അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Tuesday, 28 April 2009

  വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?

  വാക്കുതര്‍ക്കം
  പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  'ഈ 'പാവംപൊയ്ക്കോട്ടേ എന്ന മട്ടില്‍ വ്യവഹാരങ്ങളുടെ പാതയോരം പററി പതൂങ്ങി നടക്കുന്ന ചില വാക്കുകളുണ്ടല്ലോ. 'വാക്കേ വാക്കേ കൂടെവിടെ 'എന്ന ഗോവിന്ദന്റെ ചോദ്യവുമായി സ്കൂള്‍ കുട്ടികളുടെ കൌതുകത്തോടെ ഓരോ മടയിലും കയ്യിട്ട് പിടിച്ച് അവയെ വിടര്‍ത്തി നോക്കിയാലോ. ഭാഷയിലെ മാറുന്ന അര്‍ത്ഥങ്ങള്‍ ആഭിമുഖ്യങ്ങള്‍, വിചാരശീലങ്ങള്‍ അങ്ങിനെ നമ്മുടെ നടപ്പു വഴികളെക്കുറിച്ചു തന്നെ ചില തിരിച്ചറിവുകളുണ്ടായാലോ ഈ അന്വേഷണത്തിനുള്ള ഒരു പംക്തി -വാക്കുതര്‍ക്കം- ഈ ബ്ളോഗിന്റെ വലത്ത് ഉച്ചമൂലയില്‍ ഇരിപ്പുറപ്പിക്കുന്നു.പങ്കാളിത്തം ഉണ്ടാകുമല്ലോ നിങ്ങളുടെ ഓരോ വാക്കുതര്‍ക്കത്തിനുള്ള പ്രതികരണങ്ങളും തര്‍ക്കുത്തരങ്ങളും ഈ പോസ്റിനു താഴെ വന്നുവീഴാനുള്ള ഏര്‍പ്പാടുമുണ്ട് .
  http://sngscollege.info
  http://vijnanacintamani.org

  17 comments:

  1. വാക്ക്-1
   ചെത്തുക-'ചെരിച്ചു മുറിക്കുക' എന്നല്ലേ അര്‍ത്ഥം 'വിലസുക' എന്ന അര്‍ത്ഥത്തില്‍ ഈ വാക്കിന് 'ചെത്തിനടക്കാന്‍' അവസരം കിട്ടിയത് പിന്നീടാണ്.'ചെത്ത് സ്റൈല്‍' എന്ന് സ്റൈലിന്റെ ഒരു തരമായും ഈ പദം നടപ്പുണ്ട്. ബൈക്കെടുത്ത് ചെരിച്ചു വട്ടം കറക്കുന്ന ന്യൂ ജനറേഷന്‍ പുവാലസംഘത്തിന്റെ സംഭാവനയാണോ ഈ പുതുമോടി? 'ചെത്തുകാരന്‍ 'എന്ന നാമരൂപത്തിന് പക്ഷേ ഈ ഗമയില്ല. അതു പഴയ കള്ളുചെത്തുകാരന്‍ തന്നെ. വാഹനപ്പാത എന്ന അര്‍ത്ഥത്തില്‍ 'ചെത്ത് 'എന്നു ചിലയിടത്ത് പ്രയോഗമുണ്ട്. 'ചെതുമ്പല്‍' എന്നും അര്‍ത്ഥമുണ്ട്. നമ്മളാകെ 'അടിപൊളി'യായി മാറിയപ്പോള്‍ ചെത്തുന്നത് കുറഞ്ഞോ എന്നൊരു സംശയം.എന്നാലും നമ്മളൊക്കെ ഏറ്റവും കൂടുതല്‍ ചെത്തിയത് പെന്‍സില്‍ തന്നെ !!

   ReplyDelete
  2. വാക്ക്-2
   മുടുക്ക്- ഊടുവഴിക്ക് തിരുവനന്തപുരത്തുകാരന്റെ പേര്. സായിപ്പിന്റെ ‘പോക്കറ്റ് റോഡ്.’ സായിപ്പിന്റെ ഭാഷയില്‍ പോക്കറ്റില്‍ തൂങ്ങി (ഇവിടെ ആണുങ്ങള്‍ക്കു മാത്രം റിസര്‍വ്വു ചെയ്ത പോക്കറ്റ് ആദ്യം തുന്നിചേര്‍ത്തത് പെണ്ണുടയാടകളോടായിരുന്നുവത്രെ.) ഒരു പാടു വാക്കുകളുണ്ടെങ്കിലും പോക്കറ്റ് റോഡ് അങ്ങനെ അവര്‍ പുറത്തടുക്കാറില്ലെന്നതു വേറെ കാര്യം. ‘ഊടുവഴി,’ ‘ഇടവഴി’, ‘ഊടുപാത’ , ‘കുടസ്സുവഴി’ (മറ്റെന്തെങ്കിലുമുണ്ടോ) എന്നു പലതരത്തില്‍ പലയിടത്തും പ്രയോഗം. ഇടയിലൂടെയുള്ള വഴി എന്ന് ഇടവഴിക്ക് അധികാര്‍ത്ഥം. കെട്ടിടങ്ങള്‍ക്കിടയില്‍ അത് ഇടനാഴിയായി. ഒടവുപോലുള്ള വഴിയാണെങ്കില്‍ ‘കുണ്ടനെടവഴി’. ‘കുണ്ടനെടവഴിയിലൂടെ ഇല്ലിപ്പട്ടല്‍ കൊണ്ടുപോവുന്നതുപോലെ ‘എന്നൊരു ചൊല്ലു തന്നെ എന്റെ നാട്ടിലുണ്ട്. കുനിഞ്ഞു കയറേണ്ടി വന്നാല്‍ ‘നാട്ടവഴി’യായി. അപ്പോള്‍ ‘നൂഴുകയേ’ തരമുള്ളൂ. നാട്ട നൂണാല്‍ വലിപ്പം വെയ്ക്കില്ലെന്നൊരു പറച്ചിലുണ്ട്. അതാണ് കുറ്റിപ്പുറം പാലത്തില്‍ ഇടശ്ശേരിയുടെ സങ്കടം. എന്നാല്‍ ഈ വാക്കുകള്‍ക്കൊന്നുമില്ലാത്ത ഒരു ഞെരുക്കവും ഇടുക്കവം മുടുക്കിനുണ്ട്.എറണാകുളത്തൊക്കെ ഇപ്പോള്‍ പോക്കററ് റോഡേ ഉള്ളൂ. എന്നാല്‍ തിരുവനന്തപുരത്തിന്റെ സ്വന്തം അഹങ്കാരം, അങ്ങനെ നഗരത്തിന്റെ സിരാപടലമായി ഇപ്പോഴും കെട്ടുപിണഞ്ഞു കിടപ്പുണ്ട്.!!!

   ReplyDelete
  3. ഗംഭീരം. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഈ നിഘണ്ടു രീതി. തുടരുക.

   ReplyDelete
  4. Really interesting Keep it up!

   ReplyDelete
  5. വാക്ക്-3

   സുയ്പ്പാക്കുക - കേരളത്തിലുടനീളം വിശിഷ്യാ മലബാറില്‍ നടപ്പുള്ള പ്രയോഗം. 'ഇടങ്ങേറാക്കുക', 'വട്ടം ചുറ്റിക്കുക', 'കയറാക്കുക', 'ബുദ്ധിമുട്ടിക്കുക' എന്നൊക്കെ താത്പര്യം. . സംഗതിക്കൊരു മാപ്പിളച്ചുവ അടിച്ചതു കൊണ്ട് അറബിയിലും ഉറുദുവിലുമൊക്കെ ഏറെക്കാലം പരതിനോക്കിയെങ്കിലും മൂലം പിടികിട്ടിയില്ല. ഞാന്‍നോക്കിയ പല മലയാളം നിഘണ്ടുക്കളിലും 'സുമുഖി'യെ കണ്ടാലുടനെ 'സുരത'മാണ്. നമ്മുടെ ഉച്ചപ്പടങ്ങളെ പ്പോലെ. ഇടയ്ക്ക് 'സുയ്പ്പാ'ക്കലൊന്നുമില്ല. 90-ല്‍ സഹപാഠികളുമൊത്ത് ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ ഫറോക്ക് സ്റേഷനിലെ ചാരുബെഞ്ചില്‍ വെച്ച് കലശലായ നൊസ്സുള്ള, പേരറിയാത്ത, വയസ്സേറെയായ (ഇന്നുണ്ടോ ആവോ) കവിമാഷാണ് ഈ വാക്കിലേക്ക് ഒരു താക്കോല്‍ തന്നത്. സങ്കടം തോന്നിക്കുന്ന മരച്ചില്ലകള്‍ക്കിടയിലെ സന്ധ്യയായാണ് മാഷുടെ ഓര്‍മ്മ. സന്ധ്യാചന്ദനത്തിരിക്കൂടിന്റെ അകത്ത് കാര്‍ബണ്‍ കോപ്പി സഹിതം ചുരുട്ടി വെച്ചിരിക്കുന്ന കവിതകളുമായി മാഷ് എന്നും വരും. പത്രാധിപര്‍ തിരിച്ചയച്ചില്ലെങ്കിലോ എന്ന മുന്‍കരുതലാണ് കാര്‍ബണ്‍ കോപ്പി. നല്ല ഉറപ്പുള്ള, വരിയൊത്ത കയ്യക്ഷരം. ശാസ്ത്രപാഠങ്ങളും വേദാന്തവുമൊക്കെയാണ് വിഷയം, എല്ലാം കേകാ വൃത്തത്തിലാണെന്ന് കണ്ടുപിടിച്ചത് സുഹൃത്ത് കരീമാണ്. ഇതുവരെ ഒന്നും വെളിച്ചം കണ്ടിട്ടില്ല. സ്റേഷനു പിറകിലെവിടെയോ ആണ് വീട്. ആര്‍ക്കോ ഇത്തിരി സംസ്കൃതം ട്യൂഷനുള്ളതാണ് ഏകവരുമാനം. ഫറോക്ക് പുതിയ പാലം പണിനടക്കുന്ന സമയം. പണിക്കാരിലാരോ പുഴയില്‍ മുങ്ങി മരിച്ചു. പാലത്തിനു താഴെ നല്ലോരു ചുഴിയുണ്ട്. മാഷ് പറഞ്ഞു. 'ചുഴിപ്പ് 'എന്നു കേട്ടിട്ടുണ്ടോ ചുഴിയില്‍ വട്ടം കറങ്ങുക എന്നാണര്‍ത്ഥം.സുയിപ്പ് എന്ന വാക്കിന്റെ ആദിമൂലമാണത്. 'ച' 'സ' ആകാനുള്ള പ്രവണത മലയാളത്തിനില്ല എന്നും തിരിച്ചാകാനാണ് വഴി എന്നും അകത്തെ ഭാഷാശാസത്രം കലമ്പല്‍ കൂട്ടിയില്ല. സംസ്കൃതഭ്രമം എന്തൊക്കെ സദൃശരൂപങ്ങളെ സൃഷ്ടിച്ചു കൂടാ. യക്ഷിയെ ഇയക്കി ആക്കിയും പിന്നെ ഇശക്കിയെന്നു വികൃതസംസ്കൃതമാക്കിയും കൊണ്ടുനടക്കുന്നവരാണ് നമ്മള്‍. ഇംഗ്ളീഷില്‍ ‘in the soup’ എന്ന പ്രയോഗമുണ്ട്. കുഴപ്പത്തിലാക്കുക എന്ന് ധ്വനി. നമ്മുടെ ആദ്യകാല ഫിക്ഷനിലെ നായകന്മാരൊക്കെ പുറത്ത് വെടിക്കലയും അകത്ത് സൂപ്പും കട്ലെററും സ്റ്യൂവുമായൊക്കെ നടന്നവരാണല്ലോ. അങ്ങനെ കേറിവന്നതാണോ ഈ സുയിപ്പ്. സുഹൃത്ത് രാജേന്ദ്രന് (രാജേന്ദ്രന്‍ എടത്തുംകര ഗവേഷണത്തില്‍ ശരിക്കും വേന്ദ്രനാണ് ) കൂടുതല്‍ സമ്മതം swoop എന്ന ഇംഗ്ളീഷ് പദത്തിന്റെ പ്രാദേശിക രൂപത്തോടാണ്. വട്ടത്തിലാക്കുക എന്നു തന്നെയാണത്രേ അര്‍ത്ഥം. കോളണീകരണകാലത്തെ ഭ്രമമാകാം ഇതെന്ന് അവന്‍.ഏത് ഇന്ദുലേഖയെക്കണ്ടാണ് നമ്മളിലെ നമ്പൂതിരി ഇളകിവശായത് എന്നേ ഉറപ്പില്ലാതുള്ളു!

   ReplyDelete
  6. വാക്ക്-4
   കടോറങ്ങുക - മൂന്നാം ക്ളാസ്സിനിപ്പുറം ഈ വാക്ക് ഒരിക്കലും കേട്ടിട്ടില്ല. വീതി കുറഞ്ഞ ബെഞ്ചില്‍ ആകെ വിളറി വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ചെക്കന്മാരുടെ ചെവിയില്‍ കുട്ടികൃഷ്ണന്‍ മാഷ് ചോദിയ്ക്കും കടോറങ്ങണോ? മലവിസര്‍ജജനം ചെയ്യണോ എന്നാണ് താത്പര്യം. പിന്നെ വെളിമ്പറമ്പിലേക്കുള്ള യാത്രയാണ്. മാഷുടെ കൈപിടിച്ച്.. രാമന്റെ ഒരു കവിതയാണ് ഈ യാത്ര എന്നെ പില്‍ക്കാലത്ത് ഓര്‍മ്മപ്പെടുത്തിയത്. മുരത്ത കുമ്പളങ്ങയുടെ മണമാണ് മാഷക്ക്. അവിവാഹിതന്‍.റിട്ടയര്‍ ചെയ്തിട്ടും മരണം വരെ സ്കൂളില്‍ വന്നുകൊണ്ടിരുന്നു. വീട്ടില്‍നിന്ന് മടിയന്‍മാരെ പുഴക്കികൊണ്ടുവരിക, നഖം വെട്ടിക്കുക, കുടുംബകലഹങ്ങള്‍ക്ക് വക്കാലത്ത് പറയുക, ക്ളാസിലിരുന്നുറങ്ങുന്ന ടീച്ചര്‍മാരെ മൂക്കറ്റം ചീത്ത പറയുക തുടങ്ങിയവയാണ് പരിപാടികള്‍. എന്തെങ്കിലും പഠിപ്പിച്ചിരുന്നുവോ? ഓര്‍മയില്ല.!! ഭക്ഷണം ഏറ്റവും സാമൂഹികവും വിസര്‍ജ്ജനം ഏറ്റവും സ്വകാര്യവും എന്നത് മനുഷ്യന്റെ മാത്രം ശീലമാണ്. (ബുനുവലിന്റെ സിനിമയില്‍ ഇതൊന്നു തിരിച്ചിടുന്നുണ്ട്. ) അതുകൊണ്ടുതന്നെ ഈ അശ്ളീലത്തെ വാക്കു കൊണ്ടു മറയ്ക്കാന്‍ നമുക്കെന്നും തിടുക്കമാണ്.. വെളിയ്ക്കിരിയ്ക്കാന്‍ പോകുക എന്നതായിരുന്നു മലയാളിയുടെ മറ. പിന്നെ നടത്തം അകത്തേക്കായി. കക്കൂസും ടോയ്ലെറ്റും വൃത്തികേടായപ്പോള്‍ ബാത്ത്റൂമില്‍ പോകുക എന്നായി പ്രയോഗം. മലയാളിയുടെ പുതിയ വീടുകള്‍ കണ്ടാല്‍ വീട്ടിനകത്ത് ഇതുതന്നെയാണ് പരിപാടി എന്നു തോന്നും.എത്ര ‘ബാത്ത് റൂമുകളാ’!!!

   ReplyDelete
  7. വാക്ക്-5
   ദുശ്ശള - ഇപ്പോഴല്ല, ദാരിദ്ര്യം പിടിച്ച അടുക്കളകളുടെ വീതിനപടകളില്‍ ചെറുബാല്യങ്ങളായി തൂങ്ങിത്തിരിഞ്ഞു കൊണ്ടിരുന്ന കാലത്ത് ദോശച്ചട്ടിയുടെ കൊതിപ്പിക്കുന്ന ചെറു സീല്‍ക്കാരത്തോടൊപ്പം പുറത്തു വന്നിരുന്ന ഒരു വാക്ക് ,ദുശ്ശള. ദോശമാവിന്റെ പാത്രം വടിച്ച് തുടച്ച് ഉണ്ടാക്കുന്ന ഒടുക്കത്തെ ദോശയുടെ പേര്. മറ്റുളള ദോശകളുടെ രൂപത്തികവോ നേര്‍മ്മയോ വലുപ്പമോ ഇല്ലാത്ത ഘനപ്പിടിയന്‍ സാധനം. എണ്ണയില്‍ കുമിളകള്‍ തീര്‍ത്ത് അത് കനം വെച്ചു വരുമ്പോള്‍ തികവൊത്ത ദോശകള്‍ എണ്ണം കണക്കാക്കി വിഴുങ്ങി വിശപ്പാറാത്ത ഞങ്ങള്‍ മൂത്തതുകള്‍ അസൂയയോടെ ഇളയതിനെ നോക്കും. കാരണം സനാതനമായ അടുക്കളനിയമങ്ങള്‍ പ്രകാരം ഒടുക്കത്തെ ദോശ ( ദോശയല്ല, ദുശ്ശള! )ഒടുക്കത്തവനാണ്. അവനാകട്ടെ, ചൂടാറാത്ത ദുശ്ശളയെ കടിപടികൂടി ഭോഗിക്കുമ്പോള്‍ ഒരിക്കല്‍ പോലും കൌരവരുടെ ഏകസഹോദരിയുടെ പേര് ഈ ദോശയ്ക്കിട്ട, ആരെന്നറിയാത്ത ആ ഭാവനാശാലിയായ മലയാളിക്ക് ഒരു നന്ദി പോലും പറഞ്ഞിരുന്നില്ല. അശ്വമേധത്തില്‍ പക തീര്‍ത്തോളാമെന്നുറപ്പിച്ച് മൂത്തവര്‍ ഞങ്ങള്‍ മെല്ലെ അടുക്കളയില്‍ നിന്ന് പിന്‍വലിയും!

   ReplyDelete
  8. വാക്ക്-6
   മങ്ങൂഴം - 'മങ്ങിയ ഊഴം' എന്നാകാം. 'മങ്ങതം', 'മങ്ങഴം' എന്നൊക്കെ ശബ്ദതാരാവലിയില്‍ കാണുന്നുണ്ട്. 'മങ്ങല്‍', 'മങ്ങിയ വെളിച്ചം', 'വാട്ടം' എന്ന് വിവക്ഷ. മഴക്ക് മുമ്പുള്ള മൂടികെട്ടിയ ആകാശത്തിനു വള്ളുവനാട് ഏറനാട് ഭാഗത്ത് വിളിക്കുന്ന പേര്‍. വെയിലും മഴയും കുറുക്കന്റെ കല്യാണമാണെങ്കില്‍ മങ്ങൂഴം ഒട്ടും പ്രസന്നമല്ല, പേമാരിക്കു മുമ്പുള്ള അല്പ നിശബ്ദതയാണ്. ഒരു ദശാ സന്ധിയെ കാണിക്കാന്‍ കക്കാട് തന്റെ കവിതയില്‍ നിരന്തരം ഉപയോഗിച്ചിരുന്ന രൂപകം. കക്കാട് പദ്ധതി കവിതയിലും അവതാളത്തിലായതോടെ ഈ വാക്ക് തേടി നടക്കുന്നവരും ഇല്ലാതായിരിക്കുന്നു.

   ReplyDelete
  9. വാക്ക്-7

   കമ്പി - ലോഹകഷ്ണം എന്ന് സാമാന്യമലയാളം.'ലോഹനൂല്‍' എന്ന് ശബ്ദതാരാവലി. എന്നാല്‍ ക്രിയയായും നാമമായും മാറി മാറി കളിക്കുന്ന ഈ വാക്ക് നമ്മുടെ അശ്ലീല ലോകത്തെ ആകെ കാണിക്കാന്‍ കഴിവുറ്റത് ആണ്.'ബലം വെക്കുക', 'ലിംഗോദ്ധാരണം നടക്കുക' എന്ന അര്‍ത്ഥത്തിലാണ് ക്രിയയായി അതിന് ജീവന്‍ .ഏത് ക്രിയയും ഒന്ന് അമര്‍ത്തി പറഞ്ഞാല്‍ നല്ല മുട്ടന്‍ അശ്ലീലമാകും എന്നതാണ് മലയാളിയുടെ സദാചാര യാഥാര്‍ത്ഥ്യം. എന്നാല്‍ രസം ഈ വാക്കിന് അര്‍ത്ഥം 'അയയുക', 'കനം കുറയുക' എന്നായിരുന്നു എന്നതാണ്. 'കമ്പിക്കുക' എന്ന പഴയ ഒരു വാക്കുണ്ട്. 'ഇളകുക', 'പെരുകുക' , 'വിറക്കുക' എന്നൊക്കെ വിവക്ഷ. നമ്മുടെ കമ്പി പുറപ്പെട്ടത് അവിടെ നിന്നാകാം.

   കമ്പിപ്പിക്കുക - 'പരിഭ്രമിപ്പിക്കുക' എന്ന് മിഷണറി ഗദ്യത്തില്‍ കാണാം.

   കമ്പിതം- 'കമ്പനം ചെയ്യുക' - 'ഇളക്കം', 'വിറയല്‍' എന്ന് സൂചിതം. 'കമ്പിത ഗാത്രിയായ് അന്തി മൂര്‍ച്ഛിക്കവെ' എന്നും 'ടുണിങ് ഫോര്‍ക്ക് കമ്പനം ചെയ്യുമ്പോള്‍' എന്നും ക്ലാസ്സില്‍ കേള്‍ക്കുമ്പോള്‍ തിരിഞ്ഞു മറിഞ്ഞ ഓര്‍മ.‍

   കമ്പി - 'ടെലഗ്രാഫിന്' നാം വിളിച്ച പേര്‍. 'ടെലെഗ്രാഫിക്‍ അട്ടറന്‍സി'ന് മലയാളം നല്‍കിയപ്പോള്‍ അത് 'കമ്പി വാക്യം' ആയി വീണ്ടും വിദ്യാര്‍ഥികളെ ചിരിപ്പിച്ചു.

   കമ്പം- 'താല്പര്യം', 'തൂണ്‍' 'കാല്‍', 'തുള്ളപ്പനി' എന്നും അര്‍ത്ഥങ്ങള്‍ ഉണ്ട്. 'കമ്പവെടി', 'കമ്പക്കെട്ട് 'അങ്ങിനെ വന്നത് .

   കമ്പിനീട്ടുക- 'കടന്നുകളയുക', 'തിരി നീട്ടുക' എന്നും താല്പര്യമുണ്ട്. മാപ്പിളെ പാട്ടിലെ കെട്ടുമുറ രീതികളെ 'കമ്പി' എന്ന് പറയാറുണ്ട്. 'ഒരു തരം ഗമകം' എന്നും ശബ്ദതാരാവലി. കമ്പിപ്പടങ്ങള്‍, കമ്പി പുസ്തകം കമ്പിചിത്രം, കമ്പി ചാറ്റ് മലയാളിയുടെ കമ്പി പൂതിക്ക് അറ്റമില്ല. കമ്പിക്ക് വിപരീതമായി ,ഡിസ്കമ്പി, എന്ന് കണ്ടുപിടിച്ച വിരുതനേയും ഓര്‍ത്തു പോകുന്നു.

   ReplyDelete
  10. koothara means - koooi thara due to course of time somebody may use it koothara for convenience

   ReplyDelete
  11. വിശദീകരണത്തിന് നന്ദി.

   ReplyDelete
  12. വാക്ക്-8

   കൂതറ: പോപ്പുലര്‍ അടിപൊളി സംസ്കാരം പുനരുജ്ജീവിപ്പിച്ച ഒരു വാക്ക് - കൂതറ. ഇന്റെര്‍നെറ്റ് എന്ന മാധ്യമം പ്രത്യേകിച്ച് ബ്ലോഗുകള്‍ കൊണ്ടാടി കേരളീയര്‍ക്കിടയിലേക്ക് ആനയിച്ച ആദ്യ വാക്ക്.കൊച്ചു വര്‍ത്തമാനങ്ങളും നേരംകൊല്ലി രസങ്ങളും ആക്ഷേപഹാസ്യവും ഒക്കെ കുത്തികലക്കി തീര്‍ത്തും ലൈറ്റ് വെയ്റ്റായ ബ്ലോഗുകളുടെ ആദ്യകാലത്ത് ഏതോ രസികന്‍ എടുത്തിട്ട ഈ വാക്ക് മലയാളം ബ്ലോഗുകളുടെ ചെല്ലപ്പേരായി മാറീ. കൂതറ ബ്ലോഗ്, കൂതറ തിരുമേനി, കൂതറ പുരാണം, കൂതറ വര്‍ത്തമാനം, കൂതറക്കാരന്‍, കൂതറ ബ്ലോഗര്‍ കൂതറ പരിപാടി അങ്ങിനെ എന്തൊക്കെ! പോപ്പുലര്‍ സിനിമയുടെ ലോകത്തും കാമ്പസ്സുകളിലും ഇന്ന് കൂതറ വിശേഷങ്ങള്‍ തീരുന്നില്ല. പടം കണ്ട് കാശൂ പോയവന്റെ ഒടുക്കത്തെ പറച്ചില്‍ കൂതറ പടം എന്നാണ് .എന്താണീ കൂതറാ? ഇതെവിടുത്തെ വാക്ക്, സ്വയം ഈ വാക്ക് വിശേഷണമായി അണിയുന്ന എത്ര പേര്‍ക്ക് ഇതിന്റെ അര്‍ത്ഥമറിയാം? 'നിന്ദ്യമായത് കൂതറ' എന്ന് ശബ്ദതാരാവലിയില്‍ അര്‍ഥം കൊടുത്തിരിക്കുന്നു. എതു സ്ലാങ്ങില്‍ ഈ പദം മലയാളത്തില്‍ നിലനില്‍ക്കുന്നു എന്ന് അറിയില്ല. ഒരു തെക്കന്‍ ഛായ കാണുന്നുണ്ട്. കൂതറ എന്ന് സംസ്കൃതത്തില്‍ ഒരു പദം ഉണ്ട്. 'ചീത്ത ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നത്' എന്നര്‍ത്ഥം. തന്തയില്ലാത്തവന്‍ എന്നൊക്കെയാണ് സൂചന. 'കൂതരൈ' എന്ന് തമിഴിലും സമാനമായ വാക്ക് കാണാം. കൂത് - അര 'പിഴച്ച അരക്കെട്ടിന്റെ സന്തതി' എന്നായിരിക്കുമോ? വഷളന്‍, അലവലാതി, നിലവാരം കുറഞ്ഞവന്‍, തല്ലിപ്പൊളി തുടങ്ങിയ അത്ര കടുപ്പമില്ലാത്ത വിവക്ഷകളില്‍ ആണ് ബ്ലോഗര്‍മാര്‍ ഈ പദം തൊട്ത്തു വിടുന്നത്. ഇനിയും ഈ പദം സ്വയം കണ്ഠാഭരണമായി അണിഞ്ഞ് അര്‍മാദിക്കുന്നതിന് മുന്‍പ് ഇത്രയുമൊക്കെ ഓര്‍ക്കുന്നത് നന്ന്!

   കൂതറയെക്കുറിച്ച് അനോണിയുടെ കമന്റും ചേര്‍ത്ത് വായിക്കുമല്ലോ.

   ReplyDelete
  13. വാക്ക്-9

   ജാസ്തി: 'അധികം' എന്ന് സൂചിപ്പിക്കാന്‍ വാമൊഴിയില്‍, പ്രത്യേകിച്ച് മലബാറില്‍ പ്രയോഗിക്കപ്പെടുന്നു. മാപ്പിള വാമൊഴിയിലാണ് പ്രചാരമധികം.'ജാസ്തി' അറബിയില്‍ നിന്ന് കടം കൊണ്ടതാണ്. 'സിയാദത്ത്' എന്ന വാക്കിന് അറബിയില്‍ തന്നെ ഏറെ ലോപം സംഭവിച്ചുണ്ടായ പദമാണ് ജാസ്തി.കന്നട പോലുള്ള ചില ദക്ഷിണേന്‍ഡ്യന്‍ ഭാഷകളിലും ഈ വാക്ക് കാണാം. അധികം എന്ന അര്‍ത്ഥത്തില്‍ എത്രയധികം വാക്കുകളാണ് നടപ്പിലുള്ളത്. പിന്നെന്തിനാണ് നമ്മുടെ വര്‍ണ്ണഘടനയ്ക്ക് അത്ര രുചിക്കാത്ത ഈ ജാസ്തിയെ കൊണ്ടു കുടിയിരുത്തിയത്? ഭാഷയിലെ വളര്‍ച്ചയുടെ വളവുകള്‍, തിരഞ്ഞെടുപ്പിന്റെ യുക്തികള്‍ അതെത്ര വിചിത്രമാണ്!

   ReplyDelete
  14. വാക്ക്-9
   കീശ: ആണിനു മാത്രം അവകാശപ്പെട്ട വസ്ത്രവിശേഷം. പോക്കറ്റ് എന്ന ഷര്‍ടിന്റെയും കാല്‍സറായിയുടെയും അധോലോകത്തിന് മലയാളി കണ്ടെത്തിയ നാട്ടുപേര്. നാം ഈ വാക്ക് കീശയിലാക്കിയത് സിറിയനില്‍ നിന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മടിശ്ശീലയില്‍ നിന്ന് മാറി കാശൂ കീശയിലാക്കിയ മലയാളി വൈകാതെ ഷര്‍ട്ടില്‍ പോക്കറ്റടിച്ചു തുടങ്ങി. പക്ഷേ പോക്കറ്റടിക്കാരന്‍ ഒരിക്കലും കീശതപ്പി ആയിട്ടില്ലെന്നു തോന്നുന്നു. ആശയും ദോശയും കാശും മീശയുമായി കീശ നാടന്‍ പാട്ടില്‍ മാത്രമായി ഇന്നും നിലനില്‍ക്കുന്നു. കീശയുടെ മറ്റൊരു രൂപമായ 'കീസ്' ആകട്ടെ അമ്പത് പൈസയുടെ പ്ലാസ്റ്റിക്ക് കവറായി പരിസ്ഥിതിക്ക് ഭീഷണിയായി ഇന്നും ഭാഷയില്‍ എമ്പാടും വിലസുന്നു.

   ReplyDelete
  15. nalla rasam vaayikkaan, maashE. pakshe ee orO vaakkum OrO post aayi ittooTE?
   -S-

   ReplyDelete
  16. nice one , interesting information thanks santhosh

   ReplyDelete
  17. നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക