അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 3 August 2010

    മലയാളഭാഷയുടെ സ്വത്വനിര്‍മ്മിതി: പരിണാമവും പ്രതിസന്ധികളും

    ഫേസ്ബുക്ക് കൂട്ടായ്മയായ'മലയാളനാടി'ന്റെ തുടക്കത്തിലും കഴിഞ്ഞ ഒരു മാസം നടന്ന വിവിധ ചര്‍ച്ചകളിലും മലയാളിയുടെ ഭാഷാഭിമാനത്തെ സംബന്ധിച്ച ചില പൊതു വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ലോകതമിഴ് സമ്മേളനവും മലയാളം ക്ലാസ്സിക് ഭാഷയാക്കണമെന്നുള്ള മുറവിളിയും അതിന്‌ പശ്ചാത്തലമായിരിക്കാം. തമിഴനെ കണ്ട് പഠിക്കണം മലയാളി എന്നായിരുന്നു പങ്കുവെക്കപ്പെട്ട ഒരു വികാരപ്രകടനം. അതെന്തിന്‌ എന്ന് എനിക്ക് മനസ്സിലായില്ല. തിരക്കൊഴിഞ്ഞ് ചര്‍ച്ച ചെയ്യാം എന്ന് വിചാരിച്ചു.

    ഇത്തരം ഭാഷയോടുള്ള വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം മലയാളഭാഷയുടെ സ്വത്വസ്വഭാവത്തെ, മലയാളിയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാവബോധത്തെ ഒന്ന് മാറി നിന്ന് നോക്കേണ്ടതല്ലേ ? തമിഴന്റെയും മലയാളിയുടേയും ഭാഷാഭിമുഖ്യങ്ങള്‍ തന്നെ എത്ര വ്യത്യസ്തം. തനിമയുടെ കട്ടിക്കാതലിലാണ്‌ തമിഴിന്റെ ഊറ്റം. അവര്‍ക്ക് ഈടുവെപ്പുകളുമുണ്ട്. എന്നാല്‍ മലയാളിയില്‍ പ്രവര്‍ത്തിക്കുന്നത് ഒരു സങ്കലനയുക്തിയാണ്‌.അറബിക്കട
    ലിന്റെ ഓരത്ത് പൊട്ടിയ അരഞ്ഞാണം പോലെ കിടക്കുന്ന ഒരു ദേശത്ത് തുറമുഖസംസ്കാരം കലങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. വിവിധ കാലങ്ങളിലെ സംസ്കാരങ്ങളുടെ കലമ്പലുകളിലൂടെ രൂപപ്പെട്ട് വന്ന ഒരു ജനതയല്ലേ നമ്മള്‍? യൗഗികതയാണ്‌‌ നമ്മുടെ ശീലം. ഭാഷയുടെ രൂപീകരണദശയില്‍ പോലും ഈ യുക്തിയാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. ‘ഭാഷാമിശ്രമെന്റികഴാതെ’ എന്നും ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നും പറയുന്നിടത്ത് ഈ സങ്കരത്തിന്റെ സവിശേഷത കാണാം. അതെ, ഈ യൗഗികതയാണ്‌ മലയാളിയുടെ തനിമ. വേറിട്ടൊരു സ്വത്വമുള്ളവരാണ്‌ നമ്മള്‍. സംസ്കൃതീകരണം എന്നത് ഭാഷയുടെ ജനിതകത്തില്‍ തന്നെയുണ്ട്.

    അത് മുകളില്‍ നിന്ന് താഴേക്ക് അരിച്ച് വന്ന ഒരു പ്രേരണ മാത്രമായ്യിരുന്നില്ല. താഴെ നിന്ന് മുകളിലേക്ക് ഉന്മുഖഭാവത്തോടെയുള്ള ഉത്കണ്ഠയുമായിരുന്നു, ശ്രീനിവാസനെപോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ. കേരളത്തില്‍ പുലവന്മാര്‍ പാടുന്ന കമ്പരാമായണത്തില്‍ ഇത് കയറി വരുന്നു. തോറ്റം പാട്ടില്‍ ഇത് കാണാം. ലക്ഷദ്വീപിലെ മുക്കുവന്മാരായ മുസ്ലീങ്ങളില്‍ പോലും ഈ കലരലുണ്ട്. ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൗഗികയുക്തി കണ്ടറിഞ്ഞവനായിരുന്നു മലയാളത്തിന്റെ എഴുത്തച്ഛന്‍. പുതിയ കാല തനിമാവാദികളുടെ കണ്ണില്‍ ഏറ്റവും വലിയ വില്ലന്‍ എഴുത്തച്ഛനാകണം. ഈ യോഗം കറതീര്‍ന്ന് പാകപ്പെട്ടത് എഴുത്തച്ഛനിലാണല്ലോ. വാല്‍മീകി രാമായണം കിളിപ്പാട്ടിനേക്കാള്‍ സരളമാണ്‌. മലയാളം പോലെ മനസ്സിലാക്കും കൂടുതല്‍ സംസ്കൃതം എഴുത്തച്ഛന്റെ രാമായണത്തിലാണെന്ന് തോന്നും എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു സംഭാഷണത്തിനിടക്ക് പറയുകയുണ്ടായി. ശരിയാണത്.
    ഈ സംസ്കൃതീകരണത്തെ ചെറുക്കാന്‍ ഒരു ശ്രമം ഉണ്ടായത് മിഷണറിമാരുടെ കാലത്താണ്‌ ,ഒരു കോളോണിയല്‍ യുക്തിക്ക് അകത്ത് നിന്നു കോണ്ട്. പില്‍ക്കാലത്ത് ആധുനികതയുടെ ഉദയത്തില്‍ പച്ചമലയാള പ്രസ്ഥാനമെന്ന ഭാവത്തിലും ചില ചലനങ്ങളൂണ്ടായി. രണ്ട് നിലപാടുകളും മലയാളം അതിന്റെ വളര്‍ച്ചയില്‍ തള്ളികളഞ്ഞു. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമകണക്കേ ശരണം എന്നത് തമ്പുരാന്റെ മാത്രം ശരണം വിളിയല്ല.
    വയസ്സന്‍ തമിഴിനെ ഒഴിവാക്കിയാണ്‌ സംസ്കൃതത്തെ മലയാളം പരിണയിച്ചത്. ഇക്കാര്യം ഏ. ആര്‍ രാജരാജവര്‍മ്മ സമര്‍ത്ഥമായി വിശദീകരിക്കുന്നുണ്ട്. ‘വൃദ്ധാര്‍ക്കനെ പുറത്താക്കി സന്ധ്യ നക്ഷത്രവീടിന്റെ പടിയടച്ചു’ എന്ന കുഞ്ഞിരാമന്‍ നായരുടെ വരി ഓര്‍മ്മ വരും.

    അന്ന് നാം എഴുത്തച്ഛനെ ചെറുത്തിരുന്നെങ്കില്‍ മലയാളം എന്താകുമായിരുന്നു? ഇന്ന് അക്ഷരങ്ങളുടെ അയ്യരുകളി നമുക്ക് സാധ്യമായത് അത് വഴി അല്ലേ? എഴുതുന്നത് പോലെ ഉച്ചരിക്കുകയും ഉച്ചരിക്കുന്നത് പോലെ എഴുതുകയും ചെയ്യുന്ന ഭാഷ എന്ന ഊറ്റത്തിന്റെ വേര്‌. ഭാഷയില്‍ ഒരു നിലവാരപ്പെടല്‍ അത് വഴി സംഭവിച്ചപ്പോള്‍ തന്നെ ഒരു അധോലോക ഭാഷയും രൂപപ്പെട്ടു. തമിഴന്റെ കരുപ്പൊരുളില്‍ . ഇന്നും നമുക്ക് അമര്‍ന്നൊന്ന് തെറി പറയാന്‍ തമിഷ് തന്നെ വേണം മയിര്‌ എന്ന വാക്ക് പ്രാചീനസാഹിത്യം പഠിപ്പിക്കുമ്പോള്‍ മലയാളം മാഷിന്‌ വിഴുങ്ങേണ്ടി വരുന്നത് അതുകൊണ്ടാണ്‌.
    ആധുനികതയുടെ ജ്ഞാനോദയത്തിന്റെ മറ്റൊരു യുക്തിയിലാണ്‌ ഇംഗ്ലീഷിന്റെ മേല്‍ച്ചാര്‍ത്ത് ഉണ്ടാകുന്നത് . അഭിനിവേശവും പ്രതിരോധവും ഒരു പോലെ ഉണ്ടായി. ഇംഗ്ലീഷിന്‍ നാറ്റം എന്ന് സംസ്കൃതത്തിന്റെ പരിരംഭണസുഖത്തില്‍ അമര്‍ന്നിരുന്ന തമ്പുരാന്മാര്‍ പദ്യമെഴുതി. ഇംഗ്ലീഷ് കൊണ്ടേ പുരോഗതിയുള്ളൂ എന്ന് ചന്തുമേനോന്മാര്‍ ഗദ്യവും എഴുതി. പദ്യം തോറ്റു. ഗദ്യം ജയിച്ചു. സംസ്കൃതവും ഇംഗ്ലീഷും മലയാളത്തിന്റെ സ്വത്വരൂപീകരണത്തില്‍ ധനാത്മകമായി പ്രവര്‍ത്തിച്ച രണ്ട് ഊര്‍ജ്ജങ്ങളാണ്‌. അതിനെ ഋണാത്മകമായി വിലയിരുത്തരുത്. ആധുനിക മലയാളഭാഷയുടെ ജീനിയസ്സ് പ്രവര്‍ത്തിക്കുന്നത് അനുപ്രയോഗങ്ങളിലും സവിശേഷ വാക്യാംശങ്ങളിലുമാണ്‌‌. രണ്ടിടത്തും ഇംഗ്ലീഷിനും സംസ്കൃതത്തിനും സംഭാവനയുണ്ട്. രണ്ട് ഭാഷകളുടേയും സ്വാധീനം രണ്ട് തരത്തിലാണ്‌ പ്രവര്‍ത്തിച്ചത്. വിപുലമായി ചര്‍ച്ച ചെയ്യേണ്ട സംഗതിയാണത്. തത്കാലം ഒഴിവാക്കുന്നു.

    വര്‍ണ്ണമാലയില്‍ വിപുലമായ സ്വാധീനം ചെലുത്തിയെങ്കിലും വ്യാകരണത്തില്‍ നുഴഞ്ഞ് കയറാന്‍ സംസ്കൃതത്തിനത്ര കഴിഞ്ഞില്ല. ഭാഷയുടെ സര്‍വ്വാംഗപുതുക്കം ആണ്‌ സംസ്കൃതം വഴി സാധിച്ചെടുത്തത്. ഇംഗ്ലീഷിന്റെ നുഴഞ്ഞ് കയറ്റം മറ്റൊരു രീതിയിലാണ്‌. കഷ്ടിച്ചൊരു അക്ഷരത്തെ മാത്രമേ ഒളിച്ചുകടത്താന്‍ ഇംഗ്ലീഷിനായുള്ളൂ. എന്നാല്‍ വാക്യരീതികളില്‍ അത് കൂടുതല്‍ സ്വാധീനം ഉണ്ടാക്കി. കര്‍മ്മണി പ്രയോഗം വരമൊഴിയിലെങ്കിലും സ്വാഭാവികമായത് . സംസ്കൃതകലര്‍പ്പ് കാലത്തില്ലാത്ത തരം ഉത്കണ്ഠ പദകോശകാര്യത്തില്‍ ഇംഗ്ലീഷ് കലര്‍പ്പ് ക്ഷണിച്ചു വരുത്തുന്നുണ്ട് എന്തുകൊണ്ടാണത്? എന്ത് കോണ്ട് തമിഴിനെ പോലെ നാം പകരം വാക്കുകള്‍ ഉപയോഗിക്കുന്നില്ല, ആംഗലേയപദങ്ങള്‍ അങ്ങനെ കടപുഴക്കി കൊണ്ടു വരുന്നു എന്നാണ്‌ ചോദ്യം. മലയാള ഭാഷ മരിക്കുന്നു എന്ന് വരെ ആളുകള്‍ വിലപിക്കുന്നത് നമ്മുടെ വ്യവഹാരത്തില്‍ ഇംഗ്ലീഷ പദങ്ങളൂടെ പെരുക്കം ചൂണ്ടിക്കാട്ടിയാണ്‌. ഭാഷയുടെ ഘടനയില്‍ പദകോശം അത്ര പ്രധാന സംഗതിയല്ല എന്ന കാര്യം പോലും നാം വിസ്മരിച്ചു പോകുകയാണ്‌ പതിവ്.

    തമിഴിലും മലയാളത്തിലും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാഷായുക്തികള്‍ നാം പരിശോധിക്കേണ്ടതുണ്ട്. ഒരു തരം ആശയാനുവാദമാണ്‌ തമിഴന്റെ വഴി. വിഗ്രഹാര്‍ത്ഥം പോലെ ഒന്ന്. സൂചകത്തേക്കാള്‍ സൂചിതത്തില്‍ ഊന്നല്‍.എന്നാല്‍ സ്രോതഭാഷയില്‍ ആ വാക്ക് രൂപപ്പെട്ടതിന്‌ അത്തരം യുക്തികളൊന്നും ഉണ്ടാകില്ല. ആദം ഓരോ വസ്തുക്കള്‍ക്കും ഓരോ പേരുനല്‍കി എന്ന് പറയും പോലെ തീര്‍ത്തും ആരോപിതം ആയിരിക്കും. അപ്പോള്‍ പിന്നെ ലക്ഷ്യ ഭാഷയില്‍ അത് വേണം എന്ന് ശഠിക്കണോ? മാത്രവുമല്ല തങ്ങളുടെ ലോകബോധത്തിലും ഭാഷാബോധത്തിലും നിന്ന് കൊണ്ട് കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ആസയം പരിമിതപ്പെട്ടുപോകാനും സാധ്യതയുണ്ട്. പോത്തിനെ മാത്രം കണ്ടവര്‍ ആദ്യമായി ആനയെ കാണുമ്പോള്‍ എത്ര വലിയ പോത്ത് എന്ന് വിചാരിക്കും പോലെ. Spaghetti യെ നൂലപ്പം എന്ന് പറയും പോലെ.
    സാങ്കേതിക പദാവലിയുടെ കാര്യത്തിലാണ്‌ പൊതുവേ ഈ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടേതായ പദകോശം വികസിപ്പിച്ചെടുത്തു കൂടേ എന്നാണ്‌ ചോദ്യം. മലയാളം രണ്ട് തരത്തിലാണ്‌ ഇക്കാര്യത്തില്‍ പെരുമാറുന്നത്. ഒന്ന് അന്യഭാഷാപദത്തെ നമ്മുടെ ഭാഷയുടെ ഉച്ചാരണസവിശേഷത ചേര്‍ത്ത് കടപുഴക്കി കൊണ്ട് വരിക എന്ന ഒരു വഴി. മറ്റൊന്ന് തമിഴിനെ പോലെ ആശയാനുവാദം ചെയ്യുക എന്ന രീതി. ഏത് ഭാഷയും എഴുതാവുന്ന പേന എന്ന് റോഡ് വക്കത്തെ കച്ചവടക്കാരന്‍ പറയുന്നത് പോലെ ഏത് ഭാഷാപദവും ഉച്ചരിക്കാന്‍ മാത്രമല്ല ഒട്ടൊക്കെ എഴുതി ഫലിപ്പിക്കാനും കോപ്പ് മലയാളത്തിനുണ്ട്. തമിഴന്‌ ഇക്കാര്യത്തില്‍ പരിമിതി ഉണ്ട്. അത് കൊണ്ട് തമിഴന് അവ്ന്റെ വഴി, നമുക്ക് നമ്മുടെ വഴി, ത്മിഴനെ നോക്കി പോകേണ്ടതില്ല.

    ഇനി ആശയാനുവാദത്തിന്റെ കാര്യത്തിലും രണ്ട് തരം സമീപനം കാണാം. തമിഴന്‌ അത് തനി തമിഴാക്കുമ്പോള്‍ നാം അത് മലയാളമാക്കുന്നതിന്‌ പകരം അത് സംസ്കൃതീകരിക്കും. അത് ഇന്ന് തുടങ്ങിയ പ്രവണത അല്ല. സാങ്കേതികപദകോശത്തിന്റെ കാര്യത്തില്‍ തനിമലയാളത്തിന്റെ ദൗര്‍ബല്യം പരിഹരിക്കാന്‍ മലയാളി കണ്ടെത്തിയ വിദ്യയാണത്.
    ഇപ്പോള്‍ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ മലയാളിയും തമിഴനും എങ്ങനെ ഉപയോഗിക്കുന്നു എന്നതാണല്ലോ ചര്‍ച്ചാ വിഷയമായത്. ശരിയാണ്‌. നാം ഇംഗ്ലീഷ് അതുപോലെ ഉപയോഗിക്കുന്നു. പകര്‍ം നിര്‍ദ്ദേശിക്കപ്പെട്ട വാക്കുകള്‍ നോക്കുക. എല്ലാം സംസ്കൃതം.
    തൊട്ട് മുമ്പ് ഉത്തരാധുനികത നമ്മുടെ സാമന്തബുദ്ധിജീവികളുടെ അസ്ഥിക്ക് പിടിച്ചപ്പോള്‍ തമിഴും മലയാളവും എന്ത് ചെയ്തു എന്ന് നോക്കുക. ഓരോ ഇറക്കുമതി ചെയ്ത വാക്കിന്റെയും തംഴും മലയാളവും:
    Linguistics - ഭാഷാശാസ്ത്രം (മൊഴിയിയല്‍ ) structuralism - ഘടനാവിജ്ഞാനം (അമൈപ്പിയല്‍) semiotics -ചിഹ്നവിജ്ഞാനം (കുറിയിയല്‍ )post structuralism -ഘടനാനന്തരവിജ്ഞാനം (പിന്‍ അമൈപ്പിയല്‍) post modernism -ഉത്തരാധുനികത (പിന്‍ നവീനത്തുവം) binary opposition - ദ്വന്ദ്വപ്രതിയോഗിത (ഇരുമൈ എതിര്വ് ) reading -പാരായണം (വാശിപ്പ്) sign -ചിഹ്നം (കുറി ) deconstruction -അപനിര്‍മ്മാണം (കെട്ടവിഴ്പ്പ് ) text - പാഠം (പനുവല്‍)- author - രചയിതാവ് (ആശിരിയന്‍)

    നമുക്ക് മലയാളമാക്കുക എന്നതിനര്‍ത്ഥം സംസ്കൃതമാക്കുക എന്നതാണ്‌. അതിന്‌ കൃഷ്ണവാരിയരെ മാത്രം കുറ്റം പറഞ്ഞ് എന്ത് കാര്യം? എന്നാല്‍ ഒന്നുണ്ട്. ലീലാതിലകം പറയുന്നത് പോലെ ഭാഷയെന്ന് തോന്നിക്കുന്ന സംസ്കൃതമേ നാം സ്വീകരിക്കൂ. അല്ലാത്തത് പുറം തള്ളും.
    പറഞ്ഞ് വരുന്നത് രണ്ട് ഭാഷകളുടേയും സ്വത്വ വികാസം വേറെ വേറെയാണ്‌. മലയാളിയുടെ ഭാഷയോടുള്ള അവഗണനയേയും തമിഴന്റെ മൗലികവാദത്തേയും ചേര്‍ത്ത് വെക്കുമ്പോള്‍ അത് ഓര്‍ക്കണം.
    നമ്മുടെ ഭാഷയുടെ സ്വത്വം അതിന്റെ ഓരോ പരിണാമഘട്ടത്തിലും തുറന്ന ആഗിരണഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ മാത്രം സവിശേഷത അല്ല അത്. മലയാളിയുടെ സ്വത്വവിശേഷം തന്നെ അതാണ്‌.
    ഇംഗ്ലീഷ് ഇന്ന് ചെലുത്തുന്ന കൂടുതല്‍ സൂക്ഷ്മമായ രണ്ടാം തലം സ്വാധീനത്തെ കുറിച്ച് കൂടി പറയാം. ഉച്ചാരണ തലത്തില്‍ അത് ഭാഷയുടെ പ്രതലത്തെ കാര്യമായി ഇളക്കുന്നുണ്ട്. പണ്ട് പദകോശസ്വീകരണകാലത്ത് ഇല്ലാത്ത പോലെ school നെ ഇസ്കൂളെന്നും office- ആപ്പീസെന്നും മലയാള ശൈലിയില്‍ പറഞ്ഞ കാലം പോയി. ഇംലീഷ് പദങ്ങള്‍ ആംഗലേയരീതിയില്‍ തന്നെ ഉച്ചരിക്കുന്ന ശൈലി വന്നു. സ്പോക്കണ്‍ ഇംഗ്ലീഷ് ഷോപ്പുകളുടെ കാലം. (ഇംഗ്ലീഷ് ഷോപ്പുകളെ സംബന്ധിച്ച വിപുലമായ ചര്‍ച്ച എന്റെ ഒരു വാള്‍ മെസ്സേജില്‍ നടക്കുന്നുണ്ട്. http://www.facebook.com/home.php#!/profile.php?id=100000267978991&v=wall&story_fbid=145662848782572&ref=notif&notif_t=feed_comment ഇവിടെ അത് എടുത്തെഴുതുന്നില്ല.) നവമാധ്യമങ്ങള്‍ ആണ്‌ ഇതിന്റെ മറ്റൊരു പ്രേരണ. നമ്മുടെ നാവുവഴക്കങ്ങള്‍ മാറിതുടങ്ങി പുതുതലമുറയിലെങ്കിലും. മലയാളം മട്ടില്‍ ഇംഗ്ലീഷ് പറയുന്നതിന്‌ പകരം ഇംഗ്ലീഷ് മട്ടില്‍ മലയാളം പറയാന്‍ ആരംഭിച്ചു. രഞ്ജിനി ഹരിദാസിന്‌ അമ്പലം പണിഞ്ഞു. പൂജിക്കാനായാലും കല്ലെറിയാനായാലും. ഇത് പുതുമലയാളം. വാണിഭമലയാളം എന്ന് വിളിക്കാം. ഫങ്ക്ഷണല്‍ മലയാളവുമാകാം. പക്ഷേ അത് മലയാളം തന്നെ ഊരു പുതിയ ഡയലക്റ്റ്. ഭാഷയില്‍ ഒരു പുതു പ്രവണത.

    അരുത് എന്ന് വിലക്കാം വിലപിക്കാം. പക്ഷേ ഭാഷ എങ്ങോട്ട് ഒഴുകും? ഇരാമന്‍ എന്നും ഇലക്ഷ്മണന്‍ എന്നും തന്നെ വേണം രാമന്‍ എന്നരുത് എന്ന് ലീലാതിലകം ശഠിച്ചത് പതിനാലാം നൂറ്റാണ്ടിലാണ്‌. എന്ത് സംഭവിച്ചു. നാളെ രഞ്ജിതമലയാളം എന്തായിരിക്കും?
    നമ്മുടെ ഉത്കണ്ഠ മറ്റൊന്നാണ്‌. അതാണ്‌ കാതല്‍. അന്ന് മലയാളം ഉണ്ടായിരിക്കുമോ എന്ന്. മലയാളം നിലനില്‍ക്കുമോ എന്ന ചോദ്യം. അതിനുത്തരം പ്രബോധചന്ദ്രന്‍ നായര്‍ പറഞ്ഞത് തന്നെയാണ്‌. മലയാളം എത്രകാലം എന്ന് ചോദിച്ചാല്‍ മലയാളം മലയാളികളോളം എന്നേ പറയാനാവൂ. മലയാളം ഉണ്ടാകും, മലയാളി ഉണ്ടെങ്കില്‍. ഏത് തരം മലയാളം എന്നതിനുത്തരം ആരാണ്‌ അന്നത്തെ മലയാളി എന്നതില്‍ തന്നെ ആയിരിക്കും.

    ആയുര്‍ വേദം ആയുസ്സിന്റെ വേദമാണ്‌ . അവിടെ യോഗത്തിലാണ്‌ ഓരോ ഔഷധത്തിന്റെയും ജനനം . ഭാഷയിലെ യോഗം അതിന്റെ ആയുരാരോഗ്യത്തിനോ? കാത്തിരുന്ന് കാണാം.

    (ഈ കുറിപ്പുമായി ബന്ധപ്പെട്ട് ഗൂഗ്ഗിള്‍ ഗ്രൂപ്പായ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലും ഫേസ് ബുക്കിലും വിപുലമായ ചര്‍ച്ച നടക്കുകയുണ്ടായി. അത് വൈകാതെ ഇവിടെ ക്രോഡീകരിക്കാം എന്ന് തോന്നുന്നു.)

    6 comments:

    1. വിശദമായി എഴുതി.

      ആയിരക്കണക്കിന് വര്‍ഷം കൊണ്ട് ജീനില്‍ അലിഞ്ഞു ചേര്‍ന്ന കലര്‍പ്പില്ലാത്ത ഭാഷാസ്നേഹമാണ് തമിഴന്. കേവലം 500-ഓ 600-ഓ വര്‍ഷം പഴക്കുമുള്ള സങ്കര ഭാഷയായ മലയാളത്തിനു ഒരിക്കലും ആ തനിമ കിട്ടില്ല.

      ReplyDelete
    2. എഴുതിത്തുടങ്ങാൻ തമിഴിനെ കൂട്ടുപിടിക്കേണ്ടി വന്നു.
      മലയാളത്തിനെപ്പറ്റി ചിന്തിക്കുമ്പോൾ മറ്റൊരു ഭാഷയെ കൂട്ടുപിടിക്കാതിരിക്കുക. നമ്മുടെ മാത്രമായ പുതിയ വാക്കുകളും അങ്ങനെ വളർച്ചയും ഉണ്ടാകും.
      ഇപ്പോഴുള്ള പലവാക്കുകൾക്കു പകരം ഇംഗ്ളീഷ് വാക്കുകളുപയോഗിക്കുന്നതുകൊണ്ട് മലയാളം വാക്കുകളില്ലാതാവുന്നില്ല.
      മുണ്ടുടുക്കാനും സാരിചുറ്റാനും ഉത്തരീയമിടാനും അർദ്ധനഗ്നനായി നടക്കാനും മലയാളിക്കാവുമായിരുന്നു. പാന്റും ഷർട്ടും ചുരീദാറും വന്നതു കൊണ്ട് മലയാളി അല്ലാതായിട്ടില്ലതാനും. മറ്റുള്ളവർക്ക് മലയാളിയെ തിരിച്ചറിയണമെങ്കിൽ പഴയതൊക്കെ തന്നെ വേണം
      നമ്മൾ മലയാളികൾ എപ്പോഴും മറ്റൊരാളെ അനുകരിക്കാനാണു ശ്രമിക്കറുള്ളത്, അത് ഭാഷയിലും സംഭവിക്കുന്നു.

      ReplyDelete
    3. മലയാളം അപമാന ലേശമില്ലാതെ സംസാരിക്കുന്നവര്‍ക്ക്, എഴുതുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അവര്‍ വാക്കുകള്‍ കടംകൊള്ളും, മലയാളീകരിക്കും, പ്രയോഗിക്കും. കുറ്റം പറച്ചിലുകാര്‍ക്ക്, പുതിയ ജീവിതാവസ്ഥയെക്കുറിച്ച് എഴുത്ത് പ്രശ്നമല്ല, സംസാരം പ്രശ്നമല്ല. അറുപഴഞ്ചന്‍ സംസ്കൃത വിഭക്ത്യന്ത പദങ്ങളാണ് അവരുടെ വിഷയത്തിന് ചേരുക. മലയാളത്തില്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് കത്തെഴുതാന്‍ മലയാളിയെ മൊത്തം തടഞ്ഞതും നാണക്കേടാക്കിയതും പ്രേഷിതന്‍ / പ്രേക്ഷിതന്‍ എന്നിത്യാദി സാധനങ്ങളാണ്. അയക്കുന്ന ആള്‍ സ്വീകരിക്കുന്ന ആള്‍ എന്ന് നമ്മുടെ രീതിയില്‍ തന്നെ എഴുതിയിരുന്നെങ്കില്‍, എഴുത്തുകുത്തുകള്‍ മലയാളത്തില്‍ തന്നെ വേണം എന്ന് ഗവ. നിര്‍ദ്ദേശിച്ച സ്ഥാപനങ്ങളിലെങ്കിലും ആളുകള്‍ മലയാളത്തില്‍എഴുതിയേനെ.

      ReplyDelete
    4. മാഷേ പ്രേക്ഷിതന്‍ - പ്രേഷിതന്‍ അര്‍ത്ഥം പറയാമോ?

      ReplyDelete
    5. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.

      ആര്‍ട്ടിക്കിള്‍ 16 (1):സ്റ്റേറ്റിന്‍െറ കീഴിലുള്ള തൊഴിലിലും നിയമനത്തിലും എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം ഉണ്ടായിരിക്കും.ആര്‍ട്ടിക്കിള്‍ 16 (2) :ഏതൊരു പൗരനും മതം, വര്‍ഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം, താമസ സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ / ഉദ്യോഗം നേടുന്നതില്‍ യാതൊരു വിവേചനവും പാടില്ല.

      ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.http://malayalatthanima.blogspot.in/2013/06/blog-post_7.html

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക