അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 28 June 2009

    കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

    (ഈ കുറിപ്പിന് പ്രചോദനം കൂതറ അവലോകനത്തിലും സന്തോഷങ്ങള്‍ എന്ന ബ്ലോഗിലും കവിതാ സംബന്ധിയായി വന്ന പോസ്റ്റുകളും ശ്രീ രാജേന്ദ്രന്‍ എടത്തുംകര എഴുതിയ അപ്രകാശിത ലേഖനവുമാണ്.)
    തൊണ്ണൂറുകളിലാണ്. പുതിയ കവിതയെ, കവിയെ അടുത്തറിയാന്‍ ഓരോ മാസവും ഓരോ കവിയുടെ പുതിയ കാവ്യ സമാഹാരം കവി തന്നെ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ചര്‍ച്ചയോഗം സംക്രമണം എന്ന പേരില്‍ തിരുവനന്തപുരത്ത് ഹിന്ദി പ്രചാരസഭാഹാളില്‍ രൂപപ്പെടുകയുണ്ടായി. അയ്യപ്പപണിക്കര്‍ സാറായിരുന്നു സ്ഥിരം അദ്ധ്യക്ഷന്‍. ദേശമംഗലം, കളര്‍കൊട്, സി.ആര്‍. പ്രസാദ്, ശാന്തന്‍ തുടങ്ങി ഞങ്ങള്‍ വളരെ കുറച്ച് പേര്‍ സ്ഥിരം ഉത്‍സാഹകമ്മിറ്റി.ക്ഷണിക്കപ്പെട്ട കവിയും അയാളുടെ/അവളുടെ വേണ്ടപ്പെട്ടവരും ചേര്‍ന്ന് എല്ലാം കൂടി പലപ്പോഴും വിരലിലൊതുങ്ങാവുന്ന ഒരു സംഘം.പണിക്കര്‍ സാറിന്റെ കാലം കഴിയും വരെ ദേശമംഗലം സാറിന്റെ ഉത്‍സാഹത്തില്‍ സംഗതി നടന്ന് വന്നു.
    കുഞ്ഞുണ്ണി മാഷ് തൊട്ട് ഏറ്റവും പുതിയ കവി വരെ വലിപ്പ ചെറുപ്പമില്ലാതെ ആ കൂട്ടായ്മയില്‍ വന്ന് കവിത ചൊല്ലി, നിശിത വിമര്‍ശനങ്ങളും തിരുത്തലുകളും ആര്‍പ്പുവിളികളും ഏറ്റുവാങ്ങി. പുതിയ കവിതയിലേക്കാണ് ഏവരും ഉറ്റു നോക്കിയിരുന്നത്, ആധുനികതക്ക് ശേഷം എന്ത് എന്ന് ഉത്കണ്ഠയോടെ . എന്‍.എസ്.മാധവനും മേതിലുമൊക്കെക്കൂടി കഥയില്‍ പുതിയ മഴവില്ലുകള്‍ ചമയ്ക്കുന്ന കാലം. ആധുനികാനന്തരം എന്ന വാക്ക് കവിതയില്‍ ഉത്ഘാടനം ചെയ്ത് വര്‍ഷങ്ങളേ ആയിരുന്നുള്ളൂ. കവിത സാഹിത്യത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നതിന്റെ ആകുലതകള്‍ എല്ലാവരിലും ഉണ്ടായിരുന്നു. അപ്പോഴും പുതിയ കവിതയിലേക്ക് തുളഞ്ഞു കയറുന്ന നോട്ടവുമായി അധികമൊന്നും പറയാതെ, ഞങ്ങളെപ്പോലുള്ള ആസ്ഥാന വിമര്‍ശകരുടെ ഘോരഘോര വിമര്‍ശനങ്ങളും പുതിയ കാവ്യ പ്രമാണങ്ങളും പുതിയ കവികളുടെ എഴുത്തു സിദ്ധാന്തങ്ങളും ടി.പി.രാജീവന്റെ പണിക്കര്‍ കാക്ക കവിതയുമൊക്കെ കേട്ട് ചിലപ്പോളൊക്കെ ചെറുചിരി ഉതിര്‍ത്ത് ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്ന അയ്യപ്പപണിക്കര്‍ സാറിനെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം കനം വെയ്ക്കുന്നു.
    ഈ കൂട്ടത്തില്‍ പലപ്പോഴും പ്രത്യക്ഷമായിരുന്ന മറ്റൊരു തൂവെള്ള സാന്നിധ്യമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. പുറപ്പെടാശാന്തി വിവാദകാലത്തും അക്ഷോഭ്യനായി കവിതയെക്കുറിച്ച് മാത്രം സംസാരിച്ചു. ഞങ്ങളെ ഒട്ടും പ്രലോഭിപ്പിക്കാത്ത ചില തേഞ്ഞ കവിതകള്‍ ചൊല്ലി.തന്റെ കവിതയെ കുറിച്ചുള്ള ചെറുപ്പക്കാരുടെ വിമര്‍ശനങ്ങള്‍ സാകൂതം കേട്ടു.
    സംക്രമണം പോലെ പണിക്കര്‍ നടത്തി പോന്ന മറ്റൊരനുഷ്ഠാനമായിരുന്നു കേരളകവിത. എഡിറ്ററുടെ കരസ്പര്‍ശമില്ലാത്ത, നൂറുകണക്കിന് കവികളും കവിതകളും പന്തിഭോജനത്തിനെന്ന പോലെ ഇലയിട്ടിരിക്കുന്ന ഒരു സര്‍ വാണി സദ്യ. പുതിയ കവികള്‍ക്ക് നാണിക്കാതെ കവിത എഴുതാനുള്ള ഒരിടം. മലയാളത്തിലെ ആധുനിക കവിതയുടെ ഈറ്റില്ലം കൂടി ആയിരുന്നു കേരള കവിത. പില്‍ക്കാല പുതുകവിതയുടെ ആസ്ഥാനകവീന്ദ്രനായ രാമന്‍ ഇത്രയും പൊട്ടക്കവിതകളോ ഇതെന്തിന് എന്ന് ശണ്ഠ കൂടിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പുറത്താകുന്ന ഈ കേരളകവിതകളുടെ പ്രകാശനച്ചടങ്ങ് പല സ്ഥലങ്ങളിലായിരിക്കും. കവിതാ വായനയും ചര്‍ച്ചയും കാവാലത്തിന്റെ നാടകം കളിയുമായി ഒരു ദിവസത്തെ ആഘോഷം. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് ഒരു ചെറു സംഘം പണിക്കര്‍ സാറിന്റെയും ദേശമംഗലത്തിന്റെയും പിറകെ അങ്ങോട്ട് നേരത്തെ വെച്ചുപിടിക്കും. ഇന്നും ട്രെയിനിലെ യാത്ര ആ നല്ല യാത്രകളെ, പണിക്കരുടെ തിരിഞ്ഞു കുത്തുന്ന ചിരികളെ, ദേശമംഗലത്തിന്റെ സ്നേഹത്തെ നഷ്ടബോധത്തോടെ ഓര്‍മ്മിപ്പിക്കാറുണ്ട്.
    കാസറകോടു നടന്ന ഒരു പ്രകാശനച്ചടങ്ങിന് പരശുരാമനില്‍ പുലര്‍ച്ചെ കയറിക്കൂടി രാത്രി അവിടെ എത്തിച്ചേര്‍ന്ന അത്തരം ഒരു യാത്രയില്‍ പുതുകവിതയായിരുന്നു ചര്‍ച്ചയുടെ വിഷയം. പിറ്റേ ദിവസം സം വാദത്തില്‍ ആധുനികോത്തരം എന്നൊക്കെ തെറ്റായി വിളിക്കപ്പെട്ട പുതു കവിതയെ പറ്റി അത്ര സുഖകരമല്ലാത്ത ചില നിരീക്ഷണങ്ങള്‍ ആണ് ഞാന്‍ അവതരിപ്പിച്ചത്. ആ കാലത്ത് പുതുമൊഴി വഴികള്‍ എന്ന വിലാസത്തില്‍ ഒരു കവി സംഘം തൃശ്ശൂര്‍ കേന്ദ്രമാക്കി കെ സി നാരായണന്റെ ഉല്‍സാഹത്തില്‍, ആറ്റൂരിന്റെ ആചാര്യസ്ഥാനത്തില്‍ , തമിഴനായ ജയമോഹന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടിരുന്നു. കര്‍ശനമായ ചില അരിപ്പകളിലൂടെ ആണ് ഈ വഴികളിലേക്ക് കടത്തി വിട്ടിരുന്നത്. ചില ഉള്‍പ്പോരുകളുമുണ്ടായിരുന്നു. തങ്ങളല്ലാത്ത പഴകവികളോ പുതുകവികളോ ഇനി നിലനില്‍ക്കില്ലെന്ന് അവര്‍ ഉറച്ച് പറഞ്ഞിരുന്നു. പാരമ്പര്യത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി തങ്ങളുടെ കവിത വിടുതല്‍ നേടിയിരിക്കുന്നു എന്നും ലഘുതയാണ് തങ്ങളുടെ ആദര്‍ശമെന്നും പഴയതൊന്നും പുതുകവിതയിലില്ലെന്നും അറുപതുകളില്‍ ഉണ്ടായ ആധുനിക കവിതയാണ് മലയാളത്തിലെ ഏറ്റവും വലിയ ദുരിതമെന്നും ഇനി പൂര്‍വഭാരങ്ങളൊന്നുമില്ലെന്നും അവര്‍ കവിതയിലും അല്ലാതെയുമായി കൂട്ടം കൂട്ടമായി പറഞ്ഞു നടന്നു. പരസപരം കവിത ഏറ്റി നടന്നു. അക്കാലത്താണ് സംഭവം. 'പുതുമൊഴിവഴികളു'ണ്ടായി 'കവിതക്കൊരിട'മുണ്ടാകുന്നതിന് മുമ്പ്. കേരളകവിത സ്കൂളുകാര്‍ മിക്കവരും പുതുമൊഴിയില്‍ പ്രവേശനം കിട്ടാത്തവരായിരുന്നു. മറ്റേ വഴിക്കു കിട്ടിയ മീഡിയാ അറ്റന്‍ഷനില്‍ ചെറുതല്ലാത്ത ചൊരുക്കുള്ളവര്‍. എന്താണീ രാമന്‍ എന്നൊക്കെ അന്ന് സ്വകാര്യമായി വന്ന് പലരും കയര്‍ക്കാറുണ്ടായിരുന്നു. (എത്രയോ വര്‍ഷങ്ങളായി രാമന്റെയും മറ്റും കവിത വായിക്കുന്നത് കൊണ്ട് ഞാനാ ചൂണ്ടയില്‍ കൊത്താതെ ഒരു വിധം കഴിച്ചു കൂട്ടി.) ആ ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ ഇതായിരുന്നു.
    1. പുതിയ കവിത (ഞാനതിനെ ആധുനികേതരം എന്നു മാത്രം വിളിക്കും) നന്നേ ലഘുപ്രായമാണ്. രൂപത്തിലും ഉള്ളടക്കത്തിലും ചരിത്രത്തിലും. ബൃഹത് ലക്ഷ്യങ്ങളൊന്നും അതിനില്ല.
    2. കവികളുടെ ഈ സംഘം ചേരല്‍ ഒരു തരം മാര്‍ക്കറ്റിങ്ങ് മാത്രമാണ്. മുന്‍ കാലത്ത് കവിസംഘങ്ങള്‍ക്കും കവിയരങ്ങുകള്‍ക്കും ചില ലക്ഷ്യങ്ങളും (പലപ്പോഴും അതു കാവ്യേതരമാകാമെങ്കിലും)അതിനു പിറകില്‍ ചില മൂല്യങ്ങളും ഉണ്ടായിരുന്നു. പുതിയ കവി സംഘങ്ങള്‍ക്ക് പിറകില്‍ പ്രഖ്യാപിത മൂല്യങ്ങളില്ല.
    3. പാരമ്പര്യത്തിന്റെ മഹാഭാരങ്ങളൊക്കെ അഴിച്ചു വെച്ചു എന്ന് പറയാനും കേള്‍ക്കാനും രസമുണ്ട്. ഭാഷയില്‍ അതങ്ങനെ സാധ്യമല്ല. പാരമ്പര്യത്തിന്റെ പേപ്പര്‍ വെയിറ്റിനടിയിലേ ഏത് കവിതയും ഇരിക്കൂ.
    4. പുതിയ കവിത എന്ന ലേബലില്‍ ചില പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനു പ്രസ്ഥാനപരതയില്ല. അതങ്ങനെ ആയി തീരാനും സാധ്യതയില്ല.കവിതയില്‍ ഇതൊരു മാറ്റത്തിന്റെ കാലമാണ്. പുതിയ കവിത ഈ മാറ്റത്തിന്റെ കവിതയാകണമെന്നില്ല. അതിനിടയിലുള്ള ഒരു അന്തരാളഘട്ടത്തിന്റെ നിലയുറക്കാത്ത ചില പ്രവണതകള്‍ മാത്രമാകാം.
    5. മലയാളത്തില്‍ ഇതിനു സമാനമായ ഘട്ടം വെണ്മണി -ഒറ്റശ്ലോകങ്ങളുടെ കാലമാണ്. എന്തിനെ കുറിച്ചും എഴുതുക, എങ്ങനെയും എഴുതുക, കവിത സാമാന്യ ഭാഷയാകുക, നിരീക്ഷണങ്ങള്‍ മാത്രമാവുക, ലഘുപ്രായമാകുക, മൂല്യങ്ങളില്ലായ്മ, സാധാരണത്വം തുടങ്നി വികൃതിത്തരങ്ങളുടെ ഒരു കാലം. പുതിയ വെണ്മണിക്കാലമാണിത്.
    വര്‍ഷം കുറേയായി. ഈയടുത്തകാലത്ത് മാതൃഭൂമി രാമന്റെ ഒരു കവിത പ്രസിദ്ധീകരിച്ചത് ഏറെ ക്കാലത്തിനു ശേഷം രാമന്‍ എഴുതിയ കവിത എന്നാണ്. അതെ രാമനും ചരിത്രത്തിന്റെ ഭാഗമായി. ഒരു വിളവെടുപ്പിനുള്ള കാലമായിരിക്കുന്നു. പുതിയ കവിത കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലം എന്തായിരിക്കുന്നു. എത്ര നല്ല കവികള്‍ കവിതകള്‍ ബാക്കിയായി? പാരമ്പര്യത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഈ കവിത സ്വയം ഒരു പാരമ്പര്യമായോ? പുതിയ ഒരു ഭാവുകത്വം ഭാഷ അത് നിര്‍മ്മിച്ചുവോ?
    വീണ്ടും നമ്മെ വായിപ്പിക്കുന്ന കുറേ കവിതകള്‍ ഉണ്ടായിട്ടുണ്ട്. കുറച്ച് കവികളും. പി.പി.രാമചന്ദ്രന്‍, ടി.പി.രാജീവന്‍, രാമന്‍, അന്‍ വര്‍ അലി, അനിത, ജോസഫ്, മോഹനക്രിഷ്ണന്‍ അങ്ങനെ ചിലര്‍. അവരില്‍ പലരുടേയും അവശേഷിക്കുന്ന നല്ല കവിതകളില്‍ ഞാന്‍ കാണുന്ന ശക്തി പാരമ്പര്യത്തിന്റേതാണ് . രാമചന്ദ്രനില്‍ കടുപ്പം കുറഞ്ഞ ഒരു ചായ പോലെ വൈലോപ്പിള്ളി ഉണ്ട്. അതാണ് രാമചന്ദ്രനിലെ കവിതയും.
    ഈ കവിതകള്‍ക്ക് പ്രായപൂര്‍ത്തിയായി എന്നതിന്റെ മറ്റൊരു ലക്ഷണം ഇവയില്‍ പലതും പാഠപുസ്തകങ്ങളായിരിക്കുന്നു എന്നതാണ്. ഒന്നു തൊടുമ്പോഴേക്കും മാഞ്ഞു പോകുന്ന പുതിയ കവിതയെക്കൊണ്ട് ക്ലാസ്സില്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പല സാഹിത്യാദ്ധ്യാപകരും. ആ കവിത  മോളിലേക്കും താഴേക്കും മാറ്റി  മാറ്റി വായിക്കയല്ലാതെ എന്തു ചെയ്യാന്‍!
    ഇന്ന് കൊട്ടക്കണക്കിന് കവികള്‍ - കവിതകള്‍. കവിതയുടെ പ്രധന ഇടം ബ്ലോഗ് ആയിരിക്കുന്നു. ഒരിക്കലെങ്കിലും വായിക്കാന്‍ തോന്നാത്ത അഥവാ വായിച്ചാല്‍ തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന രചനകള്‍. വാരികകളിലെ സ്ഥിതി അതിലും കടുപ്പം. നല്ലതില്ലെന്നല്ല. കള നിറഞ്ഞ് കണ്ടം കെട്ടുപോയിരിക്കുന്നു.
    മലയാളത്തില്‍ ബുദ്ധിയും ഭാവനയുമുള്ളവര്‍ നന്നെ കുറവ് എന്ന് മുന്‍ ധാരണയുള്ള മലയാളം അത്ര പിടിയില്ലാത്ത ജയമോഹന്‍ എന്നൊരാളാണ് പുതുകവിതകളുടെ അന്തിക്രിസ്തു.കെ. സി. നാരായണന്റെ ഇറക്കുമതിയാണ്. തരക്കേടില്ലാത്ത ചില ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളത്തിലെ പുതുകവികളെ കൊണ്ട് തമിഴില്‍ 'ക്ഷ' വരപ്പിക്കലാണ് മുപ്പരുടെ പ്രധാന പണി. അയാളുടെ കൂടെ കുറെ തമിഴ് യുവകവികളുണ്ട്. തമിഴകത്ത് അവരുടെ കവിതകള്‍ക്ക് നല്ല വിളവില്ല. പക്ഷേ അതാണ് തമിഴു കവിതയുടെ പുതു മുഖം എന്നാണ് പ്രഖ്യാപനം. മലയാളത്താന്മാരും അതേ പോലെ എഴുതി ശീലിക്കാന്‍ പല കളരികളും ടിയാന്‍ ഏര്‍പ്പാടാക്കാറുണ്ട്. തമിഴുമലയാള കവികളുടെ സംഗമത്തിലേക്ക് ചിലരെ വാഴ്ത്തപ്പെട്ടവരായി അദ്ദേഹം തിരഞ്ഞെടുത്തു വിളിക്കാറുണ്ട്. അയാളുടെ തിരഞ്ഞെടുപ്പു രീതികളോടും രുചികളോടും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു തന്നെ വലിയ മതിപ്പില്ല. അവിടെ തമിഴ് പയ്യന്മാര്‍ ഈ മലയാളം റിക്രൂട്ടുകളെ തങ്ങളുടെ കവിത വായിച്ച് വിരട്ടുന്ന ഒരേര്‍പ്പാട്.
    അവിടെ ഏറ്റവും അവസാനം നടന്ന ഒരു കവിക്കൂട്ടത്തില്‍ പങ്കെടുത്ത ഒരു പെണ്‍ കവിയുടെ പുതിയ ഒരു കവിതയെ ഞാന്‍ ഈ പുതു മൊഴി വഴികളുടെ ഇന്നത്തെ മുഖമായി പരിഗണിക്കട്ടെ.ബിന്ദു കൃഷ്ണന്‍ ആണ് ആ കവി. അവരുടെ ഒരു കവിത മാതൃഭൂമിയില്‍ വന്നത് പകര്‍ത്തട്ടെ.
    ജീവനാംശം
    തിരിച്ചുവേണമെന്നോ
    നിനക്കു സ്വാതന്ത്ര്യം?
    തരാം പകരം തരൂ ആദ്യരാവില്‍ നീ
    കശക്കിയ പൂക്കളുടെ പുതുമ
    കലക്കിയ അരുവികളുടെ തെളിമ
    തിരിച്ചു തരൂ ഇടിഞ്ഞ മുലകളുടെ
    പഴയ സൗന്ദര്യം.
    ആലിലപ്പഴമ ആധി കൊഴിച്ച
    മുടിയുടെ പഴങ്കനം.
    മായ്ച്ചു കളയൂ
    കണ്‍കള്‍ക്കടിയിലെ കാളിമ
    അടിവയറ്റിലെ രേഖകള് ‍
    എങ്കില്‍ അഴിച്ചു വിടാം ഞാനീ
    താലിക്കയര്
    ‍ചവിട്ടിപ്പുറത്താക്കാം നിന്നെ ആ നിമിഷം
    എന്റെ പ്രണയകൂടില്‍ നിന്നും
    മഹാതുറസ്സിലേക്ക്.
    ഈ കവിതയെ ക്കുറിച്ച് എന്ത് തോന്നുന്നു. പ്രണയത്തിനും ദാമ്പത്യത്തിനുമിടയില്‍ നഷ്ടപ്പെട്ടതെന്താണ്? എല്ലാ കണക്കെടുപ്പും ശരീരപരം, എല്ലാ ബന്ധങ്ങളും ലൈംഗികം. (സദാചാരപരമായ കാപട്യം എന്നൊന്നും കയര്‍ക്കല്ലേ! ഈ കവിത മുന്നോട്ട് വെക്കുന്ന ഒരു മൂല്യപ്രശ്നം അതല്ല.) ഇനി അതിനപ്പുറം എന്തനുഭവം! വീണ്ടുമൊന്നു വായിക്കാവുന്ന എന്ത്?  മണിപ്രവാളകാരന്റെ രതി വര്‍ണനയില്‍ നിന്നി ഈ പെണ്ണെഴുത്തിന്‍ എന്തകലം? ഈ വരികള്‍ നീളത്തില്‍ എഴുതിയാല്‍ അത് നിലവാരം കുറഞ്ഞ ഒരു ഡൈവോഴ്സ് നോട്ടീസു പോലുമാകില്ലല്ലോ! വരിയുടച്ചാല്‍ എന്തും ഗബിദയാകുമെന്ന് കൂതറ തിരുമേണി പറഞ്ഞത് വെറുതെ അല്ല.

    വിഷ്ണു നാരായണന്‍ നമ്പൂതിരിയെ കുറിച്ച് തുടക്കത്തില്‍ പറഞ്ഞുവല്ലോ? വര്‍ഷങ്ങളായി ഒരു നല്ല കവിത അദ്ദേഹം എഴുതിയിട്ട്. റിട്ടയര്‍ ചെയ്ത കവി എന്ന് ദശാബ്ദങ്ങളായി അദ്ദേഹം അറിയപ്പെട്ടു വരുന്നു. എന്നാല്‍ ഏറെ ക്കാലത്തിന് ശേഷം മലയാളത്തില്‍ അദ്ദേഹം എഴുതിയ കവിത 'ശംകരന്റെ സപ്തതി' എന്നെ ശരിക്കും ഞെട്ടിച്ചു. പല നഷ്ടങ്ങളെ ഓര്‍മ്മിപ്പിച്ചു. വല്ലാതെ വിഷാദിപ്പിച്ചു.ഒടുക്കം ഒരു നിശബ്ദതയില്‍ കൊണ്ടെത്തിച്ചു. ചില വരികള്‍:
    കിതച്ചും ഇളവേറ്റും,
    പങ്കിട്ടും വെടിവട്ടം
    പൊലിച്ചും പോന്നോര്‍, നമു-
    ക്കുറ്റവര്‍, എവിടെപ്പോയ്?
    കാലിടറുമ്പോള്‍ പിടി-
    വള്ളിയായ്, നട്ടപ്പാതി-
    രാവിലും സൂര്യജ്വാല-
    യായ കൃഷ്ണവാരിയര്‍?
    എല്ലുന്തിച്ചടച്ച തന്‍
    കവിതപയ്യെക്കറ-
    ന്നന്തിയില്‍ പാലാഴി തീര്-
    ‍ക്കുന്ന ഗോവിന്ദന്‍ നായര്‍?
    മൊഴിമുത്തിനാല്‍ തന്റെ
    ചുറ്റിലും കാന്തദ്യുതി
    പൊഴിക്കും പുലാക്കാട്ടു
    രവീന്ദ്രന്‍? അനുഗ്രഹം
    കൊണ്ടഭിഷേകം ചെയ്തും
    ശണ്ഠയാല്‍ ശരം പെയ്തും
    വിണ്ടലത്തോളം നേരിന്‍
    ചിറകിലുര്ത്തുന്നോന്‍
    വാക്കിന്റെ പുരുഷാവ-
    താരമാം വൈലോപ്പിള്ളി-
    മാസ്റ്റര്‍? 'മാനസ ഗംഗോ-
    ത്രി'യിലെ പൂമുറ്റത്തില്‍
    ഇടറിച്ചുമച്ചുകൊണ്ടര്‍ദ്ധരാത്രിയില്‍ നാവു
    കുഴയും വരെ കാവ്യ-
    ചര്‍ച്ച ചെയ്യും കക്കാടും?
    ഒന്നൊന്നായ് വിളക്കുകള്‍
    കെടുന്നു! പിന്നെപ്പിന്നെ
    ഒന്നല്ലീനാമെല്ലാമെ-
    ന്നുണ്മയില്‍ തെളിയുന്നു.
    കവിത എങ്ങും പോയിട്ടില്ല ഇവിടെ എവിടെയൊക്കെയോ ഉണ്ട്. വലിയ അവകാശവാദങ്ങളോ ചിന്നം വിളികളോ ഇല്ലാതെ. പതുക്കെ വളരെ പതുക്കെ ഒരു നീര്‍ച്ചാലുപോലെ പഴയതും പുതിയതുമായ പല വഴികളില്‍ നിരൂപകഭാരങ്ങളില്ലാതെ മേനി പറച്ചിലില്ലാതെ അത് നേര്‍ത്തെങ്കിലും ഒഴുകികൊണ്ടിരിക്കട്ടെ. അതില്‍ കലക്കേണ്ട കരിയും കളഭവും!


    http://sngscollege.info
    http://vijnanacintamani.org

    13 comments:

    1. ഹൃദ്യമായ ഒരു ലേഖനം,

      വിശിഷ്യാ ഡോ. അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികം അടുത്തുവരുന്ന ഈ അവസരത്തില്‍ ആ അദൃശ്യസാന്നിദ്ധ്യം അനുഭവിപ്പിച്ച വാക്കുകള്‍, വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍

      വീണ്ടും വരാം
      ആശംസകള്‍

      ReplyDelete
    2. "വീണ്ടും വരാം
      ആശംസകള്‍"
      നന്ദി

      ReplyDelete
    3. നല്ല വിലയിരുത്തല്‍.

      ReplyDelete
    4. "വരിയുടച്ചാല്‍ എന്തും ഗബിദയാകുമെന്ന് കൂതറ തിരുമേണി പറഞ്ഞത് വെറുതെ അല്ല."

      വരിയുടച്ചു കൊടുക്കുന്ന ഒരേര്‍പ്പാടിന് ബൂലോകത്ത് സ്കോപ്പുണ്ടോ?

      ReplyDelete
    5. കലികാലത്ത് കവികള്‍ പെരുകും എന്ന് പുരാണത്തില്‍ പറഞ്ഞത് വെറുതെയല്ലെന്ന് മനസ്സിലായില്ലേ?
      സുജീഷ്

      ReplyDelete
    6. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആ കവിതയിലേക്ക് എത്തിച്ചുതന്നതിനു നന്ദി.

      ഇതില്‍ സൂചിപ്പിച്ച ഗ്രൂപ്പുകളിയെക്കുറിച്ചൊന്നും പറയാന്‍ ആളല്ല. എങ്കിലും, കെ.സി.നാരായണന്‍ നല്ല ഒരു എഴുത്തുകാരനാണെന്ന് തോന്നിയിട്ടുണ്ട്. അസാമാന്യമായ എഴുത്താണ് അദ്ദേഹത്തിന്റെത്. “ഒളിവിലുണ്ടോ, ഇല്ലയൊവാന്‍” എന്ന ഒരു ലേഖനം തന്നെ മതിയാകും തെളിവിന്. ബിന്ദു കൃഷ്ണന്റെ പ്രസ്തുത കവിത മണിപ്രവാളകാരന്റെ രീതിയാണെന്ന മട്ടിലുള്ള കവിതാവായനകളോടും വിയോജിപ്പുണ്ട്.

      എങ്കിലും, പുതിയ കവിതയുടെയും കവികളുടെയും വഴികളെക്കുറിച്ചും, കവിതയെക്കുറിച്ച് പൊതുവായുമുള്ള താങ്കളുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാതിരിക്കാനും വയ്യ.

      അഭിവാദ്യങ്ങളോടെ

      ReplyDelete
    7. പല്ലശ്ശനയുടെ ബ്ലോഗില്‍ നിന്നാണിങ്ങെത്തിയത്. നേരത്തെ വായിക്കേണ്ടിയിരുന്നു.

      ReplyDelete
    8. പുതുകവിതയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുന്നത്‌ ഒരേ ഇടത്തിലേക്കാണ്‌ എന്നു പറയേണ്ടി വരുന്നു. ഇവിടെ താങ്കള്‍ പറഞ്ഞപോലെ ഭാഷാ അദ്ധ്യാപകര്‍ പുതിയ തലമുറക്കുമുന്‍പില്‍ നിന്നു വെള്ളം കുടിക്കുകയാണ്‌ ഐസുകട്ട പോലെ ഉരുകി പോകുന്ന ഈ കവിതകളെ കൈലെടുക്കാന്‍ പോലുമാകാതെ....ആധുനികാനന്തരകവിതയില്‍ പുതു പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടില്ലാത്തതുകോണ്ടാവാം ഇത്തരം ഐസുകട്ട കവിതകള്‍ ഉണ്ടാകുന്നത്‌ എന്നെനിക്കു തോന്നുന്നു. സച്ചിദാനന്ദനും. കെ. ജി. യും എഴുതുന്ന ഒരു ഒരു കനം പുതു തലമുറയില്‍ കാണുന്നില്ല.

      ReplyDelete
    9. ഗദ്യത്തിലുള്ള ഒരു തമിഴ് കവിതാ ശകലം നോക്കൂ :

      ‘സ്കൂളിലെ മണി ഒരു റെയിൽത്തുണ്ടാണ്.
      അതു മുഴങ്ങുമ്പോൾ കുഞ്ഞുങ്ങളറിയുന്നില്ല
      അതിലെത്രപേർ തലവെച്ചു മരിച്ചിട്ടുണ്ടെന്ന്!’ (ജ്ഞാനക്കൂത്തൻ)

      ReplyDelete
    10. ‘പുതുമൊഴിവഴികൾ’ പ്രകാശനം ചെയ്യാൻ ക്ഷണിക്കപ്പെട്ടത് ഞാനാണ്.അതെന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.വ്യക്തിബന്ധം മാനിച്ച് ഞാൻ ആ കർമ്മം ചെയ്തു.

      മുൻ കവികൾ പുതിയകവികൾക്കുവേണ്ടി ലിറ്റിൽമാഗസീൻ നടത്തിക്കൊടുക്കുക, പുതിയകവികൾ ആരാണെന്ന് പഴയ കവികൾ പ്രഖ്യാപിച്ചുകൊടുക്കുക,പഴയകവികൾ പുതിയകവികളുടെ കവിതകൾ തിരുത്തുകയും എഡിറ്റുചെയ്യുകയും ചെയ്യുക.സീനിയർ കവികൾ സ്വന്തം പിൻ‌ഗാമികളെ പ്രഖ്യാപിക്കുക - ഇത്തരം അശ്ലീലങ്ങളൊന്നും ഇപ്പോഴും എനിക്കു ദഹിക്കുന്നില്ല. ആചാര്യപദദുർമ്മോഹികളായ ഏതെങ്കിലും ആഷാഡഭൂതികൾക്ക് ആ‍ജന്മശൌചം ചെയ്തുകൊടുത്തല്ല കവിയാകേണ്ടതെന്ന് ഞാനാന്നു പറയുകയും ചെയ്തു.

      ReplyDelete
    11. എന്റെ മുൻ കമന്റിലെ അവസാനവരി ‘ഞാനന്നു പറയുകയും ചെയ്തു’എന്നു തിരുത്തിവായിക്കാനപേക്ഷ.

      ReplyDelete
    12. "ആചാര്യപദദുർമ്മോഹികളായ ഏതെങ്കിലും ആഷാഡഭൂതികൾക്ക് ആ‍ജന്മശൌചം ചെയ്തുകൊടുത്തല്ല കവിയാകേണ്ടതെന്ന് ഞാനന്നു പറയുകയും ചെയ്തു."

      ശരിക്കും കൂടം കൊണ്ടുള്ള അടി തന്നെ. അതിനിടയില്‍ എന്റെ കൈയടി കൂടി കേള്‍ക്കുമോ?

      ReplyDelete
    13. എന്താ ആ ജ്ഞാനക്കൂത്ത്!

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക