അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 1 September 2009

    ഗണപതിക്ക് കുറിച്ചത്!

    ഈയടുത്ത് നമ്മുടെ നഗരങ്ങളില്‍ നടന്ന ഗണേശോല്‍സവം പലരിലും ഗൗരവമുള്ള വിചാരങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഇത് സംബന്ധിച്ച മികച്ച ഒരു പോസ്റ്റ് വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ഉണ്ട്. എന്റെ നാട്ടിന്‍പുറത്തും ദരിദ്രമായ ഒരു ഘോഷം അത്ര തികവില്ലാത്ത ഒരു ഗണപതിരൂപത്തെ പെട്ടി ഓട്ടൊയില്‍ പ്രതിഷ്ഠിച്ച് വഴിമുടക്കി റോഡിലൂടെ നിങ്ങുന്നത് കണ്ടു. ആദ്യമായാണത്. അതുകൊണ്ടുതന്നെ പലരും പകച്ചു നോക്കുന്നുണ്ടായിരുന്നു. ചിലരില്‍ കൗതുകവും കണ്ടു. ചെയ്യുന്നതിനെ സംബന്ധിച്ച് അത്ര പരിചയം ഘോഷയാത്രയിലുള്ളവര്‍ക്കും ഉണ്ടായിരുന്നില്ല. ആ തെരുവുകാഴ്ചയില്‍ ചാടിമറിഞ്ഞോ, മാറിനിന്ന് കണ്ടൊ ഉണ്ടായിരുന്ന ആരുടേയും ആത്മാവിഷ്കാരമല്ല അതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. 

    എനിക്കോര്‍മ്മ വന്നത് ഞങ്ങളുടെ കോളേജുകാലത്ത് നാട്ടില്‍ ആദ്യമായി നടത്തിയ ക്രിസ്മസ് കരോളാണ്. മരുന്നിനുപോലും ഒരു ക്രിസ്ത്യാനിയില്ലാത്ത എന്റെ നാട്ടിലെ അന്നത്തെ സര്‍ക്കീട്ട് കമ്പനിയുടെ ഒരു കുന്നായ്മത്തരമായിരുന്നു ആ കലാപരിപാടി. ഞങ്ങള്‍ക്കു പരിചയമുള്ള ചോഴികെട്ടിന്റെ പരുവത്തിലാണ് സാന്റാക്ലോസ് വേഷം കെട്ടിയത്. പാട്ടയിലടിച്ച് പാട്ടിന് നേതൃത്വം നല്‍കിയത് സൈനുദ്ദീനായിരുന്നു. അന്ന് സൂപ്പര്‍ഹിറ്റായിരുന്ന നോക്കെത്താദൂരത്ത് കണ്ണും നട്ടിലെ ഒരു കരോള്‍ പാട്ടിന്റെ വരികള്‍ തെറ്റായി ആവര്‍ത്തിച്ചതായിരുന്നു ആ ആലാപനം. തിരുവാതിരക്ക് കരുതിവെച്ച മൈസൂര്‍ പഴങ്ങളായിരുന്നു വീടുകളില്‍ നിന്ന് കിട്ടിയത്. ചിലയിടത്തു നിന്ന് പുളിച്ച ആട്ടും. പുതു തലമുറ കഴിഞ്ഞാണ്ടു വരെ ഇതേറ്റെടുത്ത് നടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. 

    ഞങ്ങളുടെ നാട്ടില്‍ പതിവുള്ള ഉല്‍സവഘോഷയാത്രകള്‍ തേര്‍പൂജയ്ക്കും പൂരത്തിനുമുള്ള എഴുന്നെള്ളിപ്പുകളും നേര്‍ച്ചയ്ക്കുള്ള പെട്ടിവരവും മാത്രമായിരുന്നു. രണ്ടിലും പങ്കെടുക്കുന്ന പുരുഷാരം ഒന്നു തന്നെ ആയിരുന്നു. അതിനാല്‍ അവയൊന്നും അത്ര മതപരമായിരുന്നില്ല. മതപരമായ യാത്രകള്‍ പിന്നെ രണ്ടെണ്ണം വന്നു. ആദ്യം നബിദിന ഘോഷയാത്രയും പിന്നെ ശ്രീകൃഷ്ണ ജയന്തിക്ക് ശോഭായാത്രയും. മൗലവിമാരും ഉസ്താദുമാരും ഒരു കൂട്ടര്‍ക്ക് മുന്നില്‍ നടന്നപ്പോള്‍ കാവിവസ്ത്രവും കട്ടിക്കുറിയുമായി ഒരു വിഭാഗം മറ്റേ കൂട്ടര്‍ക്കും നേതൃത്വം നല്‍കി. കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് വൈകാതെയാണ്. ബാബറി മസ്ജിദ് പൊളിച്ചടുക്കിയതോടെയാകാം.നാട്ടിലെ മുസ്ലീം സമൂഹത്തില്‍ ചില വേഷപകര്‍ച്ചകള്‍ കണ്ടു തുടങ്ങി. ചെറുബാല്യങ്ങള്‍ക്കൊക്കെ തലയില്‍ വട്ടത്തൊപ്പി. ചെരു വാല്യക്കാര്‍ക്കൊക്കെ വട്ടത്താടി. കാല്പാദമെത്താത്ത വെള്ളമുണ്ട്. നീണ്ട് ജുബ്ബകള്‍. പെണ്ണുങ്ങള്‍ക്ക് മക്കനക്കു പകരം അറബിത്തരത്തില്‍ പര്‍ദ്ദകള്‍! ആകപ്പാടെ ദേശകാലങ്ങള്‍ മറിച്ചിടുന്ന ഒരു ഫാന്‍സി ഡ്രസ്സ്! മതപരമായ ജാതകള്‍ക്ക് നീളം വെച്ചു. ആവൃത്തി കൂടി. നാട്ടിലെ അമ്പലങ്ങള്‍ക്ക് ചുറ്റുമതിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡും വന്നു. ചേകനൂരിനെ കാണാതായി. പട്ടാമ്പി നേര്‍ച്ചകമ്മറ്റിയില്‍ നിന്ന് ഉദയവര്‍മ്മനും വീരമണിയുമൊക്കെ പുറത്തായി. കാളകമ്മറ്റിയില്‍ സൈനുദ്ദീനില്ലാതായി. ഇതോടൊപ്പം പുതു ഉല്‍സവങ്ങളൂം പരിചയപ്പെട്ടിരുന്നു. കോളേജുകളില്‍ രക്ഷാബന്ധന്‍, യൂണിവേര്‍സിറ്റി യിലെത്തിയപ്പോഴേക്കും ഹോളി. ഉറിയടി ഞാന്‍ ആദ്യം കാണുന്നത് തിരുവനന്തപുരത്ത് നഗരവീഥിയിലാണ്. വൈകാതെ ഹോളി കളി ടി.വി. കൊണ്ടു വന്ന വാലന്റൈന്‍സ് ഡേയ്ക്ക് വഴി മാറി. നേര്‍ച്ചയും പെട്ടിവരവും നിലച്ചു. 

    ഇതിനു നേർ വിപരീതദിശയിൽ മറ്റൊന്ന് സംഭവിക്കുന്നുണ്ട്. മതസാമൂഹ്യസ്ഥാപനങ്ങൾ അധികാരശേഷി വിനിയോഗിച്ച് പ്രബല ഏകശിലാത്മക പാഠങ്ങൾ മതസദാചാരയുക്തിയോടെ നിർമ്മിച്ചെടുക്കുമ്പോൾ ബഹുജനസഞ്ചയം അതിനു പുറത്ത് തങ്ങളുടെ സ്വതാവിഷ്കാരങ്ങളും ബഹുസ്വരപാരമ്പര്യവും പ്രതിരോധസ്വരത്തിൽ ബദലായി ആവിഷ്കരിക്കുന്നുമുണ്ട്. ഇത് പഴയ ഉത്സവാഘോഷങ്ങളുടെ കാർണിവൽ സംസ്കാരത്തെ ഒട്ടൊക്കെ നിലനിർത്താൻ സഹായിക്കുന്നു.ഉദാഹരണമായി മലബാറിൽ പ്രധാനമായ നേർച്ചകൾ  മുസ്ലീം വിശുദ്ധന്മാരെ ആദരിക്കുന്ന പാരമ്പര്യ ഉത്സവം എന്ന നിലവിട്ട് പ്രാദേശികനഗരോത്സവങ്ങളായി പൊതു ഉത്സവ കലണ്ടറിലേക്ക് മാറിയിട്ട് കാലം കുറേയായല്ലോ. തങ്ങൾ ജാറങ്ങളേയോ പള്ളികളേയോ കേന്ദ്രീകരിച്ച് ആന്തരഘടനയിൽ അതിന്റെ ആചാരനിർവഹണം നടക്കുമ്പോൾത്തന്നെ അതിനു പുറത്ത് അങ്ങാടിയെ കേന്ദ്രീകരിച്ച്  ജനസഞ്ചയത്തിന്റെ വിപണിയുത്സവവും ആവിഷ്കാരങ്ങളും അർമാദങ്ങളും യാതൊരു മത സാമൂഹ്യ ചട്ടക്കൂടുമില്ലാതെ തിമിർത്തു പെയ്യുന്നു. എൺപതുകളുടെ ഒടുവിൽ പക്ഷേ നവ ഇസ്ലാമിക മൂവ്മെന്റുകളും മതശുദ്ധീകരണപ്രക്രിയകളും  ഇസ്ലാമികപരിഷ്കരണ വേലിയേറ്റങ്ങൾ സൃഷ്ടിച്ചപ്പോൾ നേർച്ച അനിസ്ലാമികമാക്കപ്പെട്ടു. പലയിടത്തും അതിന്റെ അനുഷ്ഠാനപാഠം ഒറ്റതിരിഞ്ഞു നടന്നുപോന്നു. പക്ഷേ അങ്ങാടിയിലെ കാർണിവലുകൾ ഒടുങ്ങി. എന്നാൽ ഈ ശുദ്ധീകരണം അധികകാലം നിന്നില്ല. മതാധികാരത്തെ മറികടന്ന് ആൾക്കൂട്ടം തങ്ങളുടെ നേർച്ചയെ തിരിച്ചുപിടിച്ചു. നേർച്ചകളെ ദേശീയോത്സവം എന്ന് പുനർനാമകരണം ചെയ്താണ് അവർ ഭംഗിയായി ഈ പ്രതിരോധം സാധിച്ചത്. അതാകട്ടെ ഇരുതലയുള്ള ഒരു വാളായിരുന്നുതാനും. ഒരു ഭാഗത്ത് ഇസ്ലാമിക മതമൗലികവാദത്തെയും സദാചാരത്തെയും പ്രതിരോധിച്ചപ്പോൾ തന്നെ ഈ റീ ബ്രാൻഡിങ്ങിൽ അവർ കേരളസംസ്കാരമെന്നും കേരളീയത എന്നും മധ്യകാലനാടുവാഴിത്തകാലം മുതൽ ഉറപ്പിക്കപ്പെട്ട സവർണ ഹൈന്ദവ സാംസ്കാരികമേൽപ്പുരയ്ക്ക് മേൽ കൂടി കല്ലെറിഞ്ഞു. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന്പാഠപുസ്തകത്തിലൂടെ പാടിപ്പഠിച്ച പ്രബലപാഠത്തെ അട്ടിമറിച്ചുകൊണ്ട് തങ്ങൾക്ക് തങ്ങളുടേതായ മറ്റ് ദേശീയോത്സവങ്ങളുണ്ട് എന്ന് അവർ ചുവരെഴുതി. സംസ്കാരത്തിന്റെ ബഹുത്വത്തെയാണ് ജനപ്രിയ സംസ്കാരരൂപം എന്ന് ഇന്നത്തെ നിലയ്ക്ക് വിളിക്കാവുന്ന ഈ നേർച്ച കം ദേശീയോത്സവം സ്ഥാപിച്ചത്. ഇത്നു സമാന്തരമായി ഓണത്തെ വാമനാഘോഷം എന്ന ഹൈന്ദവപാഠം മാത്രമാഇ ചുരുക്കിക്കെട്ടാനുള്ള ഹിന്ദുത്വ അജണ്ടയും സജീവമാകുന്നുണ്ട്.

    ഈയിടെ വലന്റൈന്‍സ് ഡെയ്ക്കെതിതിരെ ചില ഹിന്ദുത്വ സംഘടനകള്‍ അക്രമാസക്തമായി തന്നെ രംഗത്ത് വന്നിരുന്നു. ഭാരതീയ സംസ്കാരത്തിനു തന്നെ എതിരാണെന്നതാണത്രെ ഈ പ്രതിഷേധത്തിന്റെ യുക്തി. എന്നാല്‍ ഇവര്‍ വടക്കേ ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുതു ഉല്‍സവങ്ങളുടെ യുക്തി എന്താണ്? ഏതു സാംസ്കാരികപശ്ചാത്തലത്തിലാണ് ഇവ അരങ്ങേറൂന്നത്? ഏതു കാലത്തെ, സ്ഥലത്തെ ചരിത്രയുക്തിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? മുസ്ലീം സമൂഹത്തിന്റെ പ്രഛന്നവേഷങ്ങള്‍ക്കുള്ള ഒരു മറുപടി മാത്രമല്ലേ ഇത്? മതപരം എന്നതിനേക്കാള്‍ മതരാഷ്ട്രീയപരം ആണ് ഇത്തരം തെരുവു കെട്ടിക്കാഴ്ചകള്‍ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?സ്ഥലകാലങ്ങള്‍ തെറ്റി പിറക്കുന്ന ഫോക് ലോറുകളെ ഫോക് ലോറിസമെന്നു പറയാറുണ്ട്. ഇന്ന് ഏതാണ്ടെല്ലാ ഫോക് ലോറുകളും ഫോക് ലോറിസമായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ആവിഷ്കാരങ്ങളുടെ മാനം അതിനുമപ്പുറത്താണ്. പണ്ട് ഞാന്‍ പങ്കെടുത്ത ക്രിസ്മസ് കരോളില്‍ നിന്ന് ഏറെ ഭിന്നം! ഭീതിദായകം! ഒന്നിച്ചു കഴിഞ്ഞ ഒരു ജനത പരസ്പരം അപരന്മാരായി വേഷം മറിഞ്ഞ് സ്വയം നഷ്ടപ്പെടുത്തിയത് എന്തിനാണ്? തെരുവിലെ ശുഷ്കമെങ്കിലും വീറുകൂടിയ ഗണേശോല്‍സവത്തില്‍ കാവിക്കൂട്ടത്തിനിടയില്‍ വെറുതെ കള്ളിത്തുണിയുടുത്ത സൈനുദ്ദീനെ ഒന്ന് പരതുമ്പോള്‍ അങ്ങനെ പല ചോദ്യങ്ങളും പൊന്തി വന്നുവോ? http://sngscollege.info/ http://vijnanacintamani.org/

    5 comments:

    1. ദക്ഷിണേന്‍ഡ്യന്‍ സംസ്കാരത്തിന്റെ ഒരംശവും സ്വാശീകരിക്കാന്‍ സംഘപരിവാരങ്ങള്‍ക്കാകാത്തതു കൊണ്ടാണ് അവര്‍ക്കിന്നും ഇവിടെ വേരൂന്നാന്‍ കഴിയാത്തത്. പ്രസക്തമായ കുറിപ്പ്. ആശംസകള്‍.
      എം.രാജേഷ്.

      ReplyDelete
    2. ഒരു സെല്യൂട്ട്,മാഷേ.
      മതം ഓരോ ആഘോഷങ്ങളിലും വിഷം നിറയ്ക്കുന്ന ഒരു ഉപാധിയാണെന്നു വന്നിരിയ്ക്കുന്നു.

      ReplyDelete
    3. Iconographic changes in feetivals need not aarrive from the North. Please read the following:
      http://ethiran.blogspot.com/2007/04/blog-post_25.html

      ReplyDelete
    4. The post reflects lack of awareness of the history of cultural evolution in India

      If we go by the logic of importation of cultural symbals from North India,let me point out that your very name " Santhosh" is also an imported product from North India. What was the rational which could have guided your parents in giving you a north Indian name ? Thats where you have to see the importance of Hindu culture. This culture evolved by inventing and also adopting good social practices for a harmonious social life.In that process it was necessary for it to invent symbols,festivals,gods to propogate social values to the illetierate and learned ,alike. If you go deep, you will realise that each ritual,each religious practice ,each festival had some message for the public for good social practice

      My dear friend, in the evolution of Hindu culture and its symbols ,all regions of India had contributed . What is the basis of your South Indian /North Indian classification? .Artificial regional classifications based on language or religion is legacy of the colonial past.For the colonialists it was a necessity to sustain their rule.

      ReplyDelete
    5. പ്രിയ ഏ. ജീ. പി.

      ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ പരിണാമചരിത്രത്തെക്കുറിച്ചുള്ള എന്റെ അവബോധവും താങ്കളുടെ നിലപാടും തമ്മിലാണ് പ്രശ്നം. അതിനെ ഹിനുത്വത്തിന്റെ ചരിത്രമായി വായിക്കാന്‍ എനിക്ക് താല്പര്യക്കുറവുണ്ട്. താരതമ്യേന അത്തരം ഒരു നിലപാടിനോട് ചാഞ്ഞാണ് താങ്കളുടെ നില എന്നു തോന്നുന്നു.
      കൊളോണിയലിസത്തിന്റെ സന്തതികളായ ജ്ഞാനശാസ്ത്രങ്ങളില്‍ പ്രത്യേകിച്ച് സാസ്കാരിക നരവംശശാസ്ത്രത്തിലും ഫോക് ലോറിലും ഇപ്പോള്‍ സംസ്കാരപഠനത്തിലും കുറേകാലം കളഞ്ഞ ഒരാളാണ് ഞാന്‍ എന്നതുകൊണ്ട് കൊളോണിയല്‍ ചരിത്രബോധത്തിന്റെ വിഭജനരീതികള്‍ മറ്റു പലരെയും പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.കൊളോണിയല്‍ വിരുദ്ധമെന്നോ ഇന്‍ഡ്യന്‍ എന്നോ വിളിക്കാവുന്ന ഒരു രീതിശാസ്ത്രത്തിന്റെ അഭാവം സമ്മതിക്കേണ്ടി വരും.
      എന്നാല്‍ ഇന്‍ഡ്യന്‍ ആവാസവ്യവസ്ഥയില്‍ ചരിത്രത്തില്‍ രൂപം കൊണ്ട എല്ലാ രാഷ്ട്രീയഭൂപടങ്ങളും മെനെഞ്ഞെടുത്തത് അത്തരം അധിനിവേശ താല്പര്യങ്ങള്‍ തന്നെയാണ് എന്ന തിരിച്ചറിവും ഉണ്ട്.
      കൊളോണിയലിസത്തോട് കലമ്പുമ്പോള്‍ ഹിന്ദുത്വ വാദികള്‍ ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. 1. പില്‍ക്കാല ഹിന്ദു ദേശീയവാദത്തിന്റെ മുഖ്യ ഊര്‍ജ്ജമായ ഇസ്ലാം വിരോധത്തിന്റെ അടിത്തറ ഇട്ടത് ഈ കൊളോണിയല്‍ ശക്തികള്‍ തന്നെയാണ്.
      2. ഹൈന്ദവമായ ഒരു ഇന്‍ഡ്യന്‍ ദേശീയതയുടെ ഭൂപടനിര്‍മ്മിതിക്കും അവര്‍ക്ക് കടപ്പാട് ബ്രിട്ടീഷ് സാമ്രാജ്യത്തോടാണ്.
      ഇന്‍ഡ്യന്‍/ഹിന്ദു നിര്‍വചനങ്ങള്‍ തന്നെ പ്രശ്നപൂര്‍ണ്ണമാണെന്നറിയാമല്ലോ
      1923-ല്‍, ഹിന്ദു ദേശീയവാദത്തിന്റെ ആണിക്കല്ലായി പിന്നീട് മാറീയ സവര്‍ക്കറുടെ ഹിന്ദു നിര്‍വചനത്തെ പിന്‍പറ്റുന്ന ഒരാളല്ല ഞാന്‍. കൂടുതല്‍ മതനിരപേക്ഷമായ അര്‍ത്ഥത്തില്‍ ആണ് താങ്കള്‍ അത് ഉള്‍ക്കൊള്ളുന്നതെങ്കില്‍ ഇന്‍ഡ്യന്‍ സംസ്കാരം എന്ന വിപുലമായ അര്‍ത്ഥത്തില്‍ അതിന്റെ ബഹുസ്വരതയെ, സമന്വയ ശീലങ്ങളെ, സ്വാശീകരണശേഷിയെ വിലമതിക്കുന്ന ഒരാളാണ്.
      ഇവിടെയാണ് താങ്കള്‍ ഇന്‍ഡ്യന്‍/ഹിന്ദു ഏകവചനത്തിന് പിന്നില്‍ മറച്ചു വെക്കുന്ന സംസ്കാരത്തിന്റെ ബഹുലതകള്‍, ഉപദേശീയതകള്‍, വ്യത്യസ്ത മത/ജാതികള്‍, വംശീയതകള്‍ അവ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ഏറ്റുമുട്ടലുകള്‍, സങ്കരങ്ങള്‍, സമന്വയങ്ങള്‍ എല്ലാം പുറത്തുവരുന്നത്. സംസ്കാരത്തെ ഏകശീലാരൂപമായ ഒന്നായോ ചരിത്രത്തെ ഒരു നേര്‍ രേഖയായോ കാണുന്നതിനു പിന്നില്‍ ചില രാഷ്ട്രീയ ഉദ്ദ്യേശങ്ങളൂണ്ട്. അതിനെ ഒരു പ്രക്രിയയായി കാണുന്നവനാകണം സംസ്കാരപഠിതാവ്.
      പാന്‍ ഇന്‍ഡ്യന്‍ ആയ ഒരു ഹിന്ദു ദേശീയ ബോധം ചരിത്രത്തില്‍ ഏതേതു ഘട്ടങ്ങളില്‍ ഏതേതു ശക്തികള്‍ ഏതേതര്‍ഥങ്ങളില്‍ ഉയര്‍ത്തികൊണ്ടു വന്നിട്ടുണ്ട് എന്നത് പഠിക്കപ്പെട്ടിട്ടുണ്ട്. തെക്ക് വടക്കുകള്‍ അപ്രസക്തമായ അത്തരം ഒരു സാംസ്കാരികദേശിയത ഹിന്ദുത്വവാദികള്‍ ഇന്ന് ഉയര്‍ത്തിപിടിക്കുന്നതിന്റെ രാഷ്ട്രീയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കേഇന്‍ഡ്യന്‍ സവര്‍ണ്ണമൂല്യങ്ങളില്‍ നിലയുറപ്പിക്കുന്ന ഈ ഹിന്ദു/ഹിന്ദി ദേശീയ ബോധത്തിനു പുറത്താണ് മറ്റൊരു സാംസ്കാരിക പാരമ്പര്യമുള്ള ദക്ഷിണേന്‍ഡ്യയും വടക്കേ ഇന്‍ഡ്യയില്‍ തന്നെയുള്ള ദളിതരും ആദിവാസികളും എന്നാണെന്റെ
      ഉറച്ച അഭിപ്രായം. അതു കൊണ്ട് ഒറീസ്സയിലും കിഴക്കന്‍ ഗോത്രമേഖലയിലും ആര്‍. എസ്സ്.എസ്സും ക്രിസ്ത്യന്‍ മിഷണറിമാരും നടത്തുന്ന മത പരിവര്‍ത്തനങ്ങള്‍ ഒരേ തരത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
      ഇന്‍ഡ്യന്‍ ദേശീയ വാദത്തിന്റെയും വിവിധ പ്രാദേശിക വാദങ്ങളുടെയും ചരിത്രം ഈ രീതിയില്‍ അപഗ്രഥിക്കപ്പെടേണ്ടതാണ്.
      അതത്ര ഹാര്‍മോണിയസ് ആണെന്ന് വിചാരിക്ക വയ്യ.
      എന്തു കൊണ്ട് പശു എന്തു കൊണ്ട് എരുമയില്ല എന്ന് ചോദിച്ചത് കാഞ്ച ഇളയ്യ ആണ്. എന്തു മറുപടി? അതുപോലെ എന്തു കൊണ്ട് ഹോളി, ഗണേശോല്‍സവം? എന്തുകൊണ്ട് തേര്‍പൂജയില്ല? എന്തു കൊണ്ടില്ല ഈ വിശാല ഹിന്ദു ദേശീയതയില്‍ ദക്ഷിണേന്‍ഡ്യന്‍ സിമ്പലുകള്‍ ഉല്‍സവങ്ങള്‍, ദൈവങ്ങള്‍ എന്ന ചോദ്യം പ്രസകതമല്ലേ ഒരു നല്ല മുദ്രാവാക്യം ദക്ഷിണേന്‍ഡ്യന്‍ ഭാഷകളിലൊന്നിലെങ്കിലും ബജറങ്ദളുകള്‍ വികസിപ്പിച്ചെടുക്കട്ടെ. അപ്പോഴേ ആ കൊടിക്കൂറക്കു കീഴിലെ ഉല്‍സവങ്ങള്‍, പ്രതീകങ്ങള്‍, വികാരങ്ങള്‍ തങ്ങളുടെ തന്നെ ആത്മാവിഷ്കാരമാണെന്ന് അവര്‍ക്കു തോന്നൂ.
      പിന്നെ പേരിനെക്കുറിച്ചുള്ള തമാശ.
      പതിനാറാം വയസ്സില്‍ നാടുവിട്ടുപോയി ബ്രിട്ടീഷ്പട്ടാളത്തില്‍ ചേര്‍ന്ന എന്റെ അച്ഛന്റെ ജീവിതത്തിന്റെ നല്ല ഭാഗവും വടക്കേഇന്‍ഡ്യയില്‍ ആയിരുന്നു. കഴിഞ്ഞ തലമുറ പരിഷ്കാരപ്പേരുകളായി മുഴുവന്‍ ഉപയോഗിച്ചത് ഹിന്ദിപ്പേരുകളായിരുന്നു. അതിന്റെ കാരണം കേരളീയരുടെ പേരിടലിന്റെ ചരിത്രം മറ്റൊരു ലേഖനത്തിനു വിഷയമാണ്. ഇവിടെ വിസ്തരിക്കുന്നില്ല. ആദ്യ ഹിന്ദി ചുവയുള്ള പേര് എന്റെ കുടുംബത്തില്‍ വിഴുന്നത് എന്റെ ഏട്ടനാണ്. സുരേഷ്. സംഗതി ഹിന്ദിക്കാരന്റെ ദൈവത്തിന്റെ പര്യായമാണെന്നറിയാത്ത കാരണവര്‍ രാഘവമ്മാന് പുരാണസ്പര്‍ശമില്ലാത്ത ഈ പരിഷ്കാരപ്പേര് അശേഷം പിടിച്ചില്ല. ഒരു അ മുന്‍പിലുണ്ടായിരുന്നെങ്കില്‍ അത്രയെങ്കിലും ദൈവവുമായി ബന്ധമുണ്ടാകുമെന്നായിരുന്നത്രെ അമ്മാവന്റെ പരിഭവം പറച്ചില്‍.
      ആ അമ്മാവനും ഒരു സനാതനഹിന്ദുമതവിശ്വാസിയായിരുന്നു.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക