അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Saturday 9 May 2009

    ആഴ്ചവട്ടം 2ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും

    ആഴ്ചവട്ടം 2ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും

    തന്റെ നല്ല പ്രായത്തിലൊക്കെ സംസ്കൃതം മാത്രം എഴുതി ശീലിച്ച കേരളവര്‍മവലിയ കോയി തമ്പുരാന്‍ എഴുതിയ കൃതികളില്‍ നാല്‍പ്പത്തിഒമ്പതില്‍ മുപ്പത്തിനാലുമ് സംസ്കൃതകൃതികളാണ്. 1868-ല്‍ പാഠപുസ്തകകമ്മിറ്റി അധ്യക്ഷനായിരിക്കയാണ് പാശ്ചാത്യ രീതിയെ അനുകരിച്ച് കഥാരചനയും ഉപന്യാസരചനയും അടക്കമുള്ള ഗദ്യപോഷണയത്നത്തില്‍ ഏര്‍പ്പെടുന്നത് ശാകുന്തളം വിവര്‍ത്തനവും പ്രാസവാദത്തിലൂടെ വളര്‍ന്ന നിരൂപണവുമെല്ലാം ചേര്‍ത്ത് ആധുനികലയാളഗദ്യത്തിന്റെ ശില്പിയായി അവരോധിക്കപ്പെട്ടു. അത്യന്തം ജടിലവും സാരോപദേശമയവും ആണ് അദ്ദേഹത്തിന്റെ കഥകള്‍ .കഥയുടെ ഒരു സാമ്പിള്‍ :
    "താന്‍ കാഴ്ചയ്ക്ക് വളരെ സൌന്ദര്യം ഉള്ളതായിരിക്കണമെന്ന് അത്യാഗ്രഹപ്പെട്ടിരുന്ന ഒരു കരിങ്കുയില്‍ എവടെ നിന്നോ കുറേ ഭംഗിയുളള തൂവലുകള്‍ സമ്പാദിച്ച് അവെക്കൊണ്ട് ദേഹം അലങ്കരിച്ചു. പക്ഷിജാതികളില്‍ വെച്ച് താന്‍ സുന്ദരം എന്നു ഭാവിച്ചുകൊണ്ടിരുന്നു. ഇതിനാല്‍ അതിന്റെ ശേഖരത്തിലുള്ള മററ് പക്ഷികള്‍ക്ക് ശത്രുത ഉണ്ടായി. പരമാര്‍ത്ഥം ഇതാണെന്നു അവര്‍ ഗ്രഹിച്ചുകൊണ്ട് അതിന്റെ സ്വന്തമല്ലാത്ത തൂവലുകളെ പറിക്കാന്‍ ആരംഭിച്ചു. എല്ലാ പക്ഷികളും അതിന്റെ സ്വന്തമാണെന്നു ഭാവിച്ച തൂവലുകളെ പറിച്ച ശേഷം ബുദ്ധിഹീനയായ കരിങ്കുയില്‍ അതിന്റെ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും തന്റെ വംശത്തിലുള്ള പക്ഷികള്‍ക്ക് നിന്ദാപാത്രമായിത്തീരുകയും ചെയ്തു"
    കേരളവര്‍മ്മയുടെ ഈ ആഖ്യാന രൂപങ്ങളുടെ സവിശേഷത എന്താണ് ? സാരോപദേശങ്ങള്‍, ലളിതമായ ചില സമവാക്യങ്ങള്‍, യുക്തിപൂര്‍വമായ നേര്‍രേഖയിലുള്ള ആഖ്യാന ഘടന, എന്നാല്‍ വളച്ചുകെട്ടിയുള്ള സംസ്ക്രിത ജടിലമായ ഭാഷ, നിലവിലൂള്ള സാമൂഹ്യ മൂല്യങ്ങളുടെ അരക്കിട്ടുറപ്പിക്കല്‍ അങ്ങനെ പലതും പറയാം. നാളിതു വരെ മലയാളിയുടെ ആഖ്യാന രീതികളെ ഈ ശൈലി സ്വധീനിച്ചുകൊണ്ടേ ഇരിക്കുന്നു എന്നതല്ലെ വാസ്തവം. കഴിഞ്ഞ ആഴ്ചയിലെ ഞാന്‍ കണ്ട മലയാളിയുടെ ആവിഷ്കാരത്തിന്റെ ചക്രവാളങ്ങള്‍ എന്നെ ഇക്കാര്യം തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരുന്നു.
    നമുക്കു പരിചയമുള്ള ചുറ്റുപാടുകള്‍, ലളിതമായ ആഖ്യാനം, കേരളീയമായ മൂല്യബോധം, മികച്ച സന്ദേശങ്ങള്‍, സാരോപദേശങ്ങള്‍, പച്ചയായ ജീവിതം സത്യന്‍ അന്തിക്കടിന്റെ സിനിമകള്‍ കാണുന്നതിനു മുന്‍പേ തന്നെ ഒരു സിനിമാനിരൂപകന് എഴുതിവെക്കാവുന്ന ആമുഖവാക്യങ്ങള്‍ കേരളാവര്‍മ ഗദ്യത്തെ ഓര്‍മ്മിപ്പികുന്നില്ലേ. പ്രത്യേകിച്ചു ഗുണപാഠങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന സൌമ്യമായ കഥാന്ത്യങ്ങള്‍. നായ്ക്കുരണയ്ക്കു മൂക്കുന്തോറും ചൊറികൂടുമെന്ന നാട്ടുചൊല്ലുപോലെ ഈ സാരോപദേശകഥനം അദ്ദേഹത്തിന്റെ അവസാനകാലസിനിമകളില്‍ കൂടിവരുന്നതായി കാണാം ഈ ചിത്രങ്ങളെല്ലാം സ്വീപ്പിങ്ങ് ഹിറ്റുകളായി മികച്ച കുടുംബചിത്രങ്ങളുടെ നിരയില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. പുതിയ ചിത്രമായ ഭാഗ്യദേവത (എന്തൊരു പൈങ്കിളിപ്പേര്) യുടെയും കഥ വ്യത്യസ്തമല്ല.
    തന്റെ ത്യാഗസുരഭിലമായ ജീവിതത്തിലൂടെ 'സ്ത്രീ തന്നെയാണ് ധനം' എന്ന 'മഹത്തായ 'സന്ദേശം ഭര്‍ത്താവില്‍ എത്തിക്കുന്ന ഒരു കുടുംബിനിയുടെ പെടാപ്പാടുകളാണ് സിനിമയുടെ ഇതിവൃത്തം. കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കാനുള്ള ബുദ്ധിവൈഭവവും സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാനുള്ള ആലാപനവൈദഗ്ദ്യവും ഇല്ലാത്തതിനാല്‍ കേരളീയന്റെ സ്വന്തം കണ്ടുപിടുത്തമായ ഭാഗ്യക്കുറിയിലൂടെയാണ് (കണ്ടോ അവിടെയും അടിമുടി കേരളീയത!!) അവള്‍ ഭാഗ്യദേവതയാകുന്നത്. ശ്രീനിവാസന്‍ സിനിമയിലെ വിജയഘടകവും ഇതു തന്നെയല്ലേ?മലയാളസിനിമയെ 80-കളിലെ അശ്ളീലതരംഗത്തില്‍ നിന്ന് കരകയറ്റിയത് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രങ്ങളാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം നാം വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന് എന്‍ പ്രഭാകരന്‍ പണ്ട് എഴുതുകയുണ്ടായി. സില്‍ക്ക് സ്മിതമാരെ പടിയടച്ച് അവര്‍ വാഴിച്ച മദ്ധ്യവര്‍ഗകുടുംബങ്ങളുടെ മൂല്യഘടനയിലെ അശ്ളീലങ്ങളേയും നാം ഗൌരവത്തില്‍ പരിഗണിച്ചിട്ടില്ല എന്നതും നേരല്ലേ. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തെക്കുറിച്ചുള്ള സി.എസ്സ്. വെങ്കടേശ്വരന്റെ പഠനംപോലെ ചില അപവാദങ്ങള്‍ മാത്രം. ഭാഗ്യദേവതയുടെ വിജയത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളുടെ ബഹളത്തില്‍ ഞാന്‍ തിരയുന്നത് ആ വേറിട്ട കാഴ്ചയാണ്.
    ********************************************
    മലയാളനിരൂപണരംഗത്തെ ഇന്നത്തെ വലിയകോയിത്തമ്പുരാനാരാണ് ? വിസി.ശ്രീജനാണെന്നതില്‍ ആര്‍ക്കും വലിയതര്‍ക്കമില്ല! സാഹിത്യത്തെ സംബന്ധിച്ചും സാഹിത്യകാരന്‍മാരെ സംബന്ധിച്ചും ചില അന്തിമവിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുന്നു. എം.പി.പോള്‍ മലയാളനോവല്‍സാഹിത്യത്തെ നയിച്ച ഭാവനാശൂന്യനാണെന്ന് അര്‍ത്ഥവാദങ്ങളില്‍ സമര്‍ത്ഥിച്ചുറപ്പിച്ച ശ്രീജന്‍ ബഷീര്‍ മഹാനായ സാഹിത്യകാരനല്ലെന്ന് വീണ്ടും കണ്ടുപിടിച്ചിരിക്കുന്നു. വീണ്ടും കണ്ടുപിടിച്ചിരിക്കുന്നു എന്നു പറയാന്‍ കാരണം ദശകങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വാക്കും വാക്കും എന്ന കൃതിയില്‍ പാത്തുമ്മയുടെ ആടിനെ കുറിച്ചുള്ള മികച്ച ഒരു പഠനത്തില്‍ ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് പുതിയ വിവാദം? ബഷീര്‍ സ്തുതികളും ഓര്‍മ്മകളും അദ്ദേഹം ലോകം കാണരുതെന്നു വിചാരിച്ച് ഒളിച്ചുവെച്ച പൊട്ട രചനകളുടെ മഹത്തായ കണ്ടുപിടുത്തങ്ങളും ഒക്കെ കുറച്ചു കാലമായി കാണാതിരിക്കുമ്പോഴാണ് പ്രത്യേക പ്രകോപനമൊന്നുമില്ലാതെ ഈ ആകാശവെടി. പുതിയഎന്തെങ്കിലും ഗവേഷണാത്മകസംഗതികള്‍ ഉണ്ടോ എന്നു പരതിയപ്പോളും നിരാശയായിരുന്നു ഫലം.
    പാത്തുമ്മയുടെ ആടിന്റെ ലാവണ്യകേന്ദ്രം അതിന്റെ പരവാദഘടനയുടേയും വശ്യതയുടേയും ഉദ്വേഗത്തിന്റെയും ആവര്‍ത്തനമാണ് എന്നായിരുന്നു ശ്രീജന്റെ പഴയ കണ്ടെത്തല്‍. പരവാദഘടനയുടെ ആവര്‍ത്തനത്തില്‍ ഊന്നിയ വായനാരീതി നമുക്കുണ്ട് എന്നു പറഞ്ഞ ശ്രീജന്റെ പരവാദവാസനകളാണോ ബഷീര്‍ സാഹിത്യത്തിന്റെ വലിപ്പമില്ലായ്മയെ പലതവണ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത് ?
    എന്താണ് ശ്രീജന്റെ പുതിയ ബഷീര്‍ വിമര്‍ശനത്തിന്റെ മാര്‍ഗം? ഏതെങ്കിലും കൃതികളെ അല്ലെങ്കില്‍ ബഷീര്‍ സാഹിത്യത്തിന്റെയോ ആ കാലഘട്ടത്തിലെ സാഹിത്യതാത്പര്യങ്ങളേയോ മുന്‍നിര്‍ത്തിയുള്ള പഠനമല്ല അത്. ബഷീര്‍ എന്ന എഴുത്തുകാരനെ കേവലമായി സങ്കല്പിക്കുകയാണ് ചെയ്യുന്നത്. അതായത് മനശ്ശാസ്ത്രത്തില്‍ തുടങ്ങി അപനിര്‍മ്മാണത്തിലൂടെ ഉത്തരാധുനികതയെ വലംവെച്ച് പിന്നീട് അതിന്റെ വിമര്‍ശകനായി സംസ്കൃതകാവ്യമീമാംസയിലെത്തി പിന്നെ തനതുലാവണ്യശാസ്ത്രത്തിന്റെ ലാവണം തേടി ഇപ്പോള്‍ അദ്ദേഹം ജീവചരിത്രാത്മകമായ വിമര്‍ശത്തിലെത്തിയിരിക്കുന്നു എന്നു തോന്നുന്നു!
    ബഷീര്‍ മഹാനായ സാഹിത്യകാരനൊന്നുമല്ല. കാരണം അദ്ദേഹം മഹാനായ സാഹിത്യകാരനാണെന്നു പറയുന്നവര്‍ അത് തെളിയിച്ചിട്ടില്ല. അദ്ദേഹം മഹാനായ ഒരു മനുഷ്യനാണ്,അദ്ദേഹത്തിനു മഹത്തായ ജീവിത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ പറഞ്ഞൊഴിയുകയാണ് ചെയ്യുന്നത് ഈ രണ്ടു വസ്തുതകളും ശരിയാണ്, പക്ഷേ അതുകൊണ്ട് അദ്ദേഹം മഹാനായ സാഹിത്യകാരന്‍ ആകുന്നില്ല എന്ന മട്ടിലാണ് ശ്രീജന്റെ പോക്ക്.
    നേരത്തെ എം.പി.പോളിനെക്കുറിച്ചുള്ള പഠനത്തില്‍ പോളിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തുന്നത്. പാശ്ചാത്യരുടേതില്‍ നിന്ന് വിഭിന്നമായ വഴികളിലൂടെ സഞ്ചരിക്കാന്‍മലയാളി എഴുത്തുകാരെ പ്രേരിപ്പിച്ചില്ല എന്നതാണ് നോവല്‍ സാഹിത്യത്തിലെ ഒന്നാമത്തെ വൈകല്യം. പാശ്ചാത്യരെ അനുകരിക്കുകയാണെങ്കില്‍ അവര്‍ നിശ്ചയിച്ച ഉയര്‍ന്ന നിലവാരത്തെയും മികവിനെയും കൂടി അനുകരിക്കണം എന്നു മലയാളി എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തില്ല എന്നത് രണ്ടാമത്തെ ദോഷവുംഎം.പിപോള്‍ നയിച്ച വഴിയേ കുഞ്ഞാടുകളായി നമ്മുടെ എഴുത്തുകാര്‍ നോവലെഴുതിപ്പോയി എന്നു പറയാമോ ഇന്ദുലേഖ സൃഷ്ടിച്ച തരംഗവും നവോത്ഥാനസാഹിത്യവുമാണ് മലയാളനോവലിന്റെ ഗതി നിര്‍ണ്ണയിച്ചത് എന്നതല്ലേ ശരി ?
    ഇനി ശ്രീജന്റെ വാദം നിലനിര്‍ത്തി തന്നെ പരിശോധിക്കുകയാണെങ്കില്‍ പാശ്ചാത്യനോവല്‍മാതൃകകളില്‍ നിന്ന് വിഭിന്നമായ ഒരു വഴിയും മലയാളത്തിനുണ്ടായിരുന്നു . സി.വി. രാമന്‍പിള്ള സൃഷ്ടിച്ച ആഖ്യായികാ പാരമ്പര്യം ഒരര്‍ത്ഥത്തിലും പാശ്ചാത്യമായിരുന്നില്ല .ഐവാന്‍ഹോ പ്രചോദനമായിരിക്കാമെങ്കിലും. ഈ എഴുത്തുരീതിയോടുള്ള അവജ്ഞ തനി വെള്ളക്കാരനായ ചന്തുമേനോന്‍ ശാരദയില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പാശ്ചാത്യനോവല്‍ബുക്കുകള്‍ ഇതുമാതിരിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതേ എന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.
    ഇത്തരം പാശ്ചാത്യ ഭിന്നമായ നോവല്‍രൂപത്തിന്റെ തനതുനിര്‍മ്മിതി സി.വിയ്ക്കു ശേഷം നടത്തിയത് ബഷീറാണ്. പ്രത്യേകിച്ച് പാത്തുമ്മായുടെ ആടില്‍. അതുകൊണ്ടാണ് ഉപ്പൂപ്പാന്റെ കുയ്യാനകളെ തേടിനടന്നവരും ഗുപ്തന്‍നായന്മാരുമൊക്കെ അതൊന്നും മഹത്തായ നോവലുകളല്ല, കൊച്ചുപുസ്തകങ്ങളാണെന്ന് പണ്ട് പരവാദം പറഞ്ഞത്.ബഷീറിന്റെ വലുപ്പം അതാണെന്നു ഞാന്‍ വിചാരിക്കുന്നു. ബഷീറിനെ സൂഫിയും മാനവികതാവാദിയും ജമാ അത്തെ ഇസ്ളാമിയുമാക്കുന്നവര്‍ക്ക് അതൊന്നുമല്ല ബോധിച്ചത് എങ്കിലും.
    ഏതായാലും അസ്ഥാനത്തെറിഞ്ഞ ഈ ഏറുപടക്കം കോഴിക്കോടന്‍ ബഷീര്‍ ഭക്തന്മാര്‍ കാര്യമായി ഏറ്റുപിടിക്കാത്തതുകൊണ്ട് കൂട്ടപ്പൊരിച്ചിലുണ്ടായില്ല. അതില്‍ നിരാശനായാണോ എന്നറിഞ്ഞുകൂടാ നേരത്തേ സുകുമാര്‍ അഴീക്കോട് മരുന്നിട്ടും നനഞ്ഞുകത്തിയ അക്കാദമി അവാര്‍ഡ് വിവാദത്തില്‍ ശ്രീജന്‍ തലയിട്ടിരിക്കുന്നു.
    അക്കാദമി അവാര്‍ഡ് ഒരു ജാതിക്കുമ്മിയാണെന്നും മാന്യന്മാരുടെ പരിപാടിയല്ലെന്നും അതുകൊണ്ട് തനിക്കു കിട്ടിയ രണ്ടവാര്‍ഡും വേണ്ടെന്നു വെച്ചുവെന്നുമാണ് ശ്രീജന്റെ പുതിയ വെളിപ്പെടുത്തല്‍.അവാര്‍ഡ് സ്വീകരിക്കുന്ന മാന്യന്മാര്‍ക്ക് അഞ്ചിന പെരുമാറ്റച്ചട്ടവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെങ്കിലും കേറി പ്പൊട്ടുമോ എന്നു നോക്കട്ടെ!!
    **********************************************************
    കേരളവര്‍മ്മ ഗദ്യത്തിന്റെ സവിശേഷത സംസ്കൃതധാരാളിത്തവും സങ്കീര്‍ണ്ണ വാക്യങ്ങളും വളച്ചുകെട്ടലുമായിരുന്നു. ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പക്ഷേ അദ്ദേഹത്തിനറിയാമായിരുന്നു. നമ്മുടെ എഴുത്തില്‍ ഇനിയും കേരളവര്‍മ്മയുഗം അവസാനിച്ചിട്ടില്ലെന്നതിന് ഇതാ ചില തെളിവുകള്‍ടെക്നോളജിയുടെ അതിഭാവുകത്വം സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്കില്ലെന്ന് ഇന്ത്യാവിഷനില്‍ ഒരു പെണ്‍കുട്ടിയുടെ മ്യാവൂ കരച്ചില്‍! ഒന്ന് അമ്പരന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ ചെന്നപ്പോള്‍ ചെറുകിട നിര്‍മ്മാതാക്കളുടെ കഷ്ടകാലം തുടങ്ങിക്കൊണ്ടേയിരിക്കുന്നു എന്നോ മറ്റോ ഒരു നാടന്‍തട്ട്- സിന്ധു സൂര്യകുമാറിന്റെ വക ഇനി സാഹിത്യത്തിലോ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ഡോ.പി.എസ്. ശ്രീകല എഴുതിയ നിരൂപണഖണ്ഡം. ഏതോ ബിന്ദുവിന്റെ ഏതോ കവിതയ്ക്കെഴുതിയ ആസ്വാദനം എന്നൂഹിക്കാന്‍ കഴിയുന്നുണ്ട്. തലയും വാലുമില്ല. ഉള്ള വാക്യങ്ങളില്‍ ചിലത് ഇങ്ങനെ:
    "പൊള്ളുന്ന കാലത്തോട് മൌനത്തിലൂടെ പ്രതികരിക്കുന്നവര്‍ ക്രൂരതയുടെ പ്രവാചകരാണ്. ജീവിതം വറുതിയില്‍ നീറിയൊടുങ്ങുമ്പോള്‍ ദാരിദ്യ്രം മനുഷ്യത്വത്തിന്റെ അവസാനതുള്ളിപോലും ഊറ്റിക്കഴിയുമ്പോള്‍ തുടരുന്ന മൌനം ക്രൂരതയുടെ കൊടിയടയാളമാണ് "
    'ഭാഷയായി ചമയ്ക്കുന്ന വാക്കുകള്‍ ദോഷമകന്ന് ...........'എന്നു പിറകില്‍ നിന്ന് മൂളുന്നതാരാണ് ?
    *******************************************************
    ബിരുദപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ നേരത്തേ എഴുതിയിരുന്നുവല്ലോ. മലയാളം പിന്തള്ളപ്പെടുന്നതുമായി ബന്ധപ്പെട്ട് എല്ലായിടത്തും മലയാളവേദികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സമകാലികമലയാളത്തിന്റെ കവര്‍ സ്റോറി അതാണ്. രണ്ടു ലേഖനങ്ങള്‍ .ആദ്യലേഖനം സയന്‍സ് വിദ്യാര്‍ത്ഥികള്‍ സാഹിത്യം പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി , രണ്ടാം ലേഖനം സാഹിത്യാദി കോമണ്‍ കോഴ്സുകള്‍ കുറച്ച് സയന്‍സ് കൂടുതല്‍ പഠിക്കേണ്ടതിനെ പറ്റി . പരസ്പരം തിരിഞ്ഞു കുത്തുന്ന ഈ ലേഖനങ്ങള്‍ കൊണ്ട് മലയാളം ഉദ്ദേശിച്ചത് എന്താണ് എന്നു മാത്രം മനസ്സിലായില്ല.
    ****************************************************
    ഈയാഴ്ച വായിച്ച മികച്ച കവിത മോഹനകൃഷ്ണന്‍ കാലടിയുടെ മാമ്പഴകവിത- മാമ്പഴപ്പാത.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ഈമ്പിയെറിഞ്ഞ് അണ്ടിക്കു തുണപോകാനാരുണ്ട് എന്ന് കൂട്ടുകാരെ ചൊടിപ്പിച്ച് കൈനക്കി വീണ്ടും കളിയ്ക്കാനോടിയ ബാല്യത്തെ ഓര്‍മ്മിപ്പിച്ച കവിത. മലയാളകവിതയില്‍ വള്ളിനിക്കറിട്ട് ടയറുരുട്ടി വണ്ടിയോടിക്കുന്ന കാലടിയുടെ കവിതകളോടുള്ള കൌതുകം കുറയുന്നില്ല!
    http://sngscollege.info/
    http://vijnanacintamani.org/ M

    6 comments:

    1. മാഷെ,

      എന്റെ കോളേജിന്റെ സൈറ്റ് കാണിച്ചു തന്നതിനു നന്ദി. പക്ഷെ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യാറില്ലെന്നു തോന്നുന്നു.

      സൈറ്റ് ഉണ്ട് എന്നത് നല്ല കാര്യമാണെങ്കിലും ഇനിയും നല്ലതാക്കാൻ ബാക്കി ഉണ്ട്‌. കഴിയുന്നതും സൌജന്യ, ഓപ്പൻ സോഴ്സ് സോഫ്റ്റ്‌വേയറുകൾ ഉപയോഗിക്കുക.
      (1982ൽ പ്രീഡിഗ്രി കഴിഞ്ഞവൻ)
      -സു-

      ReplyDelete
    2. കഴിഞ്ഞ രണ്ട് മാസമായി പുതുക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ ആഴ്ചയോട് കൂടി ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

      ReplyDelete
    3. വി.സി. ശ്രീജന്‍ മറ്റ് മലയാള നിരൂപകരേക്കാള്‍ എന്നും ഒരു പടി മുന്നിലാണ്‍ എന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്

      ReplyDelete
    4. what do you mean by paravadam (പരവാദം)?

      ReplyDelete
    5. പരവാദം എന്നാല്‍ ഒരാളുടെ അഭാവത്തില്‍ അയാളെ കുറിച്ചു പറയല്‍ ഗോസിപ്പിങ്ങ് എന്ന് സാമാന്യ അര്‍ത്ഥം.

      ReplyDelete
    6. സന്തോഷിന്റെ ബ്ലോഗ് വായിക്കാറുണ്ട്- ചില അഭിപ്രായ്ങ്ങള്‍- ഭാഷ ഒന്നു കൂടി ലളിതമാക്കുക- വളരെ അക്കദമിക്കലാവുന്നൊ എന്നൊരു തോന്നല്‍- നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗ് കുറച്ച് കൂടി വായിക്കപ്പെടണം എന്ന ഒരാശയിലാണു പറയുന്നത്- മാഷെല്ലെ - ഒരു പഠിപ്പിക്കലിന്റെ രീതി വരുന്നു- അത് വായിച്ചു പോകുന്നവരെ തൃപ്തിപ്പെടുത്തില്ല- അദ്ധ്യാപകരുടെ മിക്ക ലേഖനങ്ങളുടെയും ഒരു കുറവു തുടക്കമാണു- കുറച്ചു ഭാഷ കട്ടിയില്‍ തുടങ്ങും- പിന്നീട് എത്ര ലളിതമാക്കിയാലും ആദ്യ വായനയെ അതു മടുപ്പിക്കും-

      സ്നേഹത്തോടെ

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക