അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 24 September 2009

    രണ്ടായ്‌ മുറിച്ചത്! **

    (സുദേവന്റെ മൂന്ന് ഹ്രസ്വചിത്രങ്ങളെ പറ്റി)

    കല അസാധാരണത്വമാണെന്നും കലാകാരന്‍ അസാധാരണനാണെന്നുമുള്ള മിത്ത്‌ ആഴത്തില്‍ ഉറപ്പിച്ചത്‌ ആധുനികരാണ്‌. ജീവിതത്തെ ദ്വന്ദങ്ങളുടെ ഭാഷയായി വായിച്ചെടുത്തതും അവര്‍ തന്നെ. ദ്വന്ദങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ ഭ്രമാത്മകാവസ്ഥയെ ഏറെ വിശ്വസനീയമായി അവതരിപ്പിച്ചാണ്‌ 'സംത്രാസം' എന്ന്‌ ആധുനികര്‍ അനുഭവത്തില്‍ സൃഷ്ടിച്ചെടുത്ത അവസ്ഥ വായനയിലും കാഴ്ചയിലും ആധുനികതയുടെ തന്നെ അവസ്ഥ ആയി മാറുന്നത്‌. വിപരീതങ്ങള്‍ അലിഞ്ഞില്ലാതാകുന്നതോടെ ആധുനികതയും ചരമമടഞ്ഞു. ആധുനികത ഉറപ്പിച്ചു നിര്‍ത്തിയ വിപരീത ദ്വന്ദങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളില്‍ സംശയം ഉയര്‍ന്നപ്പോളാണ്‌ ഉത്തരാധുനികത ഉണ്ടാകുന്നതും.


    മെറ്റമോര്‍ഫസിസ്‌ എന്ന കഥയുടെ വിജയം അസ്വാഭാവികമായി തോന്നിയേക്കാവുന്ന ഒന്നിനെ ഏറെ വിശ്വസനീയമായി അവതരിപ്പിച്ച അതിന്റെ ആഖ്യാനശൈലിയിലാണ്‌. കാക്കനാടനും മുകുന്ദനും സക്കറിയയും ആ ആഖ്യാനതന്ത്രത്തിലൂടെ ഒരേ കഥ തന്നെ പലതായി പറഞ്ഞപ്പോളും ഏറ്റവും സ്വാഭാവികമായ വേറെ വേറെ അനുഭവങ്ങളായി നമുക്കു തോന്നിയില്ലേ?. സക്കറിയയുടെ 'ലാസ്റ്റ്‌ ഷോ' എന്ന കഥ അല്‍പം വ്യത്യസ്ത മാണെന്നു പറയാം.



    ആധുനികതയുടെ ഉച്ചയില്‍ ഉണ്ടായ കൃതികള്‍ ഇന്ന്‌ വീണ്ടും വായിക്കുമ്പോള്‍ എങ്ങനെ ഇരിക്കും? പലതും ഹാസ്യരചനകളായി തോന്നാനാണ്‌ സാധ്യത. പൗരുഷാവതാരമായ ജയന്‍ പില്‍ക്കാലത്ത്‌ മിമിക്രിയിലെ കോമിക്‌ ഐറ്റമായ പോലെ. ഇന്നും അറുപതുകളില്‍ തങ്ങിനില്‍ക്കുന്ന കുറേ പേരെ നമുക്കറിയാം. 'ജീവിക്കുന്ന ആത്മഹത്യകള്‍' എന്ന്‌ പണ്ട്‌ സഞ്ജയന്‍ വിളിപ്പേരിട്ടത്‌ ഇവര്‍ക്കു വേണ്ടിയാണോ? തന്റെ കഥകള്‍ കുറേ ചെറുപ്പക്കാരുടെ ജീവിതം കുളമാക്കി എന്ന് മുകുന്ദന്‍ തന്നെ ഏറ്റുപറഞ്ഞിരുന്നല്ലോ.പ്രമേയപരമായ ആധുനികത ഇന്ന് ഏതായാലും ഹാസ്യം ജനിപ്പിക്കുന്ന ഒരു സംഭവമായിട്ടുണ്ട്‌. ബുദ്ധിജിവിസിനിമക്കാര്‍ അവകാശപ്പെട്ടിരുന്നത്‌ ഓടുന്ന സിനിമയെടുക്കാന്‍ അധികം ബുദ്ധി വേണ്ടാ എന്നായിരുന്നു. എന്നാല്‍ പ്രിയദര്‍ശനടക്കം അവാര്‍ഡ്‌ സിനിമയെടുക്കാമെന്ന്‌ തെളിയിച്ചിട്ടും നമ്മുടെ ബുദ്ധിജീവി സിനിമക്കാര്‍ക്ക്‌ പത്താളെ കൂട്ടുന്ന് ഒരു സിനിമയെടുത്ത്‌ ഇക്കാര്യം പ്രൂവ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവാര്‍ഡിനു വേണ്ടി കോമ്പ്രമൈസ്‌ ചെയ്യുന്ന കള്‍ട്ട്‌ സിനിമയുടെ പുഷ്കല കാലത്തെ ഒന്ന്‌ ഓര്‍ത്തു നോക്കൂ. ആ സിനിമകളുടെ മാത്രം ഒരു പ്രദര്‍ശനപരമ്പര ഇന്ന് നടത്തുന്നതിനെക്കുറിച്ചൊന്ന് ആലോചിക്കുക. പ്രേംനസീര്‍ സിനിമകള്‍ ഇന്ന് ടി.വിയില്‍ കാണുന്നതിനേക്കാള്‍ അസഹനീയമായിരിക്കയില്ലേ അത്‌?



    ആധുനികത നിരന്തരം ആവര്‍ത്തിച്ചിരുന്ന ഒരു പ്രമേയത്തെ കൂട്ടുപിടിച്ച്‌ ഇന്ന് ഒരു ഹ്രസ്വചിത്രം ചെയ്യാനുറച്ച ഒരു ചെറുപ്പക്കാരനെ അപ്പോള്‍ നാം ഒന്നു കരുതലോടെ സമീപിക്കണം. അതും ഒന്നല്ല, തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ഒരേ ത്രെഡില്‍ നിന്ന്‌! സുദേവന്‍ എന്ന എന്റെ അയല്‍പക്കത്തെ ചെറുപ്പക്കാരനെ ഞാന്‍ നമിക്കുന്നത്‌ അതുകൊണ്ടാണ്‌. ദല്‌ഹി നഗരത്തില്‍ തന്റെ സ്വപ്നചിത്രങ്ങള്‍ ഉപേക്ഷിച്ച്‌ പോയ മുകുന്ദന്റെ ചിത്രകാരനല്ല സുദേവന്‍, ഇങ്ങ്‌ പെരിങ്ങോട്‌ ഒരു കുഗ്രാമത്തില്‍ പെയ്ന്റുപണിക്കാരനും പെയ്ന്ററുമായി ജീവിതം തള്ളിനീക്കുന്ന ഔപചാരിക സിനിമാവിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ചെറുപ്പക്കാരന്‍, ചെറുപണികള്‍ ചെയ്ത്‌ ജീവിക്കുന്ന തന്റെ സുഹൃത്തുക്കളോടൊത്ത്‌ ഒരു സാധാരണ ഹാന്റി ക്യാമറയില്‍ സാങ്കേതിക വിദ്യയുടെ കൂടിയ സഹായമൊന്നുമില്ലാതെ വളരെ അമേച്വര്‍ എന്നു തോന്നിപ്പിക്കുന്ന ഈ മൂന്നു ചിത്രങ്ങളിലൂടെ സാധിച്ചെടുത്തത്‌ ആധുനികതയില്‍ കുടുങ്ങിക്കിടന്ന ആ പ്രമേയത്തിന്റെ എക്കാലത്തെയും തുറന്ന സാധ്യതയെ സ്ഥാപിക്കലാണ്‌ .


    ആധുനികത ഉപയോഗിച്ച്‌ പഴകിയ ഒരു കഥാതന്തുവില്‍ നിന്ന് മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ട തുടര്‍ പരാജയത്തില്‍ നിന്ന് ഈ ചെറുപ്പക്കാരനെ രക്ഷിച്ചതെന്താണ്‌? ഞങ്ങളുടെ കോളേജിലെ പുതു തലമുറ മൂന്നാം തവണയും പ്ലാനിങ്ങ് കാണാന്‍ തിക്കി തിരക്കിയതിന്റെ ഗുട്ടന്‍സ് എന്താണ്?‌ അവാങ് ഗാര്‍ദ് സിനിമകളൊന്നും തന്നെ അര മണിക്കൂര്‍ സമയം സ്വസ്ഥമായിരുന്നു കാണാനുള്ള സൗമനസ്യം അവര്‍ ഒരിക്കലും കാണിക്കാറില്ല എന്നോര്‍ക്കണം.


    ഇവിടെയാണ്‌ മീഡിയത്തോടുള്ള സത്യസന്ധത പ്രധാന പരിഗണനയായി വരുന്നത്. അത്രയേറെ സ്വാഭാവികവും ആയാസരഹിതവും ആയ ഒഴുക്ക്‌ സുദേവന്റെ ആഖ്യാന ശൈലിക്കുണ്ട്‌. പ്രൊഫഷണല്‍ ആയ ഒരു പൂര്‍ണ്ണതയുടെ ഗരിമയോടെ അല്ല ആ ചിത്രങ്ങള്‍ പ്രേക്ഷകനില്‍ എത്തുന്നത്. ഒരു തച്ച് ബാക്കിയുണ്ട് എന്ന നാടന്‍ പണിയുടെ ഒഴുക്കന്‍ വിനയത്തോടെയാണ്‌. ഈ ചിത്രങ്ങള്‍ കൈവേലയാണ്‌, യന്ത്രനിര്‍മ്മിതിയല്ല എന്ന്‌ തോന്നിപ്പിച്ചതിലാണതിന്റെ വിജയം എന്ന്‌ ഞാന്‍ കരുതുന്നു. കൃതിമമായ വെളിച്ചസംവിധാനങ്ങളോ (പുതിയ പരീക്ഷണ നാടകങ്ങള്‍ പലതും കാണുമ്പോള്‍ വെളിച്ച സംവിധായകനാണ്‌ താരം) എന്ന്‌ തോന്നാറുണ്ട്. നമ്മെ അമ്പരപ്പിക്കുന്ന ക്യാമറാ ആംഗിളുകളോ ഫ്രൈമിന്റെ രൂപക്രമമോ ആഴത്തില്‍ നമ്മെ നിശബ്ദനാക്കാന്‍ പോന്ന ദാര്‍ശനിക ഭാരം പേറിയ ഡയലോഗുകളോ വലിഞ്ഞു മുറുകിയ മുഖഭാവങ്ങളോ ഈ ചിത്രങ്ങളില്‍ കാണാനാവില്ല. കേരളീയ ഗ്രാമത്തിന്റെ സ്വാഭാവികതയുണ്ടാക്കാന്‍ മണ്ണട്ടയുടെയും ചീവീടിന്റെയും ശബ്ദം കാതടപ്പിക്കുന്ന രീതിയില്‍ നിരന്തരം ആവര്‍ത്തിച്ച് ആകെ അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദസംവിധാനശൈലിയുമില്ല. ഇക്കണോമിക്സ് ക്ലാസ്സില്‍ നിന്നിറങ്ങി ഛര്‍ദ്ദിക്കുന്ന, സാര്‍ത്രും മാവോ സേതുങും ലോര്‍ക്കയുമൊക്കെ വായില്‍ തിരുകിയ ബുദ്ധിജീവി കഥാപാത്രങ്ങളൊന്നും സുദേവന്റെ സിനിമകളിലില്ല. നാടന്‍ കള്ളന്മാരും കിണറു പണിക്കാരുമൊക്കെയേ ഉള്ളൂ.


    മുന്നു ചിത്രങ്ങളിലും രണ്ട് കഥാപാത്രങ്ങളാണുള്ളത്. ആദ്യ ചിത്രമായ പ്ലാനിങ്ങ് രണ്ട് കള്ളന്മാരുടെ കഥ യാണ്‌.


    രാത്രിയുടെ നിഗൂഢതയില്‍ അതിവിദഗ്ദമായി, പഴുതുകളടച്ച് നടത്തുന്ന ഒരു കവര്‍ച്ചയുടെ ആസൂത്രണം പകല്‍ വെളിച്ചത്തില്‍ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച് പോളിഞ്ഞുപോകുന്നതും കവര്‍ച്ച നടത്താന്‍ കയറിയ വീട്ടില്‍ ഒരു മുറിയില്‍ കുടുങ്ങിപോകുന്നതുമാണ്‌ കഥ. നിരവധി വൈരുധ്യങ്ങള്‍ ദ്വന്ദ്വ ഭാവത്തില്‍ പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തി ഇതിനിടയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീട്ടുടമസ്ഥനായ ബ്ലേഡ് കമ്പനിക്കാരന്‍ എല്ലാം പൊളിഞ്ഞു പാളീസ്സായി അത്മഹത്യ ചെയ്യാന്‍ കുടുംബസമേതം ഉപേക്ഷിച്ചുപോയ വീട്ടിലാണ്‌ കവര്ച്ചാ‍ശ്രമം. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ബ്ലേഡ് കമ്പനികള്‍ പൊട്ടിപ്പോയ കുന്നംകുളത്തിനടുത്താണ്‌ കഥ നടക്കുന്നത്. മോഷ്ടാക്കള്‍ക്ക്‌ ലഭിക്കുന്നത് കുറച്ചു പണവും ഒരു ആത്മഹത്യാക്കുറിപ്പും മാത്രം. ഇതിനിടയില്‍ പണിസഞ്ചി താഴത്തെ നിലയില്‍ അറിയാതെ വെച്ച് മുകളിലത്തെ ഒരു മുറി പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ചാരിയ വാതില്‍ ലോക്ക് ആകുകയും ഒരു കെണിയിലെന്ന പോലെ മോഷ്ടാക്കള്‍ അകപ്പെടുകയും ചെയ്യുന്നു. പതിയെ തങ്ങളുടെ വിധി ഉള്‍ക്കൊണ്ട് ജനലിലൂടെ ഒച്ച് വെച്ച് പുറത്ത് നിന്ന്‌ നാട്ടുകാരെ വിളിച്ചു വരുത്താന്‍ ശ്രമിക്കുന്ന കള്ളന്മാരുടെ തത്രപ്പാടിലാണ്‌ ചിത്രം അവസാനിക്കുന്നത്. മോഷ്ടാക്കളിലൊരാള്‍ പറയുന്നുണ്ട്. "ഇതുപ്പോ ഒരൊന്നൊരക്കനം വാതിലിന്റെ മീത്യേ ഈ നിക്കണതേ, അതിനപ്പുറം ഒന്നൂല്ല്യെ!" ഇത്ര അനായാസം അതെങ്ങനെ ആവിഷ്കരിക്കാനാവും?


    ആധുനികതയുടെ ഹാങ് ഓവറില്‍ തറഞ്ഞു നില്‍ക്കുന്ന 'വരൂ' പ്ലാനിങ്ങ് പോലെ അത്ര സമര്‍ത്ഥമായ രചനയല്ല. അപരിചിതമായ ഒരു നാട്ടിന്‍പുറത്ത് വഴി ചോദിച്ചെത്തുന്ന സെയില്‍സ് എക്സിക്യുട്ടീവിന്റെ ലുക്കുള്ള ഒരു ചെറുപ്പക്കാരന്‍ അല്പം ഉന്മാദിയെന്നു തോന്നുന്ന ഒരു വഴികാട്ടിയുടെ കെയ്യില്‍ അകപ്പെടുന്നതും വഴി തിരിഞ്ഞ് തിരിഞ്ഞ് സ്ഥലകാലങ്ങളുടെ നിശ്ചിതത്വത്തിനപ്പുറത്തേക്കെത്തുന്നതും സ്വബോധത്തിന്റെയും ഭ്രാന്തിന്റെയും വെളുമ്പില്‍ നിന്ന് ഭയചകിതനായീ ഓടി രക്ഷപ്പെടുന്നതമാണ്‌ പ്രമേയം.യുവാവിന്റെ ഉദ്വേഗങ്ങളിലൂടെയാണ്‌ സംഭാഷണങ്ങള്‍ വികസിക്കുന്നത്. സംഭാഷണമല്ല, എല്ലാം ആത്മഭാഷണങ്ങള്‍ മാത്രം!
    ഋഷിതുല്യമായ സ്ഥൈര്യവും നിശബ്ദതയുമാണ്‌ അലസ വേഷധാരിയായ വഴികാട്ടിയുടേത്. വളരെ സ്വാഭാവികമായി നീങ്ങുന്ന ആ യാത്ര ഒരു വളവു തിരിയുമ്പോള്‍ ആകെ അസ്വസ്ഥ ജനകമാകുന്നു. ക്രമേണ സെയില്‍സ് എക്സിക്യുട്ടീവിന്റെ വേഷഭൂഷകളും ചതുരവടിവുകളും അഴിഞ്ഞു പോകുന്നു. പകലിന്റെ വെള്ളിവെളിച്ചം നീളമുള്ള നിഴലുകള്‍ക്ക് വഴിമാറുന്നു. പൊട്ടിതിരിച്ചതുപോലുള്ള നടത്തിനിടയില്‍ വന്യമായ വഴികളിലൊന്നില്‍ തളര്‍ന്നിരിക്കുന്ന ചെറുപ്പക്കാരന്‍ നിരാലംബനായി ഇടക്ക് ചോദിക്കുന്നുണ്ട്. "എതാ ഈ സ്ഥലം? എന്തിനായിട്ടാടോ ഞാനീ നടക്കുന്നത്? ആരെ കാണാനാ? എടോ എന്റെ വീട്ടിലുള്ളവരെന്താ വിചാരിക്കാ? എതെവിടേച്ച്ട്ടാ? വയ്യ, ആരോടാ പറയാ? ആരോടാ ചോദിക്കാ? ഏതാ ഈ സ്ഥലം? ഈ ജന്മത്തിലിത് ഇന്നാ കണ്ട്. വാച്ചും നിന്നു." കനിവോടെ ആശ്വസിപ്പിക്കുന്ന ജ്ഞാനി യാത്ര അവസാനിപ്പിക്കുന്നത് വിജനമായ ഉന്മാദത്തിന്റെ കുന്നിന്‍പുറത്താണ്‌. ഒരു നിമിഷം ബോധം വീണ്ടെടുത്ത ചെറുപ്പക്കാരന്‍ ദൂരെ കാണുന്ന ടെലഫോണ്‍ പോസ്റ്റും കമ്പിക്കാലും അതിരിട്ട നാട്ടു ചെമ്മണ്‍ പാതയിലേക്ക് ഓടി രക്ഷപ്പെടുന്നു.

    കാണികളില്‍ ഉടനീളം തുടരുന്ന അമര്‍ത്തിപ്പിടിച്ച ചിരി ഒരു നിശബ്ദതയില്‍ അവസാനിക്കുന്ന നിമിഷമാണിത്. രായിരനെല്ലൂരിലെ നാറാണത്ത് ഭ്രാന്തനെ അവരറിയാതെ തൊടുന്ന ഒരു നിമിഷം. കാക്കനാടനും മറ്റും ഈ പ്രമേയം നിരവധി തവണ ആവര്‍ത്തിച്ചിട്ടും ആ രചനകളില്‍ ഒന്നും കാണാത്ത ഒരു അനായാസതയും ലാളിത്യവും സ്വാഭാവികതയും പതിനഞ്ചു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള 'വരൂ' വിന്‌ ഉണ്ട്.ഈ പ്രസാദാത്മകത അരവിന്ദന്റെ ഒരിടത്തിന്‌ മാത്രമേ കണ്ടിട്ടുള്ളൂ.
    സുദേവന്റെ പുതിയ ചിത്രമായ 'രണ്ട്' സങ്കീര്‍ണ്ണമായ മറ്റൊരു ഘടനയില്‍ അധിഷ്ഠിതമാണ്‌. രണ്ടു കിണറൂ പണിക്കാരുടെ ഒരു പകലറുതി വരെയുള്ള ജീവിതത്തിന്റെ ആഖ്യാനമാണത്. ഏറെ വിശദവും സൂക്ഷ്മവുമാണ്‌ ഇതിന്റെ ചിത്രണം. നാറാണത്ത് ഭ്രാന്തന്റെ കഥ പോലെ നാട്ടിന്‍ പുറങ്ങളില്‍ ഏറെ വേരുള്ളതാണ്‌ കിണറു കുഴിക്കുമ്പോള്‍ നിധി കിട്ടി സമ്പന്നരായ തറവാടുകളെ പറ്റിയുള്ള അടക്കിപ്പിടിച്ച കഥനങ്ങള്‍.
    ഈ ചിത്രത്തിന്റെ ത്രെഡും അത്തരം ഒരു സാധ്യതയെ സംബന്ധിച്ച അബോധാത്മകമായ ആഗ്രഹത്തില്‍നിന്നാണ്‌. കിണറുപണിക്കിടെ കൈമാറുന്ന നിസ്സാരമായ ആവലാതികളും അടക്കം പറച്ചിലുകളും സന്തോഷങ്ങളും കുറ്റപ്പെടുത്തലുകളും സങ്കടങ്ങളും ഒക്കെ ഇടകലര്‍ന്ന സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ ഈ രണ്ടുപേര്‍ക്കുമിടയിലെ ആത്മബന്ധത്തിന്റെ നീര്‍ച്ചാല്‍ സൂക്ഷ്മത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. ചുമകലര്‍ന്ന പനിക്കോളിന്റെ കനമുള്ള ഉച്ചമയക്കത്തില്‍ അതിലൊരാളുടെ സ്വപ്നത്തിലെ കിണറില്‍ ഒരു നിധി കണ്ടെത്തുന്നതോടെ കഥയുടെ ഗതി മാറൂന്നു. വെയില്‍ കനക്കുന്നു. നിധിക്കു വേണ്ടിയുള്ള മല്പ്പിടുത്തവും സംഘട്ടനവും ഒടുവില്‍ കൊലപാതകവും സംഭവിക്കുന്നു. മരിച്ചുകിടക്കുന്ന കാരണവരുടെ പോക്കറ്റില്‍ നിന്ന് അവസാന നാണയവും പിന്നെ ഒരു ബീഡിക്കുറ്റിയും എടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നിമിഷം നെറ്റിയില്‍ ചോര പടരുന്ന ആ സ്വപ്നത്തില്‍ നിന്നയാള്‍ എണീക്കുന്നു. ജാഗ്രത്തിനും സ്വപ്നത്തിനുമിടയിലുള്ള അതിര്‍ വരമ്പുടഞ്ഞ് ആകെ കുഴഞ്ഞു നില്‍ക്കുന്ന അയാള്‍ താന്‍ ‍'കൊന്നയാളെ' നിര്‍ജ്ജീവമായി പിന്തുടര്‍ന്ന് പിന്നെയും പണി തുടരുന്നു. ആകെ കുഴഞ്ഞു മറഞ്ഞു കിടക്കുന്ന അയാളില്‍, അയാള്‍ നിഷ്കരുണം കൊന്നയാളുടെ രക്ഷാകര്‍തൃത്വത്തിന്റെ വാല്‍സല്യം മഴവില്ലു പോലെ വളഞ്ഞു തൊടുന്നു. ആ നനവില്‍ ആകെ കുതിര്‍ന്ന അയാള്‍ മെല്ലെ രണ്ടാമനെ തൊട്ട് ഒരു ബീഡീ വാങ്ങി വലിച്ച് പണി തുടര്‍ന്ന്‌ പോകെ ക്യാമറ കിണറില്‍ നിന്നകന്നകന്ന് പോയി ചിത്രം അവസാനിക്കുന്നു.
    വെളിച്ചത്തിന്റെയും നിഴലിന്റെയും സൂക്ഷ്മമായ മിശ്രണം ചിലയിടത്തൊക്കെ ഒരു എപിക് മാനം ചില ഫ്രൈയിമുകള്‍ക്ക് നല്‍കുന്നുണ്ട്. സാധാരണമായ ഒരു അല‍സഗമനത്തിലായിരുന്ന ചിത്രം ഏതു വളവിലാണ്‌ സംഘര്‍ഷഭരിതമായ വലിഞ്ഞു മുറക്കത്തിലേക്കും തിരിച്ച് ഒരു ചാറ്റല്‍ മഴപോലെയും മാറി വരുന്നത് എന്ന്‌ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ ഈ ചിത്രത്തിന്റെ വിജയം. പച്ചമണ്ണും ചോരയും വിയര്‍പ്പും പുരണ്ട ഓരോ ദൃശ്യവും തെളിഞ്ഞ വെയിലും കനത്ത ആകാശവുമടങ്ങുന്ന പശ്ചാത്തലവുമൊക്കെ സ്വാഭാവികമായി തന്നെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ഇത്രയേറെ ഡീറ്റെയിലില്‍ ശ്രദ്ധിച്ചിട്ടുള്ള ഷോട് ഫിലിമുകള്‍ അധികമില്ല. കുടത്തിലേക്കു വീഴുന്ന മൊന്തയുടെ ചലനം ഒപ്പിയെടുത്തത്‌ ഒരു ഉദാഹരണം. അഭിനേതാക്കളുടെ ഒരോ ചലനങ്ങളും ഇത്ര തികവില്‍ മറ്റധികമിടങ്ങളില്‍ കണ്ടിട്ടുമില്ല.ഈ ചിത്രത്തിന്റെ ചിത്രീകരണം പകര്‍ത്തിയ ഒരു ഭാഗവും സി ഡിയോടൊപ്പമുണ്ട്. സിനിമക്കായി ഒരു കിണര്‍ കുഴിക്കുന്നതിന്റെ വിശദാംശങ്ങള്‍ ആണിതില്‍. യഥാര്‍ത്ഥത്തില്‍ കിണറുകുഴിച്ച ആ രണ്ടു പണിക്കാരും അവരുടെ ചലനങ്ങള്‍ ഭക്ഷണം കഴിക്കുന്ന രീതി ഇതൊക്കെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിക്ഷനേത് ഡോക്യുമെന്ററി ഏത് എന്ന അങ്കലാപ്പ് നമുക്കുണ്ടാകും. ചലച്ചിത്രനിര്‍മ്മാണത്തെ ഒരു വേലയായാണ്‌ സുദേവനും അച്യുതാനന്ദനുമൊക്കെ കാണുന്നത്. ഒരു പരമ്പരാഗത കൈവേല പോലെ. ആ സത്യസന്ധതയുടെ ഊര്‍ജ്ജമാണ് ഈ ചിത്രങ്ങള്‍ പ്രസരിപ്പിക്കുന്നതും. ഏറെ ചിലവു വന്ന അവസാന ചിത്രത്തില്‍ ചിലവിന്റെ സിംഹഭാഗവും അതിനായി കിണറു കുഴിച്ചതിന്റെ പണചിലവായിരുന്നു എന്ന കാര്യം തന്നെ ഇത്‌ തെളിയിക്കുന്നു.
    ബുദ്ധിജീവി ജാഡകള്‍ എന്ന് മറ്റുള്ളവര്‍ക്ക് വിളിക്കാന്‍ സൗകര്യമായ തരത്തില്‍ അത്യന്താധുനിക കാലം എല്ലാ രൂപങ്ങളിലും ദുര്‍ഗ്രഹമായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് വശം കെടുത്തിയ ഒരാശയത്തെ അസ്ഥി തുളക്കുന്ന സത്യസന്ധതയോടെ, സ്വാഭാവികതയോടെ ആധുനികതക്കിപ്പുറവും ആവിഷ്കരിക്കാന്‍ ഈ ചെറുപ്പക്കാരനെ പ്രാപ്തനാക്കിയതെന്താണ്‌? ഒന്ന്‌ പരന്നു നോക്കുമ്പോള്‍ അധികം അകലെയല്ലാതെ മറ്റൊരാള്‍ നില്‍ക്കുന്നത് കാണാം. ആധുനികതയുടെ ഉച്ചയില്‍തന്നെ അത്തരം പ്രമേയങ്ങളെ നാട്ടിന്‍ പുറത്ത് വെള്ളരിനാടകത്തിലൂടെ ആവിഷരിച്ച ഒരാള്‍, തുപ്പേട്ടന്‍. ദ്വന്ദ്വഭാവനയുടെ സംഘര്‍ഷം ഇത്ര സമര്‍ത്ഥമായി ആവിഷ്കരിച്ച നാടകത്തിന്റെ ആ നാട്ടുമൂപ്പന്‍ രചിച്ച 'ഡബിളാക്റ്റ്' എന്ന നാടകത്തില്‍ പപ്പടം ചുടണോ, അതോ കാച്ചണോ എന്ന സ്വത്വപ്രതിസന്ധിയില്‍ പെട്ട് പൊട്ടിതകരുന്ന കഥാപാത്രമുണ്ട്. അത്ര ലളിതം, അനായാസം സുദേവന്റെയും ആഖ്യാനം.
    തുപ്പേട്ടന്റെ നാടകങ്ങള്‍ക്ക് ആറ്റൂര്‍ എഴുതിയ ഒരു ആമുഖക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. "ചില നീര്‍ച്ചാട്ടങ്ങളുണ്ട്. കാട്ടില്‍ അധികമാരും കാണാതെ. ഒരിക്കല്‍ അത് ചില കുതുകികള്‍ കണ്ടെത്തുന്നു...... "
    "ഇത് നാടന്‍ വിളവ്. രാസവളമിട്ടതല്ല. അധികമില്ല. കമ്പോളത്തിലുള്ളതുമല്ല."
    സുദേവന്റെ സിനിമകള്‍ ഓര്‍ത്ത് ആറ്റൂരിന്റെ വരികള്‍ക്ക് താഴെ ഞാനും ഒരു കൈയൊപ്പിടുന്നു.
    (അടിക്കുറിപ്പ്: സുദേവന്‍ ഇനി ഒരു ചിത്രമെടുക്കുമോ എന്ന സംശയം എനിക്കില്ല. കാരണം അതയാളുടെ വേലയാണ്. മൂന്നാമത്തെ ചിത്രം ഏല്പ്പിച്ച സാമ്പത്തികാഘാതം മറികടക്കാനുള്ള വഴികള്‍ അന്വേഷിക്കയാണ്‌ ഇപ്പോള്‍ ആ നാട്ടുകൂട്ടായ്മ. ഈ മൂന്ന് ചിത്രങ്ങളും അടങ്ങിയ ഡി.വി ഡി താല്പര്യമുള്ളവര്‍ക്ക് സംവിധായകനില്‍ നിന്നും വാങ്ങിക്കാവുന്നതാണ്‌.)

    ** പി.പി. രാമചന്ദ്രന്റെ കവിത.
    http://sngscollege.info
    http://vijnanacintamani.org

    4 comments:

    1. സുദേവന്‍ ഇനി ഒരു ചിത്രമെടുക്കുമോ എന്ന സംശയം എനിക്കില്ല.കാരണം അതയാളുടെ വേലയാണ്. മൂന്നാമത്തെ ചിത്രം ഏല്പ്പിച്ച സാമ്പത്തികാഘാതം മറികടക്കാനുള്ള വഴികള്‍ അന്വേഷിക്കയാണ്‌ ഇപ്പോള്‍ ആ നാട്ടുകൂട്ടായ്മ. ഈ മൂന്ന് ചിത്രങ്ങളും അടങ്ങിയ ഡി.വി ഡി താല്പര്യമുള്ളവര്‍ക്ക് സംവിധായകനില്‍ നിന്നും വാങ്ങിക്കാവുന്നതാണ്‌.)

      ReplyDelete
    2. പ്ലാനിംഗ് മാത്രമേ കണ്ടിട്ടുള്ളൂ. ശരിക്കും ചിരിച്ചു പോകുന്ന സിനിമ. മൊണ്ടാഷ് ഫെസ്റ്റിവലില്‍ അതിന്‌ സമ്മാനം കിട്ടി എന്നാണോര്‍മ്മ. സുദേവന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തിയത് നന്നായി. അദ്ദേഹത്തിന്റെ വിലാസമോ ഫോണ്‍ നമ്പറോ നല്‍കാമായിരുന്നു.

      ReplyDelete
    3. sudevan 9288118258

      ReplyDelete
    4. സുദേവന്റെ ഫോണ്‍ നമ്പര്‍ നല്‍കിയ അജ്ഞാതസുഹൃത്തിന്‌ നന്ദി. ഡി.വി.ഡി ആവശ്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുമല്ലോ.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക