അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 14 May 2009

    മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍

    മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍

    തമിഴില്‍ നിന്ന് തെറ്റിപിരിഞ്ഞ്‌ മലയാളം അതിന്റെ വികാസ ദശയില്‍ സ്വയം വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ ഒരു വ്യാകരണ ഉപാധിയാണു അനുപ്രയോഗം. മലയാളഭാഷയുടെ ജീനിയസ്‌ അനുപ്രയോഗങ്ങള്‍ വഴി സാധ്യമാകുന്ന സൂക്ഷ്മാര്‍ത്ഥങ്ങളില്‍ കാണാം. ക്രിയയുടെ അര്‍ത്ഥഭേദങ്ങള്‍, സവിശേഷ കാല സൂചനകള്‍, പൂരണങ്ങള്‍ തുടങ്ങിയവ അനുപ്രയോഗങ്ങളെ ഉപയോഗിച്ചാണ് മലയാളി സാധിക്കുന്നത്.
    "മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തു പരമായി പ്രയോഗിക്കുന്ന ധാതുവാകുന്നു അനുപ്രയോഗം. ആയതു മൂന്നു മാതിരിയുണ്ടു്. 1) ഭേദകാനുപ്രയോഗം 2) കാലാനുപ്രയോഗം, 3) പുരണാനുപ്രയോഗം. ധാതുവിന്റെ സ്വന്താര്‍ത്ഥത്തില്‍ ചില വിശേഷാര്‍ത്ഥങ്ങളെ ചേര്‍ക്കുന്നതു് ഒന്നാമത്തേതു്. ഭൂതാദികാലത്രയത്തില്‍ ചില താരതമ്യം ചെയ്യുന്നതു രണ്ടാമത്തേതു്. ഖിലങ്ങളെ പൂരിപ്പിക്കുന്നതു മൂന്നാമത്തേതു്. സംസ്കൃതത്തിലെ ഉപസര്‍ഗ്ഗങ്ങളുടെ സ്ഥാനമാകുന്നു ഭേദകാനുപ്രയോഗം വഹിക്കുന്നതു്. എന്നാല്‍ പ്രഹരം, ആഹാരം, സംഹാരം, വിഹാരം, പരിഹാരം എന്നു പ്രാദ്യുപസര്‍ഗ്ഗങ്ങള്‍ ഹൃ- ധാതുവിന്റെ അര്‍ത്ഥത്തെ പ്രകൃത്യര്‍ത്ഥത്തോടു ലേശം സംബന്ധമില്ലാത്തവിധം ഭേദപ്പെടുത്തുന്നതു പോലെ അനുപ്രയോഗങ്ങള്‍ ഒരിക്കലും ചെയ്യുന്നില്ല. " എന്ന് ആര്‍. രാജരാജവര്‍മ്മ കേരളാപാണിനീയത്തില്‍ അനുപ്രയോഗങ്ങളെ വിശദീകരിക്കുന്നു.
    'വരും, വരാതിരിക്കില്ല 'എന്ന മഞ്ഞിലെ അവസാന വാക്യം മലയാളത്തില്‍ മാത്രം ആവിഷ്കരിക്കാവുന്ന ഒന്നായത് , വിവര്‍ത്തനത്തില്‍ നഷ്ടപെടുന്ന സൗന്ദര്യം ആയത് അനുപ്രയോഗങ്ങളെ കൊണ്ടാണ്. ‍സൂക്ഷ്മമായ അര്‍ത്ഥഭേദങ്ങള്‍ മാത്രമല്ല ഭാഷയില്‍ പുതിയ വ്യാകരണ വിശേഷങ്ങളെയും പ്രയോഗങ്ങളെയും സാദ്ധ്യമാക്കിയതില്‍ അനുപ്രയോഗങ്ങളുടെ പങ്ക് വലുതാണ് . നിഷേധരൂപങ്ങള്‍, വര്‍ത്തമാന കാലരൂപം, കര്‍മണി പ്രയോഗം, പ്രകാരങ്ങള്‍ തുടങ്ങി മലയാളം ആധുനികീകരിക്കാന്‍ പില്‍ക്കാലത്ത് വളര്‍ത്തിയെടുത്ത ഭാഷാസാമഗ്രികളുടെയും പിറകില്‍ അനുപ്രയോഗത്തിന്റെ പ്രവര്‍ത്തനം കാണാം. മലയാള‍ത്തിന്റെ സ്വകാര്യമായ അഹങ്കാരം എന്ന് അനുപ്രയോഗത്തെ വിളിക്കാം.
    മലയാള ഭാഷയ്ക്ക് വ്യാകരണം എഴുതിയ എല്ലാവമും അനുപ്രയോഗത്തിന്റെ ഈ സവിശേഷതയെ കണ്ടറിഞ്ഞിരുന്നു. സഹായകക്രിയ (Auxilary Verbs) , അനുപ്രയോഗം (Post positions) തുടങ്ങി പല പേരുകളിലാണ് വിളിക്കപ്പെട്ടത് എങ്കിലും. ഇംഗ്ലീഷിലെ Auxilary Verbsല്‍ നിന്നുള്ളവ്യത്യാസം ഇത് ഉപസര്‍ഗങ്ങളായി വരില്ല എന്നതാണ്.
    'വരാമനുപ്രയോഗങ്ങള്‍ മേല്ക്കുമേലും പിരിഞ്ഞുമായ്'
    'അനുപ്രയോഗം വിവക്ഷപോലെയും അര്‍ത്ഥയോജനപോലെയും ഉപര്യുപരി പ്രയോഗിക്കാം. അനുപ്രയോഗങ്ങള്‍ പ്രാക്പ്രയോഗങ്ങള്‍ക്കു നേരെ പരമായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല; അവയുടെ മധ്യേ മറ്റു പദങ്ങള്‍ ഇരിക്കുന്നതിനു വിരോധമില്ല.' എന്ന് കേരളപാണിനി പറയുന്നുണ്ടെങ്കിലും പ്രാക്പ്രയോഗത്തിനു ശേഷം അനുപ്രയോഗം ചേര്‍ക്കുക എന്നത് തന്നെയാണ് പൊതു രീതി.‍ ഇങ്ങനെ വരുന്നതു പ്രായേണ ചോദ്യങ്ങളിലാകുന്നു എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഉദാഹരണം:
    കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാന്‍ മടിക്കുന്നു തരംവരുമ്പോള്‍? കൃ.ച. ഭക്തന്മാര്‍ക്കുണ്ടോ സങ്കടമുണ്ടാകുന്നു? മ.ഭാ. വണ്ടിണ്ടയെ പൂമലര്‍ ചെന്നു തെണ്ടിനടക്കുമാറുണ്ടോ കണ്ടു?
    മേല്‍ക്കുമേല്‍ അനുപ്രയോഗങ്ങള്‍ കെട്ടി മറീഞ്ഞുണ്ടാകുന്ന ഉക്തി വൈചിത്ര്യങ്ങളാണ് ഏറ്റവും രസകരം. 'മഴ പെയ്തു കൊണ്ടേ ഇരുന്നു', 'മഴ പെയ്യുന്നുണ്ടായിരിക്കും 'എന്നിങ്ങനെ എത്ര അര്‍ത്ഥഭേദങ്ങള്‍! മേല്ക്കുമേല്‍ വരുന്നതിന്ഏ.ആര്‍. നല്‍കുന്ന ഉദാഹരണം നോക്കൂ""ആശാന്‍ വന്നപ്പോള്‍ കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഇവിടെ പഠിക്കുകയ്ക്കു് "കൊള്‍, ഇരി, ഉള്‍, ആ, ഇരി' എന്നു് അഞ്ചനുപ്രയോഗ ങ്ങളാകയാല്‍ സ്വാര്‍ത്ഥത്തേയും കുറിക്കുന്നു. അതിനാല്‍ ഈ സാംഗക്രിയാപദത്തില്‍ നിന്നുണ്ടാകുന്ന ബോധം ഫലവ്യാപാരങ്ങളുടെ തുടര്‍ച്ചയുള്ളതായും ഒരു ഭൂതത്തെ (വരവ്) അപേക്ഷിച്ചു ഭൂതമായും ഇരിക്കുന്ന "പഠിക്കല്‍' എന്നാകുന്നു."
    അനുപ്രയോഗങ്ങളെ കുറിച്ചുള്ള വിശദവും രസകരവുമായ നിരീക്ഷണം ഇംഗ്ലീഷിലെഴുതിയ ആദ്യ മലയാള വ്യാകരണഗ്രന്ഥവും പില്‍ക്കാല മിഷണറി വ്യാകരണങ്ങള്‍ക്ക് മാതൃകയുമായ റൊബെര്‍ട്ട് ഡ്രമ്മണ്ടിന്റെ Grammar Of The Malabar Language ല്‍ കാണം. നോക്കുക
    Grammar Of The Malabar Language
    "LECTURE TENTH
    Of Verbs of Elegance
    This sort of verbs is used by the Malabarians to add force, or beauty to an expression. They are as follows; കൊള്ളുന്നു to buy, to take, or receive, is joined to the preterite of verbs, and seems to have no other sense than to mark the time, or tense, for the preceding verb expresses the signification, which is also the case with other emphatical, or ornamental verbs, as മാനുഷര്‍ പിഴച്ചാറെ പുത്രന്‍ തമ്പുരാന്‍ അവരെ രെക്ഷിച്ചുകൊണ്ട after that men had sinned the son of God redeemed them, ആവൊളം നിന്നൊടപറെഞ്ഞ കൊണ്ടിട്ടനി കെട്ടില്ലെയൊ told you all I could, did you not hear?

    Secondly. കളയുന്നു to cast out, is added to verbs in the preterite, as വൊയികളഞ്ഞുhe did arted; പൊയികളയും he will go; ആട്ടികളയുന്നു to turn out; തല്ലികെളയുന്നു to beat, തല്ലികളഞ്ഞു Preterite.
    Thirdly. ഇരിക്കുന്നു to exist, to be, to sit, is joined to the preterite also, thus സ്നെഹിച്ചിരുന്നു I am loving, അവന്‍ ഇതപറഞ്ഞിരിക്കുമ്പോള്‍ when he is saying this, എഴുതി ഇരിക്കുന്ന പോലെ as it is written.
    Fourthly, കിടക്കുന്നു to lie, is also added to the preterite, as ചൊല്ലികിടക്കുന്നു it is said, എഴുതികിടക്കുന്നു it is written.
    Fifthly, അയയ്ക്കുന്നു , to send, is joined to the same tense, only the initial അ is cut off, & it is written യയ്ക്കുന്നു, and preterites ending in ഉ are changed into അ, but those in യി remain unchanged, thus, ഇത അവനൊട പറഞ്ഞയെച്ചതിന്റെ ശെഷം പൊയി when he had said this to aim he departed.
    Sixthly, വീടുന്നു to dismiss, when added to the preterite of a verb signifies to send, as ചൊല്ലിവീടുന്നു I send to say, or ചൊല്ലുടുന്നു
    Preteriteചൊല്ലുട്ട, കൊടുത്തു വീടുന്നു to send to give; this commonly written കൊടുത്തൂടുന്നു,, Pret. കൊടുത്തൂട്ടു

    In the same manner തന്നുവീടുന്നു, to send to give (speaking the 1st. or 2nd. person) or തന്നുടുന്നു pret.തന്നുട്ടു hence it appears that വീടുന്നു in composition is written, and pronounced as it was ഊടുന്നു, But this form is very seldom used and only in the above examples.

    Seventhly, തരുന്നു give to the first, or second person; കൊടുക്കുന്നു to give to the third, being joined to the preterite, add some hat to the signification of the verb; എടുത്തു തന്നു he took, and gave me ചൊല്ലിത്തന്നു he gave me in words, or he said to me; പഠിപ്പിച്ച കൊടുത്തു he taught him, gave instruction.
    Eightly ചെയ്യുന്നു do, may be joined to other verbs in three different ways.
    1st. To the Imperative, in which case ചെയ്യുന്നു is used in he participle of the present, or preter tense, as അവന്‍ പഠിപ്പിക്ക ചെയ്യുന്നത he teaches; ഇന്നലെ വരിക ചെയ്യത he came yesterday.
    2dly. the particle എ is annexed to the imperative, and ചെയ്യുന്നു and ചെയ്തു is added in the same manner as വെണം, and അരുത, thus അവന്‍ വരുകയും ചെയ്തു he came; നല്ല പൊലെ സന്തൊഷിക്കയും ചെയ്തു I am much rejoiced; and not infrequently it governs two, or three verbs, as in the following വേണ്ടുംവണ്ണം കുംപസരിക്കയും ദൊഷത്തി•ല്‍ തെരി കൊള്‍കെയും ഇനിമെലില്‍ വിഴക്ക ഇല്ലെന്ന മനെസിലുറെക്കുയും ചെയ്യുന്നവര്‍ക്ക ദൊഷപൊറുതികിട്ടും . They who do truly confess, and repent of their sins, and resolve to trangress no more shall obtain remission of their sins.
    This form of speech is very common.
    3dly. The last way in which this verb is annexed to others.is to the supine, dropping the final an ാന്‍, and substituting, ഊതും E.G. കാരിതിന്മുതും ചെയ്തിട്ട ശിക്ഷിക്ക യൊഗ്യന്‍ ആവുതും ചെയ്തു The first man by eating the forbiden fruit made himself liable to punishment; അവന്‍ അത ചെയിവുതും ചെയ്തു വരുന്നു He did it from which last example, it is plain that, this verb may be added, in the manner aforesaid, to itself.
    Ninthly. വരുന്നു, to come, is joined to the verb വെണ്ടി as, വെണ്ടിവരും it will be necessary. It is added also to verbs which have this defective verb previously annexed to them, as, പൊകേണ്ടിവരും I shall be forced to go; ; to this verb വെണ്ടി is also added ഇരിക്കുന്നു as വെണ്ടിരിക്കുന്നു it will be necessary’
    See the paragraph on shWw above;
    Tenthly ആകുന്നു to be, is added to the imperative, അവന്‍ അത പറകെ ആയത he said so; അവന്‍ അത ചെയ്യിക്ക ആയി he did it;
    Eleventhly ചമെയുന്നു to become, is joined to the preterits of the verbs ആകുന്നു and പൊകുന്നു as പൊയിചമെഞ്ഞു he departed മാലാകമാര്‍ ദൊഷം ചെയ്തിട്ട ചൈത്താന്മാര്‍ ആയി ചമഞ്ഞു the angels having sinned became Devils."
    അനുപ്രയോഗങ്ങളെ പിന്നീട് കാര്യമായി പരിഗണിച്ചത് കേരളപാണിനി ആണ്. അനുപ്രയോഗങ്ങളെ അത്ര കാര്യക്ഷമമല്ലെങ്കിലും വര്‍ഗീകരിച്ചതും അദ്ദേഹമാണ്. കേരളാപാണിനീയത്തിലെ ഏറ്റവും സമര്‍ത്ഥമായ കാരികകളില്‍ ഒന്ന് അനുപ്രയോഗം സാധ്യമാക്കുന്ന അര്‍ഥവിശേഷങ്ങളെ മുന്‍ നിര്‍ത്തി ധാതു ഉണ്ടാക്കുന്ന അര്‍ഥപരിവൃത്തിയുടെ സ്രോതസ്സിനെ കുറിച്ചുള്ളതാണ്. (വിവക്ഷ പോല്‍ മാറി മാറീ വരാം കാരകജാതികള്‍ എന്നതാണ് മറ്റൊന്ന്.)
    'അനുപ്രയോഗേ മൂലാര്‍ത്ഥം
    ബീജത്തില്‍ തരുവെന്നപോല്‍
    ആരാഞ്ഞു നോക്കിയാല്‍ കാണാം
    നീണ്ടു നീണ്ടു മുളച്ചതായു്.'
    "ഒരു വിത്തു വിതച്ചാല്‍ അതു് കിളുത്തു് ഇലകളായിച്ചമഞ്ഞു്, കൊമ്പുകള്‍ മുളച്ചു്, പൂത്തുകായ്ക്കുന്നതുപോലെ അനുപ്രയോഗങ്ങളില്‍ മൂലാര്‍ത്ഥം ഓരോ അവസ്ഥാന്തരങ്ങളെ പ്രാപിച്ചുകാണുന്നു. അനുപ്രയോഗത്തിലര്‍ത്ഥംഭേദിച്ചു കാണുന്നതു് മൂലാര്‍ത്ഥം നീണ്ടുനീണ്ടുണ്ടായതാണെന്നു താല്‍പര്യം "
    മലയാളത്തില്‍ എത്ര അനുപ്രയോഗ ധാതുക്കള്‍ ഉണ്ട്? അവ കൊണ്ട് സാധ്യമായ അര്‍ത്ഥ പ്രകാശനങ്ങള്‍ എന്തൊക്കെ എന്ന് ഇനിയും സൂക്ഷ്മമായി വിലയിരുത്തിയിട്ടില്ലെന്നു തോന്നുന്നു. 40- ഓളം അനുപ്രയോഗ ധാതുക്കള്‍ ഉണ്ടെന്നാണ് കരുതേണ്ടത് .

    കേരളാപാണിനീയത്തിലെ രസകരവും അതി സമര്‍ത്ഥവുമായ മറ്റൊരു വാക്യവും അനുപ്രയോഗങ്ങളുമായി ബന്ധപ്പെട്ടാണ്. അനുപ്രയോഗങ്ങളുടെ ഉക്തിവൈചിത്ര്യങ്ങളെ അന്വേഷിച്ചു പോകുന്ന ആരും ഒരു ഘട്ടത്തില്‍ പറഞ്ഞു പോകുന്ന വാക്യം! അതിതാണ്.

    "ബുദ്ധിമാന്മാര്‍ക്കിത്രയും കൊണ്ടു മതിയാകുന്നതിനാലും മന്ദന്മാര്‍ക്കു് എത്രതന്നെ വിസ്തരിച്ചാലും മനസ്സിലാവാന്‍ പ്രയാസമെന്നു ഭയന്നും ഇതിനെ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്താന്‍ ഇവിടെ ആരംഭിക്കുന്നില്ല."
    http://sngscollege.info/
    http://vijnanacintamani.org/

    1 comment:

    1. "ബുദ്ധിമാന്മാര്‍ക്കിത്രയും കൊണ്ടു മതിയാകുന്നതിനാലും മന്ദന്മാര്‍ക്കു് എത്രതന്നെ വിസ്തരിച്ചാലും മനസ്സിലാവാന്‍ പ്രയാസമെന്നു ഭയന്നും ഇതിനെ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്താന്‍ ഇവിടെ ആരംഭിക്കുന്നില്ല."
      കൊള്ളാം!

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക