അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Wednesday, 7 October 2009

  പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!

  "Neither you nor I speak English, but there are some things that can be said only in English"
  - അഡിഗെയുടെ നോവലിലെ കഥാപാത്രത്തിന്റെ കത്തില്‍ നിന്ന്‌.


  ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ അര്‍ഹയായി. ചരിത്രനോവലായ 'വൂള്‍ഫ് ഹാള്‍' ആണ് മാന്റലിന് അവാര്‍ഡ് നേടിക്കൊടുത്തത് എന്ന വാര്‍ത്തയാണ്‌ ഇന്ന് എന്നെ എതിരേറ്റത്. ബുക്കര്‍ പ്രൈസ് എന്നൊരേര്‍പ്പാട് മലയാളിക്ക് എന്നു മുതലാണ്‌ വാര്‍ത്തയായത് എന്ന ചിന്തയിലേക്കാണ്‌ ഈ വാര്‍ത്ത എന്നെ നയിച്ചത്. സല്‍മാന്‍ റുഷ്ദിയെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അങ്ങനെ ഒന്ന് നാം കേള്‍ക്കുകയുണ്ടായി. പിന്നെ മലയാളിയായ അരുന്ധതിറോയ്ക്ക് 1997-ല്‍ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്‌ ബുക്കര്‍ സമ്മാനം ലഭിച്ചപ്പോഴാണ്‌ പൊതുവെ ഇന്‍ഡ്യയില്‍ തന്നെ ബുക്കര്‍ സമ്മാനം വലിയ കഥയായത്. സമ്മാനത്തുകയുടേ വലിപ്പത്തെക്കുറിച്ചാണ്‌ പലരും അത്ഭുതം കൂറിയത്.
  എന്താണീ ബുക്കര്‍ പ്രൈസ്? പാവങ്ങളുടെ നോബല്‍ സമ്മാനമൊന്നുമല്ല അത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ് കല്‍പ്പിതകൃതികളാണ് മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്നത്. നാള്‍പതു വര്‍ഷമായി ഈ സമ്മാനങ്ങള്‍ കൊടുത്തുപോരുന്നു. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാവുന്ന ഒരു അവാര്‍ഡ്. നമ്മുടെ എഴുത്തഛന്‍ പുരസ്കാരം പോലെ. അല്ലാതെ ഒരു വിശ്വസാഹിത്യപുരസ്കാരം പോലുമല്ല. ബ്രിട്ടന്റെ കോളണി സാഹിത്യത്തെ ചുറ്റിപറ്റി മാത്രം നിലനില്‍ക്കുന്ന ഒന്ന്‌. ആ അര്‍ഥത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തെപോലും അത് പൂര്‍ണമായും പ്രതിനിധീകരിക്കുന്നില്ല. ആ പുരസ്കാരത്തിന്റെ സ്പോണ്‍സര്‍മാര്‍ ഇന്വെസ്റ്റ്മെന്റ് മാനേജ്മെന്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന Man Group plc എന്ന കമ്പനിയാണ്‌ എന്നു പറയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ.  ബുക്കറിനെ നമ്മളറിയുന്നത് അരുന്ധതിയിലുടെയാണ്‌. അരുന്ധതിയേയോ? മേരി റോയിയെ അവര്‍ നടത്തിയ നിയമയുദ്ധങ്ങളിലൂടെ നമുക്കറിയാമായിരുന്നു. ചില ഉത്തരേന്‍ഡ്യന്‍ ഓഫ് ബീറ്റ് സിനിമകളിലെ നടിയായും തിര‍ക്കഥാകൃത്തായും ഒക്കെ ജീവിച്ചിരുന്ന അരുന്ധതിയെ അറിയുന്നവര്‍ എത്രപേരുണ്ടായിരുന്നു? ബുക്കര്‍ സമ്മാനവും ഗോഡ് ഓഫ് സ്മോള്‍ തിങ്സ് ഉണ്ടാക്കിയ ചില വിവാദങ്ങളും അരുന്ധതിയെ പെട്ടെന്ന് പ്രശസ്തയാക്കി. "അരുന്ധതിക്ക് പൊന്നോണം വന്നല്ലോ" എന്നാണ്‌ മലയാളത്തിന്റെ വിശ്വകഥാകാരി മാധവിക്കുട്ടി ആഹ്ലാദം കൊണ്ടത്. പോസ്റ്റ് കൊളോണിയല്‍ ഇംഗ്ലീഷിന്റെ പുതിയ ഒരു പതിപ്പും കേരളീയ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട വിവാദനിലപാടുകളും ചില തുറന്നുപറച്ചിലുകളും സവിശേഷമായി അന്ന് തോന്നിയ ആഖ്യാനശൈലിയും കൊണ്ട് എല്ലാ ഭാഷാസാഹിത്യകാരന്മാരെയും കൃതികളെയും നിഷ്പ്രഭമാക്കികൊണ്ട് വല്ലാത്ത ഒരു പോപ്പുലാരിറ്റി ആ കൃതിക്ക് കിട്ടി. അപക്വമതിയായ ഒരു വാരികാലേഖകന്‍ എഴുതിയത് 'മീനച്ചിലാറ് നിളയെ തോല്പ്പിച്ചു' എന്നായിരുന്നു. നോവലിനെ പലപാട് പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍, പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഒരു അന്യ ഭാഷാകൃതി നമ്മുടെ സാഹിത്യവ്യവഹാരങ്ങളുടെ കേന്ദ്രമാകുന്ന അത്തരം സന്ദര്‍ഭങ്ങള്‍ വേറേ ഉണ്ടായിട്ടില്ല. എന്റെ പ്രിയ സുഹൃത്തായ ഒരു പ്രസാധകനു വേണ്ടി നിന്ന നില്പ്പില്‍ ലേഖനമെഴുതേണ്ട അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്.
  ആയിടക്ക് അന്ന് പോപ്പുലറായി കൊണ്ടിരുന്ന സ്വകാര്യ ചാനലുകളിലൊക്കെ പരിപാടികള്‍ക്കിടയില്‍ ഒരു ഫ്ലേവര്‍ ആയി, ചിരിക്കുന്ന നുണക്കുഴികളുള്ള അരുന്ധതിയുടെ മനോഹരമായ നോവല്‍ വായനയുമുണ്ടായിരുന്നു. എം.ടി.വിയില്‍ ഒരു പരിപാടിക്കിടെ 'വായന നിര്‍ത്ത്, ഞങ്ങള്‍ക്ക് പാട്ടു മതി' എന്ന് ആക്രോശിച്ച ചെറുപ്പക്കാരെ ഓര്‍ക്കുന്നു.
  ഒരു പുതിയ 'എഴുത്ത് സംസ്കാര'ത്തിന്റെ നാന്ദി ആയിരുന്നില്ലേ അത്? മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഒരു പുതിയ മെട്റോ പൊളിറ്റന്‍ എഴുത്തിന്റെ സംസ്കാരം?
  എന്നാല്‍ അരുന്ധതി ഈ മാസ്മര വലയത്തില്‍ നിന്ന്‌ അതിവേഗം പുറത്ത് കടക്കാന്‍ തന്റേടം കാണിച്ചു എന്നതുകൊണ്ടാണ്‌ ഞാനവരെ ആദരിക്കുന്നത്. തന്റെ നോവലിന്‌ എന്നെങ്കിലും മലയാള പരിഭാഷ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ അവ്കാശം ഇവിടുത്തെ ദലിതര്‍ക്കായിരിക്കും എന്ന പ്രഖ്യാപനത്തില്‍ തന്നെ ആ സിഗ്നേച്ചര്‍ കാണാം. നര്‍മ്മദാ സമരം തൊട്ട് വികസനത്തില്‍ പുറമ്പോക്കുകളായി മാറുന്ന ജീവിതങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കും വേണ്ടി ധീരസമരം നയിച്ചും ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മനോഹരമായ നീണ്ട ലേഖനങ്ങളെഴുതിയും അരുന്ധതി താന്‍ വേറിട്ടൊരു സ്റ്റഫാണെന്നും ബുക്കര്‍ സമ്മാനം വെറുമൊരു സ്മാള്‍ തിങ്ങാണെന്നും തെളിയിച്ചു. അടുത്ത നോവലിന്‌ വേണ്ടിയുള്ള മാര്‍ക്കറ്റിന്റെ നിലവിളികളെ ഗൗനിക്കാതെ അവര്‍ ഇന്നും ഊരു തെണ്ടുന്നു.
  ആയിടക്ക് 'താന്‍ ഇംഗ്ലീഷിലെഴുതിയിരുന്നെങ്കില്‍ തനിക്കും ബുക്കര്‍ പ്രൈസ് കിട്ടിയേനെ' എന്ന് കെറുവിച്ച് പി. സുരേന്ദ്രന്‍ എഴുതിയ ലേഖനത്തിലെ പകുതി ശരിയും പകുതി തെറ്റും ഇവിടെയാണ്‌. ബൂക്കര്‍ സമ്മാനിതയാണ്‌ എന്നത് ഇന്ന് അരുന്ധതിക്ക് ആവശ്യമായ പരസ്യമല്ല. എന്നാല്‍ ബുക്കര്‍ സമ്മാനത്തിന്റെ പരസ്യപ്പലകയില്‍ അരുന്ധതിയെ പോലുള്ളവര്‍ വാങ്ങിയ സമ്മാനം എന്നുണ്ട്.
  എന്നാല്‍ അരുന്ധതിക്ക് കിട്ടിയ ബുക്കര്‍ സമ്മാനം നമ്മുടെ എഴുത്തില്‍ സൃഷ്ടിച്ച പുതിയൊരു ട്രെന്‍ഡിനെ കാണാതിരുന്നു കൂടാ. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായി. എല്ലാം മെറ്റ്രോ പൊളിറ്റന്‍ വനിതകള്‍. അവരുടെ നോവലുകളൊക്കെ റസ്റ്റിക് ഇന്‍ഡ്യന്‍ ജീവിതം 'സത്യസന്ധമായി' ആവിഷ്കരിക്കുന്ന നോവലുകള്‍. എഴുത്തും പത്രസമ്മേളനവുമൊക്കെ പഞ്ചനക്ഷ്ത്രഹോട്ടലില്‍. പലതും മധ്യവര്‍ഗ ജിവിതാഖ്യാനങ്ങള്‍. സിനിമാനടികള്‍ക്കു കിട്ടുന്ന പ്രതിഫലവും പോപ്പുലാരിറ്റിയുമായിരുന്നു അവര്‍ക്കൊക്കെ. പബ്ലിഷറായിരുന്നു താരം . എഴുതുന്നതിനുമുമ്പേ പബ്ലിഷേര്‍സ് പ്രഖ്യാപിച്ച പ്രതിഫലം കണ്ടാണ്‌ നമ്മുടെ കണ്ണ് തള്ളിയത്. എല്ലം മള്‍ട്ടി നാഷണല്‍ ബൂക്ക് പബ്ലിഷേര്‍സ്. നമ്മുടെ പ്രാദേശീക ഭാഷയിലെ കൊച്ച് എഴുത്തുകാരൊക്കെ പല നാള്‍ ഡീ. സിയുടെയും മറ്റും തിണ്ണ നിരങ്ങിയും കുറച്ച് കൂടി പ്രായം വെച്ച എഴുത്തുകാര്‍ എന്തെങ്കിലുമൊക്കെ അവാര്‍ഡ് തരമാക്കുവാന്‍ സാഹിത്യ അക്കാദമിയില്‍ ചുറ്റി പറ്റിയും മഹാകവിപ്പട്ടം കിട്ടിയവര്‍ ജ്ഞാനപീഠം കിട്ടുവാന്‍ വഴി അന്വേഷിച്ചും ജീവിതം പാഴാക്കി കൊണ്ടിരിക്കവേയാണ്‌ നല്ല നാലു പുസ്തകം വായിച്ചിട്ടില്ലാത്തവര്‍, ജീവിതം എന്തെന്ന് ശരിയായി അനുഭവിച്ചിട്ടില്ലാത്തവര്‍ മിന്നും താരങ്ങളായി വിശ്വമഹാ സഹിത്യകാരന്മാരായി ഒരു സുപ്രഭാതത്തില്‍ മാറുന്നത്. ചാന്‍‍സ് കിട്ടാന്‍ പണ്ട് കോടമ്പാക്കത്ത് താമസിക്കണം എന്ന പോലെ ഏതെങ്കിലും നഗരത്തില്‍, ഉന്നത സമൂഹത്തില്‍ വസിച്ചാലെ ഈ കാറ്റഗറിയില്‍ പെടാനാവൂ എന്നതിനാല്‍ കൊച്ചു പിള്ളേരും സൊസൈറ്റി ലേഡീകളും ആ വഴിക്ക് ശ്രമിച്ചു. പലര്‍ക്കും അത്തരം നോവലെഴുത്ത് ഒരു പ്രൊജക്റ്റ് വര്‍ക്കു പോലെയാണ്‌. കൂലി വരമ്പത്തു തന്നെ കിട്ടുന്ന കൊച്ചു വേല.

  മാര്‍ക്കറ്റിന്റെ ഈ ആര്‍ത്തിയുടെ ഇരയായിരുന്നു കാവ്യാ വിശ്വനാഥന്‍ എന്ന കൊച്ച്. മാര്‍ക്കറ്റാണ്‌ ആ കുട്ടിയെ വിശ്വ സാഹിത്യകാരിയാക്കി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിച്ചത്. അതേ വിപണി തന്നെ പൂച്ച് പുറത്തായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയുകയും ചെയ്തു.
  ഇന്‍ഡ്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന്‌ പറയുന്നതുപോലെ ഇന്‍ഡ്യന്‍ സാഹിത്യം അതിന്റെ വൈവിധ്യത്തില്‍, സമ്പന്നതയില്‍ നിലനില്‍ക്കുന്നത് പ്രാദേശീകഭാഷാസാഹിത്യങ്ങളിലാണ്‌, ഈ മെട്രോ പൊളിറ്റന്‍ ഇംഗ്ലീഷ് രചനകളിലല്ല. എന്താണീ കോമണ്‍ വെല്‍ത്ത് ലിറ്ററേച്ചര്‍. രൂപത്തില്‍ ഇന്‍ഡ്യക്കാരനും ചിന്താഗതിയും മറ്റും വെള്ളക്കാരനുമാകാന്‍ മെക്കാളെയെപ്പോലുള്ളവര്‍ രൂപം കൊടുത്ത ആംഗലവിദ്യാഭ്യാസത്തിന്റെ ഒരു വിളവെടുപ്പ് മാത്രമല്ലേ ? ലോക സാഹിത്യത്തിന്റെയോ ആംഗല സാഹിത്യത്തിന്റെയോ നേര്‍പകര്‍പ്പല്ല അത്. തങ്ങളുടെ ദേശത്തെ, ഭാഷയെ, സംസ്കാരത്തെ, ജനതയെ ആഴത്തില്‍ അറിഞ്ഞിട്ടില്ലാത്തവര്‍, ആ സംവേദനപാരമ്പര്യത്തിന്റെ ഭാഗമല്ലാത്തവര്‍, തങ്ങളുടെ ഭാഗികമായ അറിവുകള്‍ വെച്ച് നടത്തുന്ന വികല വീക്ഷണത്തോടു കൂടിയ രചനകള്‍ അല്ലേ മിക്കതും?
  ഇത്തരം ഒരു വേഷത്തെ ഞങ്ങളും കോളേജില്‍ വിളിച്ചാനയിക്കുകയുണ്ടായി. ഒരു ഇംഗ്ലീഷ് സെമിനാര്‍ ഇന്റര്‍ നാഷണല്‍ ആക്കാനുള്ള വഴി. അനിതാ നായര്‍. ആംഗ്ലോ ഇന്‍ഡ്യന്‍ എഴുത്തുകാരില്‍ ഏറെ പോപ്പുലര്‍ . തൊട്ടപ്പുറത്തുള്ള നാട്ടുകാരിയാണ്‌. ആര്‍ക്കുമറിയില്ല . എഴുത്ത് പലതും നാട്ടിനെ പറ്റി തന്നെ. ആകെ അണിഞ്ഞൊരുങ്ങി അമിതമായ മേക്ക് അപ്പില്‍ അവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. ഒരു ഇന്‍ഡ്യന്‍ എഴുത്തുകാരി എന്ന നിലയില്‍ ഭാഷയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളായിരുന്നു വിഷയം. കൊഞ്ചികൊഞ്ചിയുള്ള സംസാരം ഒരു സ്കൂള്‍ ബോയ് കോമ്പോസിഷനെ തോല്പ്പിച്ചു കളഞ്ഞു. അവരുടെ സൈറ്റില്‍ പോയപ്പോള്‍ നിളാനദിക്കരയിലുള്ള റിവര്‍ റിട്രീറ്റ് എന്ന പഞ്ചനക്ഷത്രഹോട്ടലിലിരുന്ന് നിളയെ സംക്ഷിക്കേണ്ടതിന്റെ പ്രശ്നങ്ങളെക്കുറീച്ച് ആലോചിക്കുന്ന വികാരഭരിതമായ ഒരു കുറിപ്പും കണ്ടു. അവര്‍ പുഴയിലിറങ്ങിയതായി ഒരു പരാമര്‍ശവും കണ്ടില്ല.
  കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനം കിട്ടിയത് ഇന്‍ഡ്യക്കാരനായ അരവിന്ദ് അഡിഗെക്കാണല്ലോ. The white tiger എന്ന അദ്ദേഹത്തിന്റെ നോവലില്‍ നിന്നൊരു ഭാഗം.

  'One day, as I was driving my ex-employers Mr. Ashok and Pinky Madam in their Honda City car, Mr. Ashok put a hand on my shoulder, and said, "Pull over to the side." Following this command, he leaned forward so close that I could smell his aftershave—it was a delicious, fruitlike smell that day—and said, politely as ever, "Balram, I have a few questions to ask you, all right?"

  "Yes, sir," I said.
  "Balram," Mr. Ashok asked, "how many planets are there in the sky?" I gave the answer as best as I could.
  "Balram, who was the first prime minister of India?"
  And then: "Balram, what is the difference between a Hindu and a Muslim?" And then: "What is the name of our continent?"
  Mr. Ashok leaned back and asked Pinky Madam, "Did you hear his answers?"

  "Was he joking?" she asked, and my heart beat faster, as it did every time she said something.
  "No. That's really what he thinks the correct answers are."

  She giggled when she heard this: but his face, which I saw reflected in my rearview mirror, was serious.
  "The thing is, he probably has…what, two, three years of schooling in him? He can read and write, but he doesn't get what he's read. He's half-baked. The country is full of people like him, I'll tell you that. And we entrust our glorious parliamentary democracy"—he pointed at me—"to characters like these. That's the whole tragedy of this country."
  He sighed.

  "All right, Balram, start the car again."

  That night, I was lying in bed, inside my mosquito net, thinking about his words. He was right, sir—I didn't like the way he had spoken about me, but he was right.

  "The Autobiography of a Half-Baked Indian." That's what I ought to call my life's story. '

  പകുതി വെന്ത ജീവിതങ്ങളുടെ ആത്മകഥ അന്വേഷിച്ച് ആഗോള മാര്‍ക്കറ്റ് മൂന്നാംലോകം കയറിയിറങ്ങുകയാണ്‌. നിങ്ങളും വേഗം അടുപ്പില്‍ നിന്നിറങ്ങി നില്‍ക്ക്. കറുത്തു പോകരുത്.


  http://sngscollege.info
  http://vijnanacintamani.org

  3 comments:

  1. പകുതി വെന്ത ജീവിതങ്ങളുടെ ആത്മകഥ അന്വേഷിച്ച് ആഗോള മാര്‍ക്കറ്റ് മൂന്നാംലോകം കയറിയിറങ്ങുകയാണ്‌. നിങ്ങളും വേഗം അടുപ്പില്‍ നിന്നിറങ്ങി നില്‍ക്ക്. കറുത്തു പോകരുത്.

   ReplyDelete
  2. നളിനി ജമീലയുടെ ആത്മകഥ ട്റാന്‍സ്ളേറ്റു ചെയ്താല്‍ ബൂക്കറിനു കോപ്പുണ്ടോ? അല്ലെങ്കില്‍ ആ കള്ളണ്റ്റെ ആത്മകഥ ഇവയാണല്ലോ മലയാള ബെസ്റ്റ്‌ സെല്ലേറ്‍സ്‌

   ReplyDelete
  3. സാഹിത്യം ഒരു ഉല്‍പ്പന്നം തന്നെയാണ്.
   എന്നാല്‍ നല്ല പലതും മതിയായ പരസ്യമില്ലായ്കയാല്‍
   മാര്‍ക്കറ്റില്‍ നിന്ന് ചീഞ്ഞു പോകുന്നു

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക