അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 18 April 2009

  ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍

  ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  പല ഭാഷകളിലും ആസൂത്രണവുമായി ബന്ധപ്പെട്ട ചിന്തകളും പ്രവര്‍ത്തനങ്ങളും അതതു ഭാഷകളുടെ വികാസചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ നടന്നു വരുന്നതായി കാണാം. ലീലാതിലകം ഇതിനൊരുത്തമ ദൃഷ്ടാന്തമാണ്. എന്നാല്‍ ഒരു പഠനശാഖയായി ഭാഷാസൂത്രണം വികസിച്ചുവരുന്നത് അടുത്തകാലത്താണ്. ‘Language planning in Modern Norway’ (1959 ല്‍ ആദ്യ എഡീഷന്‍, 1968 ല്‍ രണ്ടാം എഡീഷന്‍) എന്ന പ്രബന്ധത്തില്‍ അമേരിക്കന്‍ നോര്‍വീജിയന്‍ സാമൂഹ്യശാസ്ത്രകാരനായ ഈനര്‍ ഹോഗനാണ് എന്ന പദം ആദ്യമായി ഈ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ നിന്ന് നോര്‍വ്വേ സ്വതന്ത്രമായ ഘട്ടത്തിലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. ലോകഭൂപടത്തില്‍ ദേശരാഷ്ട്രങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരുന്ന സന്ദര്‍ഭമാണിത്. ദേശീയതാബോധത്തിന്റെ വികാസചരിത്രവും ഭാഷാസൂത്രണത്തിന്റെ ചരിത്രവും ലോകത്തെല്ലായിടത്തും ഇഴ പിരിഞ്ഞു കിടക്കുന്നതായി കാണാം. ആധുനികവല്‍ക്കരണത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ 60-കളിലും 70-കളിലും ഭാഷാസൂത്രണം എന്നത് മൂന്നാം ലോകത്തിന്റെ പ്രധാനശ്രദ്ധകളില്‍ ഒന്നായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ പുതുകാലത്ത് ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമാകുന്ന അന്താരാഷ്ട്രസമൂഹങ്ങളുടെ ആവിര്‍ഭാവവും പ്രാദേശികഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും സ്വത്വബോധങ്ങള്‍ക്കും മീതെ നടക്കുന്ന അധിനിവേശങ്ങളും ഭാഷാസൂത്രണത്തിന്റെ ലക്ഷ്യങ്ങളെയും സ്വഭാവങ്ങളെയും മാറ്റിമറച്ചിരിക്കുന്നു. ഭാഷാസൂത്രണത്തിന് വ്യത്യസ്ത കാലങ്ങളിലുണ്ടായിട്ടുള്ള നിര്‍വ്വചനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യകതമാകും.
  ചില നിര്‍വ്വചനങ്ങള്‍ നോക്കുക
  ഹോഗന്‍ നല്‍കിയ രണ്ടു നിര്‍വചനങ്ങള്‍:

  1. ഒരു ഏകഭാഷാപ്രദേശത്ത് ആ ഭാഷണസമൂഹത്തിലെ ഭാഷകന്‍മാര്‍ക്കും ലേഖകന്‍മാര്‍ക്കും വേണ്ടി നിര്‍ദേശാത്മകസ്വഭാവത്തിലുള്ള വ്യാകരണം,നിഘണ്ടു, ഉച്ചാരണ-ലിപി,അക്ഷരമാലകള്‍ എന്നിവ തയ്യാറാക്കുന്ന പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം. (1959)
  2. അക്കാദമികളും വിവിധഭാഷാസമിതികളും നിര്‍ദ്ദേശാത്മകസ്വഭാവത്തില്‍ നടത്തുന്ന ഭാഷാപോഷണത്തിനുവേണ്ടിയുള്ള രൂപപരിഷ്കരണങ്ങള്‍, ഭാഷയുടെ പരിഷ്കരണത്തിനും മാനകീകരണത്തിനും വേണ്ടി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഭാഷാസൂത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. (1969)ഇതില്‍ ആദ്യനിര്‍വ്വചനം ഘടനാപരമയ ആസൂത്രണത്തില്‍ മാത്രം ഊന്നിയതാണ്.കൂടുതല്‍ വിപുലമായ ആശയം രണ്ടാം നിര്‍വചനം ഉള്‍ക്കൊള്ളുന്നു.
  മറ്റ് ചില പ്രധാന നിര്‍വചനങ്ങള്‍:
  3. നിലനില്‍ക്കുന്ന ഭാഷകളെ ക്രമീകരിക്കുകയോ മെച്ചപ്പെടുതതുകയോ പുതിയ പൊതു, പ്രാദേശിക, അന്താരാഷ്ട്ര ഭാഷകളെ സൃഷ്ടിക്കുകയോ ചെയ്യുന്ന രീതിപദ്ധതിയാണ് ഭാഷാസൂത്രണം.
  .(Jaule-1968 Introduction to the theory of Language Planning)
  4. ഭാഷണത്തിലോ ലേഖനത്തിലോ രണ്ടിലുമോ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള സംഘടിത പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം. (Rubin & Jernuad – 1971)
  5. ഭാഷയെ ആധുനികീകരിക്കാന്‍ഔദ്യോഗികതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനം
  6. ഭാഷാനയ രൂപീകരണത്തിന് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന പരിശ്രമങ്ങള്‍.
  7. ഭാഷാപരമായ കുഴപ്പങ്ങളുടെപരിഹാരം ലക്ഷ്യമാക്കി മിക്കവാറും ദേശീയതലത്തില്‍ നടത്തുന്ന സംഘടിത ശ്രമം (Joshua Fishman - Advances in Language Planning -1974)
  8. ഒരു സമൂഹത്തില്‍ ഒരു നിശ്ചിതഭാഷയുടെ ഉപയോഗത്തിന്റെ സ്വഭാവത്തില്‍ മാററംവരുത്താന്‍ വേണ്ടി ഉദ്ദേശ്യലക്ഷ്യങ്ങളും തന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് ഭാഷാസൂത്രണം.
  9. ഭാഷയുടെ സമാര്‍ജജനം,സംഘടന, ധര്‍മ്മനിര്‍വഹണം തൂടങ്ങിയകാര്യങ്ങളില്‍ മറ്റുള്ളവരുടെ പെരുമാറ്റശീലങ്ങളില്‍ മാറ്റം വരുതതാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ആണ് ഭാഷാസൂത്രണം. (Cooper)10. ഒന്നോ അതിലധികമോ സമൂഹങ്ങളില്‍, ഒരു നിശ്ചിതഭാഷയില്‍ നേരത്തേ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാറ്റത്തെ ലക്ഷ്യമാക്കി, അല്ലെങ്കില്‍ നടന്നു കൊണ്ടിരിക്കുന്ന അഭികാമ്യമല്ലാത്ത മാറ്റങ്ങള്‍ക്കു തടയിടുന്നതിന് വേണ്ടി രൂപീകരിക്കുന്ന ആശയസംഹിതകള്‍, നിയമങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ ഉള്ളടങ്ങിയ ഭാഷാനയവും നിയമങ്ങളിലും വിശ്വാസങ്ങളിലും പ്രയോഗങ്ങളിലും വരുത്തുന്ന മാറ്റങ്ങളും ചേര്‍ന്നതാണ് ഭാഷാസൂത്രണം. . (Rubin & Jernuad 1971)
  11. ഭാഷാപരമായ പുതിയ ഉയിര്‍പ്പുകളെ സംവിധാനം ചെയ്യാനുള്ള ചിന്തയാണ് ഭാഷാസൂത്രണം.
  (Karam 1974)
  12. ഭാഷാസൂത്രണം എന്നു പറയുന്നത് ഒരു സമൂഹത്തിലെ ആശയവിനിമയപ്രശ്നങ്ങളെ പരിഹരിക്കാന്‍ വേണ്ടി ആ സമൂഹത്തിലെ ഏതെങ്കിലും ഒരു ഭാഷയുടെ ധര്‍മ്മനിര്‍വഹണത്തിലോ ഭാഷയെ തന്നെ മാറ്റിമറിക്കുന്നതിനു വേണ്ടിയോ സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയ ദീര്‍ഘകാലത്തിലുള്ള ബോധപൂര്‍വവും സ്ഥിരവുമായ പരിശ്രമമാണ്. ((Weinstien- 1980)
  13. സാമൂഹ്യകൂട്ടായ്മകളുടെ ശ്രേണീകരണം സാദ്ധ്യമാക്കാനുള്ള അടിത്തറ എന്ന നിലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു ഭാഷയുടെ സ്ഥാപനവല്‍ക്കരണം.
  (Tollefson – 1991)– 1991)
  ഈ വ്യത്യസ്ത നിര്‍വചനങ്ങളുടെ താരതമ്യവിശകലനം ഭാഷാസൂത്രണത്തെ സംബന്ധിച്ച സാമാന്യധാരണകള്‍ രൂപീകരിക്കാന്‍ സഹായിക്കും. ഭാഷാസൂത്രണത്തിനു സമാനമായും വ്യത്യസ്തമായും ഉപയോഗിക്കപ്പെടുന്ന Language Policy, Language Politics, Language Cultivation, Language Treatment, Language Management എന്നീ സംജ്ഞകളെ അടുത്ത ഘട്ടത്തില്‍ പരിചയപ്പെട്ട് ഇവ തമ്മിലുള്ള സൂക്ഷമ വ്യത്യാസങ്ങളെ വിശകലനം ചെയ്യാം.
  http://sngscollege.info
  http://vijnanacintamani.org

  7 comments:

  1. 1. ലീലാതിലകം ഇതിനൊരുത്തമ ദൃഷ്ടാന്തമാണ്.
   വിശദീകരണം ആവശ്യമല്ലേ?

   2.ദേശീയതാബോധത്തിന്റെ വികാസചരിത്രവും ഭാഷാസൂത്രണത്തിന്റെ ചരിത്രവും ലോകത്തെല്ലായിടത്തും ഇഴ പിരിഞ്ഞു കിടക്കുന്നതായി കാണാം
   ഇഴപിരിഞ്ഞു് എന്നു തന്നെയാണോ ഉദ്ദേശിച്ചതു്?

   ReplyDelete
  2. പ്രിയ മഹേഷ് ,
   2. ഇഴപിരിഞ്ഞു് - Intertwined എന്ന അര്‍ഥത്തില്‍ സ്വീകരിച്ചാല്‍ മതി. ഇഴയടുപ്പം ടൈപ്പു ചെയ്തപ്പൊള്‍ നഷ്ട്പ്പെട്ടതാണ്.
   1. പാട്ട്, മണിപ്രവാളം തുടങ്ങിയ കാവ്യ പ്രസ്ഥാനങ്ങളെ വിശദീകരിക്കുന്ന ലക്ഷണ ഗ്രന്ഥം എന്ന നിലയില്‍ മലയാള‍സാഹിത്യ ചരിത്രത്തിലെ തെറ്റായ മൈല്‍ കുറ്റിയാണ് ലീലാതിലകം എന്നാണു തോന്നുന്നത്. ആ ലക്ഷണക്കണക്കിലല്ല രണ്ടു സാഹിത്യശാഖകളും (അതു രണ്ട് മാത്രം എന്നോ രണ്ട് എന്നോ കാണുന്നതു തന്നെ ശരിയല്ലല്ലോ) വളര്‍ന്നത്.ലീലാതിലകത്തെ മലയാളഭാഷയുടെയും സാമൂഹത്തിന്റെയും വികാസചരിത്രത്തിലെ സവിശേഷപ്രതിസന്ധി ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ഭാഷാ- സാമൂഹ്യ രേഖയായി പരിഗണിച്ചാല്‍ മതി. ഈ രീതിയില്‍ എസ്.വി.ഷണ്മുഖം,എം.ആര്‍.രാഘവ വാരിയര്‍, റിച്ച് ഫ്രീമാന്‍ തുടങ്ങിയവരുടെയടക്കം മികച്ച പഠനങ്ങള്‍ വന്നിട്ടുണ്ടല്ലോ. യാത്രക്കിടയില്‍ ആയതിനാല്‍ 'ഭാഷാസൂത്രണം ലീലാതിലകത്തില്‍ 'എന്ന പ്രശ്നത്തില്‍ അധികം എഴുതുന്നില്ല. ഇന്നു രാത്രിയില്‍ കൂട്ടിചേര്‍ക്കാം എന്നു പ്രതീക്ഷിക്കുന്നു.
   പ്രതികരണത്തിനു നന്ദി.

   ReplyDelete
  3. നിശ്ചിത ലിഖിത പാഠപുസ്തകങ്ങള്‍ക്കു പകരം ഇന്നത്തെ പഠനരീതിയില്‍ വിദ്യാര്‍തഥികള്‍ക്കു സഹായമാകുക‍ തുറന്ന സംവാദ പാഠങ്ങള്‍ ആണെന്ന കാഴ്ച്ചപാടിലാണ് ഇത്തരം ഒരു മാധ്യമ രൂപം ഉപയോഗിക്കുന്നത്.നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

   ReplyDelete
  4. ഫ്രീമാന്റെ ഒരു പ്രബന്ധത്തിന്റെ (Manipravalam: Threading the Necklace of a Language for Kerala) സിനോപ്സിസ് മാത്രം ഇപ്പോള്‍ നല്‍കട്ടെ.
   Rich Freeman, University of Pennsylvania

   This paper will address the conscious crafting of a separate literary language, Manipravalam, by the elite of medieval Kerala, as reflected in the authoritative 14th-century grammar of that language. This text, the Lilatilakam, presents itself as establishing the linguistic and poetic standards for vernacular literary expression in Kerala; yet, the language that it mandates is expressly a hybrid, woven out of a newly proclaimed regional dialect, "Kerala speech," on the one hand, and out of the literary medium of transregional elites, Sanskrit, on the other. I intend to show, first, how the considerable efforts in establishing the linguistic distinctiveness and autonomy of Kerala speech is particularly directed against the long-standing cultural hegemony of the Tamil language and literature, and, secondly, that the recourse made to Sanskrit, as the pan-Indian language of cultural prestige, is part of this same logic of resistance. Yet the influence of Sanskrit had itself to be carefully regulated, lest its greater cultural force eclipse the regional attributes of the newly formed hybrid. Thus this project of Manipravalam, clear precursor to Kerala's modern language of Malayalam, initially emerged as the claim of a regional dialect to the status of a literary language. It was a claim, though, that had to be complexly negotiated between the double hegemonies of Tamil, at the inter-regional level, and Sanskrit, as the transregional language of the gods and of Brahmanism.

   Intra-regionally, though, the very process of mandating the language's grammar, form, aesthetics, and the mix of its constituent strands, indicates something of the exclusionary and hegemonic structures within Kerala society which I propose to explore, as well. For this I will draw on the evidence of particular classes, castes, and dialect features which the author of the text treats, both in his descriptions of Kerala speech and its relation to the literary language he strives to authorize. Finally, I hope to suggest from the contemporaneous literature, and the actual trajectory that Malayalam has subsequently taken, that much of what our text excludes from its purview in form and genre has had a popular life within Kerala and has often prevailed against these very dictates of the literati.

   ReplyDelete
  5. കൂടുതല്‍ അബ്‌സ്ട്രാക്ടുകള്‍ ഇവിടെ കാണാം: http://www.aasianst.org/absts/1995abst/southasi/sases11.htm

   ReplyDelete
  6. മുന്‍പു സൂചിപ്പിച്ച പ്രബന്ധത്തിന്റെ സ്ഥിതി അറിയില്ല.. ഷെല്‍ഡന്‍ പൊള്ളോക്ക് എഡിറ്റ് ചെയ്ത 'Literary Cultures in History: Reconstruction from South Asia' യിലെ 'Literary Culture of Pre-Modern Kerala' (P.437-500) മലയാളത്തില്‍ എവിടെയെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടതായി അറിയാമോ?.
   ഈ പ്രബന്ധത്തില്‍ ഊന്നി ചില കാര്യങ്ങള്‍ എഴുതണമെന്നു വിചാരിക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടാനുള്ള വകുപ്പ് അതിലുണ്ട്.

   ReplyDelete
  7. സംസ്കൃതത്തിന്റെ തള്ളിപ്പരക്കലില്‍ നിന്ന് ഭാഷയുടെ തനിമയെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച ബോധം ലീലാതിലകകാരനെ നിരന്തരം ഭരിക്കുന്നുണ്ട്. ഒരു ഭാഷാസൂത്രകന്റെ ഇത്തരം വ്യഗ്രത ഭാഷാത്തനിമാവാദം അക്രമോത്സുകമായി പ്രവര്‍ത്തിക്കുന്ന കൂന്തല്‍ വാദത്തിലോ ആദ്യ മൂന്നു ശില്പങ്ങളിലോ മാത്രമല്ല കാണുന്നത്. നാലാം ശില്പത്തില്‍ നിന്നും മറ്റും ഗോദവര്‍മ്മ ദൃഷ്ടാന്തങ്ങള്‍ എടുത്തു കാട്ടി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
   ഗോദവര്‍മ്മ എഴുതുന്നു.
   "'അവങ്കല്‍നിന്ന്പയറ്റി', 'പുലിയിങ്കല്‍ നിന്നു പേടിച്ചു' 'കോണ്‍കേയ്ക്കു പോയി','മരങ്ങളുടെ മറവിന്റെ', 'ഉദിക്കിന്റ ആദിത്യനില്‍ പിറന്റാന്‍' എന്നും മറ്റും ഭാഷയില്‍ പ്രയോഗിക്കുന്നത് വികൃതവും അയുക്തവും അഭിമതാര്‍ത്ഥപ്രതീതിയെ വിഹനിക്കുന്നതും ആണെന്നുള്ള അനുശാസനം സംസ്കൃത ഭാഷാനിയമങ്ങളെ വിവേചനമില്ലാതെ സ്വീകരിച്ച് ഭാഷയില്‍ വിലക്ഷണപ്രയോഗങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ഒരു അങ്കുശം തന്നെയാണ്. 'ന ഖലു സംസ്കൃതന്യായഃ സര്‍വ്വോപി ഭാഷായാം പ്രവര്‍ത്തതേ' എന്ന് സംസ്കൃതന്യായങ്ങളെ ഗ്രാഹ്യത്യാജ്യബുദ്ധിയോടുകൂടി മാത്രമേ ഭാഷയില്‍ ആദരിക്കാവൂ എന്ന് നാലാം ശില്പത്തില്‍ ആചാര്യന്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്". ലീലാതിലകം-(ഒരു നിരീക്ഷണം)

   ആദിസ്വരാഗമത്തെ ഒഴിവാക്കുന്ന അന്നത്തെ ഭാഷകന്റെ പരിഷ്കാരഭ്രമത്തോട് ലീലാതിലകകാരന്‍ കയര്‍ക്കുന്നത് കാണാം .അധികാക്ഷരനിരൂപണത്തിലും ഈ പ്രവണത പ്രകടമാണ്. അപാമരജനപ്രസിദ്ധമായ നാട്ടുഭാഷയും ഭാഷയെന്നു തോന്നിക്കുന്ന സാധാരണ സംസ്കൃതവും ചേര്‍ന്ന് നിരപ്പുകേടില്ലാതെ രൂപം കൊള്ളുന്ന ഒരു ആധുനിക മലയാളത്തെ സംബന്ധിച്ച പ്രതീക്ഷ ലീലാതിലകകാരനിലെ ഭാഷാസൂത്രകന്‍ ഇങ്ങനെ നിരന്തരം നിലനിര്‍ത്തുന്നതായി കാണാം. അതു സഫലമായത് ഏറെ നൂറ്റാണ്ടുകള്‍ക്കു ശേഷമാണെങ്കിലും.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക