത്രത്തിനും ഭാഷകളുടെ ഗോത്രവിഭജനത്തിനും പിറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കൊളോണിയല്‍ ആധുനികതയുടെ യൂറോ കേന്ദ്രിതമായ യുക്തിബോധമായിരുന്നു. വില്യം ജോണ്‍സിലൂടെ അവതരിപ്പിക്കപ്പെടുകയും റാസ്മുസ് റാസ്ക്ക്, ഫ്രാന്‍സ് ബോപ്പ്, ഗ്രിം എന്നിവരിലൂടെ വികസിക്കുകയും ചെയ്ത ആനുവംശിക ഭാഷാശാസ്ത്ര സിദ്ധാന്തം യൂറോപ്യന്‍ ഉല്‍ക്കര്‍ഷബോധത്തിന്റെ സന്തതിയാണ്. അതുകൊണ്ടാണ് ഈ മേഖലയില്‍ നടന്ന തൊണ്ണൂറ് ശതമാനത്തിലധികം പഠനങ്ങളും ഇന്തോ-യൂറോപ്യന്‍ ഗോത്രത്തെ ചുറ്റിപ്പറ്റിയായത്. ഗ്രിമ്മിന്റെ താരതമ്യ വിശകലനരീതി യൂറോപ്യന്‍ ബൂര്‍ഷ്വാസിയുടെ ആശയമാണെന്ന് മാര്‍ക്സിയന്‍ ചിന്തകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
    ഇന്തോ-ആര്യന്‍ ഗോത്രപഠനങ്ങളുടെ അനുബന്ധ സൃഷ്ടിയാണ് 1856-ല്‍ കാല്‍സ്വല്‍ ഉദ്ഘാടനം ചെയ്ത ദ്രാവിഡ ഭാഷാ ഗോത്രപഠനങ്ങള്‍. ആര്യേതരമായ ഒരു ലോകത്തെക്കുറിച്ചുള്ള പുറം കാഴ്ചകള്‍ എന്ന നിലയ്ക്കാണ് ഭാഷാഗോത്രങ്ങളില്‍ അഞ്ചാം സ്ഥാനമുള്ള ദ്രാവിഡ ഗോത്രത്തില്‍ പഠനങ്ങള്‍ രൂപപ്പെടുന്നത്. ബി.സി. നാലായിരത്തിലപ്പുറം ബ്രാഹൂയിയില്‍ ആരംഭിച്ച് എ.ഡി. പതിനൊന്നാം ശതകത്തിനുശേഷം മലയാളഭാഷയുടെ ഉത്പത്തിയില്‍ പൂര്‍ത്തിയാവുന്ന ഒരു ബൃഹത് വിഭജന ചരിത്രം ദ്രാവിഡ ഭാഷ, പഠനത്തില്‍ പൊതുവെ സ്വീകരിക്കപ്പെട്ടു.
    ആര്യാധിനിവേശ സിദ്ധാന്തം സ്വീകരിക്കപ്പെട്ട ആദികാലം ആര്യേതരമായ ഒരു പൂര്‍വ്വചരിത്രത്തിന്റെ അഭാവത്തില്‍ ഊന്നിയിരുന്നു. ഭാഷാപഠനത്തില്‍ ആര്യാധിനിവേശം
    സംസ്കൃതത്തിന്റെ നാട്ടുഭാഷകളിലേക്കുള്ള സംക്രമണമായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇന്‍ഡസ് വാലി നാഗരികതയുടെ കണ്ടെത്തലും ദ്രാവിഡഗോത്ര സങ്കല്പ നിര്‍മ്മിതിയും ചരിത്രം മറിച്ചിട്ടു. ആര്യേതരമായ ഒരു തദ്ദേശസംസ്കൃതിയുടെ ബൃഹത്പാരമ്പര്യത്തിലേക്ക് ദ്രാവിഡഭാഷാശാസ്ത്രപഠനം വികസിച്ചു. ദ്രാവിഡഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിതരണക്രമം ദ്രാവിഡത്തിനുമേല്‍ ആര്യഭാഷ നടത്തിയ അധിനിവേശത്തെ തെളിയിച്ചു. ഇങ്ങനെ ദ്രാവിഡസംസ്കാരം ആര്യാധിനിവേശ സാഹചര്യത്തില്‍ ഒരു അധ:സ്തലമായി ചിത്രീകരിക്കപ്പെട്ടു.
    പുരാവസ്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും കാര്യമായ പിന്‍ബലം ഇല്ലാതിരുന്നിട്ടുകൂടി ഫാദര്‍ ഹെറസ്സിനെപ്പോലുള്ളവര്‍ സൈന്ധവ സംസ്കൃതിയിലൂടെ നടത്തിയ തേരോട്ടം ദ്രാവിഡമായ ഒരു ബൃഹദ് പാരമ്പര്യനിര്‍മ്മിതിയെ സാധ്യമാക്കി. (സൈന്ധവലിപിയെ ദ്രാവിഡമാക്കി വായിക്കുന്ന ഹെറസ്സിന്റെ പദ്ധതിയോട് എമിനോവിനെപ്പോലുള്ളവര്‍ ഉത്സാഹം കാണിക്കുന്നില്ല.) ആര്യ ദ്രാവിഡഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിതരണക്രമം ദ്രാവിഡത്തിനുമേല്‍ ആര്യന്‍ നടത്തിയ അധിനിവേശത്തെ സാധൂകരിച്ചു. ഇന്ത്യന്‍ ജനതയുടെ നാലിലൊന്നു വിഭാഗം സംസാരിക്കുന്ന ദ്രാവിഡ ഭാഷയുടെ ഒരു സുവര്‍ണ്ണഭൂതകാലം ഇങ്ങനെ പുനര്‍ജനിച്ചു. ദ്രാവിഡത്തെ സംസ്കൃതത്തില്‍ നിന്നും കണിശമായി വേര്‍തിരിച്ചതോടൊപ്പം സിഥിയന്‍ ഗോത്രബന്ധം കണ്ട കാല്‍സ്വലും യൂറാള്‍-അള്‍ട്ടായിക്ക് ഗോത്രബന്ധം ആരോപിച്ച ഷ്റാഡര്‍, ബറോ തുടങ്ങിയവരുമൊക്കെ ഒരര്‍ഥത്തില്‍ ആര്യന്‍ ആഗോളവംശീയതയ്ക്ക് ഒരു എതിര്‍ മഹദ്ചിത്രം വരക്കുകയാണ് ചെയ്തത്. ഈ ഭൂപടം ഇന്ത്യക്കപ്പുറം അറേബ്യയും ഈജിപ്റ്റും സിറിയയും ഇറ്റലിയുമൊക്കെ കടന്ന് അയര്‍ലന്റ് വരെ എത്തുന്നത് കാണാം. ഭാരതീയ സംസ്കാരത്തിന്റെ ദ്രാവിഡമായ പൈതൃകസംസ്ഥാപനമാണ് ഹെറസ്സ് ഇതുവഴി സാധിച്ചെടുക്കുന്നത്. പില്‍ക്കാലത്ത് എമിനോവും സിലോണിലും സിങ്കപ്പൂരിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും അഫ്ഘാനിസ്താനിലുമൊക്കെ വ്യാപിച്ചുകിടക്കുന്ന ദ്രാവിഡ ഭാഷാഗോത്രത്തിന്റെ ആഗോളവ്യാപ്തിയുള്ള ചിത്രം തന്നെയാണ് നല്‍കുന്നത്. അടുത്തകാലത്ത് ഈ മേഖലയില്‍ ചില പഠനങ്ങള്‍ നടത്തിയ രാമന്‍ വരെ ഇത്തരം സിദ്ധാന്തനിര്‍മ്മിതികളില്‍ അഭിരമിക്കുന്നത് കാണാം.
    സംസ്കൃതത്തില്‍ നിന്നും നാട്ടുഭാഷയിലേക്കുമാത്രമേ ആദാനം ഉണ്ടാകൂ എന്ന സാമ്പ്രദായിക ധാരണയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെട്ടു. സംസ്കൃതത്തില്‍ ദ്രാവിഡമുണ്ടെന്ന് ലീലാതിലകകാരനും മറ്റൊരു തരത്തിലാണെങ്കിലും പറയുന്നുണ്ടല്ലോ. എന്തിനും സംസ്കൃതനിരുക്തം അന്വേഷിക്കുന്ന പഴയ സമ്പ്രദായത്തിനുപകരം സംസ്കൃത ശബ്ദങ്ങള്‍ക്ക് ദ്രാവിഡമായ അര്‍ത്ഥവിശദീകരണം നല്‍കപ്പെട്ടു. ഗ്രിയേഴ്സന്‍, എസ്.കെ.ചാറ്റര്‍ജി., എമിനോവ്, ബറോ, ഷൂള്‍ബ്ളോക്ക് തുടങ്ങിയവരൊക്കെ പദവ്യാകരണകാര്യങ്ങളില്‍ ആര്യദ്രാവിഡഭാഷകള്‍ പരസ്പരം ചെലുത്തിയ സ്വാധീനം തെളിയിച്ചിട്ടുണ്ട്. ഋഗ്വേദത്തില്‍ പോലും ബറോ ദ്രാവിഡസ്വാധീനം കാണുകയുണ്ടായി.
    ദ്രാവിഡമായ തദ്ദേശസംസ്കൃതിക്കുമേല്‍ നടന്ന ആര്യാധിനിവേശം എന്ന ആശയം ഇങ്ങനെ ഭാഷാപഠനത്തിന്റെ വിവിധ തലങ്ങളില്‍ സിദ്ധാന്തവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ദ്രാവിഡര്‍ എവിടെ നിന്നു വന്നവരായിരുന്നു എന്ന ചോദ്യം അവഗണിക്കപ്പെടുകയുണ്ടായി. ഈ ചോദ്യം പ്രസക്തമല്ലെന്നാണ് തിരുനെല്ലൂര്‍ കരുണാകരനെപ്പോലുള്ളവര്‍ പറയുന്നത്. ദ്രാവിഡ ദേശങ്ങളില്‍ തന്നെ കാണുന്ന നെഗ്രിറ്റോ വംശജസാന്നിധ്യം ഒരു പക്ഷേ അതിനുമുമ്പ് നടന്നിരിക്കാവുന്ന കൂടുതല്‍ രൂക്ഷമായ ഒരു ദ്രാവിഡാധിനിവേശത്തിന്റെ സാധ്യതയിലേയ്ക്കുള്ള ചൂണ്ടുവിരലാണ് എന്നും ചുരുക്കം ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഗവേഷകശ്രദ്ധ ഈ മേഖലയിലുണ്ടായിട്ടില്ല. ചുരുക്കത്തില്‍ ഒരു യൂറോപ്യന്‍ സിദ്ധാന്ത മാതൃകയാണ് ആര്യാധിനിവേശം എന്നു പറയാം. പാശ്ചാത്യ കോളനീകരണത്തിന്റെ യുക്തികളെ സാധൂകരിക്കല്‍ പരോക്ഷമായി ഈ സിദ്ധാന്തങ്ങളുടെ ലക്ഷ്യമായും കാണാം. എന്നാല്‍ മറുപക്ഷത്ത് ഒരു അഖണ്ഡ ഭാരതീയ സംസ്കാരത്തിന്റെ നിര്‍മ്മാണവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ആര്യാധിനിവേശം ഒരു കെട്ടുകഥയാണെന്നും ഇന്ത്യയിലെ ദ്രാവിഡ-സൈന്ധവ സംസ്കൃതികളൊക്കെ ആര്‍ഷസംസ്കാരത്തിന്റെ ഭാഗമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. സംസ്കൃതം എല്ലാ ഭാഷകളുടെയും മാതൃഭാഷയായി അവരോധിക്കപ്പെട്ട മധ്യകാല വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ പഠനങ്ങളത്രയും. ലിപി, പദം, വാക്യം തുടങ്ങിയ ഭാഷാ ഘടകങ്ങളിലൊക്കെ ആര്യ-ദ്രാവിഡഭാഷകള്‍ കാണിക്കുന്ന സാമ്യത്തെക്കുറിച്ചുള്ള എല്‍. എ. രവിവര്‍മ്മയുടെയും മറ്റും പഠനങ്ങള്‍ ഇതിന്റെ ഭാഗമാണ്.
    ഇരുപതാം നൂറ്റാണ്ടിന്റെ ആദി ശതകങ്ങളില്‍ യൂറോപ്പില്‍ ചരിത്രാത്മക ഭാഷാശാസ്ത്രം ക്ഷീണിച്ചു. തരംഗ സിദ്ധാന്തവും ഭാഷാക്ഷേത്ര പരികല്പനയുമൊക്കെ ആവിഷ്കരിക്കപ്പെട്ടതോടെ ചരിത്രത്തിനു പകരം ഭൂമിശാസ്ത്രത്തിന്റെ തിരശ്ചീനതലം ഭാഷാപഠനത്തിന്റെ കേന്ദ്രമായി മാറി ദ്രാവിഡ ഭാഷകളില്‍ പില്‍ക്കാല പഠനം നടത്തിയ ആന്ദ്രനേവിനെ പോലുള്ളവര്‍ പുതിയതായി രൂപംകൊണ്ടുവരുന്ന ഗോത്ര ബന്ധങ്ങളുടെയും ഭാഷാഗോത്രങ്ങളുടെ തന്നെ ആവിര്‍ഭാവത്തിന്റേയും സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നത്.
    യൂറോ കേന്ദ്രിതമായ ആര്യ-ദ്രാവിഡ സങ്കലനം എന്ന ആശയത്തിന്റെ പൊതു പശ്ചാത്തലത്തിലാണ് മലയാള വ്യാകരണ വിചാരങ്ങള്‍ സംഭവിച്ചത്. ആര്യ-ദ്രാവിഡ സങ്കലനം എന്ന സങ്കല്പം മലയാള വ്യാകരണ സിദ്ധാന്തങ്ങളെ ഏതുവിധം സ്വാധീനിച്ചു എന്നതാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണ വിഷയം. ആര്യ-ദ്രാവിഡ സങ്കലനം എന്ന ആശയമാതൃക മുമ്പുപറഞ്ഞതുപോലെ സംസ്കൃതാധിനിവേശം എന്ന തലത്തിലാണ് നമ്മുടെ ഭാഷാചിന്തയില്‍ ആവിഷ്കരിക്കപ്പെട്ടത്. ഒന്നാമത് ഭാഷയുടെ ഉല്പത്തിയുടെയും വ്യവസ്ഥാപനത്തിന്റേയും ഹേതുവായ യുക്തി എന്ന നിലയിലും പിന്നെ ദേശഭാഷയെ ഭദ്രമായി വിശദീകരിക്കുന്ന ഒരു വ്യാകരണ സിദ്ധാന്തം എന്ന തലത്തിലും ഈ ആശയ മാതൃക മലയാള വ്യാകരണ സിദ്ധാന്തങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
    ഇന്‍ഡ്യക്ക് പൊതുവായി സംസ്കൃത്തിന്റേതായ ഒരു വ്യാകരണ പാരമ്പര്യമേ ഉള്ളൂ എന്നു പറയാം. ദേശി വ്യാകരണമാതൃകകളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് അത്ര ബലം പോര. തൊല്‍കാപ്പിയരെ പാണിനിയുടെ സമകാലികനാക്കിയും അതിലെ അപാണിനീയ തലത്തെ ഉയര്‍ത്തിക്കാട്ടിയും തമിഴില്‍ ഇത്തരം ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ പൊരുളധികാരമൊഴിച്ചുള്ള ഭാഗങ്ങളില്‍ അത്ര സ്വതന്ത്രമായ നില തൊല്‍കാപ്പിയ ത്തിനുണ്ടെന്ന് പറഞ്ഞുകൂടാ. ഉരി ചൊല്ലിനെ പൊരുളതികാരത്തിന്റെ ഒരു കരുവായി കണ്ടാല്‍ മതി. ആദ്യഭാഗത്ത് ഐന്ദ്രവ്യാകരണത്തിലുള്ള ശിക്ഷണത്തെക്കുറിച്ച് നടത്തുന്ന സാക്ഷ്യപ്പെടുത്തല്‍ തന്നെ ഗ്രന്ഥകര്‍ത്താവിന്റെ സംസ്കൃത പാരമ്പര്യം വെളിവാക്കുന്നു. തൊല്‍കാപ്പിയത്തില്‍ പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ക്ക് സംസ്കൃതം നോക്കിയാല്‍ മതി എന്ന പ്രമാണം തന്നെ തമിഴിലുണ്ട്.
    തമിഴൊഴികെയുള്ള ദ്രാവിഡഭാഷകളില്‍ വ്യാകരണാദി ശാസ്ത്രഗ്രന്ഥങ്ങള്‍ അവതരിക്കുന്നത് പത്താം നൂറ്റാണ്ടിനു ശേഷമാണ്. തെലുങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിലും (തന്നയ്യ ഭട്ടന്റെ ശബ്ദചിന്താമണി) കന്നടത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലും (നാഗവര്‍മ്മന്റെ കര്‍ണ്ണാടക ഭാഷാഭൂഷണം) മലയാളത്തില്‍ പതിനാലാം നൂറ്റാണ്ടിലുമാണ് (ലീലാതിലകം) ദേശിവ്യാകരണം പ്രത്യക്ഷപ്പെടുന്നത്. ഇവയുടെയെല്ലാം കരുക്കള്‍ സംസ്കൃതത്തില്‍ നിന്ന് കടമെടുത്തതാണ്.
    തുടര്‍ന്ന് വായിക്കുക .
    http://sngscollege.info/articles/santhosh.pdf

    2 comments:

    1. ലേഖനത്തില്‍ രണ്ടിടത്ത് ആവര്‍ത്തിക്കുന്ന കാല്‍സ്വല്‍ ആര്? ഫയലുള്ള സൈറ്റ് attack site ആയി ഗൂഗ്ള്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.

      ReplyDelete
    2. ഓസ്ട്രേലിയയിലെ അബൊറിജിനല്‍ ഭാഷകള്‍ക്ക് ദ്രാവിഡ ഭാഷകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? കേരളപാണിനീയത്തില്‍ ഇങ്ങനെ ഒരു സൂചന കണ്ടു. അതു കാണുന്നതിനു മുമ്പു തന്നെ, ഒരു അബൊറിജിനല്‍ ഭാഷയിലെ ബൈബിളിന്റെ ശബ്ദരേഖ കേള്‍ക്കാനിടയായപ്പോള്‍ എനിക്ക് അത് തമിഴിനോട് സാദൃശമുളള്ളതായി തോന്നിയിരുന്നു.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക