അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 20 September 2009

    പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?

    (ബെര്‍ളിയും മരമാക്രിയും അപ്രസക്തരായ ബൂലോകത്തെ ആ നശിച്ച കഴിഞ്ഞയാഴ്ചയെക്കുറിച്ച്‌)
    ബൂലോകത്ത്‌ (അതെന്ത്‌ ലോകം?) കഴിഞ്ഞയാഴ്ചയുണ്ടായ രണ്ട്‌ ബൂലോക സംഭവങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗെഴുത്തും സിയാബ്‌ എന്നൊരു ബ്ലോഗറുടെ കഴുത്തുപിടുത്തവുമായിരുന്നു. ആധുനികതയുടെ ഇറക്കത്തിനും നക്സലിസത്തിന്റെ തളര്‍ച്ചക്കും ശേഷമുണ്ടായ നിരാശയുടെ നീണ്ട കാലത്ത്‌, മലയാളത്തിന്റെ ക്ഷുഭിത യൗവ്വനം സ്വയം അടയാളപ്പെട്ടത്‌ ബാലചന്ദ്രന്റെ പതിനെട്ട്‌ കവിതകളിലാണ്‌. കാമ്പസ്സിന്റെ പ്രണയവും കലാപവും ആത്മനിന്ദയുമൊക്കെ ആ കവിതകള്‍ ഉറക്കെ ചൊല്ലി സ്വയം ആവിഷ്കരിക്കുകയായിരുന്നു, എന്റെ കോളേജ്‌ കാലത്ത്‌. പതിനെട്ട്‌ കവിതകള്‍ക്ക്‌ ശേഷം സഹശയനവും എവിടെ ജോണുമൊക്കെ പ്രസിദ്ധീകരിച്ചിരുന്ന കാലം. മധുസൂദനനന്‍ നായരുടെ കാസറ്റ്‌ കവിതക്കാലത്തേക്ക്‌ അതില്‍ നിന്നേറെ ദൂരമുണ്ട്‌.
    അന്നൊരിക്കല്‍ പട്ടാമ്പി നേര്‍ച്ചയുടെ പിറ്റേന്ന് പട്ടാമ്പികോളേജില്‍ നടന്ന ഒരു കവിയരങ്ങില്‍, അന്ന് അത്ര അറിയപ്പെടാതിരുന്ന മധുസൂദനനന്‍ നായര്‍ 'നാറാണത്ത് ഭ്രാന്തന്‍' കവിത സംഗീതാത്മകമായി ചൊല്ലുമ്പോള്‍ ഉത്സവരാത്രിയുടെ ഉറക്കച്ചടവില്‍ ആകേ ഉലഞ്ഞിരുന്ന ചുള്ളിക്കാടിന്റെ വിരലുകള്‍ മേശപ്പുറത്ത്‌ താളം പിടിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സില്‍ കിടന്ന ഒരു ഫ്രെയിമാണ്‌. കാലമെത്ര വേഗം കടന്നു പോയി. ഇന്ന് സ്ക്കൂളുകള്‍ക്കും ക്യാമ്പസ്സുകള്‍ക്കും കവിതയുടെ പര്യായം മധുസൂദനന്‍ നായരാണ്‌ അല്ലെങ്കില്‍ മുരുകന്‍ കാട്ടാക്കട.
    ചുള്ളിക്കാട്‌ നിശബ്ദതയിലായി. കവിതയില്‍ പുതുമൊഴിവഴികളുണ്ടായി. ഇടക്ക്‌ ചില വിവാദങ്ങളില്‍ ധീരമായി ഇടപെട്ട്‌ ചുള്ളിക്കാട്‌ തന്റെ നിലനില്‍പ്പ്‌ അറിയിച്ചിരുന്നു. അഴീക്കോടുമായി ബന്ധപ്പെട്ടും റോസ്‌ മേരിയുടെ 'വയസ്സറിയിക്കു'ന്നതുമായി ബന്ധപ്പെട്ടും പിന്നെ മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട്‌ സ്വയം മതം മാറിയും കുഞ്ഞിരാമന്‍ നായര്‍ കവിത തുറന്ന് വായിച്ചുമൊക്കെ സര്‍ഗാത്മകമായ ആ ധിക്കാരത്തിന്റെ ഉര്‍ജ്ജം മലയാളിയിലേക്ക്‌ പ്രവഹിപ്പിച്ച്‌. ചിദംബരസ്മരണ തൊട്ടപ്പോഴും നാം ആ ചുള്ളിക്കാടിനെ തന്നെ വീണ്ടും അനുഭവിച്ചു. തികഞ്ഞ ആധികാരികതയും ആത്മാവു തൊടുന്ന സത്യസന്ധതയും ആയിരുന്നു ഈ ഇടപെടലുകളിലെ കൈമുതല്‍. റോസ്‌ മേരിയുടെ വയസ്സ്‌ ചോദിച്ചത്‌ നടിയും നര്‍ത്തകിയുമായ ശോഭന സ്വയം വയസ്സ്‌ പ്രസിദ്ധപ്പെടുത്തിയ കാര്യം ഓര്‍മപ്പെടുത്തിയായിരുന്നു. കുവ്വം നദിയെ പറ്റിയുള്ള വില കുറഞ്ഞ ഒരു കമന്റില്‍ തന്റെ വയസ്സൊളിപ്പികുകയാണ്‌ റോസ്‌ മേരി ചെയ്തത്‌.

    ധീരന്‍ എന്ന് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചുള്ളിക്കാടിനെ വിളിക്കാന്‍ എന്നെ എന്ന്നും പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇതൊന്നുമല്ല. ശ്രീനിവാസന്റെ വരിയൊന്ന്‌ മാറ്റി പറഞ്ഞാല്‍ അദ്ദേഹം എഴുതാതെ മാറ്റി വെച്ച കവിതകളെ പ്രതിയാണ്‌. എവിടെ എഴുത്ത്‌ നിര്‍ത്തണം എന്ന് തിരിച്ചറിഞ്ഞ കുറച്ച്‌ കവികളെ നമുക്കുള്ളൂ. കഥയില്‍ ഒരാള്‍ മാത്രം. മേതില്‍ രാധാകൃഷ്ണന്‍. പണ്ടെഴുതിയ ചില രചനകളുടെ ബോണസ്സില്‍ ശിഷ്ടകാലം സാംസ്കാരിക നായകന്മാരായി മാധ്യമങ്ങളില്‍ ചാരുകസേരയില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചില്ല എന്നതാണ്‌ രണ്ടുപേരുടേയും മേന്മ.
    പിന്നീട്‌ ചുള്ളിക്കാടിന്‌ എന്തു സംഭവിച്ചു? അദ്ദേഹം ഒരു ചെറുനടനായി ടി.വി.യിലും സിനിമയിലും പ്രത്യക്ഷപ്പെട്ടു. വി.ആര്‍ സുധീഷ്‌ വിശേഷിപ്പിക്കുന്നരീതിയില്‍ എക്സ്ട്രാ നടന്‍. ഈ മാസം അദ്ദേഹം ഒരു ബ്ലോഗറായി പ്രത്യക്ഷപ്പെട്ടു. സ്വയം ഒരു അഭിനയ തൊഴിലാളി എന്ന് പ്രൊഫൈലില്‍ എഴുതി, ചുള്ളിക്കാടില്‍ സ്വാഭാവികമല്ല എന്ന്‌ വിമര്‍ശകര്‍ പറയുന്നത്‌ പോലെ പൂര്‍ണ്ണ വിനയവും അടക്കവും നിഷ്കളങ്കതയും കാട്ടി ഒരു കുട്ടിയെപ്പോലുള്ള നിലയാണ്‌ ബ്ലോഗില്‍ കാണുന്നത്‌. സ്വാഭാവികമായും അദ്ദേഹത്തിലെ ധിക്കാരിയുടെ കാതല്‍ കണ്ട, അതിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഓര്‍മ്മിക്കുന്നവര്‍ക്ക്‌ പൊരുത്തപ്പെടാനാവാത്ത ഒരു പോസ്‌. കവികള്‍ തിങ്ങി വിങ്ങിയ ബൂലോകത്തിലെ കാവ്യോപജീവികള്‍ക്കും അദ്ദേഹം കവി എന്ന നിലയിലല്ലാതെ 'അഭിനയ തൊഴിലാളി' എന്ന് സ്വയം പരിചയപ്പെടുത്തിയത്‌ സഹിച്ചില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകളും അങ്ങനെ തന്നെ ആയിരുന്നു. കവി എന്ന നിലയില്‍ താന്‍ തികഞ്ഞ ഒരു പരാജയമാണെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്ന ഒരു പുസ്തകം രചിക്കാന്‍ തന്റെ കവിതയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ തേടിപ്പിടിക്കാനുള്ള അപേക്ഷയായിരുന്നു ആദ്യത്തേത്‌. ഒരു കഥാകൃത്ത്‌ തന്നെ അര്‍ദ്ധരാത്രി വിളിച്ച്‌ എക്സ്ട്രാ നടനല്ലേ എന്ന് പരിഹസിച്ചതിനെ പറ്റിയായിരുന്നു അടുത്തത്‌. കമന്റുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു രണ്ടിനും. ഇതിനിടയില്‍ ബൂലോകത്തെ നിയമങ്ങളും ചട്ടവട്ടങ്ങളും ചുള്ളിക്കാടിനെ ഓര്‍മപ്പെടുത്തി ചില ബൂലോക പോലീസുമെത്തി. ഇവിടെ തറവാടക പിരിക്കാന്‍ ഇവരെയൊക്കെ ആരാണ്‌ ഏല്‍പ്പിച്ചത്‌? ചുള്ളിക്കാട്‌ അവരോട് 'ഇവിടുത്തെ നാട്ടുനടപ്പറിയില്ലെന്ന് ക്ഷമ പറഞ്ഞത് 'ശരിയായില്ലെന്ന് പറഞ്ഞ്‌ വേറെ ചില ബ്ലോഗ്‌ പുലികളും രംഗത്തെത്തി. ചുള്ളിക്കാട്‌ തലയൂരിയതിനാല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ലിനു സ്കോപ്പുണ്ടായില്ല.
    കൂട്ടത്തില്‍ പറയട്ടെ. ഒരു കൂട്ടം ബ്ലോഗെഴുത്തുകാര്‍ ഇങ്ങനെ സംഘടിച്ച്‌ ബൂലോകത്തെ ഭരണം കൊണ്ടു നടത്തുന്ന പതിവ്‌ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? പഴയ പാഠപുസ്തകങ്ങളില്‍ കാണുന്നതുപോലെ 'ഇവറ്റകള്‍ കൂട്ടം കൂട്ടമായേ കാണപ്പെടാറുള്ളൂ' എന്ന് മലയാള ബ്ലോഗേര്‍സിനെക്കുറിച്ച്‌ ഭാവിയില്‍ പരാമര്‍ശിക്കപ്പെടുമോ എന്തോ? ഇതാണോ നമ്മുടെ അഗ്രിഗേറ്റര്‍ രീതി ?
    ഒരു മോട്ടോര്‍ മെക്കാനിക്കും എഴുത്തുകാരനും തമ്മില്‍ അത്ര ഭേദമില്ലെന്ന് തന്റേടത്തോടെ പറഞ്ഞത് മേതിലാണ്‌. തന്റെ ഇപ്പോഴത്തെ തൊഴില്‍ കവിതയെഴുത്തല്ല, അഭിനയമാണെന്ന് ചുള്ളിക്കാട് പറഞ്ഞാല്‍ പിന്നെ ആ ചര്‍ച്ചക്ക് അധികദൂരം സഞ്ചരിക്കാനാവില്ല. കവിയേയും അഭിനേതാവിനേയും താരതമ്യം ചെയ്ത് അഭിനയം മതിയാക്കി കവിതയെഴുത്ത് തുടര്‌ എന്ന് പറയേണ്ടതുമില്ല. ഒരു കാര്യം സത്യമാണ്‌. മലയാള സിനിമക്കോ സീരിയലിനോ ചുള്ളിക്കാട് തന്നെ വേണമെന്നില്ല. മികച്ച നടന്മാര്‍ വേറെയുണ്ട്. താന്‍ ചെറിയ നടന്‍ മാത്രം എന്നദ്ദേഹം അടിവരയിടുന്നുമൂണ്ട്. മുണ്ടൂരിന്റെയും മുല്ലനേഴിയുടെയും മാടമ്പിന്റെയും അഭിനയം ഇഷ്ടമുള്ള എനിക്ക് ചുള്ളിക്കാടിന്റെ അഭിനയം ഇഷ്ടപ്പെടാറില്ല. എന്നാല്‍ ആ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഒരാളുടെ അഭിനയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നില്ല. മോശം അധ്യാപനം നടത്തുന്ന, എന്നാല്‍ നന്നായി എഴുതുന്ന എഴുത്തുകാരായ കുറേ അധ്യാപകരെ എനിക്കറിയാം. നാം അവരോടൊന്നും ഇനി നിങ്ങള്‍ എഴുതിയാള്‍ മതി ക്ലാസ്സില്‍ പോകരുതെന്നു പറയുമോ? തിരിച്ച് മോശം രചനകള്‍ നടത്തുന്നവരോടും ഇനി ആ പണി ചെയ്യരുത് പഠിപ്പിച്ചാല്‍ മതി എന്നും പറയില്ലല്ലോ? പിന്നെന്തിന്‌ ചുള്ളിക്കാടിനോട് മാത്രം ഈ നിലപാട്?
    എക്സ്ട്രാ നടനെപ്പോലെ ചെറിയ റോളുകളില്‍ മാത്രം കാണുന്നു എന്നതാണോ പ്രശ്നം? യു ജി.സി പ്രൊഫസ്സറായ എന്റെ അധ്യാപകന്‍ അലിയാര് കുഞ്ഞ് എത്ര ദശകങ്ങളായി അപ്രധാനറോളുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊരു മോശം സംഗതിയാണെന്ന് അദ്ദേഹത്തിനോ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കോ ഒരിക്കലും തോന്നിയിട്ടില്ല.
    ഒരാള്‍ ജീവിക്കേണ്ടത് വര്‍ത്തമാനത്തിലാണ്‌. പണ്ടെഴുതിയ കവിതകളുടെ പേരിലല്ല, ഇപ്പോള്‍ നടത്തുന്ന അഭിനയത്തൊഴിലിലാണ്‌ ഒരാള്‍ സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അയാളെ അതിനനുവദിക്കുക എന്നത് നാം പാലിക്കേണ്ട ചെറിയ ഒരു മര്യാദമാത്രമാണ്‌. സ്വന്തം പ്രൊഫൈല്‍ സ്വയം എഴുതാന്‍ ഒരാളെ ദയവായി ‍അനുവദിക്കുക.
    പ്രൊഫൈലില്‍ എന്തെഴുതാം എന്നത് ഓരോ ബ്ലോഗറുടെയും സ്വാതന്ത്ര്യമാണ്‌. എന്റെ പ്രൊഫൈല്‍ സാങ്കേതികമായി ശരിയായിരിക്കാം. എന്നാല്‍ ഞാന്‍ 'ശരിക്കും' ഒരു അധ്യാപകനാണോ പ്രൊഫൈലില്‍ പറയാത്ത മറ്റെന്തെങ്കിലും ഏര്‍പ്പാടുകളുണ്ടോ എന്നന്വേഷിക്കുന്നത് മലയാളിയുടെ മാത്രം ഒളിഞ്ഞുനോട്ട ശീലമാണ്. എനിക്കിഷ്ടപ്പെട്ട രണ്ടു പ്രൊഫൈലുകള്‍ മരമാക്രിയുടെയും ബെര്‍ളിയുടെയുമാണ്. എന്നാല്‍ ബെര്‍ളി സ്ഥിരമായി വഷളനാണോ, മരമാക്രിയുടെ നേഴ്സ്ഭാര്യക്ക് പദ്മപ്രിയയെപ്പോലെ ഗ്ലാമറില്ലേ എന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
    ഉള്ളതെഴുതാതെ വേണ്ടത്രയില്ലാത്തത് പ്രൊഫൈലില്‍ കാണിച്ചു എന്നതാണ്‌ ചുള്ളിക്കാട് ചെയ്ത കുറ്റം എങ്കില്‍ സിയാബ് എന്നൊരു ബ്ലോഗര്‍ ഇല്ലാത്ത ഒരു യോഗ്യത പ്രൊഫൈലില്‍ കാണിച്ചു എന്നതാണ്‌ ബൂലോകത്തെ വിറപ്പിച്ച രണ്ടാമത്തെ പ്രശ്നം. പുതിയ ട്രെന്റായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ശൈലിയില്‍ (പാപ്പരാസി ജേര്‍ണലിസമെന്നല്ലേ പറയേണ്ടത്) ഒരു ബൂലോക പത്രമാണ്‌ (എന്തൊക്കെ ഏര്‍പ്പാടുകള്‍) ഇതു കണ്ടെത്തിയത്. ഇഞ്ചിപിടുത്തവും മാക്രിപിടുത്തവുമായിരുന്നു ഇതിനു മുന്‍പുണ്ടായ സമാനാനുഭവം. പക്ഷേ ആ തമാശയൊന്നും പുതിയ സംഭവത്തിനില്ല. സിയാബിനെതിരെ എന്തൊക്കെ നിയമനടപടികളാവാമെന്നതാണ്‌ പിന്നെ ചര്‍ച്ച. 'ബൂലോകത്ത് നിന്ന് കെട്ടുകെട്ടിക്കുമെന്ന് കട്ടായം, ഈ സമത്വസുന്ദര ബ്ലാവേലിനാട്ടില്‍ തിരുട്ടുപയലുകളോ, വിടമാട്ടേന്‍' എന്ന മട്ടിലാണ്‌ ചില നിയമപാലകസംഘങ്ങള്‍. അവനെ തൊട്ടാല്‍ വിവരമറിയമെന്ന്‌ അവന്‌ ജെയ് വിളിച്ചൊരു എതിര്‍ സംഘം. തല്‍ക്കാലം വിട്ടേരെ എന്നൊരു കോമ്പ്രമൈസ് പാര്‍ട്ടി കൂടിയായപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. ഇതിനിടയിലാണ്‌ പോള്‍ വധത്തില്‍ പോലീസുപറയുന്ന കഥയെ വെല്ലുന്ന ഒരു ടേണില്‍ അയാള്‍ക്ക് മാരകമായ രോഗത്തിന്‌ അടിമയാണെന്ന വെളിപ്പെടല്‍ ഉണ്ടാകുന്നത്. പിന്നെ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ കഥ പറയുന്ന പോലെ അവിടെ മാപ്പുപറയല്‍, ഇവിടെ കരച്ചില്‍, അവിടെ ചികില്‍സക്ക് പണമന്വേഷിക്കല്‍ വേറെ എവിടെയോ സര്‍ട്ടിഫിക്കറ്റന്വേഷിക്കല്‍ തുടങ്ങിയ കലാപരിപാടികളായി. ഇടക്ക് നിന്ന് ചില രസികന്മാര്‍ പറ്റിയ തക്കത്തിന്‌ ആരുടെയൊക്കെയോ പെരടിക്ക് പൂശി അടുത്ത വണ്ടിക്ക് കയറി സ്ഥലം വിട്ടു.ബൂലോകത്ത് ഇനി റസീറ്റു കുറ്റിയുമായി നടക്കാനാവില്ലല്ലോ എന്നാണ്‌ ചില സുമനസുകളുടെ സങ്കടം. അയാള്‍ രോഗത്തിന്റെ പേരില്‍ ചില ബൂലോകവാസികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടത്രെ. ആ പണം കിട്ടാതെ അതര്‍ഹിക്കുന്നവര്‍ പുറത്ത് ക്യൂ നില്‍ക്കുന്നതിലാണ്‌ അവര്‍ക്ക് സങ്കടം. വേദനിക്കുന്ന കോടീശ്വരന്‍!

    തീര്‍ത്തും വ്യക്തിപരമായ സ്വകാര്യക്കുറിപ്പുകള്‍ എന്ന നില വിട്ട് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കായി, ഒരു ബദല്‍ മാധ്യമമായി ബ്ലോഗുകള്‍ മാറിയിട്ട് ഏറെ ആയില്ല. അത് എത്ര കാലം എങ്ങനെ നിലനില്‍ക്കുമെന്ന്‌ പറയാനാവില്ല. ഗൂഗിളിന്റെ പുറമ്പോക്കിലും മറ്റും ചേക്കേറീ അവിടെ ചിലര്‍ ചേര്‍ന്ന് ഭരണകൂടമുണ്ടാക്കുന്നതും കോടതിയും പോലീസുമൊക്കെ ഏര്‍പെടുത്തുന്നതും ക്രമസമാധാനം പാലിക്കുന്നതുമൊക്കെ കാണുമ്പോള്‍ എന്തു പറയാന്‍! എല്ലാ നല്ല ഭരണകൂടങ്ങളും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട് എന്ന് പാഠപുസ്തകങ്ങളില്‍ പഠിച്ചതിനാലോ എന്നറിയില്ല, ആലംബഹീനന്മാര്‍ക്ക് സഹായമെത്തിക്കാനും അത്‌ മോണിറ്റര്‍ ചെയ്യാനും മറ്റൊരു കൂട്ടരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.
    ഈ ഭൂമിമലയാളത്തിലല്ലാതെ, മറ്റെവിടെയെങ്കിലും ഇങ്ങനെ ബ്ലോഗുസംസ്കാരമുണ്ടോ? അറിയില്ല.
    വിക്കീപീഡിയയില്‍ കാണുന്നതു പോലും സത്യമല്ലെന്ന് നമുക്കറിയാം. മലയാളത്തില്‍ നിന്ന് തന്നെ ഉദാഹരണം തരാം. അപ്പോള്‍ ഒരാള്‍ ബ്ലോഗിലൂടെ തന്നെ പറ്റി പറയുന്നതെല്ലാം സത്യം സത്യമായിരിക്കണമെന്ന് ശഠിക്കുന്നതെന്തിന്‌?
    ഈ സിയാബിന്റെ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല. കടവല്ലൂരെന്നും പി ജി സെന്ററെന്നുമൊക്കെ അയാള്‍ ഇടക്കിടക്ക് പറയുന്നതായി കണ്ടു. എനിക്ക് പരിചയമുള്ള സ്ഥലങ്ങള്‍ എന്ന്‌ കരുതി ടാക്സി വിളിയെടാ എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതെഴുതിയതിന്റെ പേരില്‍ ഏതെങ്കിലും ഗുണ്ടാസംഘങ്ങള്‍ ടെമ്പോ വിളിച്ച് ശിക്ഷിക്കാനോ രക്ഷിക്കാനോ വരുന്നതിന്‌ മുന്‍പ് ഞാന്‍ സ്വയം ഒന്ന് രക്ഷപ്പെട്ടോട്ടേ, പ്ലീസ്!
    http://sngscollege.info
    http://vijnanacintamani.org

    3 comments:

    1. ഈത്തവണത്തേക്ക് മാത്രം രക്ഷപെട്ടോ.......
      ഇനി ഈ വഴിയെങ്ങാനും വന്നാല്‍ ഭീകരവാദിയാനെന്നും പറഞ്ഞു വെടിവെച്ചിടും!

      ReplyDelete
    2. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.
      ജനാധിപത്യം അസംതൃപ്തിയും അസൌകര്യവും ശല്യവും എല്ലാവർക്കും തുല്യമായി പങ്കിടും.സ്വയംനിയന്ത്രണമല്ലാതെ ഏതുതരം നിയന്ത്രണവും ജനാധിപത്യം എന്ന സങ്കല്പത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാവുകയും ചെയ്യും. എങ്കിലും ജനാധിപത്യം തന്നെയാണു നല്ലതെന്നു തോന്നുന്നു. സമൂഹത്തിലും ബ്ലോഗിലും.

      ReplyDelete
    3. നാട്ടുകാരന്‍, ഭീകരവാദിവിളിയെ പേടിയില്ല. കാരണം ശ്രീനിവാസന്‍ പറഞ്ഞ പോലെ സ്കൂളില്‍ തോറ്റപ്പോള്‍ ഞാനും ഒന്ന്‌ നക്സലൈറ്റ്‌ ആയിട്ടുണ്ട്‌!
      ചുള്ളിക്കാടിന്‌, എന്തു ചെയ്യാം, നിര്‍ഭാഗ്യവശാല്‍ നമ്മളെല്ലാവരും ജനാധിപത്യവാദികളായിപ്പോയില്ലേ! നന്ദി.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക