അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday, 17 September 2009

    പോത്തിനെ കൊല്ലേണ്ടതെങ്ങനെ?

    (ശതമന്യുവിനും വെള്ളെഴുത്തിനും ഇടയിലൂടൊരു സഞ്ചാരഗതി!)

    മലയാള ദൃശ്യ മാധ്യമരംഗത്തെ അദ്യത്തെ ഞെട്ടിപ്പിക്കുന്ന അനുഭവം കണ്ണാടിയില്‍ എസ്‌.ബിജു തയ്യാറാക്കിയ ഒരു മാടറവിന്റെ സമ്പൂര്‍ണ്ണചിത്രണമായിരുന്നു. 'ഗര്‍ഭിണികളും കുട്ടികളും മാനോബലമില്ലാത്തവരും ഈ ദൃശ്യങ്ങള്‍ കാണരുത്‌ 'എന്ന മുന്നറിയിപ്പോടുകൂടി തിരുവനന്തപുരത്തെ ഒരു അറവു ശാലയില്‍ എത്ര പ്രാകൃതമായാണ്‌ മൃഗങ്ങളെ ഇറച്ചിക്കായി കശാപ്പ്‌ ചെയ്യുന്നത്‌ എന്ന് ബോധ്യപ്പെടുത്താന്‍ അരമണിക്കൂര്‍ കൊണ്ട്‌ ഒരു അറവിന്റെ സമ്പൂര്‍ണ്ണ സംപ്രേഷണം നടത്തി ഗോപകുമാറും സംഘവും നമ്മുടെ വീട്ടിനുള്ളിലെ ടെലിവിഷന്‍ സ്ക്രിനില്‍ ചിതറി തെറിപ്പിച്ച രക്തപ്രവാഹം ഓര്‍മ്മയുണ്ടോ? ഫോര്‍ത്ത്‌ എസ്റ്റേറ്റില്‍ സംഭവിക്കാനിരിക്കുന്ന റിയല്‍ ഷോകളുടെയും റിയാലിറ്റി ഷോകളുടെയും കര്‍ടന്‍ റെയ്സര്‍ ആയിരുന്നുവോ അത്‌? അഭയകേസുകളിലെ നാര്‍കോ ടെയ്പ്പുകള്‍ അതിന്റെ മുഴുവന്‍ വിശദാംശത്തോടെയും സംപ്രേഷണം ചെയ്ത്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒരു മാസത്തിനുള്ളില്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസത്തില്‍ രണ്ടു വന്‍ കുതിപ്പുകള്‍ (എസ്സ് കത്തിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ ബഹളം തീര്‍ന്നിട്ടില്ലല്ലോ) നടത്തിയ ഈ രണ്ടാഴ്ചക്കാലം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്‌.

    അന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍ കുട്ടി കലാകൗമുദിയില്‍ 'പോത്തിനെ കൊല്ലേണ്ടതെങ്ങനെ' എന്ന പേരില്‍ ഒരു കുറിപ്പ്‌ എഴുതുകയുണ്ടായി. പ്രാകൃതമായി പശുക്കളെ അറക്കുന്നതിന്റെ പ്രശ്നമാണ്‌ ബിജു ഉയര്‍ത്തിപ്പിടിച്ചതെങ്കില്‍ അത്‌ പ്രേക്ഷകര്‍ക്ക്‌ എത്തിക്കാന്‍ അതിന്റെ പച്ചക്കുള്ള ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും സപ്രേഷണം ചെയ്തതിലെ നൈതികതയുടെ പ്രശ്നമാണ്‌ ഗോവിന്ദന്‍ കുട്ടി ഉയര്‍ത്തിപ്പിടിച്ചത്‌.


    തുടര്‍ന്ന് പത്മതീര്‍ത്ഥക്കുളത്തില്‍ ജീവനക്കാരനെ മാനസികരോഗി അടിച്ചുകൊല്ലുന്ന സംഭവം (അത് ലൈവ് ടെലികാസ്റ്റ് ആയിരുന്നുവോ? അല്ലെന്നാണ് ഓര്‍മ്മ) ടെലിവിഷന്‍ വാര്‍ത്തയില്‍ ആവര്‍ത്തിച്ച് കാണിച്ച് സൂര്യാ ടി വിയും മല്‍സരിച്ചു. അസാധാരണമായ പ്രൊഫഷനിലിസം എന്ന മട്ടിലാണ് മാധ്യമവിമര്‍ശകരും ആ സംപ്രേഷണത്തെ കണ്ടത്.


    അഴിമതിയെ സംബന്ധിച്ച തെഹെല്‍ക്ക ടേപ്പുകളും ഒളിക്യാമറ ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനവും ഇന്‍ഡ്യയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും ആയിടക്കാണ്. പത്രപ്രവര്‍ത്തനത്തിലെയും ജുഡീഷ്യല്‍ മേഖലയിലേയും ആക്റ്റിവിസങ്ങള്‍ ഈ ഘട്ടത്തിലൊക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. കോടതി തന്നെ ഇത്തരം പത്രപ്രവര്‍ത്തനരീതിയെ തുറന്ന് വിമര്‍ശിക്കുകയുണ്ടായി.


    സെന്‍സേഷണിലിസമെത്രത്തോളം എപ്രകാരം എന്നതു സംബന്ധിച്ച തര്‍ക്കങ്ങളും സ്വാഭാവികമായുമുണ്ടായി. വാര്‍ത്തയുടെ തീവ്രത നിലനിര്‍‍ത്താന്‍ ക്യാമറക്കു മുന്‍പില്‍ ആളുകളെ കഴിയുമെങ്കില്‍ കരയിക്കണമെന്ന് അന്ന് നീലന്‍ അഭിപ്രായപ്പെടുകയുണ്ടായി. മുഖ്യധാരാമാധ്യമങ്ങള്‍ ഒഴിവാക്കിയിരുന്ന ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് ദൃശ്യമാധ്യമങ്ങള്‍ സധൈര്യം കടന്നു ചെന്ന തരിപ്പന്‍ അനുഭവങ്ങളും അക്കാലത്തുണ്ടായി എന്നു പറയാതെ വയ്യ. ജയചന്ദ്രനും നീലനുമൊക്കെ ഏഷ്യാനെറ്റിന് ഒരു ബദല്‍ മാധ്യമത്തിന്റെ പരിവേഷം നല്‍കിയത് അങ്ങനെയാണ്.കള്ളചാരായം കാച്ചുന്നവന്റെ ജീവിതവും ഗുണ്ടകളുടെ താവളങ്ങളും അന്ന് മികച്ച സ്റ്റോറികളായി. തിരുവനന്തപുരത്ത് ഗുണ്ടകളുടെ ജീവിതം (പുതിയ ഭാഷയില്‍ ക്വട്ടേഷന്‍ സംഘം) പകര്‍ത്തിയ ഒരു ഫീച്ചര്‍ ഓര്‍മ്മ വരുന്നു. ഇരുണ്ട വഴികളില്‍ സ്വാഭാവികമായും നടന്നുനീങ്ങുന്ന ചെറുപ്പങ്ങളുടെ കൈകളില്‍ അലസമായി തൂങ്ങികളിക്കുന്ന വാള്‍തലപ്പുകള്‍ സ്ക്രീനില്‍ തങ്ങിനിന്നിരുന്ന തീക്ഷ്ണമായ ദൃശ്യാനുഭവം ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒളിത്താവളം ചിത്രീകരിക്കുന്നെങ്കില്‍ അത് വളരെ തീയറ്ററിക്കലായ ഒരു ചോരക്കളി തന്നെ ആവിഷ്കരിച്ചായിരിക്കില്ലേ? ഇവിടെയാണ് മാധ്യമബോധത്തിന്റെയും നൈതികതയുടെയുമൊക്കെ അഭാവം ചോദ്യമാകുന്നത്.


    അച്ചടി മഷിപുരണ്ടതെല്ലാം സത്യമാണ് എന്ന ധാരണ നമുക്കു പണ്ടേയുണ്ട്.അഴിമതി, സ്ത്രീപീഢനം, രാജ്യദ്രോഹം തുടങ്ങി സെന്‍സേഷനലായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഈ വിശ്വാസ്യത പത്രങ്ങള്‍ എന്നും മുതലെടുത്തിരിന്നു. കുപ്രസിദ്ധമായ ഐ.എസ് ആര്‍.ഓ ചാരക്കേസുനോക്കൂ. ഭരണമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആ വാര്‍ത്താവ്യവസായം എത്ര ജീവിതങ്ങളെയാണ് തകര്‍ത്തത്. ഇത്തരം കേസുകളില്‍ കുറ്റാരോപിതരോ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരോ ആയ സകലരേയും പ്രതികള്‍ എന്ന മട്ടില്‍ കൈകാര്യം ചെയ്യുന്ന രീതി ഇവിടെ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ വഴികളിലൂടെ കടന്നുപോയി അത് തെളിയിക്കപ്പെടാനുള്ള സാവകാശം നാം നല്‍കാറില്ല. (ഇന്‍ഡ്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥപ്രകാരം ഒരായുസ്സിന്റെ ദൈര്‍ഘ്യമാണ്‌ പല വിചാരണകള്‍ക്കും.) മാധ്യമങ്ങളുടെ ഈ മനുഷ്യാവകാശലംഘത്തിനെതിരെ സക്കറിയയെപ്പോലുള്ള ചിലരേ സധൈര്യം പ്രതികരിച്ചിട്ടുള്ളൂ.തങ്ങളടക്കം തകര്‍ത്ത നമ്പിനാരായണന്റെ ദുരന്ത ജീവിതത്തെ ഫീച്ചറാക്കി മലയാള മനോരമ ഈയടുത്ത കാലത്ത് വീണ്ടും കാശുണ്ടാക്കിയത് കണ്ടിരുന്നില്ലേ?. അന്ന് അദ്ദേഹത്തിന് പറയാനുള്ളതും കേട്ടിരുന്നെങ്കില്‍ എന്ന കുറ്റസമ്മതം ഒരു മാധ്യമമുഖത്തില്‍ നിന്നും എന്തുകൊണ്ട് ഉണ്ടായില്ല?


    പ്രിന്റ് മീഡിയയുടെ 'സത്യവചന'ത്തെ സംബന്ധിച്ച നമ്മുടെ മുന്‍ ധാരണ തിരുത്തി ടെലിവിഷന്‍ ദൃശ്യങ്ങള്‍ കള്ളം പറയില്ല എന്ന പുതിയ മിഥ്യ ഇടക്കാലത്ത് രൂപം കൊള്ളുന്നതായി കാണാം. ഇ.കെ നായനാര്‍ തിരഞ്ഞെടുപ്പു ബൂത്തില്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാണിച്ചു എന്ന മനോരമ ഫോട്ടോ സഹിതം 'സൃഷ്ടിച്ച ' വാര്‍ത്ത തെറ്റാണ് എന്ന് ചലിക്കുന്ന ദൃശ്യങ്ങളിലൂടെ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ നമ്മെ ബോധ്യപ്പെടുത്തി. അന്ന് ടെലിവിഷന്‍ നിരൂപകനായ ഷാജി ജേക്കബ് എഴുതിയത് ടി.വിയില്‍ കാണുന്ന ദൃശ്യങ്ങള്‍ എന്നും യാഥാര്‍ത്ഥ്യ്മായിരിക്കും, ക്യാമറ കള്ളം പറയില്ല എന്നാണ്. അപക്വമാണ് ആ നിരീക്ഷണം എന്നു ടീ വി തന്നെ വൈകാതെ തെളിയിച്ചു. കരുണാനിധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സണ്‍ ടി.വി കാണിച്ച രാജ്യത്തെ പിടിച്ചു കുലുക്കിയ ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ 'യഥാര്‍ത്ഥ' ദൃശ്യങ്ങളിലൂടെ തെളിയിച്ചു.


    വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയാണ്‌ എന്ന് നമുക്കറിയാം ഏറെ സംവിധാനഭദ്രതയോടെ ചമ്യ്ക്കുന്ന പല വാര്‍ത്തകളും അത്ര ഉള്ളുറപ്പില്ലാത്തതായിരിക്കും. വാര്‍ത്തകള്‍ക്കു ശേഷം ആ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കാറില്ല. പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്രമുതലാളിയുടെ സ്വാതന്ത്ര്യം മാത്രം പരിരക്ഷിക്കപ്പെടുകയും ചെയ്യും. അന്യസംസ്ഥാനത്തൊരു യൂണിവേര്‍സിറ്റിയില്‍ ഒരു പത്രമുതലാളിയുടെ പുസ്തകം ഉപപാഠമായിരുന്നത് മാറിയപ്പോള്‍ (ടെക്സ്റ്റ് ബുക്കുകളില്‍ ഇത്തരം മാറ്റം സ്വാഭാവികമാണല്ലോ ) അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായല്ലേ അവതരിപ്പിക്കപ്പെട്ടത്? ആഴ്ചകള്‍ നീണ്ട ദിവസേനയുള്ള നാലു കോളം വാര്‍ത്താപരമ്പരക്കും ഓരോ പഞ്ചായത്തിലേയും അവസാനത്തെ സാംസ്കാരിക പ്രവര്‍ത്തകന്റെയും പ്രസ്താവനക്കും ശേഷമാണ് ആ വാര്‍ത്ത അടങ്ങിയത്. പണ്ടൊരു രസികന്‍ 'പട്ടിക്കൂട്ടിയും ജേര്‍ണലിസ്റ്റും തമ്മിലുള്ള വ്യത്യാസം പട്ടിക്കൂട്ടി രണ്ട്മൂന്നാഴ്ചക്കുള്ളില്‍ മോങ്ങല്‍ നിര്‍ത്തുമെന്നതാണ്' എന്നു പറഞ്ഞത് ഇത്തരം ജേര്‍ണലിസം മുന്നില്‍ കണ്ടല്ലേ?

    പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ സംഭവിച്ചത് എന്താണ്? പോലീസ് തെളിവുകള്‍ സൃഷ്ടിക്കുകയാണ് എന്ന് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ തെളിവുകള്‍ സൃഷ്ടിച്ച് സ്വയം കേസ് അന്വേഷിക്കുകയാണ് എന്ന് മന്ത്രി. അന്വേഷണത്തിലിരിക്കുന്ന കേസില്‍ ഇത്ര മാധ്യമവിചാരണ വേണ്ടാ എന്ന് കോടതി. തങ്ങള്‍ വിമര്‍ശനാതിതരാണെന്ന് ഒരോരുത്തരും കരുതുന്നു. ഭരണകൂടങ്ങളും അതിന്റെ സംവിധാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും മിക്ക തൊഴില്‍ സമൂഹങ്ങളും കോടതിയും ഒക്കെ അഴിമതിക്ക് വിധേയരാണെന്ന് മാധ്യമങ്ങള്‍ പറയാറുണ്ട്. എന്നാല്‍ തങ്ങള്‍ മാത്രം അഴിമതി മുക്തമായ വിശുദ്ധരൂപികളാണെന്ന് അവര്‍ നടിക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ്? ധാര്‍മികമൂല്യങ്ങളെ പ്രതി ഇങ്ങനെ വ്യാജ്യമായി ഊറ്റം കൊള്ളുന്ന മറ്റൊരു തൊഴില്‍ സമൂഹമുണ്ടോ? ഇല്ലെന്നാണെന്റെ പക്ഷം.


    പോളിന്റെ വധത്തിന്‌ പിറകില്‍ വേട്ടപ്പട്ടികളെപ്പോലെ പായുന്നതില്‍ ഒന്നുകില്‍ മാനേജ്മെന്റ് താല്പര്യം, അല്ലെങ്കില്‍ കാശിനുവില്‍ക്കാവുന്ന എരിവും പുളിയുമൊക്കെയുള്ള സംഭവം എന്നതിനപ്പുറം മറ്റു പത്രധര്‍മ്മമൊന്നുമില്ലെന്നു പറയാനുള്ള ചങ്കൂറ്റം നേരറിയിക്കുന്നുവെന്നു പറയുന്ന ഏത് മാധ്യമത്തിനുണ്ട്. തങ്ങള്‍ ചെയ്യുന്നത് കച്ചവടമാണ് എന്ന് തുറന്നു പറയാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ സങ്കോചം കാണിക്കാറില്ല. ജനാധിപത്യത്തിന്റെ കാവല്‍ക്കാരനാണെന്ന നാട്യമൊന്നും വേണ്ട കച്ചവടക്കാരന്റെ സത്യസന്ധതയും ധാര്‍മികതയുമെങ്കിലും കാണിക്കണം എന്ന് ഇവരെ പറഞ്ഞുബോധ്യപ്പെടുത്തേണ്ടതല്ലേ?
    കുറച്ചു നാള്‍ക്കുമുമ്പ് രേഷ്മ എന്ന നടിയെ വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു പോലീസുകാരന്‍ തന്നെ പകര്‍ത്തി പിന്നീട് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവം ആയിരുന്നുവല്ലോ. ഇവിടെ തന്റെ തൊഴിലിനെ അയാളും വ്യഭിചരിക്കുകയായിരുന്നില്ലേ? വ്യഭിചാരം ചെയ്യാമോ?, കുറ്റമാണെങ്കില്‍ തന്നെ ഇങ്ങനെയൊക്കെ ചോദ്യം ചെയ്യാമോ?, ഇനി അത് ചെയ്താല്‍ തന്നെ അത് പകര്‍ത്തി പുറത്തുവിടാമോ? തുടങ്ങിയ ഓരോ ചോദ്യങ്ങളുടെയും യുക്തി വേറെയാണ്. അവ പരസ്പരം കുത്തി വീഴ്ത്തുന്നില്ല. വ്യക്തികളുടെ സ്വകാര്യ ജീവിതാവസ്ഥകള്‍ അവരുടെ അനുവാദമില്ലാതെ പബ്ലിഷ് ചെയ്യുന്നവനില്‍ പ്രവര്‍ത്തിക്കുന്നത് കുളിമുറിക്കുള്ളില്‍ ഒളിക്യാമറ പ്രവര്‍ത്തിപ്പിക്കുന്നവന്റെ മനസ്സാണ്.

    അമാന്യമായ ആ മനസ്സാണ്‌ സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഏറ്റവും രഹസ്യാത്മകവും, അതില്‍ ചോദ്യം ചെയ്യലിന്‌ വിധേയമായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പീഡാകരവുമായ സ്വകാര്യാവസ്ഥകള്‍ നിറഞ്ഞതുമായ നാര്‍ക്കോ അനാലിസിസ് ടേപ്പുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത മാധ്യമത്തിനു പിറകിലും പ്രവര്‍ത്തിച്ചത്.

    പോത്തിനെ കൊല്ലേണ്ടതെങ്ങനെ എന്ന പ്രശ്നം ഉയര്‍ത്തുന്ന പല ചോദ്യങ്ങളുണ്ട്. പോത്തുകളെ കൊല്ലാന്‍ നമുക്കെന്തധികാരം എന്ന ചോദ്യം, കൊല്ലുന്നെങ്കില്‍ കുറേക്കൂടി മനുഷ്യത്വത്തോടെ കൊന്നുകൂടെ എന്ന ചോദ്യം, എങ്ങനെ കൊന്നാലും അത് അതേപടി ദൃശ്യവിരുന്നാക്കാമോ എന്ന ചോദ്യം. ഓരോ ചോദ്യത്തിന് പിറകിലുമുള്ള നൈതികബോധം വേറെയാണ്. ഒരു തെറ്റ് മറ്റൊന്നിനെ ശരി വെക്കുന്നില്ല. ഒന്ന് മറ്റൊന്നിന്റെ യുക്തി ആകരുത്. അതിര്‍ വരമ്പുകള്‍ ഇടിയരുത്.


    http://vijnanacintamani.org/

    6 comments:

    1. ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയും പാര്‍ട്ടികളുടെ രാഷ്ട്രീയസദാചാരവും കുറയുമ്പോഴാണ് ജുഡീഷ്യറീയിലും മാധ്യമങ്ങളിലും ജനങ്ങള്‍ അഭയം അര്‍പ്പിക്കുന്നത്. എന്നാല്‍ അവയും വിമര്‍ശനവിധേയമാകുമ്പോഴേ ജനാധിപത്യത്തിന് സാധ്യതകളുള്ളൂ.

      ReplyDelete
    2. നല്ല നിരീക്ഷണങ്ങള്‍ പ്രസക്തമായ ലേഖനം

      ReplyDelete
    3. A relevant issue, dealt with the sensibleness it deserves. Kudos !

      ReplyDelete
    4. പ്രതികരണത്തിന്‌ നന്ദി വേട്ടെക്കരന്‍,സൂരജ്.

      ReplyDelete
    5. നല്ല നിരീക്ഷണങ്ങൽ

      ReplyDelete
    6. ഈ പോസ്റ്റിന്റെ ഒരു സ്വതന്ത്ര പരിഭാഷ ഇവിടെ കാണാം
      http://youreemember.blogspot.com/2009/09/how-to-kill-buffalo.html

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക