
ഗാന്ധിജിയുടെ ഗുജറാത്തിലൂടെയല്ല, നരേന്ദ്രമോഡിയുടെ ഗുജറാത്തിലൂടെ ആയിരുന്നു ആ യാത്ര. അഹമ്മദാബാദില്‍ നിന്ന് മണിക്കൂറുകള്‍ അകലെയുള്ള ദ്രാംഗാദ്രയിലായിരുന്നു താമസം. പരുക്കന്‍ പാറകള്‍ നിറഞ്ഞ വരണ്ട പ്രദേശം. ഇന്‍ഡ്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടു രാജ്യങ്ങളില്‍ ഒന്നായിരുന്നു ദ്രാംഗാദ്ര. സര്‍ദാര്‍ പട്ടേലിന്റെ ഉരുക്കു മുഷ്ടികളാണ് ഈ പ്രദേശത്തെ സ്വതന്ത്ര ഇന്‍ഡ്യയുടെ ഭാഗമാക്കിയത്. ഇടുങ്ങിയ നഗരവീഥികള്‍ക്കിടക്കുപോലും മുഷിഞ്ഞ വീടുകള്‍ കാണാം. എല്ലാ വീടുകളോടും ചേര്‍ന്ന് തൊട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെ മനുഷ്യരേക്കാള്‍ പരിഗണന കന്നുകാലികള്‍ക്കുണ്ട്.
കാലത്ത് അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ കാറ്റാടി യന്ത്രങ്ങള്‍ അതിരിട്ട വിജനമായ വഴികളും തരിശുനിലങ്ങളും റിലയന്‍സിന്റെ പാട്ടഭൂമികളും കടന്ന് നഗരത്തിലേക്കുള്ള യാത്രയില്‍ ഒരു റോഡ് ആക്സിഡന്റ്. രണ്ടു പേര്‍ മരിച്ചിരിക്കുന്നു. മൂന്നാമത്തെയാള്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്നു. നാഷണല്‍ ഹൈവേയാണ്. ഒന്നും ചെയ്യാനില്ല. വൈദ്യ സഹായം എത്തണമെങ്കില്‍ ചുരുങ്ങിയത് രണടര മണിക്കൂറെടുക്കും ഡ്രൈവര്‍ പറഞ്ഞു. മെല്ലെ അഹമ്മദാബാദിലെ തിരക്കുള്ള വീഥികളിലെത്തി ഇന്നത്തെ ഇന്‍ഡ്യയുടെ മുഖം. ഗംഭീരമായ എടുപ്പുകള്‍, അഴുകുകയും ഒഴുകുകയും ചെയ്യുന്ന നഗരം, നരച്ച ആകാശം വിതാനിച്ച് പല നിറത്തിലുള്ള പുക ഉയരുന്നു. ഒരു മാലിന്യകൂമ്പാരത്തിലകപ്പെട്ടതുപോലെ തോന്നി. തിരക്കുള്ള ഒരു തെരുവിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. വില പേശി വാങ്ങാം, മാര്‍ക്കറ്റ് മുസ്ലീങ്ങളുടേതാണ്. പക്ഷെ പ്രശ്ന ബാധിത പ്രദേശമാണ്.
തിരിഞ്ഞു തിരിഞ്ഞൊടുവിലാണ് സബര്‍മതി ആശ്രമത്തിലെത്തിയത്. പെട്ടെന്നൊരു കുളിര്‍മയില്‍ തല പൂഴ്ത്തിയതുപോലെ. നഗരത്തിന്റെ തിരക്കോ ബഹളമോ ഇല്ല. പച്ചപ്പിന്റെ ഒരു തുരുത്ത്. കൊതിപ്പിക്കുന്ന വൃത്തി. എത്ര ലളിതം, സൗമ്യം. ഒച്ചയില്ലാതെ നടക്കുന്ന നടത്തിപ്പുകാര്‍, ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള സചിത്ര യാത്രകള്‍. എന്റെ മകന്‍ സ്വതന്ത്രമായി മണലിലൂടെയും പുല്‍ത്തകിടികളിലൂടെയും ഓടി കളിക്കുന്നുണ്ടായിരുന്നു. വിലക്കുകളില്ലാതെ എന്റെ ഹാന്റി ക്യാം വിനീതവും ലളിതവുമായ ദൃശ്യങ്ങളിലൂടെ സ്വഛന്ദമായി സഞ്ചരിച്ചു കോണ്ടിരുന്നു. ആശ്രമത്തില്‍ തന്നെയുള്ള കൊച്ചു സ്കൂളില്‍ നിനുളള കുട്ടികള്‍ ഇടക്ക് കൗതുകത്തോടെ ഫ്രൈയിമില്‍ വന്നു പോയികൊണ്ടിരുന്നു.
പതുക്കെ സബര്‍മതി തീരത്തെത്തി. നഗര വ്യവസായ മാലിന്യങ്ങള്‍ കൊണ്ട് കറുത്തുപോയ നദീമുഖം ഒഴുക്ക് നിലച്ച പോലെ അക്കരെ പുകക്കുഴല്‍ ഭീമന്മാര്‍ വെള്ളിപ്പുക നീട്ടി ഒരു നിശ്ചലദൃശ്യത്തിലെന്ന പോലെ നില്‍ക്കുന്നുണ്ടായിരുന്നു. അതു നോക്കി എന്റെ കൈത്തലപ്പില്‍ തൊട്ട് ആശ്രമത്തിലെ ചെടിയുടെ ഒരില വിളറിയ ഒരു ചിരി ചിരിച്ചു നിന്നു.
രണ്ടു ദിവസം കഴിഞ്ഞ് ദ്വാരകയില്‍ നിന്ന് സോമനാഥത്തിലേക്കുള്ള യാത്രയിലാണ് പോര്‍ബന്ദറില്‍ എത്തുന്നത്. ഒരു സന്ധ്യക്ക്. ദ്വാരകയും പേഠ് ദ്വാരകയും ഗോപീകുഞ്ചുമൊക്കെ കണ്ടു പോയ യാത്രയില്‍ ഒരു കാര്യം മനസ്സിലായി .പുതിയ ഭക്തിയുടെ രൂപകങ്ങള്‍ അക്ഷര്‍ ധാമോ ദ്വാരകയോ സോമനാഥോ അല്ല, ഗുല്‍ഷന്‍ കുമാറും ഹരേകൃഷ്ണ വൈഷ്ണോദേവി പ്രസ്ഥാനക്കാരും ഉണ്ടാക്കിയ കൃത്രിമ ക്ഷേത്രങ്ങളാണ്.
ഒരു തുറമുഖ നഗരത്തിന്റെ മുഴുവന്‍ അഴുക്കും പേറി നില്‍ക്കുന്ന പോര്‍ബന്ദര്‍ എന്നെ ഞെട്ടിച്ചു. എത്ര വൃത്തിഹീനമായ തെരുവുകള്‍. എങ്ങും ഹിംസയുടെ ദുര്‍ഗന്ധം. മൂക്കുപൊത്തിയും ഓക്കാനിച്ചും ഗാന്ധിജിയുടെ ഒരു മുഷിഞ്ഞ പ്രതിമ അശ്രദ്ധമായി നില്‍ക്കുന്ന നാല്‍ക്കവല തിരിഞ്ഞ് ഒഴുക്കു കുറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ഗാന്ധിഗൃഹത്തിലെത്തി. മടുപ്പു കൊണ്ട് അസഹിഷ്ണുക്കളായ പാറാവുകാര്‍. ക്യാമറക്ക് പ്രവേശനമില്ല. കനം വെച്ച അന്തരീക്ഷത്തില്‍ ഉന്മേഷമില്ലാതെ പതിയെ എല്ലാം നടന്നു കണ്ടു. ഒരു ഇടവഴിയില്ലൂടെ നടന്നാലെ കസ്തൂര്‍ബയുടെ വീട്ടിലെത്തൂ. ആകെ ഒരു മൂത്രപ്പുരയായി തോന്നിച്ച ചാലുകള്‍ പോലുള്ള വഴികള്‍. ഇടയിലൂള്ള വീട്ടുകളിലെ കുട്ടികള്‍ കലപില കൂട്ടി ഓടുന്നു. ഗാന്ധിജിയുടെ ഏതെങ്കിലും പിന്മുറക്കാരാവുമോ? ആകെ മനം മടുത്ത് മകന്‍ ചിണുങ്ങി. അവനൊന്ന് മൂത്രമൊഴിക്കണം. നിലത്തു കാലുറപ്പിക്കാന്‍ മടിക്കുന്ന അവനെ കൊണ്ട് എങ്ങോട്ട് പോകാന്‍. നാം ശീലിപ്പിക്കുന്ന വൃത്തിബോധങ്ങള്‍ നമുക്ക് തന്നെ ശാപമായി മാറുന്ന നിമിഷങ്ങള്‍! കുറച്ച് ദൂരെ നഗരമധ്യത്തിലുള്ള ക്ഷേത്രത്തില്‍ നിന്ന് ശ്രീറാം വിളികള്‍ ഉയരുന്നുണ്ടായിരുന്നു.
അവിടെ വിഷണ്ണനായി നില്‍ക്കെ പോര്‍ബന്ദറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം ഞാന്‍ മനസ്സുകൊണ്ടളന്നപ്പോള്‍ എന്നെ ഭരിച്ച വികാരം കുഞ്ഞുണ്ണിക്കവിതയില്‍ പറഞ്ഞപോലെ എന്നില്‍ നിന്ന് എന്നിലേക്കുള്ള അകലത്തിന്റെ അമ്പരപ്പായിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
അടിക്കുറിപ്പ്: സ്ഥലവിവരണങ്ങള്‍ ഓര്‍മ്മയില്‍ നിന്നായതിനാല്‍ കൃത്യമല്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മഹാകാവ്യം എന്ന പോസ്റ്റിന്റെ ഫോളോ അപ്പ് കമന്റുകള്‍ ഈ കുറിപ്പിന് പ്രേരിപ്പിച്ചു.
http://sngscollege.info
http://vijnanacintamani.org
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കുഷ്ഠരോഗികളുടെ പരിചരണത്തിന് മുന്‍കൈ എടുത്ത മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍ പോര്‍ബന്ദറില്‍ കുഷ്ഠ രോഗികള്‍ പ്രവേശിക്കുന്നത് ഭരണകൂടം വിലക്കിയിരുന്നു.
ReplyDeleteകുഷ്ഠരോഗം ഭേദപ്പെടുത്താന്‍ കഴിയും എന്ന ആത്മവിശ്വാസം ജനങ്ങളിലേക്ക് പകരുന്നത് പകരം രോഗികളെ സമൂഹത്തില്‍ നിന്ന് അകറ്റുന്ന സര്‍ക്കാര്‍ നടപടി സാമൂഹിക പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായി.
വാര്‍ത്തക്ക് കടപ്പാട് വെബ് ദുനിയക്ക്.
രഘുപതി രാഘവ രാജാറാം.
ReplyDeleteഗാന്ധിജി ഗ്രാമങ്ങളിലാണ് ഇന്‍ഡ്യയുടെ ആത്മാവ് എന്ന് പറഞ്ഞതും ലളിതജീവിതം കൊണ്ട് തന്റെ ജീവിതത്തെ തന്നെ സന്ദേശമാക്കിയതും ഈ തരൂര്‍ എന്ന വേദനിക്കുന്ന കോടീശ്വരന്‍ മനസ്സിലാക്കിയിട്ടില്ലേ ആവോ?
ReplyDeleteഗാന്ധിജി ട്രെന്‍ഡി ടോപ്പിക് അല്ലെന്ന് ശുഷ്കമായ പ്രതികരണങ്ങള്‍ കാണിക്കുന്നില്ലേ?
ReplyDelete