അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Tuesday, 28 April 2009

  ഭാഷാസൂത്രണത്തിന്റെ മേഖലകള്‍

  ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  ദേശീയസ്വത്വനിര്‍മ്മിതിയുടെ ആണിക്കല്ലായിരുന്നു ഭാഷാനയരൂപീകരണം. ഒരൊറ്റ രാഷ്ട്രം, ഒരൊറ്റജനത എന്ന മുദ്രാവാക്യത്തിന് ആധാരമായി ഒരൊറ്റഭാഷ എന്ന വികാരമാണ് മിക്കവാറും പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ദേശരാഷ്ട്രങ്ങളില്‍ ആധുനിക സ്റേറ്റിന്റെ ആവിര്‍ഭാവത്തിനുള്ള മുന്നുപാധിയായി ഭാഷാസൂത്രണം കടന്നുവന്നത് ഇങ്ങനെയാണ്. കേവലം ഘടനാപരമായ ആസൂത്രണം എന്ന ഹോഗന്റെ നിര്‍വചനത്തില്‍ നിന്ന് റോബര്‍ട്ട്.എല്‍. കൂപ്പറിന്റെ നിര്‍വചനത്തിലേക്ക് എത്തുമ്പോഴേക്കും ഭാഷാസൂത്രണം എന്ന സങ്കല്പം ഈ രീതിയില്‍ വിപുലപ്പെടുന്നതായി കാണാം.(1989) മുമ്പുണ്ടായിരുന്ന പന്ത്രണ്ടു നിര്‍വചനങ്ങളെ ഇഴകീറി പരിശോധിച്ചാണ് കൂപ്പര്‍ തന്റെ നിര്‍വചനത്തിലെത്തുന്നത്. ആര് ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ത് പ്ളാന്‍ ചെയ്യുന്നു എന്ന പ്രധാനമായ ചോദ്യം അദ്ദേഹം ചോദിക്കുന്നു. ഭാഷാസൂത്രണം ഭരണകൂടത്തിന്റെ ഭാഷയ്ക്കു മേലുള്ള ഇടപെടല്‍ എന്ന നിലയില്‍ എപ്പോഴും പുരോഗമനപരമോ വികാസോന്മുഖമോ ആകണമെന്നില്ല എന്ന് ആദ്യമായി പറഞ്ഞുവെച്ചത് കൂപ്പറാണ്. ഭാഷാപരമായ പ്രശ്നങ്ങളെ അത് പരിഹരിക്കണമെന്നുമില്ല പരിണാമവാദത്തില്‍ നിന്ന് ഉടലെടുത്ത ആധുനികതയടെ യുക്തികളെ അങ്ങനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. . ബഹുഭാഷാസമൂഹങ്ങളിലേക്ക് ഭാഷാസൂത്രണചിന്തകള്‍ വികസിച്ചതിന്റെ ഫലമാണിത്. ഭാഷാസൂത്രണം ഭരണവര്‍ഗത്തിന്റെ കയ്യില്‍ ഇതര സമൂഹങ്ങള്‍ക്കും ഭാഷകള്‍ക്കും മീതെ ആധിപത്യത്തിത്തിനുള്ള മറ്റൊരു ആയുധമായി മാറുന്നത് ഇക്കാലത്താണ്. ഭാഷാസൂത്രണസംരംഭങ്ങളെ അത് രൂപപ്പെട്ട സാമൂഹ്യരാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശകലനം ചെയ്തുകൂടാ എന്ന് കൂപ്പര്‍ പറയുന്നത് അതുകൊണ്ടാണ്. ബഹുഭാഷാപ്രദേശത്തെ മുന്‍ നിര്‍ത്തി ലാംഗ്വേജ് ഇക്കോളജി എന്ന സംജ്ഞ 70-കളില്‍ തന്നെ ഹോഗന്‍ നല്‍കിയിട്ടുണ്ട് . അന്തര്‍ദേശീയതയുടെയും ആഗോളവല്‍ക്കരണ ത്തിന്റെയും കാലത്ത് ദേശീയഭാഷാനയത്തിന്റെ പ്രസക്തി എന്താണ് എന്ന പുതിയ ചോദ്യം ഇന്നത്തെ ഭാഷാസൂത്രകന് നേരിടുന്നുണ്ട്.ഭാഷാസൂത്രണത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളെ തരം തിരിച്ചു മനസ്സിലാക്കാന്‍ കൂപ്പറാണ് ഭാഷാസൂത്രണത്തിന് മൂന്ന് വിഭാഗങ്ങള്‍ കല്‍പ്പിച്ചത്. ഘടനാപരമായ ആസൂത്രണം, (Corpus Planning) പദവിപരമായ ആസൂത്രണം, (Status planning ) സമാര്‍ജ്ജനപരമായ ആസൂത്രണം (Acquisition planning) എന്നിവയാണവ. ഓരോന്നും എന്താണെന്നു പരിശോധിക്കാം.
  ഘടനാപരമായ ആസൂത്രണം, (Corpus Planning)
  ഒരു ഭാഷയുടെ ഘടനാപരമായ സംവിധാനത്തെ സ്വാധീനിക്കുന്ന ആസൂത്രണം.. ഭാഷയുടെ വിപുലനം, മാനകീകരണം, ആധുനികീകരണം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, നിഘണ്ടു നിര്‍മ്മാണം, വ്യാകരണരചന, ലിപി, അക്ഷരമാല, ഉച്ചാരണപാഠം എന്നിവയില്‍ നടത്തുന്ന പരിഷ്കാരങ്ങളും ഏകീകരണശ്രമങ്ങളും തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ ഘടനാപരമായ ആസൂത്രണത്തിന്റെ ഭാഗമായി വരും.പുതിയ പദാവലികള്,സ്വനിമങ്ങള്,ലേഖിമങ്ങള്, സാങ്കേതികപദകോശം,വാക്യപ്രയോഗങ്ങള് വ്യാകരണനിയമങ്ങള് എന്നിവ വികസിപ്പിക്കലും കോര്‍പ്പസ് പ്ളാനിങ്ങിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളാണ്. ജീവിതത്തിലെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാഷയെ ഒരുക്കിനിര്‍ത്തുക എന്നതാണ് ഈ പ്രവര്ത്തനങ്ങളുടെ ലക്ഷ്യം.ഒരു ഭാഷണ സമൂഹത്തിനു നിശ്ചിത ഭാഷയില് ഭാഷാശേഷി കുറയുന്നതു ഭാഷാമരണത്തിന്റെ ആദ്യ പടിയായാണ് ഭാഷാശാസത്രം കാണുന്നത്. ഇതിനെതിരായ ആരോഗ്യപ്രവര്‍ത്തനമാണ് കോര്‍പ്പസ്സ് പ്ളാനിങ്ങ്. ഭാഷയെ നിരന്തരം പുതുക്കി ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താനുള്ള പ്രവര്‍ത്തനമാണത്
  പദവിപരമായ ആസൂത്രണം, (Status planning )
  ഒരു സമൂഹത്തില്‍ ഒരു ഭാഷയുടെ ധര്‍മ്മം നിര്‍വ്വചിക്കുകയാണ് സ്റാറ്റസ് പ്ളാനിങ്ങിലൂടെ ചെയ്യുന്നത്.
  ഭാഷയില്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് പദവിപരമായ ഭാഷാസൂത്രണം. ഏതെങ്കിലും ഭാഷയ്ക്കോ ഭാഷാഭേദങ്ങള്‍ക്കോ ഔദ്യോഗിക ഭാഷാപദവിയോ ദേശീയഭാഷാപദവിയോ നല്‍കല്‍, ചില പ്രത്യേക ഭാഷകള്‍ക്ക് പ്രത്യേക ഭരണഘടനാപരമായ പദവി നല്‍കല്‍, ന്യൂനപക്ഷ പദവി നല്‍കല്‍, ഷെഡ്യൂള്‍ഡ് ഭാഷകളായി അവരോധിക്കല്‍ തുടങ്ങി ഭരണതലത്തില്‍ എടുക്കുന്ന രാഷ്ട്രീയതിരുമാനങ്ങളും നടപടികളുമാണ് ഇതില്‍ വരിക.
  സമാര്‍ജ്ജനപരമായ ആസൂത്രണം (Acquisition planning)
  ഭാഷയുടെ പഠനത്തിലും ബോധനത്തിലും ബോധപൂര്‍വ്വവും ആസൂത്രിതവുമായ ഇടപെടല്‍ നടത്തുക. സ്കൂള്‍ കരിക്കുലത്തില്‍ ഏതു ഭാഷകള്‍ ഏത് ഘടടം തൊട്ട് എത്ര വരെ പഠിപ്പിക്കണം, അധ്യയനമാധ്യമം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിലെ നയരൂപീകരണം, സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍, സന്നദ്ധസംഘങ്ങള്‍, വിദ്യാഭ്യാസ ഏജന്‍സികള്‍ തുടങ്ങിയവക്കൊക്കെ ഈ മേഖലയില്‍ റോളുകളുണ്ട്.
  ഈ പറയുന്ന എല്ലാ ആസൂത്രണങ്ങളുടെയും അടിസ്ഥാനം സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെടുത്തുന്ന ഭാഷാനയം (Language Policy)ആണ്. ഇത്തരം ഒരു ഭാഷാനയം രൂപികരിച്ചിട്ടില്ലാത്ത പ്രദേശത്തോ ? നിലനില്‍ക്കുന്ന കീഴ്വ്ഴക്കങ്ങളെ അവിടത്തെ അപ്രഖ്യാപിത നയമായി പരിഗണിക്കണമെന്നാണു വ്യവസ്ഥ.
  നിലനില്‍ക്കുന്ന ഭാഷകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാഷാനിര്‍വ്വഹണത്തിന്റെ പരിധിയില്‍ വരും. ഭാഷയുടെ സ്വാഭാവികവികാസത്തിന് തടസ്സം ഉണ്ടാക്കാത്ത തരത്തില്‍ സാങ്കേതികപദങ്ങളുടെ ആലേഖനം, ശേഖരണം, പ്രചാരണം തുടങ്ങിയവയാണ് ഭാഷാനിര്‍വഹണത്തിലെ പ്രധാന സംഗതികള്‍.
  എന്നാല്‍ ഭാഷാസൂത്രണം ഭാഷയുടെ ഘടനയിലും സംവിധാനത്തിലും നേരിട്ട്ഇടപെടുന്ന പ്രവര്‍ത്തനമാണ്. ഭാഷയുടെ സ്വാഭാവികവികാസത്തിന്റെ ഗതിതിരിച്ചുവിടുകയും ഭാഷയുടെ ഇല്ലായ്മകളെ പൂരിപ്പിക്കുകയും പുതിയ സാങ്കേതികപദങ്ങളെ നിര്‍മ്മിക്കുകയും അങ്ങനെ ഭാഷയുടെ ശരിയായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണത്.
  ഭാഷാനയവും ഭാഷാസുത്രണവും തമ്മിലുള്ള ബന്ധത്തെ അടുത്ത ഘട്ടത്തില്‍ പരിശോധിക്കാം.
  http://sngscollege.info
  http://vijnanacintamani.org

  വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?

  വാക്കുതര്‍ക്കം
  പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  'ഈ 'പാവംപൊയ്ക്കോട്ടേ എന്ന മട്ടില്‍ വ്യവഹാരങ്ങളുടെ പാതയോരം പററി പതൂങ്ങി നടക്കുന്ന ചില വാക്കുകളുണ്ടല്ലോ. 'വാക്കേ വാക്കേ കൂടെവിടെ 'എന്ന ഗോവിന്ദന്റെ ചോദ്യവുമായി സ്കൂള്‍ കുട്ടികളുടെ കൌതുകത്തോടെ ഓരോ മടയിലും കയ്യിട്ട് പിടിച്ച് അവയെ വിടര്‍ത്തി നോക്കിയാലോ. ഭാഷയിലെ മാറുന്ന അര്‍ത്ഥങ്ങള്‍ ആഭിമുഖ്യങ്ങള്‍, വിചാരശീലങ്ങള്‍ അങ്ങിനെ നമ്മുടെ നടപ്പു വഴികളെക്കുറിച്ചു തന്നെ ചില തിരിച്ചറിവുകളുണ്ടായാലോ ഈ അന്വേഷണത്തിനുള്ള ഒരു പംക്തി -വാക്കുതര്‍ക്കം- ഈ ബ്ളോഗിന്റെ വലത്ത് ഉച്ചമൂലയില്‍ ഇരിപ്പുറപ്പിക്കുന്നു.പങ്കാളിത്തം ഉണ്ടാകുമല്ലോ നിങ്ങളുടെ ഓരോ വാക്കുതര്‍ക്കത്തിനുള്ള പ്രതികരണങ്ങളും തര്‍ക്കുത്തരങ്ങളും ഈ പോസ്റിനു താഴെ വന്നുവീഴാനുള്ള ഏര്‍പ്പാടുമുണ്ട് .
  http://sngscollege.info
  http://vijnanacintamani.org

  Tuesday, 21 April 2009

  ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങളെ പറ്റി തന്നെ!!!

  ബിരുദതലപാഠ്യപദ്ധതി പുനസംഘടനയമയി ബന്ധപ്പെട്ട് നേരത്തേ അവതരിപ്പിച്ച ആമുഖ നിരീക്ഷണങങളുടെ തുടര്‍ച്ച ആണിത് ആ നിരീക്ഷണം ഉയര്‍ത്തി വിട്ട ചോദ്യങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നു.
  http://hksanthosh.blogspot.com/2009/04/blog-post_10.html
  ഈ ചര്‍ച്ചയില്‍ മനോജും മഹേഷും ഞാന്‍ തന്നെയും ഉന്നയിച്ച പ്രശ്നങ്ങളില്‍ എന്റെ ചില തോന്നലുകള്‍ കൂടി പറയട്ടെ. ഇന്റ്യയെ പോലുള്ള തരം ഫെഡറല്‍ ഘടനയുള്ള ജനാധിപത്യരാഷ്ട്രങ്ങളില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ഭാഷയെ സംബന്ധിച്ചുമുള്ള ഏത് തരം ആസൂത്രണങ്ങളും നടത്തിപ്പും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കോര്‍പ്പറേറ്റ് മാനേജ്മെന്റുകളും സ്വയംഭരണകോളേജുകളും സ്വാശ്രയസര്‍വകലാശാലകളും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാത്ത അക്കാദമിക്സംഘങ്ങളും ട്രസ്റുകളും അല്ല. ഈ മേഖലയെ നിയന്ത്രിക്കേണ്ടത്. വിവിധ ഭരണനിര്‍വ്വഹണ വകുപ്പുകളും ഭരണകൂടം നോമിനേറ്റ് ചെയ്യുന്ന അക്കാദമികളും കൌണ്‍സിലുകളും ഇന്‍സ്റിറ്റ്യൂട്ടുകളും എന്നതുപോലെ കേരളത്തിന്റെ സാഹചര്യത്തില്‍ ഭരണകൂടനോമിനികളായ സിണ്ടിക്കേറ്റുകളും ബോര്‍ഡ് ഓഫ് സ്റഡീസുകളും ഒക്കെ നിയന്ത്രിക്കുന്ന സര്‍വകലാശാലകളും ഈ മേഖലകളിലെ ഭരണകൂട പ്രവര്‍ത്തനങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. സെനറ്റുകള്‍(പുതിയ സര്‍വകലാശാലകളില്‍ ഈ ഏര്‍പ്പാടേ ഇല്ല) അക്കാദമിക്ക് കൌണ്‍സിലുകള്‍, ഫാക്കല്‍ട്ടികള്‍ തുടങ്ങിയവക്ക് ഈ മേഖലയില്‍ കാര്യമായ ജോലിയൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഏതെങ്കിലും ഒരു ബോഡി ജനാധിപത്യപരമെന്നോ മറ്റൊരു ബോഡി ജനാധിപത്യവിരുദ്ധമെന്നോ പറയാനാവില്ല. ബോഡികളിലല്ല അവരുടെ പ്രവര്‍ത്തനശൈലികളിലാണ് ജനാധിപത്യവും ജനാധിപത്യവിരുദ്ധതയുമുണ്ടാവുന്നത്.
  കേരളത്തില്‍ നിലവിലിരുന്ന കോഴ്സുകളും അതിന്റെ സിലബസ്സും രൂപകല്പനചെയ്ത യൂണിവേഴ്സിററി/ ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ അതതു ബോഡികളിലൊഴികെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ചെയ്തതായി കേട്ടിട്ടില്ല.. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് കാലടി സര്‍വ്വകലാശാലയില്‍ അദ്ധ്യാപക ശില്പശാലയില്‍ വെച്ച് കോഴ്സുകളും സിലബസ്സും പുനസംഘടിപ്പിച്ച ഒരു അനുഭവം ഒഴികെ. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലാ കോളേജ് അദ്ധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുളള ശില്പശാലകളിലൂടെ സിലബസ്സ് രൂപീകരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ തിരുമാനം കൂടുതല്‍ ജനാധിപത്യപരമാണ് എന്നു തന്നെ പറയാം. അതില്‍ ഏതെങ്കിലും സംഘടനയില്‍പെട്ടവരെ മാത്രമാണ് ക്ഷണിച്ചത് എന്ന ആരോപണം എന്തായാലും അവാസ്തവമാണെന്നാണ് എന്റെ അനുഭവം. എന്നാല്‍ ഈ ശില്പശാലകളില്‍ മുന്നോട്ടുവെച്ച പ്രാരംഭനിര്‍ദ്ദേശങ്ങളും അജണ്ടയുമാണ് പ്രശ്നമായത്. മിക്ക ശില്പശാലകളും ആദ്യന്തം ബഹളമയമായത് അതിനാലാണ്.
  ഇക്കാര്യത്തിലേക്കു വരുന്നതിനു മുമ്പ് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ എന്ന ഏര്‍പ്പാട് എന്തിനാണ് എന്നചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നതുപോലെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍നിലനില്‍ക്കുന്ന സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടയും അക്കാദമിക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാറിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു അക്കാദമിക്ക് ഉപദേശകസമിതിയായി നിലകൊള്ളുന്നത് സ്വാഗതാര്‍ഹം തന്നെ. ഇതിലെ അംഗങ്ങളുടെ അക്കാദമികയോഗ്യതെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതും അനാവശ്യമാണ്. കാരണം ഒരു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഇത്തരം ബോഡികളില്‍ അംഗങ്ങളായവരെ ക്കുറിച്ച് നാം അങ്ങനെ അന്വേഷിക്കുന്ന പതിവില്ല. സ്വാഭാവികമായും മഹേഷ് പറയുന്നതുപോലെ രാഷ്ട്രീയപരിഗണനകള്‍ ഇക്കാര്യത്തില്‍ കടന്നുവരാറുമുണ്ട്. അവരുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലിയും പരിപാടികളുമാണ് വിലയിരുത്തേണ്ടത്.
  ക്ളസ്റര്‍ കോളേജ് എന്ന സങ്കല്പത്തിനു ശേഷം കൌണ്‍സില്‍ ബിരുദവിദ്യാഭ്യാസത്തിന്റെ പുനസംഘാടനതതിലാണ് കൈവെയ്ക്കുന്നത്. വര്‍ഷങ്ങളായി വിവിധയൂണിവേഴ്സിറ്റികള്‍ അവരുടെ കോഴ്സുകളും സിലബസസും പരിഷകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അത്തരം പരിഷ്കാരങ്ങളൊക്കെ കേവലം ഉളളടക്കപരമയിരുന്നു എന്നും ഘടനാപരമായ പരിഷ്കാരമാണ് തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നുമാണ് കൌണ്‍സില്‍ നിലപാട്. ഇത് അതിരു കവിഞ്ഞ അവകാശവാദമാണ് എന്നാണ് എന്റെ പക്ഷം. കാരണം വിളനിലത്തിന്റെ കാലം തൊട്ട് ഇത്തരം പരിഷ്കാരങ്ങള്‍ നടന്നുവരുന്നുണ്ട് പ്രത്യേകിച്ച്ബിരുദാനന്തര തലത്തില്‍ .ഈ പരിഷ്കാരങ്ങള്‍ക്കൊടുവില്‍ നോണ്‍ സെമസ്റര്‍,സെമസ്റര്‍, ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റര്‍ എന്ന മൂന്നു തരം ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഒരേ സമയം നടത്തുന്ന ഏര്‍പ്പാടിലേക്ക് സംഗതി എത്തി ഈ പരിഷ്കാരങ്ങളും അനുബന്ധ സിലബസ്സുകളും പൊതു സമവായത്തിലൂടെ രൂപപ്പെടുത്തിയതല്ല. അവയില്‍ പലതിന്റെയും നില പ്രത്യേകിച്ച് ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റര്‍ സിലബസ്സിന്റെ അത്യന്തം പരിതാപകരമാണ് താനും. ഈ മേഖലയില്‍ ചില ഏകീകരണങ്ങള്‍ സാദ്ധ്യമാക്കുക എന്നതായിരുന്നു കൌണ്‍സിലിന്റെ രണ്ടാമത്തെ ലക്ഷ്യം എന്നു വേണം വിചാരിക്കാന്‍. എങ്കില്‍ ഈ രണ്ടു ലക്ഷ്യങ്ങളും പുതിയ പുനസംഘാടനത്തിന്റെ നാള്‍ വഴികളില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണെന്റെ വിലയിരുത്തല്‍. പത്ത് കോമണ്‍ കോഴ്സുകള്‍ പതിനാറുവരെയായത്, അതിന്റെ എണ്ണം ഓരോ കോഴ്സിനും വേറെ വേറെ ആകാമെന്നായത്, അതാര്‍ക്കും പഠിപ്പിക്കാമെന്നായത്. വര്‍ക്ക്ലോഡും ഇന്നത്തെ പാറ്റേണും നിലനിര്‍ത്തുന്നതിനുവേണ്ടി ആദ്യ ആറെണ്ണം നിര്‍ബന്ധമായും ഇംഗ്ളീഷുകാര്‍, പിന്നെ നാലെണ്ണം സെക്കന്റ് ലാംഗ്വേജുകാര്‍ വേറെ വേറെ എന്ന് പഴയ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് സംവിധാനങ്ങള്‍ തിരിച്ചു വന്നത്, നിശ്ചയിക്കപ്പെട്ട കോമണ്‍ പേപ്പറുകളുടെ ടൈറ്റിലുകള്‍ നിലനിര്‍ത്തിയാല്‍ മതി താഴെ എന്തു സിലബസ്സുമാകാം എന്നായത്, ഇപ്പോഴിതാ പേപ്പര്‍ തന്നെ മാററാം എന്നു വന്നിരിക്കുന്നത് ഇങ്ങനെ ആകപ്പാടെ നോക്കുമ്പോള്‍ ഇതിലെന്തു കോമണ്‍ എന്തു കാതലായ ഘടനാമാറ്റം എന്നു ചോദിക്കേണ്ടി വരുന്നു.
  അപ്പോള്‍ പിന്നെ ഈ പരിഷ്കരണങ്ങളെ നയിക്കുന്ന യുക്തിയെന്താണ് എന്ന ചോദ്യം ഉയരുന്നു. കേവലം പരിഷ്കരണങ്ങള്‍ക്കു വേണ്ടിയുള്ള പരിഷ്കരണങ്ങള്‍ എന്ന പരിഷ്കരണജ്വരമാണോ കണ്ടുപിടിക്കുക, പിടിച്ചടക്കുക, പരിഷ്കരിക്കുക എന്ന കൊളോണിയല്‍ യുക്തിയാണോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്? അതോ കൌണ്‍സിലിന്റെ ആദ്യ നയരേഖയില്‍ പറയുന്നതു പോലെ ‘ആഗോളവല്‍ക്കരണത്തിന്റെ മല്‍സരാധിഷ്ഠിത കമ്പോളത്തിന് ആവശ്യമായ വിജ്ഞാനത്തൊഴിലാളിയെ നിര്‍മ്മിക്കുന്ന’ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ ഉപകരണയുക്തികളാണോ? മൂല്യവിദ്യാഭ്യാസം എന്നത് എടുക്കാചരക്കയോ എന്നുള്ള തരം വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നത് ഈ അവ്യക്തതയിലാണ്. എന്തായാലും പുറമേക്ക് അവകാശപ്പെടുന്ന തരം വിപ്ളവാത്മകമായ മാറ്റം ക്രെഡിറ്റ് ആന്റ് സെമസറ്റര്‍, ഗ്രേഡിങ്ങ്, സീറോ സെമസ്റര്‍, കോമണ്‍, കോര്‍, കോംപ്ളിമന്ററി, ഓപ്പണ്‍ കോഴ്സുകള്‍ തുടങ്ങിയ ഏര്‍പ്പാടുകളുടെ ആകത്തുകയായ പുതിയ പരിഷ്കാരതതിലില്ല. അതേതെങ്കിലും തരത്തില്‍ സ്കൂള്‍ പാഠ്യപദ്ധതി പരിഷകരണത്തിന്റെ തുടര്‍ച്ചയാകുന്നുമില്ല. (പലരും പരിഷ്കരണത്തിന്റെ അടിസ്ഥാനമായി പറയുന്ന കാരണം അതാണ്) പതിമൂന്നാം ക്ളാസ്സാവണം ഡിഗ്രി ക്ളാസ്സ് എന്ന വാദം തന്നെ അശാസ്ത്രീയമാണ്.
  ഈ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ നിലവിലുള്ള സമ്പ്രദായത്തിന്റെ അശാസ്തീയതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം വച്ചും ഇത്തരം പരിഷ്കരണങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഈ പരിഷ്കാരത്തില്‍ ഞാന്‍ കാണുന്ന കേവലയുകതി അതു മാത്രമാണ്.ഇവിടെയാണ് പുതിയ പരിഷ്കാരത്തോടുള്ള എന്റെ കടുത്ത രണ്ടുവിയോജിപ്പുകളുള്ളത്ഒന്ന് നിലനില്‍ക്കുന്ന സമ്പ്രദായത്തെ വിമര്‍ശാത്കമയി വിലയിരുത്തുന്ന ഒരു പ്രവര്‍ത്തനവും കൌണ്‍സില്‍ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍, കമ്മീഷനുകള്‍, രേഖകള്‍, വസ്തുതാശേഖരണം അങ്ങനെയൊന്നും നടന്നതായി അറിവില്ല. നിലനില്‍ക്കുന്ന സമ്പ്രദായം കുറ്റമററതല്ല,ഏറെ കുഴപ്പം പിടിച്ചതും അശാസത്രീയവുമാണ് എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ പ്രശ്നരഹിതമായ ഒരു പുതിയവ്യവസ്ഥയാണ് ലക്ഷ്യമെങ്കില്‍ നിലവിലെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തണ്ടേ അതുണ്ടായില്ല.ഇനി രണ്ടാമത് പുതിയ പരിഷ്കാരങ്ങള്‍ പഴയകുഴപ്പങ്ങളെ പരിഹരിക്കേണ്ടതല്ലേ അതുമുണ്ടായില്ല..
  കോമണ്‍ കോഴ്സുകളുടെ കാര്യമെടുക്കാം. തികഞ്ഞ അവ്യവസ്ഥിതിയാണ് ഇക്കാര്യത്തില്‍ നിലനിന്നിരുന്നത് ഇംഗ്ളീഷ് നിരബന്ധമായും ഒരു ഭാഷ തിരഞ്ഞെടുതതും രണ്ടുവര്‍ഷം മൂന്നു പേപ്പര്‍ വീതം പഠിയ്ക്കാനുളള ഒരു സ്ട്രീം, ഒരു വര്‍ഷം ഒരുപേപ്പര്‍ പഠിയ്ക്കാനുള്ള ബികോം സ്ട്രീം ഇതേ മാതൃകയിലുള്ള എന്നാല്‍ സിലബസ് വ്യത്യസ്തമായ നോണ്‍കണ്‍വെന്‍ഷണല്‍ സ്ട്രീം, ഒരുവര്‍ഷവും ഒന്നും പഠിയ്ക്കേണ്ടാത്ത പ്രൊഫഷണല്‍ കോഴ്സുകളുടേതായ മറ്റൊരു സ്ട്രീം ഇങ്ങനെയായിരുന്നു അവസ്ഥ. പുനസംഘടന ഇന്നെത്തിനില്‍ക്കുന്നത് അതേ അവസ്ഥയിലാണ്.ഒരു വ്യത്യാസം മാത്രം ബിബിഎയ്ക്ക് കോമണ്‍കോഴ്സുകള്‍ എന്ന വിളപ്പേരില്‍ ചില പ്രത്യേക വിഷയങ്ങള്‍ കോമേഴ്സുകാര്‍ തന്നെ കൈകാര്യം ചെയ്യുമെന്നു മാത്രം.അതെന്തു വ്യത്യാസം?!!!അതെ,.കോമണ്‍കോഴ്സുകളെ പഴയതൊഴുത്തില്‍ തന്നെ കെട്ടിയിട്ടു. പക്ഷേ തിന്നാനിട്ട പുല്ലു മാറി എന്നു മാത്രം. ഘടനാപരമായ മാറ്റം എന്നു കൊട്ടിഘോഷിച്ച പരിഷ്കരണം വെറും ഉളളടകകരമയി കലാശിച്ചു. ഇവിടെയാണ് ഭാഷാസാഹിത്യങ്ങളെ ഒഴിവാക്കി ചില പൊതു വിഷയങ്ങള്‍ രംഗപ്രവേശം ചെയ്തത്. അതിന്റെ യുക്തി എന്താണ്?
  കോമണ്‍ കോഴ്സുകളില്‍ പൊതുവായ വിഷയങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ തന്നെ കോഴ്സുകളും സിലബസ്സും നിര്‍ദ്ദേശിച്ചിരുന്നുഅത് മാതൃകാരൂപം മാത്രമാണെന്നും എല്ലാം ബോര്‍ഡ് ഓഫ് സ്ററഡീസുകള്‍ക്ക് മാറ്റി നിശ്ചയിക്കാം എന്നുമാണ് ഇപ്പോള്‍ കൌണ്‍സില്‍ പറയുന്നത്. അതതു ബോര്‍ഡുകളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്ന നിലപാടാണ് മെമ്പര്‍ സെക്രട്ടറിയുടേത്. എന്നാല്‍ വസ്തുത ഇതല്ല. കോമണ്‍ കോഴ്സുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശമുണ്ടായിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. കാരണം കോഴിക്കോട് സര്‍വകലാശാലയില്‍ ആദ്യം നടന്ന ഇംഗ്ളീഷ് ശില്പശാലയില്‍ കോമണ്‍ കോഴ്സുകളടെ പേപ്പറുകളോ സിലബസ്സോ പരിഗണനയ്ക്കു വന്നുപോലുമില്ല.അതെല്ലാം തയ്യാറായിരിക്കുന്നു എന്നാണ് അറിയിച്ചത്. ഇത് കമ്മ്യുണിക്കഷന്‍ ഗ്യാപ്പിന്റെ പ്രശ്നമൊന്നുമായിരുന്നില്ല. അതിന് ഏറ്റവും വലിയ തെളിവ് ഇംഗ്ളീഷ് മെയിന്‍ പഠിപ്പിക്കുന്ന കോളേജിലെ അദ്ധ്യാപകരെ മാത്രമാണ് ശില്പശാലയ്ക്കു ക്ഷണിച്ചത് എന്നതാണ്. കോമണ്‍കോഴ്സിലെ ആദ്യ ആറ് കോഴ്സുകള്‍ ഇംഗ്ളീഷുകാരന്റെ കാര്യമല്ല എന്നര്‍ത്ഥം. ഈ ശില്പശാലയില്‍ പങ്കെടുത്ത ഒരദ്ധ്യാപകന്‍ പ്രതികരിച്ചത് ഇംഗ്ളീഷ് മെയിന്‍ പഠിപ്പിക്കാത്ത ഇംഗ്ളീഷ് അദ്ധ്യാപകരൊക്കെ ഇനി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റുകാരായി മാറും എന്നാണ്. സംസ്കൃതത്തില്‍ ഇപ്പോള്‍ അങ്ങനെ ഒരേര്‍പ്പാടുണ്ട്.എന്നാല്‍ മറ്റ് ഭാഷകളില്‍ ശില്പശാല നടക്കുമ്പോഴേക്കും അവസാന നാലു പേപ്പറുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട കോഴ്സുകളില്‍ സിലബസ്സുണ്ടാക്കാന്‍ അനുവദിക്കപ്പട്ടു. കോമേഴ്സ് ശില്പശാലയില്‍ ബി.ബിഎയ്ക്ക് കോമേഴ്സുകാര്‍ തന്നെ കോമണ്‍ കോഴ്സുകള്‍ പഠിപ്പിക്കാമെന്നും തിരഞ്ഞെടുത്ത വിഷയങ്ങള്‍ മതി പത്തെണ്ണം വേണ്ടാ എന്നായി. പുതിയ കോമണ്‍ കോഴ്സുകള്‍ നിര്‍ദ്ദേശിക്കാമെന്നുമായി. കോമണ്‍ കോഴ്സ് പത്തില്‍ നിന്ന് പതിനാറായി. ഈ ബോര്‍ഡ് ഓഫ് സ്റഡീസുകള്‍ മുഴുവന്‍ ഒരേ പോലെ തെറ്റിദ്ധരിക്കാന്‍ ഇടയില്ലല്ലോ.
  ഇനി മറ്റൊരുകാര്യം ചില പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നോ അത് ബോര്‍ഡുകളുടെ അധികാരത്തില്‍ കൈകടത്തലല്ലേ എന്നതാണ്. നല്‍കേണ്ടതാണ് എന്നു തന്നെയാണ് എന്റെ പക്ഷം. ഇല്ലെങ്കില്‍ പാര്‍ട്ട്1, പാര്‍ട്ട്2 ആയാലും കോമണായാലും ഏതാണ്ട് എല്ലാ വിഷയങ്ങളിലും ഈ പരിപാടി തന്നെ വേണ്ടാ മെയിന്‍ മാത്രം മതി എന്നു തിരുമാനിക്കുമായിരുന്നു.. മിക്ക വിഷയങ്ങളുടെയും ചര്‍ച്ചകളില്‍ ഭാഷകളും പൊതു വിഷയങ്ങളും പഠിപ്പിക്കണ്ടാ എന്ന പൊതു അഭിപ്രായമാണുണ്ടായത്. കോഴ്സിന്റെ മുഴുവന്‍ ഘടനയും നിശ്ചയിക്കാന്‍ അതതു ബോര്‍ഡുകള്‍ക്ക് ജനാധിപത്യപരമായ അവകാശമുണ്ട് എന്നു വാദിക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നന്ന്.കോമണ്‍ കോഴ്സുകളെ സംബന്ധിച്ചിടത്തോളം ചില പോതു നിര്‍ദ്ദേശങ്ങള്‍ നല്‍കി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കോഴ്സും സിലബസ്സും ഡിസൈന്‍ ചെയ്യുന്നതിനു പകരം അത്തരം ആലോചനകള്‍ക്ക് ഇടം നല്‍കാതെ എല്ലാം നേരത്തെ തയ്യാറാക്കി നല്‍കി എന്നതാണ് കൌണ്‍സിലിനെതിരെയുള്ള പ്രധാന വിമര്‍ശനം. അങ്ങിനെ തയ്യാര്‍ ചെയ്ത സ്കീമില്‍ നിന്ന് ഭാഷാസാഹിത്യ വിഷയങ്ങള്‍ പുറത്താക്കപ്പടുകയും ചെയ്തു എന്നത് മറ്റൊരു പ്രശ്നം. ഈ രണ്ടു വിമര്‍ശനങ്ങളും ശരിയാണ്.. കൌണ്‍സിലിന് പിഴച്ചത് ഇവിടെയാണ്.
  ഒരു അക്കാദമിക് ബോഡി എന്ന നിലയില്‍ കൌണ്‍സലിന് അതിന് അധികാരവും ശേഷിയും ഉണ്ടെന്ന് തന്നെ വെയ്ക്കുക. നിര്‍ദ്ദേശിക്കപ്പെട്ട ഈ പുതിയ കോഴ്സുകളുടെ പ്രസകതി എന്താണ് അതിന്റെ പഠനലക്ഷ്യം എന്താണ് ഈ കോഴ്സുകളും സിലബസ്സും ഡിസൈന്‍ ചെയ്തതാരാണ് അത് ഏത് ശില്പശാലയില്‍, കമ്മിററിയില്‍ രൂപപ്പെട്ടു ഇത്തരം കാര്യങ്ങള്‍ വെളിവാക്കേണ്ടതല്ലേ സ്കൂള്‍ പാഠപുസതകങ്ങള്‍ തയ്യാറാക്കിയ ആളുകളുടെ പേരുകള്‍ അതതു പാഠപുസ്തകങ്ങള്‍ക്കു പിറകില്‍ പ്രിന്റ് ചെയ്യാന്‍ തിരുമാനിച്ച സര്‍ക്കാറാണിത് എന്നോര്‍ക്കണം.
  കോമണ്‍കോഴ്സുകളില്‍ ചിലത് (ഉദാഹരണത്തിന് ഭരണഘടനയും പരിസ്ഥിതി ശാസ്ത്രവും ) ഉള്‍പ്പെടുത്തിയത് ബാഹ്യ ഏജന്‍സികളുടെ നിര്‍ബന്ധ പ്രകാരമാണ് എന്നു വാദിക്കാം ഇതില്‍ പരിസ്ഥിതിശാസ്ത്രത്തിന്റെ സിലബസ്സ് തയ്യാറാക്കിയത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മിറ്റിയായിരുന്നു. സിലബസ്സുകളില്‍ പാര്‍ലിമെന്ററി സമിതികളും കോടതികളും കൈകടത്തുന്നതിനതിരെ ആരും ശബ്ദിച്ചു കണ്ടില്ല.എന്നാല്‍ ഫിലോസഫി ഓഫ് സയന്‍സും ക്രിട്ടിക്കല്‍ റീസണിങ്ങും ഉള്‍പ്പെടുത്തിയത് എന്തിനാണ്? അതു പഠിപ്പിക്കാന്‍ ഇംഗ്ളീഷുകാര്‍ക്കാണ് യോഗ്യത എന്നു നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
  ഇംഗ്ളീഷ് ഭാഷയെ വിനിമയാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന കോഴ്സുകള്‍ തന്നെയാണ് കോമണ്‍ കോഴ്സയി വേണ്ടത് എന്നു തന്നെയാണ് എന്റെ പക്ഷം. എലിസബത്തന്‍ നാടകങ്ങളും വിക്ടോറിയന്‍ ഗദ്യവും കുത്തി നിറച്ച പഴയ സിലബസ്സ് തീര്‍ത്തും അനാവശ്യമാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും സാഹിത്യബാഹ്യമാകണം എന്ന ശാഠ്യം എന്തിനാണ്? ബ്രിട്ടീഷ് സാഹിത്യത്തിനു പകരം സമകാലിക ലോകസാഹിത്യത്തെ ഇംഗ്ളീഷില്‍ പരിചയപ്പെടുന്ന ഒരു കോഴ്സ് കോമണായി നല്‍കുന്നത് അവരുടെ സാഹിത്യ- ഭാഷാഭിരുചികളെ വളര്‍ത്തും എന്നതില്‍ തര്‍ക്കമില്ല .രണ്ടാം ഭാഷയില്‍ സാഹിത്യപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ.കോര്‍കോഴ്സുകള്‍ക്കെന്ന പോലെ കോമണ്‍ കോഴ്സിനും ചില കരിക്കുലം ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടാകണം. എന്റെ കാഴ്ചപ്പാടില്‍ കോമണ്‍കോഴ്സിന്റെയും കോര്‍ കോഴ്സിന്റയും ലക്ഷ്യങ്ങള്‍ രണ്ടാണ് അത് നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രശ്നം. കോമണ്‍ കോഴ്സുകളുടെ ലക്ഷ്യമായി ഞാന്‍ കാണുന്നത് ഇതാണ് അവ ഭാഷാകേന്ദ്രിതമായിരിക്കുകയും അതതു ഭാഷാ സാഹിത്യ സംസ്കാരങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിക്കുകയും വേണം. മാത്രവുമല്ല അവന്‍ ഇടപെടുന്ന ജ്ഞാനമണ്ഡലത്തിലെ (അതാണല്ലോ അവന്റെ കോര്‍ കോഴ്സ്) മേഖലകളെ ഇംഗ്ളീഷിലും അവന്റെ ഭാഷയിലും ആവിഷ്കരിക്കാനും അവലോകനം ചെയ്യാനുമുള്ള കഴിവ് നല്‍കണം.കോമണ്‍ കോഴ്സുകളുടെ ലക്ഷ്യമായി ഞാന്‍ കാണുന്നത് ഇതാണ്
  ഈ രണ്ടു ലക്ഷ്യങ്ങളെയും കേന്ദ്രീകരിച്ച കോഴ്സുകളായിരുന്നു വിഭാവനം ചെയ്യേണ്ടത്.പൌരധര്‍മ്മവും പരിസ്ഥിതിയുമൊക്കെ ഉള്ളടക്കപരമായ ശ്രദ്ധകളിലൂടെ ഇതിനകത്തുതന്നെ കൊണ്ടു വരാമായിരുന്നു. പഴയ മോറല്‍ സയന്‍സിന്റെ കോമാളിത്തത്തിലേക്ക് ഇംഗ്ളീഷ് അധ്യാപകരെ തള്ളിവിടേണ്ടിയിരുന്നില്ല.
  ശാസ്ത്രയുക്തികളോടും നവീനസാമൂഹ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വിശകലന പദ്ധതികളോടുമുള്ള അമിത ഭക്തിയാണ് പുതിയ സിലബസ്സില്‍ നിറഞ്ഞിരിക്കുന്നത് എന്നു പറയാതെ വയ്യ.നിലവിലിരുന്ന മലയാളം പാര്‍ട്ട്-1, പാര്‍ട്ട്-2 പേപ്പറുകള്‍ മാതൃകാപരമോ ആ അളവില്‍ സാഹിത്യകേന്ദ്രിതമോ ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. മൂന്നുപേപ്പറുകളില്‍ ഒന്ന് ഏതാണ്ടു മുഴുവന്‍ നോണ്‍ഡീറ്റെയ്ല്‍ഡ് ആയ ഒരു നോവലൊഴിച്ച് സാഹിതയബാഹ്യമായിരുന്നു. മറ്റൊരു പേപ്പറിന്റെ വലിയൊരു ഭാഗം സംസ്കൃത നാടകവും.

  കോമണ്‍കോഴ്സുകള്‍ ഭാഷ,സാഹിത്യം,സംസ്കാരം എന്നിവയ്ക്ക് ഒരുപോലെ ഊന്നല്‍ കൊടുത്ത് രൂപകല്‍പന ചെയ്യണം എന്നതാണ് എന്റെ നിലപാട്. ആ രീതിയില്‍ വിവര്‍ത്തനത്തിനു സ്ഥാനം കൊടുക്കുന്നത് നല്ലതാണ് പണ്ടും അതുണ്ടായിരുന്നു.എന്നാല്‍ അത് പഴയ രീതിയിലോ വിവര്‍ത്തനസിദ്ധാന്തങ്ങളും മുല്യനിര്‍ണ്ണയ പരിപാടിയും ഉള്ളടങ്ങിയ പുതിയ രീതിയിലോ ആകരുത്. സംസ്കാരങ്ങളുടെ വിവര്‍ത്തനം എന്ന രീതിയില്‍ മലയാളസാഹിത്യത്തിലൂന്നിയതും വിദ്യാര്‍ത്ഥിയുടെ പ്രധാനപഠനമേഖലകളിലെ അവന്റെ വിവര്‍ത്തന പരിശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതുമാകണം
  ഭാഷയിലെ പുതിയപ്രവണതകളെ, സംവദനത്തിന്റെ പുതുരീതികളെ, മാറുന്ന ആഭിമുഖ്യങ്ങളെ ഗൌരവമായി പഠിക്കുന്ന തരം സിലബസ്സുകള്‍ തന്നയാണ് ഉണ്ടാവേണ്ടത്. ഭാഷയുടെ വിവിധ മണ്ഡലങ്ങളിലുളള വികാസം അങ്ങനെയേ സാദ്ധ്യമാവൂ. ആഗോളവല്ക്കരണത്തിന്റെ ഭീഷണികളെ അങ്ങനെ ഭാഷയെ നവീകരിച്ചും സ്വയംസജ്ജമാക്കിയും എല്ലുറപ്പോടെയാണ് നേരിടേണ്ടത്.
  പാരമ്പര്യശീലങ്ങളില്‍ ഉറച്ചു നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയല്ല. ഏറ്റവും പുതിയ ജ്ഞാനപദ്ധതികളെ കൂടി കൈകാര്യം ചെയ്യാവുന്ന നിലയിലേക്ക് നമ്മുടെ ഭാഷയെ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലേക്ക് ഓരോ മലയാളിയേയും (മലയാളം മാഷ•ാരെ മാത്രമല്ല) കൊണ്ടെത്തിക്കുന്നതിലെത്തിക്കണം ഈ പരിഷ്കരണവിവാദം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. മൂന്നാം ലോകത്തിന്റെ പ്രധാന കോമണ്‍ പ്രശ്നം ഭാഷയാണെന്നും അതു കൊണ്ട് കോമണകോഴ്സുകള്‍ ഭാഷാകേന്ദ്രിതമാകണമെന്നുമുള്ള തിരിച്ചറിവിലേക്ക് കൌണ്‍സിലിനെയും പൊതുസമൂഹത്തെയും എത്തിക്കുക, കൌണ്‍സില്‍ നിര്‍ദ്ദേശിച്ച കോഴ്സുകളെ പരമാവധി സ്വാതന്ത്യ്രം ഉപയോഗിച്ച് ഈ രീതിയില്‍ പുനസംഘടിപ്പിക്കുക എന്നതാണ് മലയാളമടക്കമുളള ഭാഷാധ്യാപകരുടെ ഇന്നത്തെ കടമ എന്നു ഞാന്‍ കരുതുന്നു.

  http://sngscollege.info
  http://vijnanacintamani.org

  Saturday, 18 April 2009

  ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍

  ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  പല ഭാഷകളിലും ആസൂത്രണവുമായി ബന്ധപ്പെട്ട ചിന്തകളും പ്രവര്‍ത്തനങ്ങളും അതതു ഭാഷകളുടെ വികാസചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ നടന്നു വരുന്നതായി കാണാം. ലീലാതിലകം ഇതിനൊരുത്തമ ദൃഷ്ടാന്തമാണ്. എന്നാല്‍ ഒരു പഠനശാഖയായി ഭാഷാസൂത്രണം വികസിച്ചുവരുന്നത് അടുത്തകാലത്താണ്. ‘Language planning in Modern Norway’ (1959 ല്‍ ആദ്യ എഡീഷന്‍, 1968 ല്‍ രണ്ടാം എഡീഷന്‍) എന്ന പ്രബന്ധത്തില്‍ അമേരിക്കന്‍ നോര്‍വീജിയന്‍ സാമൂഹ്യശാസ്ത്രകാരനായ ഈനര്‍ ഹോഗനാണ് എന്ന പദം ആദ്യമായി ഈ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ നിന്ന് നോര്‍വ്വേ സ്വതന്ത്രമായ ഘട്ടത്തിലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. ലോകഭൂപടത്തില്‍ ദേശരാഷ്ട്രങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരുന്ന സന്ദര്‍ഭമാണിത്. ദേശീയതാബോധത്തിന്റെ വികാസചരിത്രവും ഭാഷാസൂത്രണത്തിന്റെ ചരിത്രവും ലോകത്തെല്ലായിടത്തും ഇഴ പിരിഞ്ഞു കിടക്കുന്നതായി കാണാം. ആധുനികവല്‍ക്കരണത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ 60-കളിലും 70-കളിലും ഭാഷാസൂത്രണം എന്നത് മൂന്നാം ലോകത്തിന്റെ പ്രധാനശ്രദ്ധകളില്‍ ഒന്നായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ പുതുകാലത്ത് ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമാകുന്ന അന്താരാഷ്ട്രസമൂഹങ്ങളുടെ ആവിര്‍ഭാവവും പ്രാദേശികഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും സ്വത്വബോധങ്ങള്‍ക്കും മീതെ നടക്കുന്ന അധിനിവേശങ്ങളും ഭാഷാസൂത്രണത്തിന്റെ ലക്ഷ്യങ്ങളെയും സ്വഭാവങ്ങളെയും മാറ്റിമറച്ചിരിക്കുന്നു. ഭാഷാസൂത്രണത്തിന് വ്യത്യസ്ത കാലങ്ങളിലുണ്ടായിട്ടുള്ള നിര്‍വ്വചനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യകതമാകും.
  ചില നിര്‍വ്വചനങ്ങള്‍ നോക്കുക
  ഹോഗന്‍ നല്‍കിയ രണ്ടു നിര്‍വചനങ്ങള്‍:

  1. ഒരു ഏകഭാഷാപ്രദേശത്ത് ആ ഭാഷണസമൂഹത്തിലെ ഭാഷകന്‍മാര്‍ക്കും ലേഖകന്‍മാര്‍ക്കും വേണ്ടി നിര്‍ദേശാത്മകസ്വഭാവത്തിലുള്ള വ്യാകരണം,നിഘണ്ടു, ഉച്ചാരണ-ലിപി,അക്ഷരമാലകള്‍ എന്നിവ തയ്യാറാക്കുന്ന പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം. (1959)
  2. അക്കാദമികളും വിവിധഭാഷാസമിതികളും നിര്‍ദ്ദേശാത്മകസ്വഭാവത്തില്‍ നടത്തുന്ന ഭാഷാപോഷണത്തിനുവേണ്ടിയുള്ള രൂപപരിഷ്കരണങ്ങള്‍, ഭാഷയുടെ പരിഷ്കരണത്തിനും മാനകീകരണത്തിനും വേണ്ടി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഭാഷാസൂത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. (1969)ഇതില്‍ ആദ്യനിര്‍വ്വചനം ഘടനാപരമയ ആസൂത്രണത്തില്‍ മാത്രം ഊന്നിയതാണ്.കൂടുതല്‍ വിപുലമായ ആശയം രണ്ടാം നിര്‍വചനം ഉള്‍ക്കൊള്ളുന്നു.
  മറ്റ് ചില പ്രധാന നിര്‍വചനങ്ങള്‍:
  3. നിലനില്‍ക്കുന്ന ഭാഷകളെ ക്രമീകരിക്കുകയോ മെച്ചപ്പെടുതതുകയോ പുതിയ പൊതു, പ്രാദേശിക, അന്താരാഷ്ട്ര ഭാഷകളെ സൃഷ്ടിക്കുകയോ ചെയ്യുന്ന രീതിപദ്ധതിയാണ് ഭാഷാസൂത്രണം.
  .(Jaule-1968 Introduction to the theory of Language Planning)
  4. ഭാഷണത്തിലോ ലേഖനത്തിലോ രണ്ടിലുമോ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള സംഘടിത പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം. (Rubin & Jernuad – 1971)
  5. ഭാഷയെ ആധുനികീകരിക്കാന്‍ഔദ്യോഗികതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനം
  6. ഭാഷാനയ രൂപീകരണത്തിന് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന പരിശ്രമങ്ങള്‍.
  7. ഭാഷാപരമായ കുഴപ്പങ്ങളുടെപരിഹാരം ലക്ഷ്യമാക്കി മിക്കവാറും ദേശീയതലത്തില്‍ നടത്തുന്ന സംഘടിത ശ്രമം (Joshua Fishman - Advances in Language Planning -1974)
  8. ഒരു സമൂഹത്തില്‍ ഒരു നിശ്ചിതഭാഷയുടെ ഉപയോഗത്തിന്റെ സ്വഭാവത്തില്‍ മാററംവരുത്താന്‍ വേണ്ടി ഉദ്ദേശ്യലക്ഷ്യങ്ങളും തന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം.
  9. ഭാഷയുടെ സമാര്‍ജജനം,സംഘടന, ധര്‍മ്മനിര്‍വഹണം തൂടങ്ങിയകാര്യങ്ങളില്‍ മറ്റുള്ളവരുടെ പെരുമാറ്റശീലങ്ങളില്‍ മാറ്റം വരുതതാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ആണ് ഭാഷാസൂത്രണം. (Cooper)10. ഒന്നോ അതിലധികമോ സമൂഹങ്ങളില്‍, ഒരു നിശ്ചിതഭാഷയില്‍ നേരത്തേ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാറ്റത്തെ ലക്ഷ്യമാക്കി, അല്ലെങ്കില്‍ നടന്നു കൊണ്ടിരിക്കുന്ന അഭികാമ്യമല്ലാത്ത മാറ്റങ്ങള്‍ക്കു തടയിടുന്നതിന് വേണ്ടി രൂപീകരിക്കുന്ന ആശയസംഹിതകള്‍, നിയമങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ ഉള്ളടങ്ങിയ ഭാഷാനയവും നിയമങ്ങളിലും വിശ്വാസങ്ങളിലും പ്രയോഗങ്ങളിലും വരുത്തുന്ന മാറ്റങ്ങളും ചേര്‍ന്നതാണ് ഭാഷാസൂത്രണം. . (Rubin & Jernuad 1971)
  11. ഭാഷാപരമായ പുതിയ ഉയിര്‍പ്പുകളെ സംവിധാനം ചെയ്യാനുള്ള ചിന്തയാണ് ഭാഷാസൂത്രണം.
  (Karam 1974)
  12. ഭാഷാസൂത്രണം എന്നു പറയുന്നത് ഒരു സമൂഹത്തിലെ ആശയവിനിമയപ്രശ്നങ്ങളെ പരിഹരിക്കാന്‍ വേണ്ടി ആ സമൂഹത്തിലെ ഏതെങ്കിലും ഒരു ഭാഷയുടെ ധര്‍മ്മനിര്‍വഹണത്തിലോ ഭാഷയെ തന്നെ മാറ്റിമറിക്കുന്നതിനു വേണ്ടിയോ സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയ ദീര്‍ഘകാലത്തിലുള്ള ബോധപൂര്‍വവും സ്ഥിരവുമായ പരിശ്രമമാണ്. ((Weinstien- 1980)
  13. സാമൂഹ്യകൂട്ടായ്മകളുടെ ശ്രേണീകരണം സാദ്ധ്യമാക്കാനുള്ള അടിത്തറ എന്ന നിലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു ഭാഷയുടെ സ്ഥാപനവല്‍ക്കരണം.
  (Tollefson – 1991)– 1991)
  ഈ വ്യത്യസ്ത നിര്‍വചനങ്ങളുടെ താരതമ്യവിശകലനം ഭാഷാസൂത്രണത്തെ സംബന്ധിച്ച സാമാന്യധാരണകള്‍ രൂപീകരിക്കാന്‍ സഹായിക്കും. ഭാഷാസൂത്രണത്തിനു സമാനമായും വ്യത്യസ്തമായും ഉപയോഗിക്കപ്പെടുന്ന Language Policy, Language Politics, Language Cultivation, Language Treatment, Language Management എന്നീ സംജ്ഞകളെ അടുത്ത ഘട്ടത്തില്‍ പരിചയപ്പെട്ട് ഇവ തമ്മിലുള്ള സൂക്ഷമ വ്യത്യാസങ്ങളെ വിശകലനം ചെയ്യാം.
  http://sngscollege.info
  http://vijnanacintamani.org

  Monday, 13 April 2009

  ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം

  ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  (Language Planning and Malayalam An Introduction to the Course)

  ഭാഷയുടെ വികാസത്തിനും സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ് ഭാഷാസൂത്രണം. ആഗോളവത്കരണത്തിന്റെ ഭാഗമായ സാംസ്കാരികാധിനിവേശങ്ങളില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പ്പിനുവേണ്ടി സ്വയം പ്രതിരോധിക്കുന്നതിന്റെ പ്രധാന വഴി ഭാഷാസൂത്രണമാണ്. എന്നാല്‍ അത്തരം ആസൂത്രണശ്രമങ്ങളില്‍ തികഞ്ഞ അവഗണനയാണ് മലയാളത്തിന്റെ കാര്യത്തില്‍ നാം പുലര്‍ത്തുന്നത്. ഭാഷയുടെ ചുരുക്കത്തിനും നാശത്തിനും വരെ ഇത് വഴിവെക്കും. ഇന്നത്തെ മലയാളിയുടെ വ്യത്യസ്ത വ്യവഹാരമണ്ഡലങ്ങളില്‍ അവന് / അവള്‍ക്ക് ഉപയോഗിക്കാന്‍ കൊള്ളാവുന്ന മലയാളം ഇന്നു നിലവിലുണ്ടോ എന്ന ചോദ്യം നാം നമ്മുടെ ഭാഷയോട് ഇതുവരെ ചോദിച്ചിട്ടില്ല. പലതരം വികസനജ്വരങ്ങളില്‍ നമുക്ക് വേണ്ടത്ര വൈദ്യുതിയുണ്ടോ അടിസ്ഥാസൌകര്യങ്ങളുണ്ടോ എന്നൊക്കെ ആവേശോജ്ജ്വലമായി ചോദിക്കുന്ന മുഖ്യധാരാരാഷട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും എന്തിന് നമ്മുടെ അക്കാദമികളും ഇന്‍സ്റിറ്റ്യൂട്ടും ഭാഷാപഠനവകുപ്പുകളും വരെ നമുക്ക് ആവശ്യമായത്ര മലയാളം നമുക്കുണ്ടോ എന്നു ചോദിച്ചിട്ടില്ല.പത്തുവര്‍ഷത്തിനുശേഷം കൊച്ചി എന്തായിരിക്കും എന്ന് സങ്കല്പിച്ച് അന്നത്തെ നഗരവാസികളുടെ ഗതാഗതാവശ്യങ്ങള്‍ നിറവേറ്റാന്‍ വരുത്തേണ്ട റോഡ് വികസനവും ട്രാഫിക്ക് പരിഷ്കാരവുമൊക്കെ ആസൂത്രണം ചെയ്തുവരുന്ന നമ്മള്‍ പക്ഷേ അന്നത്തെ അവന്റെ വിനിമയാവശ്യങ്ങള്‍ എന്തായിരിക്കും എന്ന് കണ്ടറിഞ്ഞ് അതിനു പര്യാപ്തമായ രീതിയില്‍ മലയാളഭാഷയെ വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്ളാനിങ്ങും ഇത് വരെ നടത്തിയിട്ടില്ല. എന്നു മാത്രമല്ല അത്തരമൊരു പ്ളാനിങ്ങിന് അടിപ്പടവായി പ്രവര്‍ത്തിക്കേണ്ട നിങ്ങളുടെ ഭാഷാനയമെന്ത് എന്ന പ്രധാനമായ ചോദ്യം ഒരു ഭരണകൂടത്തിനും രാഷ്ട്രീയസംഘടനകള്‍ക്കും നേരെ ആരും ഇതുരെ ചോദിച്ചിട്ടുമില്ല. അത്തരമൊരു നയവും നിലവിലില്ല. ഭാഷാപദവിയെ (Status Planning - മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ) സംബന്ധിച്ച ചില കോലാഹലങ്ങളും ഭാഷാപഠനത്തെ (Aquisiton Planning - മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ) സംബന്ധിച്ച ചില തര്‍ക്കങ്ങളും മാത്രമാണ് ഈ മേഖലയില്‍ ആകെയുണ്ടായ ചില ചലനങ്ങള്‍. (ക്ളാസിക്ക് ഭാഷാപദവി മലയാളത്തിനും വേണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ലേഖനവും ബിരുദ പാഠ്യപദ്ധതി പരിഷകരണവുമായി ബന്ധപ്പെട്ട് മലയാളപഠനത്തെ സംബന്ധിച്ച വിവാദങ്ങളും അടുത്ത കാലത്തുണ്ടായ ചില ഉദാഹരണങ്ങള്‍.) ആസൂത്രണത്തില്‍ ഏറ്റവും പ്രധാനമായ ഭാഷയുടെ ഘടനാപരമയ സംവിധാനത്തെ സംബന്ധിച്ച ആസൂത്രണം (Corpus Planning) (ഭാഷാപ്രവര്‍ത്തകര്‍ ഇടപെടേണ്ട പ്രധാനമേഖല ഇതാണ്.) ആണ് ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്നത്. ഭരണഭാഷാ പദകോശവും മലയാളം യൂണികോഡ് സംരംഭങ്ങളും മാത്രമാണ് ആകെ പരാമര്‍ശയോഗ്യമായിട്ടുള്ളത്. ഈ സവിശേഷസന്ദര്‍ഭത്തിലാണ് ഭാഷാസൂത്രണം ഒരു പ്രത്യേകപഠനവിഷയമായി മലയാളഭാഷാപഠനത്തില്‍ ഇടം നേടുന്നത്. അടുത്ത വര്‍ഷം ഡിഗ്രി തലത്തിലും ഭാഷാസൂത്രണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച സാമാന്യബോധനം ഭാഷാ/വ്യാകരണപഠനത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.ഭാഷാസൂത്രണത്തിന്റെ മണ്ഡലത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങളെ സഹായിക്കുന്ന പഠനക്കുറിപ്പുകള്‍ ഈ ബ്ളോഗില്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ എം.എ.മലയാളം വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റര്‍ ഇലക്ടീവുകളില്‍ ഒന്നായ ഭാഷാസൂത്രണത്തിന്റെ സിലബസ്സ് പ്രകാരം തയ്യാറാക്കുന്ന ഈ ലഘുപഠനക്കുറിപ്പുകള്‍ മലയാളത്തില്‍ ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമല്ല എന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിരം സങ്കടത്തിന് ഇടക്കാലാശ്വാസമാകും എന്നു പ്രതീക്ഷിക്കുന്നു. വിശദമായ ക്ളാസ്നോട്ടുകളല്ല ഗുളികരൂപത്തിലുള്ള പരിചയക്കുറിപ്പുകളാണ് ഉദ്ദേശിക്കുന്നത്. സംശയങ്ങള്‍ക്കനുസരിച്ച് വിപുലനവുമാകാം. ജൂണില്‍ പൂര്‍ത്തീകരിക്കാവുന്ന വിധത്തിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളപഠനത്തിന്റെ രീതിശാസ്ത്രം, മാദ്ധ്യമപഠനം,നിഘണ്ടുവിജ്ഞാനം, സര്‍ഗാത്മകരചന, പുതുമലയാളങ്ങള്‍, സാഹിത്യചരിത്രവിജ്ഞാനം, സൈബര്‍ മലയാളം, നവീന സാഹിത്യ സിദ്ധാന്തങ്ങള്‍ തുടങ്ങിയ പുതിയ പഠനമേഖലകളിലും ഇത്തരം പരിശ്രമങ്ങള്‍ നടത്താന്‍ താത്പര്യപ്പെടുന്നു മറ്റ് അദ്ധ്യാപക സുഹൃത്തുക്കളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
  santhosh hk
  santhoshhrishikesh@gmail.com
  Phone: 9447651899
  http://sngscollege.info
  http://vijnanacintamani.org

  Saturday, 11 April 2009

  ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും


  ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവുംകേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ബിരുദപഠനപുനഃസംഘടനയില്‍ ഭാഷാ വിഷയങ്ങളെ, പ്രത്യേകിച്ച് മലയാളത്തെ അവഗണിക്കുന്നു എന്നതിനെചൊല്ലി ചില വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
  വായിക്കുക.
  മലയാളവേദി കോട്ടയം
  മലയാളവേദി വടകര
  പടിയിറക്കപ്പെടുന്ന മലയാളം

  എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം. /

  ഇതു സംബന്ധിച്ച എന്റെ ആമുഖനിരീക്ഷണം
  ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാഷകളെ കേന്ദ്രീകരിച്ച് പല തലങ്ങളിലായി പലവിധ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. പല പ്രതികരണങ്ങളിലും അവ്യക്തമായ നിലപാടുകളാണ് കാണാന്‍ കഴിയുന്നത്.ഒരു സംവാദം രൂപപ്പെടുമ്പോള്‍ ഇത്തരം കലക്കങ്ങള്‍ സ്വാഭാവികമാണെങ്കിലും ആകെ കലക്കി ആരെയെങ്കിലും ചെളിവാരിയെറിഞ്ഞും സ്വയം ചൊറിഞ്ഞും സുഖിക്കുന്ന പ്രവണതയിലേക്ക് വളരെ പ്രധാനമായ ഇത്തരം സാമൂഹ്യ സംവാദങ്ങളെ കൊണ്ടെത്തിക്കുന്നത് വിവാദവ്യവസായികള്‍ക്കു മാത്രം ഗുണപ്രദമാകുന്ന ഒരേര്‍പ്പാടായിത്തീരും.മാധ്യമങ്ങളിലെ സംവാദപരിപാടികളുടെ ഉന്നമല്ലല്ലോ ഇത്തരം സാമൂഹ്യ സംവാദങ്ങള്‍ക്കുള്ളത്. .ഇതിനകം നിലവില്‍ വന്ന ഈ സംവാദത്തിനകത്ത് നാലു പ്രശ്നങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നതായികാണുന്നു. ഇവ വേര്‍തിരിച്ചെടുത്ത് വിശകലനം ചെയ്ത് ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കുന്നത് ഒരു സാമൂഹ്യമുന്നേറ്റത്തിലേക്കു തന്നെ എത്തിക്കേണ്ട ഈ സംവാദത്തിന്റെ ശരിയായ വികാസത്തിന് സഹായിക്കും എന്നു തോന്നുന്നു.

  പ്രശ്നം-ഒന്ന്. ബിരുദതലത്തില്‍ ഏതെങ്കിലും പൊതു വിഷയങ്ങള്‍ പഠിക്കണമോ അതോ അതതു വിഷയങ്ങളിലെ സവിശേഷ പഠനം മാത്രം മതിയോ എന്ന പ്രശ്നം.
  പ്രശ്നം-രണ്ട്- പൊതു വിഷയങ്ങള്‍ ആകാമെങ്കില്‍ അത് ഭാഷാകേന്ദ്രിതമാകണമോ (ഇന്നത്തെ പോലെ പാര്‍ട്ട് 1 ഇംഗ്ളീഷ്, പാര്‍ട്ട്- രണ്ട് മലയാളമടക്കമുള്ള ഏതെങ്കിലും ഭാഷാവിഷയങ്ങള്‍ എന്ന രീതിയിയില്‍) ഭാഷ എന്നു നിഷ്കര്‍ഷയില്ലാത്ത പൊതുവിഷയങ്ങള്‍ മതിയോ എന്ന രണ്ടാം പ്രശ്നം.
  പ്രശ്നം- മൂന്ന്- ഈ പൊതുപഠനം ഭാഷാവിഷയങ്ങള്‍ തന്നെയാകണം എന്നാണെങ്കില്‍ അതു അതതു ഭാഷാ സാഹിത്യങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനമാകണമോ അതൊ സാഹിത്യമടക്കമൂള്ള അതതു ഭാഷകളുടെ വിവിധ വ്യവഹാരരൂപങ്ങളെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന സാഹിത്യ പഠനത്തിന് ഇന്നുള്ള പ്രാമുഖ്യം കുറച്ചു കൊണ്ടുള്ള പഠനമാകണമോ എന്ന പ്രശ്നം.
  പ്രശ്നം- നാല് നിലവിലുള്ള പാര്‍ട്ട്1,പാര്‍ട്ട്2 സംവിധാനം തന്നെയാണ് തുടരേണ്ടതെങ്കില്‍ മലയാളം എല്ലാ ബിരുദവിദ്യാര്‍ത്ഥികളും പഠിക്കേണ്ട ഒന്നാം ഭാഷയാക്കി മാറ്റണോ അതോ നിലവിലുള്ളതു പോലെ ഇംഗ്ളീഷിനെ ഒന്നാം ഭാഷയാക്കിയും മലയാളത്തെ വിവിധഭാഷകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന രണ്ടാം ഭാഷയാക്കിയും നിലനിര്‍ത്തിയാല്‍ മതിയോ എന്ന ഒടുക്കത്തെ പ്രശ്നം.

  ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ആമുഖം എന്ന നിലയില്‍ മറ്റൊരു സുപ്രധാന പ്രശ്നത്തിലും വ്യക്തത വരുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.
  ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സമൂഹത്തിലെ വിദ്യാഭ്യാസ-ഭാഷാ നയങ്ങളും അതനുസരിച്ചുള്ള ആസൂത്രണങ്ങളും രൂപപ്പെടുത്തേണ്ടത് ആരാണ്?
  1. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനഭരണകൂടങ്ങളും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?
  2. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ (സംസ്ഥാന ഭരണകൂടങ്ങളടക്കം നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ) വിവിധ അക്കാദമികള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയവ?
  3. കേന്ദ്ര ഭരണകൂടവും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?.(യു.ജിസി., എന്‍.സി.ആര്‍.ടി, ഐ.സി.എച്ച്.ആര്‍ അടക്കമുള്ള വിവിധ കൌണ്‍സിലുകള്‍ തുടങ്ങിയവ)
  4. ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനയുക്തികളെ പിന്‍പറ്റി ഏതെങ്കിലും ദേശരാഷ്ട്രാതീതമായ അന്താരാഷ്ട്ര ഏജന്‍സികള്‍?
  5. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധസംഘങ്ങള്‍? (അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ ഭാഷാ വിചക്ഷണര്‍,എന്‍.ജി.ഓ.കള്‍)
  6. അതോ പൊതുസമൂഹത്തെ മുഴുവന്‍ പങ്കാളികളാക്കുന്ന പൊതുതിരഞ്ഞെടുപ്പും അഭിപ്രായ വോട്ടെടുപ്പും പോലുളള ജനാധിപത്യസംവിധാനങ്ങള്‍?
  ഈ മേഖലകളില്‍ പൊതുനിലപാടുകള്‍ രൂപീകരിക്കുന്നതിനായി ഉപരി ചര്‍ച്ചകള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു.മേല്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഞാനെത്തിചേര്‍ന്നിരിക്കുന്നതും പുനരാലോചയ്ക്ക് വിധേയമായതുമായ തല്‍ക്കാല ധാരണകളെ അത്ര ചുരുക്കത്തിലല്ലാതെ വിസ്തരിക്കേണ്ടതിനാല്‍ കൈയൊഴിവുള്ള തൊട്ടടുത്ത അവസരത്തിലേക്ക് മാറ്റിവെയ്ക്കുന്നു.
  ഈ വിഷയത്തില്‍ ഏതായാലും പ്രശ്നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് ഭാവുകങ്ങളോടെ
  h.k. santhosh
  http://sngscollege.info/
  http://vijnanacintamani.org/

  Thursday, 9 April 2009

  ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും

  ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  (Television Malayalam and Television Malayalees)
  - H.K. Santhosh
  Synopsis of the Paper presented in the Seminar at U.C. College, Aluva January 2009

  ടെലിവിഷനെ സംബന്ധിച്ചഅബദ്ധപൂര്‍ണമായ പൂര്‍വ്വധാരണകള്‍
  • 1. ടെലിവിഷന്‍ കാഴ്ചയാണ്.പ്രേക്ഷകനാകാന്‍ ശ്രമമോ പരിശീലനമോ ആവശ്യമില്ല.
  • 2. ടെലിവിഷന്‍ മിനിസ്ക്രീന്‍ ആണ്.
  • 3. ടെലിവിഷന്‍ ദൃശ്യമാധ്യമമാണ്.
  • 4. ടെലിവിഷന്‍ വ്യക്തിനിഷ്ഠ തലത്തിലുള്ള വിനിമയമാണ്
  • 5. ടെലിവിഷന്‍ സ്ഥലപരവും വസ്തുനിഷ്ഠവുമായ യാഥാര്‍തഥ്യത്തെ അവതരിപ്പിക്കുന്നു..
  • 6. ടെലിവിഷന്‍ ആഗോളഗ്രാമത്തെ ലക്ഷ്യമാക്കുന്നു.
  • 7. സ്ഥലനിഷ്ഠമായ മാധ്യമമാണ് ടെലിവിഷന്‍. ഇന്‍ഡ്യന്‍ ടെലിവിഷന്‍ എന്ന ഒന്ന് ഉണ്‍്
  • 8.ടെലിവിഷന്‍ അഭിരുചികളെ മാറ്റി പാശ്ചാത്യ മൂല്യങ്ങളെ അടിച്ചേല്‍പ്പിക്കുന്നു.
  • 9. ആഖ്യാനപരമായ നൈരന്തര്യമല്ല വ്യത്യസ്തതയാണ് ടെലിവിഷന്‍ പരിപാടികളുടെ മുഖമുദ്ര
  • 10. സ്ത്രൈണ മാധ്യമമാണ് ടെലിവിഷന്‍.
  • 11. വാമൊഴിക്കും ഭാഷാഭേദങ്ങള്‍ക്കും അനൌപചാരികതയ്ക്കും പുതുകാല ടെലിവിഷനില്‍ പ്രാധാന്യമുണ്‍്.
  • 12. ഭാഷകള്‍ക്കകത്തു നടക്കുന്ന മാനകീകരണ ഭാഷാസൂത്രണ പ്രവര്‍ത്തനങ്ങളെ ടെലിവിഷന്‍ ഭാഷാപ്രയോഗങ്ങള്‍ നേരിട്ടു നിയന്ത്രിക്കുന്നു.
  ടെലിവിഷന്‍ എന്ന ഭാഷ
  •സ്വാഭാവിക മനുഷ്യ ഭാഷകളെ പോലെ നാം പഠിച്ചെടുക്കുന്ന ഭാഷയാണ് ടെലിവിഷന്റേത്.
  • ധൈഷണിക തലത്തിലുള്ള ഭാഷാസമാര്‍ജ്ജനം, സമാര്‍ജ്ജന ശേഷിയിലുള്ള വ്യത്യാസം, ഭാഷയിലൂടെയുള്ള സത്താപരമായ വികാസം തുടങ്ങിയ തലങ്ങളിലൊക്കെ ഈ ഭാഷാസമാര്‍ജ്ജനങ്ങള്‍ക്കു തുല്യമായ പ്രവര്‍ത്തനങ്ങളിലൂടെ ടെലിവിഷന്‍ പ്രേക്ഷകനും കടന്നു പോകുന്നുണ്‍്..
  • ഈ ഭാഷയില്‍പ്രായപൂര്‍ത്തിയായ പ്രേക്ഷകനെയാണ് എല്ലാ ടെലിവിഷന്‍ പരിപാടികളും ലക്ഷ്യം വെക്കുന്നത്. യുവത്വത്തെയാണ് ടെലിവിഷന്‍ അഭിസംബോധന ചെയ്യുന്നത്
  ടെലിവിഷന്‍ ദേശീയവും ദേശാന്തരവും
  1990 ന് മുമ്പും പിമ്പും
  • സ്ഥലപരമല്ലാത്ത ആദ്യ മാധ്യമം
  • രാഷ്ട്രാതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന അമൂര്‍ത്ത മാധ്യമസ്ഥലരാശി
  • അന്താരാഷ്ട്ര സാങ്കല്‍പ്പിക പ്രേക്ഷക സമൂഹം• ആകാശം സ്വതന്ത്രമാക്കുക
  • ഗാട്ട് കരാര്‍
  • മാധ്യമ ആഗോളവത്കരണം
  ദേശാന്തര ടെലിവിഷനും എത്നോസ്കേപ്പും
  ഉദാരീകരണം - ആഗോളവത്കരണം
  ആഗോള മൂലധനത്തിന്റെ വ്യാപനം
  ആഗോള സ്വഭാവമുള്ള കോര്‍പ്പറേറ്റുകള്‍
  ‍അന്താരാഷ്ട്ര എന്‍.ജി.ഓ കള്‍അന്താരാഷ്ടീയ സ്വഭാവമുള്ള പ്രൊഫഷണല്‍ തൊഴില്‍ സേനകള്‍
  ‍സേവനകേന്ദ്രിതമായ വ്യവസായാനന്തരസമൂഹം
  ദേശരാഷ്ട്രാതീതമായ പൊതുമണ്ഡലത്തിന്റെ ആവിര്‍ഭാവം
  ദേശാന്തര ടെലിവിഷന്‍വിനിമയം സഞ്ചാര ക്രമങ്ങള്‍
  ‍ആഗോളഗ്രാമമല്ല അമേരിക്കന്‍ദേശീയതയുടെ ആഗോളാധിപത്യം
  ഗതാഗതം ഏകമുഖം?
  പാശ്ചാത്യ സംസ്കാരസ്വാധീനം?
  സ്വാധീനം അഭിരുചി തലത്തിലല്ല ധൈഷണികതലത്തില്‍
  ആഗോളതയുടെ പ്രാദേശികവല്‍ക്കരണം
  പ്രാദേശികതയുടെ ആഗോളവല്‍ക്കരണം
  ഉദ്ഗ്രഥനസ്വഭാവം
  നാഗരിക മധ്യവര്‍ഗസമൂഹം
  ടെലിവിഷന്‍ ഭാഷയുടെ വ്യാകരണം
  സാദൃശ്യപരവും വിന്യസനപരവുമായ ചിഹ്നവ്യവസ്ഥ ചിഹ്നങ്ങളുടെ സൂചകസൂചിതബന്ധത്തിലൂം അവയുടെ രേഖീയ സംയോജനത്തിലൂടെയും രൂപം കൊള്ളുന്ന സവിശേഷ കോഡുകളിലൂടെ ആവിഷ്കൃതമാകുന്ന ഭാഷ
  വാമൊഴിഭാഷയുടെ ഉച്ചാരണാത്മകവും ശ്രവണാത്മകവുമായ തലങ്ങള്‍ക്കും ദൃശ്യപരതയ്ക്കും കേവലദൃശ്യ ബിംബങ്ങളേക്കാള്‍ ഊന്നല്
  ‍ഭാഷയ്ക്കത്തെ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പടുന്നു.
  മൂന്നു തരം ടെലിവിഷന്‍ കോഡുകള്
  1. ‍സാമൂഹ്യമായ പദസഞ്ചയം
  ഒരു വ്യക്തിയുടെ സാമൂഹ്യപദവി വെളിപ്പെടുത്തുന്ന വേഷം,ഭാഷ,മെയ്ക്ക്അപ്പ് ആംഗ്യ വിക്ഷേപങ്ങള്
  2. ‍സാങ്കേതികമായ പദസഞ്ചയം
  ക്യാമറാ ആംഗിള്‍, ലൈറ്റിങ്ങ്, എഡിറ്റിങ്ങ്,ശബ്ദവിന്യാസം, സംഗീതം
  3.പ്രതിനിധാനപരമായ പദസഞ്ചയം
  സംഭാഷണങ്ങളും വിവരണങ്ങളുമടങ്ങിയ ആഖ്യാനതലം
  ടെലിവിഷന്‍ യാഥാര്‍ത്ഥ്യം
  ടി.വി. റിയാലിറ്റി - ടെലിവിഷന്‍ ഭാഷാനിര്‍മ്മിതമായ യാഥാര്‍ത്ഥ്യം.യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുകയും ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടകലരുകയും ചെയ്യുന്നു.
  ഗൃഹാന്തര്‍ഭാഗത്ത് നടക്കുന്ന വിനിമയം.
  വ്യക്തിനിഷ്ഠം എന്ന് തോന്നിപ്പിക്കുന്ന /അടുപ്പം തോന്നിപ്പിക്കുന്ന ഇടപെടലുകള്‍,
  ക്യാമറയിലേക്ക് നോക്കി സംസാരിക്കുന്നവര്
  ‍ക്ളോസ് അപ്പുകളും മിഡ്ഷോട്ടുകളും.
  ഭാഷയുടെ വൈകാരികമായ ഉപയോഗംഅവതാരകര്‍ മാറുമ്പോള്‍ പരിപാടി മാറുന്നു.
  വിഷയം, ഉള്ളടക്കം, കഥ, തിരുമാനങ്ങള്‍ എന്നിവ അപ്രസക്തം
  കഥാപാത്രമാണ് താരം
  റിയാലിറ്റി ഷോ.
  മൂന്ന് തരം ആഖ്യാനരൂപങ്ങള്‍
  1.വാര്‍ത്താധിഷ്ഠിതം 2.സംഭവാധിഷ്ഠിതം 3.സംഭാഷണാധിഷ്ഠിതം
  വിനിമയ ചരിത്രത്തില്‍ അച്ചടിക്കു മുമ്പുള്ള ഇന്ദ്രിയമേളനത്തെ തിരിച്ചു കൊണ്ടു വരുന്നു? യാന്ത്രികം,കൃത്രിമം ഘടനാപരം, അറിവിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം.
  സമാനമായ ആഖ്യാനസ്വഭാവം
  നിശ്ചിതമായ രൂപഘടന
  ആദിമധ്യാന്തങ്ങള്
  ‍പെരുമാറ്റരീതികള്‍
  അനുഷ്ഠാനപരമായ ഭാഷാരൂപങ്ങള്‍
  ടി.വി. ഡയലക്ട്
  ടി.വി. ഡയലക്ട്-1
  ആങ്കര്‍ മലയാളം
  പ്രൊഫഷണല്‍ മലയാളം
  ഔപചാരികഭാഷണം,നാടകീയത ഏകതാനത, ഘടനാപരമായി ഉറച്ചത്
  എം.ടി.വി.സെറ്റ് ചെയ്ത ആഗോളഭാഷയുടെ മലയാളം പതിപ്പ്
  കെയറിങ്ങ് മലയാളം
  സ്വനതലത്തിലുള്ള സവിശേഷതകള്‍
  വ്യാകരണതലത്തിലുള്ള പ്രത്യേകതകള്‍
  വര്‍ത്തമാന കാലരൂപങ്ങളുടെ ധാരാളിത്തം
  കര്‍തൃസ്ഥാനങ്ങള് ‍സ്ഥായി, ബലം, ഈണം,വേഗം എന്നിവയിലെ വ്യത്യാസങ്ങള്‍
  2.കഥാപാത്ര ഭാഷണങ്ങള്‍
  നാടകീയത, അതിഭാവുകത്വം
  സ്വാഭാവികഭാഷണങ്ങള്‍ കുറവ്
  അച്ചടി മലയാളം വരമൊഴി സാഹിത്യത്തിന്റെ അതിപ്രസരം,
  പോപ്പുലര്‍ സാഹിത്യത്തിന്റെ സ്വാധീനം.
  സിനിമയ്ക്കെതിരായ ഗതി
  ചിരി ചോര്‍ത്തിയ അനുകരണഭാഷ
  3.വാര്‍ത്താവതരണങ്ങളും ആഖ്യാനങ്ങളും
  പത്രഭാഷയുടെ സ്വാധീനം
  ന്യൂസ് റൂമിനു പകരം കവലകള്‍
  നാടകീയത ചന്തത്തരങ്ങള് ‍
  ഔപചാരികവും രേഖീയവുമായ ഭാഷണശൈലി
  സങ്കീര്‍ണ്ണ വാക്യാവലികള്‍ അന്വാഖ്യാന സംഭാഷണങ്ങള്‍ വിവരണങ്ങള്‍
  ടി.വി. ഡയലക്ട് പൊതുസൂചനകള്‍
  പ്രവാസികള്‍ക്കു നിര്‍ണ്ണായക പങ്കാളിത്തമുള്ള ആദ്യ മാധ്യമവ്യവഹാര സന്ദര്‍ഭം
  സാമൂഹ്യ-പ്രാദേശികാസ്തിത്വമില്ലാത്ത ഭാഷാഭേദം
  ആരുടെയും ഭാഷാഭേദമല്ല.ഭാഷണസമൂഹത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഭാഷാഭേദം.
  ഭരണകൂടനിയന്ത്രണമില്ലാത്ത ദേശരാഷ്ട്രാധിഷ്ഠിതമായ ഭാഷാസൂത്രണ പ്രക്രിയക്കു പുറത്തു നില്‍ക്കുന്ന മലയാളം.
  ആഗോള ടെലിവിഷന്‍ ഭാഷയുടെ ചട്ടകൂടില്‍ പ്രവര്‍ത്തിക്കുന്ന, ചിട്ടപ്പെടുത്തിയ ദൃഢവും ആഭ്യന്തര സംരക്ഷണ ഉപാധികള്‍ക്കു വിധേയമായ ലോകമലയാളം.
  ആരാണീ മലയാളി ?
  ഏതാണീ മലയാളം ?
  വിവര്‍ത്തനം ചെയ്യപ്പെട്ട ജനതയാണ് ടെലിവിഷനിലെ ലോകമലയാളി.
  വിവര്‍ത്തനം ചെയ്യപ്പെട്ട ലോകമലയാളമാണ് ടെലിവിഷന്‍ മലയാളം.
  ( വിപുലീകരണത്തിനായി ചര്‍ച്ചകള്‍ ക്ഷണിക്കുന്നു.)

  ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും


  ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  - എച്ച്.കെ.സന്തോഷ് (2002)
  ചരിത്രാത്മക ഭാഷാശാസ്ത്രത്തിനും ഭാഷകളുടെ ഗോത്രവിഭജനത്തിനും പിറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കൊളോണിയല്‍ ആധുനികതയുടെ യൂറോ കേന്ദ്രിതമായ യുക്തിബോധമായിരുന്നു. വില്യം ജോണ്‍സിലൂടെ അവതരിപ്പിക്കപ്പെടുകയും റാസ്മുസ് റാസ്ക്ക്, ഫ്രാന്‍സ് ബോപ്പ്, ഗ്രിം എന്നിവരിലൂടെ വികസിക്കുകയും ചെയ്ത ആനുവംശിക ഭാഷാശാസ്ത്ര സിദ്ധാന്തം യൂറോപ്യന്‍ ഉല്‍ക്കര്‍ഷബോധത്തിന്റെ സന്തതിയാണ്. അതുകൊണ്ടാണ് ഈ മേഖലയില്‍ നടന്ന തൊണ്ണൂറ് ശതമാനത്തിലധികം പഠനങ്ങളും ഇന്തോ-യൂറോപ്യന്‍ ഗോത്രത്തെ ചുറ്റിപ്പറ്റിയായത്. ഗ്രിമ്മിന്റെ താരതമ്യ വിശകലനരീതി യൂറോപ്യന്‍ ബൂര്‍ഷ്വാസിയുടെ ആശയമാണെന്ന് മാര്‍ക്സിയന്‍ ചിന്തകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
  ഇന്തോ-ആര്യന്‍ ഗോത്രപഠനങ്ങളുടെ അനുബന്ധ സൃഷ്ടിയാണ് 1856-ല്‍ കാല്‍സ്വല്‍ ഉദ്ഘാടനം ചെയ്ത ദ്രാവിഡ ഭാഷാ ഗോത്രപഠനങ്ങള്‍. ആര്യേതരമായ ഒരു ലോകത്തെക്കുറിച്ചുള്ള പുറം കാഴ്ചകള്‍ എന്ന നിലയ്ക്കാണ് ഭാഷാഗോത്രങ്ങളില്‍ അഞ്ചാം സ്ഥാനമുള്ള ദ്രാവിഡ ഗോത്രത്തില്‍ പഠനങ്ങള്‍ രൂപപ്പെടുന്നത്. ബി.സി. നാലായിരത്തിലപ്പുറം ബ്രാഹൂയിയില്‍ ആരംഭിച്ച് എ.ഡി. പതിനൊന്നാം ശതകത്തിനുശേഷം മലയാളഭാഷയുടെ ഉത്പത്തിയില്‍ പൂര്‍ത്തിയാവുന്ന ഒരു ബൃഹത് വിഭജന ചരിത്രം ദ്രാവിഡ ഭാഷ, പഠനത്തില്‍ പൊതുവെ സ്വീകരിക്കപ്പെട്ടു.
  ആര്യാധിനിവേശ സിദ്ധാന്തം സ്വീകരിക്കപ്പെട്ട ആദികാലം ആര്യേതരമായ ഒരു പൂര്‍വ്വചരിത്രത്തിന്റെ അഭാവത്തില്‍ ഊന്നിയിരുന്നു. ഭാഷാപഠനത്തില്‍ ആര്യാധിനിവേശം
  സംസ്കൃതത്തിന്റെ നാട്ടുഭാഷകളിലേക്കുള്ള സംക്രമണമായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇന്‍ഡസ് വാലി നാഗരികതയുടെ കണ്ടെത്തലും ദ്രാവിഡഗോത്ര സങ്കല്പ നിര്‍മ്മിതിയും ചരിത്രം മറിച്ചിട്ടു. ആര്യേതരമായ ഒരു തദ്ദേശസംസ്കൃതിയുടെ ബൃഹത്പാരമ്പര്യത്തിലേക്ക് ദ്രാവിഡഭാഷാശാസ്ത്രപഠനം വികസിച്ചു. ദ്രാവിഡഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിതരണക്രമം ദ്രാവിഡത്തിനുമേല്‍ ആര്യഭാഷ നടത്തിയ അധിനിവേശത്തെ തെളിയിച്ചു. ഇങ്ങനെ ദ്രാവിഡസംസ്കാരം ആര്യാധിനിവേശ സാഹചര്യത്തില്‍ ഒരു അധ:സ്തലമായി ചിത്രീകരിക്കപ്പെട്ടു.
  പുരാവസ്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും കാര്യമായ പിന്‍ബലം ഇല്ലാതിരുന്നിട്ടുകൂടി ഫാദര്‍ ഹെറസ്സിനെപ്പോലുള്ളവര്‍ സൈന്ധവ സംസ്കൃതിയിലൂടെ നടത്തിയ തേരോട്ടം ദ്രാവിഡമായ ഒരു ബൃഹദ് പാരമ്പര്യനിര്‍മ്മിതിയെ സാധ്യമാക്കി. (സൈന്ധവലിപിയെ ദ്രാവിഡമാക്കി വായിക്കുന്ന ഹെറസ്സിന്റെ പദ്ധതിയോട് എമിനോവിനെപ്പോലുള്ളവര്‍ ഉത്സാഹം കാണിക്കുന്നില്ല.) ആര്യ ദ്രാവിഡഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിതരണക്രമം ദ്രാവിഡത്തിനുമേല്‍ ആര്യന്‍ നടത്തിയ അധിനിവേശത്തെ സാധൂകരിച്ചു. ഇന്ത്യന്‍ ജനതയുടെ നാലിലൊന്നു വിഭാഗം സംസാരിക്കുന്ന ദ്രാവിഡ ഭാഷയുടെ ഒരു സുവര്‍ണ്ണഭൂതകാലം ഇങ്ങനെ പുനര്‍ജനിച്ചു. ദ്രാവിഡത്തെ സംസ്കൃതത്തില്‍ നിന്നും കണിശമായി വേര്‍തിരിച്ചതോടൊപ്പം സിഥിയന്‍ ഗോത്രബന്ധം കണ്ട കാല്‍സ്വലും യൂറാള്‍-അള്‍ട്ടായിക്ക് ഗോത്രബന്ധം ആരോപിച്ച ഷ്റാഡര്‍, ബറോ തുടങ്ങിയവരുമൊക്കെ ഒരര്‍ഥത്തില്‍ ആര്യന്‍ ആഗോളവംശീയതയ്ക്ക് ഒരു എതിര്‍ മഹദ്ചിത്രം വരക്കുകയാണ് ചെയ്തത്. ഈ ഭൂപടം ഇന്ത്യക്കപ്പുറം അറേബ്യയും ഈജിപ്റ്റും സിറിയയും ഇറ്റലിയുമൊക്കെ കടന്ന് അയര്‍ലന്റ് വരെ എത്തുന്നത് കാണാം. ഭാരതീയ സംസ്കാരത്തിന്റെ ദ്രാവിഡമായ പൈതൃകസംസ്ഥാപനമാണ് ഹെറസ്സ് ഇതുവഴി സാധിച്ചെടുക്കുന്നത്. പില്‍ക്കാലത്ത് എമിനോവും സിലോണിലും സിങ്കപ്പൂരിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും അഫ്ഘാനിസ്താനിലുമൊക്കെ വ്യാപിച്ചുകിടക്കുന്ന ദ്രാവിഡ ഭാഷാഗോത്രത്തിന്റെ ആഗോളവ്യാപ്തിയുള്ള ചിത്രം തന്നെയാണ് നല്‍കുന്നത്. അടുത്തകാലത്ത് ഈ മേഖലയില്‍ ചില പഠനങ്ങള്‍ നടത്തിയ രാമന്‍ വരെ ഇത്തരം സിദ്ധാന്തനിര്‍മ്മിതികളില്‍ അഭിരമിക്കുന്നത് കാണാം.
  സംസ്കൃതത്തില്‍ നിന്നും നാട്ടുഭാഷയിലേക്കുമാത്രമേ ആദാനം ഉണ്ടാകൂ എന്ന സാമ്പ്രദായിക ധാരണയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെട്ടു. സംസ്കൃതത്തില്‍ ദ്രാവിഡമുണ്ടെന്ന് ലീലാതിലകകാരനും മറ്റൊരു തരത്തിലാണെങ്കിലും പറയുന്നുണ്ടല്ലോ. എന്തിനും സംസ്കൃതനിരുക്തം അന്വേഷിക്കുന്ന പഴയ സമ്പ്രദായത്തിനുപകരം സംസ്കൃത ശബ്ദങ്ങള്‍ക്ക് ദ്രാവിഡമായ അര്‍ത്ഥവിശദീകരണം നല്‍കപ്പെട്ടു. ഗ്രിയേഴ്സന്‍, എസ്.കെ.ചാറ്റര്‍ജി., എമിനോവ്, ബറോ, ഷൂള്‍ബ്ളോക്ക് തുടങ്ങിയവരൊക്കെ പദവ്യാകരണകാര്യങ്ങളില്‍ ആര്യദ്രാവിഡഭാഷകള്‍ പരസ്പരം ചെലുത്തിയ സ്വാധീനം തെളിയിച്ചിട്ടുണ്ട്. ഋഗ്വേദത്തില്‍ പോലും ബറോ ദ്രാവിഡസ്വാധീനം കാണുകയുണ്ടായി.
  ദ്രാവിഡമായ തദ്ദേശസംസ്കൃതിക്കുമേല്‍ നടന്ന ആര്യാധിനിവേശം എന്ന ആശയം ഇങ്ങനെ ഭാഷാപഠനത്തിന്റെ വിവിധ തലങ്ങളില്‍ സിദ്ധാന്തവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ദ്രാവിഡര്‍ എവിടെ നിന്നു വന്നവരായിരുന്നു എന്ന ചോദ്യം അവഗണിക്കപ്പെടുകയുണ്ടായി. ഈ ചോദ്യം പ്രസക്തമല്ലെന്നാണ് തിരുനെല്ലൂര്‍ കരുണാകരനെപ്പോലുള്ളവര്‍ പറയുന്നത്. ദ്രാവിഡ ദേശങ്ങളില്‍ തന്നെ കാണുന്ന നെഗ്രിറ്റോ വംശജസാന്നിധ്യം ഒരു പക്ഷേ അതിനുമുമ്പ് നടന്നിരിക്കാവുന്ന കൂടുതല്‍ രൂക്ഷമായ ഒരു ദ്രാവിഡാധിനിവേശത്തിന്റെ സാധ്യതയിലേയ്ക്കുള്ള ചൂണ്ടുവിരലാണ് എന്നും ചുരുക്കം ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഗവേഷകശ്രദ്ധ ഈ മേഖലയിലുണ്ടായിട്ടില്ല. ചുരുക്കത്തില്‍ ഒരു യൂറോപ്യന്‍ സിദ്ധാന്ത മാതൃകയാണ് ആര്യാധിനിവേശം എന്നു പറയാം. പാശ്ചാത്യ കോളനീകരണത്തിന്റെ യുക്തികളെ സാധൂകരിക്കല്‍ പരോക്ഷമായി ഈ സിദ്ധാന്തങ്ങളുടെ ലക്ഷ്യമായും കാണാം. എന്നാല്‍ മറുപക്ഷത്ത് ഒരു അഖണ്ഡ ഭാരതീയ സംസ്കാരത്തിന്റെ നിര്‍മ്മാണവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ആര്യാധിനിവേശം ഒരു കെട്ടുകഥയാണെന്നും ഇന്ത്യയിലെ ദ്രാവിഡ-സൈന്ധവ സംസ്കൃതികളൊക്കെ ആര്‍ഷസംസ്കാരത്തിന്റെ ഭാഗമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. സംസ്കൃതം എല്ലാ ഭാഷകളുടെയും മാതൃഭാഷയായി അവരോധിക്കപ്പെട്ട മധ്യകാല വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ പഠനങ്ങളത്രയും. ലിപി, പദം, വാക്യം തുടങ്ങിയ ഭാഷാ ഘടകങ്ങളിലൊക്കെ ആര്യ-ദ്രാവിഡഭാഷകള്‍ കാണിക്കുന്ന സാമ്യത്തെക്കുറിച്ചുള്ള എല്‍. എ. രവിവര്‍മ്മയുടെയും മറ്റും പഠനങ്ങള്‍ ഇതിന്റെ ഭാഗമാണ്.
  ഇരുപതാം നൂറ്റാണ്ടിന്റെ ആദി ശതകങ്ങളില്‍ യൂറോപ്പില്‍ ചരിത്രാത്മക ഭാഷാശാസ്ത്രം ക്ഷീണിച്ചു. തരംഗ സിദ്ധാന്തവും ഭാഷാക്ഷേത്ര പരികല്പനയുമൊക്കെ ആവിഷ്കരിക്കപ്പെട്ടതോടെ ചരിത്രത്തിനു പകരം ഭൂമിശാസ്ത്രത്തിന്റെ തിരശ്ചീനതലം ഭാഷാപഠനത്തിന്റെ കേന്ദ്രമായി മാറി ദ്രാവിഡ ഭാഷകളില്‍ പില്‍ക്കാല പഠനം നടത്തിയ ആന്ദ്രനേവിനെ പോലുള്ളവര്‍ പുതിയതായി രൂപംകൊണ്ടുവരുന്ന ഗോത്ര ബന്ധങ്ങളുടെയും ഭാഷാഗോത്രങ്ങളുടെ തന്നെ ആവിര്‍ഭാവത്തിന്റേയും സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നത്.
  യൂറോ കേന്ദ്രിതമായ ആര്യ-ദ്രാവിഡ സങ്കലനം എന്ന ആശയത്തിന്റെ പൊതു പശ്ചാത്തലത്തിലാണ് മലയാള വ്യാകരണ വിചാരങ്ങള്‍ സംഭവിച്ചത്. ആര്യ-ദ്രാവിഡ സങ്കലനം എന്ന സങ്കല്പം മലയാള വ്യാകരണ സിദ്ധാന്തങ്ങളെ ഏതുവിധം സ്വാധീനിച്ചു എന്നതാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണ വിഷയം. ആര്യ-ദ്രാവിഡ സങ്കലനം എന്ന ആശയമാതൃക മുമ്പുപറഞ്ഞതുപോലെ സംസ്കൃതാധിനിവേശം എന്ന തലത്തിലാണ് നമ്മുടെ ഭാഷാചിന്തയില്‍ ആവിഷ്കരിക്കപ്പെട്ടത്. ഒന്നാമത് ഭാഷയുടെ ഉല്പത്തിയുടെയും വ്യവസ്ഥാപനത്തിന്റേയും ഹേതുവായ യുക്തി എന്ന നിലയിലും പിന്നെ ദേശഭാഷയെ ഭദ്രമായി വിശദീകരിക്കുന്ന ഒരു വ്യാകരണ സിദ്ധാന്തം എന്ന തലത്തിലും ഈ ആശയ മാതൃക മലയാള വ്യാകരണ സിദ്ധാന്തങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
  ഇന്‍ഡ്യക്ക് പൊതുവായി സംസ്കൃത്തിന്റേതായ ഒരു വ്യാകരണ പാരമ്പര്യമേ ഉള്ളൂ എന്നു പറയാം. ദേശി വ്യാകരണമാതൃകകളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് അത്ര ബലം പോര. തൊല്‍കാപ്പിയരെ പാണിനിയുടെ സമകാലികനാക്കിയും അതിലെ അപാണിനീയ തലത്തെ ഉയര്‍ത്തിക്കാട്ടിയും തമിഴില്‍ ഇത്തരം ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ പൊരുളധികാരമൊഴിച്ചുള്ള ഭാഗങ്ങളില്‍ അത്ര സ്വതന്ത്രമായ നില തൊല്‍കാപ്പിയ ത്തിനുണ്ടെന്ന് പറഞ്ഞുകൂടാ. ഉരി ചൊല്ലിനെ പൊരുളതികാരത്തിന്റെ ഒരു കരുവായി കണ്ടാല്‍ മതി. ആദ്യഭാഗത്ത് ഐന്ദ്രവ്യാകരണത്തിലുള്ള ശിക്ഷണത്തെക്കുറിച്ച് നടത്തുന്ന സാക്ഷ്യപ്പെടുത്തല്‍ തന്നെ ഗ്രന്ഥകര്‍ത്താവിന്റെ സംസ്കൃത പാരമ്പര്യം വെളിവാക്കുന്നു. തൊല്‍കാപ്പിയത്തില്‍ പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ക്ക് സംസ്കൃതം നോക്കിയാല്‍ മതി എന്ന പ്രമാണം തന്നെ തമിഴിലുണ്ട്.
  തമിഴൊഴികെയുള്ള ദ്രാവിഡഭാഷകളില്‍ വ്യാകരണാദി ശാസ്ത്രഗ്രന്ഥങ്ങള്‍ അവതരിക്കുന്നത് പത്താം നൂറ്റാണ്ടിനു ശേഷമാണ്. തെലുങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിലും (തന്നയ്യ ഭട്ടന്റെ ശബ്ദചിന്താമണി) കന്നടത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലും (നാഗവര്‍മ്മന്റെ കര്‍ണ്ണാടക ഭാഷാഭൂഷണം) മലയാളത്തില്‍ പതിനാലാം നൂറ്റാണ്ടിലുമാണ് (ലീലാതിലകം) ദേശിവ്യാകരണം പ്രത്യക്ഷപ്പെടുന്നത്. ഇവയുടെയെല്ലാം കരുക്കള്‍ സംസ്കൃതത്തില്‍ നിന്ന് കടമെടുത്തതാണ്.
  തുടര്‍ന്ന് വായിക്കുക .
  http://sngscollege.info/articles/santhosh.pdf

  ഗവേഷണ ലേഖനങ്ങള്‍ ക്ഷണിക്കുന്നു .........

  Vijnanacintamani is the electronic version of the journal of the same name started way back in 1883 by the eminent scholar Sri Punnassery Nambi Neelakanta Sharma in Sankrit, the founder of Sree Neelakanta Govt. Sanskrit College, Pattambi, Kerala, India. This multi –lingual journal is published once in three months; it can be accessed and downloaded absolutely free of cost from http://www.vijnanacintamani.org/ or http://www.sngscollege.info/ , the website of the College maintained by the Multimedia Centre. The contents remain the copyright of the college.

  The journal is essentially interdisciplinary in approach and sensibility. Seven volumes brought out so far vouchsafe this: the first one examines and explores the possibilities of new emerging techniques in English Language Teaching (ELT) while the second is an extensive survey on the theory and practice of local history. The third dwells extensively on the conflicting Sanskrit traditions, epistemological frameworks and knowledge systems of India. The fourth one is the exact reproduction of the old vijnanacintamani which was published by Punnasseri Nampi. The last issue seeks the impact of contemporary linguistic perspectives in Regional language studies especially in Malayalam. Outstanding academicians and writers have contributed in all issues.

  In each issue, research papers and abstracts of theses are included. Articles can be supplemented, if necessary, by audio and video files, power point or any other required software. There is space earmarked for review articles as well as creative pieces.

  We are seriously considering the prospects of including study materials and trying to covert the journal into a referred one.

  Articles can be submitted by email in soft copy in PDF / Word. Alternatively, hard copies can be sent to the Convener, Multimedia Centre. Writers are strongly advised to make sure submitted items are original and to desist from the use of copyrighted materials to avoid legal wrangling. For details, feel free to contact the Convener. Ph: 9447651899, 9947113641.

  ADDRESS:
  The Convener
  Multimedia Centre
  SNGS College
  Pattambi
  Palakkad
  Ph: 0466 2212223 9447651899
  Email: editor@vijnanacintamani.org , mail@sngscollege.info , sngscollege@gmail.com Website: http://www.sngscollege.info/ http://www.vijnanacintamani.org/
  The multimedia center is an independent academic platform. *It cuts across and transcends all formal barriers*It integrates latest technological innovations into learning *The center undertakes professional web design*Career oriented courses are conducted from time to time *Imparts training to competitive tests and entrance examinations *Development of software and educational CDs are other major aims