അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 17 October 2009

  ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!

  ഇന്‍ഡ്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളവല്‍ക്കരണമോ ഇസ്ലാമിക തീവ്രവാദമോ അഴിമതിയോ ശത്രുരാജ്യഭീഷണിയോ ഒന്നുമല്ല, മാവോ വാദികളുടെ വളര്‍ച്ചയാണെന്നാണ്‌ പ്രധാനമന്തി മന്മോഹന്‍സിങ്ങ്‌ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത്‌. പ്രാദേശികമായ ചില അസ്വസ്ഥതകള്‍ എന്ന നിലവിട്ട്‌ ദേശീയപ്രശ്നമായി പുതുകാല നക്സലിസം മാറിക്കഴിഞ്ഞു എന്ന്‌ സാരം. ചില മാവോവാദതരംഗങ്ങള്‍ ഭൂ- ദളിത്‌ സമരങ്ങളില്‍ നമ്മുടെ പത്രങ്ങളും ഇന്റലിജന്‍സ്‌ വിഭാഗവും പിടിച്ചെടുക്കുകയുണ്ടായി. പില്‍ക്കാല നക്സലിസം രാകിത്തിളക്കിയ എന്റെ ആദ്യകാല കോളേജ്‌ വിദ്യാര്‍ത്ഥി ജീവിതത്തിനെ ഓര്‍മ്മകളിലേക്ക്‌ ഈ ഉത്തരാധുനികകാല മാവോവാദകോലാഹലങ്ങള്‍ എന്നെ സ്വാഭാവികമായും എത്തിച്ചു. റിട്ടയേര്‍ഡ്‌ പട്ടാളക്കാരുടെ വാചകമടി പോലെ എക്സ്‌ നക്സലൈറ്റുകളുടെ ഓര്‍മ്മക്കുറിപ്പുകളും പലപ്പോഴും അസഹ്യമായിത്തോന്നാറുണ്ടെന്നറിയാം.അവ തമ്മിലുള്ള വ്യത്യാസം ഒരാള്‍ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ചാടി വീണ്‌ വിവരണങ്ങളിലെ വസ്തുതാപരവും ആശയപരവുമായ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ ഒരു കൂട്ടതല്ലാക്കി മാറ്റും എന്നതാണ്‌. 'നകസലൈറ്റു നാറിയാല്‍ പരനാറി' എന്ന് പി. സുരേന്ദ്രന്‍ എഴുതിയത്‌ അക്കാലത്താണ്‌.
  ക്ഷമിക്കണം, ഇതതല്ല. നാലഞ്ചു വര്‍ഷക്കാലത്തെ ഒരു പിന്‍ നിര അനുഭാവിയുടെ അനുഭവങ്ങളേ എനിക്കുള്ളൂ. അത്‌ ചന്തയില്‍ വെക്കാന്‍ മാത്രം ഒന്നുമില്ല താനും. അത്‌ തുറന്നുപറഞ്ഞില്ലെങ്കില്‍ ജീവിതത്തിന്റെ തന്നെ വില അതിന്‌ കൊടുത്തവരെ വഞ്ചിക്കലാവും. എന്നാല്‍ ഹ്രസ്വമെങ്കിലും അക്കാലം നല്‍കിയ ഊര്‍ജ്ജം ജീവിതത്തിന്റെ മൂലധനമായി ഞാന്‍ കൊണ്ടു നടക്കുന്നു എന്നു മാത്രം. മാവൂര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം പട്ടാമ്പി കോളേജില്‍ നടത്തിയ അനിശ്ചിതകാലസമരം ഇടക്ക്‌ ഞാനോര്‍മ്മിക്കുന്നത്‌ വിരലിലെണ്ണാവുന്ന അംഗസംഖ്യയുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ വലിയ വിദ്യാര്‍ഥിസംഘടനകള്‍ തന്നെ അതേ കോളേജില്‍ ഇന്ന് നടത്തുന്ന സമരജാഥകള്‍ കാണുമ്പോഴാണ്‌. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്ന ചില സമരങ്ങളുമുണ്ട്‌. അന്ന്‌ നാടൊട്ടുക്ക്‌ അശ്ലീലസിനിമകള്‍ തകര്‍ത്ത്‌ പെയ്യുന്ന കാലം. സകല അശ്ലീല പോസ്റ്ററുകളിലും സ്ത്രീകളടങ്ങുന്ന ഒരു സംഘം കരിവാരിതേച്ച്‌ ടൗണിലൂടെ ഒരു ജാഥ നടത്തി. ചില സഖാക്കള്‍ ആറങ്ങോട്ടുകരയില്‍ ഒരു അശ്ലീല സിനിമക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ കയറി ബിറ്റുകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുന്നേറ്റ്‌ നിന്ന് മുദ്രാവാക്യം മുഴക്കി.
  ഇടക്ക്‌ കോളേജ്‌ സന്ദര്‍ശിച്ചിരുന്ന ഉണ്ണിചെക്കനോ പരോളിലിറങ്ങി വന്ന മുണ്ടൂര്‍ രാവുണ്ണിയോ കെ. എന്‍ രാമചന്ദ്രനോ ആയിരുന്നില്ല അന്ന് ഞങ്ങളുടെ വീരപുരുഷന്‍. താത്വികാചാര്യനായ കെ . വേണു ആയിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതിയ, ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന വലിയ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്‌ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ഉറപ്പിക്കുന്ന നെയ്ത്തുകാരനായി, ബുദ്ധിജീവികളുടെയും ബുദ്ധിജീവിയായി പ്രസ്ഥാനത്തിന്റെ അവസാനവാക്കായി കോമ്രേഡിന്റെ അമരക്കാരനായി അലൗകികമായ ഒരു വീരപരിവേഷത്തോടെയാണ്‌ വേണുവിനെ കണ്ടിരുന്നത്‌. ഒരിക്കലും നേരിട്ട്‌ കാണാതെ തന്നെ. അതിനകത്ത്‌ സംഭവിച്ചുകൊണ്ടിരുന്ന ആശയസംഘര്‍ഷങ്ങളെ കുറിച്ച്‌ വലിയ അറിവുണ്ടായിരുന്നില്ല. ചില സൂചനകള്‍ കിട്ടിയിരുന്നതൊഴിച്ച്‌.
  ആയിടക്ക്‌ കെ. വേണു ആറങ്ങോട്ടുകരയില്‍ സംവദിക്കാന്‍ വരുന്നു എന്ന അറിയിപ്പുകിട്ടി .അന്ന് ഞങ്ങളുടെ നേതാവ്‌ എം.ജി ശശിയായിരുന്നു.സാമാന്യം വലിയ ഒരു സംഘം അവിടെ ഒത്തു ചേര്‍ന്നിരുന്നു. വരിയൊത്ത, സ്ഫുടമായ, ഒഴുക്കുള്ള ശൈലിയില്‍ വേണു ദീര്‍ഘമായി സംസാരിച്ചു. വേണുവിന്റെ ചിന്തയില്‍ വലിയ ഒരു വ്യതിയാനം അനുഭവപ്പെട്ടത്‌ അപ്പോളാണ്‌. ഇന്‍ഡ്യന്‍ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങളെയാണ്‌ അന്ന് അദ്ദേഹം എതിര്‍ത്തത്‌. ഓരോ ഉപദേശീയതയും വിപ്ലവത്തിലൂടെ സ്വതന്ത്രമായ രാഷ്ട്രങ്ങളായി മാറണം എന്നായിരുന്നു ആശയം. കേരളദേശീയതയിലൂന്നിയ ഒരു വിപ്ലവപരിപാടിയെ നയിക്കാന്‍ കേരളാ കോണ്‍ഗ്രസ്സ്‌ പോലുള്ള പാര്‍ട്ടികളില്‍ പോലും പ്രതീക്ഷ അര്‍പ്പിക്കാം എന്നായിരുന്നു വേണു പറഞ്ഞത്‌. പലര്‍ക്കും ഈ പുതു ദേശീയവാദം അത്ര ദഹിച്ചില്ല. അന്ന് രാത്രി ആറങ്ങോടുകര ക്ലബ്ബിന്റെ തട്ടിന്‍പുറത്ത്‌ കഞ്ഞിയും പയറും കഴിച്ച്‌ മലര്‍ന്നു കിടക്കുമ്പോള്‍ സുഹൃത്ത്‌ രാജീവനോ മറ്റോ പറഞ്ഞു." അഥവാ വിപ്ലവം വരികയാണെങ്കില്‍ നമുക്ക്‌ കുറച്ച്‌ പിറകില്‍ നില്‍ക്കാം, ആദ്യ നിരയിലുള്ള ചിലരൊക്കെ എന്തായാലും തട്ടിപ്പോകും" ഒരു ചിരിയുടെ അയവില്‍ ഞങ്ങള്‍ ഉറക്കത്തിലേക്കുപോയി. വീട്ടില്‍ ഒരു വിവരവും നല്‍കാതെ വീടണയാതിരുന്ന ആദ്യ രാത്രിയായിരുന്നു അത്‌.
  സി. പി. ഐ (എം. എല്‍) വലിയ പിളര്‍പ്പിലേക്ക്‌ വൈകാതെ നീങ്ങി. വേണുവിന്റെ ഈ ആശയ വ്യതിയാനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ റെഡ്‌ ഫ്ലാഗ്‌ എന്ന പേരില്‍ വേറെ വിഭാഗമായി. എന്റെ ജീവിതത്തിലും കാര്യങ്ങള്‍ താളം തെറ്റിയിരുന്നു. പഠനത്തിലെ തുടര്‍ പരാജയങ്ങളും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണങ്ങളും എന്നെ ആകെ ഉലച്ചു. ഒരു രാത്രി ആകെ ഭയചകിതനായി വന്ന അച്ഛന്‍ എന്റെ പെട്ടിയില്‍ കുഴപ്പം പിടിച്ച വല്ല പുസ്തകങ്ങളുമുണ്ടോ എന്ന് ഏട്ടനെ കൊണ്ട്‌ പരതിച്ചു. അച്ഛനെ പോലീസ്‌ കണ്ടിരുന്നു. അച്ഛന്‍ എന്നെ പിടിച്ചു നിര്‍ത്തി സ്നേഹവും ദേഷ്യവും കലര്‍ത്തി എന്തെക്കെയോ സമാധാനിപ്പിച്ചു. പിന്നീട്‌ അച്ഛന്റെ ജീവിതത്തെ ഭരിച്ച മാനസികാസ്വാസ്ഥ്യത്തിന്റെ ചില സൂചനകള്‍ ആ കണ്ണില്‍ തിരയിളക്കുന്നത്‌ ഞാന്‍ ഭയത്തൊടെ കണ്ടു. ഉറക്കം വരാത്ത ആ രാത്രിയില്‍ ഇടക്കിടക്ക്‌ അച്ഛന്‍ വന്ന് എന്നെ വന്ന് നോക്കുന്നതും പുതപ്പ്‌ ശരിക്ക്‌ വലിച്ചിടുന്നതും അറിഞ്ഞ്‌ മനസ്സില്‍ കരഞ്ഞു. വല്ലാത്ത ഭീരുത്വംകൊണ്ടാണോ ആശയകാലുഷ്യം കൊണ്ടാണോ എന്നറിയില്ല, പ്രസ്ഥാനത്തോട്‌ ഞാന്‍ മെല്ലെ അകന്ന് പഠനത്തിലെക്ക്‌ തിരിച്ചു വന്നു. കോളേജില്‍ ചില്ലറ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത്‌ കഴിഞ്ഞുകൂടി.
  ഞങ്ങളുടെ സംഘം വേണുവിന്റെ കൂടെയായിരുന്നു. രാമചന്ദ്രന്റെ ഗ്രൂപ്പ്‌ കേരളവ്യാപകമായി കലാജാഥ നടത്തിയപ്പോള്‍ അവര്‍ പാലക്കാട്‌ ജില്ലയില്‍ ജാഥ നടത്തി, ഒരിക്കലും കൂട്ടിമുട്ടാതെ ശ്രദ്ധിച്ചു. വൈകാതെ ആ ചെറു സംഘവും തകര്‍ന്ന കപ്പല്‍ പോലെ ദിശ തെറ്റി എവിടെയോ വെച്ച്‌ ചിതറിത്തെറിച്ചു. മുണ്ടൂര്‍ രാവുണ്ണിയും മറ്റും കൂടുതല്‍ തീവ്രവാദനിലപാടുകളില്‍ സക്രിയരായി. കെ വേണുവിന്റെ ഗ്രൂപ്പ്‌ ഇല്ലാതായി. റെഡ്‌ ഫ്ലാഗ്‌ മെല്ലെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ വികസിച്ചു. ജയകേരളത്തില്‍ കോളമെഴുത്തുമായി വേണു കഴിഞ്ഞു കൂടി.
  ഗൗരിയമ്മയെ സി.പി. എം പുറത്താക്കിയത്‌ പഴയ നക്സല്‍ ഗ്രൂപ്പുകളുടെ പുതിയ കൂട്ടായ്മക്ക്‌ എങ്ങനെയോ വഴിവെച്ചു. ജെ എസ്‌ എസ്സ്‌ എന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണത്തില്‍ അജിതയും വേണുവുമൊക്കെ കൈകോര്‍ത്തു. പ്രതീക്ഷിച്ച പോലെ നാളുകള്‍ അധികം കഴിയാതെ തന്നെ അജിതയും കൂട്ടരും ജെ. എസ്‌. എസ്‌ .വിട്ടു. ഗവേഷണത്തിനായി കാര്യവട്ടത്തെത്തിയ കാലം. ആസാദും പി. കെ. രാജശേഖരനും ഷാജിയുമൊക്കെ നേതൃത്വം കൊടുത്തിരുന്ന ഇടതുപക്ഷനിലപാടുകളുള്ള ഫ്രൈഡെ ഫൈവ്‌ എന്ന ചെറുസംഘത്തോടൊപ്പമായിരുന്നു എന്റെ ഡിപ്പാര്‍ട്‌മന്റ്‌ ജീവിതം. പല ജോലികളുമായി പഴയ പട്ടാമ്പി നക്സല്‍ സംഘത്തില്‍ ചിലര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. പി. ജി.ക്ക്‌ വന്ന്‌ ഞങ്ങളോടൊപ്പം കൂടിയിരുന്ന പ്രസാദ്‌ ജെ. എസ്സ്‌. എസ്സിന്റെ വലിയ നേതാവായി തിരുവനന്തപുരത്തെ നേതാക്കന്മാരൊക്കെ പാര്‍ട്ട്‌ ടൈം പഠനം നടത്തുന്ന ലോ അക്കാദമിയില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ ഡ്രസ്‌ കോഡിന്റെ പ്രശനത്തെ ക്കുറിച്ച്‌ പറഞ്ഞ്‌ പ്രസാദ്‌ പരിഭവിച്ചു. പാന്റ്സിട്ട രാഷ്ട്രീയക്കാരെ എന്തുകൊണ്ട്‌ ജനത്തിന്‌ അംഗീകരിക്കാനാവുന്നില്ല എന്ന്‌ പ്രസാദ്‌ രോഷം കൊണ്ടപ്പോള്‍ ഞങ്ങള്‍ താല്‍പര്യമില്ലാതെ ചിരിച്ചു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ കണ്ടപ്പോള്‍ എം. ജി. ശശി പി. ടി. കുഞ്ഞുമുഹമ്മദിന്റെ കൂടെ എല്‍. ഡി .എഫിനുള്ള തിരഞ്ഞെടുപ്പു ചിത്രമെടുക്കുകയാണെന്ന് പറയുകയുണ്ടായി.
  ആയിടക്ക്‌ പൊളിറ്റിക്സ്‌ ഡിപ്പാര്‍ട്മെന്റില്‍ ഒരു സംവാദത്തിന്‌ കെ. വേണു എത്തി. ഒരു പുതിയ തിസ്സീസുമായാണ്‌ രംഗപ്രവേശം. വര്‍ഗസമരമല്ല, ജാതിസമരങ്ങളാണ്‌ ചരിത്രപരമായി ഇന്‍ഡ്യയിലും കേരളത്തിലും നടക്കേണ്ടത്‌ എന്നും ജാതിധ്രുവീകരണം അത്യാവശ്യമാണെന്നും എസ്‌.പി, ബി. എസ്‌.പി കക്ഷികളിലൂടെയാണ്‌ പുതിയ ഇന്‍ഡ്യ രൂപപ്പെടുന്നതെന്നും ജാതി വര്‍ഗ രാഷ്ട്രീയം ഒരു പോലെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരുപാര്‍ട്ടി ജെ. എസ്സ്‌. എസ്സ്‌ ആണെന്നുമൊക്കെയായിരുന്നു വാദങ്ങള്‍ .കുഞ്ഞാമന്‍ മാഷുടെ നേതൃത്വത്തില്‍ ക്യാമ്പസ്സിലെ ഇടതുപക്ഷ സംഘം ഈ വാദങ്ങളെ എതിര്‍ത്തു. ഇലക്ഷന്‍ വന്നു. കെ വേണു സ്ഥാനാര്‍ഥിയായി . സാമാന്യം മോശമായ പ്രതിഛായയുള്ള അന്നത്തെ യു.ഡീ എഫ്‌ കൂട്ടുകെട്ടില്‍. വല്ലാത്ത ഒരശ്ലീലമായിരുന്നു അത്‌. ഏഷ്യാനെറ്റില്‍ വേണു കൈകൂപ്പി വോട്ട്‌ ചോദിക്കുന്ന രംഗം മിന്നി മറഞ്ഞപ്പോള്‍ എന്തോ വിഷാദം തോന്നി. ഫലം വന്നപ്പോള്‍ വേണു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വൈകാതെ കെ. വേണു ജെ. എസ്‌. എസ്സ്‌ വിട്ടു. പിന്നെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കൂടെ വേണുവിനെ കണ്ടിട്ടില്ല. എല്ലാ വിപ്ലവങ്ങളെയും തള്ളിപറഞ്ഞ്‌ ഒരു രാഷ്ട്രീയ ചിന്തകനായും സമീക്ഷ എന്ന സാദാ മാസികയുടെ പത്രാധിപരായും വേണുവിനെ കണ്ടു. ആഗോളവല്‍ക്കരണത്തിന്റെയും പുതു മുതലാളിത്തത്തിന്റെയും ഘട്ടത്തില്‍ അതിന്റെ വക്താവായി വേണു പ്രത്യക്ഷപ്പെട്ടപ്പോളും അത്ഭുതം തോന്നിയില്ല. വേണു വിസ്മൃതിയിലേക്ക്‌ പോകുകകയായിരുന്നു. പ്ലാച്ചിമട സമരകാലത്ത്‌ സക്കറിയ വേണുവുമായി നടത്തിയ ഇന്റര്‍വ്യുവില്‍ കൊക്കോകോളക്കായുള്ള ന്യായങ്ങള്‍ സക്കറിയ വേണുവിന്റെ വായില്‍ തിരുകുന്നത്‌ കൗതുകത്തോടെ നോക്കി കണ്ടു.


  വേണു അപ്പോഴെക്കും തന്റെ സംവാദങ്ങളില്‍ മുതലാളി എന്ന സംജ്ഞ ഉപേക്ഷിക്കുകയും തൊഴില്‍ സംരംഭകര്‍ എന്ന ഓമനപ്പേര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പ്രശ്നം അസംഘടിത തൊഴില്‍ സമൂഹവും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചൂഷണവ്യവസ്ഥയും തമ്മിലാണെന്നും മറ്റുമുള്ള പുതിയ സിദ്ധാന്തങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ അവസ്ഥയുടെയും വക്താവായാണ്‌ അദ്ദേഹം പൊതുവേദികളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌, അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സ്‌ പ്രസ്സ്‌ ഹൈവേ പോലുള്ള വികസന പദ്ധതികള്‍ക്ക്‌ വേണ്ടി ദുര്‍ബലമായി വാദിച്ച്‌ ഇന്‍ഡ്യാവിഷന്റെ ഒരു ചര്‍ച്ചാ പരിപാടിയില്‍ സ്വയം തോല്‍ക്കുന്നതും കണ്ടു.


  ഇതിനിടെ ഓര്‍മ്മക്കുറിപ്പുകളും അതിനോടനുബന്ധിച്ച്‌ ചില്ലറ അടിപിടികളുമായി വാക്പയറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസിയാന്‍ കരാറിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലൂടെ വേണു വീണ്ടും എന്റെ വായനയിലേക്കു വന്നു. ടൈറ്റിലിലും ആണവക്കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ മണ്ടത്തരം പരാമര്‍ശിക്കുന്ന ആമുഖത്തിലും തന്റെ ഇടതുപക്ഷവിരുദ്ധത വെളിപ്പെടുത്തിയ വേണു പിന്നെ ലോകവ്യാപാരസംഘടന ഐക്യരാഷ്ട്രസംഘടനയേക്കാള്‍ ജനാധിപത്യമൂല്യമുള്ള ഏര്‍പ്പാടാണെന്ന തന്റെ ആഗോളവല്‍ക്കരണയുക്തികള്‍ നിരത്തുകയും ആസിയാന്‍ കരാറിലേക്കെത്തി അതിന്റെ മേന്‍മകളെ ഒന്ന്‌ തൊട്ട്‌ ഈ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ചില ഉല്‍പന്നങ്ങളില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പറഞ്ഞ്‌ അവ കൂടി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന്‌ ചുരുക്കി അവസാനിപ്പിക്കുന്നു. വില്ലന്റെ മേലങ്കി ഇടതുപക്ഷത്തിന്‌ ചാര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആഗ്രഹമായി മാത്രം അവസാനിക്കുന്ന ലേഖനമാണത്.
  ലോകവ്യാപാരസംഘടന വികസിതരാഷ്ട്രങ്ങള്‍ക്കാണ‍പകടം ചെയ്യുക എന്നാണ്‌ വേണുവിന്റെ വാദം. തുറന്ന വിപണിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ വികസിതരാജ്യങ്ങള്‍ കൊണ്ടു വരുമ്പോള്‍ അതിനെ ചെറുക്കണമെന്നും എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അഭ്യന്തര മാര്‍ക്കറ്റ്‌ നിലനിര്‍ത്തുന്ന രീതിയില്‍ നമ്മുടെ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ നിയന്ത്രണം വേണമെന്നും പക്ഷേ ഈ മാര്‍കറ്റ്‌ ലക്ഷ്യം വെക്കുന്ന ആസിയാന്‍ രാഷ്ട്രങ്ങള്‍ ഈ ഡിമാന്‍ഡ്‌ അംഗീകരിക്കുന്നില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറയുന്ന വേണു ഈ നിലപാടുകള്‍ ചേര്‍ത്തു വെക്കുന്നതിലെ പൊള്ളത്തരം പോലും മനസ്സിലാക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല , അതിനാല്‍ പാവം കേന്ദ്രത്തെ പഴിക്കണ്ടാ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭമൊന്നും വേണ്ടാ, ഈ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രപദ്ധതികള്‍ക്ക്‌ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ വേണ്ടത്‌ എന്നാണ്‌ വേണുവിന്റെ പോംവഴി. തൊട്ടുമുന്‍പ്‌ വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സബ്സിഡികള്‍ പിന്‍വലിക്കേണ്ടതാണെന്ന്‌ ശക്തിയുക്തം വാദിക്കുന്നുമുണ്ട്‌. പിന്നെന്തു പോവഴി? മുട്ടിപ്പായി പ്രാര്‍ഥിക്കുകയോ?
  ഈ ലേഖനത്തിനകത്തുള്ള ആന്തരവൈരുദ്ധ്യങ്ങളിലേക്കല്ല എന്റെ ശ്രദ്ധ. വേണു പറയുന്നത് ഗൗരവത്തോടെ കാണുന്ന ശീലം തന്നെ പൊതുസമൂഹത്തിന്‌ ഇല്ലാതായിരിക്കുന്നു എന്നതാണ്‌ വസ്തുത. കെ വേണു ഇന്ന്‌ എത്തിനില്‍ക്കുന്ന ഒറ്റമര‍ക്കൊമ്പിന്റെ പ്രശ്നമാണത്. പണ്ട് ഓര്‍മ്മക്കുറിപ്പുകളുമായി ഇവരൊക്കെ വന്നപ്പോള്‍ ചിലര്‍ ഉന്നയിച്ച ക്രൂരമായ ചോദ്യമുണ്ട്. ഇപ്പോള്‍ എല്ലാം തള്ളിപ്പറയുന്ന നേരത്ത് ഒരു കൂട്ടം ചെറുപ്പക്കാരെ വിപ്ലവ മായാമോഹം നല്‍കി നശിപ്പിച്ചതിന്‌ ആര്‌ ഉത്തരം പറയും എന്ന്‌. ആ ചോദ്യം അരുതാത്തതാണെന്നാണെന്റെ പക്ഷം. വേണുവും കൂട്ടരും അതിലേറെ സഹിച്ചിട്ടുണ്ട്. ഒന്നും നേടിയിട്ടുമില്ല, അങ്ങനെ ഒന്നും നേടാനുമല്ല. ഈ തള്ളിപ്പറയല്‍. പലപ്പോഴും ഒരു ട്രാജിക് ഹീറോയുടെ പരിവേഷം അദ്ദേഹത്തില്‍ ഞാണ്‍ കാണുന്നു. വേണുവിനെപോലുള്ളവരുടെ ഉജ്ജ്വലവ്യക്തിത്വം അതിലാണ്‌.
  പക്ഷേ അതിനപ്പുറമോ? ആ ഓരോ തള്ളിപ്പറയലും വേണു എന്ന രാഷ്ട്രീയക്കാരന്റെ പരാജയമാണ്‌. രണ്ടാമതൊരാള്‍ക്ക് വേണുവിന്റെ കൂടെ വേണുവിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സഞ്ചരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്‌. നിരന്തരം ഇങ്ങനെ സ്വയം തോല്പ്പിച്ചുകൊണ്ട് ഏത് ഏകാന്തതതയെ ആണ്‌ അദ്ദേഹം വരിക്കുന്നത് എന്നറിഞ്ഞുകൂടാ. മാവോ വാദവും ദളിത് പ്രതിരോധവുമൊക്കെ മുഖ്യ വാര്‍ത്തകളിലേക്ക് വീണ്ടും വരുമ്പോള്‍ വേണുവിനെപ്പോലുള്ളവരെ ആരും ഓര്‍ക്കുന്നതുപോലുമില്ല. എന്തുകൊണ്ട്?
  മികച്ച മലയാളമാണ്‌ വേണുവിന്റേത്. താര്‍ക്കികയുക്തിയുടെ തികവില്‍ തെളിമലയാളത്തില്‍ സ്വച്ഛന്ദമായ ഒഴുക്കോടെ വേണു എഴുതുന്നതും സംസാരിക്കുന്നതും തന്നെ മലയാളത്തിന്റെ അന്തസ്സായിരുന്നു. പണ്ട് വേണുവിന്റെ ഒരഭിമുഖം കിട്ടാന്‍ പത്രക്കാര്‍ പാടുപെടുമായിരുന്നു . ഇന്ന് ചര്‍ച്ചകളില്‍ ചിലപ്പോളൊക്കെ ഒരു എക്സ്ട്രായുടെ റോളില്‍ അദ്ദേഹത്തെ കാണുമ്പോള്‍ അതോര്‍ക്കാറുണ്ട്.
  കഴിഞ്ഞ അന്‍പതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തിലെ തികഞ്ഞ പരാജയം എന്ന് ഞാന്‍ കെ. വേണുവിനെ വിളിക്കുന്നു. കാരണം തിരുത്തലും തള്ളിപ്പറയലുമൊക്കെ ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ്‌. പക്ഷെ അതിനും ഒരു തുടര്‍ച്ചയുടെ യുക്തി വേണം. ട്രപ്പീസുകളിക്കാരന്റെ ഊഞ്ഞാലാട്ടം പോലയല്ല അത്. ഒരു സാധാരണ രാഷ്ട്രീയ നേതാവോ സാംസ്കാരികനായകനോ അത് ചെയ്യുന്നത് എന്തെങ്കിലും വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ്‌. പ്രായോഗിക ജീവിതത്തിന്റെ ഈ യുക്തിപോലും വേണുവിന്റെ നിലപാടുമാറ്റങ്ങള്‍ക്ക് പിറകില്‍ ഇല്ല.
  കാണികള്‍ പിരിഞ്ഞുപോയ കൂടാരത്തില്‍ ആകാശത്തിന്റെ ഉയരത്തില്‍ വെറുതെ നൃത്തം ചെയ്യുന്ന ഊഞ്ഞാലുകളെ തൊട്ട് വേണു ഏത് നൃത്തമാണ്‌ ആടിത്തീര്‍ക്കുന്നത്!


  http://sngscollege.info
  http://vijnanacintamani.org

  13 comments:

  1. നന്നായി. ഇന്നലെ വേണു വിന്റെ ലേഖനം വായിച്ചപ്പോള്‍ പറയണം എന്ന് തോന്നിയതില്‍ പലതും വ്യക്തമായി പറഞ്ഞിരിക്കുന്നു. വേണു വിന്റെ ആശയ പാപ്പരതവും നിലപാടിലെ ആടിയുലയലുകളും സഹതാപതെക്കാള്‍ ജുഗുപ്സ ഉളവാക്കുന്നതാനെനു പറയാതെ വയ്യ.

   അനിരുദ്ധന്‍

   ReplyDelete
  2. വേണുവും കൂട്ടരും അതിലേറെ സഹിച്ചിട്ടുണ്ട്. ഒന്നും നേടിയിട്ടുമില്ല, അങ്ങനെ ഒന്നും നേടാനുമല്ല.

   ഒരു പക്ഷെ ഈ തിരിച്ചറിവാകാനും മതി മാഷേ ...ഉള്ളി തോലിക്കുംപോലെ ഒന്നു പൊളിക്കുമ്പോള്‍ ദേ വീണ്ടും ...പൊളിച്ചു അടുക്കി തീരുമ്പോള്‍ ശൂന്യം ...പിന്നെ കാണുന്നത് കൈവെള്ള മാത്രം ...അപ്പോള്‍ ആകും മനസ്സില്‍ ആക്കുക സ്വന്തം സ്വത്വത്തോടാണ് ഇതുവരെ യുദ്ധം ചെയ്തത്‌ എന്ന്

   ReplyDelete
  3. ഈ കുറിപ്പിനു നന്ദി..

   ReplyDelete
  4. അനിരുദ്ധന്‍,
   ക്ഷമിക്കണം.
   ജുഗുപ്ത്സയും സഹതാപവും അത്ര നല്ല വികാരങ്ങളല്ല.
   ആശയങ്ങളെ തള്ളിപ്പറയാം. പക്ഷെ വ്യക്തികളെ?
   പഴയ നക്സല്‍ മൂവ്മെന്റിന്റെ അരു ചാരിപ്പോയ ആര്‍ക്കും വേണുവിനെപ്പോലുള്ള ജീവിതങ്ങളെ, മരണങ്ങളെ അങ്ങനെ തള്ളിപ്പറയാനാവില്ല.
   പരാജയപ്പെട്ട അത്തരം ജീവിതങ്ങളുടെ, മരണങ്ങളുടെയും മൂലധനം അത്ര വലുതാണ്‌.

   ReplyDelete
  5. അപ്പോള്‍ പഴയ നക്സല്‍ താരം വേണുവാണ് പ്രതിപാദ്യം !
   താരങ്ങളോട് മമതയില്ലാത്തതിനാല്‍ അതു വിടുന്നു.

   പഠിക്കുന്ന കാലത്ത് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മുഴക്കം പോലെ
   ഒരു ദുരൂഹ ചിത്രം പോലെ കുറെ നക്സല്‍ വേഷധാരികളെ ചിത്രകാരനും കണ്ടിട്ടുണ്ട്. ഇവരുടെ വൈദേശിക അടിമത്വം പേറുന്ന ഭാഷയും,ഭൂമിതൊടാത്ത
   ചിന്തയും പലപ്പോഴും സ്വയം ഒരു മന്ദബുദ്ധിയായിരിക്കുമൊ എന്ന് ആശങ്കപ്പെടാനും,ഒരു മൂകബധിര കാഴ്ച്ചക്കാരന്റെ പരിമിതിയിലേക്ക്
   സ്വയം ചുരുങ്ങാനും ചിത്രകാരനെ നിര്‍ബന്ധിക്കുമായിരുന്നു.

   ജാതിയാഥാര്‍ത്ഥ്യത്തെ തൊടാനറച്ച് ചുവടുപിഴച്ച ഒരു തത്വശാസ്ത്രത്തിന്റെ ആരാധകരായാണ്
   ഇപ്പോള്‍ നക്സലുകളെയും ഇടതു പക്ഷ പ്രസ്ഥാനങ്ങളേയും കാണുന്നത്. ഇറക്കുമതി ചെയ്ത ... സ്വദേശിയായ തന്തയില്ലാത്ത തത്വശാസ്ത്രത്തിന്റെ ഉപയോക്ത്താക്കളും ആരാധകരുമായ ഉല്‍പ്പതിഷ്ണുക്കളുടെ ഒരു മഹത്വ കാംക്ഷ. വെളിച്ചത്തിലേക്ക് കണ്ണോടിക്കുന്നതിനു പകരം വിളക്കിലേക്ക്
   പാഞ്ഞടൂക്കാനുള്ള അപ്രായോഗികതയുടെ എടുത്തുചാട്ടം.

   ഓരോ കാലത്തെ ഓരോ അഭിനിവേശങ്ങള്‍ ! അതിന്റെ നഷ്ടക്കണക്കുകള്‍ !!!
   ലാഭത്തിലായതിന്റെ നിമിത്തങ്ങള്‍... എല്ലാം കൂട്ടി നോക്കിയാല്‍
   ചിലര്‍ക്ക് ലാഭം, ചിലര്‍ക്ക് നഷ്ടം...
   എന്നാലും, സമൂഹത്തിന് ഒരു രതിമൂര്‍ച്ച ലഭിക്കാതെപോയതിന്റെ വിമ്മിഷ്ടമായി ഇന്നും
   ആ രാഷ്ട്രീയ സ്വപ്നത്തിന്റെ കരിനിഴല്‍ നിലനില്‍ക്കുന്നു.ഗൃഹാതുരതയോടെ...നൂറ്റാണ്ടുകളുടെ ആഗ്രഹങ്ങളുമായി !

   ReplyDelete
  6. ഇൻഡ്യൻ രാഷ്ടീയത്തിൽ ജാതി വഹിക്കുന്ന പങ്ക് ഗൌരവത്തോടെ കണ്ട ആദ്യ ‘കമ്യൂണിസ്റ്റ്’ പാർട്ടി/ മാർക്സിറ്റ് ചിന്തകൻ എന്ന നിലയിൽ വേണുവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ നിലപാടു മാറ്റം: കമ്യൂണിസം എന്ന പ്രത്യയശാസ്ത്രം മുതലാളിത്തത്തേക്കാൾ പിന്തിരിപ്പനും ജനാധിപത്യ വിരുദ്ധവും ആണെന്ന അദ്ദേഹത്തിന്റെ നിലപാട് ഇന്ന് ആരാണ് അംഗീകരിക്കാതിരിക്കുന്നത്? ലോകം മുഴുക്കെ അനുഭവത്തിലൂടെ അറിഞ്ഞതും കേരളവും ബംഗാളും മറ്റും ഇപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്നതും അതല്ലേ? മുതലാളിത്തം അംഗീകരിക്കുന്നു എന്നു മാത്രമല്ല, അതിനു ബദലായി മറ്റൊരു വ്യവസ്ഥ നിലവിൽ ആരും മുന്നോട്ടു വച്ചിട്ടില്ലെന്നും വേണു വാദിക്കുന്നതും ശരിയാണല്ലോ! ആ നിലയ്ക്കുള്ള സ്വാഭാവിക അനുബന്ധ നിലപാടുകളാണ് ലോക വ്യാപാര കരാർ, അഗോള വത്കരണം.ആസിയാൻ കരാർ അംഗീകരണങ്ങൾ. നമ്മെപ്പോലുള്ള ഭീരുക്കൾക്കും കാപട്യക്കാർക്കും വേണുവിനെപ്പോലുള്ള ധീരരെയും സത്യസന്ധരെയും അംഗീകരിക്കാൻ പറ്റില്ല. പകരം നാം അദ്ദേഹത്തിന്റെ ‘പരാജയങ്ങളെ’ക്കുറിച്ച് പുകമറ ഉണ്ടാക്കി നിലപാടില്ലായ്മകളെ മറച്ചുവയ്ക്കും.
   ഏറ്റവുമൊടുവിൽ സമീക്ഷയുമായി സഹകരിച്ചിരുന്ന തൃശൂരെ സുഹൃത്ത് വേണുവിനെക്കുറിച്ചു പറഞ്ഞ ഈ അഭിപ്രായമാണ് ഓർമവരുന്നത്:“ അയാൾ ഒരിക്കലും ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല; ഒരിക്കലും കള്ളം പറയില്ല”. ഈ രണ്ടു ദുശ്ശീലങ്ങളും ഉള്ളയാ‍ൾ ജീവിതത്തിൽ വിജയിക്കുന്നതെങ്ങനെ?

   ReplyDelete
  7. കമ്മ്യൂണിസത്തിലെ ജനാധിപത്യമില്ലായ്മ, അധികാരകേന്ദ്രീകരണം, പാര്‍ട്ടിമുതലളിത്തം തുടങ്ങിയ പ്രവണതകള്‍ പല ലേഖനങ്ങളിലായി വേണു തുടര്‍ച്ചയായി എഴുതികൊണ്ടിരിക്കുന്നു. കമ്മ്യൂണിസത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന വലിയൊരു വിഭാഗം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങള്‍, വേണു പറയുന്ന പല കാര്യങ്ങളും സത്യമാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്തു മൂല്യനിക്ഷേപമാണ് ഇന്നു കമ്മ്യൂണിസ്റ്റ് കക്ഷികളില്‍ നമുക്ക് കാണാനാവുന്നത് ? ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കക്ഷികള്‍ എന്തേ നിന്നിടത്തു നിന്നും ഒരിഞ്ചു വളരാത്തത് ? കേരളത്തെക്കാള്‍ തുലോം ഇരുട്ടില്‍ കഴിയുന്ന ഇതരസംസ്ഥാനങ്ങളില്‍ ജാതിയടിസ്ഥാനത്തിലുള്ള രാഷ്ട്രീയം ഉയര്‍ന്നു വരാന്‍ കാരണമെന്ത് ?അഥവാ ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതില്‍, അവയെ അഭിസംബോധന ചെയ്യുന്നതില്‍ ഒരു തരിമ്പു പോലും ആത്മാര്‍ത്ഥത കമ്മ്യൂണിസ്റ്റു കാര്‍ക്കില്ല എന്നതല്ലേ സത്യം! കമ്മ്യൂണിസ്റ്റ് കക്ഷികള്‍ ബ്രഹ്മണിസത്തിന്റെ പിടിയിലാണെന്നും സവര്‍ണ്ണ താല്പര്യങ്ങളാണ് അവര്‍ സംരക്ഷിക്കുന്നതെന്നും ഏതു കുഞ്ഞിനും അറിയാം. സ്വതന്ത്ര ഭാരതത്തില്‍ ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍, ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാന കമ്മ്യൂണിസ്റ്റ് കക്ഷി എന്തു ആത്മാര്‍ത്ഥത കാണിച്ചു ? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം സമഗ്രമായ ഉത്തരം തരാന്‍ കഴിയുന്ന രാഷ്ട്രീയ ചിന്തകനായി വേണുവിനെ കാണുന്നില്ല. എന്നാല്‍ ഒരുപടു സത്യങ്ങള്‍, ആരും കാണാത്ത സത്യങ്ങള്‍ വിളിച്ചു പറയാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. സംവേദനശക്തിയുള്ളവര്‍ അതു തിരിച്ചറിയുന്നുമുണ്ട്. “അയാള്‍ ഒരിക്കലും ദേഷ്യപ്പെട്ടു ഞാന്‍ കണ്ടിട്ടില്ല; ഒരിക്കലും കള്ളം പറയില്ല”. ഈ രണ്ടു ദുശ്ശീലങ്ങളും ഉള്ളയാ‍ള്‍ ജീവിതത്തില്‍ വിജയിക്കുന്നതെങ്ങനെ?-സ്വതന്ത്ര ചിന്തകന്റെ ഈ ക്വോട്ടിംഗ് എത്ര അര്‍ത്ഥവത്താണ് !

   ReplyDelete
  8. കെ. വേണുവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും അവര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഒരു പക്ഷെ തെറ്റായിരിയ്ക്കാം. മാഷെപ്പോലെ, ജീവിയ്ക്കാന്‍ വകയും പഠിപ്പിയ്ക്കാന്‍ അധ്വാനിയ്ക്കുന്ന മാതപിതാക്കളും ഉള്ള നമ്മളെല്ലാവരും പലപ്പോഴായി മുന്‍നിരയില്‍ നിന്ന് പിന്‍‌നിരയിലേയ്ക്ക് മാറിയതുകൊണ്ടല്ലേ ഒരു പക്ഷേ അവര്‍ക്ക് തെറ്റുപറ്റിയത്? കേരളസമൂഹം പോലെ ഇത്ര നിസംഗരായ ഒരു ജനത വേറെയുണ്ടാവുമോ? ഇവിടെ വിപ്ലവങ്ങള്‍ ആവശ്യമില്ല, അതിന്റെ സാങ്കേതികതയാണ് ഇനി നമ്മള്‍ തിരയേണ്ടത്.

   എന്നാല്‍ അവര്‍ ഉയര്‍ത്തികാണിച്ച പ്രശ്നങ്ങള്‍ ഇന്നും സജീവമല്ലേ? സര്‍ക്കാരുകളുടെയും ജാതി വര്‍ഗ്ഗ വ്യവസ്ഥിതിയുടെയും ചൂഷണങ്ങള്‍ക്ക് വിധേയമാവുകയും മൃഗസമാനമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്ന ആദിവാസികളെയും ഭക്ഷണത്തിനും വസ്ത്രത്തിനും മുട്ടാത്ത വിപ്ലവം ഒരു ബുദ്ധിവ്യായാമം മാത്രമായിക്കാണുന്ന നമ്മളെയും ഒരു നുകത്തില്‍ പൂട്ടാന്‍ കഴിയുമോ?
   എന്താണ് വിപ്ലവം കൊണ്ട് ഇനി നേട്ടം? ഭാരതീയരെ എല്ലാവരെയും ലക്ഷ്മി മിത്തലിനെ പോലെ കാശുകാരാക്കാനോ? അതോ അയാളെപ്പോലുള്ളവരെ BPL ആക്കാനോ? ‘സമത്വമെന്നരോശയം മരിയ്ക്കുകില്ലീ ഭൂമിയില്‍‘ എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പലപ്പോഴും ചിരി വരും

   ReplyDelete
  9. “ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്ന ചില സമരങ്ങളുമുണ്ട്‌. അന്ന്‌ നാടൊട്ടുക്ക്‌ അശ്ലീലസിനിമകള്‍ തകര്‍ത്ത്‌ പെയ്യുന്ന കാലം. സകല അശ്ലീല പോസ്റ്ററുകളിലും സ്ത്രീകളടങ്ങുന്ന ഒരു സംഘം കരിവാരിതേച്ച്‌ ടൗണിലൂടെ ഒരു ജാഥ നടത്തി. ചില സഖാക്കള്‍ ആറങ്ങോട്ടുകരയില്‍ ഒരു അശ്ലീല സിനിമക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ കയറി ബിറ്റുകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുന്നേറ്റ്‌ നിന്ന് മുദ്രാവാക്യം മുഴക്കി“.
   മാഷെ, ഒരു കാര്യം കൂടി. എന്തായിരുന്നു വിപ്ലവകാരികളുടെ മനസ്സിലെ ചേതോവികാരം ഇത് ചെയ്യുമ്പോള്‍? ഒരു സദാചാര വിപ്ലവമായിരുന്നോ മനസ്സില്‍?

   ചിരിയ്ക്കാതിരിയ്ക്ക്ന്നതെങ്ങിനെ?

   ReplyDelete
  10. കമ്യുണിസമോ നക്സലിസമോ ഒരു ബദല്‍ വ്യവസ്ഥയായി തത്കാലം നമ്മുടെ മുന്നിലില്ല. എന്നതിനര്ത്ഥം മുതലാളിത്തത്തെ അന്ധമായി ആശ്ലേഷിക്കണമെന്നല്ല. മുതലാളിത്തം അതിന്റെ തന്നെ ആന്തരവൈരുദ്ധ്യങ്ങള്‍ വഴി നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്നുണ്ട്. സാമ്പത്തികമാന്ദ്യവും ഓഹരിത്തകര്ച്ചയുമൊക്കെ തന്നെ ഉദാഹരണമ്. എന്നാല്‍ ഇതിന്‌ പോം വഴി മറ്റൊരു വ്യവസ്ഥയിലല്ല. താക്കോല്‍ പോയിടത്തുതന്നെയാണല്ലോ തിരയേണ്ടത്.
   ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്ന ന്യൂനപക്ഷത്തെ കൂടുതല്‍ സമ്പന്നരുമാക്കുന്ന ഈ വ്യവ്സ്ഥക്കെതിരെ അതിനകത്ത്‌ നിന്ന്‌ പ്രതിരോധിക്കുന്ന ഇടങ്ങളെ കാണാതിരുന്നുകൂടാ.
   കെ വേണുവിനോടുള്ള വിയോജിപ്പ് ഇവിടെയാണ്‌. പുതു മുതലാളിത്തത്തിന്റെ ലക്ഷ്യം ക്ഷേമരാഷ്ട്രമോ സാമൂഹ്യസമത്വമോ അല്ലെന്ന്‌ ആര്ക്കുമറിയാമ്.
   മുതലാളിത്ത വികസന പദ്ധതികളുടെ വക്താവായാണ്‌ വേണു ഈയിടെ പ്രത്യക്ഷപ്പെടുന്നത്.എന്നാല്‍ സാമ്പത്തിക- സാമൂഹ്യ അസമത്വത്തിന്റെ ഇരകളായി പുറമ്പോക്കുകളിലേക്ക് പിന്മാറ്റപ്പെടുന്ന സമൂഹങ്ങള്‍ പലതരം പ്രതിരോധസമരങ്ങളിലാണ്‌. അവര്ക്കാവശ്യം കറതീര്ന്ന സിദ്ധാന്തങ്ങളല്ല. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ്‌.
   അവരോട്‌ ഐക്യപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരെയാണ്‌ ഞാന്‍ ബഹുമാനിക്കുന്നത്‌. മയിലമ്മയും ളാഹഗോപാലന്‍മാരുമാണ്‌ വലിയ സൈദ്ധാന്തിക കസര്‍ത്തൊന്നുമില്ലാതെ സത്യസന്ധരായി സമൂഹത്തിന്‌ കൊള്ളാവുന്ന ജീവിതം നയിക്കുന്നത്‌. വേണുവാകട്ടെ ആകാശചാരികളായ ഇന്‍ഡ്യാ റ്റുഡേ സാമ്പത്തികവിദഗ്ദരുടെ ഭാഷയില്‍ മുതലാളിത്ത സാമ്പത്തികവ്യസ്ഥക്ക്‌ സ്തുതി പാടുന്നു.
   വേണു സ്വയം അപ്രസക്തനായത്‌ അങ്ങനെയാണ്‌.

   ReplyDelete
  11. ത്രിശ്ശൂര്‍ക്കാരന്‍,
   പഴയതും പുതിയതുമായ എന്തൊക്കെ മൂല്യബോധങ്ങള്‍ കുഴമറിഞ്ഞാണ്‌ അന്നത്തെ വിപ്ളവകാരി രൂപപ്പെട്ടതെന്നറിഞ്ഞുകൂടാ. ഒരു കോളേജ്‌ ഹോസ്റ്റല്‍ മൊത്തം ഇന്‍ഡ്യാ രാജ്യത്തു നിന്ന്‌ സ്വാതന്ത്യ്രം പ്രഖ്യാപിച്ചതും സ്ത്രീ സഖാക്കളടക്കം ചിലര്‍ ചേര്‍ന്ന്‌ കമ്യുണ്‍ സ്ഥാപിച്ചതും അങ്ങനെ എന്തൊക്കെ?

   ReplyDelete
  12. nannayi ezhuthiyirikkunnu... kurachu naal munpu cusat il vachu nadanna national free s/w conference lanu aadyamayi kanunnathu... addeham prasangichathil onnum ormma varunnilla...

   pakshe aa jeevitham oru padham aanu....enthu matram vayanayulla manshyan aanu. pakshe ennittum aagolavatkaranam poleyulla shramangal aabhasam aanennu manasilakkunnathil polum parachayappedunnu.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക