ആളൊഴിഞ്ഞ സര്‍ക്കസ് കൂടാരം പോലാണ് മലയാള സിനിമ.

നമ്മുടെ സിനിമക്ക് മാറാന്‍ കഴിയാത്തത് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് മാറാന്‍ കഴിയാത്തതുകൊണ്ടാണോ? മുപ്പത് വര്‍ഷം മുമ്പിറങ്ങിയ പത്മരാജന്‍ ചിത്രമായ കാണാമറയത്തില്‍ അന്ന് പുതുമുഖമായിരുന്ന പതിനഞ്ചുകാരിയായ ശോഭനയോട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട്. "ആയ കാലത്ത് പെണ്ണ് കെട്ടിയിരുന്നെങ്കില്‍ നിന്റെ പ്രായത്തിലുള്ള ഒരു കൊച്ചെനിക്കുണ്ടാകുമായിരുന്നു" എന്ന്. പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഇതേ ശോഭനയെ തന്റെ നായികയാക്കിയപ്പോള്‍ എങ്കില്‍ ഭേദം ഷീലയോ മറ്റോ ആയിരുന്നു എന്ന് മമ്മൂട്ടി കെറുവിച്ചതായി കേട്ടിട്ടുണ്ട്. മുപ്പത് വര്‍ഷമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊന്നും സിനിമയില്‍ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ സിനിമ അന്ന് കെട്ടിയിട്ട കുറ്റിയില്‍ തന്നെയാണ് കറങ്ങുന്നത് എന്നല്ലേ?
സിനിമക്കകത്തും പുറത്തും മാത്രമല്ല സിനിമയുടെ ഭാഷയിലും ഈ പിടിമുറുക്കി സിനിമയെപ്പോലും കോമാളിത്തമാക്കി എന്നതാണ് സങ്കടം. യുഗപുരുഷന്‍ എന്ന സിനിമയില്‍ എല്ലാവര്‍ക്കും വയസ്സാകുമ്പോഴും മമ്മൂട്ടി അങ്ങനെ നിത്യഹരിതനായകനായി കുലച്ചു നില്‍ക്കുന്നത് കാണാം. എത്ര അരോചകമാണാ കാഴ്ച! വേവാത്ത ചേമ്പു പോലെ സിനിമയില്‍ സ്വയം അവശേഷിപ്പിക്കുന്നതിനെയാണോ നമ്മള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത്?
അന്യഭാഷകളൊക്കെ കയറിയിറങ്ങി ഒടുക്കമാണ് ഈ സൂപ്പര്‍ സ്റ്റാര്‍ കളി മലയാളത്തെ ബാധിച്ചത്. ബുദ്ധിജീവിയായ മലയാളിക്ക് താരത്തെ ദൈവമാക്കി വാഴിക്കുന്ന തമിഷനോടും തെലുങ്കനോടും ഗോസായിയോടുമൊക്കെ എന്തു പുഛമായിരുന്നു. നമുക്കിവിടെ മഹാനടന്മാരുള്ളത് സൂപ്പര്‍ സ്റ്റാറുകളല്ല എന്നൊക്കെയുള്ള ബഡായി കൊണ്ടാണ് നാം ഈ പുത്തന്‍ താരാരാധനയെ ഒളിച്ചുവെച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്?

ഏറെ സമയമെടുത്ത് അത്യധ്വാനം ചെയ്ത് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു സിനിമ ചെയ്യുന്നവരാണ് മറ്റെവിടുത്തയും സൂപ്പര്‍ സ്റ്റാറുകള്‍! കമലാഹാസനും രജനീകാന്തും എന്തിന് ഹിന്ദിയിലെ കൊച്ചു വലിയ സൂപ്പര്‍സ്റ്റാറുകളായ അമീറും ഷാരൂഖുമൊക്കെ അങ്ങനെയാണ്. എന്നാല്‍ നമ്മുടെ സ്റ്റാറുകളോ? തിരക്കഥ പോലും വായിക്കാതെ സെറ്റില്‍ നിന്നും സെറ്റിലേക്ക് കിട്ടിയ റോളൊന്നും കളയാതെ ആര്‍ത്തിപിടിച്ച് പായുന്നവരല്ലേ? മാമുക്കോയ ചെയ്യേണ്ട റോളടക്കം സ്വയം ചെയ്യുന്നവര്‍! കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണോ അതിനു പിന്നില്‍? ഈ വൃദ്ധജനങ്ങളുടെ ആധിപത്യത്തിനപ്പുറം ഒരു പുതു തലമുറക്ക് സ്വസ്ഥമായി നിലനില്‍കാനുള്ള സ്ഥലം മലയാളസിനിമയിലില്ലാത്തത് ഇല്ലാത്തത് അതിനാലല്ലേ? അന്യ ഭാഷകളിലൊക്കെ പല തലമുറയില്‍ പെട്ട സൂപ്പര്‍ സ്റ്റാറുകള്‍ ഒരേപോലെ നിലനില്‍ക്കുന്നില്ലേ? മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ റെയ്ഞ്ചുള്ളവര്‍ പുതുതലമുറയിലില്ലാത്തതുകോണ്ടല്ലെ അവര്‍ തന്നെ ഇവിടെ വാഴുന്നത്, അവര്‍ ആരുടെയും വഴിമുടക്കുന്നുല്ലില്ലല്ലോ എന്നൊരു ന്യായം കേള്‍ക്കാറുണ്ട്. എന്നാല്‍ അങ്ങനെ അപാര റെയ്ഞ്ച് ഡിമാന്‍ഡ് ചെയ്യുന്ന എത്ര കഥാപാത്രങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച എത്ര കഥാപാത്രങ്ങളില്‍ അവരുടെ സിഗ്നേച്ചര്‍ ഉണ്ട്? ഭ്രമരവും പാലേരി മാണിക്യവും പോലെ ചുരുക്കം സിനിമകളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആ വേഷങ്ങളൊക്കെ തന്നെ അവര്‍ക്ക് മാത്രം ചെയ്യാവുന്നത് എന്ന അവസ്ഥയുള്ളതാണോ? എത്ര കഥാപാത്രങ്ങള്‍ക്ക് വേണ്ടി അവര്‍ എന്തുമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്? സിനിമയിലൂടെ അവര്‍ എത്ര വളര്‍ന്നു? അതോ എന്നോ മുരടിച്ചുപോയോ?
സിനിമയില്‍ നിന്ന് നേടിയവര്‍ സിനിമയ്ക്ക് എന്ത് ചെയ്തു എന്ന് നാം ആരാഞ്ഞിട്ടുണ്ടോ? ഇന്‍ഡ്യയിലെ മറ്റെല്ലാ സൂപ്പര്‍ സ്റ്റാറുകളു സിനിമ ജീവിതമായി കോണ്ട് നടക്കുന്നവരാണ്. സിനിമയില്‍ നിന്ന് നേടിയത് സിനിമയ്ക്കായി തന്നെ ചിലവഴിക്കുന്നവര്‍. പൊറാട്ടയും പപ്പടവും ബിസിനസ്സ് ചെയ്യുന്നവരല്ല അവര്‍. മോഹന്‍ ലാല്‍ ചില സിനിമാനിര്‍മ്മാണമൊക്കെ തുടങ്ങുകയുണ്ടായി. മമ്മൂട്ടി കാശിറക്കിയത് സീരിയലിനാണ്. പിന്നെ ഈ പൊയ്ക്കുതിരകളെ നാം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ യുക്തി എന്ത്? ഇത് കലയല്ല, ശുദ്ധ ബിസിനസ്സാണെന്നായിരുന്നു പഴയ വാദം. എന്നാല്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി മലയാള സിനിമയുടെ വളര്‍ച്ചയുടെ ഗ്രാഫ് പറയുന്നതെന്താണ്? ഓരോ ദിവസവും പൂട്ടിപോകുന്ന തീയറ്ററുകള്‍, കുത്തുപാളയെടുക്കുന്ന നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ പറയുന്ന കഥയെന്താണ്. മിനിമം ഗ്യാരന്റി തരാന്‍ കഴിയാത്തവരാണ് ഈ നടന്മാര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. പൊളിഞ്ഞുപാളീസായ സിനിമകല് ഏതാണ്ടൊക്കെ ഈ നടന്മാരുടേതാണ് എന്നതും യാഥാര്‍ത്ഥ്യം. കാശിനുകൊള്ളാത്ത ഇവരെ പിന്നെ ഏത് മാനദണ്ഡത്തിലാണ് സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് വിളിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ബോക്സ് ഓഫീസ് വിജയങ്ങളല്ല, സിനിമക്കകത്തും പുറത്തും അവര്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന മാറാത്ത ചില വ്യാകരണനിയമങ്ങളാണ് അവരെ താരരാജാക്കന്മാരാക്കുന്നത് എന്നതല്ലേ ശരി? തിലകന്‍ പറയുന്ന കോടികളുടെ നഷ്ടകണക്കുകള്‍ ആരുടെ ചിലവിലാണ് എഴുതിതള്ളേണ്ടത്? മറ്റ് നാടുകളിലും സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടാറില്ലേ എന്നാണെങ്കില്‍ പന്നി പെറുന്നതുപോലെ തുടര്‍ച്ചയായി അഭിനയിച്ചുതള്ളുന്ന പതിവ് ആ താരരാജാക്കന്മാര്‍ക്കില്ല എന്നത് കൂടി ഓര്‍ക്കണം മാത്രമല്ല തന്റെ ചിത്രം ബോക്സ് ഓഫീസില്‍ വിജയമല്ല എന്ന് കണ്ട് മുഴുവന്‍ തീയറ്ററുടമകള്‍ക്കുംനഷ്ടപരിഹാരം നല്‍കാന്‍ രജനീകാന്ത് തയ്യാറാകാറുണ്ട് എന്ന കാര്യവും പരിഗണിക്കണം. ഇന്‍ഡസ്ട്രിയെ നിലനിര്‍ത്താനുള്ള താല്പര്യമാണത്. സിനിമ തുലഞ്ഞാലും താനിങ്ങനെ ബാക്കി നില്‍ക്കും എന്ന വിചാരമുള്ള നമ്മുടെ സൂപ്പര്‍ സ്റ്റാറുകളാരും അങ്ങനെ ചെയ്തതായി അറിവില്ല.
ഏറ്റവും പരിഹാസ്യമായ കാര്യം ഇവരൊക്കെ ജീവിതത്തിലും അങ്ങനെ താരപരിവേഷം കാട്ടി കളിക്കുന്ന കോമാളിത്തരമാണ്. തിലകന്‍ തന്നെ അതില്‍ പലതും സൂചിപിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ പോലും "റഞ്ചീ" എന്ന് രഞ്ജി പണിക്കരെ വിളിക്കുന്ന സുരേഷ് ഗോപിയും മേക്കപ്പും വിഗ്ഗുമിളകാതെ ഇസ്തിരി വടിവില്‍ നില്‍ക്കുന്ന മോഹന്‍ ലാലും അഴകിയ രാവണന്‍ കളിക്കുന്ന മമ്മൂട്ടിയും ജീവിതത്തിലേക്ക് സിനിമ തട്ടി ചെരിഞ്ഞ ഒരു വിഭ്രമാത്മക ലോകത്തിന്റെ ഇരകളല്ലേ? സഹതാപം ജനിപ്പിക്കുന്നവര്‍? കഴിഞ്ഞ ക്രിസ്മസ് കാലത്ത് സുരാജ് വെഞ്ഞാറമ്മൂടിനോടൊപ്പം ടിന്റുമോന്‍ കഥകള്‍ പറഞ്ഞ് രസിക്കുന്ന മമ്മൂട്ടിയെ ഓര്‍ക്കുന്നില്ലേ? മമ്മൂട്ടി സുരാജ് വെഞ്ഞാറമൂടിന് പഠിക്കയാണെന്ന് തോന്നിപ്പോയി. വിജയ്, വിക്രം, കമലാഹാസന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുമായുള്ള ഇന്റര്‍വ്യൂകള്‍ താരതമ്യം ചെയ്താലറിയാം, നമ്മുടെ താരരാജാക്കന്മാരുടെ ചെറുപ്പം. ജീവിതവും സിനിമയും വേര്‍തിരിച്ചറിയാത്തവരാണ് തമിഴന്‍മാര്‍ എന്ന് കളിയാക്കാന്‍ നമുക്കെന്തവകാശം, ജീവിതത്തിലും ഫ്രെയിമിനകത്ത് സ്വയം ഫോക്കസ് ചെയ്യുന്ന ഇവരെ കൊണ്ട് നടക്കുന്നവര്‍ എന്ന നിലയില്‍? സിനിമയിലെ സ്റ്റൈല്‍ മന്നനായ രജനീകാന്തിനെ നോക്കൂ. പൊതുവേദിയിലും മാധ്യമങ്ങളുടെ മുന്നിലും തന്റെ നരച്ചുകുരച്ച കറുകറുത്ത ശരീരവും മുഴുവന്‍ കഷണ്ടി കയറിയ തലയും ഒരു മറയുമില്ലാതെ കാണിക്കാന്‍ അയാള്‍ക്ക് മടിയില്ല. സിനിമയില്‍ സോപ്പുകുട്ടപ്പനായി വീണ്ടും വേഷമിടാനും സിനിമ സിനിമയാണെന്നും ജീവിതം വേറെയാണെന്നും അദ്ദേഹത്തിനറിയാം.
ഇനി ഈ ഭാഷാ സിനിമകള്‍ കഴിഞ്ഞ ദശകങ്ങളില്‍ നേടിയ വികാസം നോക്കൂ. ഒരു കൂട്ടം പ്രതിഭാസമ്പന്നന്മാരായ എഴുത്തുകാരും സം വിധായകരും പാട്ടുകാരും സംഗീത സം വിധായകരും ടെക്നീഷ്യന്‍സും നടീനടന്മാരും മലയാള സിനിമയെ ഇന്ന് ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. ആര്‍ട്ടായാലും കൊമേര്‍സ്യലായാലും. ഇവിടെയോ നമ്മുടെ സംവിധായകര്‍ അത് അടൂരായാലും ഷാജി കൈലാസായാലും ചെയ്തതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ടെലിവിഷനും വ്യാജ സി. ഡി. യുമൊന്നുമല്ല സിനിമയെ നശിപ്പിക്കുന്നതെന്നതിന് വേറെ തെളിവു വേണോ? സംവരണം ഏര്‍പ്പെടുത്തി സിനിമയെ സം രക്ഷിക്കാനാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്? മമ്മൂട്ടിയും മോഹന്‍ ലാലും അവര്‍ ആരാധകര്‍ പറയുന്നതുപോലെ മലയാള സിനിമയുടെ നെടുന്തൂണൂകളാണെങ്കില്‍ ഈ തകര്‍ച്ചക്ക് സമാധാനം പറയേണ്ടവരുമല്ലേ?
തങ്ങളൂണ്ടാക്കിയ താര ഇമേജ് തങ്ങളെ തന്നെ തിരിച്ച് വിഴുങ്ങുന്ന അവസ്ഥയിലേക്ക് ഇവര്‍ എത്തുമോ, തിരിച്ചറിവിന്റെ ഏതെങ്കിലും ഘട്ടത്തില്‍? അവിടെയാണ് തിലകന് തെറ്റിയ ഉന്നം പതിയിരിക്കുന്നത്. ഈ സൂപ്പര്‍സ്റ്റാറുകളാണോ മലയാള സിനിമയെ മാറാനനുവദിക്കാതെ പിടിച്ച് കെട്ടുന്നത്? അതൊരു അതിവാദം മാത്രമല്ലേ? നമ്മുടെ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ടെക്നീഷ്യന്മാര്‍ അവരുടെ നിരയോ? മമ്മൂട്ടിയും ലാലും തുടര്‍ന്ന കാലം മുഴുവന്‍ അവരും സിനിമയില്‍ തുടരുക തന്നെ അല്ലേചെയ്തത്? ഒരേപോലുള്ള ചിത്രങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച്. ജോഷിയായാലും സത്യന്‍ അന്തിക്കാടും കമലുമായാലും ദൃശ്യഭാഷ എന്ന നിലയില്‍ നാളിതുവരെയുള്ള അവരുടെ സിനിമയില്‍ എന്ത് മാറ്റമുണ്ടായി?
കൂടുതല്‍ വലിയ ചോദ്യം, നമ്മോട് തന്നെ ചോദിക്കേണ്ടത് നമ്മുടെ കാഴ്ചശീലങ്ങളില്‍, സിനിമാ സങ്കല്പ്പങ്ങളില്‍ എന്തു മാറ്റമുണ്ടായി എന്നതാണ്. ഈ സിനിമ നമുക്ക് മടുത്തു എന്ന് തീയറ്ററുകളിലെ തരിശുനിലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പുറം എന്താണ്? ഏത് ആധുനികോത്തര അനുഷ്ഠാനത്തിനാണ് നാമിനി കാവല്‍ കിടക്കേണ്ടത്?
http://sngscollege.info/
http://vijnanacintamani.org