അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 30 June 2009

    ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

    ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

    പ്രമുഖ ദ്രാവിഡ ഭാഷാപണ്ഡിതന്‍ ഡോ. വി ഐ. സുബ്രഹ്മണ്യം അന്തരിച്ചു. കേരളസര്‍വകലാശാല തമിഴ് -ഭാഷാശാസ്ത്ര വിഭാഗങ്ങളുടെ മേധാവിയായും തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫോര്‍ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെ സ്ഥാപകനാണ്.ദ്രാവിഡഭാഷാപഠനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത് സുബ്രഹ്മണിയത്തോടു കൂടിയാണ്.

    വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് :
    മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനും ജീവിതം സമര്‍പ്പിച്ച പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞന്‍ ഡോ. വി.ഐ. സുബ്രഹ്മണ്യം (84) അന്തരിച്ചു. തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ദ്രവീഡിയന്‍ ലിങ്‌ഗ്വിസ്റ്റിക്‌സിന്റെ സ്ഥാപകനായ പ്രൊഫസര്‍ സുബ്രഹ്മണ്യം കേരള സര്‍വകലാശാലയിലെ തമിഴ്‌, ഭാഷാ ശാസ്‌ത്രവകുപ്പുകളുടെ മുന്‍ മേധാവിയാണ്‌. തഞ്ചാവൂരിലെ തമിഴ്‌ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറായും ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരളത്തില്‍ ആദ്യമായി ഭാഷാഭേദ സര്‍വേ നടത്തിയത്‌ ഡോ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ്‌. മൂന്നു വാല്യങ്ങളിലായി 'ദ്രാവിഡ സര്‍വവിജ്ഞാനകോശ'വും സുബ്രഹ്മണ്യം തയ്യാറാക്കിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഏറെ നാളത്തെ ശ്രമഫലമായാണ്‌ ദ്രാവിഡ ഭാഷാപഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്തെ മേനംകുളത്ത്‌ ഭാഷാശാസ്‌ത്രവിഭാഗം സ്ഥാപിതമായത്‌. ജാഫ്‌ന, തഞ്ചാവൂര്‍, വിശ്വഭാരതി, കുപ്പം, ഡെക്കാണ്‍, മധുര, മദ്രാസ്‌ സര്‍വകലാശാലകള്‍ ഡി-ലിറ്റ്‌ ബിരുദം നല്‌കി ആദരിച്ചിട്ടുണ്ട്‌. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ സുബ്രഹ്മണ്യം രചിച്ചിട്ടുണ്ട്‌. മൂന്ന്‌ വാല്യങ്ങളുള്ള 'ഭാഷയും പഠനവും', 'മലയാളം ഡയലക്ട്‌ സര്‍വേ' (ഈഴവ, തിയ) 'ഡയലക്ട്‌ സര്‍വേ' (നായര്‍) എന്നിവയാണ്‌ പ്രധാന പുസ്‌തകങ്ങള്‍. മുന്നൂറോളം വിദേശ മാഗസിനുകളിലും സുബ്രഹ്മണ്യത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാഗര്‍കോവില്‍ വടശ്ശേരിയില്‍ ജനിച്ച സുബ്രഹ്മണ്യം അമേരിക്കയിലെ ഇന്ത്യാനാ സര്‍വകലാശാലയില്‍ നിന്നാണ്‌ പിഎച്ച്‌.ഡി നേടിയത്‌. 1971 മുതല്‍ ഡോ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഭാഷാ ശാസ്‌ത്രസമ്മേളനവും മുടങ്ങാതെ നടത്തിയിരുന്നു. കരമന പുത്തന്‍കോട്ടയിലെ എം.ആര്‍. ഹില്‍സിലായിരുന്നു താമസം. ഭാര്യ: രത്തിനം. മക്കള്‍ പരേതനായ എസ്‌.ഐ. പെരുമാള്‍, പരേതയായ തങ്കം, ഡോ. അരുണ്‍ (യു.എസ്‌), ജയാ ഹരിഹരന്‍ (ബാംഗ്ലൂര്‍). സുബ്രഹ്മണ്യത്തിന്റെ അഭിലാഷപ്രകാരം മൃതദേഹം തിങ്കളാഴ്‌ച മേനംകുളത്തെ സ്‌കൂള്‍ ഓഫ്‌ ദ്രവീഡിയന്‍ ലിങ്‌ഗ്വിസ്റ്റിക്‌സ്‌ കാമ്പസില്‍ സംസ്‌കരിച്ചു.

    ഒരു ഭാഷാകുടുംബം എന്ന നിലയില്‍ പരസ്പരം അവമതിച്ചും അവഗണിച്ചും ചിതറി നിന്നിരുന്ന ദ്രാവിഡഭാഷകള്‍ക്കിടയില്‍ അന്യോന്യം മനസ്സിലാക്കാനും അതു വഴി അതതു ഭാഷയുടെ സ്വത്വബോധത്തെ തിരിച്ചറിയാനുമുള്ളൊരു ശ്രമം എന്ന നിലയിലാണ് അധിനിവേശാനന്തര കാലത്ത് ദ്രാവിഡഭാഷാപഠനം പ്രസക്തമാകുന്നത്. ഈ നിലയില്‍ വിശ്വസ്തവും തുറന്നതുമായ ഒരു പാലം എന്ന നിലയില്‍ ദ്രാവിഡപഠനങ്ങളെ ഏകോപിപ്പിക്കാനുള്ള സംരംഭം ആയിരുന്നു ഈ സ്ഥാപനം.

    ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസ്സോസിയേഷന്‍ ആണ് 1971-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ കൂടെ ശ്രമത്തില്‍ 1977-ല്‍ ഐ.എസ്സ്.ഡി എല്‍ ആയി പരിണമിച്ചത്. മേനംകുളത്ത് വൈകാതെ മികച്ച ഒരു കാമ്പസ്സ് സ്ഥാപിക്കാന്‍ സാധിച്ചു. സുബ്രഹ്മണ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍പ്പണവുമായിരുന്നു ഈ സംരംഭത്തിന്റെ ശക്തി. മരിക്കുന്നതു വരെ അദ്ദേഹം ഐ എസ് ഡി എല്‍-ന്റെ ഓണററി ഡയറകറ്റര്‍ ആയിരുന്നു. ദ്രാവിഡഭാഷാപണഡിതരുടെ ദേശീയ വാര്‍ഷിക കോണ്‍ഫറന്‍സുകളും ഐ.ജെ ഡി.എല്‍ ജേര്‍ണലും ദ്രവീഡിയന്‍ എന്‍സൈക്ലോപ്പീഡിയ അടക്കം ദ്രാവിഡഭാഷാസംബന്ധിയായ അറുപതോളം പുസ്തകങ്ങളും നിരവധി ഗവേഷണ സം രംഭങ്ങളും ഈ സ്ഥാപനത്തിന്റെ ഈ മേഖലയിലുള്ള സജീവമായ ഇടപെടലുകളുടെ സാക്ഷ്യങ്ങളാണ്.
    എല്ലം ഒരു പുരുഷായുസ്സിന്റെ പ്രയത്നഫലം. ഇവുടത്തെ വെളുത്ത മണ്ണില്‍ നരച്ചുനില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കൊക്കെ ഈ മനുഷ്യന്റെ ശ്വാസം അത്രമേല്‍ പരിചിതം.

    അക്കാദമികമായ നിഷ്ഠകളും അന്തസ്സും അതിന്റെ ഭാഗമായി വരണ്ട ഒരു കാര്‍ക്കശ്യവും പുലര്‍ത്തിയിരുന്ന സുബ്രഹ്മണ്യം ഒരു തരം കോമ്പ്രമൈസുകള്‍ക്കും വഴങ്ങാത്ത വ്യ്ക്തിയായിരുന്നു. ചെത്തികളയാന്‍ വെള്ളയില്ലാത്ത തനിക്കാതല്‍. സാക്ഷാല്‍ എം ജി ആറിനു പോലും ആ കടുമ്പിടുത്തത്തിന്റെ രുചി അറിയേണ്ടി വന്നിട്ടുണ്ട്. തന്റെ സ്ഥാപനത്തില്‍ ശരിക്കും ഒരു ഡിക്റ്റേറ്റര്‍ ആയിരുന്നു അദ്ദേഹം. അക്കാദമികമായ ഒരു തട്ടിപ്പും അവിടെ ചിലവാവില്ല. ചിട്ടകളില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു സെമിനാര്‍ സെഷന്‍ തുടങ്ങേണ്ട സമയത്ത് അദ്ദേഹം തുടങ്ങിയിരിക്കും.ആരും വന്നിട്ടില്ലെങ്കിലും . ഇത്ര കാര്‍ക്കശ്യമാകാമോ എന്ന് പലര്‍ക്കും തോന്നാം. തന്റെ ജീവിതം കൊണ്ട്, തന്റെ ജീവിതം കൊടുത്ത് താന്‍ വളര്‍ത്തിയ സ്ഥാപനം കൊണ്ട് അദ്ദേഹം അതിന് മറുപടി പറഞ്ഞു.

    മലയാളത്തിലെ ഭാഷാഭേദങ്ങളില്‍ ആദ്യ സമഗ്രപഠനം നടത്തുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഡയലക്റ്റ് സര്‍വേ ഓഫ് മലയാളം(1974 Edi. V.I.Subrahmaniam) എന്ന ഗ്രന്ഥം ഈഴവരുടെ ഭാഷകളെ കേന്ദ്രീകരിച്ച് കേരള സര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം നടത്തിയ പ്രാദേശികഭാഷാ പഠനത്തിന്റെ മികച്ച ഫലമാണ്. പിന്നീട് അതിന് തുടര്‍ച്ചകളുണ്ടായില്ല. ദ്രാവിഡഭാഷകളിലെ ഏറ്റവും മഹത്തായ സംഭവം എന്നാണ് എമിനോവ് ഈ പുസ്തകത്തെ ക്കുറിച്ച് അഭിപ്രായപ്പെട്ടത്.
    മലയാളികള്‍ നിരന്തരം തങ്ങളുടെ ഭാഷയില്‍ കുറ്റകരമായ അശ്രദ്ധയും അവഗണനയും കാട്ടി 'ഈ സന്തതി തന്റേതല്ലെന്ന' മട്ടില്‍ മലയാളത്തെയും മലയാളപഠനത്തെയും പരമാവധി അകലത്തില്‍ നിര്‍ത്തി മേനിനടിച്ച് കഴിയുമ്പോള്‍‍ മലയാളത്തിന് വേണ്ടി ഉയിരുകൊടുത്ത് മലയാള പഠനത്തിന് സ്വയം സമര്‍പ്പിച്ച് മലയാളഭാഷയെ കൂറിച്ച് മറ്റുള്ളവര്‍ക്കു മുമ്പില്‍ പറഞ്ഞു നില്‍ക്കാവുന്ന പഠനങ്ങള്‍ നടത്തിയത് ഉള്ളില്‍ നാം എന്നും പുഛം പുലര്‍ത്തിപ്പോരുന്ന കുറച്ച് പരദേശികള്‍ ആണ് എന്നോര്‍ക്കണം. ഉള്ളൂരും എല്‍.വി.രാമസ്വമി അയ്യരും വി.ഐ സുബ്രഹ്മണ്യവും ഇതില്‍ പ്രഥമ ഗണനീയരാണ്.

    ആചാരവെടികളില്ലാതെ, ബഹുമതികളുടെയും അനുശോചനങ്ങളുടെയും ആരവങ്ങളില്ലാതെ അദ്ദേഹത്തെ നാം നന്ദികാണിക്കാത്ത ഈ മണ്ണില്‍ അടക്കി. പക്ഷേ അദ്ദേഹം അവിടെ അടങ്ങി കിടക്കില്ല. അതദ്ദേഹത്തിന്റെ ശീലമായിരുന്നില്ലല്ലോ.

    http://sngscollege.info
    http://vijnanacintamani.org

    4 comments:

    1. This comment has been removed by the author.

      ReplyDelete
    2. ആ മഹാന്റെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു.

      നമ്മുടെ നന്ദികേടിനെ ഓർമ്മപ്പെടുത്തിയതിനു ഖേദപൂർവ്വം നന്ദി.

      ReplyDelete
    3. പി.പവിത്രന്റെ മൊബൈല്‍ സന്ദേശം- വി. ഐ. സുബ്രഹ്മണ്യത്തെക്കുറിച്ച് ഡോ.ടി.ബി.വേണുഗോപാലപണിക്കര്‍ നടത്തുന്ന അനുസ്മരണപ്രഭാഷണം ജൂലായ് അഞ്ചിന് ഉച്ചക്ക് രണ്ട് മുപ്പതിന് കോഴിക്കോട് ഹോട്ടല്‍ ശാസ്തപുരിയില്‍ സംഘാടനം: മലയാളവേദി

      ReplyDelete
    4. First visit, just glanced through it, finds it worthy, on getting enough time, will be visited again.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക