അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 1 October 2009

    ലൗ ജിഹാദ്‌ !!!!!

    പ്രണയം മതമടക്കമുള്ള സമൂഹ്യസ്ഥാപനങ്ങള്‍ക്ക്‌ നേരെ വ്യക്തി നടത്തുന്ന സര്‍ഗാത്മക കലാപമാണെന്ന്‌ നമ്മെ പഠിപ്പിച്ചതാരാണ്‌? മതത്തിന്‌ വേണ്ടി വ്യക്തികളെ ഇരകളാക്കുന്ന വിശുദ്ധബലിയല്ലേ അത്‌?

    മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
    'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
    Posted on: 30 Sep 2009
    'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '


    ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌. കേരളത്തില്‍ കുഞ്ഞാലി മരക്കാരുടെ സമരങ്ങള്‍ക്ക്‌ ജിഹാദിന്റെ പരിവേഷം നല്‍കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും മതപരം എന്നതിനേക്കാള്‍ കച്ചവടപരമായ അധികാര താല്‍പര്യങ്ങളായിരുന്നു അതിന്‌ പിറകില്‍ എന്നതാണ്‌ ശരിയായ വിലയിരുത്തല്‍ എന്ന്‌ തോന്നുന്നു. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിക്കാരനായ ശൈഖ്‌ സൈനുദ്ദിന്‍ എഴുതിയ 'തുഫ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന് കൃതിയാണ്‌ ജിഹാദിനെ സംബന്ധിച്ച്‌ നമുക്ക്‌ ലഭിക്കുന്ന ആദ്യ രേഖ എന്ന് പറയാം. 'വാളുകളുടെ നിഴല്‍പ്പാടുകള്‍ക്കു താഴെയാണ്‌ സ്വര്‍ഗ്ഗരാജ്യം' എന്ന് വിശുദ്ധ ഖുര്‍- ആനെ ഉദ്ധരിച്ച്‌ പോര്‍ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ യുദ്ധത്തിന്‌ തയ്യാറാവാന്‍ കേരളീയ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്ന ഈ കൃതി വേലായുധന്‍ പണിക്കശ്ശേരി മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ഹിന്ദില്‍ ഇസ്ലാം മതം പ്രചരിച്ചത്‌ നിര്‍ബന്ധമതപരിവര്‍ത്തനം മൂലമല്ല എന്ന് അടിവരയിട്ടുപറയുന്ന ഈ കൃതി ഒരു കൈയ്യില്‍ വാളും മറു കൈയില്‍ കുരിശുമായി വന്ന അഫ്രഞ്ചികളുടെ കടന്നുവരവോടെയാണ്‌ കാര്യങ്ങള്‍ തകിടം മറഞ്ഞത്‌ എന്ന് പ്രസ്താവിക്കുന്നുണ്ട്‌. സത്യവിശ്വാസികളെ കുരിശാരാധകന്മാരോട്‌ യുദ്ധത്തിന്‌ പ്രേരിപ്പിക്കുകയാണ്‌ ഗ്രന്ഥോദ്ദേശ്യം തന്നെ. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്‌ 'അമുസ്ലീങ്ങളോട്‌ യുദ്ധം ചെയ്യുന്നത്‌ ആനന്ദമായി കാണുന്ന, യുദ്ധം കൊണ്ട്‌ പ്രവാചകവചനങ്ങളെ ഉയര്‍ത്തുന്ന' ബീജാപുരം സുല്‍ത്താനാണ്‌.

    ഇതിലെ ആദ്യ അധ്യായം തന്നെ അവിശ്വസികള്‍ക്കെതിരായ ജിഹാദിനെ സംബന്ധിച്ച നിയമങ്ങളും ജിഹാദില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന സൗഭാഗ്യങ്ങളെ സംബന്ധിച്ച വിവരണങ്ങളുമാണ്‌. നാട്ടില്‍ സ്വൈര്യജീവിതം നയിക്കുന്ന അവിശ്വാസികള്‍ക്കെതിരെ എല്ലാവരും ജിഹാദിനുപോകേണ്ടെന്നും എന്നാല്‍ നാടുകടന്ന് ഇസ്ലാമിനെ ആക്രമിക്കുന്നവര്‍ക്കെതിരെ എല്ലാ വിശ്വാസികളും യുദ്ധം ചെയ്യണം എന്നുമാണ്‌ നിര്‍ദ്ദേശം. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അവിശ്വാസികളുടെ സ്വത്തുകള്‍ എങ്ങനെ പങ്കു വെയ്ക്കണം എന്നതിനെ സംബന്ധിച്ച വ്യക്തമായ നിയമമുണ്ട്‌. ഇതു സംബന്ധിച്ച നിരവധി ഹദീസുകള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ജിഹാദാണ്‌ ഏറ്റവും ശ്രേഷ്ഠമായ കാര്യം എന്ന്‌ ഗ്രന്ഥം അടിവരയിടുന്നുണ്ട്‌. ആ വഴിയില്‍ സംഭവിക്കുന്ന രക്തസാക്ഷിത്വം ഏറ്റവും മഹത്തരമാണെന്ന് ഉറപ്പിക്കുന്നുമുണ്ട്‌. കുഞ്ഞാലിമാരുടെ പതനത്തിന്‌ ശേഷം പറങ്കികള്‍ക്കെതിരെ നടന്ന കേരള ചരിത്രത്തിലെ പരാജയപ്പെട്ടുപോയ ആദ്യ ജിഹാദിനെ സംബന്ധിച്ച ചരിത്ര രേഖയാണ്‌ ഈ കൃതി.

    മലബാറീല്‍' വിശിഷ്യാ ഏറനാട്ടില്‍ ഇസ്ലാമിക ദേശീയബോധം അടിയുറച്ച അടുത്ത സമരം മലബാര്‍ കലാപമാണ്‌. കാര്‍ഷികകലാപമായും മാപ്പിള ലഹളയായും ഒക്കെ വിലയിരുത്തപ്പെട്ട വാഗണ്‍ ട്രാജഡീ വരെ എത്തിയ മലബാര്‍ കലാപത്തിന്‌ ജിഹാദിന്റെ പരിവേഷമുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത്‌ ഈ പരിവേഷത്തിന്റെ പരഭാഗമാണ്‌. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന്‌ പരിശ്ശോധിക്കുന്നതും രസകരമാണ്‌. 'ഹാലിളക്കം' എന്ന പ്രയോഗമാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്‌. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ആ വാക്കുറച്ചു പോയത്‌.


    മാപ്പിളമാരിലെ കച്ചവടക്കാരായ സ്ഥാനികള്‍ പ്രയത്നശാലികളും മാന്യന്മാരും ആണെന്നും എന്നാല്‍ ഉള്‍നാട്ടിലെ കൃഷിക്കാരായ മാപ്പിളമാര്‍ ക്രൂരന്മാരും ടിപ്പുവിനാല്‍ പ്രേരിപ്പിക്കപ്പെട്ട രക്തദാഹികളായ തെമ്മാടികളുമാണെന്നാണ്‌ ബുക്കാനന്റെ വിവരണം. ഹാലിളക്കത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടിങ്ങ്‌ മലബാര്‍ മാനുവലില്‍ കാണാം. ഏറെ ശ്രദ്ധിച്ച്‌ പഠിക്കേണ്ട ഒരു ആഖ്യാനം ആണത്‌. വിസ്താരഭയത്താല്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ മാറ്റി വെയ്ക്കുന്നു.

    ഇസ്ലാമികജിഹാദ്‌ എന്ന ആശയത്തിന്‌ പിന്നീട്‌ കേരളത്തില്‍ വലിയ വേരോട്ടമുണ്ടായില്ല. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ മുസ്ലീം ജനവിഭാഗത്തില്‍ സംഭവിച്ച സമുദായവല്‍ക്കരണവും ആധുനികവല്‍ക്കരണവും മുസ്ലീം ലീഗുപോലുള്ള മതേതര ജനാധിപത്യ സം വിധാനത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കാണ്‌ ജന്മ നല്‍കിയത്‌. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും നവോത്ഥാനത്തിന്റെ അന്തരീക്ഷവും സൃഷ്ടിച്ച അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യജീവിതത്തില്‍ മതം ഇന്നത്തേ പോലെ ഇടപെട്ടിരുന്നില്ല. കാഷ്മീര്‍ പ്രശ്നവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആക്കം കൂട്ടിയ ഇസ്ലാമിക പരിഷ്കരണപ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ്‌ മതേതരമുസ്ലീം എന്ന സങ്കല്‍പത്തിന്റെ പ്രഭ പോകുന്നതും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയവും അതിന്‌ വേണ്ടിയുള്ള ജിഹാദ്‌ വിളികള്‍ വീണ്ടും ഉയരുന്നതും.

    ഇതില്‍ ടാര്‍ജെറ്റ്‌ ചെയ്യപ്പെട്ട പ്രസ്ഥാനം മൗദൂദിസത്തിന്റെ വക്താക്കളായ ജമ അത്തേ ഇസ്ലാമിയാണ്‌. കേരളത്തില്‍ ഈ പ്രസ്ഥാനം പക്ഷെ വേരൂന്നിയതും പ്രവര്‍ത്തിക്കുന്നതും പൊതു സമൂഹവുമായി ചേര്‍ന്ന് നടത്തുന്ന ദളിത്‌ -പരിസ്ഥിതി തുടങ്ങിയ പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. ഇസ്ലാമിക രാഷ്ട്രം എന്ന പൊളിറ്റിക്കല്‍ ആയ ആത്യന്തിക ലക്ഷ്യം മറച്ചുവെക്കുന്നതിലാണ്‌ സംഘടനക്ക്‌ താല്‍പര്യം എന്ന്‌ തോന്നുന്നു. അതുകൊണ്ടാണ്‌ ഇമാമുകള്‍ എതിര്‍ത്തിട്ടും നോമ്പുതുറ എന്ന മതാനുഷ്ഠാനകര്‍മത്തെ ഇഫ്താര്‍ വിരുന്നിന്റെ സെക്യുലര്‍ സ്പേസിലേക്ക്‌ കൊണ്ടു വരാന്‍ അവര്‍ ശ്രമിക്കുന്നതും. എങ്ങനെ ഇസ്ലാമിനെ പൊതു സമൂഹത്തില്‍ മോഡറേറ്റ്‌ ആയി അവതരിപ്പിക്കാം എന്നതിലാണ്‌ അവരുടെ ശ്രദ്ധ.
    ക്രൂരന്മാരായ മതഭ്രാന്തന്മാര്‍ എന്ന നിലയില്‍ പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കിയ പരിവേഷത്തെ തകര്‍ത്ത്‌ കൂടുതല്‍ സൊഫിസ്റ്റിക്കേറ്റഡ്‌ ആയ മുഖം തങ്ങള്‍ക്കു നല്‍കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ഈയിടെയായി ശ്രദ്ധിക്കുന്നത്‌ കാണാം.തീവ്രവാദികള്‍ക്ക്‌ ഇന്റര്‍നെറ്റിനോടും ആധുനിക ജീവിത ശൈലികളോടും പ്രേമം കൂടുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ജര്‍മ്മനിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിനെതിരായ ശക്തികളെ തോല്‍പ്പിക്കാന്‍ അല്‍ ഖ്വൈയ്ദാ പ്രവര്‍ത്തകന്‍ ഇന്റര്‍ നെറ്റിലൂടെ നല്‍കിയ ആഹ്വാനം അത്തരത്തിലുള്ളതായിരുന്നു.

    "If the people choose to continue the war, they have passed judgment on themselves. The parliamentary election is the only opportunity for the people to influence its country's politics," "When the last German soldier is withdrawn from Afghanistan, the last mujahedeen will be withdrawn from Germany."

    എന്ന പ്രസ്താവനയുടെ സൗമ്യതയും ഈ പ്രസ്താവന നടത്തിയ Bekkay Harrach യുടെ പാശ്ചാത്യ രീതിയില്‍ പരിഷ്കാരിയായ ഒരാളുടെ മട്ടിലുള്ള വേഷവിധാനവും ജെര്‍മന്‍ ഭാഷയുടെ ഉപയോഗവും അതാണ്‌ കാണിക്കുന്നതെന്നാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.


    കമ്പോള കാലത്തെ ഇസ്ലാമിക ജിഹാദിന്റെ ഒരു മാതൃകയായി അതിനെ കാണാമെങ്കില്‍ ഏറെ സൂക്ഷ്മവിശകലനം നടത്തേണ്ട മറ്റൊരു മാതൃകയ സംബന്ധിച്ച്‌ വാര്‍ത്തയാണ്‌ ഹൈക്കോടതിപരാമര്‍ശത്തിന്റെ പേരില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ കെണിയില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്ന ഒരു പുതിയ ജിഹാദ്‌ കേരളത്തില്‍ വേരുറപ്പിക്കുന്നു എന്ന് ആദ്യം പറഞ്ഞത്‌ ഹിന്ദു സംഘടനകളാണ്‌. ആണ്‍കുട്ടികളെ പ്രണയച്ചാവേറുകളായി ഉപയോഗിക്കുകയാണത്രെ പതിവ്‌. അവര്‍ക്ക്‌ ഫാഷനബിള്‍ ആയ ലുക്കും ആധുനിക റോമിയോക്കു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും നല്‍കും. പോപ്പുലര്‍ ഫ്രണ്ടാണ്‌ ഈ രീതിയില്‍ 'ലവ്‌ ജിഹാദ്‌' എന്ന്‌ വിളിക്കപ്പെടുന്ന മത പരിവര്‍ത്തന ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ എന്നാണ്‌ ആരോപണം. ഇവര്‍ക്ക്‌ വിദേശ സഹായം ധാരാളമായി ഇക്കാര്യത്തിന്‌ വേണ്ടി ലഭിക്കുന്നുണ്ട്‌ എന്ന്‌ സംഘപരിവാരത്തിന്റെ വെബ്‌ സൈറ്റ്‌ പറയുന്നുണ്ട്‌. പെണ്‍കുട്ടികളെ വളക്കാന്‍ മോഡേണ്‍ റോമിയോ ആകാനുള്ള വസ്തുവകകള്‍ - മോട്ടോര്‍ ബൈക്കും ജീന്‍സും മൊബെയില്‍ ഫോണും പെണ്‍കുട്ടിയെ ചാടിച്ച്‌ വിവാഹം മതപരിവര്‍ത്തനം നടത്തി ചെയ്താല്‍ സംരക്ഷണവും ജീവിക്കാനുള്ള വകയും അവര്‍ നല്‍കുമത്രെ. vulnerable ആയ, പെട്ടെന്ന്‌ ബ്രൈയ്ന്‍ വാഷു ചെയ്യാന്‍ പറ്റുന്ന പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ചിട്ടാണ്‌ പ്രണായ ജിഹാദ്‌ നടത്തുന്നതത്രെ. മാംസനിബദ്ധമല്ല രാഗം ആശാന്‍ പറഞ്ഞതിന്‌ ഇങ്ങനെയും അര്‍ത്ഥമായോ? പാവം മുസ്ലീം പെണ്‍കുട്ടികളെ സ്ത്രീധനമില്ലാത്തതിന്റെ പേരില്‍ വിവാഹം കഴിപ്പിച്ചയക്കാണ്‍ കഷ്ടപ്പെടുന്ന മുസ്ലീം രക്ഷകര്‍ത്താക്കള്‍ക്കിടയിലാണിത്‌ എന്നോര്‍ക്കണം.

    ഇവിടെ ഇരകളാക്കപ്പെടുന്നത്‌ സ്ത്രീകളാണ്‌ എന്നത്‌ ശ്രദ്ധിക്കേണ്ട സംഗതിയാണ്‌. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടി ഇതര മതസ്ഥനെ പ്രണയിക്കുന്നത്‌ കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയ ചാവേറുകള്‍ക്ക്‌ സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളെ കുറിച്ച്‌ പുതിയ ഹദീസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞു കൂടാ. സ്ത്രീ എല്ലാ ആധിപത്യസമരങ്ങളിലും ഇരകളായിരുന്നു എന്ന്‌ കാണാം. ആര്യാധിനിവേശത്തിലും പാശ്ചാത്യ അധിനിവേശത്തിലും എല്ലാ യുദ്ധങ്ങളിലും മണ്ണും പെണ്ണുമായിരുന്നു അധികാരപ്രയോഗത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നത്‌. കീഴടക്കപ്പെട്ട ജനതയുടെ സ്ത്രികളെ ബലാല്‍ സംഘം ചെയ്ത്‌ അവരില്‍ തങ്ങളുടെ സന്തതികളെ ഉല്‍പാദിപ്പിക്കുക എന്നത്‌ എക്കാലത്തേയും സാമ്രാജ്യതന്ത്രമാണ്‌ ഒരു ജനതയുടെ ആത്മാഭിമാനത്തിലും സ്വത്വബോധത്തിലും കടാന്നാക്രമിക്കാനുള്ള എളുപ്പ വഴിയാണത്‌. അതുകൊണ്ടാണ്‌ കീഴടക്കപ്പെടുമെന്ന്‌ വരുമ്പോള്‍ തങ്ങളുടെ സ്ത്രീകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ പല വിഭാഗങ്ങളും ശ്രമിക്കുന്നത്‌. മുസ്ലീങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മുസ്ലീം സ്ത്രീകളെ എങ്ങനെയൊക്കെ പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചു എന്ന് സൈനുദ്ദീന്‍ തന്നെ പറയുന്നുണ്ട്‌.

    " കുലീനകളും സല്‍സ്വഭാവികളുമായ എത്രയെത്ര മുസ്ലീം വനിതാരത്നങ്ങളെയാണ്‌ ഇവര്‍ ബലാല്‍ സംഘം ചെയ്തിട്ടുള്ളത്‌! അടിമകളാക്കി വെച്ചിട്ടുള്ളത്‌! പരിശുദ്ധാത്മാക്കളായ ആ വനിതാരത്നങ്ങള്‍ മതവിരോധികളായ ക്രിസ്ത്യന്‍ സന്താനങ്ങളെ ഉല്‍പാദിപ്പിച്ച്‌ മുസ്ലീങ്ങളെ ദ്രോഹിക്കാനുള്ള കോടാലിക്കൈകളായി മാറ്റുന്നു. "

    ഉത്തരാധുനിക കാലത്ത്‌ അധിനിവേശ താല്‍പര്യങ്ങള്‍ പ്രണയത്തിന്റെ ഭാഷ സംസാരിക്കുന്നു എന്ന്‌ വരുന്നത്‌ എത്ര ഭയങ്കരമാണ്‌. പ്രണയം എല്ലാ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കുമെതിരായ വ്യക്തികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌. അതില്‍ മടകള്‍ വീഴുന്നു എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്‌. ക്യാമ്പസ്സില്‍ ഇനി ഒരു മുസ്ലീം പയ്യന്‌ മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയോട്‌ സ്വാഭാവികമായ ഇഷ്ടം പങ്കുവെക്കാന്‍ ഇനി സാധ്യമാകുമോ? ഏതോ മത സംഘടന അവനു പിറകില്‍ കറുത്ത നിഴലായി ഉണ്ടെന്ന് ആ കുട്ടി ഭയന്നാല്‍ എന്താണ്‌ തെറ്റ്‌? മതേതര മുസ്ലീമും മതേതര ഹിന്ദുവുമൊക്കെ ജീവിച്ചിരുന്ന സമൂഹത്തില്‍ മിശ്രവിവാഹം എന്തൊരു മൂല്യവത്തായ സ്നേഹം കൊണ്ടുള്ള കലാപമായിരുന്നു. ഈ സമര മാര്‍ഗം കൂടി മതമൗലികവാദികള്‍ കവര്‍ന്നെടുത്ത്‌ അതില്‍ വിഷം കലര്‍ത്തിയിരിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളോട്‌ പ്രണയം നടിച്ചെത്തുന്ന മുസ്ലീം പയ്യന്മാരെ കരുതിയിരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഇങ്ങനെ ഓരോ മത സംഘടനയും തങ്ങളുടെ സമൂഹത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന അവസ്ഥയില്‍ കേരളം എത്തിയോ? പരസ്പരം എതിര്‍വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന ക്വട്ടേഷന്‍ സംഘങ്ങളായി മത സംഘടനകള്‍ മാറിയോ?
    പ്രണയം നടിച്ച്‌ ഒരു പെണ്‍കുട്ടിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദിയെ അവതരിപ്പിച്ചുകൊണ്ടാണ്‌ (കാഷ്മീരം എന്നോ മറ്റാണ്‌ ആ സിനിമയുടെ പേര്‌) മലയാളത്തിലെ ഇസ്ലാമിക തീവ്രവാദവിരുദ്ധ സിനിമകള്‍ ആരംഭിക്കുന്നത്‌ എന്നത്‌ കേവലം ഒരു യാദൃച്ഛികതയാവുമോ?

    പ്രണയവും യുദ്ധവും മതവുമൊക്കെ പുരുഷന്റെ മാത്രം കര്‍തൃത്വമുള്ള കാര്യമാവൊമ്പോള്‍ അവിടെ ഇരകളാകുന്ന പെണ്‍കുട്ടികളുടെ പ്രണയമെവിടെ എന്ന് ചോദിക്കവേ, അതാ കംബോളത്തിന്റെ പരസ്യപ്പലകയില്‍ നിന്ന് ബജാജ്‌ സ്കൂട്ടിയുമായി ഒരു പെണ്‍കുട്ടി കണ്ണിറുക്കി പറയുന്നു.

    "എനിക്ക്‌ വിവാഹം ചെയ്യാന്‍ കഴിയാത്ത ഒരാളുമായി ഞാന്‍ പ്രണയത്തിലാണ്‌. എനിക്ക്‌ വേണ്ടതെന്തോ അതൂഹിച്ചറിയുന്ന ഒരാളെ ഞാന്‍ കണ്ടെത്തി. എനിക്ക്‌ വേണ്ടി മാത്രം ജന്മമെടുത്ത ഒരാള്‍. എപ്പോഴും എന്റെ നിയന്ത്രണത്തില്‍ ഓടിക്കുന്നതും പാര്‍ക്ക്‌ ചെയ്യുന്നതും ഒരു കുളിര്‍ തെന്നല്‍ പോലെ. ....

    ഞാന്‍ തിരുമാനിച്ചു കഴിഞ്ഞു. എനിക്ക്‌ ഇഷ്ടപ്പെട്ട ആളെ എനിക്ക്‌ വിവാഹം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കും. എന്നെന്നേക്കും.

    (ബാജാജ്‌ സ്കൂട്ടിയുടെ പരസ്യത്തിലെ പെണ്‍കുട്ടിയുടെ വാചകങ്ങള്‍)

    ആകാശമിഠായികളെവിടേ? പ്രണയ്ത്തിന്റെ രക്തം മണ്ണില്‍ കിടന്ന്‌ അവരോട്‌ നിലവിളിക്കുന്നു.


    http://vijnanacintamani.org

    30 comments:

    1. ആകാശമിഠായികളെവിടേ? പ്രണയ്ത്തിന്റെ രക്തം മണ്ണില്‍ കിടന്ന്‌ അവരോട്‌ നിലവിളിക്കുന്നു.

      ReplyDelete
    2. You have conveniently omitted the incident which caused the public outcry against "love jihad" in your post and tried to blame the Hindu organizations for their demand for investigation.

      As per the reports appeared in a wide section of media recently,two girls who are MBA students from Pathanamthitta were brainwashed and taken to the den of islamic fundamentalists. After a habeous corpus petition filed by the parents of the girls ,police eventually traced them and they escaped from captivity of the terrorists. Thats how the news about "Islamic Jihad" came out.

      Of course the honourable high court was convinced about threat this new terrosit weapon poses to the people of India. Otherwise it would not have issued an order for investigation.

      What are you trying to say through your post? If Keechaka is killed,then the killer will be none other than Bhima- thats why you are bringing in Hindu organisations in it?
      Or are you trying to question the judicial wisdom of the honourable court?

      ReplyDelete
    3. Dear agp,
      മുകളില്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങള്‍ എങ്ങനെ വായിച്ചെടുക്കാനാവും എന്ന്‌ ഞാന്‍ അത്ഭുതപ്പെടുകയാണ്‌. ഭാഷ ഇങ്ങനെ നമ്മെ വഞ്ചിക്കുമോ?
      എന്റെ പോസ്റ്റില്‍ ഈ വിധിക്ക്‌ കാരണമായ സംഭവം എവിടെയും സൗകര്യപൂര്‍വം മറാച്ചുവെച്ചിട്ടില്ല. അത്‌ വിശദമായി പ്രതിപാദിക്കുന്ന മാതൃഭൂമി റിപ്പോര്‍ട്ട്‌ വള്ളിപുള്ളി വിടാതെ തുടക്കത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്‌.
      ഹിന്ദു സംഘടനകളെ ഈ പ്രശ്നത്തിനകത്തേക്ക്‌ ഞാന്‍ വലിച്ചിഴച്ചിട്ടില്ല ഹിന്ദു ജാഗരണ്‍ വെബ്‌ സൈറ്റില്‍ പറയാത്ത ഒരു കാര്യവും അതിലില്ലെന്ന്‌ താങ്കള്‍ക്ക്‌ പരിശോധിച്ചാല്‍ മനസ്സിലാകും.
      ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതായി പോലും എന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. പിന്നെയല്ലേ ആ ഡിമാന്‍ഡിനെ ഞാന്‍ ആക്ഷേപിക്കുന്നു എന്ന ആരോപണം.
      അതിനേക്കാള്‍ രസം ഞാന്‍ കോടതിയെ ചോദ്യം ചെയ്യുന്നു എന്ന ആക്ഷേപമാണ്‌.അതെവിടെയാണാവോ? ചാവാത്ത കീചകനു വേണ്ടി എന്തിന്‌ ഇല്ലാത്ത ഭീമനെ അന്വേഷിക്കുന്നു?
      പിന്നെ ഹിന്ദുവായോ ഇസ്ലാമായോ ഞാന്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. അവയ്ക്കൊക്കെ അപ്പുറമുള്ള ചില മനുഷ്യാവസ്ഥകളെ കുറിച്ചാണ്‌ എന്റെ ഉല്‍കണ്ഠ.
      സ്നേഹം.

      ReplyDelete
    4. A well balanced and nicely conceived article Santhosh ji. Jamaa't-e-Islami's covert Maudoodism is as real a threat to the society as Sangh Parivar's Golwalkarism.

      ReplyDelete
    5. azhimathi ulpathakaraya dushta muthalalitham snehathinde pattunoolinal kortha manushya hrudayangaleppolum bhinnippikkunnu.evideyokke vibhakeeyath srishtichu janangale parasparam kalahippichu durbbalavasthayil nila nirthamennanavar gaveshanam nadathunnath.dushtamuthalalithathinde chooshanathinum avarude ulpannangalaya azhimathi virous vahakaraya bharanakoodangalkkum vanjaka nethakanmarkkum dushicha udyogasthaprabhukkalkkum raksha kavacham janangalude sthayiyaya bhinnatha nila nirthalanennavarkku ariyam

      ReplyDelete
    6. സൂരജ്ജ്,
      നന്ദി.
      മൗദൂദിസം അടിത്തറയായി ഉള്ളിടത്തോളം ജമാ അത്തെ ഇസ്ലാമി ആര്‍.എസ്സ് എസ്സിനേക്കാള്‍ വലിയ ഭീഷണിയാണെനതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്‍ഡ്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ അവര്‍ മൗദ്ദൂദിയെ മറച്ചുപിടിച്ച് സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടതുപക്ഷ മനസ്സുമായി കൈകോര്‍ക്കുന്നതിലെ ഗുട്ടന്‍സ് എനിക്കിതുവരെ പിടി കിട്ടിയിട്ടില്ല. ഒരു ആത്മീയ ഇടതുപക്ഷത്തിന്റെ മുഖം മൂടിയില്‍ ഇടതുപക്ഷത്തിന്റെ സമര മാര്‍ഗങ്ങളും മുദ്രാവാക്യങ്ങളും ഭാഷയും വരെ സ്വീകരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതിനെ എങ്ങനെ വ്യാഖ്യാനിക്കാനാവും. വിധ്വംസകപ്രവര്‍ത്തനങ്ങളിലോ മതലഹളകളിലോ അവര്‍ നേരിട്ട് ഇടപെട്ടതായി രേഖപ്പെടുത്തിയിട്ടുമില്ല. ഈ പ്രശ്നത്തിലും കെണി വെച്ചു പിടിക്കുന്ന ഇത്തരം മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക് അവര്‍ എതിരാണ്‌ എന്നാണെനിക്കുള്ള വിവരം.
      ഈശ്വര്‍ ദാസ്,
      മലയാളം മലയാളത്തിലോ ഇംഗ്ലീഷ് ഇംഗ്ലീഷിലോ എഴുതുന്നതാണ്‌ സുഖം എന്ന്‌ തോന്നുന്നു. മലയാളം ഇംഗ്ലീഷിലെഴുതുന്നത്‌ വായിക്കാന്‍ ഏറെ പ്രയാസം . കമന്റിന്‌ നന്ദി

      ReplyDelete
    7. മൗദൂദിസം അടിത്തറയായി ഉള്ളിടത്തോളം ജമാ അത്തെ ഇസ്ലാമി ആര്‍.എസ്സ് എസ്സിനേക്കാള്‍ വലിയ ഭീഷണിയാണെനതില്‍ തര്‍ക്കമില്ല.

      പ്രിയ സന്തോഷ്
      ഇതൊന്ന് വ്യക്തമാക്കാമോ?

      ReplyDelete
    8. ചിന്തകന്‌,
      ഇസ്ലാമിനെ കുറിച്ചുള്ള എന്റെ അറിവ് പരിമിതമാണെന്ന് ആദ്യമേ സമ്മതിക്കട്ടെ. അതിനാല്‍ ഏതുതരം കുട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും സ്വീകാര്യമാണ്‌.പുതിയ ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ ചെറുപ്പം മുതലേ എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്‌ ജമാ അത്തെ ഇസ്ലാമ്മി. സമുഹപക്ഷത്ത് നിന്ന് കൊണ്ടുള്ള അവരുടെ നിലപാടുകള്‍ കൊണ്ടാകാമത്. മൗദൂദിയെ ഞാന്‍ അറിയുന്നത് പിന്നീടാണ്‌. ഇസ്ലാമിക് ജിഹാദിനെ സംബന്ധിച്ച മൗദൂദിഅന്‍ ആശയങ്ങളെ മാത്രമേ ഞാന്‍ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ചില ഉദ്ധരണികള്‍ നോക്കുക.

      "Islam wishes to destroy all States and Governments anywhere on the face of the earth which are opposed to the ideology and programme of Islam regardless of the country or the Nation which rules it. The purpose of Islam is to set up a State on the basis of its own ideology and programme, regardless of which Nation assumes the role of the standard bearer of Islam or the rule of which nation is undermined in the process of the establishment of an ideological Islamic State."
      --Sayeed Abdul A'la Maududi, Jihad in Islam p9
      Islam is not merely a religious creed or compund name for a few forms of worship, but a comprehensive system which envisages to annihilate all tyrannical and evil systems in the world and enforces its own programme of reform which it deems best for the well-being of mankind."
      --Sayeed Abdul A'la Maududi, Jihad in Islam p19
      "It must be evident to you from this discussion that the objective of Islamic 'Jihad' is to eliminate the rule of an un-Islamic system and establish in its stead an Islamic system of State rule. Islam does not intend to confine this revolution to a single State or a few countries; the aim of Islam is to bring about a universal revolution."
      --Sayeed Abdul A'la Maududi, Jihad in Islam p24

      "Islamic 'Jihad' does not seek to interfere with the faith, ideology, rituals of worship or social customs of the people. It allows them perfect freedom of religious belief and permits them to act according to their creed. However, Islamic 'Jihad' does not recognize their right to administer State affairs according to a system which, in the view of Islam, is evil. Furthermore, Islamic 'Jihad' also refuses to admit their right to continue with such practices under an Islamic government which fatally affect the publich interest from the viewpoint of Islam."
      --Sayeed Abdul A'la Maududi, Jihad in Islam p28
      ഒരു ജനാധിപത്യ മതേതര ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്തിലെ പൗരന്‍ എന്ന നിലയില്‍ ഈ ആശയങ്ങളെ ഭയപ്പാടോടെ മാത്രമേ എനിക്ക് കാണാനാവൂ. ആര്‍. എസ്സ്. എസ്സിന്റെ ഹിന്ദു രാഷ്ട്രസങ്കല്പം ഇതിനേക്കാള്‍ എത്രയോ ഭേദമാണ്‌ എന്ന് തന്നെയാണേന്റെ ബോധ്യം.

      ReplyDelete
    9. പ്രിയ സന്തോഷ്

      താങ്കളുടെ ആത്മാര്‍ത്ഥതയെയും സത്യ സന്ധതയും അഭിനന്ദനീയം തന്നെ. മാന്യമായ മറുപടിക്ക് പ്രത്യേക നന്ദി.
      മൌദൂതിയുടെ പുസ്തകത്തിന്റെ മലയാള പരിഭാഷ എന്റെ കയ്യിലുണ്ട്. ഇംഗ്ലീഷില്‍ താങ്കളെഴുതിയ തരത്തിലുള്ള ഒരു ആശയം എനിക്കതില്‍ നിന്ന് ലഭിച്ചിട്ടില്ല. താങ്കള്‍ ആ പുസ്തകം പൂര്‍ണമായി വായിച്ചിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. മാത്രമല്ല ഈ പുസ്തകത്തിന്റെ അവതാരികയില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു.


      “യുദ്ധോത്സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്ലാം” - പാശ്ചാത്യര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് ഇസ് ലാമിനെതിരെ ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആക്ഷേപം. ഈ ആക്ഷേപത്തില്‍ വല്ല വസ്തുതയുമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും ഇസ് ലാമിന്റെ വെന്നിക്കൊടി ഭൂഗോളത്തില്‍ കോളിളക്കം സൃഷ്ടിച്ച കാലത്ത് അതുന്നയിക്കപ്പെടുമായിരുന്നു.ലോകത്തിന്റെ പലഭാഗത്തേക്കുമുള്ള അതിന്റെ വിജയകരമായ മുന്നേറ്റം രക്തം ചിന്തലിനുള്ള ആഹ്വാനത്തിന്റെ ഫലമാണെന്ന് അപ്പോള്‍ യഥാര്‍ഥത്തില്‍ തന്നെ ലോകം സംശയിക്കുമായിരുന്നു. എന്നാല്‍ ഇസ് ലാമിന്റെ രാഷ്ട്രീയമായ കുതിപ്പ് അസ്തമിച്ചതിനും വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഈ ആക്ഷേപത്തിന്റെ ജനനം എന്നതാണ് അത്ഭുതകരം. (ജിഹാദ് :പുറം 37)


      ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്ന വസ്തുത എന്തെന്നാല്‍ മൌദൂതി ഇസ് ലാമിലെ ജിഹാദ് എന്ന പുസ്തകം രചിച്ചത് ജിഹാദിനെ സംബന്ധിച്ച് പാശ്ചാത്യര്‍ ആരോപിക്കുന്ന തെറ്റായ ആരോപണങ്ങള്‍ക്ക് മറുപടി ആയിട്ടാണെന്നാണ്.

      ആക്രമത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഇസ് ലാമിനെ സ്ഥാപിക്കുന്നത് ഇസ് ലാം തന്നെ കര്‍ശനമായി വിലക്കിയ കാര്യമാണ്. ഇക്കാര്യത്തെ സ്ഥാപിക്കാനാണ് മൌദൂതി ആ പുസ്തകത്തില്‍ ശ്രമിക്കുന്നത്.

      “മതത്തില്‍ ബലാല്‍കാരമില്ല==> യുദ്ധത്തിന്റെ ഈ പരിധിനിര്‍ണയം സ്വയം തന്നെ നിര്‍ണായകമാണ്. എന്നാല്‍ ദൈവിക ഗ്രന്ഥത്തിന്റെ പൂര്‍ണ്ണതയും വ്യക്തതയും, അത് ഈ പ്രശ്നത്തില്‍ തെളിവുകളിലൂടെ മാത്രമുള്ള മാര്‍ഗ ദര്‍ശനം കൊണ്ട് മതിയാക്കുന്നില്ല എന്നതാണ്. മറിച്ച് ഇസ്ലാമിക പ്രബോധനത്തിലും പ്രചാരണത്തിലും നിര്‍ബന്ധത്തിനോ ബലാല്‍ക്കാരത്തിനോ ഒരിടവുമില്ലെന്ന് അര്‍ത്ഥ ശങ്കക്കിടമില്ലാത്തവിധം അത് നമ്മേ ബോധ്യപ്പെടുത്തുന്നുണ്ട്. സൂറത്തുല്‍ ബകറയില്‍ ഇപ്രകാരം കാണാം.
      “മത കാര്യത്തില്‍ ഒരു വിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗ്ഗം മിഥ്യാ ധാരണകളില്‍ വേര്‍തിരിഞ്ഞ് വ്യക്തമായി കഴിഞ്ഞിരിക്കുന്നു.ഇനി ആര്‍ ത്വാഗൂത്തിനെ നിഷേധിച്ച് അല്ല്ല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ഠമായ ഒരു അവലംബപാശത്തില്‍ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നില്ല. അല്ലാഹു സര്‍വ ശ്രോതാവും സര്‍വ്വജ്ഞനുമത്രെ.(2:56)” (ജിഹാദ് :page 134,135)

      ഈ സൂക്തമതവരിച്ച പശ്ചാത്തലം കൂടി മൌദൂതി വിവരിക്കുന്നുണ്ട്. അത് കൂടി വായിച്ചാല്‍ കാര്യങ്ങള്‍ കുറേ കൂടി വ്യക്തമാകും.


      ജീഹാദ് ആക്രമമല്ല മറിച്ച് ആക്രമിക്കപ്പെട്ടവന്റെ ആയുധമാണ്. പ്രതിരോധമാണ് ജിഹാദ്. ഒരുവന്‍ സ്വന്തം മന:സാക്ഷിയെ ദുഷ്കര്‍മ്മങ്ങളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ ചെയ്യുന്ന ജിഹാദാണ് ജിഹാദിലെ ഏറ്റവും ഉന്നത സ്ഥാനത്തു നിലകൊള്ളുന്നത് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ജീവിതം നന്മയാര്‍ജ്ജിക്കാനും സമാധാന സമ്പൂര്‍ണമാക്കാനും ചെയ്യുന്ന സമരത്തിനാണ് ജിഹാദ് എന്ന് പറയുന്നത്.

      കണ്ടവരെയൊക്കെ പ്രേമിച്ച് മതത്തില്‍ ചേര്‍ത്ത് സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഏതെങ്കില്‍ വിഡ്ഢികള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത് ഇസ് ലാമിലെ ജിഹാദാണെന്ന് പ്രചരിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്.

      താങ്കളെ പോലുള്ളവര്‍ കുറച്ചു കൂടി വസ്തു നിഷ്ടമായി കാര്യങ്ങള്‍ പഠിക്കണമെന്ന് എന്നെ പോലുള്ളവര്‍ ആഗ്രഹിക്കുന്നത്. താങ്കള്‍ ആര്‍ എസ് എസിനേക്കാള്‍ കടുത്തതാണെന് സ്ഥാപിക്കാന്‍ ശ്രമിച്ച ഈ പ്രസ്ഥാനത്തിന്റെ അനുയായികള്‍ ഇന്ന് വരെ ഇന്ത്യയില്‍ നടന്ന ആയിരക്കണക്കിന് വര്‍ഗ്ഗീയ കലാപങ്ങളില്‍ ഒന്നില്‍ പോലും ഒരു പേരിന് പോലും പങ്കെടുത്തിട്ടോ അറസ്റ്റു ചെയ്യപ്പെട്ടിട്ടോ ഇല്ല. ജിന്ന എന്ന മതേതര ബ്രാന്തന്‍ മതത്തിന്റെ പേരില്‍ ഒരു രാഷ്ട്രമുണ്ടാക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്തവരില്‍ ഒന്നാമതായിരുന്നു മൌദൂതി. താങ്കളിപ്പറയുന്ന പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ മൌദൂതി ആ സന്ദര്‍ഭത്തെ വേണ്ടപോലെ ഉപയോഗപ്പെടുത്തുകയായിരുന്നില്ലേ ചെയ്യുക?.

      താങ്കളോട് എനിക്ക് പറയുവാനുള്ളത് വിമര്‍ശകരുടെ ഉദ്ധരണികളില്‍ നിന്ന് മാത്രം പഠിക്കാതെ, കാര്യങ്ങള്‍ അതാതിന്റെ ഉറവിടത്തില്‍ നിന്ന് തന്നെ മനസ്സിലാക്കുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് എന്നാണ്.

      താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്.

      കമന്റ് നീണ്ടു പോയതില്‍ ക്ഷമ ചോദിച്ച് കൊണ്ട്
      സസ്നേഹം.....

      ReplyDelete
    10. ചിന്തകന്‌
      വിശദീകരണങ്ങള്‍ക്ക് നന്ദി. ജമാ അത്തെ ഇസ്ലാമിയെ ഒരു തീവ്രവാദ സംഘടനയായി മുദ്ര കുത്തുന്നതില്‍ എനിക്ക് വ്യക്തിപരമോ മതപരമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങളില്ല എന്ന് താങ്കള്‍ തിരിച്ചറിഞ്ഞു കാണുമല്ലോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ ജനാധിപത്യ വ്യ്വസ്ഥയില്‍ സക്രിയമായി ഇടപെടുന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളെ താല്പര്യ പൂര്‍ വം നോക്കിക്കാണുന്നയാളാണ്‌ ഞാന്‍. പൊതു തിരഞ്ഞെടുപ്പുകളില്‍ മൂല്യാധിഷ്ഠിതമായ ചില നിലപാടുകള്‍ കൊണ്ട് ഇടപെടുന്നതില്‍ പ്രത്യേകിച്ചും. ആദ്യഘട്ടത്തില്‍ ഇന്‍ഡ്യന്‍ ജനാധിപത്യസംപ്രദായത്തെ സംഘടന തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നാണെന്റെ അറിവ്‌. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന നുണയാകാം.
      തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം വെറും സാങ്കേതികമാണ്‌. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആഎ എസ്സ്. എസുകാര്‍ ചോദിക്കുന്നതുപോലെ. വളരെ കുറച്ച് പേര്‍ക്ക് മാത്രം കേഡര്‍ മെംബര്‍ഷിപ്പുള്ള സംഘടനക്ക് സിമി ,എസ് ഐ. ഓ തുടങ്ങി തിവ്രവാദ പ്രവര്‍ത്തനവുമായ്യി ബന്ധപ്പെട്ട് അന്വേഷണമോ നിരോധനമോ നേരിടേണ്ടി വന്ന സംഘടനകളുമായി നേരിട്ട് ബന്ധമില്ല എന്ന് പറയുന്നതും അതുപോലെ സാങ്കേതികമല്ലേ.
      പിന്നെ വിമര്‍ശകര്‍ വളച്ചൊടിച്ച ഉദ്ധരണികള്‍ ആണ്‌ ഞാന്‍ ഉപയോഗിച്ചിരിക്കുക, ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്‌ എന്ന വാദം ഒറിജിനല്‍ ഉറവിടമേതെന്ന്‌ കൃത്യമായി അറിയാത്ത എനിക്ക് സ്വീകാര്യമാണ്‌. പക്ഷെ ഞാന്‍ ഈ ഉദ്ധരണികള്‍ പകര്‍ത്തിയത് www.islamistwatch.org എന്ന ലാഹോര്‍ ആസ്ഥാനമാക്കിയ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്‌ നേതൃത്വം നല്‍കുന്നവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നാണ്‌.
      താങ്കള്‍ക്കിത്‌ പരിശോധിക്കാം.
      http://www.islamistwatch.org/texts/maududi/maududi.html
      ഇതിന്റെ ആധികാരികത ഉറപ്പാക്കാന്‍ ബെയ്റൂടില്‍ നിന്നും പ്രസിദ്ധീകരിച്ച 37 പേജുള്ള മുഴുവന്‍ പുസ്തകവും പരിശോധിച്ചു. പുസ്തകം മുഴുവനായും വായിച്ചില്ല എന്ന് സമ്മതിക്കുന്നു. പക്ഷേ ഈ ഉദ്ധരണികള്‍ വള്ളിപുള്ളി വിടാതെ പേജ് നമ്പര്‍ മാറിയാണെങ്കിലും അതിലുണ്ട്. അതിനാള്‍ ആധികാരികതയുടെ പ്രശ്നം അവരുമായാണ്‌ ചര്‍ച്ച ചെയ്യേണ്ടത്.
      ഇക്കാര്യത്തില്‍ എനിക്ക് ലഭിച്ച മറ്റു ചില റഫറന്‍സുകളും അതുപോലെ ആശാവഹമല്ല എന്ന്‌ കൂടി പറയട്ടെ.
      താങ്കള്‍ ലിങ്കിയതിന്‌ നന്ദി. ആ ബ്ലോഗ് ഞാന്‍ വായിച്ചു വരുന്നു. ഇസ്ലാമിക് ജിഹാദിന്റെ മലയാള പരിഭാഷ എവിടെ നിന്ന് കിട്ടും എന്നുകൂടി അറിയിക്കുമോ?

      ReplyDelete

    11. ആദ്യഘട്ടത്തില്‍ ഇന്‍ഡ്യന്‍ ജനാധിപത്യസംപ്രദായത്തെ സംഘടന തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നാണെന്റെ അറിവ്‌. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന നുണയാകാം.


      പ്രിയ സന്തോഷ്
      താങ്കളുടെ മറുപടിക്ക് നന്ദി.


      വിമര്‍ശകരെന്തു പറയുന്നു എന്നതിലുപരി ജമാ അത്തെ ഇസ്ലാമി എന്ത് പറയുന്നു എന്നതല്ലേ പ്രധാനം.

      ജനാധിപത്യം, മതേതരത്വം, ദേശിയത, മൌലീക വാദം, സാമ്രാജ്യത്വം എന്നീ വിഷയങ്ങളി ജമാ‍ അത്തെ ഇസ് ലാമിയുടെ നിലപാടുകള്‍ എന്തെന്ന് അറിയാന്‍ താത്പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യാം

      ജമാഅത്തെ ഇസ് ലാമിയുടെ ഭരണഘടന എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

      അബുല്‍ അഅ്ലാ മൌദൂതിയുടെ ജിഹാദ് എന്ന പുസ്തകം ഇവിടെ നിന്ന് ലഭിക്കും. കാറ്റലോഗില്‍ നിരൂപണം/ചര്‍ച്ച വിഭാഗത്തില്‍ 224 നമ്പര്‍ പുസ്തകം. പുസ്തകം ഐ.പീ.എച്ച് ബുക്റ്റാളുകളില്‍ ലഭ്യമാണ്.

      ആര്‍ എസ് എസ് തങ്ങളുടെ ‘വിചാരധാര‘ ശക്തമായി ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നു എന്നത് സുവ്യക്തമാണ്. വിദ്യാഭ്യാസം മുതല്‍ സൈന്യം വരെ അവര്‍ തങ്ങളുടെ അജണ്ഡകള്‍ നടപ്പാക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജമാ അത്തെ ഇസ് ലാമി ആര്‍ എസ്സ് എസിനേക്കാള്‍ അപകടകരമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. മൌദൂതിയുടെ ഏതാനും ഉദ്ധരണികളല്ലാതെ ഇക്കാര്യത്തില്‍ വിമര്‍ശകര്‍ പോലും അവതരിപ്പിക്കുന്നുള്ളൂ എന്നതത്രെ യാഥാര്‍ഥ്യം.

      മൌദൂതിയെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നവരില്‍ വിമര്‍ശകരും തീവ്രവാദികളും ഉണ്ടാവാം. എന്നാല്‍ മൌദൂതി രൂപീകരിച്ച ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം ഇന്ന് വരെ തീവ്രവാദത്തെയോ ഭീകരവാദത്തെയോ അനുകൂലിച്ചിട്ടില്ല. മാത്രമല്ല അതിനെ ശക്തമായെതിര്‍ക്കുകയും ചെയ്യുന്നു. ഇനി താങ്കള്‍ക്ക് താങ്കളുടെ യുക്തിക്കനുസരിച്ചുള്ള ഒരു തീരുമാനെത്തിലെത്താം. അത്രമാത്രമേ എനിക്കിക്കാര്യത്തില്‍ പറയാനുള്ളൂ.

      ഒരിക്കല്‍ കൂടി... നന്ദി

      ReplyDelete
    12. പല തിരക്കുകള്‍ക്കിടയില്‍ മറുപടി വൈകി.
      വ്യക്തിതലത്തില്‍ നടക്കുന്ന ആത്മീയമായ വിശുദ്ധ കലാപം എന്ന അര്‍ത്ഥത്തില്‍ ജിഹാദിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവനാണ്‌ ഞാന്‍. മൗദൂദി എന്തു പറഞ്ഞു എന്നതല്ല നമ്മുടെ ദേശകാലങ്ങള്‍ക്കനുസരിച്ച് മൗദൂദിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌ പ്രധാനം. ചിന്തകന്‍ പറയന്നതുപോലെ ഒരു സംഘടന സ്വയം പ്രഖ്യാപിക്കുന്ന ആശയങ്ങളൂം അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെടുന്ന നിലപാടുകളും തന്നെയാണ്‌ വിലയൊരുത്തേണ്ടത്. മറ്റുള്ളവരുടെ ആരോപണങ്ങളെ അല്ല അടിസ്ഥാനമാക്കേണ്ടത്..
      കെണിവെച്ചു പിടിച്ചും നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തിയുമല്ല ഇസ്ലാമിലേക്ക് ആളെ കൂട്ടേണ്ടത് എന്ന കാര്യത്തിലും ജമാ അത്തെ ഇസ്ലാമിക്കും എനിക്കുമിടയില്‍ തര്‍ക്കങ്ങളില്ല എന്നും വ്യക്തമാണല്ലോ. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌ പ്രസ്ഥാനം എന്ന ചിന്തകന്റെ പ്രസ്താവനയും സ്വാഗതാര്‍ഹം തന്നെ.
      പിന്നെ ജമാ അത്തേ ഇസ്ലാമി മൗദീദിസം പിന്തുടരുകയാണെങ്കില്‍ ആര്‍. എസ്സ്. എസ്സിനേക്കാള്‍ അപകടമാണ്‌ എന്ന എന്റെ കമന്റുകള്‍ക്കിടാക്കു വന്ന അഭിപ്രായപ്രകടനത്തിലാണ്‌ നമുക്കിടയില്‍ തര്‍ക്കം.
      തീവ്രവാദികളോ വിമര്‍ശകരോ വളച്ചൊടിച്ച മൗദൂഉദിയില്‍ നിന്നല്ല ഞാനീ ആശയത്തില്‍ എത്തിയത് എന്ന്‌ വീണ്ടും പറയട്ടെ. പ്രബോധനത്തിന്റെ ആദ്യകാലലക്കങ്ങള്‍ വായിച്ച ആള്‍ എന്ന നിലക്ക് ഈ പ്രസ്ഥാനത്തിന്റെ നിലപാടുകളിലുണ്ടായ മാറ്റം എനിക്ക് നിരീക്ഷിക്കാനാവും. ജമാഅത്തേ ഇസ്ലാമിയുടെ സന്ദേശം എന്ന പേരില്‍ ആദ്യം പ്രസിദ്ധീകരിച്ച മതേതരത്വം, ദേശീയത, ജനാധിപത്യം- ഒരു താത്വിക വിശകലനം എന്നു പേരു മാറ്റിയ മൗദൂദിയുടെ വിവര്‍ത്തനം ജമാ അത്തെ ഇസ്ലാമിയുടെ പത്ത് അടിസ്ഥാന കൃതികളില്‍ ഒന്നാണ്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. സെക്യുലറീസം. ദേശീയത, ജനാധിപത്യം എന്നി മൂന്ന് തത്വങ്ങളും എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്ന്‌ വിശദീകരിക്കുന്നതിനാണല്ലോ ആ കൃതി.ഈ മൂന്ന് തത്വങ്ങളും "അബദ്ധജടിലങ്ങളും മനുഷ്യന്‍ ഇന്ന് അടിപ്പെട്ടുപോയ സകലദുരിതങ്ങളുടെയും നാരായവേര്‌ ആ തത്വങ്ങളാണെന്നു കൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രെ. നാം നമ്മുടെ സമരം നടത്തിയേതീരൂ..."

      "നമ്മുടെ വിരോധം കേവലം മതേതര ദേശീയ ജനാധിപത്യ വ്യവസ്ഥിതിയോടാണ്‌, അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്റെയോ മുസല്‍മാന്റെയോ പാശ്ചാത്യന്റെയോ പൗരസ്ത്യന്റെയോ ആരുടെ തന്നെയായാലും കൊള്ളാം, ഏതു നാട്ടില്‍ ഏതു ജനതക്കു മേല്‍ ഈ ഭയങ്കരവിപത്ത് അടിച്ചേല്പ്പിക്കപ്പെടുന്നതായാലും അവിടത്തെ ദൈവദാസന്മാരെ നാം ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായ്യിരിക്കും. അതിനെ തുടച്ചു മാറ്റി ഒരു ഉത്തമ സാമൂഹിക വ്യവസ്ഥിതി സ്ഥാപിക്കുവിന്‍."
      ഇതിനുപകരം ദൈവദാസ്യവും ദൈവാനുസരണവും, മനുഷ്യത്വം, ദൈവാധിപത്യവും ജനപ്രാതിനിധ്യവും ആണ്‌ ജമാ അത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയെ സര്‍ വാത്മനാ തലകുനിച്ച് അംഗീകരിക്കുന്നത് വിശുദ്ധ ഖുറാനെ പിറകോട്ട് വലിച്ചെറിയുന്നതുപോലെയാണ്‌ എന്നും എഴുതിയിരിക്കുന്നു.
      ഞാണ്‍ മനസ്സിലാക്കുന്നത് ജമാ അത്തെ ഇസ്ലാമി ഈ നിലപാടുകളില്‍ നിന്ന് പിന്നോക്കം പോയിട്ടുണ്ട് എന്നാണ്‌. ഇന്‍ഡ്യന്‍ സെക്യുലറിസം പാശ്ചാത്യ സെക്യുലറിസത്തില്‍ നിന്നു ഭിന്നമാണ്‌ ഇന്‍ഡ്യന്‍ മതേതരത്വം എന്ന പുതിയ ചില വ്യാഖാനങ്ങള്‍ കൊണ്ടാണ്‌ സംഘടന തങ്ങളുടെ മാറിയ ‍ നിലപാടുകളെ ന്യായീകരിക്കുന്നത് എന്ന്‌ തോന്നുന്നു.
      ജമാ അത്തേ ഇസ്ലാമി നിലപാടുകള്‍ മാറ്റുന്നു എന്ന ആക്ഷേപം ഉണ്ടാകുന്നത് അങ്ങനെയാണ്‌.
      കമ്യുണിസ്റ്റുകള്‍ക്കെതിരെയും ഉന്നയിക്കാറുള്ള ആരോപണമാണിത്.
      പക്ഷേ ഈ നിലപാടുമാറ്റങ്ങള്‍ അത്ര മോശം എന്നല്ല മഹത്തര‍മാണ്‌ എന്നു വിചാരിക്കുന്ന ആളാണ്‌ ഞാന്‍. കാരണം സ്വയം തള്ളിപ്പറഞ്ഞും തിരുത്തിയുമാണ്‌ ഒരു സംഘടന ജൈവികമായി വളരേണ്ടത്.
      ഒരു കാര്യം എനിക്കുറപ്പാണ്‌. ഒരു ജനാധിപത്യ സം വിധാനത്തില്‍ മാത്രമേ ജമാ അത്തെ ഇസ്ലാമിക്ക് ഈ രീതിയില്‍ നിലനില്‍ക്കാനാവൂ. ഒരു കമ്യുണിസ്റ്റ് ഭരണകൂടത്തിലോ ഫാസിസ്റ്റ്, മത ഭരണകൂടത്തിലോ അതിന്‌ ഈ വിധം പ്രവര്‍ത്തിക്കാനാവില്ല.
      അപ്പോള്‍ ഇസ്ലാമികരാഷ്ട്രം എന്ന ആത്യന്തികലക്ഷ്യം എത്താനുള്ള ഒരു വഴി എന്ന നിലയില്‍ താല്‍ക്കാലികമായി ജനാധിപത്യത്തെ അംഗീകരിക്കുക എന്ന വഴിയേ സംഘടനക്ക് മുന്നിലുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ടികള്‍ ബൂര്‍ഷ്വാ പാര്‍ലിമെന്ററി വ്യവസ്ഥ താത്കാലികമായി അംഗീകരിക്കുന്നതു പോലെ ഒരു അടവുനയമാണിത് എന്ന് പറയാനുള്ള ആര്‍ജ്ജവമാണ്‌ കാണിക്കേണ്ടത്. ആ രീതിയില്‍ തന്നെ മാറിയ നിലപാടുകളുമായി സംഘടനക്ക് മുന്നോട്ട് പോകാനാവും. ഏകശിലാരൂപിയായ ഒരു മൗദൂദിയെ സ്ഥാപിക്കുന്നതിന്‌ പകരം.

      ReplyDelete
    13. ജനാധിപത്യം കുറഞ്ഞ തങ്ങള്‍ക്ക് കൂടുതല്‍ ആധിപത്യമുള്ള സ്ഥലങ്ങളില്‍ ജമാ അത്തെ ഇസ്ലാമി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വെക്കണം. അഹമ്മദീയ പ്രസ്ഥാനക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകളല്ലേ അവിടെ സംഘടന എടുക്കുന്നത്.
      അതാണ്‌ സത്യം ജനാധിപത്യം ഒരു ജിവിതരീതിയും സംസ്കാരവുമാണ്‌. പ്രഛന്ന വേഷം അല്ല.
      വിയോജിപ്പുകള്‍ നിലനിര്‍ത്തി തന്നെ തുടര്‍ചര്‍ച്ചകളാവാം.
      പിന്നെ പുതിയ തേജസ്സില്‍ ലൗ ജിഹാദിനെ ന്യായീകരിക്കുന്ന ലേഖനം കണ്ടോ. ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണത്തിലാകട്ടെ, സ്വ്വര്‍ഗലൈംഗികതയെ സംബന്ധിച്ച പുതിയ വിവേകങ്ങളെ അന്വേഷിക്കുന്ന ലേഖനവും കണ്ടു. ഈ സന്ദര്‍ഭത്തില്‍ അത് അര്‍ത്ഥവത്തായി തോന്നി.

      ReplyDelete
    14. എന്റെ ഒരു പ്രതികരണം ഇവിടെ വായിക്കാം.

      ഇവിടെ ഞെക്കുക

      ReplyDelete
    15. എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം ഹിന്ദുവിരോധവും ഇസ്ലാം പ്രീണനവും കോടതിയെ അവഹേളിക്കലുമാണ്‌ എന്ന് ആദ്യ കമന്റിട്ട ഏ. ജി പി യും ഈ പോസ്റ്റ് ഹിന്ദു പ്രീണനവും ഇസ്ലാം വിരോധവും ഒരു വക്കീല്‍ നടത്തിയ സമര്‍ഥമായ കളിക്ക് കൂട്ടുനില്‍ക്കലാണെന്നു അവസാനം കമന്റിട്ട കാട്ടിപരുത്തിയും പറയുന്നു. ഈ രണ്ട് വായനകള്‍ക്കും ഒരു ജനാധിപത്യരീതിയില്‍ നിലനില്‍ക്കാനുള്ള അര്‍ഹതയെ ഞാന്‍ മാനിക്കുന്നു.
      പിന്നെ സൈനുദ്ധീന്റെ പുസ്തകം വിപുലമായി പരിചയപ്പെടുത്തുക ആ പോസ്റ്റിന്റെ ഉദ്ദേശ്യമല്ല. ജിഹാദ് എന്ന പദം കേരളത്തിന്റെ സാമൂഹ്യവ്യവഹാരസന്ദര്‍ഭങ്ങളില്‍ ഏതേതു ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നു എന്ന് അന്വേഷിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം. അതാകട്ടെ കോടതി നിര്‍ദ്ദേശ പ്രകാരം ലൗ ജിഹാദിനെ കുറിച്ചന്വേഷിക്കലുമല്ല!

      പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആയിരുന്നു ആ ആഹ്വാനമെന്നും ഹിന്ദുസമുദായത്തിനെതിരായിരുന്നില്ലെന്നും ഞാന്‍ തന്നെ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ടായിരുന്നു.
      പ്രണയവും മതസ്വീകരണവും വ്യക്തികളുടെ സ്വാതന്ത്രമാണ്‌. നല്ല കാര്യം. പക്ഷെ അതിന്‌ മതസംഘങ്ങള്‍ കാവല്‍ നില്‍ക്കുന്നത് അത് അവരുടെ ഉന്നത വ്യക്തി സ്വാതന്ത്ര്യബോധം കൊണ്ടാണെന്ന് പറഞ്ഞാല്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയിച്ച അനുഭവങ്ങള്‍ അങ്ങനെ ആയിരുന്നില്ല. മതം മാറിയുള്ള പ്രണയ്ങ്ങളെ, വിവാഹങ്ങളെ മത സംഘടനകള്‍ എതിര്‍ത്ത അനുഭവങ്ങളേ ഉള്ളൂ. മത പരിവര്‍ത്തനം സംഭവിക്കാത്ത പ്രണയബന്ധത്തിനും സ്വന്തം മതത്തില്‍ നിന്നൊരാള്‍ മറ്റു മതത്തിലേക്ക് മാറിപോകുമ്പോഴും ഇതേ മതസംഘടനകള്‍ തന്നെ കാവല്‍ നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ആ ഉന്നതമായ മതബോധത്തെയും വ്യക്തി സ്വാതന്ത്ര്യ ബോധത്തെയും ഞാനിതാ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. (ഇനിയിപ്പോള്‍ മത സംഘടനകളും മിശ്രവിവാഹപരിപാടികള്‍ നടത്തുമോ എന്നറിയില്ല. )ഏതെങ്കിലും മത സംഘടനകളുടെ ഉദേശ്യത്തെ സംശയിച്ചതില്‍ മാപ്പു പറയുന്നു.
      ലൗ ജിഹാദ് എന്നൊന്നുണ്ടെന്ന്‌ സ്ഥാപിക്കല്‍ എന്റെ ലക്ഷ്യമല്ല. അതു സംബന്ധിച്ച വിശദീകരണങ്ങള്‍ സംഘപരിവാരങ്ങള്‍ നല്‍കിയതാണ്‌ എന്ന് വൃത്തിയായി പറഞ്ഞിട്ടുമുണ്ട്.
      താങ്കള്‍ അത്തരമൊരേര്‍പ്പാടിന്‌ എതിരാണെന്ന് പറഞ്ഞതില്‍ സന്തോഷം.
      മതത്തിന്റെ അതിര്‍ വരമ്പുകളില്ലാതെ വ്യക്തികള്‍ക്ക് സ്വതന്ത്രമായി പ്രേമിക്കാനും വിവാഹജീവിതം നയിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മതം മാറാനും സ്വാതന്ത്ര്യ്മുള്ള ആ നല്ല കാലത്തിനായി ഒന്നിച്ച് പ്രാര്‍ഥിക്കാം, അല്ലേ?
      അവസാനമായി പറയട്ടെ, എന്റെ രണ്ട് അധ്യാപകസുഹൃത്തുക്കള്‍ ഒരാള്‍ മുസ്ലീമും മറ്റേയാള്‍ ഹിന്ദുവും പ്രണയിച്ച് വിവാഹം ചെയ്ത് മതം മാറാതെ തന്നെ ഒന്നിച്ച് ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ തന്റെ പെങ്ങളുടെ കല്യാണത്തിന്റെ ഏഴയലത്തുപോലും അവരെ അടുപ്പിക്കരുതെന്നു വിലക്കിയ മത ശാസനയെ ഞാന്‍ വെറുക്കുന്നു. കഴിഞ്ഞമാസം എന്റെ രണ്ടു വിദ്യാര്‍ഥികള്‍ പ്രണയിച്ച് നാടു വിട്ട് പോയി വിവാഹം ചെയ്തു. അതില്‍ പെണ്‍കുട്ടി മതം മാറി അവര്‍ ഒന്നിച്ച് ജീവിക്കുന്നു. അവരുടെ പ്രണയത്തിന്റെ ആഴത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍ മതം മാറിയതില്‍പ്പിന്നെമാത്രം ആ ബന്ധത്തിന്‌ കാവല്‍ നില്‍ക്കുന്ന മത സംഘടനയെ ഞാന്‍ വെറുക്കുന്നു.

      ReplyDelete
    16. കാട്ടിപരുത്തി നല്‍കിയ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നുന്നു. http://cheenthukal.blogspot.com/ എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍ എന്റെ പോസ്റ്റിനുള്ള വിയോജനക്കുറിപ്പും 'തുഫ്ഫത്തുല്‍ മുജാഹിദ്ദീനെ' വിപുലമായി പരിചയപ്പെടുത്തുന്ന തുടര്‍ ലേഖനങ്ങളും വായിക്കാം. കേരളചരിത്രവിദ്യാര്‍ഥികള്‍ ഒഴികെ മറ്റാരും ഒരു പക്ഷേ ശ്രദ്ധിച്ചിട്ടില്ലാത്ത ഈ അമൂല്യകൃതിയെ പരിചയപ്പെടുത്തുന്നതിന്‌ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍!

      ReplyDelete
    17. കാട്ടിപ്പരുത്തി തന്റെ പോസ്റ്റില്‍ ഇങ്ങനെ എഴുതിക്കാണുന്നു.

      "ഇഷ്ടമുള്ള ആളെ പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുള്ളത് പോലെ ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ഒരു പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ടാവേണ്ടതില്ലെ, അതും അവളുടെ മൌലികാവകാശമല്ലേ?
      ഇവിടെ ഒരിരട്ടത്താപ്പെടുക്കുന്ന നാമല്ലെ കുറ്റക്കാര്‍?"
      നല്ലത് വളരെ വളരെ നല്ലത്
      എല്ലാ ഇരട്ടത്താപ്പുകളും നമുക്കുപേക്ഷിക്കാം.
      എല്ലാ പെണ്‍കുട്ടികള്‍ക്കും (ആണ്‍കുട്ടികള്‍ക്കും ആവാമല്ലോ അല്ലേ?) ഇഷ്ടമുള്ള ആളെ പ്രണയിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വാതന്ത്ര്യം നല്‍കണമല്ലോ അല്ലേ? ഓരോ മത സംഘടനയും കാട്ടിപ്പരുത്തിയും (താങ്കള്‍ ഏതെങ്കിലും മത സംഘടനയുടെ വക്താവാണോ എന്നെനിക്കറിയില്ല) തങ്ങളുടേ മതത്തിലെ പെണ്‍കുട്ടികള്‍ക്ക് (ആണ്‍കുട്ടികള്‍ക്കും ആവാമല്ലോ അല്ലേ?) ഈ സ്വാതന്ത്ര്യം അനുവദിച്ചാല്‍ മാത്രം മതിയല്ലോ.
      അപ്പോള്‍ പിന്നെ എന്തിനും ഏതിനും ക്യാംപൈനുകള്‍ നടത്തുന്ന ഈ സംഘടനകള്‍ ഏതെങ്കിലുമൊന്ന് ഇഷ്ടമുള്ള ആളെ പ്രണയിക്കാണും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനൂ വേണ്ടി ഒരു ക്യാമ്പൈന്‍ നടത്തട്ടെ. മുന്‍പന്തിയില്‍ ഞാന്‍ നില്‍ക്കാം, പോരെ?
      കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാമല്ലോ? നമുക്കിടയില്‍ വളച്ചുകെട്ടലുകള്‍ എന്തിന്‌?
      എന്റെ പോസ്റ്റിലെ പൊന്തയില്‍ തല്ലി അതിലെ ഹിന്ദുവിരുദ്ധനെ പുറത്ത് ചാടിക്കാന്‍ ഏ.ജി.പിയും ഇസ്ലാം വിരുദ്ധനെ പുറത്ത് ചാടിക്കാന്‍ കാട്ടിപ്പരുത്തിയും അത്യദ്ധ്വാനം ചെയ്യേണ്ടതില്ല.
      മനുഷ്യനെ ഹിന്ദുവും മുസ്ലീമുമായി വെട്ടിക്കളിക്കുന്ന കലാപരിപാടിയില്‍ എന്നെ പങ്കു ചേര്‍ക്കല്ലേ, ദയവായി.
      പ്രണയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഹിന്ദു മുസ്ലീം മത സംഘടനകള്‍ പരസ്പരം മനുഷ്യച്ചങ്ങല പിടിച്ചു നില്‍ക്കുന്ന ഈ സമത്വസുന്ദര ലോകം കണ്ട് നെഞ്ച് നിറഞ്ഞ് ഇതാ ഈ മത ഭീകരവാദി ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു.
      സത്യസന്ധത ശരീരത്തിന്റെ കവചമാകരുത്, ആത്മാവിന്റെ ആഭരണമാകണം എന്നല്ലേ കാട്ടിപ്പരുത്തീ,
      സലാം.

      ReplyDelete
    18. ഇസ്ലാമിന്റെ ഇപ്പോഴത്തെ ലോകആത്മീയ ആസ്ഥാനം പാക്കിസ്ഥാനാണെന്നാണ് പറയാനാകുക.
      ആദ്ധ്യാത്മിക പുരോഹിതര്‍ ഇന്റലിജന്‍സ് സര്‍വ്വീസും !

      ReplyDelete
    19. ഈ പോസ്റ്റ്t കൂടി വായിക്കണേ!

      ReplyDelete
    20. യോജിച്ചും വിയോജിച്ചും ചര്‍ച്ചയില്‍ ഇടപെട്ട എല്ലാവര്‍ക്കും നന്ദി!

      ReplyDelete
    21. Well pointed article Santhoshji . thanks

      ReplyDelete
    22. ലൌ ജിഹാദിനെതിരെ കെ സി ബി സി യും എസ്‌ എന്‍ ഡി പി യും രംഗത്ത്‌! കുമ്മനം രാജശേഖരണ്റ്റെ ഹിന്ദു മോഡല്‍ ജിഹാദിനെ സംബന്ധിച്ച്‌ ഒരു വാര്‍ത്ത ജന്‍മഭൂമിയില്‍ നിന്ന്! ഇനി എന്തൊക്കെ കാണണം ഭഗവാനേ!

      ReplyDelete
    23. വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി രഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരു നിഗൂഢ ശ്രമം മാത്രമാണ് ഇപ്പോഴത്തെ ഈ ലവ് ജിഹാദ് ആരോപണം. പക്ഷെ ഇതില്‍ നിന്നും ഒരു സമൂഹം തന്നെ ഒറ്റപ്പെടുന്നു എന്നുള്ള വസ്തുത വളരെ ദയനീയമാണ്. മാധ്യമങ്ങളെ മാത്രം ആശ്രയിക്കാതെ സ്വന്തമായി ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ഹിഡ്ഡന്‍ അജന്‍ഡകള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും എന്നു വിശ്വസിക്കുന്നു. ദയവായിഇവിടെ ഒന്നു സന്ദര്‍ശിക്കൂ...(ഇതും ഒരു മാധ്യമ വാര്‍ത്ത ആണെങ്കില്‍ കൂടി കുറച്ചെങ്കിലും വസ്തുത ഉണ്ടെന്ന് കരുതുന്നു..).
      എന്നു ഒരു നിഷ്പക്ഷന്‍..

      ReplyDelete
    24. രാജീവ് ശങ്കരന്റെ ഈ പോസ്റ്റും ഒന്നു സന്ദര്‍ശിക്കൂ..

      ReplyDelete
    25. is this love jihad a real one?if so beware of this,because it will effect our social life.If it is not true it will also effect our social life.iruthalamoorchayulla kathi!!!!

      ReplyDelete
    26. സന്തോഷിനെ ഞാനൊരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചു എന്ന് പറയുന്നത് എന്നെ അവഹേളിക്കലാണ്- വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന്നര്‍ത്ഥം ഒരാളെ മറ്റൊരു ലാബെലിലേക്കു താഴ്ത്തുക എന്നര്‍ത്ഥം കൊടുക്കുന്നതെന്തിന്ന്?

      സന്തോഷ് അറിയാതെയെങ്കിലും കൊടുത്തെ ചില വാചകങ്ങള്‍ ഒറ്റവായനയില്‍ കുറേ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നു പറയാതെ വയ്യ.
      അതിനോടാണു ഞാന്‍ പ്രതികരിച്ചത്- അതിനെ ഇസ്ലാം വിരുദ്ധനെ പുറത്ത് ചാടിക്കാന്‍ കാട്ടിപ്പരുത്തിയും അത്യദ്ധ്വാനം ചെയ്യേണ്ടതില്ല.എന്നു മറുകുറിപ്പെഴുതുന്നതില്‍ വിയോജിപ്പുണ്ട്-

      സൈനുദ്ധീ മഖ്ദൂമിന്റെ പുസ്തകമൊന്നും വായിക്കാനുള്ള ക്ഷമയൊന്നും 90% ബ്ലോഗ് വായനക്കാര്‍ക്കൊന്നുമില്ല. സന്തോഷിന്റെയും തന്നെ സീരിയസ് ആയ പോസ്റ്റുകള്‍ തൊട്ടുനോക്കാത്തവര്‍ തന്നെ ലവ് എന്ന പദത്തില്‍ തട്ടി ഒന്നു നോക്കി തിരിഞ്ഞു നടക്കുന്ന വലിയൊരു വിഭാഗമുണ്ട്- അവര്‍ക്കിടയിലേക്ക് ഈ ജിഹാദെന്നത് കേരളത്തില്‍ മുസ്ലിങ്ങള്‍ എത്രയോ കാലമായി നടത്തുന്ന ഒരേര്‍പ്പാടാണെന്ന ധാരണയിലേക്ക് ഈ പോസ്റ്റിന്നൊരു മറുഭാഗമുണ്ടെന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.

      പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്‌ 'അമുസ്ലീങ്ങളോട്‌ യുദ്ധം ചെയ്യുന്നത്‌ ആനന്ദമായി കാണുന്ന, യുദ്ധം കൊണ്ട്‌ പ്രവാചകവചനങ്ങളെ ഉയര്‍ത്തുന്ന' ബീജാപുരം സുല്‍ത്താനാണ്‌.

      യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അവിശ്വാസികളുടെ സ്വത്തുകള്‍ എങ്ങനെ പങ്കു വെയ്ക്കണം എന്നതിനെ സംബന്ധിച്ച വ്യക്തമായ നിയമമുണ്ട്‌.

      ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത്‌ ഈ പരിവേഷത്തിന്റെ പരഭാഗമാണ്‌. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന്‌ പരിശ്ശോധിക്കുന്നതും രസകരമാണ്‌. 'ഹാലിളക്കം' എന്ന പ്രയോഗമാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്‌. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ആ വാക്കുറച്ചു പോയത്‌.

      ഇതെല്ലാം മറ്റൊരു രീതിയിലുള്ള വായനക്കു വഴിയൊരുക്കുന്നുണ്ട്-

      ഇതെല്ലാം സന്തോഷ് മനപ്പൂര്‍വ്വം ചെയ്തു എന്ന് ഞാന്‍ പറയുകയില്ല- പക്ഷെ ഒരു സന്ദര്‍ഭത്തെ പൂര്‍ണ്ണമായുള്‍കൊള്ളാന്‍ കഴിയാത്ത വായനക്കാരിലേക്കു ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.

      പിന്നീട് സന്തോഷ് വിവരിച്ചത് പോലെ തന്നെ കൃഷിക്കാരായ മാപ്പിളമാര്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തത് അന്നത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടായിരുന്നു. അതിന്നു എം- ഗംഗാധരന്റെ മാപ്പിളകലാ‍പങ്ങളെ കുറിച്ച പഠനങ്ങള്‍ വായിച്ചാല്‍ മതി-

      ReplyDelete
    27. Free Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070. This absolutetely free anywhere in India. No SMS charges for receiving the news.100% free!

      ReplyDelete
    28. this very fabricated ARTICLE...NOBODY BELIEVE...
      I THINKS HE IS AN AGENT OF SNGH PARIVARRR

      ReplyDelete
    29. സന്തോഷിന്റെ പോസ്റ്റും തുടർന്നു നടന്ന ചർച്ചകളും നന്നായി. വിഷയത്തെ വിവിധ കോണുകളിൽ നിന്ന് വിരുദ്ധചിന്താഗതിക്കാർ എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ സമഗ്രമായ ചിത്രം ലഭിച്ചു. നന്ദി.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക